മോശമായി പെരുമാറി എന്ന പേരിൽ രണ്ട് സ്ത്രീകൾ പരസ്യമായി ബഹളം വച്ചപ്പോൾ പൊതു സ്ഥലത്ത് വച്ച് ആൾക്കാർ അയാളെ തല്ലി അവശനാക്കി….

‘ സ്ത്രീകളെ തിരഞ്ഞു പിടിച്ചു കൊല്ലുന്ന സീരിയൽ കില്ലർ… നാടൊട്ടുക്ക് പരിഭ്രാന്തി പടരുമ്പോൾ നമ്മുടെ പോലീസ് സേന ഇപ്പോഴും എങ്ങും എത്താതെ ഇഴയുന്നു.. ഇന്നലെ കൊല്ലപ്പെട്ട സ്ത്രീയുൾപ്പെടെ ഇപ്പോൾ ആകെ മരണം നാലാകുന്നു ‘

രാവിലെ തന്നെ ഓഫീസിലെ ടീവിയിൽ ന്യൂസ്‌ ചാനൽ ഓൺ ആക്കിയ എസ് പി അനിരുദ്ധൻ ആകെ അസ്വസ്ഥനായി. തൊട്ട് മുന്നിൽ തന്നെ ഉണ്ടായിരുന്നു എ സി പി സാം അലക്സ്.

” എടോ.. ഇതിപ്പോ ഏത് വഴിക്കാണ് കാര്യങ്ങൾ നീങ്ങുന്നത്… പ്രതി മാണിക്യനാണെന്ന് വേഗത്തിൽ കണ്ടെത്തിയെങ്കിലും ആളെ പിടിക്കാൻ ഇതുവരെ കഴിഞ്ഞിട്ടില്ല. അതിനിടക്ക് ദേ ഇന്നലെ വീണ്ടും ഒരു കൊലപാതകം കൂടി.. മൊത്തം….. ഇനിയും അവനെ പിടിക്കാൻ പറ്റിയില്ലേൽ പിന്നേ തലയിൽ തൊപ്പി വച്ചു നടക്കുന്നതിൽ അർത്ഥം ഇല്ല.. മുകളിൽ നിന്ന് നല്ല പ്രഷർ ഉണ്ട്. ഉടനെ എന്തേലും ചെയ്തെ പറ്റുള്ളൂ..”

ആകെ ടെൻഷനിൽ ആയിരുന്നു അനിരുദ്ധൻ.

” സർ.. ടെൻഷൻ ആകല്ലേ.. അവന് വേണ്ടി നമ്മൾ വല വിരിച്ചിട്ടില്ലേ വീഴാതിരിക്കില്ല.. ഉറപ്പാണ്.. ആള് കാട്ടിലേക്ക് കയറാനാണ് സാധ്യത. അതാണ് കയ്യിൽ കിട്ടാത്തത്.. പക്ഷെ സർ.. ഇന്നലെ നടന്ന കൊലപാതകം.. അതിൽ ഒരു പ്രശ്നം ഉണ്ട്… ”

സാം പറഞ്ഞു നിർത്തുമ്പോൾ അനിരുദ്ധന്റെ നെറ്റി ചുളിഞ്ഞു.

” പ്രശ്നമോ.. എന്താടോ എന്താ പ്രശ്നം ”

” ഈ നടന്ന നാല് കൊലപാതകങ്ങളും സെയിം പാറ്റേൺ ആണ് പക്ഷെ ലാസ്റ്റ് വൺ.. ഇന്നലെ നടന്നത് അതിൽ പാറ്റേൺ സെയിം ആണെങ്കിലും കുറച്ചു മാറ്റങ്ങൾ ഉണ്ട്…”

” എന്ത് മാറ്റം… ”

സാമിന്റെ വിവരണം കേട്ട് അനിരുദ്ധന് ആകാംഷയേറി

” ഈ മാണിക്യൻ പെൺകുട്ടികളെ തിരഞ്ഞു പിടിച്ചു കൊല ചെയ്യുന്നുണ്ട്. പക്ഷെ ഒരാളെ പോലും സെക്ഷ്വലി അഭ്യൂസ് ചെയ്തിട്ടില്ല … നാല് പെൺകുട്ടികളും കൊലചെയ്യപ്പെട്ടത് വളരെ ക്രൂരമായാണ് മരണത്തിനു മുന്നേ വല്ലാണ്ട് ടോർച്ചറും ചെയ്തിട്ടുണ്ട്.. പക്ഷെ നാലാമത്തെ കുട്ടി ജാസ്മിൻ… അവൾ സെക്ഷ്വലി അഭ്യൂസ് ചെയ്യപ്പെട്ടിട്ടുണ്ട്.. മറ്റു മൂന്ന് പെൺകുട്ടികളും മരണപ്പെടുന്നതിനു മുന്നെയാണ് ടോർച്ചർ ചെയ്യപ്പെട്ടത് എങ്കിൽ ജാസ്മിൻ ടോർച്ചർ ചെയ്യപ്പെടുന്നതിനു മുന്നേ തന്നെ മരണപ്പെട്ടിരുന്നു… ഈ വിവരങ്ങൾ ഇന്നലെ പോസ്റ്റുമോർട്ടം കഴിഞ്ഞു ഡോക്ടർ അലൻ അറിയിച്ചതാണ്. സർ എനിക്ക് തോന്നുന്നത് ഈ കുട്ടിയെ മാറ്റാരോ കൊല ചെയ്തിട്ട് അത് ഈ സീരിയൽ കില്ലിംഗിൽ ഉൾപ്പെടുത്തി രക്ഷപ്പെടാൻ നോക്കിയതാണ് എന്നാണ്…”

ആ മറുപടി കേൾക്കെ ആകെ അസ്വസ്ഥനായി അനിരുദ്ധൻ.

” അതാരാണ് ഇതിനിടയിൽ അങ്ങിനെ ഒരുവൻ.. പിന്നെ ഈ കണ്ടെത്തൽ നൂറു ശതമാനം ശെരിയാകണമെന്നുണ്ടോ സാം … ക്രിമിനൽ അല്ലെ… ഒരുപക്ഷെ അയാളുടെ മനസ്സിൽ അങ്ങിനെ തോന്നി ചെയ്തതായിക്കൂടെ …. ”

” സർ എന്റെ സംശയം മാത്രമാണ് ഇത്… പിന്നേ ഈ മാണിക്യൻ മാനസികമായി പ്രശ്നമുള്ള ആളാണെന്നു അന്വേഷണത്തിൽ തെളിഞ്ഞതല്ലേ.. അയാളുടെ ഒരു മനോ നില വച്ചിട്ട് ഒരു റേപ്പ് ഒന്നും ചെയ്യാൻ മുതിരില്ല എന്നാണ് ഡോക്ടർ പറഞ്ഞത്. കാരണം അയാൾക്കുണ്ടായ വലിയൊരു നാണക്കേട്.. മോശമായി പെരുമാറി എന്ന പേരിൽ രണ്ട് സ്ത്രീകൾ പരസ്യമായി ബഹളം വച്ചപ്പോൾ പൊതു സ്ഥലത്ത് വച്ച് ആൾക്കാർ അയാളെ തല്ലി അവശനാക്കി നഗ്നനാക്കി കിടത്തി.. ആ ഒരു ഷോക്കിൽ.. നാണക്കേടിൽ നിന്നും ഉണ്ടായ പ്രതികാരം.. അതിന്റെ ഫലമാണ് ഇപ്പോ അയാൾ ഈ സ്ത്രീകളെ ടോർച്ചർ ചെയ്ത് കൊന്ന് നഗ്നരാക്കി പൊതു സ്ഥലങ്ങളിൽ ഉപേക്ഷിക്കുന്നത്. അന്ന് അയാളെ ഉപദ്രവിച്ച സ്ത്രീകളും കുറെ നാളുകൾക്ക് മുന്നേ മിസ്സിംഗ്‌ ആണ് സർ.. മാണിക്യന്റെ മനസ്സിൽ നിറയെ വെറുപ്പാണ് .. അവിടേക്ക് സെക്സിനു സ്ഥാനം ഉണ്ടാകില്ല എന്നാണ് അയാളെ ചികിൽസിക്കുന്ന ഡോക്ടർ അറിയിച്ചിട്ടുള്ളത്. ”

സാം പറഞ്ഞവസാനിപ്പിക്കുമ്പോൾ പതിയെ എഴുന്നേറ്റു അനിരുദ്ധൻ.

” സാം.. നീ പറഞ്ഞത് വച്ച് നോക്കുമ്പോൾ കുറച്ചൊക്കെ കാര്യമില്ലാതില്ല.. പക്ഷെ എങ്ങിനെ നമ്മൾ ഇത് സ്ഥിതീകരിക്കും… ”

” സർ.. സ്ഥിതീകരണമൊക്കെ പിന്നീട് ആകാം.. ഇപ്പോ ഞാനൊന്ന് ഇറങ്ങാം ഈ ജാസ്മിനെ ചുറ്റി പറ്റി ഒന്ന് അന്വേഷിക്കട്ടെ.. ആ കുട്ടിയോട് വെറുപ്പ് ദേഷ്യം ഒക്കെ ഉള്ള ആരേലും ഉണ്ടാകുമോ എന്ന്…”

അത്രയും പറഞ്ഞു എഴുന്നേറ്റു സാം..

” എടോ.. ഈ കേസിൽ തന്റെ നിഗമനം ശെരിയായി പ്രതിയെ കണ്ടെത്തുവാൻ കഴിഞ്ഞാൽ.. അത് നമുക്ക് ഒരു പൊൻ തൂവൽ ആണ്. സോ ആൾ ദ ബെസ്റ്റ്.. ഒരു റിസൾട്ട്‌ വേഗത്തിൽ ഉണ്ടാകണം ”

പ്രതീക്ഷയോടെ അനിരുദ്ധൻ ചുമലിൽ തട്ടുമ്പോൾ ഒന്ന് പുഞ്ചിരിച്ചു സാം.

” നോക്കാം സർ.. ഐ വിൽ ട്രൈ മൈ ലെവൽ ബെസ്റ്റ് ”

അവൻ പുറത്തേക്ക് പോകുമ്പോൾ പ്രതീക്ഷയിൽ നോക്കി നിന്നു അനിരുദ്ധൻ.
***************************
” സിദ്ദിക്കെ ഈ ജാസ്മിന്റെ ഫുൾ ഡീറ്റെയിൽസ് എടുക്കണം.. പ്രണയമോ അല്ലെങ്കിൽ ആരുമായെങ്കിലും പ്രശ്നങ്ങളോ.. അങ്ങിനെ എന്ത് ഉണ്ടേലും അറിയണം ”

കേസിൽ അസിസ്റ്റന്റ് ചെയ്യുന്ന സി ഐ സിദ്ദിക്കിന്‌ നിർദ്ദേശം നൽകി തന്റെ ഔദ്യോഗിക വാഹനത്തിലേക്ക് കയറി സാം.

” ഡീറ്റെയിൽസ് ഫുൾ കളക്ട് ചെയ്ത് നേരെ വീട്ടിലേക്ക് വാ വൈകിട്ട്.. നമുക്ക് ഒന്നിരിക്കണം.. ”

“ഓക്കേ സർ.. ഞാൻ എത്തിക്കോളാം ”

ആ നിർദ്ദേശം കിട്ടവേ അറ്റെൻഷനായി സിദ്ദിക്.

അതോടെ സാമിന്റെ വാഹനം അവിടെ നിന്നും നീങ്ങി.

അതേ സമയം സീരിയൽ കില്ലർ മാണിക്യനായി വിരിച്ച വലയിൽ ഏകദേശം അയാൾ കുടുങ്ങിയ മട്ടായിരുന്നു. മരുതൻ കുന്ന് വനമേഖലയിൽ അയാളെ കണ്ടതായി ഫോറെൻസിക് ഉദ്യോഗസ്ഥർ അറിയിച്ചതോടെ സാമിന്റെ നേതൃത്വത്തിൽ തന്നെ പോലീസ് സേന അവിടേക്ക് കുതിച്ചു. അന്വേഷണം അവസാനിപ്പിച്ചു സിദ്ദിക്കും ജോയിൻ ചെയ്തു. പ്രതീക്ഷ തെറ്റിയില്ല.. അതി സഹസികമായി തന്നെ മാണിക്യനെ കീഴടക്കി അവർ. വാർത്ത എത്തിയതോടെ കുറ്റം പറഞ്ഞിരുന്ന മീഡിയാസ് പോലീസിനെ വാഴ്ത്തി തുടങ്ങി. ചാനലുകളിൽ സാം അലക്സും ടീമും താരങ്ങളായപ്പോൾ പോലീസ് സേനയ്ക്ക് തന്നെ അവരൊരു പൊൻതൂവൽ ആയി മാറി. അഭിനന്ദന പ്രവാഹങ്ങളും പ്രതിയുടെ വൈദ്യ പരിശോധനയും എല്ലാം കഴിഞ്ഞു ബഹളങ്ങൾ ഒന്ന് കെട്ടടങ്ങിയപ്പോൾ
മുന്നേ പറഞ്ഞ പ്രകാരം വൈകുന്നേരം സാമിന്റെ വീട്ടിൽ അവർ ഒത്തുകൂടി. സിദ്ദിക്കിനൊപ്പം കേസിൽ അസ്സിസ്റ്റ്‌ ചെയ്യുന്ന എസ് ഐ രാജീവും ഉണ്ടായിരുന്നു.

” സർ.. മാണിക്യൻ പെട്ടതോടെ കേസ് ഏകദേശം ക്ലോസ്ഡ് അല്ലെ.. ഇനീപ്പോ ഈ ജാസ്മിന്റെ കേസ് അന്വേഷിക്കുന്നതിൽ കാര്യമുണ്ടോ.. ”

സിദ്ദിക്ക് ചോദിക്കുമ്പോൾ പതിയെ വിസിറ്റിംഗ് ഏരിയയിലെ ചെയറിലേക്ക് ഇരുന്നു സാം.

” എടാ എന്റെ സംശയം..അവൻ അത് ചെയ്തിട്ടില്ല എന്നതാണ് .. … മറ്റൊരുത്തൻ ഇപ്പോൾ കുറ്റം മാണിക്യന്റെ തലയിൽ ഇട്ട് രക്ഷപ്പെട്ടു നിൽക്കുന്നുണ്ട്.. ഉറപ്പ് അവനാരായാലും കണ്ടെത്തണം നമുക്ക്.. എന്തായി ജാസ്മിന്റെ കാര്യം അന്വേഷിച്ചോ നിങ്ങൾ ”

” സർ.. ഒരു പരിധിവരെയൊക്കെ കിട്ടി. അപ്പോഴാ സാറിന്റെ കോൾ വന്ന് മാണിക്യന്റെ പിന്നാലെ പോയത്.. കോളേജിൽ ഈ ജാസ്മിന് ഒരു പ്രണയം ഉണ്ടായിരുന്നു… ആളെ ഞങ്ങൾ പൊക്കി ഒരു നീരജ്. പക്ഷെ ആ ചെക്കൻ ഒന്നും ചെയ്തിട്ടില്ല.. അതൊരു പാവം. ഈ കൊച്ച് മരിച്ചതിൽ പിന്നെ ആകെ മെന്റലി ഡിസ്റ്റർബ്ഡ് ആണ് ആ പയ്യൻ.. ”

സിദ്ദിക് പറഞ്ഞത് കേട്ട് തലയാട്ടി സാം.

” ബട്ട്‌… അവനെ ഒഴിവാക്കേണ്ട.. ഒരു കണ്ണ് വേണം… ”

” സാർ മറ്റൊരു കാര്യം ഉണ്ട്.. ഒരു സംശയം ആണ്. ഈ ജാസ്മിനെ സ്ഥിരമായി ഒരുത്തൻ ശല്യം ചെയ്തിരുന്നു. അതായത് പ്രേമാഭ്യർത്ഥനയൊക്കെയായി… ഒരു രഞ്ജിത്ത് .. അന്വേഷിച്ചപ്പോ അവൻ ആളത്ര വെടിപ്പ് അല്ല.. പല സ്ഥലങ്ങളിൽ വച്ചും ഈ കുട്ടിയെ അവൻ ഉപദ്രവിക്കാൻ ശ്രമിച്ചിട്ടുണ്ട്.. അവളുടെ വീട്ടുകാർ അറിഞ്ഞൊക്കെ വല്യ ഇഷ്യൂ ആയതാണ് …”

അത് പറഞ്ഞത് രാജീവ്‌ ആണ്.

” എന്നിട്ട്.. അവനെ കിട്ടിയോ.. ”

ആകാംഷയിൽ രണ്ടാളെയും മാറി മാറി നോക്കി സാം.

” കിട്ടിയിട്ടില്ല സർ പക്ഷെ സ്പോട്ട് ചെയ്തിട്ടുണ്ട്.. ഒന്നിറങ്ങിയാൽ രാത്രി തന്നെ കിട്ടും.. ”

മറുപടി പറഞ്ഞത് സിദ്ദിക്ക് ആണ്. ആ മറുപടിയിൽ ഒരു സൂചനയുണ്ടായിരുന്നു. അത് കൃത്യമായി മനസിലാക്കി സാം.

” ലേറ്റാക്കേണ്ട.. ഞാനുമുണ്ട് സിദ്ദിക്ക് നമുക്ക് ഇറങ്ങാം… ഇന്ന് രാത്രി തന്നെ .. ”

വീറോടെ അവൻ എഴുന്നേൽക്കുമ്പോൾ ആവേശത്തിലായി സിദ്ദിക്കും രാജീവും.
***************************
പിറ്റേന്നത്തെ പ്രഭാതം ആ ഞെട്ടിക്കുന്ന വാർത്തയ്‌ക്കൊപ്പമാണ് ഉദിച്ചുയർന്നത്.

‘ ജാസ്മിൻ കൊലക്കേസ് വഴിത്തിരിവിലേക്ക്. കൊലപാതകിയായ ജാസ്മിന്റെ കാമുകൻ നീരജിനെ ഇന്നലെ രാത്രിയോടെ പോലീസ് അറസ്റ്റ് ചെയ്തു.. എ സി പി സാം അലക്സിന്റെ തന്നെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ കണ്ടെത്തുകയും അറസ്റ്റ് ചെയ്യുകയും ചെയ്തത്… കൊല ചെയ്ത ശേഷം സീരിയൽ കില്ലിംഗിനെ പറ്റി അറിവുണ്ടായിരുന്ന പ്രതി അതേ പാറ്റേൺ ക്രിയേറ്റ് ചെയ്ത് പോലീസിനെ കബളിപ്പിക്കുകയായിരുന്നു ‘

ചാനലുകൾ ആ വാർത്ത ആഘോഷമാക്കി. കുറച്ചു ദിവസങ്ങളായി പരിഹാസങ്ങൾ ഏറ്റു വാങ്ങിയിരുന്ന കേരളാ പോലീസ് ഇപ്പോൾ മീഡിയാസിന് മുന്നിൽ ഹീറോ പരിവേഷം അണിഞ്ഞു.

” സാം.. പ്ലീസ്… എങ്ങിനെയാണ് ഈ പ്രതിയിലേക്ക് എത്തിപ്പെട്ടത്.. ”

ആകാംഷയോടെയാണ് ഡി ജി പി ശ്രീവാസ്തവ ചോദിച്ചത്..അയാൾക്കൊപ്പം ഓഫീസ് മുറിയിൽ സാം അല്ലാതെ എസ് പി അനിരുദ്ധനും എ ഡിജി പി യും ഒക്കെ ഉണ്ടായിരുന്നു

” സർ.. വളരെ അപ്രതീക്ഷിതമായിട്ടാണ് ഈ പ്രതി കയ്യിൽ എത്തിയത്.. ഈ ഒരു കൊലപാതകത്തിന്റെ പാറ്റേണിൽ ഉള്ള വ്യത്യാസം ഇന്നലെ രാവിലെ തന്നെ ഞാൻ അനിരുദ്ധൻ സർ നെ അറിയിച്ചിരുന്നു.”

അനിരുദ്ധനെ ഒന്ന് നോക്കി തുടർന്നു അവൻ

“കൊല്ലപ്പെട്ട പെൺകുട്ടിയെ ശല്യം ചെയ്തിരുന്ന ഒരു ക്രിമിനലിനെ തപ്പി ഇറങ്ങിയതാണ് ഇന്നലെ രാത്രി.. അവർക്കൊപ്പം ഡ്രഗ്സ് ഉപയോഗിച്ച് ലഹരിയിൽ ആയിരുന്ന ഈ നീരജിനെ കാൺകെയാണ് സംശയം തോന്നിയത്. കാരണം രാവിലെ സി ഐ അന്വേഷിച്ചു ചെല്ലുമ്പോൾ കാമുകിയുടെ മരണത്തിൽ വിഷമിച്ചു തകർന്നിരിക്കുകയായിരുന്നു ഇവൻ. കയ്യിൽ കിട്ടിയ പാടെ രണ്ട് പൊട്ടിച്ചപ്പോൾ തന്നെ കാര്യം പുറത്തു വന്നു. ഡ്രഗ് അഡിക്റ്റ് ആണ് ഈ പയ്യൻ എന്ന് അറിഞ്ഞതോടെ ജാസ്മിൻ അവനിൽ നിന്നും പിന്മാറിയിരുന്നു ആ വാശിയാണ് കൊലപാതകത്തിൽ ചെന്നെത്തിയത്.. കൊല ചെയ്ത ശേഷം രക്ഷയ്ക്കായി സീരിയൽ കില്ലിംങ്ങിന്റെ സെയിം പാറ്റേൺ അവൻ സൃഷ്ഠിച്ചെടുക്കുകയായിരുന്നു. കുറ്റം സമ്മതിച്ചിട്ടുണ്ട് അവന്റെ ടവർ ലൊക്കേഷൻ വച്ച് സെയിം ആണ് പിന്നേ ബോഡിയിൽ നിന്ന് കിട്ടിയ മുടിയുടെ ഡി എൻ എ റിസൾട്ട്‌ കൂടി വന്നാൽ നടപടികൾ പൂർത്തിയാക്കാം.. ”

സാം നിർത്തുമ്പോൾ കയ്യടിച്ചു ശ്രീവാസ്തവ. ഒപ്പം മറ്റു രണ്ട് ഉദ്യോഗസ്ഥരും.

“താനും തന്റെ ടീമും കലക്കി സാം… ഇതിപ്പോ മാണിക്യന്റെ അക്കൗണ്ടിൽ തന്നെ പോയിരുന്നേലും പ്രതിയെ പിടിച്ചതിൽ ഫോഴ്‌സിന് അഭിമാനം തന്നെയായിരുന്നു. പക്ഷെ കൃത്യം ചെയ്ത ആളെ കണ്ടെത്തിയത് അഭിമാനം ആണ്. ഇരട്ടി മധുരമായി അത് …വെൽ ഡൺ ”

സാമിന് ഷേക്ക് ഹാൻഡ് കൊടുത്തു അഭിനന്ദിച്ചു അയാൾ.

ഒറ്റ ദിവസം തന്നെ രണ്ട് പ്രതികളെ പിടികൂടി സാം അലക്സും ടീമും അങ്ങിനെ വാർത്തകളിൽ നിറഞ്ഞു…

(ശുഭം )

✍️പ്രജിത്ത് സുരേന്ദ്രബാബു.

Leave a Reply

Your email address will not be published. Required fields are marked *