എന്നെത്തേടി അയാൾ പിന്നെയുമെത്തി, ഒന്നും മിണ്ടാതെ ചേർത്ത് പിടിച്ച് കഴുത്തിൽ മുഖം ചേർത്തേറെനേരം നിന്നയാൾ പിൻവാങ്ങി. കയ്യിൽ കരുതിയിരുന്ന പണം മേശപ്പുറത്തേക്ക് വച്ച് ഒന്നും മിണ്ടാതെ അയാൾ ലോഡ്ജിന്റെ പടവുകൾ ഇറങ്ങി പോകുന്നത് കണ്ടിട്ടാണ് ഞാൻ കട്ടിലിലേക്ക് മലർന്ന് കിടന്നയാളെ കുറിച്ച് ഓർത്തെടുത്തത്….
ഉറയ്ക്കാത്ത ചുവടുകളുമായി ആടിയാടിയാണ് അന്നാദ്യം അയാൾ കയറി വന്നത്, അടുത്തേക് വരുമ്പോൾ മൂക്കിലേക്ക് അടിച്ചു കയറുന്ന മദ്യത്തിന്റെ രൂക്ഷഗന്ധം സഹിക്കാവയ്യാതെ മൂക്കുപോത്തിയ എന്നെ അൽപ്പനേരം നോക്കി നിന്നായാൾ തിരിഞ്ഞു നടക്കും മുൻപേ മേശപ്പുറത്ത് നോട്ടുകൾ വച്ചിരുന്നു….
എന്തുതരം മനുഷ്യന്മാരാണല്ലേ നമുക്ക് ചുറ്റും ജീവിക്കുന്നത്, ഓരോ മനുഷ്യർക്കും പലതരം സ്വഭാവമെന്നത് പോലെ ഓരോരുത്തർക്കും വ്യത്യസ്ഥ അനുഭവങ്ങളും, കഥകളുമുണ്ടാകും…..
” എടി ഒന്നുരണ്ടു തവണ നിന്റെയടുക്കൽ വന്നില്ലേ അവനൊന്നുകൂടി നിന്നെ വേണം ന്ന്… ”
ഒരുദിവസം ലോഡ്ജിൽ നിന്ന് ഇറങ്ങുമ്പോഴാണ് കറപിടിച്ച പല്ലുകളും കാണിച്ച് വഷളൻ ചിരിയോടെ മാത്തച്ഛൻ പറഞ്ഞത്. ഭൂമിയിലെ പെണ്ണുടലുകളെല്ലാം ആണുങ്ങൾക്ക് ആസ്വദിക്കാൻ വേണ്ടിയുള്ളവയാണെന്ന ചിന്തയോടെ ജീവിക്കുന്നൊരു മൃഗമാണയാൾ…
” പക്ഷേ അവന് ഇവിടെ പറ്റൂല അവന്റെ കൂടെ ചെല്ലണം ത്രേ… ”
ഒന്നും മിണ്ടാതെ നടക്കുന്നയെന്നോടയാൾ വിളിച്ചു പറഞ്ഞു….
” അവനങ്ങു നിന്നെ പിടിച്ചുപോയെന്ന് തോന്നുന്നല്ലോടി, ഇടയ്ക്ക് മ്മക്കും കൂടി ചാൻസ് തരണേ മോളെ…. ”
ഞാൻ തിരിഞ്ഞു നോക്കുമ്പോൾ അതും പറഞ്ഞയാൾ തുടകളും തടവി എന്നെ നോക്കി ചിരിക്കുന്നുണ്ടായിരുന്നു. മനസ്സ് മരവിച്ചത് കൊണ്ടാകും ഇപ്പോൾ അയാളുടെ ഇമ്മാതിരി കോപ്രായങ്ങൾക്ക് പ്രതികരിക്കാൻ പോലും എനിക്ക് കഴിയാതെ പോകുന്നതെന്ന് തോന്നി…
ഒരുതവണ എന്റെയടുക്കൽ വന്നവരാരും പിന്നേ എന്നേ തേടി വന്നിട്ടില്ല അങ്ങനെ വരണമെങ്കിൽ അത് അയാൾ തന്നെയാകും, ഇങ്ങനെ വെറുതെ വന്നു പൈസ കളയാൻ അയാൾക്ക് ഭ്രാന്താണോ…. ഒന്ന് ചിന്തിച്ചാൽ ഭ്രാന്തില്ലാത്ത മനുഷ്യരുണ്ടൊ, ഓരോരുത്തർക്കും പല പല ഭ്രാന്തല്ലേ, അപ്പോഴാണ് തലയും ചൊറിഞ്ഞ് എന്തോ പിറുപിറുത്തുകൊണ്ടൊരു യാചകസ്ത്രീ എന്നെയും കടന്ന് പോയത്, അവരെ പോലെ ആരെയും പേടിക്കാതെ ആ തെരുവിൽ നിന്ന് ഉച്ചത്തിൽ നിലവിളിക്കാനെനിക്ക് തോന്നിയെങ്കിലും ചുറ്റും കണ്ണോടിച്ച് തല കുമ്പിട്ട് നടന്നു ….
പിറ്റേന്ന് എനിക്കുംമുൻപേ അയാൾ ലോഡ്ജിന്റെ മുൻപിൽ എത്തിയിരുന്നു…
” ഞാനിതിലൊന്നും വരുന്നില്ല ഒരു ഓട്ടോറിക്ഷയെങ്കിലും വിളിക്ക്…. ”
ബൈക്കിലിരുന്ന് എനിക്ക് നേരെ നീട്ടിയ ഹെൽമെറ്റിലേക്കും അയാളുടെ മുഖത്തേക്കും മാറി മാറി നോക്കി ഞാൻ പറഞ്ഞെങ്കിലും, ഒന്നും മിണ്ടാതെ ഹെൽമെറ്റും നീട്ടി പിടിച്ചയാൾ ആ ഇരിപ്പിരുന്നു. ഏറെനേരം കഴിഞ്ഞാണ് ദേഷ്യത്തോടെ അയാളുടെ കയ്യിൽ നിന്ന് ഹെൽമെറ്റ് വാങ്ങി ബൈക്കിന്റെ പുറകിൽ കയറിയിരുന്നത്….
ഒന്നും മിണ്ടാതെ അയാൾ വണ്ടി ഒടിച്ചും ഞാൻ കാഴ്ചകൾ കണ്ടുമിരുന്നു, ഓർമ്മകൾ എന്നെ പിന്നെയും അലക്സിയുടെ അരികിൽ ചെന്നെത്തിച്ചു, എത്ര സുന്ദരമായ ദിനങ്ങളായിരുന്നു അതൊക്കെ, എത്രയോ ദിനം ഇതുപോലെ അലക്സിയുടെ പുറകിലിരുന്ന് മുടിയും പാറി പറപ്പിച്ചു യാത്ര ചെയ്തിട്ടുണ്ട്, എനിക്കെന്തോ അപ്പോൾ അയാളോട് ചേർന്നിരിക്കാൻ തോന്നിയെങ്കിലും മനസ്സിനെ നിയന്ത്രിച്ചുകൊണ്ട് ഓർമ്മകളെ ഞാൻ തിരികെ കൂട്ടിലടച്ചു….
വിജനമായ ഇടവഴി കഴിഞ്ഞ് ഓടുമേഞ്ഞ പഴയൊരു വീടിന്റെ മുന്നിൽ അയാൾ ബൈക്ക് നിർത്തി, ഞാനിറങ്ങി ചുറ്റും കണ്ണോടിക്കുമ്പോഴേക്കും അയാൾ ഉമ്മറത്തു കയറി…
” കയറിവാ….. ”
അന്നാദ്യമായിയാണ് അയാളുടെ ശബ്ദം ഞാൻ കേൾക്കുന്നത്, മടിച്ചു മടിച്ചായാലും ഞാൻ ഉമ്മറത്തേക്ക് കയറി. അപ്പോഴേക്കും അയാളെന്റെ കയ്യും പിടിച്ചു വലിച്ചുകൊണ്ട് ഉള്ളിലേക്ക് നടന്നു, അരണ്ട വെളിച്ചമുള്ള മുറിയുടെ കോണിലിട്ടിരിക്കുന്ന കട്ടിലിലൊരു മനുഷ്യരൂപം ഭിത്തിയിൽ ചേർന്ന് കിടപ്പുണ്ട്…
” അമ്മാ….. ”
അയാൾ വിളിച്ചപ്പോൾ നേർത്ത ശബ്ദത്തോടെ ആ രൂപമൊന്ന് അനങ്ങി…
” നോക്കമ്മേ ഞാൻ അവളെ കൊണ്ട് വന്നിട്ടുണ്ട്…. ”
അയാളത് പറഞ്ഞ് അവരെ പിടിച്ചെഴുന്നേൽക്കാൻ ശ്രമിക്കുമ്പോൾ, എന്താണ് സംഭവിക്കുന്നതെന്നറിയാതെ ഞാൻ കട്ടിലിൽ ചേർന്ന് നിന്നു….
” അമ്മ സങ്കടപ്പെടാറുള്ളത് പോലെ ഞാൻ ഇനി തനിച്ചാകില്ലമ്മാ കണ്ടോ ഇവളുണ്ട്…. ”
അയാൾ അവരെ പിടിച്ചു കട്ടിലിൽ ഇരുത്തുമ്പോഴാണ് ശോഷിച്ച് എല്ലുംതോലുമായ ആ സ്ത്രീയേ കാണുന്നത്, അവർ വിറയലോടെ കൈ എനിക്ക് നേരെ ഉയർത്തുമ്പോൾ ആ മെലിഞ്ഞ വിരലിൽ ഞാൻ പതിയെ പിടിച്ചു കൊണ്ട് അവർക്കരികിൽ ഇരുന്നു…
അവരെന്തൊക്കെയോ പറയാൻ ശ്രമിക്കുന്നുണ്ടെങ്കിലും ശബ്ദം പുറത്തേക്ക് വരുന്നുണ്ടായിരുന്നില്ല, അൽപ്പനേരം കഴിഞ്ഞ് അവരെന്റെ കയ്യിൽ മുറുക്കെ പിടിച്ചുകൊണ്ടു കരയാൻ തുടങ്ങി….
” ഈ ഗുളിക കഴിക്കമ്മ വേദന മാറും…. ”
കയ്യെത്തി മേശപ്പുറത്തിരുന്ന ഗുളികയൊരെണ്ണം എടുത്ത് അവരുടെ വായിലേക്ക് വച്ചുകൊണ്ട് വെള്ളവും അയാൾ ഒഴിച്ച് കൊടുത്തു, ഒരു കവിൾ വെള്ളം ഇറക്കികൊണ്ട് അവർ കട്ടിലിലേക്ക് കിടന്നു, അപ്പോഴും അവരുടെ കരച്ചിൽ കേൾക്കുന്നുണ്ട്, ആ കാഴ്ച്ച കാണാൻ കഴിയാതെ പുറത്തേക്ക് ഇറങ്ങുമ്പോൾ നാളുകൾക്ക് ശേഷം എന്റെ കണ്ണിൽ നിന്നും കണ്ണുനീർ ഒലിച്ചിറങ്ങിയിരുന്നു….
” പോകാം… ”
അത് പറഞ്ഞയാൾ മുറ്റത്തേക്ക് ഇറങ്ങി പോക്കറ്റിൽ നിന്ന് നോട്ടുകൾ എടുത്ത് എനിക്ക് നേരെ നീട്ടി…
” എനിക്കിത് വേണ്ട…. ”
ഞാൻ നിരസിച്ചപ്പോൾ ഒന്നുരണ്ടു തവണ കൂടി അയാൾ പിന്നേം നിർബന്ധിച്ചിട്ടും ഞാനത് വാങ്ങാൻ കൂട്ടാക്കിയില്ല….
” കുറേനാൾ കൊണ്ടമ്മ ഈ കിടപ്പാണ്, ഞാൻ ഒറ്റയ്ക്ക് ആയിപ്പോകുമെന്ന ഒറ്റ സങ്കടം മാത്രേ അവർക്കുള്ളൂ, മരിക്കും മുന്നേ ആ പാവത്തിനൊരാശ്വാസം കിട്ടാൻ വേണ്ടിയാ ഞാൻ…… ”
തിരികെ വണ്ടി ഓടിക്കുമ്പോഴാണ് അയാൾ പറഞ്ഞത്, മറുപടിയൊരു മൂളലിൽ ഒതുക്കി ഞാനും ഇരുന്നു…
അന്നുരാത്രി ചിന്തകിളിലേക്ക് ആ മനുഷ്യൻ കയറിവന്നു, ആ അമ്മ അനുഭവിക്കുന്ന വേദനയുടെ ഇരട്ടി ആ മനുഷ്യനും അനുഭവിച്ചു കാണില്ലേ, കണ്മുന്നിൽ നമ്മുടെ പ്രീയപ്പെട്ടവർ വേദന കൊണ്ട് നിലവിളിക്കുന്നത് നിസ്സാഹയതയോടെ നോക്കി നിൽക്കേണ്ടി വരുന്നതിലും വല്യ വേദന മറ്റൊന്നില്ലല്ലോ. ചോരയിൽ കുളിച്ച് വേദനകൊണ്ട് പുളയുന്ന അലക്സിയുടെ മുഖം തെളിഞ്ഞു വന്നപ്പോൾ മോളെയും ചേർത്ത് പിടിച്ച് കണ്ണടച്ച് കിടന്നു….
ഗവണ്മെന്റ് ആശുപത്രിയിൽ മോളെ കാണിച്ച് ഇറങ്ങാൻ നേരമാണ് ആ മനുഷ്യനെ കാണുന്നത്, വെള്ളപ്പുതച്ച സ്ട്രക്ചറും തള്ളി പോകുന്നയാൾ ഇടയ്ക്ക് ഇടയ്ക്ക് മുണ്ടിന്റെ തുമ്പുകൊണ്ട് കണ്ണ് തുടയ്ക്കുന്നുണ്ട്, ഒരാൾ കൂടി ഈ ലോകത്ത് തനിച്ചായിരിക്കുന്നു, അതോർത്ത് ദീർഘനിശ്വാസത്തോടെ പുറത്തേക്ക് നടന്നു…..
ആരോ അഗതമായ ഗർത്തത്തിലേക്ക് വീഴുന്നതും സ്വപ്നം കണ്ടാണ് ഒരു രാത്രി ഞെട്ടിയുണർന്നത്, ഓരോ മുഖങ്ങളും ഓർത്തു നോക്കി ഇല്ല തനിക്ക് പ്രീയപ്പെട്ടവരായി ആരുമില്ല, അപ്പോഴാണ് കരഞ്ഞുകൊണ്ട് പോകുന്ന ആ മനുഷ്യനെ ഓർമ്മ വന്നത്, പിന്നെ നേരം വെളുക്കാനുള്ള കാത്തിരിപ്പായിരുന്നു, വെളിച്ചം വീണ് തുടങ്ങുമ്പോൾ അയാളുടെ വീട്ടിലേക്ക് പോകാനാണ് ഇറങ്ങിയത്…
ഓട്ടോ പിടിച്ച് ആ വീട്ടിൽ ചെന്ന് ഇറങ്ങുമ്പോൾ മുറ്റം നിറയെ കരിയില നിറഞ്ഞ വീടിന്റെ ഉമ്മറ വാതിൽ തുറന്നു കിടപ്പുണ്ട്, എന്നെകണ്ടുകൊണ്ട് വാലാട്ടി ഇറങ്ങിപ്പോയ പട്ടികളേയും കടന്ന് ഞാൻ ഉമ്മറത്തേക്ക് കയറി, ഒന്ന് രണ്ട് തവണ വിളിച്ചിട്ടും അനക്കമില്ലാത്തത് കൊണ്ടാണ് ഉള്ളിലേക്ക് കയറി ചെന്നത്, ഇരുട്ട് നിറഞ്ഞ മുറിയിൽ വെളിച്ചം തെളിയിക്കുമ്പോൾ കട്ടിലിന്റെ ഓരം ചേർന്നയാൾ കിടപ്പുണ്ട്…
എന്ത് വിളിക്കണം എന്നറിയാതെ വാതിലിൽ കുറെ മുട്ടുമ്പോൾ അയാൾ എഴുന്നേറ്റെന്നെ നോക്കി തലകുമ്പിട്ട് കട്ടിലിൽ ഇരുന്നു, ഒരു പരിചയവും ഇല്ലാത്ത മനുഷ്യനെ എന്തുപറഞ്ഞ്, എങ്ങനെ സമാധാനിപ്പിക്കണമെന്ന് അറിയാതെ അയാൾക്കരികിലേക്ക് നിന്നുകൊണ്ട്, ഇവിടേക്ക് വരാൻ തിന്നിപ്പിച്ച നിമിഷത്തെ ശപിക്കുമ്പോഴാണ് അയാളെന്നെ ചുറ്റിപ്പിടിച്ചു വയറിൽ മുഖം ചേർത്ത് പൊട്ടി കരഞ്ഞത്…
കരഞ്ഞ് ആശ്വാസം കിട്ടുന്നത് വരെ അയാളുടെ തലയിൽ മെല്ലെ തടവി നിൽക്കാനേ എനിക്ക് കഴിഞ്ഞുള്ളു, ഒരു നിമിഷം കരച്ചിൽ നിർത്തി അയാൾ എന്നിൽ നിന്ന് മാറിയിരുന്നു, അപ്പോഴും പരസ്പ്പരം ഒന്നും സംസാരിക്കാനില്ലാതെ നമുക്കിടയിൽ നിശബ്ദത വീർപ്പുമുട്ടി കിടന്നു…
” നിങ്ങൾ ഓക്കേയല്ലേ…. ”
നീണ്ടുനിന്ന മൗനത്തിനു വിരാമമിട്ടുകൊണ്ട് ഞാൻ ചോദിച്ചു… അയാൾ തല കുലുക്കി കുമ്പിട്ടിരുന്നു…
” ഞാനെന്നാൽ പൊയ്ക്കോട്ടേ… ”
മുഖത്തേക്ക് നോക്കാതെ അയാളൊന്ന് മൂളി, പോകാൻ ഇറങ്ങുമ്പോൾ പിന്നെയും ആരോ പിടിച്ചു വലിക്കുന്നത് പോലെ, പോകാൻ മനസ്സ് അനുവദിക്കുന്നില്ല, എന്താണ് തനിക്ക് സംഭവിക്കുന്നത്, തന്റെ ആരുമല്ലാത്ത, തനിക്ക് യാതൊരു പരിചയവും ഇല്ലാതെ ഒരു മനുഷ്യനുവേണ്ടി താൻ എന്തിനാണ് ഇത്രേം സങ്കടപ്പെടുന്നതെന്ന് എത്ര ആലോചിച്ചിട്ടും പിടി കിട്ടുന്നില്ല….
” നിങ്ങൾ എന്തേലും കഴിച്ചിരുന്നോ…”
പോകാനിറങ്ങി ഞാൻ പിന്നെയും അയാൾക്ക് അരികിൽ ചെന്നു. അയാൾ ഒന്നും മിണ്ടാതെ ഇരുന്നപ്പോഴാണ് അടുക്കളയിലേക്ക് ചെന്നത്, ഒഴിഞ്ഞു കിടക്കുന്ന കുറെ പാത്രങ്ങളല്ലാതെ മറ്റൊന്നും അവിടെ അവശേഷിപ്പില്ല, കയ്യിലെ പേഴ്സ് തുറന്ന് നോക്കുമ്പോൾ കഷ്ടിച്ച് തിരികെ പോകാനുള്ള പൈസ മാത്രമേയുള്ളു, പിന്നെയൊന്നും ആലോചിക്കാതെ ലോഡ്ജിലേക്ക് തിരിച്ചു…
” ആ ഇന്ന് ആരുമില്ലേടി….. ”
എന്നെ കണ്ടതും മാത്തച്ഛൻ വഷളൻ ചിരി ചിരിച്ചു…
” എനിക്കൊരു ആയിരം രൂപ വേണം… ”
അയാൾക്ക് മുന്നിലേക്ക് ചെന്ന് നിന്നാണ് ചോദിച്ചത് …..
” ആയിരമോ രണ്ടായിരുമോ തരാം നീ ഉള്ളിലേക്ക് കയറി വാ…. ”
ചുണ്ടും കടിച്ചു തുടയും തടവി പോകുന്നു അയൾക്ക് പുറകെ ഞാനും ചെന്നു, മുണ്ട് പൊക്കി നിക്കറിന്റെ പോക്കറ്റിൽ നിന്ന് കുറച്ചു നോട്ടുകളെടുത്തയാൾ മേശപ്പുറത് വച്ച്….
” ഇതു മൊത്തം നിനക്ക് തരാം പക്ഷേ…… ”
തോളിൽ പിടിച്ചയാളുടെ അരികിലേക്ക് അടുപ്പിച്ചു പറയുമ്പോൾ , പുഞ്ചിരിച്ചു കൊണ്ട് അയാൾക്ക് അരികിലേക്ക് ഞാൻ ചേർന്ന് നിന്നതും ആ കണ്ണുകളിൽ കാമം കത്തി ജ്വലിക്കുന്നത് ഞാൻ കണ്ടു…..
അയാളുടെ കൈ എന്നെ ചുറ്റിപ്പിടിക്കാൻ തുടങ്ങുമ്പോഴേക്കും അയാളുടെ കാലിന്റെ ഇടയിലേക്ക് എന്റെ മുട്ടുകാൽ ശക്തമായി ഇടിച്ചു കയറിയിരുന്നു, അതുവരെ അയാളോട് കൊണ്ട് നടന്നിരുന്ന ദേഷ്യവും പകയുമെല്ലാം ഒന്നൊന്നായി മുട്ടുകാൽ കൊണ്ട് തീർക്കുമ്പോൾ അതുവരെ ഇല്ലാത്തൊരു ശക്തി എനിക്കെവിടെ നിന്നോ കിട്ടി, അടിവയറ്റിൽ കൈയമർത്തി നിലവിളിച്ചുകൊണ്ടയാൾ നിലത്തേക്ക് വീഴുന്നതെവരെ ഞാൻ ഇടിച്ചു കൊണ്ടിരുന്നു ….
അവിടെനിന്നിറങ്ങി ആ മനുഷ്യന്റെ അരികിലേക്ക് നടക്കുമ്പോൾ മേശപ്പുറത്ത് കിടന്നിരുന്ന നോട്ടുകളിൽ നിന്ന് രണ്ടഞ്ഞൂറിന്റെ നോട്ടുകൾ കയ്യിൽ മുറുക്കെ പിടിച്ചിരുന്നു….
✍️ശ്യാം….
