തോട്ടുവക്കിൽ നിന്നും കുതിരാനിട്ട ഓലമടലുകൾ വലിച്ചെടുക്കുമ്പോൾ അവളൊന്ന് തോടിനപ്പുറത്തെ പുഴക്കരയിലേയ്ക് നോക്കി…
ഇല്ല… അയാൾ വന്നിട്ടില്ല..
എന്തെന്നറിയാത്തൊരു പരവേശം മനസിനെ മൂടാൻ തുടങ്ങിയപ്പോൾ കൈ കൊണ്ട് മുഖം അമർത്തിതുടച്ചവൾ പിറുപിറുത്തു…
” വന്നില്ലെങ്കിൽ എനിക്കെന്താ…”
ഓലമടലുകൾ വലിച്ചുകൊണ്ട് തിരികെ നടക്കുമ്പോൾ അവളുടെ കണ്ണുകൾ അനുസരണയില്ലാതെ ചുറ്റും പരതി നടന്നു… നോക്കെത്താത്ത ദൂരത്തോളം പരന്നു കിടക്കുന്ന തെക്കുംപാട്ടുകാരുടെ കണ്ടത്തിലൊന്നും പ്രതീക്ഷിച്ച രൂപം കണ്ടില്ല. ഓലയും വലിചവൾ ധൃതിയിൽ നടന്നു…
ഇതു കൊണ്ടുപോയി മെടഞ്ഞിട്ട് വേണം മഴയെത്തും മുമ്പേ ആല മേയാൻ…
അതും ഓർത്ത് കൊണ്ടവൾ ഇടവഴിയിലേക്ക് തിരിഞ്ഞതും മതിലിറമ്പിൽ നിന്നൊരാൾ അവളുടെ മുൻപിലേക്ക് വന്നതും ഒന്നിച്ചായിരുന്നു. അവളൊന്ന് പിന്നോക്കം വേച്ച് പോയി…
” താനെന്താ ആളെ പേടിപ്പിക്കാൻ ഇറങ്ങിയതാണോ?..” അവൾ ചോദിച്ചു
” കാളികുട്ടി ആരെയോ തേടുന്നത് കണ്ടല്ലോ.. എന്നെയാണോ?..”
” പിന്നെ തന്നെയും നോക്കിയിരിക്കാൻ എനിക്ക് ഭ്രാന്ത് അല്ലേ…”
അവനെ നോക്കി പുറത്തു കൊണ്ട് അവൾ മുഖം തിരിച്ചു, അയാളുടെ മുഖത്തേക്ക് നോക്കിയാൽ ആ കണ്ണുകളുടെ തിളക്കവും ചുണ്ടിന്റെ കോണിൽ തെളിയുന്ന കുസൃതി ചിരിയും കാണുമ്പോൾ തന്റെ മുഖം ചുവക്കും എന്ന് അവൾക്ക് അറിയാം… അതുകൊണ്ട് അധികം നേരം അവൾക്ക് അവന്റെ മുഖത്തേക്ക് നോക്കി നിൽക്കാൻ കഴിയില്ല…
കുറച്ചുനിമിഷങ്ങൾ കഴിഞ്ഞതും അവൾ മുഖമുയർത്തി..
” മാറി നിൽക്ക് എനിക്ക് പോണം…”
അവളുടെ ശബ്ദം കനത്തിരുന്നു അവളുടെ ഭാവം മാറിയെന്നും ആ മുഖത്തിനി വെറുതെ പോലും ഒരു ചിരി തെളിയില്ലെന്നും അയാൾക്കറിയാമായിരുന്നു, അയാൾ പതിയെ വഴിയിൽ നിന്നും മാറുന്നു..
അയാളെ ഒന്ന് നോക്കുകപോലും ചെയ്യാതെ അവൾ ഓലയും വലിച്ചു നടന്നു, അവളെ ഒന്നു നോക്കി നിന്നയാൾ ചുമലിലെ തോർത്തെടുത്തൊന്നു കുടഞ്ഞു മുഖം തുടച്ചു കൊണ്ട് പുഴക്കരയിലേക്ക് നടന്നു…
കുടിയിൽ എത്താനായപ്പോഴാണ് ഇടവഴി തിരിഞ്ഞെത്തിയ ചക്കുണ്ണി നായർ മുന്നിൽ പെട്ടത്, തെക്കുംപ്പാട്ടെ കാര്യസ്ഥൻ അയാളുടെ കണ്ണുകൾ തൻ്റെ മേനിയിലാകെ ഇഴയുന്നതറിഞ്ഞതും അവളുടെ മിഴികൾ കൂർത്തു… അവൾ നീട്ടി തുപ്പി… അത് മുഖത്ത് തെറിച്ചു എന്ന മട്ടിൽ അയാൾ ഒന്നു ഞെട്ടി, പിന്നെ അവളെ നോക്കാതെ മുഖം താഴ്ത്തി നടന്നു…
അവൾ തിരിഞ്ഞു നോക്കിയില്ല അവളുടെ വാരി കെട്ടിയ മുടിക്കെട്ടിനുള്ളിൽ നിന്നും പാറിപ്പറക്കുന്ന ചെമ്പിച്ച മുടിയിഴകൾ… എണ്ണമയമുള്ള മുഖത്തെ ഇരുണ്ട നിറത്തിന് മാറ്റുകൂട്ടിയതേയുള്ളൂ…
അവളുടെ ആലയിലെ ഉലയിൽ ആളുന്ന തീ ആ കണ്ണുകളിലും തെളിഞ്ഞിരുന്നു…
ദേവി… കുന്നത്തറയിലെ കൊല്ലത്തിപെണ്ണ്… കൊല്ലൻ വേലായുധൻ്റെയും നാരായണിയുടെയും മൂന്ന് മക്കളിൽ ഏറ്റവും ഇളയവൾ, ഇവൾക്ക് മുതിർന്ന രണ്ട് പെൺ കുട്ടികളുടെ വിവാഹം കഴിഞ്ഞു… ദീനം വന്ന് വേലായുധൻ കിടപ്പിലായതോടെ അച്ഛനൊപ്പം കൊല്ലപ്പണിയിൽ സഹായി ആയിരുന്ന ദേവി കുന്നത്തറയിലെ ആലയ്ക് ഉടയോളായി…
അതിന് നാട്ടുകാർ മുറുമുറുപ്പ് നടത്തിയെങ്കിലും അവളോട് പറയാൻ ആർക്കും ധൈര്യം ഉണ്ടായിരുന്നില്ല..
കല്ല്യാണപ്രായമെത്തിയപ്പോൾ അല്പം ഇരുണ്ട നിറമെങ്കിലും മേനിയഴക് ആവോളമുള്ളവളെ പാതിയാക്കാൻ കൊല്ലം ചെക്കന്മാർ എത്തിയിരുന്നു…
പക്ഷേ കാണാൻ വന്ന പയ്യന്മാരുടെ മുന്നിൽ അവൾ പലതവണ പിടഞ്ഞു വീണു, കൺമുമ്പിൽ കിടന്നു പിടയുന്ന അവളുടെ വായിൽ നിന്നും വരുന്ന നുരയും പതയും കണ്ട് വന്നവർ തിരിഞ്ഞ് നടക്കും..
കുന്നത്തറയിലെ നാണു വൈദ്യൻ വിധിയിങ്ങനെ എഴുതി… ദേവിക്ക് ചുഴലിയാണ്… അതിൽ പിന്നെ ആർക്കും മുന്നിൽ അവൾ ഒരു കാഴ്ച വസ്തുവായി പോയ് നിന്നിട്ടില്ല… അതിൽ പിന്നെ ആരും അവൾക്ക് ചുഴലി വന്ന് കണ്ടിട്ടുമില്ല..
കുന്നത്തറയിലെ പലരുടെയും മോഹമായിരുന്നു എങ്കിലും ഉലയിൽ അടിച്ചു പരത്തുന്ന മടവാളിന്റെ മൂർച്ച അവളുടെ നാവിനും ഉണ്ടായിരുന്നതുകൊണ്ട് അവളെ ശല്യപ്പെടുത്താൻ ആരും മുതിർന്നില്ല, പക്ഷേ അതിനുപകരം ഇങ്ങനെയാണ് പറഞ്ഞു പരത്തിയത്
“ആ ഒരു ആണുങ്ങളെ കണ്ടുകൂടാ…”
ഒടുവിൽ ഒരുനാളിൽ കൊല്ലൻ വേലായുധൻ വിട പറഞ്ഞു.
ചേച്ചിമാരും അമ്മയും പതം പറഞ്ഞ ആർത്തലച്ചപ്പോഴും കുടിയിലെ മൂലയിൽ ചുമരും ചാരിയിരുന്നവളുടെ കണ്ണുകൾ നിറഞ്ഞൊഴുകിയിരുന്നില്ല…
എല്ലാവരും പോയപ്പോൾ ആ കൊല്ലക്കുടിയിൽ ദീനക്കാരിയായ അമ്മയും മകളും മാത്രമായി… അവളുടെ പരുക്കൻ സ്വഭാവം കാരണം ചേച്ചിമാരും വല്ലപ്പോഴും ഉള്ള വരവ് ഒന്നുകൂടെ കുറച്ചു…
പിന്നീട് ഒരിക്കൽ ഇറയെത്തിരുന്ന് ഓലമെടയുന്നതിനിടെ ശീമക്കൊന്ന കമ്പുകൾ കൊണ്ട് നാട്ടിയ വേലിക്കപ്പുറമുള്ള ഇടവഴിയിൽ നിന്ന് ഒരു ചുമ കേട്ടു…
മുഖമുയർത്തിയില്ലെങ്കിലും അവളുടെ കണ്ണുകൾ ഒന്നു തിളങ്ങി… എന്നോ ചിരി മങ്ങിപ്പോയ ചുണ്ടുകൾ ഒന്നു വിറച്ചു…
ജയൻ…
തെക്കും പാട്ടുകാരുടെ പുഞ്ചപ്പാടത്തെ പുതിയ പണിക്കാരൻ… വരത്തനാണ്…
അന്ന് ഒരിക്കൽ വേലിക്കരയിൽ പടർന്നു പന്തലിച്ചു കിടക്കുന്ന ചെമ്പരത്തി കൂട്ടത്തിനപ്പുറം ഉണങ്ങാനിട്ട വിറക് കഷ്ണങ്ങൾ ചായ്ച്ച് വെക്കുമ്പോഴാണ് ആ ചോദ്യം ഞാൻ കേട്ടത്…
” അതെ ഈ തെക്കുമ്പാട്ടേക്കുള്ള വഴിയേതാ…”
ഇടവഴിയിൽ നിൽക്കുന്നയാളെ കണ്ടെങ്കിലും ആദ്യം അവൾ ഒന്നും മിണ്ടിയില്ല ചോദ്യം ആവർത്തിച്ചപ്പോൾ ഒട്ടും മയമില്ലാത്ത ശബ്ദത്തിൽ അവൾ പറഞ്ഞു..
” ആ മതിലിന് അപ്പുറത്ത് കൂടി അടുത്ത ഒരു വഴിയുണ്ട് അതിലെ പോയാൽ മതി…”
അയാൾ വീണ്ടും എന്തോ പറയാൻ തുടങ്ങിയപ്പോഴേക്കും വിറകുമെടുത്ത് അവൾ നടന്നു കഴിഞ്ഞിരുന്നു. പിറ്റേന്ന് ചിറയിൽ കുളി കഴിഞ്ഞ് വരുമ്പോൾ അയാൾ എതിരെ വന്നു പരിചയ ഭാവത്തിൽ ഒന്ന് നോക്കിയെങ്കിലും പരിശ്രമം ഒരു നോട്ടം ആയിരുന്നു അയാൾക്ക് തിരികെ കിട്ടിയത്.
പിന്നെയും പലവട്ടം കണ്ടു. ദേവിയുടെ തീപാറുന്ന നോട്ടം അയാളിൽ ഒരു ഭാവ ഭേദവും ഉണ്ടാക്കിയില്ല… മറ്റു പലരെയും പോലെ അയാളുടെ നോട്ടം തന്നെ ദേഹത്തല്ലെന്ന് അറിഞ്ഞപ്പോൾ അവൾക്ക് ഒരാശ്വാസം തോന്നിയിരുന്നു എന്നത് നേരാണ്..
അന്നൊരിക്കൽ ഒറ്റയ്ക്ക് ഒരു നേരം ചിറയിൽ കുളിക്കുമ്പോഴാണ് ദേവിയുടെ കാലിൽ ഒരു താമരവള്ളി ചുറ്റിയത് ശ്വാസം കിട്ടാതെ മുങ്ങിക്കൊണ്ടിരിക്കുന്നതിനിടെയാണ് ബലിഷ്ടമായ രണ്ട് കരങ്ങൾ അവളെ ചുറ്റിയെടുത്തത് ചിറയുടെ പടവിൽ കിടത്തി കുടിച്ച വെള്ളം പുറത്തു കളയുന്നതിനിടയിൽ വയറിൽ പതിഞ്ഞ അയാളുടെ തട്ടിമാറ്റി പിടഞ്ഞ് എഴുന്നേറ്റു, ഈറനോടെ തന്നെ പടവിൽ വച്ചിരുന്ന തുണികൾ പെറുക്കിയെടുത്ത് തിരിഞ്ഞു നോക്കാതെ ധൃതിയിൽ നടന്നകന്നു…
പിറ്റേന്ന് കണ്ടപ്പോൾ അയാളുടെ മുഖത്തേക്ക് ഒരു വട്ടം നോക്കിയ ദേവി പതിയെ നോട്ടം മാറ്റി. പിന്നെ അയാളെ കണ്ടാൽ തലതാഴ്ത്തി അവൾ നടന്നകലും… അതിൽ പിന്നെയാണ് ജയന്റെ മുഖത്ത് ഒരുതരം കുസൃതി ചിരി വിരിഞ്ഞു തുടങ്ങിയത്, ദേവിയോട് എന്നപോലെ എന്തെങ്കിലും രണ്ടു വാക്ക് പറയാൻ തുടങ്ങിയത് എന്നിട്ടും അവൾ ഒരിക്കൽ പോലും സൗമ്യമായി അയാളെ ഒന്ന് നോക്കുകയോ ഒഴിവാക്കുകയോ ചെയ്തിട്ടില്ല..
രാവിലെ മുതൽ വൈകിട്ട് വരെ പുഞ്ച കണ്ടത്തിൽ 10 ആളുടെ പണി ചെയ്യും ആരുമായും അടുപ്പമില്ല അങ്ങോട്ട് ചെല്ലുന്നവരോട് പോലും എന്നെങ്കിലും രണ്ടു വാക്ക് മിണ്ടിയാൽ ആയി അയാൾ ഒരു മുരടനാ… ഇങ്ങനെ പലതും ചിറയിൽ കുളിക്കാൻ എത്തുന്ന പെണ്ണുങ്ങൾ പരസ്പരം പറയുന്നത് ദേവി കേൾക്കാറുണ്ട്…
ദിവസങ്ങളും മാസങ്ങളും കഴിയവേ അയാൾക്ക് വേണ്ടി കണ്ണുകൾ പരതുന്നതും അടുത്തെത്തുമ്പോൾ നെഞ്ചിടിപ്പ് ഒന്ന് കൂടുന്നതും ദേവി അറിയുന്നുണ്ടായിരുന്നു ഒരിക്കൽ പോലും അവളത് പുറത്ത് കാണിച്ചില്ലെങ്കിലും തൻറെ അടുത്തെത്തുമ്പോൾ നിമി നേരമെങ്കിലും പിടയുന്ന കണ്ണുകളും തുടുക്കാൻ വെമ്പുന്ന കവിൾ തടങ്ങളും ദേവിയുടെ മനസ്സ് ജയനെ ഒറ്റി കൊടുത്തിരുന്നു…
അന്നും കുളി കഴിഞ്ഞ് ഇടവഴിയിലൂടെ നടക്കുമ്പോൾ ജയന്റെ കണ്ണുകൾ കൊല്ലകുടിയിലെ മുറ്റത്തോളം ചെന്നെത്തി അവളെ കണ്ടില്ല രണ്ടു നാളായി ആലയിൽ തീ തെളിഞ്ഞിട്ട് പിറ്റേന്ന് രാവിലെ എത്ര ചെന്ന് നോക്കാമെന്ന് വിചാരത്തിലാണ് ജയൻ ഇടവഴിയിലേക്ക് ഇറങ്ങിയത്…
അവളുടെ വീട് എത്തുന്നതിനു മുൻപേ ചേച്ചിമാരുടെ നിലവിളികൾ കേട്ടു. ആദിയോടെ കയറി ചെന്നപ്പോൾ അറിഞ്ഞു ദേവിയെ തനിച്ചാക്കി അവളുടെ അമ്മയും പോയിരിക്കുന്നു…
ദിവസങ്ങൾ കഴിഞ്ഞപ്പോൾ ദേവിയുടെ ചേച്ചിമാരും കുടുംബവും തിരികെ പോകുന്നത് ജയൻ കണ്ടു. പിന്നെയും പലവട്ടം ഇടവഴിയിൽ നോക്കിനിന്നെങ്കിലും അവളെ കണ്ടില്ല ആലയിലെ പിഴഞ്ഞിട്ട് ദിവസങ്ങൾ കഴിഞ്ഞിരുന്നു…
അന്നും പ്രതീക്ഷയില്ലാതെയാണ് അയാൾ പുഴക്കരയിലേക്ക് നടന്നത് ചിറയിൽ നിന്നും കുളി കഴിഞ്ഞ് നനച്ച തുണികൾ കൈത്തണ്ടയിലിട്ട് പതിയെ നടന്നുവരുന്ന അവളെ കണ്ട് അയാളെ ഒന്ന് ഞെട്ടി… അരികിലൂടെ കടന്നുപോകുമ്പോൾ അവൾ ഒന്നു മുഖമുയർത്തി അയാളെ നോക്കി ഇന്നുവരെ കാണാതിരുന്ന ഒരു ഭാവമായിരുന്നു , അയാൾ അതുവരെ കാണാത്ത ഒരു ഭാവമായിരുന്നു അവളുടെ മുഖത്ത്… വെറുതെ അവളെ ഒന്ന് നെഞ്ചോട് ചേർക്കാൻ തോന്നിപ്പോയി ജയന്…
” ഡീ..” അയാളുടെ വിളികെട്ട് തിരിഞ്ഞു നോക്കിയില്ലെങ്കിലും അവൾ ഒന്നു നിന്നു. അയാൾ പിന്നെ ഒന്നും പറഞ്ഞില്ല ഒരു നിമിഷം കൂടെ നിന്നിട്ട് അവൾ നടന്നകന്നു.
പിന്നെയും ദിവസങ്ങൾ കഴിഞ്ഞു കുന്നത്തറ കാവിൽ വേലയ്ക്ക് പോയ രാത്രിയിലാണ് ദേവിയുടെ ആലയിൽ വീണ്ടും തീ തെളിഞ്ഞത് അയാൾ കണ്ടത്..
കാവിൽ നിന്ന് കേൾക്കുന്ന ചെണ്ടമേളം ദേവിയുടെ ഉള്ളിലും ഉയരുന്നുണ്ടായിരുന്നു ആലയിൽ ആളുന്ന തീയിൽ ചുട്ടുപഴുത്ത കാരിരുമ്പ് അടിച്ചു പരത്തുമ്പോൾ പതിവില്ലാത്ത ഉശിരുണ്ടായിരുന്നു ദേവിയുടെ കൈകൾക്ക് …. ആലയിലെ തീച്ചൂളയുടെ ചൂട് അവളുടെ കവിളുകളെ പൊള്ളിക്കുന്നത് ദേവി അറിഞ്ഞിരുന്നില്ല.. കത്തുന്ന കണ്ണുകളിൽ അപ്പോഴും ആ മുഖമായിരുന്നു വർഷങ്ങളായി അവളുടെ ഉള്ളിൽ കനലുകൾ എരിച്ചാരുന്ന ഒരു മുഖം…
കാവിലെ വേലകണ്ട് ജയൻ തിരികെ വരുമ്പോൾ നേരമേറെയായിരുന്നു പുലരാറായിട്ടും മാലയിലെ വെളിച്ചം കണ്ടിട്ടാണ് അയാൾ വഴിവക്കിൽ തന്നെ നിന്നത് കാലം തെറ്റി പെയ്ത മഴത്തുള്ളികൾ വരണ്ട മണ്ണിലേക്ക് തുടങ്ങിയപ്പോൾ ദേവി പതിയെ എഴുന്നേറ്റു… മഴ ശക്തിയാർന്നു തുടങ്ങിയിരുന്നു കാറ്റും അകമ്പടിയ്ക് എത്തിയപ്പോൾ ദേവി മെല്ലെ പുറത്തേക്ക് ഇറങ്ങി തിരിമുറിയാതെ ഇറ്റുവീഴുന്ന മഴയിൽ കുതിർന്നെങ്കിലും അവളുടെ ഉള്ളിലെ കനലുകൾ കെട്ടിരുന്നില്ല..
പൊടുന്നനെ അവൾ ആർത്തലച്ചു കരഞ്ഞു വർഷങ്ങളായി അടക്കിവച്ചിരുന്ന കണ്ണീർതുള്ളികൾ മഴയ്ക്കൊപ്പം ഒഴുകിയിറങ്ങി… പൊടുന്നനെ ഇടിച്ച മിന്നൽ വെളിച്ചത്തിൽ മുന്നിലൊരു രൂപം തെളിഞ്ഞെങ്കിലും അവൾ ഞെട്ടിയില്ല…
” എന്താടി നിനക്ക് ഭ്രാന്തായോ…” പതിഞ്ഞ ശബ്ദത്തിൽ ഉള്ള ചോദ്യത്തിന് അവർ മറുപടി പറയാതെ തലകുനിച്ചു നിന്നതേയുള്ളൂ മഴ ഇപ്പോഴും പെയ്യുന്നുണ്ടായിരുന്നു..
ജയൻ കുറച്ചുനേരം അവളെ തന്നെ നോക്കി നിന്നു..
” ആരാ നിന്നെ ഇങ്ങനെ ആക്കിയത്?
. ഏതവനാ?..” ദേവി ഞെട്ടലോടെ മുഖംയർത്തി ഇതുവരെ ആരും ചോദിക്കാത്ത ആരും അറിയാതെ തന്നെ ഉള്ളിൽ കൊണ്ടു നടന്ന രഹസ്യം !.. അതെങ്ങനെ?..
ആലയിൽ ആടുന്ന തീയുടെ വെളിച്ചത്തിൽ അയാളുടെ കണ്ണുകൾ അവൾ കണ്ടു ജയൻ ഇരു കൈകൾ കൊണ്ടും അവളുടെ മുഖം കോരിയെടുത്തു മഴവെള്ളം ഒലിച്ചിറങ്ങുന്ന മുഖത്ത് എപ്പോഴും കണ്ണുനീർ ഒഴുകിക്കൊണ്ടിരുന്നു..
” തെക്കുംപ്പാട്ടെ… ചെറിയ തമ്പുരാൻ രാജേന്ദ്രൻ…” അമർത്തിയ ശബ്ദത്തിൽ പറയുമ്പോൾ അവളുടെ പല്ലുകൾ ഞെരിഞ്ഞ മരുന്നുകൾ കേട്ടു..
” അതിന് അയാൾ പണ്ടെങ്ങോ ചത്തു പോയതല്ലേ.. വിഷം തീണ്ടി…”
“വിഷം തീണ്ടിത് അല്ല കൊന്നതാ…”
അവളുടെ ശബ്ദം മുറുക്കിയിരുന്നു മഴത്തുള്ളികൾ അപ്പോഴും അവരുടെ മേൽ ആഞ്ഞു പതിക്കുന്നുണ്ടായിരുന്നു.
” ആര്?…” അയാളുടെ ശബ്ദം ഇടറി
” ഞാൻ…” ഒട്ടും പതറാതെ ആയിരുന്നു ദേവിയുടെ മറുപടി എന്തിനെന്നയാൾ ചോദിച്ചില്ല…
അക്കൊല്ലത്തെ വേലയ്ക്ക് കുറച്ചുദിവസം മുമ്പാണ് ഞാൻ തീണ്ടാരിയായത്,.. വലിയ പെണ്ണായി എന്നും പറഞ്ഞ് അമ്മയാ ചേച്ചിമാരുടെ പോലത്തെ ജമ്പറും മുണ്ടും ഒക്കെ തന്നു അതൊക്കെ ഇട്ടപ്പോൾ എനിക്കും തോന്നി ഞാൻ വലിയ പെണ്ണായീന്ന്..
ഏതോ ഓർമ്മയിൽ എന്ന പോലെ അവളുടെ ശബ്ദം ഒന്ന് സൗമ്യമായി പക്ഷേ അടുത്ത നിമിഷം..
” ചേച്ചിമാരുടെ കൂടെ തന്നെയാണ് വേലയ്ക്ക് പോയെ എൻറെ കയ്യും പിടിച്ച് ആയിരുന്നു അവർ കൊണ്ടുപോയത് മുട്ടായി കച്ചവടവും വളക്കടകളും ഒക്കെ നടക്കുന്നതിനിടയിൽ എപ്പോഴും കൂട്ടം തെറ്റിപ്പോയി. ആരെയും കണ്ടില്ല ചുറ്റും… ആരൊക്കെ തുറിച്ച് നോക്കുന്നത് കണ്ടപ്പോൾ പേടിച്ചു പിന്നെ വിചാരിച്ചു എന്തിനാ പേടിക്കുന്നത് തെക്കുംപാട്ടുകാരുടെ പാടം കഴിഞ്ഞ് കാവിനടുത്തു കൂടെ ചെന്ന് എൻറെ വീട്ടിലേക്ക് കയറാം..
അവൾ ഒന്നു നിർത്തി മുഖത്തേക്ക് ഇറങ്ങിയ മഴവെള്ളം തുടച്ചുകൊണ്ട് വീണ്ടും തുടങ്ങി…
പാടത്തോട് ഓടി കാവിനടുത്ത് എത്തിയപ്പോൾ ഞാൻ വല്ലാതെ കിതക്കുന്നുണ്ടായിരുന്നു ഇരുട്ടത്ത് പേടികൊണ്ട് വല്ലാതെ വിറക്കുന്നുണ്ടായിരുന്നു മേലാകെ… സർപ്പക്കാവിനടുത്തുകൂടെ ഇടവഴിയിലേക്ക് കയറുമ്പോഴാണ് അയാൾ… അയാൾ…” അവൾ നന്നെ കിതച്ചു തുടങ്ങിയിരുന്നു ജയൻ ഒന്നും പറയാതെ അവളെ നെഞ്ചോട് ചേർത്തു. ദേവി പറയുന്നതും കേട്ടാ മഴയത്ത് അയാൾ നിന്ന്…
” കാവിനുള്ളിലേക്ക് വലിച്ചിഴയ്ക്കുമ്പോഴേക്കും അയാളെൻ്റെ മുണ്ടഴിച്ചെടുത്തിരുന്നു… എന്താണ് സംഭവിക്കുന്നത് എന്നറിയാതെ അയാളുടെ മുരൾച്ചക്കും കിതപ്പിനും ഒപ്പം പ്രാണൻ പിടയുന്ന വേദനയായിരുന്നു എനിക്ക്…”
അവളുടെ കണ്ണുകളിൽ നിന്ന് ഒഴുകി ചുടുക കണ്ണുനീർ ജയന്റെ നെഞ്ചിൽ വീണു പൊള്ളി… ഇക്കാലമത്രയും ആരോടും ഒരു വാക്കുപോലും മുരിയാടാതെ അവൾ ഉള്ളിൽ സൂക്ഷിച്ചതാണ് ഇന്ന് തന്നിലേക്ക് പെയ്തു തീർക്കുന്നത്…
” ഒടുവിൽ എൻറെ മേൽക്കു മുണ്ടെടുത്തിടുമ്പോൾ അയാൾ അമർത്തി ഒച്ചയിൽ പറയുന്നുണ്ടായിരുന്നു ഇതെങ്ങാനും ആരോടും പറഞ്ഞാൽ എൻറെ കുടുംബം അടക്കം അയാൾ കത്തിച്ചു കളയും എന്ന്…”
അയാളെ പേടിച്ചിട്ട് ആരോടും ഒന്നും പറഞ്ഞിരുന്നില്ല കുറുമ്പും കളിചിരികളുമായി നടന്നിരുന്ന ദേവി അന്ന് മരിച്ചിരുന്നു പിന്നീട് അച്ഛൻ പോലും സ്നേഹത്തോടെ കെട്ടിപ്പിടിക്കുമ്പോൾ ഭയമായിരുന്നു…. അന്നുമുതൽ എടുത്തണിഞ്ഞതാണ് ഈ പരുഷമായ ഭാവം..
മഴ തോർന്നു തുടങ്ങിയിരിക്കുന്നു ആലയുടെ ഇറയത്തിരിക്കുകയായിരുന്നു അവര് രണ്ടുപേരും ദേവിയുടെ വാക്കുകൾ പലപ്പോഴും അയാളുടെ പല്ലുകൾ ഞെരിയുന്നതവൾ അറിയുന്നുണ്ടായിരുന്നു
” പിന്നെ… പിന്നെ എപോളാ…” അയാൾ ചോദിച്ചു..
” അച്ഛന് ദീനമായതിനുശേഷം ഞാനാണ് റേഷൻ കടയിൽ പോയിരുന്നത് വരുമ്പഴേക്കും ഇരുട്ടായി തുടങ്ങിയിരുന്നു പഴയ ഓർമ്മയിൽ കാവിനടുത്ത് എത്തുമ്പോൾ തന്നെ എൻറെ മേൽ വിറക്കും.. അന്നും… അന്നും അയാൾ ഉണ്ടായിരുന്നു അവിടെ പിടിവലിക്കിടെ ചെറുത്ത് നിന്നെങ്കിലും ഏറെനേരം കഴിയും മുമ്പ് അയാളെ എന്നെ കാവിനുള്ളിൽ എത്തിച്ചു എന്നെ നിലത്തിട്ട് നിവർന്നു ചുറ്റുമൊന്നും നോക്കുന്നതിനിടയാണ് സർവ്വശക്തിയോടെയും ഞാൻ ആഞ്ഞൊരു ചവിട്ടു കൊടുത്തത്.. നിലതെറ്റി അയാൾ തെറിച്ച് വീണത് കരുനാഗത്തറയിലേക്കായിരുന്നു തലേന്ന് ചോര വാർന്നു ഒഴുകുന്നത് കണ്ടിരുന്നു അയാളുടെ കണ്ണുകൾ അടയുമ്പോഴേക്കും കയ്യിൽ കിട്ടിയതുകൊണ്ട് ഞാൻ അവിടെ നിന്ന് ഓടിയിരുന്നു… വീട്ടിൽ വന്നപ്പോഴേക്കും തറയിൽ വീണ സാധനങ്ങളൊക്കെ പോയെന്ന് അറിഞ്ഞതിന് അമ്മയുടെ വക കുറേശകാരവും കേട്ടിരുന്നു…
” പിറ്റേന്ന് മുറ്റം അടിക്കുമ്പോഴാണ് ഇടവഴിയിലൂടെ പോകുന്നവർ അച്ഛനോട് വിളിച്ചു പറയുന്നത് കേട്ടത് ചെറിയതമ്പുരാൻ വിശുദ്ധിയുടെ ചത്തു എന്ന് കാവിൽ വച്ച് കരിനീലിച്ച് കിടക്കുന്നത് കണ്ടത്രേ…” മഴ തോർന്നിരുന്നു.
” എല്ലാവരോടും ദേഷ്യമായിരുന്നു…” അവൾ പതിഞ്ഞ ശബ്ദത്തിൽ ഒന്ന് ചിരിച്ചു..
” കുന്നത്തറക്കാര് പറയുന്നത് ശരിയാണ് ഈ കൊല്ലത്തി പെണ്ണിന് ആണുങ്ങളെ കണ്ടുകൂടാ…” ജയന്റെ ചുണ്ടിന്റെ കോണിൽ ഒരു ചിരി തെളിഞ്ഞു..
” ഇപ്പഴും?…”
ആ ചോദ്യത്തിൽ അവൾ ഒന്നും പതറി പക്ഷേ ഒന്നും പറഞ്ഞില്ല അയാൾ അവളെ തൻറെ നെഞ്ചിലേക്ക് ചാരിരുത്തിയപ്പോൾ ദേവി എതിർത്തില്ല കിഴക്ക് വെള്ളകീറുവോളം നനഞ്ഞു കുതിർന്ന വസ്ത്രങ്ങളുമായവർ ആലയിൽ ഉണ്ടായിരുന്നു.. ആലയിലെ തീ അണഞ്ഞിരുന്നു ദേവിയുടെ മനസ്സിൽ കൊല്ലങ്ങളെ കൊണ്ടുനടന്നിരുന്ന കനലുകളും..
രണ്ടു നാൾ കഴിഞ്ഞ് ചിറയിൽ കുളിക്കാൻ എത്തിയ പെണ്ണുങ്ങൾക്ക് പറയാൻ മറ്റൊരു കഥയുണ്ടായിരുന്നു
” വരുത്തൻ ചെക്കനൊപ്പം ഇറങ്ങിപ്പോയ കൊല്ലത്തി പെണ്ണിൻറെ കഥ…”
ശുഭം 🙏
✍️തൂലിക
