വിവാഹം കഴിഞ്ഞ നാൾ മുതൽ ഒരു ജോലിയും ആ വീട്ടിൽ പ്രിയ ചെയ്യില്ലായിരുന്നു. എപ്പോഴും പുറം വേദനയാണ്, നടുവേദനയാണ് എന്നും പറഞ്ഞ് മുറിക്കുള്ളിൽ കയറി കിടക്കും.….

“” എന്റെ കൊച്ചെ 83 വയസ്സുള്ള ഒരു തള്ളയല്ലേ അത്?? അതിനെക്കൊണ്ട് ഇങ്ങനെ പണിയെടുപ്പിക്കണോ? “”

 

​പുറം പണിക്ക് വന്ന ബിന്ദു ചോദിച്ചതും, പ്രിയ അവരുടെ നേരെ കുരച്ച് ചാടി.

​”നിങ്ങൾ നിങ്ങടെ പണി നോക്കി പോയാൽ മതി. എന്റെ കുടുംബാര്യങ്ങളിൽ ഇടപെടാൻ വരേണ്ട,”

പ്രിയ ദേഷ്യത്തോടെ വിളിച്ചുപറഞ്ഞു. ബിന്ദു ഒന്നും മിണ്ടാതെ തലതാഴ്ത്തി തന്റെ പണിയിലേക്ക് തിരിഞ്ഞു.

ലളിതയമ്മ കഷ്ടപ്പെടുന്നത് കണ്ട് സഹിക്കാനാകാതെയാണ് ബിന്ദു അങ്ങനെ ചോദിച്ചുപോയത്.

​ലളിതയുടെ മകൻ രാജീവ് ആണ് പ്രിയയെ വിവാഹം കഴിച്ചത്.

വിവാഹം കഴിഞ്ഞത് മുതൽ ഭർത്താവിന്റെ വീട്ടുകാരെ ഒരുതരം ശത്രുക്കളെപ്പോലെ ആണ് പ്രിയ കരുതിയിരുന്നത്.

രാജീവിന്റെ അമ്മ ലളിതയെയും അവന്റെ സഹോദരിമാരെയും ഒട്ടും പ്രിയയ്ക്ക് ഇഷ്ടമല്ലായിരുന്നു.

വീട്ടിൽ എന്തെങ്കിലും ഒരു കാര്യം ആരെങ്കിലും പറഞ്ഞാൽ അതിനെ വലിയ വഴക്കാക്കി മാറ്റാൻ പ്രിയയ്ക്ക് പ്രത്യേക കഴിവായിരുന്നു.

 

​വിവാഹം കഴിഞ്ഞ നാൾ മുതൽ ഒരു ജോലിയും ആ വീട്ടിൽ പ്രിയ ചെയ്യില്ലായിരുന്നു.

എപ്പോഴും പുറം വേദനയാണ്, നടുവേദനയാണ് എന്നും പറഞ്ഞ് മുറിക്കുള്ളിൽ കയറി കിടക്കും.

രാവിലെ വൈകി എഴുന്നേൽക്കും. അപ്പോഴേക്കും ലളിതയമ്മ അടുക്കളയിലെ പണികളെല്ലാം തീർത്തിട്ടുണ്ടാകും.

പ്രിയയ്ക്ക് കഴിക്കാനുള്ള ഭക്ഷണം പോലും ലളിതയമ്മ എടുത്തു കൊടുക്കണമായിരുന്നു.

രാജീവ് ജോലിക്ക് പോയിക്കഴിഞ്ഞാൽ പിന്നെ പ്രിയയുടെ ഭരണം തുടങ്ങും. ലളിതയമ്മയെക്കൊണ്ട് വീട്ടുപണികൾ മുഴുവൻ ചെയ്യിക്കും.

​പിന്നീട് പ്രിയ ഗർഭിണി ആയി കുഞ്ഞ് ആയതോടുകൂടി കാര്യങ്ങൾ കൂടുതൽ വഷളായി.

കുഞ്ഞിന്റെ കാര്യം മാത്രം നോക്കും എന്ന നിലപാടിലായി അവൾ.

കുഞ്ഞിന്റെ തുണി നനയ്ക്കുന്നതും അവരെ കുളിപ്പിക്കുന്നതും ഒഴികെ ബാക്കി വീട്ടുപണികൾ, പാചകം, വീട് വൃത്തിയാക്കൽ എന്നിവയെല്ലാം 83 വയസ്സുള്ള ലളിതയമ്മയുടെ ചുമലിലായി.

രാജീവ് ജനിക്കുമ്പോൾ തന്നെ ലളിതയമ്മയ്ക്ക് നല്ല വയസ്സ് ഉണ്ടായിരുന്നു. അതുകൊണ്ടുതന്നെ ഇപ്പോൾ അവർക്ക് പ്രായത്തിന്റേതായ ഒരുപാട് ശാരീരിക ബുദ്ധിമുട്ടുകൾ ഉണ്ടായിരുന്നു.

എഴുന്നേറ്റു നടക്കാൻ പോലും ബുദ്ധിമുട്ടുന്ന അവസ്ഥയിലാണ് ലളിതയമ്മ ആ വലിയ വീട്ടിലെ മുഴുവൻ പണികളും ഒറ്റയ്ക്ക് ചെയ്തത്.

 

​ ലളിത എന്തെങ്കിലും പറഞ്ഞാൽ അവിടെ ഭയങ്കര പ്രശ്നം ഉണ്ടാകും. “അമ്മ എന്നെ കുറ്റപ്പെടുത്തുകയാണ്, എന്നെ ജീവിക്കാൻ അനുവദിക്കുന്നില്ല” എന്ന് പറഞ്ഞ് പ്രിയ നെഞ്ചത്തടിച്ച് നിലവിളിക്കും.

കരച്ചിലും ബഹളവും കേട്ട് രാജീവ് ഓടിവരുമ്പോൾ പ്രിയ അവനെ കുറ്റപ്പെടുത്താൻ തുടങ്ങും.

രാജീവിന് വീട്ടിൽ വന്നാൽ ഒരു സമാധാനവും കൊടുക്കില്ലായിരുന്നു. ഓഫീസ് കഴിഞ്ഞ് ക്ഷീണിച്ചു വരുന്ന അവൻ ഭാര്യയുടെയും അമ്മയുടെയും ഇടയിൽ പെട്ട് എന്ത് ചെയ്യണമെന്ന് അറിയാതെ വിഷമിക്കും..

 

​പ്രിയയുടെ നിലവിളി കേട്ട് അയൽവാസികൾ മുഴുവൻ ജനലിലൂടെയും മതിലിന് മുകളിലൂടെയും എത്തി നോക്കും.

അത് രാജീവിന് വലിയ നാണക്കേടുണ്ടാക്കും.. അവന്റെ മനസ് വിഷമിക്കും..

അതുകൊണ്ട് ലളിതയമ്മ എല്ലാം ഒന്നും മിണ്ടാതെ സഹിച്ചു. തന്റെ പെൺമക്കൾ ഈ വിവരം അറിഞ്ഞിട്ടുണ്ടെങ്കിൽ അത് വലിയ ഭൂകമ്പം ആവും എന്ന് ലളിതയ്ക്ക് നന്നായി അറിയാമായിരുന്നു.

മക്കളുടെ കുടുംബജീവിതം തകരരുത് എന്നും, മകൻ രാജീവിനോടുള്ള സ്നേഹാദിക്യം കൊണ്ട് ലളിതയമ്മ ആരോടും ഒന്നും പറഞ്ഞില്ല.

പെൺമക്കൾ ഫോൺ വിളിക്കുമ്പോൾ താൻ ഇവിടെ സുഖമായിരിക്കുന്നു എന്ന് അവർ നുണ പറഞ്ഞു.

 

​എന്നാൽ സത്യം അധികനാൾ ഒളിച്ചുവെക്കാൻ കഴിഞ്ഞില്ല. ഒരു ദിവസം രാജീവിന്റെ പെങ്ങൾ രേണുക പെട്ടെന്ന് വന്ന് എല്ലാം കണ്ടു.

സത്യത്തിൽ രേണുക വരാൻ ഒരു കാരണമുണ്ടായിരുന്നു. അയൽവാസിയായ വത്സല ചേച്ചി ആയിരുന്നു ലളിതയുടെ അവസ്ഥ രേണുകയോട് ഫോണിൽ വിളിച്ചുപറഞ്ഞത്.

“മോളേ രേണുകാ, നീ വന്ന് നിന്റെ അമ്മയെ ഇവിടുന്ന് കൊണ്ടുപോകാണെങ്കിൽ കൊണ്ടുപോ. ആ പ്രിയ ആ പ്രായമായ സ്ത്രീയെക്കൊണ്ട് പട്ടിപ്പണി ചെയ്യിക്കുകയാണ്.

ചോദിച്ചാൽ അവിടെ വലിയ വഴക്കാണ്. രാജീവൻ ഒന്നും അറിയുന്നില്ല എന്ന് തോന്നുന്നു.. ഞങ്ങൾ അവനോട് പറയാം എന്നുവച്ച് അവനു സങ്കടം ആവും എന്നും പറഞ്ഞ് ലളിതേച്ചി പറയാൻ സമ്മതിക്കില്ല!!” എന്ന് വത്സല ചേച്ചി പറഞ്ഞത് കേട്ടാണ് രേണുക ഓടി
വന്നത്.

​രേണുക വീട്ടിൽ എത്തുമ്പോൾ ലളിതയമ്മ കിച്ചണിൽ വിയർത്തു കുളിച്ച് വലിയ പാത്രങ്ങൾ കഴുകുകയായിരുന്നു.

പ്രിയ ഹാളിൽ ഇരുന്ന് ടിവി കാണുന്നുണ്ടായിരുന്നു.. കുഞ്ഞ് കിടന്നുറങ്ങുകയാണ്…

ഇതുകണ്ട രേണുകയുടെ ചോര തിളച്ചു. അവൾ അമ്മയുടെ കൈയിൽ പിടിച്ച് വലിച്ചു പുറത്തേക്ക് കൊണ്ടുവന്നു.

 

അപ്പോഴാണ് രാജീവ് ജോലി കഴിഞ്ഞു വീട്ടിലെത്തിയത്.
.
​താൻ അമ്മയെ കൊണ്ടുപോകുകയാണ് എന്ന് രേണുക രാജീവിനോട് പറഞ്ഞു.

അവൻ അത് കേട്ട് അത്ഭുതപ്പെട്ടു. “അമ്മ ഇവിടെ നിന്നോട്ടെ, എന്തിനാണ് ഇപ്പോൾ കൊണ്ടുപോകുന്നത്?”

എന്ന് അവൻ ചോദിച്ചപ്പോൾ രേണുക കൺട്രോൾ പോയി പൊട്ടിത്തെറിച്ചു.

 

​”നിന്റെ പെണ്ണുംപിള്ളയ്ക്ക് വച്ചു വിളമ്പാൻ ഈ പ്രായമായ എന്റെ അമ്മയെ ഞാൻ വിട്ടു തരില്ല!

നീ കണ്ണുതുറന്ന് നോക്ക്, 83 വയസ്സുള്ള അമ്മയാണ് ഈ കിടന്ന് പണിയെടുക്കുന്നത്.

നിന്റെ ഭാര്യ അവിടെ സുഖമായി ഇരുന്ന് ടിവി കാണുന്നു. ഇത് കണ്ടിട്ടും നിനക്ക് ഒന്നും തോന്നുന്നില്ലേ ?” രേണുക ഉറക്കെ ചോദിച്ചു.

​അപ്പോഴാണ് തന്റെ അമ്മയുടെ അവിടെത്തന്നെ നരകം അവൻ മനസ്സിലാക്കിയത്.

അമ്മയുടെ മെലിഞ്ഞുണങ്ങിയ കൈകളും ക്ഷീണിച്ച മുഖവും അവൻ ആദ്യമായി ശ്രദ്ധിച്ചു.

പ്രിയ നാടകം കളിക്കുകയായിരുന്നുവെന്നും അമ്മ തന്നോട് ഒന്നും പറയാതെ ഒളിക്കുകയായിരുന്നുവെന്നും അവന് ബോധ്യമായി.

രാജീവിന് വലിയ സങ്കടവും അതോടൊപ്പം ദേഷ്യവും വന്നു.

 

​അവൻ പ്രിയയുടെ നേരെ തിരിഞ്ഞു..

പ്രിയയോട് മുഴുവൻ ജോലിയും ഒന്നും ചെയ്യണമെന്ന് ഞാൻ പറയുന്നില്ല, വേണമെങ്കിൽ നിന്നെ സഹായിക്കാൻ ഒരു ജോലിക്കാരിയെ കൂടി വച്ചു തരാം.

പക്ഷേ പ്രായമായ അമ്മയെ ഇങ്ങനെ കഷ്ടപ്പെടുത്താൻ കഴിയില്ല എന്ന് തന്നെ അവൻ ഉറച്ചു പറഞ്ഞു.

പറ്റുന്ന കാലത്ത് അമ്മ തങ്ങൾക്ക് വേണ്ടി ഒരുപാട് കഷ്ടപ്പെട്ടതാണെന്നും.. ഇനി പേരക്കുട്ടികളെ കളിപ്പിച്ച് ഇവിടെ വിഷമിക്കേണ്ട പ്രായം ആയെന്നും

അമ്മ ഇനി ഇവിടെ വിശ്രമിക്കുമെന്നും വീട്ടുപണികൾ ഒന്നും ചെയ്യില്ലെന്നും അവൻ വ്യക്തമാക്കി.

 

​തന്റെ കള്ളത്തരം വെളിച്ചത്തായതും രാജീവ് തനിക്കെതിരെ സംസാരിച്ചതും പ്രിയയ്ക്ക് സഹിച്ചില്ല.

അവൾ പതിവുപോലെ ബഹളം വച്ചു. “എന്നെ ഇവിടെ ആർക്കും വേണ്ടല്ലോ, ഞാൻ എന്റെ വീട്ടിൽ പൊയ്ക്കോളാം”

എന്ന് പറഞ്ഞ് കുഞ്ഞിനെയും എടുത്ത് പ്രിയ പിണങ്ങി അവളുടെ സ്വന്തം വീട്ടിലേക്ക് പോയി.

രാജീവ് അവളോട് പോകരുതെന്ന് പറഞ്ഞില്ല, തടഞ്ഞതുമില്ല. ന്യായം തികച്ചും രാജീവിന്റെ ഭാഗത്ത് ആയതുകൊണ്ട് നാട്ടുകാരോ ബന്ധുക്കളോ ആരും പ്രിയയുടെ കൂടെ നിന്നില്ല.

അവൾ തനിയെ ബസ് കയറി പോയി.
​പ്രിയ കരുതിയത് രാജീവ് രണ്ട് ദിവസത്തിനുള്ളിൽ വന്ന് കാലുപിടിച്ച് കൂട്ടിക്കൊണ്ടുപോകും എന്നാണ്.

എന്നാൽ രാജീവ് അവൾ പോയ ശേഷം അമ്മയ്ക്ക് പൂർണ്ണ വിശ്രമം നൽകി, ഒരു ജോലിക്കാരിയെ നിർത്തി കാര്യങ്ങൾ ഭംഗിയായി മുന്നോട്ട് കൊണ്ടുപോയി.

പ്രിയയെ വിളിക്കാൻ അവൻ ശ്രമിച്ചതേയില്ല.
​പ്രിയയുടെ വീട്ടിൽ എത്തിയപ്പോൾ ആദ്യത്തെ ഒരു ദിവസം അമ്മയും അച്ഛനും അവളെ ആശ്വസിപ്പിച്ചു.

 

എന്നാൽ രണ്ടുദിവസം നിന്നപ്പോഴേക്ക് പ്രിയയുടെ ആങ്ങളയുടെ ഭാര്യ കുത്ത് വാക്കുകൾ പറയാൻ തുടങ്ങി.

“കെട്ടിച്ചു വിട്ട പെണ്ണുങ്ങൾ സ്വന്തം പുരുഷന്മാരുമായി വഴക്കിട്ട് ഇങ്ങോട്ട് പോന്നു കഴിഞ്ഞാൽ ഈ വീട്ടിൽ സമാധാനം ഉണ്ടാവില്ല.

അവിടെ പ്രായമായ അമ്മായിയമ്മയെ കഷ്ടപ്പെടുത്തിയത് പോരാഞ്ഞിട്ടാണോ ഇങ്ങോട്ട് വന്നത്?”

എന്ന് ആങ്ങളയുടെ ഭാര്യ പരസ്യമായി ചോദിച്ചു. പ്രിയയുടെ ആങ്ങളയും അവളെ പിന്തുണച്ചില്ല.

​തന്റെ സ്വന്തം വീട്ടിൽ തനിക്ക് യാതൊരു വിലയുമില്ലെന്ന് പ്രിയയ്ക്ക് മനസ്സിലായി.

ആരും തന്റെ ഭാഗത്ത് ഇല്ലെന്ന് ബോധ്യപ്പെട്ടതോടെ അവൾ ഒറ്റപ്പെട്ടു.

ഒടുവിൽ മൂന്നാം ദിവസം വൈകിട്ട് പ്രിയ അവിടെ നിന്ന് പിണങ്ങി ആരോടും പറയാതെ രാജീവിന്റെ വീട്ടിലേക്ക് തന്നെ തിരിച്ചു വന്നു.

​അവൾ ബാഗും പിടിച്ച് പടിക്കൽ എത്തിയപ്പോൾ രാജീവ് ഉമ്മറത്ത് ഇരിപ്പുണ്ടായിരുന്നു.

പ്രിയ അകത്തേക്ക് കയറാൻ ആഞ്ഞു. എന്നാൽ രാജീവ് അവളെ മുറ്റത്ത് തന്നെ നിർത്തി.

അവന്റെ മുഖത്ത് കടുത്ത ഭാവമായിരുന്നു.
​”നീ ഇങ്ങോട്ട് കയറണ്ട. കയറുന്നതിന് മുൻപ് ഞാൻ പറയുന്നത് വ്യക്തമായി കേൾക്കണം,

” രാജീവ് പറഞ്ഞു. പ്രിയ പേടിയോടെ അവനെ നോക്കി.

​”ഒരായുസ് മുഴുവൻ എന്റെ അമ്മ എനിക്ക് വേണ്ടി കഷ്ടപ്പെട്ടു. എന്നെ വളർത്താനും പഠിപ്പിക്കാനും അമ്മ അനുഭവിച്ച ദുരിതങ്ങൾ എനിക്കറിയാം.

ഇപ്പോൾ അമ്മയ്ക്ക് വാർദ്ധക്യമാണ്. അത് അവർക്ക് വിശ്രമിക്കേണ്ട സമയമാണ്,

അമ്മയെ നോക്കണം എന്ന് ഞാൻ നിന്നോട് പറയില്ല കാരണം അതിനു മകനായ ഞാൻ ഇവിടെ ഉണ്ട് പക്ഷേ കഷ്ടപ്പെടുത്തരുത്.

 

അമ്മയെ ഒരു കാര്യത്തിലും ബുദ്ധിമുട്ടിക്കാതെ, നന്നായി ജീവിക്കാൻ നീ തയ്യാറാണെങ്കിൽ, അതിന് അനുവദിക്കുമെങ്കിൽ മാത്രം നീ ഇങ്ങോട്ട് കയറിയാൽ മതി.

അല്ലെങ്കിൽ ഇപ്പോൾ തന്നെ നിന്റെ വീട്ടിലേക്ക് തിരിച്ചു പോകാം,” രാജീവ് കർശനമായി പറഞ്ഞു.

​രാജീവിന്റെ ഈ മാറ്റം പ്രിയയ്ക്ക് വലിയൊരു തിരിച്ചറിവായിരുന്നു. തന്റെ ശാഠ്യങ്ങളും കോപവും ഇനി ഇവിടെ വിലപ്പോവില്ലെന്ന് അവൾക്ക് മനസ്സിലായി.

തന്റെ സ്വന്തം വീട്ടിൽ പോലും തനിക്ക് സ്ഥാനമില്ലെന്നും, നല്ല സ്വഭാവത്തിൽ നിന്നിട്ടുണ്ടെങ്കിൽ രാജാവിന്റെ വീട്ടിൽ തനിക്ക് യാതൊരു പ്രശ്നവുമില്ലെന്നും അവൾ തിരിച്ചറിഞ്ഞു.

അവിടെ തനിക്ക് എല്ലാ സ്വാതന്ത്ര്യവും സ്നേഹവും ഉണ്ടായിരുന്നു, അത് കളഞ്ഞുകുളിച്ചത് സ്വന്തം തെറ്റുകൊണ്ടാണ് എന്ന് അവൾ സമ്മതിച്ചു.

 

​”എനിക്ക് തെറ്റുപറ്റിപ്പോയി. ഇനി അമ്മയെ ഞാൻ ഒരു കാര്യത്തിനും ബുദ്ധിമുട്ടിക്കില്ല. എല്ലാ പണികളും ഞാൻ നോക്കിക്കൊള്ളാം,” പ്രിയ കരഞ്ഞുകൊണ്ട് പറഞ്ഞു.

 

​അവളുടെ മാറ്റം ആത്മാർത്ഥമാണെന്ന് മനസ്സിലായപ്പോൾ രാജീവ് അവളെ അകത്തേക്ക് കയറ്റി.

പറഞ്ഞതുപോലെ തന്നെ പ്രിയ എല്ലാം ഏറ്റെടുത്തു ചെയ്യാൻ തുടങ്ങി. രാവിലെ നേരത്തെ എഴുന്നേറ്റ് പാചകം ചെയ്യാനും വീട് വൃത്തിയാക്കാനും അവൾ ശ്രദ്ധിച്ചു.

 

ലളിതയമ്മയ്ക്ക് സമയത്തിന് ചായയും ഭക്ഷണവും മരുന്നും അവൾ തന്നെ നേരിട്ട് കൊടുത്തു.

അമ്മയെ ജോലി ചെയ്യാൻ അവൾ സമ്മതിച്ചതേയില്ല.
​മരുമകളുടെ ഈ മാറ്റം കണ്ട് ലളിതയമ്മയുടെ മനസ്സും നിറഞ്ഞു.

അവർ പ്രിയയെ സ്വന്തം മകളെപ്പോലെ സ്നേഹിക്കാൻ തുടങ്ങി.

ഭാര്യയും അമ്മയും തമ്മിൽ സന്തോഷത്തിൽ കഴിയുന്നത് കണ്ടപ്പോൾ രാജീവിന്റെ മനസ്സമാധാനവും തിരിച്ചുകിട്ടി.

അതോടെ അവിടുത്തെ പ്രശ്നങ്ങൾ അടിയോടെ അവസാനിച്ചു. ആ കുടുംബം സമാധാനത്തിലും സന്തോഷത്തിലും മുന്നോട്ട് പോയി.

✍️സ്റ്റോറി ബൈ JK

Leave a Reply

Your email address will not be published. Required fields are marked *