എന്താ ഉണ്ണി നിങ്ങൾ തമ്മിലുള്ള പിണക്കം ഇതുവരെ കഴിഞ്ഞില്ലേ കൊല്ലം കുറെ ആയല്ലോ ഇത്… ” ഇക്ക ഗ്ലാസുകൾ ഓരോന്ന് കഴുകി കമഴ്ത്തി….

മൊയ്‌ദീനിക്കയുടെ ചായ കടയ്ക്ക് മുന്നിൽ നിൽക്കുമ്പോഴാണ് ബസ്സിറങ്ങി ദേവിക വരുന്നത് കണ്ടത്. ആ വരവ് ചായ കടയ്ക്ക് നേരെയാണെന്ന് കണ്ടപ്പോൾ കുടിച്ചുകൊണ്ടിരുന്ന ചായയും കൊണ്ട് കടയ്ക്കുള്ളിലെ സ്റ്റൂളിലേക്കിരുന്നു….

” ഇക്കാ മൂന്ന് പരിപ്പുവട പൊതിഞ്ഞു തന്നെ… ”

അത് പറയുന്നവളെ ഇടങ്കണ്ണിട്ട് നോക്കുമ്പോൾ അവളുടെ നോട്ടം എന്നിലായിരുന്നു…

” ഉണ്ണി മൂന്ന് വട പൊതിഞ്ഞു കൊടുത്തേടാ… ”

ചായ ഗ്ലാസ്സിലേക്ക് തേയില ഇറ്റിച്ചു കൊണ്ട് ഇക്ക പറയുമ്പോൾ ഞാൻ അയാളെ നോക്കി….

” ഇവന്മാർക്ക് സമയത്തിന് കൊടുത്തില്ലേൽ നാളെ വേറെ കടയിൽ പോകും, കളക്ടർമാരെക്കൾ പവറാ…. ”

കടയ്ക്കുള്ളിൽ ഇരിക്കുന്ന ഹിന്ദിക്കാർക്ക് മുന്നിലേക്ക് ചായ ഓരോന്ന് കൊടുത്തു കൊണ്ട് ഇക്ക പറഞ്ഞു, കയ്യിൽ അഞ്ചിന്റെ പൈസ ഇല്ലേലും ധൈര്യപൂർവ്വം കയറി വരാനും എന്തും കഴിക്കാനുള്ള സ്വാതന്ത്ര്യം കളയാണ്ടെന്നു കരുതിയാണ്, ഞാൻ എഴുന്നേറ്റ് പരിപ്പുവട പൊതിഞ്ഞു ദേവികയ്ക്ക് നേരെ നീട്ടിയത്….

” ദേ ഇക്കാ പൈസ വാങ്ങിക്കോ… ”

അവൾ എനിക്ക് നേരെ നീട്ടിയ പൈസ വാങ്ങാതെയാണ് ഇക്കയോട് പറഞ്ഞത്….

” അത് വാങ്ങിയിട്ട് ബാക്കി പൈസ കൊടുക്ക് ഉണ്ണ്യേ…. ”

ഇക്ക അപ്പോഴും ഹിന്ദിക്കാർക്ക് ഇടയിൽ ഓരോ പലഹാരം കൊടുക്കുന്ന തിരക്കിലായിരുന്നു….

” എന്താ ടീച്ചറെ പതിവില്ലാതെ ഇന്ന് പലഹാരമൊക്കെ വാങ്ങുന്നത്… ”

പണ പെട്ടിയിൽ നിന്ന് ഞാൻ ബാക്കി കൊടുക്കാനുള്ള പൈസ തിരയുമ്പോഴാണ് ഇക്കയുടെ ചോദ്യം…

” ഒരു പണിയും ഇല്ലാതെ വെറുതെ ഇരിക്കുമ്പോൾ തിന്നാൻ പറ്റിയ സാധനം പരിപ്പുവടയാണെന്ന് ഞാനൊരു മാസികയിൽ വായിച്ചു അതാ…. ”

എന്റെ കയ്യിൽ നിന്ന് ബാക്കി പൈസ വാങ്ങി ഇക്കയുടെ മുഖത്ത് നോക്കി ചിരിച്ചുകൊണ്ടവൾ പറഞ്ഞു…

” അപ്പൊ നാളെ മുതൽ പരിപ്പ് വടയുടെ എണ്ണം കൂട്ടേണ്ടി വരും അല്ലേ ഉണ്ണി…. ”

” കൂട്ടിക്കോ ഇക്കാ ഇന്നാട്ടിൽ പണിയില്ലാത്തവർ കുറെ ഉണ്ടല്ലോ…. ”

ഞാനെന്തേലും പറയും മുന്നേ അതും പറഞ്ഞവൾ തിരിഞ്ഞു നടക്കുമ്പോൾ ഞാൻ ഇക്കയുടെ മുഖത്തേക്ക് നോക്കി…

” കണ്ടോ കണ്ടോ അവളത് എന്നെ ഉദ്ദേശിച്ച് പറഞ്ഞതല്ലേ…. ”

ബാക്കിയുണ്ടായിരുന്ന ചായ ഒറ്റ വലിക്ക് കുടിച്ച് ഗ്ലാസ്സ് മേശപ്പുറത്തേക്ക് വച്ചുകൊണ്ട് അവളും പോകുന്നത് നോക്കി ഞാൻ ഇക്കയോട് പറഞ്ഞു…

” എന്താ ഉണ്ണി നിങ്ങൾ തമ്മിലുള്ള പിണക്കം ഇതുവരെ കഴിഞ്ഞില്ലേ കൊല്ലം കുറെ ആയല്ലോ ഇത്… ”

ഇക്ക ഗ്ലാസുകൾ ഓരോന്ന് കഴുകി കമഴ്ത്തി കൊണ്ടെന്നെ നോക്കി…

” അന്ന് നീയെത്രാം ക്ലാസ്സിലായിരുന്നു… ”

അത് ചോദിക്കുമ്പോൾ ഇക്കയുടെ മുഖത്തൊരു ചിരി വിരിയുന്നത് ഞാൻ കണ്ടു…

” എട്ടിലോ… ഒൻപതിലോ…. ”

ഞാൻ മിണ്ടാതെ നിന്നപ്പോൾ ഇക്ക വീണ്ടും ചോദിച്ചു….

” പത്തില്…. ”

അല്പം കടുപ്പിച്ചാണ് ഞാൻ പറഞ്ഞത്…

” ആ പ്രായത്തിലൊക്കെ കത്ത് എഴുതി കൊടുത്താൽ പിള്ളേർ പേടിക്കില്ലേടെ, അവളാണേൽ ഒരു പാവം കൊച്ചും…. ”

” പിന്നേ പാവം കൊച്ച് അതാണല്ലോ അവളന്ന് സ്കൂളിലും, വീട്ടിലും, നാട്ടിലും മൊത്തം പട്ടാക്കി, അവസരം കിട്ടുമ്പോഴേക്കെ എന്നെ ഇപ്പോഴും നാണം കെടുത്തിക്കുന്നതും….”

” അതിനവളൊന്നും പറഞ്ഞില്ലല്ലോ നീ വെറുതെ മനസ്സിലിപ്പോഴും ഓരോന്ന് ആലോചിച്ചു നടന്നിട്ടാണ്… ”

കടയിൽ വന്നവർക്ക് ചായ ഒഴിച്ച് കൊടുത്തു കൊണ്ടാണിക്ക പറഞ്ഞത്…

” ആര് പറഞ്ഞു അവൾ മനസ്സിൽ നിന്ന് കളഞ്ഞില്ലന്ന്, അവൾക്ക് വന്ന ആ സൈക്കോ ചെക്കൻ ഇല്ലേ, അവനാള് ശരിയല്ലന്നും പറഞ്ഞ് അവളുടെ അടുത്ത് ചെന്ന് പറഞ്ഞപ്പോൾ അവളെന്താ എന്നോട് പറഞ്ഞതെന്ന് അറിയോ, അവൾക്ക് അന്ന് കൊടുത്ത പ്രണയലേഖനം നാട്ടിൽ അറിഞ്ഞതുകൊണ്ട് ഞാൻ മനപ്പൂർവം കല്യാണം മുടക്കുകയാണെന്ന്…. എന്നിട്ട് അവസാനമെന്തായി…. ”

ഞാനത് പറയുമ്പോൾ ഇക്ക ഒരു നിമിഷം എന്തോ ആലോചിച്ചത് പോലെ മിണ്ടാതെ നിന്നു….

” പാവം ആ കൊച്ചിന്റെ വിധി… ഒരു ജോലിയുള്ളത് കൊണ്ട് അതിനാരേം ബുദ്ധിമുട്ടിക്കാതെ ജീവിക്കാൻ പറ്റുന്നു അത് തന്നെ ഭാഗ്യം…”

ദീർഘനിശ്വാസത്തോടെ ഇക്ക പറയുമ്പോൾ ഞാൻ കടയിൽ നിന്നിറങ്ങി….

” എടാ ഉണ്ണ്യേ വേറെ പണിയില്ലെങ്കിൽ നിനക്കും രണ്ട് പരിപ്പുവട എടുക്കട്ടെ… ”

അത് പറഞ്ഞ് വായ് പൊത്തി ചിരി അടക്കുന്ന ഇക്കയെ നോക്കി ഒന്നും മിണ്ടാതെ സൈക്കിളും ചവിട്ടി വീട്ടിലേക്ക് തിരിച്ചു…

മെയിൻ റോഡ് കഴിഞ്ഞുള്ള കയറ്റമെത്തുമ്പോൾ ദേവിക നടന്നു പോകുന്നത് കണ്ട് സൈക്കിൾ നിർത്തി ഇറങ്ങി, കയറ്റം ചവിട്ടി കയറാൻ പറ്റാതെ വന്നാൽ അവൾക്ക് മുന്നിൽ പിന്നെയും നാണം കെടും, ഇനിയിപ്പോ തിരിച്ചുപോയിട്ട് കുറച്ചു കഴിഞ്ഞ് വീട്ടിലേക്ക് പോകമെന്നുള്ള ചിന്തയിൽ നിൽക്കുമ്പോഴാണ് അവൾ തിരിഞ്ഞ് നോക്കുന്നതും എന്നെ കാണുന്നതും. ഇനി തിരിച്ചു പോകുന്നത് അതിലും വല്യ നാണക്കേട് ആയതുകൊണ്ട് സൈക്കിളും തള്ളി വീട്ടിലേക്ക് നടന്നു….

” ചവിട്ടി കയറ്റാനുള്ള പിക്കപ്പൊന്നും ഇല്ലേ, പണ്ടുചിലർ പെൺകുട്ടികളെ കാണിക്കാൻ മത്സരിച്ച് ഈ കയറ്റമൊക്കെ ചവിട്ടി കയറ്റുമായിരുന്നു….”

അവളുടെ പുറകെ സൈക്കിളും തള്ളി വരുന്ന ഞാൻ കേൾക്കാനാണവൾ പറയുന്നത്, പണ്ട് ഇവളുടെ മുന്നിൽ ആളാവൻ സൈക്കിളും കൊണ്ട് എന്തോരം അഭ്യാസം കാണിച്ചിരുന്നു, ഒന്നും മറന്നിട്ടില്ലെന്ന് മാത്രമല്ല അതൊക്കെ പെണ്ണുങ്ങൾക്ക് മുന്നിൽ ആളാവാൻ വേണ്ടിയുള്ള കലാപരിപാടികൾ ആണെന്നുവരെ മനസ്സിലാക്കിയിരിക്കുന്നു. അതുകൊണ്ടുതന്നെ അവൾ പറഞ്ഞത് കേൾക്കാത്ത ഭാവത്തിൽ ബൈക്കെടുക്കാതെ സൈക്കിളും കൊണ്ടിറങ്ങിയ നിമിഷത്തെ ശപിച്ചു കൊണ്ട് സൈക്കിളും തള്ളി നടന്നു….

” തളർന്നെങ്കിൽ രണ്ട് പരിപ്പുവട തരാം… ”

കയറ്റം കയറി തീരുമ്പോൾ അവൾ വീണ്ടും പറഞ്ഞെങ്കിലും അവളുടെ മുഖത്ത് നോക്കാതെയാണ് വേഗത്തിൽ സൈക്കിളും ചവിട്ടി വീട്ടിലേക്ക് പോയത്…

വീട്ടിൽ ചെല്ലുമ്പോൾ അമ്മ ചെടികൾക്കിടയിൽ ഓരോന്ന് ചെയ്യുകയാണ്, ഇവരുടെ ചെടി സ്നേഹം കണ്ടാൽ ചെടികൾ അവരുടെ മക്കളും എന്നെ ചന്തയിൽ നിന്ന് തൂക്കി വാങ്ങിയതും ആണെന്ന് എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്…

” എന്താടാ സൈക്കിളും ചവിട്ടി വന്നപ്പോൾ ക്ഷീണിച്ചോ, പിക്കപ്പൊന്നും ഇല്ലേ… ”

വന്നയുടനെ ഉമ്മറത്തിണ്ണയിൽ ശ്വാസവും വലിച്ചിരിക്കുന്ന എന്നെ നോക്കിയമ്മ ചോദിച്ചു…

” എന്തോന്നമ്മാ, പിക്കപ്പൊ… ”

” ആ നിങ്ങളൊക്കെ പറയാറുണ്ടല്ലോ, ഞാൻ പറയുന്നതിന് എന്ത കുഴപ്പം…. ”

ചെടികൾക്കിടയിൽ നടുവിന് കയ്യും താങ്ങി അതും ചോദിച്ചാമ്മ നിവർന്നു നിന്നപ്പോൾ ഒന്നുമില്ലേന്ന് തൊഴുതുകൊണ്ട് ഞാൻ മിണ്ടാതെയിരുന്നു…

” ആന്റി എനിക്ക് ആ ഓർക്കിടിന്റെ തൈ തന്നില്ല കേട്ടോ… ”

ചോദ്യം കേട്ട ഭാഗത്തേക്ക്‌ നോക്കിയപ്പോൾ വഴിവക്കിൽ അതും ചോദിച്ചു നിൽക്കുന്നു ദേവിക. ഈ പെണ്ണ് എന്താ പതിവില്ലാതെ ഈ വഴിയിൽ, വീടിന്റെ ഉള്ളിലേക്ക് കയറി പോയാലോയെന്ന് ഒരു നിമിഷം ആലോചിച്ചെങ്കിലും, ഇപ്പോൾ പോകുന്നത് മാനപ്രശ്നം ആണെന്നുള്ളത് കൊണ്ട് അവിടെ തന്നെയിരുന്നു….

” ആ മോളെ അതിന്റെ തൈ ആയില്ല, ആകുമ്പോൾ ആദ്യം നിനക്ക് തന്നെ തരും… ”

അല്ലെങ്കിലും എന്നോടൊഴിച്ച് വേറെ ആരോട് സംസാരിച്ചാലും അമ്മയ്ക്ക് വല്ലാത്ത സ്നേഹമാണ്…

അവരുടെ കുശലാന്നേക്ഷണം കഴിഞ്ഞ് ദേവിക പോകുന്നത് വരെ ഞാൻ ആ ഭാഗത്തേക്ക്‌ നോക്കിയില്ല…

” അവൾക്ക് അപ്പുറം വഴി പോകല്ലോ പിന്നെ അവൾ എന്തിനാ ഈ വഴി തന്നെ പോയത്…. ”

ദേവിക പോയി കഴിഞ്ഞാണ് ഞാൻ അമ്മയോട് പറഞ്ഞത്…

” അവൾക്കെന്താ ഈ വഴി പോയാൽ, നിന്നേ വല്ലോം ചെയ്തോ അവൾ… ”

അമ്മയുടെ ഉള്ളിലെ നാഗവല്ലി ഉണരുന്നത് കണ്ട് മിണ്ടാതെയിരുന്നു, അല്ലേൽ പ്രണയലേഖനം കൊടുത്ത കഥ ഇപ്പോൾ പിന്നേം വിസ്തരിക്കും, അതിലും നല്ലത് മിണ്ടാതെ ഇരിക്കുന്നത് ആണെന്ന് ഞാൻ മനസ്സിൽ കരുതി…

” ഡേയ് ഉണ്ണി അണ്ണാ ഒരു വർക്ക് കിട്ടിയിട്ടുണ്ട് നോക്കാൻ പോയാലോ… ”

കൂടെ ജോലി ചെയ്യുന്ന മനു അതും പറഞ്ഞാണ് കയറി വന്നത്.

” ആ ടീച്ചറില്ലേ അവരുടെ വീട് മൊത്തം പെയിന്റ് അടിക്കണം, ഒന്ന് രണ്ട് ആഴ്ച നമുക്ക് അവിടെ തള്ളി നീക്കം… ”

അവന്റെ സന്തോഷം കണ്ടപ്പോൾ ഒരു ചവിട്ട് കൊടുക്കാനാണ് എനിക്ക് തോന്നിയതെങ്കിലും അതടക്കി വച്ചു…

” അവളുടെ വീട്ടിലോ നമ്മൾക്ക് ആ വർക്ക് വേണ്ട വേറെ നോക്ക് വേറെ നോക്ക്… ”

ദേവിക അല്ലാതെ ആ നാട്ടിൽ വേറെ ടീച്ചർ ഇല്ലാത്തത് കൊണ്ട് മനു ടീച്ചറിന്റെ വീടെന്ന് പറഞ്ഞപ്പോഴേ ഞാൻ എതിർത്തു….

” ന്റെ പോന്നണ്ണ അവർ അവിടെ നോക്കി നിൽക്കുകയാ നിങ്ങൾ വന്നു ലിസ്റ്റ് കൊടുത്തേ… ”

മനു എന്റെ കൈ പിടിച്ച് വലിച്ചത് തട്ടി മാറ്റി ഞാനിരുന്നു…

” എടാ, മനു ഇവന് പണ്ട് മുതലേ ടീച്ചർമ്മാരെ കാണുമ്പോൾ കയ്യും കാലും വിറയലാണ്, അപ്പൊ പിന്നേ പെയിന്റ് അടിക്കാൻ പറ്റൂല അതാ…. ”

ചെടികൾക്കിടയിൽ നിന്നുള്ള അമ്മയുടെ ഡയലോഗടി തുടങ്ങി…

” അതിനമ്മേ ആ ടീച്ചർ രാവിലെ പോവില്ലേ അപ്പൊ ഉണ്ണിയണ്ണന് പെയിന്റടിക്കാല്ലോ…”

മനു എന്തോ വല്യ കാര്യം പോലെ പറഞ്ഞപ്പോൾ അമ്മ ചിരിയടക്കി എന്നെ നോക്കി…

” വല്യ ജാഡ കാണിച്ചു ഇരിക്കാതെ അവിടെ പോയി നോക്കി നാളെ മുതൽ പണിക്ക് പോകാൻ നോക്ക് ചെറുക്കാ… അതെങ്ങനാ പഠിക്കാൻ വിടുമ്പോൾ ലൗ ലെറ്ററും എഴുതി നടന്നാൽ ഇങ്ങനാ… ”

അമ്മ ഓരോന്ന് പറഞ്ഞു തുടങ്ങി…

” എന്നാ നാളെ പോകാം, ഇപ്പോൾ ആ പെണ്ണ് വീട്ടിൽ കാണും…”

പോയില്ലെങ്കിൽ അമ്മയുടെ ഉപദേശം ഹിമാലയം കയറുമെന്നത് കൊണ്ടാണ് മനുവിനോട് നാളെ പോകാം ന്ന് പറഞ്ഞത് അവസാനിപ്പിച്ചത്….

” അയ്യോ അത് പറ്റൂലണ്ണാ, ആ ടീച്ചർക്ക് എന്തൊക്കെയോ ഐഡിയ ഉണ്ട് അത് കൊണ്ട് ടീച്ചർ ഉള്ളപ്പോൾ ചെന്നാൽ മതിയെന്ന ടീച്ചറുടെ അച്ഛൻ പറഞ്ഞത്….”

അതുകേട്ട് ഞാൻ പതിയെ അമ്മയുടെ മുഖത്തേക്ക് നോക്കുമ്പോൾ അമ്മ ചിരി അടക്കാൻ പാടുപെടുന്നുണ്ടായിരുന്നു…

” ചെല്ലടാ അടുത്ത ആഴ്ച കുടുംബശ്രീ ലോൺ അടച്ചില്ലേ നിന്നെ വീണ്ടും പെണ്ണുങ്ങൾ നാണം കെടുത്തിക്കും… ”

അവളെന്ത് പറഞ്ഞാലും എനിക്കൊരു കോപ്പുമില്ലെന്ന് മനസ്സിൽ ഉറപ്പിച്ചുകൊണ്ട് മനുവിനേം കൂട്ടി ഇറങ്ങി..

” അല്ലാണ്ണാ ബൈക്ക് എടുക്ക് അതിൽ പോകാം… ”

” അതിനത് പച്ചവെള്ളത്തിൽ ഓടൂല മനു…. ”

അവനോട് ഞാൻ എന്തേലും പറയും മുന്നേ അമ്മയുടെ ഡയലോഗ് വന്നു…

” വണ്ടിയിലെണ്ണ അടിക്കാൻ പൈസ ഇല്ലേലും അണ്ണന്റെ ആറ്റിറ്റ്യുടിന് കുറവില്ലല്ലോ അണ്ണാ… ”

അമ്മ കേൾക്കാതെ മനു പതിയെ പറയുമ്പോൾ ഞാനവന്റെ ചെവിയിലൊരു നുള്ളു കൊടുത്തു കൊണ്ട് നടന്നു…

” ടീച്ചറെ…. ”

ദേവികയുടെ വീട്ടിലെത്തുമ്പോൾ മനു നീട്ടി വിളിച്ചു, ഒരു പണിയുമില്ലാത്തവർ തിന്നുന്ന പരിപ്പുവടയും തിന്ന് കൊണ്ട് ദേവിക പുറത്തേക്ക് വന്നു….

” എന്താ മനു നിങ്ങൾക്കൊക്കെ ഇപ്പോൾ വല്യ ഡിമാൻഡ് ആണല്ലോ… ”

വായിലിരുന്ന പരിപ്പുവട തിന്ന് ഇറക്കികൊണ്ട് ദേവിക ചോദിച്ചു…

” ഇച്ചിരി പണി തിരക്ക് ആയിപ്പോയി ടീച്ചറേ അതാ…. ”

അത് കേട്ടവൾ തലയാട്ടി എന്നെ നോക്കുമ്പോൾ ഞാൻ വീടിനു ചുറ്റും കണ്ണോടിച്ചു നിന്നു….

” ഈ കളർ മാറ്റി വേറെ പെയിന്റ് അടിച്ചാലോ എന്നാണ് ദേവികയ്ക്ക് എന്താ ഉണ്ണിയുടെ അഭിപ്രായം…. ”

ദേവികയുടെ അച്ഛനാണ് അത് ചോദിച്ചു കൊണ്ട് അരികിലേക്ക് വന്നത്…

” മാറ്റണമെങ്കിൽ മാറ്റം…. ഏത് കളർ വേണമെന്ന് സെലക്റ്റ് ചെയ്താൽ മതി..”

അത് പറഞ്ഞാണ് മൊബൈലിൽ നിന്ന് കളർ കാറ്റലോഗെടുക്കുമ്പോൾ ദേവിക പെട്ടെന്ന് മൊബൈൽ കയ്യിൽ നിന്ന് വാങ്ങി നോക്കി…

” ഈ പൊട്ടിയ സ്‌ക്രീനിൽ എങ്ങനെ കളർ കാണാനാണ്… വേണ്ട പഴയ കളർ തന്നെ അടിച്ചാൽ മതി, ഇതിൽ ഓരോന്ന് വ്യക്തമാകാതെ എന്തേലും വാങ്ങി അടിച്ചു പൈസ കളയാൻ എന്റെ കയ്യിലില്ല… ”

അവളത് എന്നോടാണ് പറഞ്ഞതെങ്കിലും നോട്ടം മനുവിന്റെ മുഖത്തായിരുന്നു…

” വാങ്ങാനുള്ള ലിസ്റ്റ് തരാം, എടുത്ത് വച്ചിട്ട് വിളിച്ചാൽ മതി…. ”

ദേവികയുടെ കയ്യിൽ നിന്ന് മൊബൈൽ വാങ്ങികൊണ്ടാണ് പറഞ്ഞത്….

” അത് വേണ്ടച്ഛ, അവർ എടുത്തോണ്ട് വരട്ടെ, അവർക്ക് കമ്മീഷനുണ്ടാകും, ഇനി അത് നമ്മൾ കളഞ്ഞൂന്ന് പറയണ്ട…. ”

അത് പറഞ്ഞുകൊണ്ട് ദേവിക ഉള്ളിലേക്ക് കയറി പോയി…

” എന്നാൽ നാളെ രാവിലെ വരാം… ”

ദേവികയുടെ അച്ഛനോട് അത് പറഞ്ഞു ഇറങ്ങാൻ നേരം ദേവിക പുറത്തേക്ക് വന്നു..

” സാധങ്ങൾ വാങ്ങാനുള്ള പൈസ വേണ്ടേ… പൈസ കൊടുത്തില്ലേ ഇനി അത് വാങ്ങാതെ ദിവസം കളയും… ”

അത് പറഞ്ഞ് അവൾ നീട്ടി പിടിച്ച പൈസ മനുവിനോട് വാങ്ങാൻ ഞാൻ കണ്ണ് കൊണ്ട് ആംഗ്യം കാട്ടി…

” ബില്ലൊക്കെ കൃത്യമായി കൊണ്ട് വരണേ മനു, എനിക്ക് കണക്കൊക്കെ ഉള്ളതാണ്…. ”

വീട്ടിൽ നിന്നിറങ്ങുമ്പോൾ അവൾ മനുവിനോട് വിളിച്ചു പറഞ്ഞു….

” അഹങ്കാരി,…..”

അത് പറയുന്നതിനിടയിൽ മനുവിന്റെ കയ്യിലിരുന്ന പൈസ വാങ്ങി ഞാൻ പോക്കറ്റിൽ ഇട്ടു….

” നിങ്ങക്ക് എന്തൊരു ജാഡ ആയിരുന്നണ്ണാ, ഒന്നുമില്ലേലും അവർ ടീച്ചറല്ലേ, നമ്മൾ അവിടെ പണി ചെയ്യേണ്ടവരല്ലേ, നിങ്ങടെ നിപ്പും ഭാവവും കണ്ടാൽ വല്ല എഞ്ചിനീയർ ആണെന്ന വിചാരം…. ”

മനു ഓരോന്ന് പറയുന്നത് ശ്രദ്ധിക്കാതെ ഞാൻ നടക്കുമ്പോൾ അവൻ പിന്നെയും എന്തൊക്കെയോ പറഞ്ഞു കൊണ്ട് പിന്നാലെ നടന്നു….

” മനു ഉടായിപ്പ് കാണിക്കാതെ പെട്ടെന്ന് തീർത്തു തരണേടാ…. ”

പിറ്റേന്ന് രാവിലേ വീട്ടിലേക്ക് ചെല്ലുമ്പോഴതും പറഞ്ഞാണ് ദേവിക പോയത്. പിന്നേ അവളല്ലേ തീരുമാനിക്കുന്നത് എങ്ങനെ ചെയ്യണമെന്ന് മനസ്സിൽ പിറുപിറുത്ത് കൊണ്ട് തിരിഞ്ഞു നോക്കുമ്പോൾ മനു ഡ്രസ്സ്‌ മാറി പണി തുടങ്ങാൻ തയ്യാറെടുക്കുന്നു, അല്ലേ ഞാൻ കാല് പിടിച്ചു പറഞ്ഞാൽ ചെയ്യാത്ത ആളാണ് ഒരു പെണ്ണിന്റെ വാക്ക് കേട്ടപ്പോൾ അവൻ തനി സ്വഭാവം പുറത്ത് എടുത്ത് തുടങ്ങി…

അന്ന് വൈകുന്നേരം അവർ തന്ന കട്ടൻ ചായയും കുടിച്ചുകൊണ്ടിരിക്കുമ്പോഴാണ് ദേവിക തിരികെ വരുന്നത്..

” ഇതെന്താ തീറ്റിയും കുടിയും മാത്രേ ഉള്ളോ, പണിയൊന്നും നടക്കുന്നില്ലല്ലോ മനു…. ”

അത് പറഞ്ഞവൾ വീട്ടിലേക്ക് കയറുമ്പോൾ കുടിച്ചുകൊണ്ടിരുന്ന ഗ്ലാസ്സ് നിലത്തേക്ക് വച്ച് ഞാൻ എഴുന്നേറ്റു….

” വെള്ളം മാത്രമേ പൈസ കൊടുക്കാതെ കിട്ടുന്നുള്ളു, അതിലിടുന്ന ചായപ്പൊടിയും, പഞ്ചസാരയും പൈസ കൊടുത്താണ് വാങ്ങുന്നത്, വെറുതെ കളയാൻ ഇവിടെ ഒന്നുമില്ല… ”

ഗ്ലാസ്‌ നിലത്തേക്ക് വയ്ക്കുന്നത് കണ്ടാണ് അവളുടെ ശബ്ദം വീണ്ടും ഉയർന്നത്. ആ ദേഷ്യത്തിലാണ് ഗ്ലാസിൽ ഉണ്ടായിരുന്ന ബാക്കി കട്ടൻ ചായ പുറത്തേക്ക് എറിഞ്ഞത്…

” നിനക്ക് എന്താടി എന്നെ കാണുമ്പോൾ ഇത്രേം ചൊറിച്ചിൽ, കുറെ നാളായി തുടങ്ങിയതാണല്ലോ, എവിടെ വച്ച് കണ്ടാലും എത്ര ആൾക്കാരുടെ മുന്നിൽ വച്ചായാലും ഈ നാണം കെടുത്തിക്കൽ… ഞാൻ നിന്നെ എന്ത് ചെയ്തിട്ടാ പണ്ട് പഠിക്കുന്ന കാലത്ത് ഒരിഷ്ടം തോന്നി അതാണ് അങ്ങനെ ഒരു കത്ത് തന്നത്, അതിന് നീ എന്നെ ആ സ്കൂൾ മൊത്തം നാറ്റിച്ചില്ലേ, വീട്ടിലും നാട്ടിലും അറിയിച്ചില്ലേ, അതിന് ടീച്ചറുടെ കയ്യിൽ നിന്നും, അമ്മയുടെ കയ്യിൽനിന്നും അടി കിട്ടിയ പാട് ഇപ്പോഴും തുടയിൽ മായാതെ കിടപ്പുണ്ട്….

ആ പേരും പറഞ്ഞ് എന്നെ ആ സ്കൂളിൽ കളിയാക്കാത്ത ആരേലുമുണ്ടോ, ഇപ്പോൾ അതിനു കുറവുണ്ടോ എവിടെ വച്ച് കണ്ടാലും നീ നല്ലതുപോലെ എനിക്ക് താങ്ങുന്നുണ്ട്, ഇതിനൊന്നും തിരിച്ചു പറയാനോ ചെയ്യാനോ അറിയാഞ്ഞിട്ടല്ല……

അന്നൊരു ഇഷ്ടം ഉണ്ടായിരുന്നു എന്നത് സത്യമാ, സ്കൂളിൽ പിള്ളേരെല്ലാം ആ കത്തും വായിച്ചു നടന്നില്ലേ അന്ന് തീർന്നതാ ആ ഇഷ്ടം, ഇനി എന്തേലും എന്നോട് ചൊറിഞ്ഞോണ്ട് വന്നാൽ….. ”

ദേവികയ്ക്ക് മുന്നിൽ വിരൽ ചൂണ്ടി അത്രേം പറയുമ്പോൾ തല കുമ്പിട്ട് നിൽക്കുന്ന അവളുടെ കണ്ണിൽ നിന്ന് കണ്ണുനീർ കവിളിലൂടെ ഒലിച്ചിറങ്ങുന്നുണ്ടായിരുന്നു….

” എന്ത് നോക്കി നിൽക്കുവാ പോയി പണി എടുക്കടാ… ”

വായും തുറന്നു നിൽക്കുന്ന മനുവിനോട് അതും പറഞ്ഞ് ജോലികൾ തുടർന്നു…

” എങ്കിലും അണ്ണാ നിങ്ങൾ അത്രേം പറയണ്ടായിരുന്നു പാവം കരഞ്ഞു കൊണ്ടാണ് പോയത്…. ”

ജോലി കഴിഞ്ഞ് കയ്യും കാലും കഴുകുമ്പോഴാണ് മനു പറഞ്ഞത്, അവൻ പറഞ്ഞത് ശരിയാണെന്നു എനിക്കും തോന്നി ഇടയ്ക്ക് ഞാനും കണ്ടിരുന്നു കരഞ്ഞു കലങ്ങിയ ആ മുഖം…

” നീ നാളെ നിന്റെ കൂട്ടുകാരെ ആരേലും കൂട്ടി ഇവിടത്തെ പണി വേഗം തീർക്കാൻ നോക്ക്, ഞാൻ ഇനി വന്നാൽ ശരിയാവില്ലടാ…. ”

തിരികെ പോകുമ്പോഴാണ് ഞാൻ മനുവിനോട് പറഞ്ഞത്, അവനൊന്ന് മൂളിയതല്ലാതെ മിണ്ടിയില്ല..

പിറ്റേന്ന് രാവിലെ ജോലിക്ക് പോകാതെ കിടന്നയെന്നെ ദേവിക കാണാൻ വന്നിരിക്കുന്നെന്ന് പറഞ്ഞാണ് അമ്മ വിളിച്ചത്. മടിച്ചു മടിച്ചു ഇറങ്ങി ചെല്ലുമ്പോൾ ഉമ്മറ മുറ്റത്ത് ദേവിക നിൽപ്പുണ്ട്…

” എനിക്ക് കുറച്ചു സംസാരിക്കാനുണ്ട്… ”

ഇന്നലെ കരഞ്ഞതിന്റെയാകും മുഖം വീർത്തിരിക്കുന്നവളുടെ മുഖത്തേക്ക് അതികനേരം നോക്കി നിൽക്കാൻ കഴിയാതെ ഞാൻ തല കുമ്പിട്ട് മുറ്റത്തേക്കിറങ്ങി നിന്നു…

” ഞാൻ വേണ്ടെന്ന് പറഞ്ഞിട്ടും കൂട്ടുകാരികളായിരുന്നു ആ കത്ത് ക്ലാസ്സിൽ വായിച്ചതും എല്ലാവരെയും അറിയിച്ചതും, അത് ഇത്രെയേറെ സങ്കടപ്പെടുത്തിയിരുന്നെന്ന് ഞാൻ അറിഞ്ഞില്ല,…. ”

അവൾ പറഞ്ഞു തുടങ്ങുമ്പോൾ ഞാൻ മിണ്ടാതെ നിന്നു…

” പിന്നേ അയാൾ കല്യാണത്തിന് മുൻപുവരെ എന്നോട് അത്രേം നോർമൽ ആയിട്ടായിരുന്നു പെരുമാറിയിരുന്നത്, അത് കൊണ്ടാണ് ഞാൻ അന്നങ്ങനെ പറഞ്ഞത്… പിന്നെ ഈ കാണുമ്പോൾ കാണുമ്പോൾ കളിയാക്കുന്നത് ദേഷ്യം കൊണ്ടൊന്നുമല്ല, ഇയാൾ എന്തേലും തിരിച്ചു പറഞ്ഞാൽ നിന്ന് കരയാനല്ലാതെ തിരിച്ചൊന്നും പറയാൻ കഴിയില്ലെന്നും അറിയാഞ്ഞിട്ടല്ല,… ”

അത് പറയുന്നവളുടെ നോട്ടത്തിൽ പതിവില്ലാത്ത എന്തോ മാറ്റങ്ങളുണ്ടായിരുന്നു….

” ഞാൻ കളിയാക്കിയാലും മറ്റുള്ളവരുടെ മുന്നിൽ വച്ച് എന്നെ കളിയാക്കില്ലെന്ന വിശ്വാസം ഉണ്ടായിരുന്നു അതാണ് ഞാൻ…. ”

പറഞ്ഞു മുഴുവിക്കാതെ അവൾ അതൊരു പുഞ്ചിരിയിൽ നിർത്താൻ ശ്രമിച്ചു….

” ഇത്രയും നാളും മനസ്സിൽ കൊണ്ട് നടന്ന സങ്കടമെല്ലാം കൂടി വീർപ്പുമുട്ടിയിട്ട് ആകും ഇന്നലെ പെട്ടെന്ന് അങ്ങനെ പ്രതികരിച്ചത്, സോറി….. ”

കൂടുതലൊന്നും വിശദീകരിക്കാൻ നിൽക്കാതെ അത് പറയുമ്പോൾ അവളൊന്ന് തലകുലുക്കി….

” എന്റെ ഭാഗത്തുമുണ്ട് തെറ്റ് അത് ഒരു സോറിയിലൊന്നും തീരുന്നതല്ല… ”

അത് പറഞ്ഞവൾ തിരിഞ്ഞു നടന്നു…

” അതേ മനുവും കൂട്ടുകാരും അവിടെ ഉടയിപ്പും കാണിച്ചു നിൽക്കുന്നുണ്ടാകും ഒന്ന് ചെന്ന് അതങ്ങു തീർത്ത് തരണേ… ”

ശെടാ ഇവളിത് എന്താ ഇങ്ങനെ പറയുന്നേ ഇത്രേം പെട്ടെന്ന് ദേഷ്യം തീർന്നോ എന്നാ ചിന്തയിൽ ഞാൻ നിൽക്കുമ്പോൾ അമ്മ അരികിലേക്ക് വന്നു…

” മോളെ വൈകുന്നേരം പോകുമ്പോൾ ഈ വഴി വാ ഓർക്കിടിന്റെ തൈ തരാം… ”

പോകുന്നവളോട് അമ്മ പറയുമ്പോൾ അവൾ തിരിഞ്ഞ് നിന്നമ്മയെ നോക്കി..

” ഇനിയത് വേണമെന്നില്ലമ്മേ… ”

ചിരിയോടെ അത് പറഞ്ഞവൾ എന്നെയും അമ്മയെയും മാറി മാറി നോക്കി നടന്നുപോയി..

ഇന്നലെ വരെ ആന്റി ഇന്നിത അമ്മ ഞാൻ സംശയത്തോടെ അമ്മയെ നോക്കി, അവളുടെ ചിരി അമ്മയുടെ മുഖത്തും ഉണ്ട്…

” വായും പൊളിച്ചു നോക്കി നിൽക്കാതെ വേഗം പോയി അവിടത്തെ പണി തീർത്തു കൊടുക്ക് ചെറുക്കാ… ”

അത് പറഞ്ഞമ്മ കടന്ന് പോകുമ്പോഴും തുറന്ന വായ് അടയ്ക്കാൻ മറന്നവളും നടന്നു പോകുന്നത് നോക്കി ഞാൻ നിന്നു …

✍️ശ്യാം കല്ലുകുഴിയിൽ

Leave a Reply

Your email address will not be published. Required fields are marked *