വേണിയിലേക്ക് അലിയാൻ വിജേഷൊരുങ്ങും നേരത്ത് തന്നെയാണ് കൃത്യമായ് അവന്റെ മുറിയുടെ വാതിലിൽ തട്ടി അമ്മ ഉറക്കെയവനെ വിളിച്ചത്….

“ഏട്ടന്റെ ചക്കരയല്ലേ ടീ… ഒന്ന് വാടീ… എത്ര നേരം കൊണ്ട് ഞാൻ നിന്റെ പിന്നാലെ നടന്ന് കെഞ്ചുന്നെടീ പെണ്ണെ… ഇത്രയ്ക്ക് അഹങ്കാരം കാണിക്കാൻ പാടില്ല പെൺകുട്ടികൾ….
നിനക്കൊന്ന് വന്നാലെന്താ ഞാൻ വിളിയ്ക്കുമ്പോൾ… ?

ഒരാവശ്യവുമില്ലാതെ അടുക്കളയിൽ ഓരോന്നും വെറുതെ തുടച്ചും മിനുക്കിയും നിന്ന വേണി പൊട്ടി വന്ന ചിരിയടക്കി വിജേഷിനെ നോക്കി…

ചുണ്ടിലൊരു ഉമ്മയുടെ ആക്ഷനും വെച്ച് അതിദയനീയ ഭാവത്തിലാണ് കക്ഷിയുടെ ഇപ്പോഴെത്തെ നില്പ്…..

ചക്കരയല്ലേ ടീ… ഒന്നു വാ… പ്ലീസ്…

അവൾ നോക്കുന്നുവെന്ന് തോന്നിയതും കണ്ണുകൾ ഒന്നുകൂടി ചെറുതാക്കി ചുണ്ടനക്കിയവൻ വീണ്ടും…

“വന്നിട്ടെന്തിനാ… അവിടെ ചുമ്മാ കിടക്കാനല്ലേ… ഞാനില്ല… എനിയ്ക്ക് ആവശ്യത്തിലേറെ ജോലി ഇവിടെയുണ്ട്…വിജുവേട്ടൻ ചുമ്മാ കളിക്കാതെ പോയെ…. ”

ചുമ്മാ കിടക്കാനോ…. അതും ഞാൻ ഇവിടെയുള്ളപ്പോൾ… വിജുവേട്ടന്റെ ചക്കര അങ്ങനെയൊന്നും വെറുതെ പോലും പറയല്ലേ.. നമുക്കവിടെ എന്തൊക്കെ ജോലികൾ കിടക്കുന്നു… വാ.. ഏട്ടനോരോന്നും കാണിച്ച് പഠിപ്പിച്ചു തരാം ഏട്ടന്റെ വേണിക്കുട്ടിയെ…”

മുണ്ടും മടക്കി കുത്തി ഒരു ചിരിയോടെ അവൾക്കടുത്തേയ്ക്ക് ചെന്ന് വിജേഷ് പറഞ്ഞതും അവന്റെ കയ്യിൽ പെടാതെ വെട്ടിയൊഴിഞ്ഞുമാറിവേണി…

“ഇത് ഇത്തിരി കടുപ്പമാണ് ട്ടോ വേണീ….. ആറ്റു നോറ്റിരുന്നൊരു ലീവ് കിട്ടിയപ്പോ….

യാതൊരു മടിയുമില്ലാതെ വീണ്ടും കെഞ്ചിയവൻ…

ലീവ് കിട്ടിയത് ഏട്ടനു മാത്രമല്ല… അമ്മയ്ക്കും കൂടിയാണ്… അമ്മയുണ്ടിവിടെ… ഇപ്പഴത്തെ അമ്മയുടെ സ്വഭാവം എന്നെക്കാൾ നന്നായ് ഏട്ടനറിയാലോ… വെറുതെ അമ്മയെ കൊണ്ട് ഓരോന്നും പറയിപ്പിക്കാൻ നിൽക്കണ്ട… അമ്മയുടെ സംസാരത്തിനൊന്നും പണ്ടത്തെ പോലെ മയമില്ല വിജുവേട്ടാ… എനിയ്ക്കു വയ്യ നാണം കെടാനും ചീത്ത കേൾക്കാനുമൊന്നും… പൊന്നുമോൻ ചെല്ല്… ചെന്ന് തനിയെ
ചാച്ചിയൊറങ്ങിക്കോ… ഞാനില്ല…. ”

അത്ര നേരവും മുഖത്തുണ്ടായിരുന്ന കളി ചിരി ഭാവമെല്ലാം മാറ്റി ഒട്ടൊരു സങ്കടത്തോടെ വേണി പറഞ്ഞതും അവളെ സങ്കടത്തോടെ നോക്കി വിജേഷ്…..

“അമ്മയല്ലേ ടി… എന്താ ചെയ്യാൻ പറ്റുക.. കുറെയൊക്കെ കണ്ടില്ലാന്നും കേട്ടില്ലാന്നും വെയ്ക്കാം….

വേണിയെ ആശ്വസിപ്പിച്ച് പറയുന്നവന്റെ ശബ്ദത്തിലും വല്ലാത്ത വേദനയും സങ്കടവുമുണ്ട്….

അതു കണ്ടതും സങ്കടമായ് വേണിയ്ക്കും… അമ്മ വീട്ടിലുണ്ടാക്കുന്ന പ്രശ്നങ്ങളിൽ പെട്ടുഴറുന്ന അവനെ അവളോളം മറ്റാർക്കറിയാം…

“എല്ലാം ശരിയാവും ഏട്ടാ…. നമ്മുടെ അമ്മയല്ലേ… ”

അവനൊരു ആശ്വാസവാക്കുമായ് വേണി അവന്റെ അരികിൽ ചെന്നവന്റെ തലയിലൊന്നു തൊട്ടതും നിമി നേരം കൊണ്ടവളെയുയർത്തി തോളിലിട്ടു വിജേഷ്….

“അമ്മ ഇവിടെയില്ലെടി വേണി മോളെ…
അമ്മയും പറമ്പിലെങ്ങാട്ടാണ്… ഞാൻ കണ്ടു അമ്മ പറമ്പിലേക്കിറങ്ങുന്നത്… അതല്ലേ ഏട്ടൻ ഏട്ടന്റെ പൊന്നിന്റെ അടുത്ത് വന്നിത്രയ്ക്കും കെഞ്ചിയത്… ഇനി നമുക്കൊരുമ്മിച്ച് കുറച്ചു നേരം ചാച്ചിയിട്ട് വരാട്ടോ…

പകപ്പോടെ തന്നെ ഞെട്ടി നോക്കുന്നവളോട് പറഞ്ഞ് മുറി ലക്ഷ്യമാക്കി വിജേഷ് നടക്കുമ്പോൾ അല്പനേരം മുന്നെ അവന്റെ മുഖത്തുണ്ടായിരുന്ന ആ സങ്കട ഭാവം പൂർണ്ണമായ് മാറി കഴിഞ്ഞിരുന്നു….

കളിച്ചിരികൾക്കൊടുവിൽ വേണിയിലേക്ക് അലിയാൻ വിജേഷൊരുങ്ങും നേരത്ത് തന്നെയാണ് കൃത്യമായ് അവന്റെ മുറിയുടെ വാതിലിൽ തട്ടി അമ്മ ഉറക്കെയവനെ വിളിച്ചത്….

കണ്ണൊന്നിറുക്കെ ചിമ്മിയടച്ചു പോയ് വിജേഷ്….

തുടരെ തുടരെയുള്ള വാതിലിൽ തട്ടി വിളിയേറിയതും ഞാനിതപ്പോഴേ പറഞ്ഞതല്ലേന്നൊരു ചോദ്യം അവനോടു ചോദിച്ചു കൊണ്ട് വേഗത്തിൽ ബാത്ത് റൂമിനുള്ളിലേക്ക് കയറിവേണി… ആ സമയം കണ്ട അവളുടെ നിറഞ്ഞ കണ്ണുകൾ… മുള്ളു കൊണ്ട് വരഞ്ഞതുപോലെ പിടഞ്ഞു പോയവന്റെ ഉള്ളവും

ഒരു ദിവസം ലീവു കിട്ടുമ്പോഴേയ്ക്കും നീ കേറി കിടന്നുറങ്ങുകയാണോ വിജൂ… ?

ദേഷ്യവും സങ്കടവും ഒരു പോലെ നിറഞ്ഞ മുഖത്തോടെ തനിയ്ക്ക് മുമ്പിൽ വാതിൽ തുറന്നു ചോദ്യഭാവത്തിൽ നിൽക്കുന്നവനെ കണ്ടതേ ചോദിച്ചു ലത….

ഞാൻ പിന്നെ എന്താണമ്മേ ചെയ്യേണ്ടത്… വല്ലപ്പോഴും ഒത്തു കിട്ടുന്നൊരു ലീവിൽ ഇത്തിരി നേരം കിടന്നുറങ്ങാന്ന് വെച്ചാൽ അതിനും സമ്മതിക്കില്ലല്ലോ അമ്മ…. ഇപ്പോ ഇതു ചോദിക്കാനാണോ അമ്മയെന്നെ വിളിച്ചത്….?

ഈർഷ്യ നിറഞ്ഞിരുന്നു വിജേഷിന്റെ ദേഷ്യത്തിൽ… അത് തിരിച്ചറിഞ്ഞിട്ടും പക്ഷെ കുലുക്കമില്ല ലതയ്ക്ക്….

ഞാൻ വിളിച്ചത് നിന്നെ എന്റെയൊപ്പം പറമ്പിലേക്ക് കൂട്ടാനാണ്… ഒരു നൂറു
പണിയുണ്ടവിടെ…പണിക്കാരെ നിർത്തിയാലൊന്നും ശരിയാവില്ല അത്… നമ്മള് തന്നെ ചെയ്യണം… പണ്ടുമത് ചെയ്തോണ്ടിരുന്നത് നമ്മൾ തന്നെയല്ലേ….?

പണ്ടത്തെ പോലെയാണോ അമ്മേ ഇപ്പോൾ… ഇപ്പോഴെറെ കൂടെ വേണിയില്ലേ… അവളോടുമില്ലേ എനിയ്ക്ക് ചില ഉത്തരവാദിത്തങ്ങൾ…?

ചോദിക്കുക തന്നെ ചെയ്തു അവൻ….

അതു പറഞ്ഞപ്പോഴാണ്… വേണിയെവിടെ… ഇവിടെയില്ലേ…. അവളോട് കുറച്ചു കഴിഞ്ഞ് ഇത്തിരി ചായയുമെടുത്തോണ്ട് പറമ്പിലേക്ക് വരാൻ പറ…. എപ്പഴും ഈ മുറിയും അടുക്കളയും നിന്നെയും മാത്രം അവൾ കണ്ടാൽ പോരല്ലോ… സ്വന്തം പറമ്പും തൊടിയും കൂടി കാണട്ടെ അവള്… പറഞ്ഞിട്ട് വേഗം പോരാൻ നോക്ക് നീ… ഞാൻ പുറത്ത് സിറ്റൗട്ടിലുണ്ടാവും….”

അവനെയും കൊണ്ടേ പോവൂ എന്നുറപ്പിച്ച് പറഞ്ഞ് ലത പോയതും തനിയ്ക്ക് പിന്നിലായ് നിൽക്കുന്ന വേണിയെ ഒന്നു പാളി നോക്കി പുറത്തേക്ക് നടന്നു വിജേഷും….

നിറഞ്ഞൊഴുകി പോയ് വേണിയുടെ മിഴികൾ… സ്വർഗ്ഗമാണെന്ന് ഞാൻ കരുതിയ ഈ വീട് താനറിയാതെ തന്നെ തനിയ്ക്കൊരു നരകമായ് തീരുന്നുണ്ടോ…..
ചിന്തിച്ചു പോയവൾ…

ഇതേ ചിന്തയോടെ തന്നെയാണ് വിജേഷും അമ്മയ്ക്കൊപ്പം പറമ്പിലേക്ക് നടന്നത്….

തനിയ്ക്ക് മൂന്നുവയസ്സുള്ളപ്പോഴാണ് ഒരപകടത്തിലൂടെ അച്ഛനെ നഷ്ടപ്പെടുന്നത്… അന്നമ്മയ്ക്ക് ഇരുപത്തിമൂന്ന് വയസ്സാണ്.. മറ്റൊരു വിവാഹം കഴിക്കാതെ പഠനം പൂർത്തിയാക്കി ജോലി വാങ്ങി തനിയ്ക്കു വേണ്ടി മാത്രം ജീവിച്ചതാണ് തന്റെ അമ്മ….

താനും അമ്മയും ഉള്ള തങ്ങളുടെ വീടും ജീവിതവും സ്വർഗ്ഗം തന്നെയായിരുന്നു തങ്ങൾക്ക്… തന്റെ വിവാഹം കഴിഞ്ഞ് വേണിക്കൂടി തങ്ങൾക്കിടയിലേക്ക് വന്നപ്പോൾ അതൊന്നുകൂടി മനോഹരമായ്….. എന്നാലിപ്പോൾ തന്റെയും വേണിയുടെയും വിവാഹം കഴിഞ്ഞൊരു വർഷം ആകാറായിരിക്കുന്ന ഈ സമയത്താണ് അമ്മയുടെ മാറ്റങ്ങളെല്ലാം.. തനിയ്ക്കും വേണിയ്ക്കും തങ്ങളുടെ ജീവിതത്തിലെഎല്ലാ സ്വാതന്ത്ര്യവും തന്ന് മാറി നിന്നിരുന്ന അമ്മയിന്ന് തനിയ്ക്കും വേണിയ്ക്കും ഇടയിലൊരു മതിൽ തീർക്കാനുള്ള ശ്രമത്തിലാണ്… തങ്ങൾക്കെന്നുപറഞ്ഞ് ഒരല്പസമയം തരില്ലെന്ന വാശിയിൽ എവിടെയും അമ്മയുണ്ട് ഇപ്പോൾ തങ്ങളുടെ ഇടയിൽ…

പഴയ കളിതമാശകൾ മാഞ്ഞ് വീടൊരു വീർപ്പുമുട്ടലായിട്ടുണ്ടിപ്പോൾ…

“നീയിത് എന്താലോചിച്ച് നിൽപ്പാണ് ചെക്കാ… വേഗം ഓരോന്നും ചെയ്യാനുള്ളതിന്…

ലത ശബ്ദമുയർത്തിയതും അമ്മയെ ഒന്ന് പാളി നോക്കി തന്റെ പണിയിലേക്ക് തിരിഞ്ഞു വിജേഷ്….

“ഇന്ന് ഞായറാഴ്ച ആണെന്നു വെച്ച് ഞാൻ നിങ്ങൾക്കൊപ്പം അമ്പലത്തിൽ വരണമെന്ന് നിനക്കെന്താ വിജു ഇത്ര നിർബന്ധവും വാശിയും….?
നിനക്കും വേണിയ്ക്കും പോവണമെങ്കിൽ നിങ്ങൾക്കങ്ങ് പോയാൽ പോരെ…. എന്നെ നിർബന്ധിക്കുന്നത് എന്തിനാ….?

ദിവസങ്ങൾക്കപ്പുറം അമ്പലത്തിൽ തൊഴാൻ പോവാൻ അമ്മയെക്കൂടി വിജേഷ് നിർബന്ധിച്ച് വിളിച്ചതും താനില്ലെന്നു പറഞ്ഞ് ഒഴിവാകാൻ ശ്രമിച്ചു ലത
വിജേഷിനെ അനുസരിക്കില്ല എന്നൊരു വാശിയാണ് സത്യത്തിൽ ലതയിൽ…

“നമ്മളു മൂന്നാളും പോകും അമ്മേ ഇന്ന്… അതെന്റെ വാശിയാണ്…. അമ്മയ്ക്ക് മാത്രം പോരല്ലോ വാശി…?

വിജേഷ് ഉറപ്പിച്ചു പറഞ്ഞതും ഒടുവിലവനെ അനുസരിക്കേണ്ടി വന്നു ലതയ്ക്ക്… എന്നാൽ അമ്പലത്തിലെത്തിയ ലത അത്ഭുതപ്പെട്ടു ആദ്യമെങ്കിൽ പിന്നീടതൊരു സങ്കടം തീർത്തവരിൽ…

ലതയ്ക്ക് ഏറ്റവും പ്രിയപ്പെട്ട ലതയോടത്രയും അടുപ്പം സൂക്ഷിയ്ക്കുന്ന ലതയുടെ അഞ്ചു പ്രിയ സുഹൃത്തുക്കൾ….
അവരും ഉണ്ട് അമ്പലത്തിൽ…

ലതയെ വിജേഷിനൊപ്പം കണ്ടതും ഒരു ചമ്മലും വെപ്രാളവും പൊതിഞ്ഞു അവരെയും…

“ഇവർക്കൊപ്പം എപ്പോഴും ഇരിക്കാൻ വേണ്ടിയല്ലേ അമ്മ എന്നെയും വേണിയേയും വെറുപ്പിച്ചോണ്ടിരുന്നത്… .?

വിജേഷിന്റെ ചോദ്യത്തിൽ തല കുനിഞ്ഞു പോയ ലതയുടെ കണ്ണുകളിൽ നിന്ന് കണ്ണുനീരിറ്റി തറയിൽ വീണു ചിതറി….

ലതയൊഴികെ ബാക്കി അഞ്ചു പേരും ഒരു തരത്തിൽ അല്ലെങ്കിൽ മറ്റൊരു തരത്തിൽ സ്വന്തം വീട്ടിൽ നിന്ന് അവഗണനകളും ഒറ്റപ്പെടലും നേരിടുന്നവരാണ്… തുല്യ ദു:ഖിതരായിരുന്ന അവരതിന് കണ്ടെത്തിയ മാർഗ്ഗമാണ് അവരെല്ലാം ചേർന്നൊരു വീടെടുത്ത് ഇനിയുള്ള കാലം സന്തോഷത്തോടെ ഒരുമിച്ച് ജീവിക്കുക എന്നത്…

എല്ലാവരെയും പോലൊരു പ്രശ്നം തനിയ്ക്കും തന്റെ മക്കൾക്കും ഇടയിൽ ഇല്ലെന്നും അതുകൊണ്ടുതന്നെ കൂട്ടുകാർക്കൊപ്പം താമസിക്കാൻ തന്നെ മക്കൾ വിടില്ലെന്നും ലത പറഞ്ഞപ്പോൾ അവരായിട്ട് ഉപദേശിച്ചു കൊടുത്ത വഴിയാണ് മകന്റെയും മരുമകളുടെയും
ഇടയിലെ വില്ലത്തി ആവാൻ… അവർക്ക് ലതയോട് ദേഷ്യമായാൽ ഏതുവിധേനെയും അവളെ അവർ എങ്ങോട്ടും പറഞ്ഞു വിടുമെന്നും ഉപദേശിച്ചതവരാണ്….

“അമ്മയുടെ ഇഷ്ടങ്ങൾക്കും ആഗ്രഹങ്ങൾക്കും ഞാനെതിരല്ല… അമ്മയ്ക്ക് സന്തോഷവും സമാധാനവും കിട്ടുന്ന എന്തും അമ്മയ്ക്ക് ചെയ്യാം.. എന്റെ സപ്പോർട്ട് ഉണ്ടതിന്… ഞാനെന്ന മകനു വേണ്ടി ഇത്രയും കാലം ജീവിതം മാറ്റിവച്ച എന്റെ അമ്മയുടെ ഒരിഷ്ടത്തിനും ഞാനെതിര് നിൽക്കില്ല അമ്മാ….”

കണ്ണീരോടെ വിജേഷ് ലതയെ ചേർത്തു പിടിച്ച് പറഞ്ഞതും തന്റെ മകനെ മനസ്സിലാക്കുന്നതിൽ താൻ പരാജയപ്പെട്ടു എന്നൊരു ചിന്തയോടെ അവനെ തന്നിലേക്ക് ചേർത്തു പിടിച്ച് കണ്ണുനീരൊഴുക്കി ലതയും…. തുറന്നു സംസാരിച്ചാൽ ബന്ധങ്ങളിൽ വിള്ളൽ വരുത്താതെ എന്തും നേടിയെടുക്കാം എന്നുക്കൂടി ലത അന്നേരം തിരിച്ചറിഞ്ഞു

✍️രജിത ജയൻ

Leave a Reply

Your email address will not be published. Required fields are marked *