എബിൻ മാത്യൂസ്….. ടൗൺസ്റ്റേഷനിൽ എസ് ഐ ആയി ജോലിക്ക് കയറി മൂന്നാം ദിവസം സിഗ്നലിൽ കാത്തു കിടക്കുമ്പോഴാണ് അയാളുടെ ഔദ്യോഗിക വാഹനത്തിൽ തൊട്ടടുത്ത സ്കൂട്ടറുകളിൽ ഇരുന്നയാൾ നീളത്തിൽ കോറി വരയ്ക്കുന്നത് കണ്ടത്…
ആദ്യത്തെ അമ്പരപ്പിനു ശേഷം അത് ചെയ്തവന് നേരെ മുഖമുയർത്തി നോക്കിയപ്പോൾ ഹെൽമറ്റിനുള്ളിലൂടെ അതിലും രൂക്ഷമായ ഒരു നോട്ടം ആണ് തിരികെ കിട്ടിയത്…
സിഗ്നലിൽ പച്ച തെളിഞ്ഞപ്പോൾ അതിവേഗം പറഞ്ഞ ആ സ്കൂട്ടറിന്റെ പുറകെ പോലീസ് ജീപ്പും കുതിച്ചു. അവരുടെ യാത്ര ചെന്നെത്തിയത് ഓടിട്ട ഒരു കുഞ്ഞു വീടിന്റെ മുന്നിലാണ്, മുറ്റത്ത് ഉണങ്ങാൻ ഇട്ടിരിക്കുന്ന മല്ലിയും മുളകും കാക്ക കൊത്താതിരിക്കാൻ ആണെന്ന് തോന്നുന്നു കുറെ പൊട്ടിയ കണ്ണാടിക്കഷണങ്ങളും കിടക്കുന്നു…
അവരെ പ്രതീക്ഷിച്ച പോലെ അവൾ അവിടെത്തന്നെ നിന്നിരുന്നു കുരുട്ടടയ്ക്ക പോലൊരു പെണ്ണ്… അതാണ് ആദ്യം തോന്നിയത് ഉയരം കുറഞ്ഞത് അത്യാവശ്യം വണ്ണമുള്ള ചുരുണ്ട മുടിയുള്ള ഒരു ഉണ്ടക്കണ്ണി.. വല്ലാത്തൊരു തീക്ഷ്ണതയാണ് അവളുടെ നോട്ടത്തിന്….
” കുട്ടി ആരാ?… എന്തിനാ പോലീസ് ജീപ്പിൽ കുത്തി വരച്ചത്?…” എബിൻ ചോദിച്ചു…
അപ്പോഴേക്കും കൂടെ വന്ന പോലീസുകാർ അവരുടെ സ്വഭാവം പുറത്തെടുക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു…
” ഇവളോട് ഒന്നും ഇങ്ങനെ ഒന്നും ചോദിച്ചിട്ട് ഒരു കാര്യവുമില്ല സാറേ… ഞങ്ങൾ ചോദിക്കാം…” അവരെ ഒരു നോട്ടം കൊണ്ട് തടഞ്ഞുകൊണ്ട് വീണ്ടും അവളോട് ചോദിച്ചു…
” സാർ എന്തായാലും വന്നതല്ലേ ഇവിടോട്ട് കയറി ഇരുന്നോളൂ….” അവൾ പുഞ്ചിരിയോടെ പറയുന്നത് കേട്ട് അവൻ്റെ അതുവരെയുള്ള നിയന്ത്രണം വിട്ടു…
” ഡീ പുല്ലേ… നീ ആരാണെന്നാ നിൻ്റെ വിചാരം?… കുറച്ചു മയത്തിൽ പെരുമാറിയപ്പോൾ തലയിൽ കയറി നിരങ്ങുന്നോ… പൊതുമുതൽ നശിപ്പിച്ചെന്ന ഒറ്റ കേസുമതി തൂക്കിയുടെത്തകത്തിടുന്ന ഞാൻ കാണണോ നിനക്ക്?…”
അപ്പോഴും അവളുടെ മുഖത്തെ പുഞ്ചിരിക്കും കണ്ണുകളുടെ തീക്ഷ്ണതയ്ക്കും ഒരു മാറ്റവും വന്നിട്ടില്ല എന്ന് കണ്ട് അവൻറെ അരിശം കൂടി…
” സാറേ എനിക്ക് കുറച്ച് അധികം സംസാരിക്കാനുണ്ട് , അതുകൊണ്ട് കയറി ഇരിക്കാൻ പറഞ്ഞത് പിന്നെ സാർ ഈ പറഞ്ഞ നിയമപ്രകാരമുള്ള ശിക്ഷയൊക്കെ പ്രതീക്ഷിച്ചു തന്നെ ഞാൻ അത് ചെയ്തത്, അതെന്തായാലും വെറുതെ ആകില്ലല്ലോ…”
എബിൻ അവളെ ഒന്ന് നോക്കി ഉമ്മറത്തെ പഴയ കസേരയിലിരുന്നു. കൂടെ വന്ന രണ്ടുപേർക്ക് കസേരയിലും ബാക്കി രണ്ടുപേർ കൈവരിയിലും ഇരുപ്പുറപ്പിച്ചു…
” ഇനി കാര്യം മൊഴിഞ്ഞാലും…” എബിന്റെ ശബ്ദത്തിലെ പരിഹാസം അവൾ കണ്ടില്ലെന്ന് നടിച്ചു…
” എൻറെ പേര് നീതി… എനിക്ക് വേണ്ടതും നീതിയാണ്….”
” താനെന്താ ആളെ കളിയാക്കുന്നോ?..” എബിൻ ചാടി എഴുന്നേറ്റു.
” സർ പ്ലീസ് ഞാൻ ഒന്ന് പറയട്ടെ…” അതിനുശേഷം അവൾ അകത്തേക്ക് നോക്കി..
” ദേവു… അമ്മേ…” എന്ന് നീട്ടി വിളിച്ചു.
17 വയസ്സ് പ്രായം തോന്നിക്കുന്ന ഒരു പെൺകുട്ടി അകത്തുനിന്ന് ഇറങ്ങിവന്ന്, സ്കൂൾ യൂണിഫോം എന്ന് തോന്നിക്കുന്ന ഒരു പാവാടയും ഷർട്ടും ആണ് വേഷം, പല്ലല്പം പൊങ്ങിയിട്ടുണ്ട് എന്നൊഴിച്ചാൽ സുന്ദരിയായ ഒരു കുട്ടി നല്ല ചിരി… അവളുടെ പുറകെ ഇവളുടെ അമ്മ എന്ന് തോന്നിക്കുന്ന ഒരു സ്ത്രീയും.
കൂടെ വന്ന പോലീസുകാരുടെ കണ്ണ് ആ കുട്ടിയുടെ ശരീരത്തിൽ ആണെന്ന് കണ്ട് എബിൻ ഒന്ന് ചുമച്ചു. അവർ വേഗം നോട്ട് മാറ്റി അപ്പോഴും അവൾ പുഞ്ചിരി കൊണ്ട് നിന്നു..
” ഇത് ദേവിക , ദേവു വിളിക്കും തൊട്ടപ്പുറത്തെ വീട്ടിലെ സാവിത്രി ചേച്ചിയുടെ മകളാണ് ചേച്ചി കൂലിപ്പണിക്ക് പോകുക ഇവർക്ക് ആണെങ്കിൽ അല്പം ബുദ്ധി കുറവുണ്ട് അതുകൊണ്ട് വിശ്വസിച്ചു ഏൽപ്പിക്കുന്നത് ഇവിടെ അഞ്ചു മാസങ്ങൾക്കു മുമ്പ് ഇവിടെ അമ്മയില്ലാത്ത ഒരു ദിവസം ഇവളെ എൻറെ ചേട്ടൻ നവീൻ പീഡിപ്പിച്ചു സംഭവം നടന്നതിന്റെ അന്ന് വൈകിട്ട് അവൻ ബാംഗ്ലൂർക്ക് തിരിച്ചു പോയി….
ഈ പരാതി ഞാൻ സാറിൻറെ സ്റ്റേഷനിൽ തന്നിട്ട് ഇപ്പോൾ മാസങ്ങൾ കഴിഞ്ഞു ഇവിടെ വിളിച്ചുവരുത്തി മൊഴിയെടുക്കാൻ അല്ലാതെ പ്രതിയെ പിടിക്കാൻ ശിക്ഷ വാങ്ങി കൊടുക്കാനോ കേരള പോലീസിന് യാതൊരുവിധ താൽപര്യവുമില്ല പുതിയ എസ്ഐ വന്നതറിഞ്ഞപ്പോൾ സാറിനോട് കാര്യം പറയാൻ ഞാനും ഇവളുടെ അമ്മയും പലതവണ വന്നിട്ടും സാറിനെ ഒന്ന് കാണാൻ പോലും ഇവര് സമ്മതിച്ചില്ല…
ഇന്നലെ ജോലി കഴിഞ്ഞ് തിരിച്ചു വന്ന സമയത്താണ് സാറിൻറെ ജീപ്പ് സിഗ്നലിൽ കിടക്കുന്നത് കണ്ടത് അപ്പോഴാണ് ഇങ്ങനെ ഒരു ബുദ്ധി തോന്നി അതുകൊണ്ട് എന്താ അഞ്ചുമാസമായി ഞങ്ങൾ ശ്രമിച്ചിട്ട് നടക്കാത്ത കാര്യം പുഷ്പം പോലെ നടന്നു കിട്ടിയല്ലോ… ” അവൾ പറഞ്ഞവസാനിപ്പിച്ചപ്പോൾ എബിന്റെ മുഖത്തെ രക്തയോട്ടം വാർന്നു കൂടെ വന്നവരെ നോക്കി….
” ഇവള് പറഞ്ഞതൊക്കെ സത്യമാണൊ?…”
“സാറേ ആ പയ്യനെ വിളിച്ചു വരുത്തി ഇവളുമായിട്ടുള്ള കല്യാണം നടത്തി കൊടുക്കാൻ അന്നേ ഞങ്ങൾ പറഞ്ഞത് ഇവർ സമ്മതിക്കാഞ്ഞിട്ടാ…”
” 17 വയസ്സുള്ള ഈ കുട്ടിയാണോ കല്യാണം കഴിക്കേണ്ടത്..” അതുവരെ നിശബ്ദയായിരുന്ന നീതിയുടെ അമ്മ പറഞ്ഞു.
” അതിനെന്താ അമ്പലത്തിലോ മറ്റോ താലികെട്ടി 18 വയസ്സ് ആകുമ്പോൾ രജിസ്റ്റർ ചെയ്താൽ പോരേ..” ഒരു പോലീസുകാരൻ നിസ്സാരമായി പറയുമ്പോൾ നീതി പുച്ഛത്തോടെ എബിനെ നോക്കി…
” നിയമം സംരക്ഷിക്കാൻ ഉത്തരവാദിത്തപ്പെട്ട ഒരു പോലീസുകാരൻ ആണ് 18 വയസ്സ് തികയുന്നതിന് മുമ്പ് ഒരു പെണ്ണിനെ വിവാഹം കഴിച്ചു കൊടുക്കാൻ പറയുന്നത് , അതും അവൾ റേപ്പ് ചെയ്തവനെ കൊണ്ടുതന്നെ , വിവാഹം കഴിച്ചാൽ അവൻ ചെയ്തത് തെറ്റല്ലാതാകുമോ? , അല്ലെങ്കിൽ തന്നെ നമ്മുടെ നാട്ടിൽ കല്യാണം എന്ന് പറയുന്നത് ഫ്രീ സെക്സിനുള്ള ലൈസൻസ് ആണ് , ഇവളെപ്പോലെ അല്പം ബുദ്ധിമുട്ടുള്ള കുട്ടികൾക്ക് പ്രത്യേക പരിഗണന കൊടുക്കേണ്ടതിനു പകരം അവളെ നിരന്തരം ബലാത്സംഗം ചെയ്യാൻ അവന് ലൈസൻസ് കൊടുക്കുകയാണോ കേരള പോലീസിന്റെ ജോലി?..” നീതിയുടെ വാക്കുകൾ ഉറപ്പുള്ളവയായിരുന്നു ശബ്ദം മൂർച്ചയുള്ളതും നോട്ടം തീക്ഷണവും ആയിരുന്നു മറുപടിയില്ലാതെ വിയർത്തു…
” നിങ്ങൾക്ക് ഇതിലൊന്നും പറയാനില്ലേ?..” അയാൾ നീതിയുടെ അമ്മയോട് ചോദിച്ചു..
” അവനെ വെറുതെ വിട്ടാൽ വീണ്ടും തെറ്റ് ചെയ്യും സാറേ… അല്ലെങ്കിൽ തന്നെ ബാംഗ്ലൂരിൽ നല്ല ശമ്പളമുള്ള ജോലിക്കാരൻ ആണ് അവൻ , ഒരു രൂപ ഇന്നേവരെ ഇവിടെ ചെലവിന് തന്നിട്ടില്ല. ഇവൾക്ക് ഇവിടെ ഒരു പ്രൈവറ്റ് കമ്പനിയിലാ ജോലി, കിട്ടുന്ന ചെറിയ ശമ്പളവും ഞാനിവിടെ അച്ചാറും കേക്കും പൊടികളും ഉണ്ടാക്കി കിട്ടുന്ന പൈസയും ഇവളുടെ കല്ല്യാണം നടത്തുന്നതിന് സൂക്ഷിച്ചുവച്ചിട്ടുണ്ട് അത് വേണമെന്നു പറഞ്ഞു പ്രശ്നം ഉണ്ടാക്കിയ ദിവസമാണ് ഈ പാവത്തിനോട് ദ്രോഹം ചെയ്തത്…” ആ അമ്മയുടെയും മകളുടെയും മുന്നിൽ മർത്തൊന്നും പറയാൻ അവശേഷിക്കാത്തത് കൊണ്ട് എബിൻ തിരികെ ഇറങ്ങി പുറകെ നീതിയെ നോക്കി പേടിപ്പിച്ചുകൊണ്ട് മറ്റു പോലീസുകാരും അപ്പോഴും ദേവു പുഞ്ചിരിച്ചു കൊണ്ടിരുന്നു…
ആഴ്ചകൾക്ക് ശേഷം നീതിയുടെ സഹോദരൻ അറസ്റ്റ് ചെയ്യപ്പെടുകയും മയക്കുമരുന്ന് അടിമയായ അയാളെ എബിൻ ഇടപെട്ട് ഡി അഡിക്ഷൻ സെൻററിൽ അഡ്മിറ്റ് ചെയ്യുകയും ചെയ്തു…
നാട്ടുകാരുടെ പരിഹാസങ്ങൾക്കും കൂർത്ത നോട്ടങ്ങൾക്ക് നടുവിൽ നീതിയും കുടുംബവും തലയുയർത്തി തന്നെ ജീവിച്ചു. ഓരോ തവണയും നീതിയെ കാണുമ്പോൾ ഉള്ളിൽ തോന്നിയ ബഹുമാനപ്പെട്ട പ്രണയത്തിനു വഴിമാറുന്നതിന് അറിഞ്ഞു അത് തുറന്നു പറഞ്ഞ ദിവസം അവൾ പൊട്ടിച്ചിരിക്കുകയാണ് ചെയ്തത്…
” സാറേ മിനിമം ഒരു കോടിയുടെ ഒരു ബിഎംഡബ്ലിയു എങ്കിലും ഉള്ള ഒരുത്തനെ കഴിക്കണം എന്നാണ് എൻറെ ആഗ്രഹം… കെട്ടിക്കഴിഞ്ഞ് അങ്ങനെ ഒരുത്തനെ കണ്ടാൽ ഞാൻ സാറിനെ തേച്ചിട്ട് പോയിരിക്കും. പിന്നെ സാർ എവിടെയും പോകുമ്പോൾ നാട്ടുകാര് ഭാര്യയെ ഓടിപ്പോയ si പോകുന്നു , ഭാര്യ ഉപേക്ഷിച്ച് എസ് ഐ പോകുന്നു, എന്നൊക്കെ പറഞ്ഞ് കളിയാക്കും എന്തിനാ സാറേ വെറുതെ റിസ്കെടുക്കുന്നത്…” അതു പറഞ്ഞു പൊട്ടിച്ചിരിക്കുമ്പോഴും അവളുടെ കണ്ണുകളിൽ ഒരു നനവുള്ളത് അവൻ കണ്ടുപിടിച്ചിരുന്നു. നിങ്ങൾക്ക് ഞാൻ ചേരില്ല എനിക്ക് അർഹതയില്ല എന്നൊക്കെ പറയുന്നവർക്കിടയിൽ എന്റെ സ്വപ്നങ്ങൾ നിങ്ങളെക്കാൾ വലുതാണെന്ന് പറഞ്ഞ് ഒഴിവാക്കുന്ന ഒരു പെണ്ണ്…!
അവളെ വിവാഹം കഴിച്ചു വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവന്ന ദിവസമാണ് അവൻ ആദ്യമായാണ് കണ്ണുകളിൽ ഭയം കാണുന്നത് ആദ്യരാത്രി മുറിയിലേക്ക് കടന്നു വന്നവളെ തൂക്കിയെടുത്ത് കാലുകൊണ്ട് ലോക്ക് ചെയ്ത് കടന്നു പിടിക്കുമ്പോൾ ആ ദേഹം മുഴുവൻ ആലില പോലെ വിറക്കുന്നുണ്ടായിരുന്നു…
” നീതി… നീ ഒട്ടും റെഡിയല്ല എന്ന് എനിക്കറിയാം എനിക്ക് നിന്നോട് തോന്നുന്ന പ്രണയം നിനക്കും തോന്നുന്ന നിമിഷം വരെ കാത്തിരിക്കാൻ ഞാൻ തയ്യാറാണ്…” അത്രയും പറഞ്ഞശേഷം അവളിൽ നിന്നും മാറി കിടന്നപ്പോൾ ആ കണ്ണുകളിൽ നിറഞ്ഞ് അമ്പരപ്പ് ബെഡ് ലാമ്പിന്റെ മങ്ങിയ വെളിച്ചത്തിലും അവൻ കണ്ടിരുന്നു…
ദിവസങ്ങൾ ആഴ്ചകൾക്കും മാസങ്ങൾക്കും വഴിമാറി അവർക്കിടയിൽ പ്രണയം വിടുകയും ചെയ്തു രാത്രികൾക്ക് ദൈർഘ്യം പോരാതെ അവർ പകലുകളും കടമെടുത്തു ഇതിനിടയിൽ അവളുടെ ഗർഭപാത്രം പലതവണ പൂവിട്ടുവെങ്കിലും വിരിയുന്നതിനു മുമ്പ് അവ കൊഴിഞ്ഞു പോയിക്കൊണ്ടിരുന്നത് അവരിൽ വേദന നിറച്ചു…
ഒടുവിൽ അവർക്കിടയിലേക്ക് ഒരു കുഞ്ഞ് അതിഥിയെത്തിയപ്പോൾ ലോകം കീഴടക്കിയ സന്തോഷമായിരുന്നു…. ഇരുവർക്കും പക്ഷേ രണ്ടാമത്തെ കുഞ്ഞിന് ജന്മം നൽകാൻ ഓപ്പറേഷൻ തിയേറ്ററിലേക്ക് കയറിയവളുടെ ജീവനറ്റ ശരീരം കയ്യിലേക്ക് വാങ്ങും വരെ മാത്രമേ ആ സന്തോഷം നീണ്ടു നിന്നുള്ളൂ…
“ഈ പ്രഗ്നൻസി റിസ്കാണ് ഡെലിവറിക്ക് ശ്രമിക്കുന്നത് അപകടമാണെന്നും അബോർഷൻ ചെയ്യാം എന്നും ഞാൻ അന്നേ പറഞ്ഞതല്ലേ…” അവൻറെ അമ്മയുടെ മുഖത്ത് നോക്കി ഡോക്ടർ ചോദിക്കുമ്പോൾ അവർ തലതാഴ്ത്തി..
” ഒരു ജീവനല്ലേ മോനെ കളയുന്നത് പാപമല്ലേ… ഡോക്ടർ അങ്ങനെ പറഞ്ഞാലും ഒന്നും സംഭവിക്കില്ല എന്ന് വിചാരിച്ചു ഞാൻ…”
എൻറെ ഭാര്യയുടെതും ജീവൻ തന്നെയല്ലേ എന്ന ചോദ്യം അവൻ്റെ തൊണ്ടക്കുഴിയിൽ ശ്വാസംമുട്ടി മരിച്ചു… ജോലിത്തിരക്കുകൾ കാരണം അവളുടെ ഒപ്പം ചെക്കപ്പിനു പോകാൻ കഴിയാതിരുന്നത് തൻറെ വിധിയവൻ ശപിച്ചു…
പ്രസവിക്കാത്ത സ്ത്രീയുടെ ശരീരം മരുഭൂമി പോലെ ഗുണശൂന്യമാണെന്നും ഏത് സാഹചര്യത്തിലും അബോർഷൻ പാപമാണ് എന്നും പറഞ്ഞു പഠിപ്പിക്കുന്ന സമൂഹത്തിന് മുമ്പിൽ ഇത് നടന്നതിൽ അത്ഭുതപ്പെടാനില്ല…
പ്രസവത്തോടെ മരിക്കുന്ന ലോകത്തിലെ ആദ്യത്തെ സ്ത്രീയല്ല നീതി.. അമ്മയില്ലാത്തവർ അനാഥരാണെന്ന് ലോകം പറയാതെ പറയും പക്ഷേ അമ്മയുടെ ജീവനും ജീവിതത്തിനും എന്തും മൂല്യമാണ് നമ്മൾ നൽകുന്നത്?..
പൊന്നോമനയ്ക്ക് ജന്മം നൽകാൻ വേണ്ടി ഇഹലോകവാസം വെടിഞ്ഞ നീതിയ ലോകം വാഴ്ത്തുമ്പോൾ മാധ്യമങ്ങൾ പുകഴ്ത്തുമ്പോൾ മതങ്ങൾ അവളെക്കുറിച്ച് പഠിപ്പിക്കുമ്പോൾ എബിൻ്റെ വീട്ടിൽ അവളുടെ കുഞ്ഞ് അപ്പോഴും അമ്മിഞ്ഞപ്പാൽ കിട്ടാതെ കരഞ്ഞു തളർന്നുറങ്ങുകയായിരുന്നു….
ശുഭം
✍️തൂലിക
