എനിക്ക് കുഞ്ഞുങ്ങൾ ജനിക്കില്ലെന്ന് ഡോക്ടർ പറഞ്ഞ് കേട്ടപ്പോൾ കുറച്ച് നേരത്തേക്ക് ആകെ മരവിച്ച അവസ്ഥയായിരുന്നു.
വിവാഹം കഴിഞ്ഞ് മൂന്നാമത്തെ വർഷമാണ് പരിശോധനക്കായി ഹോസ്പിറ്റലിൽ എത്തിയത്.
ഭർത്താവിന്റെ മുഖത്ത് നോക്കാൻ എനിക്ക് വല്ലാത്ത മടി തോന്നി.അദ്ദേഹത്തിനൊരു കുഞ്ഞിനെ നൽകാൻ എനിക്കൊരിക്കലും കഴിയില്ലല്ലോ
വീട്ടിലെത്തുമ്പോഴുള്ള അവസ്ഥയോർത്തായിരുന്നു എനിക്ക് കൂടുതൽ ഭയം.
ഭർത്താവിന്റെ അച്ഛനും അമ്മയും സ്നേഹമുള്ളവരാണെങ്കിലും ഇക്കാര്യമറിഞ്ഞു കഴിയുമ്പോൾ എന്നെ ഉപേക്ഷിക്കാൻ എന്റെ ഭർത്താവിനോട് പറയുമോയെന്ന് എനിക്ക് വല്ലാത്ത ഭയമായിരുന്നു.
അവരുടെ പേരക്കുട്ടിയെ കൊഞ്ചിക്കാൻ അവർക്കും ആഗ്രഹമുണ്ടായിരിക്കുമല്ലോ…
വീട്ടിലെത്തുന്നതുവരെ ഭർത്താവ് എന്നോട് ഒരക്ഷരം സംസാരിച്ചില്ല.
മൂന്ന് വർഷം എന്നെ സ്നേഹം കൊണ്ട് മൂടിയആളാണ്.
സാരമില്ല,ഇനി ഈ ജീവിതത്തിൽ നിന്നും ഇറങ്ങികൊടുക്കണം.
എന്നോട് തുറന്ന് പറയാൻ അദ്ദേഹത്തിന് മടി കാണും, അത് മനസ്സിലാക്കി സ്വയം ഒഴിവായി കൊടുക്കണം. ഞാൻ മനസിലുറപ്പിച്ചു.
വീട്ടിൽ ചെന്ന് കയറുമ്പോൾ എന്തിനെന്നറിയാതെ എന്റെ കണ്ണുകൾ നിറഞ്ഞു.
ഭർത്താവ്, അദ്ദേഹത്തിന്റെ അച്ഛനോടും അമ്മയോടും കാര്യങ്ങൾ തുറന്നു പറഞ്ഞു.
ഒരു നിമിഷം അവിടെങ്ങും നിശബ്ദത നിറഞ്ഞു.
അവൾക്ക് കുഞ്ഞുണ്ടാവില്ലെങ്കിൽ ഒരു കുഞ്ഞിനെ അങ്ങ് ദത്ത് എടുക്കണം അത്രയല്ലേ വേണ്ടൂ…ഭർത്താവിന്റെ അമ്മയുടെ വാക്കുകൾ ആ കടുത്ത നിശബ്ദതയെ തകർത്തു.
ഞാൻ അവിശ്വാസത്തോടെ അമ്മയെ നോക്കി.
നീയെങ്ങും വിഷമിക്കണ്ടെടീ പെങ്കൊച്ചേ…
വന്ന് വല്ലതും കഴിക്കാൻ നോക്ക്
അമ്മ നേരേ അടുക്കളയിലേക്ക് പോയി.
രാവിലെ ധൃതി പിടിച്ച് ആശുപത്രിയിലേക്ക് പോയതല്ലേ മോള് പോയി വല്ലതും കഴിക്ക് അച്ഛൻ എന്റെ തോളിൽ തട്ടി
എനിക്കതൊന്നും വിശ്വാസം വരുന്നുണ്ടായിരുന്നില്ല.
അവർ എന്നെ തള്ളിക്കളയുമെന്നാണ് ഞാൻ കരുതിയത്.
ഞാനെന്റെ ഭർത്താവിന്റെ മുഖത്തേക്ക് നോക്കി.
അദ്ദേഹം കണ്ണിറുക്കി എന്നെ ഒന്ന് ചിരിച്ചു കാണിച്ചു.
എന്താടീ…. ഞാൻ നിന്നെ വേണ്ടെന്ന് വയ്ക്കുമെന്ന് കരുതിയോ??
എനിക്ക് മറുപടി പറയാൻ കഴിഞ്ഞില്ല.
ഉള്ളിൽ ഒരു സന്തോഷക്കരച്ചിലിന്റെ ചീള് കുടുങ്ങിക്കിടപ്പുണ്ട്.
അയാളോട് ചേർന്ന് നിൽക്കുമ്പോൾ എനിക്ക് തോന്നി. ഞാൻ ഭാഗ്യവതി തന്നെയാണെന്ന്…
പിന്നെയെല്ലാം പെട്ടന്നായിരുന്നു.
ഞങ്ങൾ കുഞ്ഞിനെ അഡോപ്റ്റ് ചെയ്യാനുള്ള അപേക്ഷ കൊടുത്ത് കാത്തിരുന്നു.
ചെറിയ കുഞ്ഞുമതിയെന്നായിരുന്നു എന്റെയും ഭർത്താവിന്റെയും ആഗ്രഹം.
അപേക്ഷ കൊടുത്ത് ബാക്കി കാര്യങ്ങൾ ഒക്കെ കഴിഞ്ഞാൽ ഉടനെ കുഞ്ഞിനെ കിട്ടുമെന്നായിരുന്നു എന്റെ ധാരണ.
എന്നാൽ രണ്ട് കൊല്ലത്തോളം ഞങ്ങൾക്ക് കാത്തിരിക്കേണ്ടി വന്നു.
അതിനിടയിൽ ഭർത്താവിന് തിരുവനന്തപുരത്തേക്ക് ട്രാൻസ്ഫറായി..
ഞങ്ങൾ അവിടൊരു ഫ്ലാറ്റ് റെന്റിന് എടുത്തു.
അവിടെച്ചെന്ന് ഒരുമാസം കഴിഞ്ഞപ്പോഴാണ് കുഞ്ഞിന്റെ ഫോട്ടോ ഞങ്ങൾ കണ്ടത്.
കുഞ്ഞിനെ നേരിട്ട് കാണാനായി ഞങ്ങൾ ചെന്നു.
കണ്ണ് നിറച്ചും നിസ്സഹായത തുളുമ്പി നിൽക്കുന്ന ആ കുഞ്ഞിനെ കണ്ടപ്പോൾ, അപ്പോൾ തന്നെ വീട്ടിലേക്ക് കൊണ്ടുപോകണമെന്നെനിക്ക് തോന്നി.
പക്ഷേ കോർട്ട് ഓർഡർ കൂടി കിട്ടാതെ കൊണ്ടുവരാനാകില്ലലോ.
പിന്നെയും മൂന്ന് മാസം കൂടി കാത്തിരുന്നിട്ടാണ് ഞങ്ങൾക്ക് അവനെ കിട്ടിയത്.
ഏവരെയും പേടിയോടെ നോക്കുന്ന ആ മിഴികൾ കണ്ടാൽ ദയനീയത തോന്നും.
ഞാൻ ഭക്ഷണം കൊടുക്കുമ്പോൾ പേടിയോടെ എന്റെ മുഖത്തേക്ക് നോക്കും.
രണ്ടുമൂന്നു ദിവസങ്ങൾ കൊണ്ട് ഞാനുമായി ഇണങ്ങിയെങ്കിലും, എന്റെ ഭർത്താവിനെ കാണുമ്പോൾ അവൻ ഒരു കൈകെട്ടി, ചുണ്ടിൽ വിരലമർത്തി, മിണ്ടാതെ നിൽക്കും.
ഭർത്താവിന്റെ വീട്ടുകാരും എന്റെ വീട്ടുകാരും കുഞ്ഞിനെ കാണാൻ വന്നപ്പോഴും
പുരുഷന്മാരെ കാണുമ്പോഴെല്ലാം ആ കുഞ്ഞ് നിശബ്ദമായി നിൽക്കുന്നത് ഞങ്ങൾ ശ്രദ്ദിക്കുന്നുണ്ടായിരുന്നു
എല്ലാവരും പോയി കഴിഞ്ഞപ്പോൾ ഞാനവനെ എടുത്ത് തോളിൽ കിടത്തി.
അവന്റെ പിഞ്ചുടൽ തഴുകുമ്പോൾ ഒരു കാര്യം എനിക്കുറപ്പായിരുന്നു.
കഴിഞ്ഞ് പോയ നാളുകളിൽ അവനെ ആരോ ശരിക്കും വേദനിപ്പിച്ചിട്ടുണ്ട്. നിരന്തരം നോവിച്ചിട്ടുണ്ട്. അവന് കരയാനുള്ള സ്വാതന്ത്ര്യം പോലും ഉണ്ടായിരുന്നില്ല അതുകൊണ്ടാണ് കുഞ്ഞ് ഭയത്തോടെ തെല്ലും ശബ്ദം പുറത്തു വരാതിരിക്കാൻ ചുണ്ടിൽ വിരലമർത്തി നിൽക്കുന്നതെന്ന് എനിക്ക് മനസ്സിലായി.
മൂന്ന് വയസ്സ് ആയെങ്കിലും ഇക്കൊല്ലം അവനെ ബാലവാടിയിലേക്കോ ,
പ്ലേ സ്കൂളിലേക്കോ ഒന്നും അയക്കുന്നില്ലെന്ന് ഞാനും ഭർത്താവും തീരുമാനിച്ചു.
ഞാനൊരു പ്രൈവറ്റ് സ്ഥാപനത്തിൽ ജോലി നോക്കുന്നുണ്ടായിരുന്നു.
ഞാൻ ആ ജോലി വേണ്ടെന്നുവച്ചു.
ഭർത്താവ് ജോലിക്ക് പോയയതിനു ശേഷം ഞാൻ അവനെയും കൊണ്ട് പുറത്ത് പോകും. വെയിൽ ചായുന്നതും, പക്ഷികൾ പറക്കുന്നതും, പൂക്കൾ വിടരുന്നതും,
സൂര്യൻ അസ്തമിക്കുന്നതും കാണിച്ചു കൊടുക്കും.
പിഞ്ചുടൽ നിറയെ ഉമ്മകളാൽ ഇക്കിളി കൂട്ടും.
അവനെയും കൊണ്ട് അവന്റെ കൈപിടിച്ച് ഓടും.അവനെ ഒരുപാട് ചിരിപ്പിക്കും.
എപ്പോഴും ഞാനവന്റെ കൂടെയുണ്ടെന്നും,
ആരും അവനെ വേദനിപ്പിക്കാൻ ഞാൻ സമ്മതിക്കില്ലെന്നുമുള്ള വിശ്വാസമവനിൽ ഊട്ടിയുറപ്പിക്കുക എന്നതായിരുന്നു എന്റെ ലക്ഷ്യം.
അത് വിജയിച്ചു.
പക്ഷെ എന്റെ ഭർത്താവിനെ അവന് എപ്പോഴും ഭയമായിരുന്നു.
ജോലികഴിഞ്ഞദ്ദേഹം വന്ന് അവനെ എടുക്കാൻ നോക്കിയാൽ അവൻ ഭയത്തോടെ എന്നിൽ അഭയം തേടും.
ഞങ്ങൾക്കുറപ്പായിരുന്നു, അവൻ ആരെയോ ഭയക്കുന്നുണ്ടെന്ന്.
ഒരു പിഞ്ചുകുഞ്ഞ് എത്രയധികം ആരെയോ ഭയക്കുന്നുണ്ടെങ്കിൽ അത്രയ്ക്ക് അനുഭവിച്ചിട്ടുണ്ടാകണം.
അദ്ദേഹം അവനുവേണ്ടി സമയം മാറ്റിവെച്ചു
അവനെ കൊഞ്ചിക്കാനും അവനോടൊപ്പം കളിക്കാനും കൂടി.
പതിയെ പതിയെ അദ്ദേഹത്തെയും അവൻ വിശ്വസിച്ചു തുടങ്ങി, സ്നേഹിച്ചു തുടങ്ങി….
അവന്റെ പിഞ്ചുമനസ്സിനേറ്റ മുറിവുകൾ മാറ്റാൻ ഞങ്ങൾക്ക് കഴിഞ്ഞിട്ടുണ്ട്.
കുറേശ്ശെ കുറേശ്ശെയായി അവനിൽ ആത്മവിശ്വാസം നിറച്ച് അവനെ മിടുക്കനായി വളർത്താൻ ഞങ്ങൾക്ക് കഴിയുന്നുണ്ട്.
ഇന്നിപ്പോൾ അവന് ഏഴുവയസ്സുണ്ട്…
അവൻ അച്ഛാ, അമ്മേ എന്ന് വിളിക്കുമ്പോൾ ഞങ്ങളുടെ ഉള്ളം നിറയും.
അവന് ജന്മം നൽകിയവർ ആരാണെന്ന് ഞങ്ങൾക്കറിയില്ല.
ഈ കുഞ്ഞിനെ ഒരിക്കലുമവർ ആഗ്രഹിച്ചു ജന്മം നൽകിയതായിരിക്കില്ല.
പക്ഷെ ഇവനിപ്പോൾ ഞങ്ങളുടെ ലോകമാണ്…
ഞങ്ങളുടെ ഏറ്റവും വലിയ അനുഗ്രഹമാണ്…
✍️Anju Thankachan
