“നിന്നെ പ്രസവിച്ചില്ലെങ്കിലും മുലപ്പാൽ നൽകി വളർത്തിയില്ലെങ്കിലും ഞാൻ നിന്റെ അമ്മ തന്നെയാണ് ഗോപാ… അതങ്ങനെയല്ലാന്ന് എന്നെ അറിയുന്ന ഒരാളും പറയില്ല… കാരണം ഞാൻ നൊന്തു പ്രസവിച്ച് പാലൂട്ടി വളർത്തിയ എന്റെ രണ്ട് മക്കളെക്കാളും ഞാൻ നോക്കിയതും കൊണ്ടു നടന്നതും നിന്നെയാണ്…
ഒരമ്മയില്ലാത്ത കുറവ് നീ അറിയരുതെന്ന് കരുതി എന്റെ ഇരുപതാമത്തെ വയസ്സിലാണ് നിന്റെ അച്ഛനെ ഞാൻ വിവാഹം കഴിച്ചത്… രണ്ടാം വിവാഹക്കാരനും കൂടെയൊരു പൊടികൊച്ചുമുള്ള ആളെ കെട്ടണ്ടാന്ന് അന്ന് എല്ലാവരും പറഞ്ഞതാണ് എന്നോട്… അതൊന്നും കേൾക്കാതെ ആ പ്രായത്തിൽ ഞാൻ നിന്റെ അമ്മയായ് വന്നത്
എനിക് നിന്നോടുള്ള ഇഷ്ടം കൊണ്ടു മാത്രമാണ്….. ഇന്നും അന്നും എനിയ്ക്ക് എന്റെ മക്കളെക്കാൾ ഇഷ്ടം നിന്നോടാണ്… സ്നേഹം നിന്നോടാണ്…. മറ്റാർക്കറിയില്ലെങ്കിലും നിനക്കറിയാലോ അത്… ഇല്ലേ…?
കരഞ്ഞും മൂക്ക് വലിച്ചും രാധിക കഴിഞ്ഞു പോയ ഓരോ കാര്യങ്ങളും ഓർത്തോർത്ത് എണ്ണി പറഞ്ഞൊടുവിൽ ചോദിച്ചതും അവരെ ചിരിയോടെ തന്നിലേക്ക് ചേർത്തു പിടിച്ചു ഗോപൻ..
“എനിയ്ക്കെല്ലാം അറിയാം രാധമ്മേ… എന്റെ രാധമ്മയ്ക്ക് എന്നോടുള്ള സ്നേഹത്തിന്റെ ആഴവും പരപ്പും കണ്ടനുഭവിച്ചവനല്ലേ ഞാൻ.. എല്ലാം ഓർമ്മയുണ്ടെനിയ്ക്ക്…
ഒന്നും മറന്നിട്ടില്ല ഞാൻ… അങ്ങനെ മറക്കാവുന്നതാണോ കഴിഞ്ഞു പോയ നമ്മുടെ ജീവിതം…”
രാധികയെ ചേർത്ത് പിടിച്ച് ഗോപൻ ചോദിയ്ക്കുമ്പോൾ അവരിരുവരുടെയും മുഖത്തൊരു തെളിച്ചമുള്ള ചിരി വിരിഞ്ഞു…
“ഇനി പറ രാധമ്മേ… ഇന്ന് എന്താണ് എന്റെ രാധമ്മയ്ക്ക് പറ്റിയത്… എന്തിനാ പഴയ കാര്യങ്ങൾ പറഞ്ഞ് കരഞ്ഞു വിളിച്ചത്… ആരെങ്കിലും എന്തെങ്കിലും പറഞ്ഞോ എന്റെ രാധമ്മയെ….?
രാധികയുടെ ചുമലോരം ചേർന്നിരുന്നുള്ള ഗോപന്റെ ചോദ്യത്തിന് ഉത്തരമെന്തു പറയണമെന്നതു പോലെ ചിന്തയിലാണ്ടു രാധിക…
“സത്യം മറച്ച് വെച്ച് കള്ളം പറയാനുള്ള ശ്രമമാണ് രാധമ്മയുടേതെങ്കിൽ ഞാൻ പിണങ്ങും രാധമ്മയോട്… പിന്നെ മിണ്ടില്ല… ചിലപ്പോ ഇങ്ങോട്ടു വന്നില്ലാന്നും വരുമിനി… അതു വേണ്ടെങ്കിൽ എന്താ ഉണ്ടായത് ആരാ രാധാമ്മയെ വേദനിപ്പിച്ചത് എല്ലാം എന്നോട് തുറന്നു പറ… ഒന്നും മറയ്ക്കാതെ പറ…”
അവരുടെ ഉള്ളറിഞ്ഞ് ഗോപൻ ചോദിയ്ക്കുമ്പോൾ രാധികയുടെ നോട്ടം ചെന്നത് ആ വീടിനപ്പുറത്തുള്ള ഗോപന്റെ അച്ഛൻ പെങ്ങളുടെ വീടിനു നേർക്കാണ്….
അച്ഛൻ പെങ്ങളും രാധമ്മയും എന്നും ഓരോ നിസ്സാര കാര്യത്തിനും വഴക്കുണ്ടാക്കാറുള്ളത് ഗോപനും അറിയാവുന്നതാണ്.. അവൻ പക്ഷെ ആ വഴക്കിൽ ഇരുപക്ഷവും ചേരാതെ മാറി നിൽക്കാറാണ് പതിവ്… കാരണം
ഒന്ന് അമ്മയോളം പ്രിയപ്പെട്ട അച്ഛൻ പെങ്ങളും മറ്റൊന്ന് പെറ്റമ്മമ്മ മരിച്ചതിനു ശേഷം തനിയ്ക്ക് അമ്മയായ് വന്നവരുമാണ്….. ഏതു പക്ഷം പിടിച്ചാലും മറുവശത്തെയത് നല്ല രീതിയിൽ ബാധിയ്ക്കും…. വിഷമമുണ്ടാക്കും..
അച്ഛൻ പെങ്ങള് രാധമ്മയെ എന്താ പറഞ്ഞത്…?
രാധികയിൽ നിന്നടർന്നു മാറി ഗോപൻ തിരക്കിയതും നിറഞ്ഞു രാധികയുടെ മിഴികൾ
“ഞാൻ നിന്നെ ഈ വീട്ടിലെ കറവപശു ആക്കുകയാണെന്ന് പറഞ്ഞവൾ…. നിന്നെയൂറ്റി പിഴിഞ്ഞ് ഞാനും എന്റെ മക്കളും ഈ വീട്ടിൽ സുഭിക്ഷമായിട്ടുണ്ടുറങ്ങി സുഖിക്കുകയാണെന്ന് പറഞ്ഞു… ഞങ്ങളുടെ ജീവിതം നല്ലതാക്കി വെക്കാൻ വേണ്ടിയാണത്രേ ഞാൻ നിന്നെ വിവാഹം കഴിപ്പിക്കാത്തതെന്നും പറഞ്ഞവൾ… സുഖമില്ലാതെ കിടക്കുന്ന നിന്റെ അച്ഛനെയും കൊണ്ട് ഞാനെന്തു പണിയ്ക്ക് പോവാനാണ് ഗോപാ…. ശരിയാ നിന്റെ ശമ്പളം കൊണ്ടാണ് ഞങ്ങൾ നാലു ജീവനുകൾ ഇവിടെ കഴിഞ്ഞ് പോവുന്നത് എന്നു കരുതി നിനക്കൊരു ജീവിതമുണ്ടാവരുതെന്നൊന്നും ഞാൻ ആഗ്രഹിച്ചിട്ടില്ല… ആഗ്രഹിക്കുകയും ഇല്ല…. നിന്റെ കല്യാണത്തിന് എന്റെ കൈ കൊണ്ട് താലി എടുത്തു തരാൻ ആഗ്രഹിച്ച് കാത്തിരിക്കുന്നവളാണ് ഞാൻ… നിനക്കായ് ഓരോയിടത്തും പെണ്ണന്വേഷിക്കുന്നവൾ… ആ എന്നെ പറ്റിയാണ് നിന്റെ അച്ഛൻ പെങ്ങൾ…. ”
നിർത്തിവെച്ച കരച്ചിൽ വീണ്ടും ആരംഭിച്ച് രാധിക കരഞ്ഞു തുടങ്ങിയതും അവിടെ നിന്നെഴുന്നേറ്റ് ഗോപൻ അച്ഛൻ പെങ്ങളുടെ വീട്ടിലേക്ക് നടന്നു…
അതു കണ്ടതും സ്വിച്ചിട്ടതു പോലെ നിന്നു രാധികയുടെ കരച്ചിൽ…. ഗോപനും അറിഞ്ഞിന്നെ താൻ പോന്നതും നിലച്ചുപോയ ആ കരച്ചിലിനെ…. ഒരു ചിരി തെളിഞ്ഞു മാഞ്ഞവന്റെ മുഖത്ത്….
“ഓ…. എന്റെ അമ്മേ…അമ്മയ്ക്ക് വല്ല സീരിയലിലും അഭിനയിക്കാൻ പൊയ്ക്കൂടെ… അമ്മാതിരിയല്ലേ അമ്മയുടെ പെർഫോമൻസ്… ”
ഗോപൻ അച്ഛൻ പെങ്ങളുടെ വീട്ടിലേക്ക് കയറി മറഞ്ഞതും അകത്ത് പഠിക്കുന്ന ഭാവേനെ അവരുടെ സംസാരമത്രയും കേട്ടുകൊണ്ടിരുന്ന രാധികയുടെ രണ്ടാൺ മക്കളും പുറത്തേക്ക് വന്നവരെ കെട്ടിപ്പിടിച്ച് പറഞ്ഞതും അരുമയോടെ അവരുടെ കവിളിൽ തലോടി മുഖം വക്രിച്ചൊന്നു ചിരിച്ചു രാധിക….
‘അവനെ ഞാനങ്ങനെ പറഞ്ഞു മയക്കി വെച്ചിരിക്കുന്നതുകൊണ്ടാണ് ഈ വീടും നിങ്ങളുടെ കാര്യവുമെല്ലാം മുട്ടില്ലാതെ നടന്നു പോവുന്നത്… അവനെ പോലെ എൻജിനീയറാവണമെന്ന് പറഞ്ഞ് പഠിക്കാൻ ചേർന്ന് വർഷം നാലഞ്ച് വെറുതെ കളഞ്ഞതല്ലാതെ ഇന്നീ നിമിഷം വരെ പോയപേപ്പറുകൾ എഴുതി എടുക്കാൻ കഴിഞ്ഞോ നിങ്ങൾക്ക്…. ഇന്നും അവന്റെ പൈസ കൊണ്ടു തന്നെയല്ലേ നിന്റെയൊക്കെ ജീവിതം… അതിനി ഇടുന്ന ഷഡ്ഡി മുതൽ കുടിയ്ക്കുന്ന കള്ളിനു വരെ പൈസ അവന്റെയാണ് … അതൊക്കെ എന്നും മുടങ്ങാതെ നിനക്കെല്ലാം കിട്ടണമെങ്കിൽ ഞാനിങ്ങനെ അവനോട് ഇല്ലാത്ത സ്നേഹം അഭിനയിച്ചോണ്ടിരിക്കണം… അറിയ്യോ നിനക്കൊക്കെയത്….?
മക്കൾ ഗോപനെ പോലെ മിടുക്കൻമാരാവാത്തതിന്റെ അമർഷമുണ്ട് രാധികയിൽ…
“അമ്മ അഭിനയിച്ചാൽ മാത്രം പോര… ഞങ്ങളുടെ ജീവിതമൊന്ന് സെറ്റാവുംവരെ അവനെ കല്യാണം കഴിക്കാനും സമ്മതിക്കരുത്…. അവന്റെ ജീവിതത്തിലൊരു പെണ്ണ് വന്നാൽ തീർന്നു നമ്മുടെ ഈ ജീവിതം… മറക്കണ്ട അമ്മയത്…
മൂത്ത മകൻ അമ്മയ്ക്കൊരു ഉപദേശം നൽകി കൊണ്ട് പറയുമ്പോൾ അതു തന്നെയാണ് രാധികയുടെ ഉള്ളിലും…
വയസ്സ് മുപ്പതായി ഗോപന്… ഓരോ ഇടത്തും അവനായ് പെണ്ണ് തിരഞ്ഞ് പോവുന്നതും ഗോപനെ കൊണ്ടുപോയി കാണിക്കുന്നതും പിന്നീടാരുമറിയാതെ അതു മുടക്കുന്നതുമെല്ലാം രാധികയാണ്….
ഗോപന്റെ സമപ്രായക്കാരുടെയെല്ലാം വിവാഹം കഴിഞ്ഞ് മക്കളായ്…. ഗോപൻ തന്നെ മറിക്കടന്ന് എന്തെങ്കിലും വിവാഹ കാര്യത്തിൽ ചെയ്യുമോ എന്ന് ഭയന്നാണ്
താൻ താലിയെടുത്ത് നൽകിയാൽ മാത്രമേ പെണ്ണിന്റെ കഴുത്തിൽ താലിക്കെട്ടുവെന്നൊരു വാക്ക് ഗോപനിൽ നിന്നവർ വാങ്ങിയത്…. ആ വാക്ക് മാത്രമാണവരുടെ പ്രതീക്ഷയും….
അവരമ്മയുടെയും മക്കളുടെയും സംസാരമെല്ലാം കേട്ട് അകത്തെ മുറിയിൽ നിശബ്ദനായ് കിടക്കുന്നുണ്ടപ്പോഴും ഗോപന്റെ അച്ഛൻ… ഇവരുടെ പ്ലാനും പദ്ധതികളും കേട്ടങ്ങനെ കിടക്കുമ്പോഴും മായാത്തൊരു ചിരിയുണ്ടച്ഛന്റെ മുഖത്ത്…
“ഇനിയെപ്പോഴാ ഗോപാ നീ വരുക…?
ഇനിയെന്നാ നിനക്ക് ലീവ് കിട്ടുക….?
ഗോപൻ ജോലി ചെയ്യുന്നത് ബാംഗ്ലൂരിലാണ്… ലീവിനനുസരിച്ച് ഇടയ്ക്കെല്ലാം വന്ന് അച്ഛനെയും മറ്റുള്ളവരെയും കണ്ട് മടങ്ങുന്നതാണവന്റെ ശീലം…
‘ഇനിയടുത്തൊന്നും ലീവ് ഉണ്ടാവില്ല രാധമ്മേ…
പേഴ്സിൽ നിന്നെടുത്ത പൈസ അവർക്കു നേരെ നീട്ടിയാണ് ഗോപന്റെ മറുപടി…
‘ഇനി വരുമ്പോഴെങ്കിലും നിനക്കൊരു നല്ല പെൺകുട്ടിയെ കിട്ടിയാൽ മതിയായിരുന്നു…. നമ്മള് ഇപ്രാവശ്യം കണ്ട കുട്ടിയും എന്തോ കുറ്റം പറഞ്ഞൊഴിവായീന്നാ ആ ബ്രോക്കറ് വിളിച്ചു പറഞ്ഞത്…. സമയം ആയിട്ടുണ്ടാവില്ല നിനക്ക് കല്യാണത്തിന്… അല്ലാതെ എന്താ ഞാൻ പറയ്യാ… ”
ഗോപൻ ബാഗൊരുക്കുന്നതും നോക്കി നെടുവീർപ്പോടെ രാധിക പറയുന്നതെല്ലാം കേൾക്കുന്ന ഗോപന്റെ നോട്ടം അകത്തു കിടക്കുന്ന അച്ഛനിലേക്കെത്തിയതും പരസ്പരം ഇടഞ്ഞവരുടെ കണ്ണുകൾ…. ഒരു നോട്ടം ആരുമറിയാതെ കൈമാറുമ്പോൾ അവരച്ഛനും മകനും മാത്രമറിയാവുന്നൊരു രഹസ്യമതിലുണ്ട്….
ഗോപൻ തിരികെ ബാംഗ്ലൂരിലെത്തിയതും അവനെ കാത്തൊരുവൾ ചുണ്ടിൽ നിറചിരിയുമായ് അവന്റെ ഫ്ളാറ്റിലുണ്ട്…. അവന്റെ ഭാര്യ മീര…. രണ്ടു വർഷം മുമ്പ് അച്ഛനും അച്ഛൻ പെങ്ങളും മാത്രമറിഞ്ഞവൻ ജീവിതത്തിലേക്ക് കൂട്ടിയവൾ….
“എന്തൊക്കെയാണ് ഇത്തവണത്തെ നാട്ടിലെ വിശേഷങ്ങൾ….?
ഒരു കുളി കഴിഞ്ഞ്
ഗോപൻ സെറ്റിയിലിരുന്നതും അവന്റെ നെഞ്ചോരം ചാഞ്ഞ് ചോദിച്ചവൾ…
“അവിടെയെല്ലാം പഴയതുപോലെ തന്നെ…. നമ്മുടെ കാര്യമെല്ലാം അറിഞ്ഞിട്ടും അതറിയാത്ത പോലെ അച്ഛൻ പെങ്ങളുടെ കുറ്റപ്പെടുത്തൽ…. അതു കേട്ട് രാധമ്മയുടെ കരച്ചിൽ… എന്നെ പറ്റിച്ച് ജീവിയ്ക്കുന്നു എന്ന് കരുതി സന്തോഷിക്കുന്ന അനിയൻമാർ…. എല്ലാം പഴയപടി തന്നെ..
പിന്നൊരു വ്യത്യാസവും പുതുമയും ഉള്ളത് ഇപ്രാവശ്യം പോയ് പെണ്ണുകണ്ട പെൺകുട്ടിക്കാണ്… അവളായിട്ട് എന്നെ വേണ്ടന്നു പറഞ്ഞതുകൊണ്ട് രാധമ്മയ്ക്ക് കഷ്ടപ്പെട്ട് ആലോചന മുടക്കേണ്ടി വന്നില്ല…
“ഓരോന്നും ചിരിയോടെ പറയുന്ന ഗോപന് തന്നെയവർ പറ്റിക്കുന്നു എന്നതിൽ വിഷമമില്ലേ…?
ഉത്തരമറിഞ്ഞിട്ടും ചോദിച്ചു മീര…
‘എന്തിന്.. അവരെന്നെ പറ്റിച്ച് എന്റെ ശമ്പളം കൊണ്ട് ജീവിയ്ക്കുന്നു എന്നല്ലേ കരുതിയിരിക്കുന്നത്… സത്യത്തിൽ ഞാനവർക്ക് വേണ്ടി ചിലവാക്കുന്ന ഓരോ രൂപയും അവർക്കായ് അച്ഛൻ കരുതിവെച്ചത് തന്നെയാണ്…. അതവർക്ക് നേരിട്ടു നൽകിയാൽ അതിന്റെ മൂല്യമറിയാതെ പാഴാക്കും അവര്… ഇതാവുമ്പോൾ ഞാൻ ആവശ്യാനുസരണം നൽകും… പിന്നെ രാധമ്മയ്ക്ക് ഞാൻ നൽകിയ വാക്ക് രാധമ്മ താലിയെടുത്ത് തന്നാലെ ഞാൻ പെണ്ണിന്റെ കഴുത്തിൽ കെട്ടുകയുള്ളു എന്ന് പറഞ്ഞത് ഈ നിമിഷം വരെ പാലിച്ചിട്ടില്ലേ ഞാൻ…. നിയമപരമായ് വിവാഹം കഴിച്ചതല്ലാതെ ഞാൻ നിനക്ക് താലിക്കെട്ടിയിട്ടില്ലല്ലോ ഇതുവരെ…. അവരെന്നെ പറ്റിച്ചെന്ന് കരുതി സന്തോഷിക്കുമ്പോൾ ഞാനവരെ ശരിയ്ക്കും പറ്റിച്ച് ജീവിക്കുന്നു… പിന്നെന്തിന് വിഷമം…. ആർക്ക് വിഷമം…..”
പൊട്ടിച്ചിരിയുടെ അകമ്പടിയോടെ ഗോപൻ മീരയിലേക്ക് ചാഞ്ഞു ചോദിക്കുമ്പോൾ അവിടെയാകെ അവരുടെ ചിരിയലുകൾ നിറഞ്ഞു…. അപ്പോഴും ഇതൊന്നുമറിയാതെ അങ്ങ് ദൂരെ ഗോപനെ തന്റെ വരുതിയിൽ നിർത്താനുള്ള പുതിയ തന്ത്രങ്ങൾ ചിന്തിക്കുകയായിരുന്നു രാധികയും മക്കളും… ഇതെല്ലാം കണ്ട് ഉളളിൽ ചിരിച്ചു കൊണ്ടച്ഛനും…..
✍️രജിത ജയൻ
