മരുമകൾ വന്ന് കയറിയ ദിവസം തന്നെ എന്റെ കണ്ടകശനി തുടങ്ങിയെന്നു വേണം പറയാൻ. ഞങ്ങളെല്ലാവരും ഒരുമിച്ചിരുന്നു കഴിക്കുന്നവരാണ്.…

മരുമകൾ വന്ന് കയറിയ ദിവസം തന്നെ
എന്റെ കണ്ടകശനി തുടങ്ങിയെന്നു വേണം പറയാൻ.

ഞങ്ങളെല്ലാവരും ഒരുമിച്ചിരുന്നു കഴിക്കുന്നവരാണ്. ആ ശീലത്തോട് അവളൊട്ടും ചേർന്നില്ല.
അവൾക്കിഷ്ടമുള്ളപ്പോൾ അവൾ ഭക്ഷണം കഴിക്കും.

ഇനി എല്ലാവരുടെയുമൊപ്പം കഴിക്കാനിരുന്നാലും, കഴിച്ച് കഴിഞ്ഞവൾ സ്വന്തം പാത്രം മാത്രമേ കഴുകൂ…
അവളുടെ ഭർത്താവിന്റെ പാത്രം പോലും കഴുകില്ല.

ഒടുവിൽ അവന്റെ പാത്രം ഞാൻ തന്നെ കഴുകി വയ്ക്കും.

ഈ കൊച്ചെന്നാടി ഇങ്ങനെയെന്ന് എന്റെ ഭർത്താവ് പോലും ചോദിച്ചു.

എന്റെ ഇളയമകനും അവളുടെയാ പ്രവർത്തിയിൽ അനിഷ്ടമുണ്ടായിരുന്നു.

എന്നാലും അവളോട്‌ മുഖം കറുപ്പിക്കാതെ ഞാൻ നന്നായി ശ്രദ്ദിക്കുന്നുണ്ടായിരുന്നു.
എന്തെങ്കിലും ഇഷ്ടക്കേട് തോന്നിയാൽ എന്റെ മകനെയും കൊണ്ട് അവളിവിടെ നിന്നും താമസം മാറുമോയെന്ന് എനിക്ക് ഭയമായിരുന്നു. എന്റെ മക്കളാണ് എന്റെ ലോകം. അവർ എക്കാലവും എന്റെ കൂടെ വേണമെന്നാണ് എന്റെ ആഗ്രഹം…

അവൾ അവളുടെ തുണി മാത്രം കഴുകും.
പാവം എന്റെ മകന്റെ തുണി അവിടെ തിരിഞ്ഞിട്ടേക്കും…

ഒരു പെണ്ണ് കൂടെ വന്നാൽ എന്റെ ഭാരം ഇത്തിരി കുറയുമല്ലോ എന്നുള്ള എന്റെ മോഹം ഒട്ടും പൂവണിഞ്ഞില്ലഎന്ന് വേണം പറയാൻ..

രാവിലേ ഏഴുമണിയാകാതെ അവൾ എണീക്കില്ല.

ഇനി എഴുന്നേറ്റാലും അടുക്കളയിൽ എന്നെ സഹായിക്കില്ല. ബ്രഷ് ചെയ്ത്, ഒരു ഗ്ലാസ്സ് വെള്ളവും കുടിച്ചിട്ട് അര മണിക്കൂർ അവൾ വ്യായാമം ചെയ്യും.
പിന്നെ അടുക്കളയിൽ വന്ന് ഫ്രിഡ്ജ് തുറന്ന് രണ്ട് മുട്ടയും ഒരു ഏത്തപ്പഴവുമെടുത്തു പുഴുങ്ങും.
അതും തിന്ന് ഒരു ഗ്ലാസ്സ് വെള്ളവും കുടിക്കും,അതോടെ അവളുടെ ബ്രേക്ക്‌ ഫാസ്റ്റ് കഴിഞ്ഞു
ബാക്കിയുള്ളവർ എന്ത് കഴിക്കുമെന്നൊന്നും അവൾക്ക് ചിന്തയില്ല

എന്തിനേറെ അവളുടെ കെട്ടിയോൻ എന്ത് കഴിക്കും എന്നും നോക്കാറില്ല.

ഇങ്ങനെയൊക്കെയാണെങ്കിലും എന്റെ മകനും അവളും നല്ല സ്നേഹത്തിലാണ്.
ചിരിയും തമാശയും ഒക്കെയായിട്ട്…

ആകെ അവളുടെ നല്ല ഗുണമെന്ന് പറയുന്നത് അവരുടെ മുറി വൃത്തിയായി സൂക്ഷിക്കും എന്നുള്ളതാണ്…

പണിയൊന്നും ചെയ്യാൻ കൂടില്ലെങ്കിലും കുറച്ചുസമയം ഞങ്ങളോടൊപ്പം ഇരുന്ന്
ഓഫീസിലെ ചില വിശേഷങ്ങളൊക്കെ അവളും പങ്കുവയ്ക്കും, അല്ലെങ്കിൽ ഞങ്ങൾ പറയുന്നത് കേട്ടിരിക്കും.

ഭക്ഷണം കഴിഞ്ഞ് കുറച്ച് സമയം ഫോണും നോക്കി ഇരിക്കും. പിന്നെ വന്ന്
കുറച്ച് പച്ചക്കറി അരിഞ്ഞു സാലഡ് ആക്കി അവളുടെ ടിഫിൻ ബോക്സിലാക്കും, ബോട്ടിലിൽ വെള്ളവും എടുത്തു വയ്ക്കും. പിന്നെ അവളുടെ ഡ്രസ്സ്‌ അയേൺ ചെയ്ത് വച്ചിട്ട്,കുളിക്കും, പിന്നെ റെഡിയായി ജോലിക്കിറങ്ങും.ഇത്രയുമേ അവൾക്ക് പണിയുള്ളൂ…

അതേ സമയം എന്റെ ജോലി തലേന്ന് രാത്രിയിൽ തന്നെ തുടങ്ങും
അരി അരച്ച് വച്ച്, പിറ്റേന്നത്തേനുള്ള കറിക്കുള്ള പച്ചക്കറി നുറുക്കി ഫ്രിഡ്ജിൽ വച്ച്,
പാത്രങ്ങളും കഴുകി അടുക്കള വൃത്തിയാക്കി വന്ന് കിടക്കുമ്പോൾ മണി പതിനൊന്നാകും.

പിറ്റേന്ന് കാലത്ത് അഞ്ചുമണിക്കുണർന്ന് വീണ്ടും വീട്ട് പണി തുടങ്ങും.
ഉള്ളത് പറഞ്ഞാൽ പണിയൊതുങ്ങിയ നേരമില്ല. ഭർത്താവിനും രണ്ടാണ്മക്കൾക്കും എനിക്കുമുള്ള ഭക്ഷണവും ഉണ്ടാക്കി.
അവർക്ക് ജോലിക്ക് പോകുമ്പോൾ കൊണ്ടുപോകാനുള്ളത് പാത്രത്തിലാക്കി കൊടുത്ത്. വെള്ളവും തിളപ്പിച്ച്‌ ബോട്ടിലിൽ ആക്കി കൊടുത്ത്. ഞങ്ങൾ ഭക്ഷണം കഴിച്ച പാത്രങ്ങൾ കഴുകി , തുണിയും അലക്കി,
പെര തുടച്ചു വൃത്തിയാക്കി, മുറ്റമടിച്ച്‌, ചെടികൾക്ക് വെള്ളവും ഒഴിച്ച് കഴിയുമ്പോഴേക്കും എന്റെ നടുവിന്റെ എടപാട് തീരും.

സഹിക്കെട്ടപ്പോൾ എന്റെ മകനോട് ഞാൻ രണ്ടെണ്ണമങ്ങ് പറഞ്ഞു

നിന്റെ ഭാര്യ ഒന്നിനുമെന്നെ സഹായിക്കുന്നില്ല, ഇങ്ങനാണോ തുടങ്ങേണ്ടതെന്ന്…

അവൻ എന്റെ മുഖത്തേക്ക് പകച്ചു നോക്കി…

ഞങ്ങളുടെ സംസാരം കേട്ട് കൊണ്ട് വന്ന അവൾ പറഞ്ഞത് അവനവന്റെ കാര്യം അവനവൻ തന്നെ ചെയ്യണമെന്നാണ്. എനിക്കാരുടെയും കാര്യം നോക്കി സമയം കളയാനില്ലെന്ന്.

എനിക്ക് കോപം ഇരച്ചു കയറി.

കുടുംബമെന്നാൽ ഒത്തൊരുമയോടെ ജീവിക്കേണ്ടുന്നയിടമാണ്, ഞാൻ ഇത്രയൊക്കെ കഷ്ടപ്പെടുന്നത് കണ്ടിട്ട് നിനക്കൊന്നു സഹായിക്കാൻ തോന്നുന്നില്ലേയെന്ന് ഞാൻ ചോദിച്ചു.

ഇത്രയും കാലം അമ്മയുടെ ഭർത്താവോ, മക്കളോ, അമ്മയെ സഹായിക്കാഞ്ഞിട്ട് അമ്മ ഇതുപോലെ ചോദിച്ചോയെന്നവൾ എന്നോടാരാഞ്ഞു…
അമ്മയാണ്…അമ്മ മാത്രമാണ് അമ്മയുടെയീ കഷ്ടപ്പാടിനെല്ലാം കാരണം.

എനിക്കത്തിനുത്തരമില്ലായിരുന്നു ശരിയാണ് എന്നെ ഇവരാരും സഹായിച്ചിട്ടില്ല.

അവരവരുടെ കാര്യങ്ങൾ അവരവർ തന്നെ ചെയ്യണമമ്മേ….അത്രയും പറഞ്ഞിട്ടവൾ മുറിയിലേക്ക് പോയി.

ഞാൻ ആലോചിക്കുകയാരുന്നു. അവൾ പറഞ്ഞത് ശരിയല്ലേ…
രണ്ടുമൂന്നു ദിവസങ്ങൾ എന്റെ മനസ്സ്
അത് തന്നെയെന്നോട് പുലമ്പികൊണ്ടിരുന്നു…

എന്താണെന്നറിയില്ല അവൾ പറഞ്ഞത് കൊണ്ടോ എന്തോ മൂത്ത മകൻ ഭക്ഷണം കഴിച്ച പാത്രം സ്വയം കഴുകി വയ്ക്കാൻ തുടങ്ങി, അവന്റെ വസ്ത്രങ്ങൾ സ്വയം അലക്കാനും, അയേൺ ചെയ്യാനും തുടങ്ങി.

എന്നിട്ടുംഇളയ മകനും ഭർത്താവിനും മാറ്റമൊന്നും ഇല്ലായിരുന്നു..

അടുത്ത ദിവസം മുതൽ ഞാൻ,
മരുമകൾ ചെയ്യും പോലെ രാവിലേ എല്ലാവർക്കും ഈരണ്ടു മുട്ടയും ഏത്തപ്പഴവും പുഴുങ്ങി ഓരോ ഗ്ലാസ്സ് മധുരമില്ലാത്ത ചായയും ഉണ്ടാക്കി വിളമ്പി വച്ചു.

ഇതെന്നതാടീ… ഇതും തിന്നേച്ച്‌ രാവിലേ എങ്ങനെയിരിക്കും എന്ന ഭർത്താവിന്റെ ചോദ്യം ഞാൻ കേട്ടില്ലെന്ന് നടിച്ചു.

ഇളയ മകൻ ഒന്നും മിണ്ടാതെ കഴിച്ചിട്ട് എഴുന്നേറ്റ് പോകാനാഞ്ഞപ്പോൾ പാത്രവും ഗ്ലാസും കഴുകി വച്ചില്ലെങ്കിൽ അതിൽ തന്നെയേ ഇനി ഭക്ഷണം വിളമ്പു എന്ന് ഞാൻ പറഞ്ഞു.
എന്തായാലും അവനും മൂത്ത മകനും മരുമകളും ഭക്ഷണം കഴിച്ച പാത്രം കഴുകാനായി എടുക്കുന്നത് കണ്ടായിട്ടാവണം ഭർത്താവും കഴിച്ച പാത്രം കഴുകി വച്ചു…
പതിയെപ്പതിയെ വീട്ടിൽ മാറ്റങ്ങൾ വന്നു.
എല്ലാവരും അവരവരുടെ കാര്യങ്ങൾ സ്വയം ചെയ്യാൻ തുടങ്ങിയതോടെ എനിക്ക് ധാരാളം സമയം കിട്ടി, നടുവേദന പൂർണ്ണമായും മാറി.

ഞങ്ങൾ എല്ലാവരും ചേർന്നാണിപ്പോൾ വീട്ടിലെ ഓരോ ജോലിയും ചെയ്യുന്നത്.
അമിതമായ ഭക്ഷണം ഉണ്ടാക്കലോ, അതിനായി ജീവിതത്തിന്റെ ഭൂരിഭാഗം സമയമോ ഞാനിപ്പോൾ ചിലവാക്കുന്നില്ല.

ഉള്ളത് പറയട്ടെ പുതിയ കാലത്തെ പെൺകുട്ടികൾ കിടുവാ…
സ്വയം സന്തോഷിക്കാനും, മറ്റുള്ളവരെ കൂടെ സന്തോഷിപ്പിക്കാനും അവർക്കറിയാം.

എന്റെ മരുമകളും ഞാനും കൂട്ടുകാരെ പോലെയാണ്.

അവളുടെ കൂടെ ഞങ്ങളും രാവിലെ
എക്സർസൈസ് ചെയ്യും.
പിത്തവണ്ണമൊക്കെ കുറഞ്ഞു നല്ല എനർജി തോന്നുന്നുണ്ട് ഇപ്പോൾ.

പണ്ട് ഞാൻ നന്നായി ചിത്രം വരയ്ക്കുമായിരുന്നു….
ആ ഇഷ്ട്ടങ്ങളൊക്കെ പൊടി തട്ടിയെടുത്തു.
ചിത്രകാരിയായി അറിയപ്പെടണമെന്നും അതിലൂടെ സ്വന്തമായി വരുമാനം ഉണ്ടാക്കണമെന്നുമുള്ള ആഗ്രഹത്തിനു പിന്നാലെയാണ് ഞാനിപ്പോൾ…

സത്യമായും ഞാൻ പറയട്ടെ പെണ്ണുങ്ങളെ…നിങ്ങൾ അമ്മയാണെങ്കിൽ,
അല്ലെങ്കിൽ അമ്മയാകാൻ പോകുന്നവരാണെങ്കിൽ ഇപ്പോഴേ മനസ്സിൽ കുറിച്ച് വച്ചോ
നിങ്ങളുടെ മക്കളുടെ മുഴുവൻ കാര്യങ്ങളും ചെയ്തുകൊടുക്കേണ്ടുന്ന ഒരാളായി നിങ്ങൾ മാറിയേക്കരുത്.
അവരുടെ കാര്യങ്ങൾ അവരെക്കൊണ്ട് തന്നെ ചെയ്യിപ്പിക്കാൻ അവരെ പ്രാപ്തരാക്കുന്ന കടമ മാത്രമേ നിങ്ങളുടേതായിട്ടുള്ളൂ….
അല്ലാതെ അവരുടെ മുഴുവൻ കാര്യങ്ങളും ചെയ്തു കൊടുത്തവരെ മടിയുള്ളവരാക്കി, അലസരാക്കി കളയരുത്.

ഇതെനിക്ക് പറഞ്ഞു തരാൻ എന്റെ മരുമകൾ വരേണ്ടി വന്നു… അല്ല മകൾ വരേണ്ടി വന്നു….

✍️Anju Thankachan

Leave a Reply

Your email address will not be published. Required fields are marked *