എന്റെ മകളുടെ വിവാഹം കഴിഞ്ഞു. അതിനുശേഷം ദൂരെ നിന്ന് വന്ന ബന്ധുക്കളൊക്കെ ഒരാഴ്ച ഞങ്ങളോടൊപ്പം താമസിച്ച് പിരിഞ്ഞു പോകുന്ന നേരം, പലരും എന്നോട് പറഞ്ഞ കാര്യം:
“ഇനിയിപ്പോൾ സമാധാനമായില്ലേ… എല്ലാ ഉത്തരവാദിത്വങ്ങളും കഴിഞ്ഞല്ലോ.”
ഞാൻ അവരെ നോക്കി ചെറുതായി ചിരിച്ചു. പക്ഷേ, ആ ചിരിക്ക് പിന്നിൽ അവർ കാണാത്ത ഒരു ശൂന്യതയുണ്ടായിരുന്നു.
പരിഗണിക്കപ്പെടാതെ പോയ ആരുടെയോ ഒരു തേങ്ങൽ .
വീട് പതിയെ ആളൊഴിഞ്ഞു. അലങ്കാരവിളക്കുകൾ അണഞ്ഞു. മുറ്റത്ത് വെയിൽ പന്തൽ വിരിച്ചു.
ഞാൻ പതുക്കെ വീടിന്റെ ഓരോ മുറിയിലൂടെയും നടന്നു.
ഓരോ മുറിയിലും എന്റെ ജീവിതത്തിന്റെ ഓരോ കാലഘട്ടങ്ങൾ ചിതറിക്കിടക്കുന്നതുപോലെ തോന്നി.
മകളുടെ മുറിയിൽ കയറി. നെഞ്ച് വിങ്ങിപ്പൊട്ടി. അലമാരയിലെ ഏറ്റവും അടിയിലെ തട്ടിൽ ഞാൻ സൂക്ഷിച്ചുവെച്ചിരുന്ന അവളുടെ കുട്ടി ഉടുപ്പുകൾ പരതി. അത് അവിടെയില്ല.
അപ്പോഴാണ് ഓർത്തത് കഴിഞ്ഞ അവധിക്ക് വന്നപ്പോൾ അവൾ പറഞ്ഞത്
അമ്മയ്ക്ക് ഭ്രാന്താണ്, എന്റെ നല്ല ഡ്രെസ്സ് വെയ്ക്കാൻ തന്നെ സ്ഥലമില്ല, അപ്പോഴാണ് ഈ പഴയ തുണികളൊക്കെ കെട്ടിപ്പിടിച്ച് വച്ചിരിക്കുന്നത്!” അവൾ അതൊക്കെ പുറത്തേക്ക് വലിച്ചെറിഞ്ഞു.
അവൾക്ക് അതൊക്കെ പഴയ തുണികൾ മാത്രമായിരുന്നു. പക്ഷേ എനിക്ക്… ഓരോന്നിലും എന്റെ ജീവിതത്തിന്റെ മനോഹരമായ ഓരോ അധ്യായങ്ങളായിരുന്നു.”
അല്ലെങ്കിൽ തന്നെ ഒരമ്മ സൂക്ഷിച്ചുവെക്കുന്ന എന്തിനാണ് വിലയുള്ളത് ?
ഞാൻ അടുക്കളയിൽ കയറി ഒരു ചായയിട്ടു. കപ്പിൽ നിന്ന് ഉയരുന്ന ആവി നോക്കിനിൽക്കുമ്പോൾ ഒരു ചോദ്യം മനസ്സിലുയർന്നു:
എപ്പോഴെങ്കിലും എനിക്ക് വേണ്ടി മാത്രമായി ഞാനൊരു ചായയിട്ടിട്ടുണ്ടോ?
ആ ചിന്ത എന്നെ കുറച്ചുനേരം നിശ്ശബ്ദയാക്കി.
‘അമ്മേ ഒരു ചായ’ സോഫയിൽ കിടന്ന് മോള് വിളിച്ചു പറയുമ്പോൾ……
‘ഒരു ചായ…..’ സ്വീകരണമുറിയിലെ ന്യൂസ് ചാനലുകളിലെ തർക്കങ്ങൾക്കിടയിൽ തലപുകയുന്ന ഭർത്താവിന്റെ ശബ്ദം,
‘മോളെ, ദേ ചായ. …..
അവിടെ വെച്ചേക്ക്’ ഫോണിൽ നിന്നും തലയുയർത്താതെ ടീപോയിലേക്ക് വിരൽ ചൂണ്ടുന്ന മകൾ…
കുടിക്ക് മോളെ, തണുത്തുപോകും
‘ഞാൻ കുടിച്ചോളാം, അവിടെ വെച്ചേക്ക്’
അവൾ ശബ്ദത്തിൽ ഈർഷ്യ കലർത്തും .
പിന്തിരിഞ്ഞു നടക്കുമ്പോൾ ഞാൻ ഓർത്തു
അവളോട് സംസാരിക്കുമ്പോളൊക്കെ ശബ്ദത്തിൽ ഞാൻ കൂടുതലും കലർത്തിയത് സ്നേഹം ആയിരുന്നു .
അദ്ദേഹം ചായ കിട്ടിയാലുടനെ ഊതി കുടിക്കും, മധുരം കൂടുതൽ വേണമെങ്കിൽ മാത്രം പറയും.
ഞാൻ കുടിച്ചോളാം എന്ന് മുൻകൂട്ടി വന്നു നിന്ന ഉത്തരം
‘നീ കുടിച്ചോ?’ എന്നൊരു ചോദ്യം കിട്ടാതെ വെറുതെ കാത്തുനിന്ന് എന്റെ ഉള്ളിലേക്ക് തന്നെ മടങ്ങും.
ഞാൻ ചായ കപ്പുമായി സോഫയിൽ വന്നിരുന്നു
ഫോൺ എടുത്ത് പതിവുപോലെ എന്റെ മകൾക്ക് ഒരു ഗുഡ് മോർണിംഗ് സന്ദേശം അയച്ചു.
മറുപടി പ്രതീക്ഷിച്ചില്ല. കാരണം,
അതൊരു പതിവായിരുന്നു.
അവൾ തിരക്കിലായിരിക്കും.
ചിലപ്പോൾ ഒരു ഹൃദയചിഹ്നം അയക്കും.
പലപ്പോഴും അതുപോലും ഉണ്ടാകാറില്ല.
എങ്കിലും ഞാൻ സന്ദേശം അയയ്ക്കും. മറുപടി കിട്ടുമെന്ന പ്രതീക്ഷ കൊണ്ടല്ല. അയയ്ക്കാതിരിക്കാൻ എനിക്ക് കഴിയാത്തതുകൊണ്ടാണ്.
ഫോൺ മേശപ്പുറത്ത് വച്ചിട്ട് ഞാൻ ജനാലയ്ക്കരികിൽ ചെന്നുനിന്നു. ഗേറ്റിൽ പടർത്തിയ മഞ്ഞ കോളാമ്പി പൂക്കൾ കാറ്റിൽ തലയാട്ടി നിൽക്കുന്നുണ്ട്,അവയെ നോക്കിനിൽക്കേ പെട്ടെന്ന് എന്റെ ഓർമ്മകൾ വർഷങ്ങൾ പിന്നിലേക്ക് ഒരു തുരങ്കം സൃഷ്ടിച്ചു.
എന്റെ അമ്മ…
രാവിലെ ഒരു നീട്ടി വിളിയാണ്……
ചക്കീ. …..മുറ്റം നിറയെ ഇല
വീണിരിക്കുന്നു വെയില് കൂടും മുന്നേ വേഗം മുറ്റമടിച്ചു വൃത്തിയാക്ക്. ……
തീരും മുന്നേ അടുത്തത്
ചക്കീ. ……
പാത്രങ്ങൾ കഴുകി കൊണ്ട് വാ. ….
അമ്മ അപ്പോൾ പ്രാതൽ ഒരുക്കുകയാവും
പിന്നെ അലക്ക്. ……
കറിക്ക് പച്ചക്കറി അരിയൽ. …..
അന്നൊക്കെ അതെല്ലാം എനിക്ക് വലിയൊരു ഭാരമായിരുന്നു.
അതുകൊണ്ടുതന്നെ
അന്നേ ഞാൻ തീരുമാനിച്ചു
“എന്റെ മക്കൾക്ക് ഇതൊന്നും വരരുത്.” അവരെ ഞാൻ ഒരു അടുക്കള ജോലിക്കും വിളിക്കില്ല . അവർ പഠിക്കട്ടെ… കളിക്കട്ടെ… ജീവിതം ആസ്വദിക്കട്ടെ. ….
പക്ഷേ ഇന്ന് ഞാൻ തിരിച്ചറിയുന്നു… അമ്മയോടൊപ്പം ആ ചെറിയ ജോലികൾ ചെയ്തതുകൊണ്ടാണ്
അമ്മയുടെ ക്ഷീണം എനിക്ക് കാണാൻ കഴിഞ്ഞത്…..
അമ്മ ഒന്ന് മിണ്ടാതിരുന്നാൽ അതിന്റെ കാരണം മനസ്സിലാക്കാൻ കഴിഞ്ഞത്……
അമ്മ തളർന്നിരിക്കുമ്പോൾ കൈയിൽ ഒരു ചായക്കപ്പ് കൊടുക്കാൻ ഞാൻ പഠിച്ചത്…….
ഒന്നും പറയാതെ അമ്മയുടെ അടുത്ത് കൂട്ടിരിക്കാൻ കഴിഞ്ഞത്……
ഹോർമോൺ വ്യതിയാനം കൊണ്ടുള്ള അമ്മയുടെ ഡിപ്രഷൻ അതിര് കവിയാതിരുന്നത്,
ഞാൻ അമ്മയോട് സംസാരിച്ചിരുന്നതും, മനസ്സ് തുറന്ന് പരാതികൾ പറഞ്ഞിരുന്നതും, ഇടയ്ക്കൊക്കെ അമ്മയെ ചേർത്തുപിടിച്ചിരുന്നതുമൊക്കെയായിരിക്കാം.
സ്നേഹം വലിയ വാക്കുകളിലല്ല, ചെറിയ കരുതലുകളിലാണെന്ന് ജീവിതം എന്നെ പഠിപ്പിച്ചിരുന്നു.
ആ പാഠം എന്റെ മകളെ ഞാൻ പഠിപ്പിച്ചില്ല.
അല്ല… സ്നേഹത്തിന്റെ പേരിൽ, അറിയാതെ ഞാൻ അത് അവളിൽ നിന്ന് മറച്ചുവെച്ചു. അവൾ കഷ്ടപ്പെടാതിരിക്കാൻ ഞാൻ ശ്രമിച്ചപ്പോൾ,
മറ്റൊരാളുടെ ക്ഷീണം തിരിച്ചറിയാനുള്ള അവസരമാണ് ഞാൻ അവളിൽ നിന്ന് എടുത്തുമാറ്റിയത്.
ജനാലയിലൂടെ പുറത്തേക്ക് നോക്കിനിൽക്കുമ്പോൾ എന്റെ ചുണ്ടിൽ ഒരു ചെറിയ ചിരി വിരിഞ്ഞു. അതിൽ സന്തോഷമുണ്ടായിരുന്നില്ല.
സ്വയം വൈകി തിരിച്ചറിഞ്ഞ ഒരാളുടെ നിശ്ശബ്ദമായ സമ്മതം മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഞാൻ മേശപ്പുറത്തിരുന്ന ഡയറി തുറന്നു. ഒരു വെളുത്ത താളിലേക്ക് കുറച്ചുനേരം നോക്കിയിരുന്നു.
അത് അടച്ചു വെച്ച് ഞാൻ ഫോണിൽ
മെസേജുകളുടെ വിൻഡോ തുറന്നു.
മകളുടെ പേരിന് താഴെ വിരലുകൾ നിശ്ചലമായി.
പിന്നെ പതിയെ ടൈപ്പ് ചെയ്യാൻ തുടങ്ങി
“എന്റെ പ്രിയപ്പെട്ട മകൾക്ക്,
ഈ കത്ത് വായിക്കുമ്പോൾ നീ എന്നത്തേയും പോലെ പറയും, ഈ അമ്മയ്ക്ക് വേറെ ഒരു ജോലിയുമില്ല വെറുതെ സമയം കളയാൻ. ഓരോരോ ഭ്രാന്ത് . …..
നിന്നോട് ഒരു ചോദ്യം? ഞാൻ വെറുതെ സമയം കളയുകയായിരുന്നോ?
നിന്നെ കുറ്റപ്പെടുത്താനല്ല.മറിച്ച്
എന്നെ മനസ്സിലാക്കാൻ ചോദിക്കുകയാണ്
നീ ജനിച്ച നിമിഷം മുതൽ
എന്റെ ലോകം മുഴുവൻ നിന്നെ ചുറ്റിപ്പറ്റിയായിരുന്നു.
നിന്റെ ചിരി…
ആദ്യമായി “അമ്മ” എന്ന് വിളിച്ചത്…
ആദ്യ ചുവടുകൾ…
ആദ്യമായി സ്കൂളിൽ പോയ ദിവസം…
നിന്റെ ഓരോ സന്തോഷവും എന്റേതായിരുന്നു.
നിനക്കൊരു പനി വന്നാൽ എനിക്ക് ഉറക്കം നഷ്ടപ്പെടുമായിരുന്നു.
നിനക്ക് ഒരു പോറൽ വീണാൽ എന്റെ നെഞ്ചാണ് നീറിയിരുന്നത്.
നീ ഭക്ഷണം കഴിച്ചോ എന്നറിയാതെ എനിക്ക് ഒരു ഉരുള പോലും ഇറങ്ങാറില്ലായിരുന്നു.
നിന്റെ ജീവിതം നിറങ്ങൾ കൊണ്ട് നിറയുമ്പോൾ മാത്രമാണ് എന്റെ ജീവിതം ഭംഗിയാകുന്നത് എന്ന് ഞാൻ വിശ്വസിച്ചു .
അതിൽ എനിക്ക് ഒരിക്കലും വിഷമമുണ്ടായിരുന്നില്ല.
കാരണം, അതാണ് അമ്മയാകുക എന്ന് ഞാൻ വിശ്വസിച്ചിരുന്നു.
നീ വളർന്നു.
നിന്റെ ലോകവും വളർന്നു.
പഠനം…
സുഹൃത്തുക്കൾ…
സ്വപ്നങ്ങൾ…
പിന്നെ ജോലി…
അതിനുശേഷം ഇപ്പോൾ വിവാഹം…
അതെല്ലാം ജീവിതത്തിന്റെ സ്വാഭാവികമായ മാറ്റങ്ങളായിരുന്നു.അങ്ങനെ തന്നെയാവണം
അതിലൊന്നിലും എനിക്ക് പരാതിയില്ല
പരാതിയുണ്ടായിരുന്നത് മറ്റൊന്നിനോടാണ്.
ആ വളർച്ചയ്ക്കിടയിൽ ഞാൻ പതിയെ നിന്റെ ലോകത്തിന് പുറത്തായിപ്പോയി.
ഞാൻ നിന്നോട് പറയാൻ വന്ന വിശേഷങ്ങൾ പലപ്പോഴും എന്റെ ചുണ്ടുകളിലേക്ക് തന്നെ മടങ്ങിപ്പോയി.
നിന്റെ മുറിയുടെ വാതിൽക്കൽ പലതവണ ഞാൻ വെറുതെ നിന്നിട്ടുണ്ട്. ചായക്കപ്പ് എടുക്കാനെന്ന പോലെ, ഉണങ്ങിയ തുണികൾ അലമാരയിൽ ഒതുക്കാനെന്ന പോലെ…..
പക്ഷേ അതൊന്നുമായിരുന്നില്ല
നിന്നോട് രണ്ട് വാക്ക് സംസാരിക്കാൻ വേണ്ടിയായിരുന്നു .
“അമ്മേ… ഇപ്പോൾ തിരക്കാണ്.”
“പിന്നെ പറയാം.”
ആ രണ്ടു വാക്കുകൾ കേൾക്കുമ്പോൾ ഞാൻ ചിരിച്ചുകൊണ്ട് തിരിഞ്ഞു നടക്കുമായിരുന്നു.
പക്ഷേ, തിരിഞ്ഞു നടക്കുന്നത് എന്റെ കാലുകളും മനസ്സും മാത്രമായിരുന്നു. ….
എന്റെ ഹൃദയം ആ വാതിൽപ്പടിയിൽ ഉള്ളിലേക്ക്
എത്തിവലിഞ്ഞു നിന്നെയും നോക്കി നിൽക്കുമായിരുന്നു.
സ്നേഹപൂർവ്വമുള്ള ഒരു വിളിക്കായ്. ….
നിനക്കത് മനസ്സിലാകാത്തതിൽ ഞാൻ നിന്നെ കുറ്റപ്പെടുത്തുന്നില്ല. കാരണം, ഞാൻ എന്റെ ഏകാന്തത ഒരിക്കലും നിന്നെ അറിയിച്ചിരുന്നില്ല.
നിന്റെ അച്ഛന്റെ ലോകം
ജോലിയുടെയും ഉത്തരവാദിത്തങ്ങളുടെയും തിരക്കിലായിരുന്നു.
എന്നാലും അച്ഛന് മകളെന്നും ജീവൻ തന്നെയായിരുന്നു. നീ എന്നെ സഹായിക്കാറില്ലെന്നു പറയുമ്പോഴൊക്കെ അദ്ദേഹം പറയും,
മോൾക്ക് പഠിക്കാനുള്ളതല്ലേ?
“മോൾ പഠിക്കട്ടെ.”
“ഇത്ര ചെറിയ കാര്യങ്ങൾക്കൊക്കെ അവളെ വിളിക്കേണ്ട.
“ഇവിടെ ഇപ്പോൾ ഇതിനും മാത്രം
എന്താണ് ഇത്ര ജോലി“
എന്ന് തമാശയോടെ ചോദിച്ചു ചിരിക്കുമായിരുന്നു.
കണ്ട് മനസ്സിലാക്കാത്തവരെ പറഞ്ഞു മനസ്സിലാക്കാൻ കഴിയില്ലല്ലോ?
അദ്ദേഹം എന്നെ സ്നേഹിച്ചിരുന്നില്ല എന്നല്ല.
പക്ഷേ,എന്റെ മാറ്റങ്ങൾ,തളർച്ച ശ്രദ്ധിക്കാൻ അദ്ദേഹത്തിനും സമയം കിട്ടിയില്ല.
അല്ലെങ്കിൽ…
ഞാൻ അതിന് അവസരം കൊടുത്തില്ല.
എല്ലാവരുടെയും ആവശ്യങ്ങൾ മുൻകൂട്ടി കണ്ടറിഞ്ഞ് നിറവേറ്റുന്നതിനിടയിൽ, എനിക്ക് എന്താണ് വേണ്ടതെന്ന് ഞാൻ പോലും മറന്നുപോയി.
നിങ്ങൾ പുതിയ ലോകങ്ങൾ മെനഞ്ഞെടുത്തു….. എന്റെ ലോകം… പതിയെ നിശ്ശബ്ദതകൊണ്ട് നിറഞ്ഞു. വീട്ടിൽ എല്ലാവരും ഉണ്ടായിരുന്നിട്ടും, സംസാരിക്കാൻ ഒരാളില്ലാത്ത അവസ്ഥ എത്ര ഭയപ്പെടുത്തുന്നതാണെന്ന് ഞാൻ അപ്പോഴാണ് മനസ്സിലാക്കിയത്.
രാവിലെ എല്ലാവർക്കും ചായ കൊടുക്കുന്ന കൈകൾക്ക്, ഒരു ദിവസം സ്വന്തം ക്ഷീണം ആരെങ്കിലും ശ്രദ്ധിക്കുമോ എന്ന ചെറിയ ആഗ്രഹം മാത്രമേ ഉണ്ടായിരുന്നുള്ളൂ.
ഞാൻ രോഗിയായി കിടന്ന ദിവസങ്ങളിൽ പോലും എന്റെ ശരീരത്തെക്കാൾ കൂടുതൽ വേദനിച്ചത് എന്റെ മനസ്സായിരുന്നു…..
ആ ക്ഷീണം ആരും കണ്ടില്ല. ഒരുപക്ഷേ, ഞാൻ കാണിച്ചുകൊടുത്തതുമില്ല.
എന്നെ എല്ലാവരും ഒരു ശക്തയായ സ്ത്രീയെന്നാണ് കരുതിയത്.
പക്ഷേ, ശക്തരെന്ന് തോന്നുന്നവർക്കും ചിലപ്പോൾ പ്രിയപ്പെട്ടവരുടെ തോളിൽ ഒന്ന് ചാരണമെന്ന് തോന്നില്ലേ?
കരയണമെന്ന് തോന്നില്ലേ?
ഒന്നും പറയാതെ ആരെങ്കിലും കൂടെയിരിക്കണമെന്ന് തോന്നില്ലേ?
നിനക്കറിയാമോ… എനിക്ക് ഏറ്റവും കൂടുതൽ നഷ്ടമായത്
സമയം അല്ല. സംസാരങ്ങളാണ്…..
നമ്മൾ ഒരുമിച്ച് കുടിക്കാതെ പോയ ഒരു ചായയാണ്….
“അമ്മ, സുഖമാണോ?” എന്നൊരു ചോദ്യമാണ് . ….
‘ഞാനില്ലേ കൂടെ’എന്ന അദ്ദേഹത്തിന്റെ ഒരു വാക്കാണ്….
അതൊന്നും വലിയ ആഗ്രഹങ്ങളായിരുന്നില്ല. ഒരു മനുഷ്യൻ മറ്റൊരു മനുഷ്യന് കൊടുക്കാവുന്ന ഏറ്റവും ചെറിയ കരുതലുകൾ മാത്രമായിരുന്നു.
ഞാൻ ഒരു യാത്ര പോകുകയാണ്. …
ഇന്ന് ഞാൻ ഈ യാത്ര പോകുന്നത് നിങ്ങളെ ശിക്ഷിക്കാനല്ല. മറിച്ച്, ബാക്കി ജീവിതം, നഷ്ടപ്പെട്ട എന്നെ കണ്ടെത്താൻ വേണ്ടി ചെലവഴിക്കാനാണ്.
ഒരു കാര്യം കൂടി നിന്നോട് പറയാനുണ്ട്
നിന്റെ ജീവിതത്തിൽ ഒരിക്കൽ ആരെങ്കിലും നിശ്ശബ്ദമായി മാറിനിൽക്കുന്നത് കണ്ടാൽ, അവരുടെ അടുത്ത് ചെന്നിരുന്ന് ചോദിക്കണം… “സുഖമാണോ?”
ചില ജീവിതങ്ങളെ രക്ഷിക്കാൻ ആ ഒരൊറ്റ ചോദ്യം മാത്രം മതിയാകും.
നിന്നോടുള്ള എല്ലാ ചുമതലയും ഞാൻ ഏറെ ഭംഗിയായി തന്നെ നിറവേറ്റിയിരിക്കുന്നു. ഇനി എനിക്ക് വേണ്ടി ഒരു യാത്ര. ….
എന്നെ കുറ്റപ്പെടുത്തരുത്……
സ്നേഹത്തോടെ, അമ്മ.”
മെസ്സേജ് വായിച്ചു തീർന്നപ്പോൾ മകളുടെ കൈകൾ വിറയ്ക്കുകയായിരുന്നു.
അമ്മ അയച്ച പതിവ് ഗുഡ് മോർണിംഗ് സന്ദേശം തുറന്ന് നോക്കാതെ മാറ്റിവെച്ച എത്രയോ പ്രഭാതങ്ങൾ അവളുടെ മനസ്സിലൂടെ മിന്നിമറഞ്ഞു.
ചായയുമായി വാതിൽക്കൽ വന്ന് വെറുതെ നിന്നിരുന്ന അമ്മ…
“തിരക്കാണ് അമ്മ… പിന്നെ സംസാരിക്കാം” എന്ന് പറഞ്ഞ് എത്രയോ തവണ താൻ വാതിൽ ചാരി .
അമ്മയെ ഒരിക്കലും വെറുത്തിരുന്നില്ല. പക്ഷേ, അമ്മ എപ്പോഴും കൂടെയുണ്ടാകുമെന്ന ഉറപ്പിൽ, ആ സാന്നിധ്യത്തിന്റെ വില താൻ തിരിച്ചറിഞ്ഞിരുന്നില്ല.
കത്തിന്റെ അവസാന വരിയിലേക്ക് അവളുടെ കണ്ണുകൾ വീണ്ടും പതിഞ്ഞു. “ഞാൻ എന്നെത്തന്നെ അന്വേഷിച്ചിറങ്ങുകയാണ്…” ആ നിമിഷം അവളുടെ നെഞ്ചിലൂടെ ഒരു ഭയം മിന്നിപ്പാഞ്ഞു.
വിറയ്ക്കുന്ന കൈകളോടെ അവൾ അച്ഛനെ വിളിച്ചു.
“അച്ഛാ…” ഫോണിലൂലെ വിളിക്കുമ്പോൾ
അവളുടെ ശബ്ദം കരച്ചിലിൽ മുങ്ങിയിരുന്നു.
“ഞാൻ അമ്മയുടെ ഒരു മെസ്സേജ് ഫോർവേഡ് ചെയ്തിട്ടുണ്ട്… ഒന്ന് വായിക്കച്ഛാ
മെസ്സേജ് വായിച്ചുതീർന്നപ്പോൾ അദ്ദേഹത്തിന്റെ മുഖത്തെ നിറം മാറി.
ഒരു നിമിഷം പോലും പാഴാക്കാതെ അവർ ഇരുവരും റെയിൽവേ സ്റ്റേഷനിലേക്ക് പുറപ്പെട്ടു…
റെയിൽവേ സ്റ്റേഷനിൽ നല്ല തിരക്കായിരുന്നു.
യാത്രക്കാരുടെ തിരക്കും പ്രഖ്യാപനങ്ങളുടെ ശബ്ദവും ചായക്കച്ചവടക്കാരുടെ വിളികളും പ്ലാറ്റ്ഫോമിലൂടെ ഒഴുകിക്കൊണ്ടിരുന്നു.
ആ തിരക്കിനിടയിൽ ഒരു ബെഞ്ചിൽ ഞാൻ ശാന്തമായി ഇരിക്കുകയായിരുന്നു.
അടുത്തായി ഒരു ചെറിയ ബാഗ്.
കൈയിൽ പകുതി തണുത്ത ഒരു ചായക്കപ്പ്.
ആരെയെങ്കിലും കാത്തിരിക്കുന്നതുപോലെയല്ല…
ഒന്നിൽനിന്നും ഒളിച്ചോടുന്നതുപോലുമല്ല…
വളരെ വർഷങ്ങൾക്കുശേഷം, എന്നോടൊപ്പം ഞാൻ തന്നെ ഇരിക്കുന്ന പോലെ…..
എന്റെ ഏറ്റവും നല്ല സുഹൃത്തിനെ തിരിച്ചറിഞ്ഞ പോലെ. ….
ആ നിശ്ശബ്ദതയെ മുറിച്ചുകൊണ്ട് ഒരു വിളി എന്റെ കാതുകളിലെത്തി.
“അമ്മേ…”
ആ ശബ്ദം കേട്ടപ്പോൾ ഞാൻ പതുക്കെ തിരിഞ്ഞുനോക്കി.
ഓടിക്കിതച്ചെത്തിയ എന്റെ മകൾ.
ശ്വാസം മുട്ടി, കണ്ണുകൾ നിറഞ്ഞ്, എന്നെ കണ്ട നിമിഷം അവൾ എന്റെ കൈകളിൽ മുറുകെ പിടിച്ചു.
“അമ്മേ… എന്നോട് ക്ഷമിക്കൂ…”
വാക്കുകൾ പൂർത്തിയാക്കാൻ പോലും അവൾക്ക് കഴിഞ്ഞില്ല.
അവൾ വിങ്ങിപ്പൊട്ടി ….
ഞാൻ പതിയെ അവളുടെ തലയിൽ കൈവച്ചു.
“കരയണ്ട മോളേ…”
അതിലപ്പുറം എനിക്ക് ഒന്നും പറയാനുണ്ടായിരുന്നില്ല.
ആ നിമിഷം വാക്കുകളേക്കാൾ ശക്തമായത് ഞങ്ങൾക്കിടയിലെ നിശ്ശബ്ദതയായിരുന്നു.
അപ്പോഴേക്കും എന്റെ ഭർത്താവും ഞങ്ങളുടെ അടുത്തെത്തി.
എന്നെ നോക്കി കുറച്ചുനേരം അദ്ദേഹം ഒന്നും പറഞ്ഞില്ല.
ആ കണ്ണുകളിൽ ഞാൻ ഇതുവരെ കാണാത്ത ഒരു ഭാവമുണ്ടായിരുന്നു.
കുറ്റബോധവും വേദനയും സ്നേഹവും എല്ലാം കലർന്ന ഒരു നോട്ടം.
അവസാനം അദ്ദേഹം പതുക്കെ ചോദിച്ചു.
“ഇതെന്താണ് നീ ചെയ്തത്?”
ഞാൻ ചെറുതായി പുഞ്ചിരിച്ചു.
“ഒന്നും ചെയ്തിട്ടില്ല.”
“പിന്നെ ഈ യാത്ര?”
ഞാൻ കുറച്ചുനേരം ട്രെയിൻ പാളങ്ങളിലേക്ക് നോക്കി നിന്നു.
ശേഷം വളരെ ശാന്തമായി പറഞ്ഞു.
“വളരെ വൈകിപ്പോയ ഒരു യാത്രയാണ്.”
അദ്ദേഹം ഒന്നും മിണ്ടിയില്ല.
ആദ്യമായാണ് എന്റെ വാക്കുകൾക്ക് പിന്നിലെ അർത്ഥം കേൾക്കാൻ അദ്ദേഹം ശ്രമിക്കുന്നത് എന്ന് എനിക്ക് തോന്നി.
കുറച്ചുനേരത്തെ നിശ്ശബ്ദതയ്ക്ക് ശേഷം അദ്ദേഹം പറഞ്ഞു.
“വീട്ടിലേക്ക് വരൂ…”
ആ ശബ്ദത്തിൽ ആദ്യമായി ഒരു അപേക്ഷയുണ്ടായിരുന്നു.
ഞാൻ അദ്ദേഹത്തിന്റെ കണ്ണുകളിലേക്ക് നോക്കി.
വർഷങ്ങൾക്കുശേഷം, ഞങ്ങൾ രണ്ടുപേരും പരസ്പരം ശരിക്കും കാണുകയായിരുന്നു.
ഞാൻ പതിയെ തലയാട്ടി.
“ഇപ്പോൾ എനിക്ക് മടങ്ങിവരാൻ കഴിയില്ല.”
അത് കേട്ട് മകളുടെ പിടി എന്റെ കൈയിൽ മുറുകി.
ഞാൻ അവളുടെ കൈകൾ ചേർത്തുപിടിച്ചു.
“ഞാൻ നിങ്ങളെ ഉപേക്ഷിക്കുകയല്ല.
പക്ഷേ, വർഷങ്ങളായി ഞാൻ എന്നെത്തന്നെയാണ് ഉപേക്ഷിച്ചുകൊണ്ടിരുന്നത്.
ആ തെറ്റ് ഇനി തുടരാൻ എനിക്ക് കഴിയില്ല.”
വാക്കുകൾ അവസാനിച്ചപ്പോൾ, ഞങ്ങൾക്കിടയിൽ നിശ്ശബ്ദത നിറഞ്ഞു. ആ നിശ്ശബ്ദതയിൽ കുറ്റപ്പെടുത്തലുകളില്ലായിരുന്നു. വൈകിപ്പോയ തിരിച്ചറിവുകൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ.
അപ്പോഴേക്കും ട്രെയിൻ പ്ലാറ്റ്ഫോമിലേക്ക് പതുക്കെ കയറിവന്നു.അവരുടെ മുഖത്ത് ഒരു മനുഷ്യനെ വൈകി മനസ്സിലാക്കിയതിന്റെ വേദനയായിരുന്നു.
വിസിൽ മുഴങ്ങി……,
ഞാൻ ബാഗ് എടുത്തു.
കയറിയതിനുമുമ്പ് ഒരിക്കൽക്കൂടി അവരെ നോക്കി.
“ഞാൻ തിരികെ വരും……
പക്ഷേ, തിരികെ വരുമ്പോൾ ഞാൻ പഴയ ആളായിരിക്കില്ല.
ആ എന്നെ ഇനി നിങ്ങൾക്കും വേണ്ട. എനിക്കും വേണ്ട.”
ഒരു ചെറു പുഞ്ചിരിയോടെയാണ് ഞാൻ പറഞ്ഞു നിർത്തിയത്.
ഞാൻ ട്രെയിനിൽ കയറി.
ജനാലയരികിലെ സീറ്റിൽ ഇരുന്നു.
ട്രെയിൻ പതിയെ നീങ്ങിത്തുടങ്ങി……
പ്ലാറ്റ്ഫോം പതിയെ പിന്നിലേക്ക് മറഞ്ഞു.
മകളുടെ കണ്ണുനീരും…
ഭർത്താവിന്റെ നിശ്ശബ്ദമായ നോട്ടവും…
കാഴ്ചയിൽ നിന്ന് അകന്നുപോയി.
ജനാലയിലൂടെ പിന്നിലേക്ക് ഓടിമറയുന്ന മരങ്ങളിലേക്കും വീടുകളിലേക്കും ഞാൻ നോക്കിയിരുന്നു. ജനാലയിലൂടെ കടന്നുപോകുന്ന കാഴ്ചകളിലേക്ക് ഞാൻ കണ്ണുകളൂന്നി. ജീവിതത്തിൽ ആദ്യമായി ഒരു യാത്ര. …..
വർഷങ്ങളായി മറ്റുള്ളവർക്കായി മാത്രം ജീവിച്ച ജീവിതത്തിൽ, എനിക്കും ഒരു ഇടമുണ്ടെന്ന് ഓർമ്മിപ്പിക്കാൻ…
ചില യാത്രകൾ സ്ഥലങ്ങളിലേക്കുള്ളതല്ല.
അവ സ്വന്തം ഉള്ളിലേക്കുള്ള മടക്കയാത്രകളാണ്.
“അതെ… മനസ്സിലാക്കാത്തവരിൽ നിന്ന്, സ്വയം തിരിച്ചറിവിലേക്കുള്ള ഒരു യാത്ര
എന്റെ ചുണ്ടുകളിൽ അറിയാതെ ഒരു ചെറിയ പുഞ്ചിരി വിരിഞ്ഞു…..
അഭിമാനത്തോടെയുള്ള ഒരു സ്ത്രീയുടെ പുഞ്ചിരി. ….
പക്ഷേ. ….അപ്പോഴും എന്റെ ഹൃദയം അവരിരുവരെയും കെട്ടിപിടിച്ചു അവിടെ തന്നെ നില്കുകയാണെന്ന്. … ഇനിയെങ്കിലും അവർ അത് തിരിച്ചറിഞ്ഞിട്ടുണ്ടാകുമോ… എന്തോ. …..?
✍️നിവിയ റോയ്
