വെർജിനിറ്റി എന്നത് ആണിനും പെണ്ണിനും ഒരു പോലെയാണ് വൈശാഖ്… മറ്റുള്ളവരെ അപേക്ഷിച്ച് എനിക്കത് ഞാനെന്റെ പങ്കാളിയോട് കാണിക്കുന്ന വിശ്വാസത്തിന്റെ അടിസ്ഥാനം കൂടിയാണ്…. മറ്റൊരുവൾക്ക് ശരീരം പങ്കിട്ടു കൊടുത്ത നിങ്ങളെയിനി എനിയ്ക്ക് എന്റെതായ് കരുതാൻ വയ്യ…. സ്നേഹിക്കാൻ വയ്യ…. അതുകൊണ്ടുതന്നെ എനിയ്ക്ക് വേണ്ട നിങ്ങളെ… നിശ്ചയിച്ചുറപ്പിച്ച നമ്മുടെ വിവാഹത്തിൽ നിന്ന് ഈ നിമിഷം പിന്മാറുകയാണ് ഞാൻ….
ഇതിൽ കൂടുതലൊന്നും എനിക്കിനി വൈശാഖനോടോ ഇവിടെയി കൂടി നിൽക്കുന്ന നമ്മുടെ വീട്ടുക്കാരോടോ പറയാനില്ല…. ”
നിറഞ്ഞൊഴുകാൻ കണ്ണുകൾ വെമ്പൽ കൊണ്ടു പിടഞ്ഞിട്ടും അതടക്കി പിടിച്ച് തൊണ്ടയിടറാതെ അനുപമ പറഞ്ഞു നിർത്തുമ്പോൾ അവളിലുള്ള വൈശാഖ ന്റെ അവസാന പ്രതീക്ഷയും അസ്തമിച്ചു പോയ്…. ശ്വാസം വിങ്ങി കണ്ണുകൾ നിറഞ്ഞവന്റെ… ഒന്നും ചെയ്യാനോ പറയാനോ പറ്റാത്ത വിധം തെറ്റ് പറ്റി കഴിഞ്ഞു… ഇത്ര നാൾ പ്രാണനിൽ കൊണ്ടു നടന്നവളെ നേടാൻ യോഗ്യതയില്ലാത്ത വിധം
ദേഷ്യത്തിൽ പുകഞ്ഞ അവന്റെ നോട്ടം തൊട്ടരികെ തലയും കുനിച്ച് നിലത്തേക്ക് കണ്ണീർ തൂവി നിൽക്കുന്ന അനിതയിലെത്തി….
“എല്ലാം നശിപ്പിച്ചു വെച്ചിട്ടവള് പൂങ്കണ്ണീര് ഒഴുകുന്നു…. നാശം പിടിച്ചത്….”
അവളുടെ നിറഞ്ഞൊഴുകുന്ന കണ്ണുകൾ അവന്റെ ദേഷ്യം കൂട്ടിയതും പല്ലുകൾക്കിടയിലിട്ടു ഞെരിഞ്ഞമർന്നവന്റെ വാക്കുകൾ….
എത്രയവൻ ഒതുക്കിയിട്ടും അവനരികിൽ നിൽക്കുന്ന അനിതയത് കേൾക്കുക തന്നെ ചെയ്തു…. ദയനീയമായ അവളുടെ നോട്ടം ആദ്യം വൈശാഖിലേക്കും പിന്നീടത് അനുപമയിലേക്കും നീണ്ടു….
തന്നെ നോക്കുന്ന അനിതയുടെ കണ്ണുകൾക്കുള്ളിലെ വിജയം കലർന്ന പുഞ്ചിരി പക്ഷെ അനുപമമാത്രമേ തിരിച്ചറിഞ്ഞുള്ളു…
തന്റേതായിരിക്കുന്ന എന്തും തന്നിൽ നിന്ന് ഏതുവിധേനയും തട്ടിയെടുത്ത് സ്വന്തമാക്കുന്നവൾ താൻ നെഞ്ചിൽ കൊണ്ടു നടന്നവനെയും ഒടുവിൽ സ്വന്തമാക്കിയിരിക്കുന്നു…. അതും സ്വന്തം ശരീരം തന്നെ കാഴ്ചവെച്ചു കൊണ്ട്….
നോവേറി അനുപമയ്ക്കുള്ളിലെങ്കിലും അവർക്ക് മുമ്പിൽ കരയില്ലെന്നൊരു വാശിയോടെ ഉറച്ചു നിന്നവൾ…
മോളെ…. അനൂ…. അവനറിയാതെ കള്ളിന്റെ പുറത്ത് പറ്റി പോയതാണ് മോളെ…. അറിഞ്ഞു കൊണ്ടവൻ ഒരിക്കലും നിന്നെ ചതിക്കില്ല… ഇതിവള്, ഈ ഒരുമ്പെട്ടവള് മനപ്പൂർവ്വം ചെയ്തതാണ്… നിങ്ങളെ രണ്ടാളെയും പിരിക്കാൻ വേണ്ടി…. നിനക്കിവിനെ കിട്ടാതിരിക്കാൻ വേണ്ടി… നിനക്കും മനസ്സിലായിട്ടുണ്ടാവും അത്… ഒന്ന് ക്ഷമിക്ക് മോളെ…. അമ്മായിയുടെ പൊന്നല്ലേ…. നിന്നെ നഷ്ടപ്പെടാൻ വയ്യാത്തതുകൊണ്ടാണ് മോളെ….
വൈശാഖിന്റെ അമ്മ അനുപമയുടെ കൈ പിടിച്ച് കെഞ്ചി പറയുന്നതുപോലെ പറഞ്ഞതും അനുപമയിൽ കൊരുത്ത അവരുടെ കൈ അനിത തട്ടിയെറിഞ്ഞു വേഗത്തിൽ….
വൈശാഖന്റെ ഉൾപ്പെടെയുള്ളവരുടെ ഞെട്ടിയ നോട്ടം അനിതയിലേക്ക് നീണ്ടതും കണ്ടു കണ്ണിലും മുഖത്തും നിറയെ ദേഷ്യവുമയ് നിൽക്കുന്നവളെ…
“നിങ്ങളുടെ മകനൊരു പെണ്ണുപിടിയനായതിന് അമ്മായി വെറുതെ എന്നെ പഴി പറയണ്ട….
വയറ്റിലിത്തിരി കള്ള് ചെന്നപ്പോഴേക്കും കുഞ്ഞുനാൾ മുതൽ മനസ്സിൽ കൊണ്ടു നടന്നവളെ മറന്നെന്റെ അരികിൽ വന്നതും എന്റെയൊപ്പം കിടന്നതും ഞാനുമായ് ശരീരം പങ്കുവെച്ചതുമെല്ലാം നിങ്ങളുടെയീ മകനാണ്… അല്ലാതെ ഞാനായ് തേടി ചെന്നിട്ടില്ല നിങ്ങളുടെ മകനെ…. അത് അനുപമയ്ക്ക് മനസ്സിലായതുകൊണ്ടാണ് അവളിയാളെ ഇനിയവൾക്ക് വേണ്ടെന്നു പറഞ്ഞതും…. മനസ്സിലായോ അമ്മായിക്ക്….?
ധാർഷ്ട്യം നിറഞ്ഞ അനിതയുടെ സംസാരം…. മറുപടി പറയാനില്ലാതെ അവൾക്ക് മുന്നിൽ തലക്കുനിച്ചു വൈശാഖിന്റെ അമ്മ….
“കാര്യങ്ങൾ നമ്മളൊന്നും പ്രതീക്ഷിക്കാത്ത രീതിയിലേക്ക് മാറിയതുകൊണ്ട് ഏറ്റവും അടുത്തൊരു മുഹൂർത്തം നോക്കി വൈശാഖ് എന്റെ മകളെ താലിക്കെട്ടണം…. എന്താ നാത്തൂനേ അതു വേണ്ടേ…… അനിതയും അനുപമയും അവന് മുറപ്പെണ്ണുങ്ങൾ തന്നെയാണ്… നാത്തൂന് രണ്ടാളും ഒരുപോലെ തന്നെയല്ലേ….?
കാഴ്ചകൾ കണ്ട് രസിച്ചു മാറി നിന്ന അനിതയുടെ അമ്മ വൈശാഖിന്റെ അമ്മയോട് പറയുന്നതു കേട്ടതും തന്റെ മിഴികൾ ഇറുക്കെ ചിമ്മിയടച്ച് അവിടെ നിന്ന് വേഗത്തിൽ നടന്നകന്നു അനുപമ…
പണ്ടുമുതലേ തന്നെ ജയിക്കാനായ് അനിത ചെയ്യുന്ന ഏതൊരു കാര്യത്തിനും അവൾക്ക് ഫുൾ സപ്പോർട്ടുമായ് നിൽക്കാറുള്ളത് അവളുടെ അമ്മ തന്നെയാണ്…. തന്റെ മകൾക്കൊപ്പം എന്തിനും നിന്നുകൊടുക്കും എന്നതിനപ്പുറം അതിലെ ന്യായവും അന്യായവുമൊന്നും അവരെ തെല്ലും ബാധിച്ചിരുന്നില്ല… മകളുടെ ഇഷ്ടം, മകളുടെ സന്തോഷം അതിനപ്പുറമൊന്നും അവർക്ക് പ്രശ്നമില്ല…..അതിലും ഉപരി അനുപമ ആഗ്രഹിക്കുന്നതെന്തും അനിതയ്ക്ക് നേടിക്കൊടുക്കുന്നതിന് ഒരു വല്ലാത്ത ഉത്സാഹമാണ് അനിതയുടെ അമ്മ ഉഷയ്ക്ക്…. വിവാഹം കഴിഞ്ഞ നാള് മുതലേ കാരണമില്ലാത്തൊരു വാശിയും കുശുമ്പും അനുപമയുടെ മാതാപിതാക്കളോട് അവർക്കുണ്ട്…
“എന്റെ അറിവോ സമ്മതമോ ഇല്ലാതെയാണെങ്കിലും എന്റെ ശരീരം ആദ്യം സ്വന്തമാക്കിയത് വൈശാഖാണ്… ഇനിയീ ശരീരവുമായ് മറ്റൊരു ആണിനു മുമ്പിൽ താലിക്കായ് തല കുനിക്കില്ല ഞാൻ… അമ്മ പറഞ്ഞതുപോലെ വൈശാഖൻ എന്നെ എത്രയും വേഗം വിവാഹം കഴിക്കണം…. ”
ചുറ്റും കൂടിയിരിക്കുന്ന കുടുംബക്കാരെയും ഒടുവിൽ അനുപമയേയും നോക്കി അനിത പറഞ്ഞുെനിർത്തുമ്പോൾ ഇനിയും കൂടുതലൊന്നും അവിടെ നിന്ന് കേൾക്കാൻ വയ്യാത്തതുപോലെ വേഗം അവിടെ നിന്ന് തിരികെ നടന്നു അനുപമ….. അവളുടെയാ തിരികെ നടത്തം കണ്ടതും തന്റെ തകർച്ച പൂർത്തിയായതുപോലെ കണ്ണുകൾ ഇറുക്കി അടച്ചു കളഞ്ഞു വൈശാഖ്…..
കഴിഞ്ഞൊരു രാത്രി കൊണ്ട് എന്തൊക്കെയാണ് തനിയ്ക്ക് സംഭവിച്ചത്…. ഒരിക്കലും അളവിലധികം മദ്യപിച്ചിട്ടില്ലാത്ത താൻ ഇന്നലെ ബോധംകെടും വിധം മദ്യപിച്ച് അനിതയുടെ മുറിയിൽ കയറി താൻ പ്രാണനായ് കൊണ്ടു നടക്കുന്നവളെ മറന്ന് അനിതയെ ശാരീരികമായ് കീഴ്പ്പെടുത്തിയിരിക്കുന്നുവെന്നത് അവനു തന്നെ ഉൾക്കൊള്ളാൻ വയ്യായിരുന്നു….
“എന്നാലുമെന്റെ അമ്മേ…. എനിയ്ക്കിപ്പോഴും വിശ്വസിക്കാൻ വയ്യ ഇതെല്ലാം സത്യമാണെന്ന്…
“വല്ലാത്ത കാഞ്ഞബുദ്ധി തന്നെയാണ് അമ്മയ്ക്ക്…. ആ വൈശാഖനെ കുടിപ്പിച്ചു ബോധംകെടുത്തി അമ്മ എന്റെ മുറിയിലെത്തിച്ചതുകൊണ്ടാണ് അവളെ ആ അനുപമയെ തകർക്കാൻ നമുക്ക് പറ്റിയത്… അതു മാത്രമോ എനിയ്ക്കൊരിക്കലും കിട്ടില്ലാന്ന് ഞാൻ കരുതിയ ആ
വൈശാഖനിതാ എന്നെ കെട്ടാൻ പോണൂ…. അതും അവനെന്നെ നശിപ്പിച്ചെന്ന ചിന്തയിൽ…റൂമിൽ കയറിയപ്പോഴേ ബോധം പോയ അവനെന്നെ തൊട്ടിട്ട് കൂടിയില്ല… പിന്നല്ലേ നശിപ്പിക്കൽ….. ”
ഉഷയെ കെട്ടിപ്പിടിച്ച് അനിത പറഞ്ഞത് നിറഞ്ഞ ചിരിയോടെ കേട്ടിരുന്നു ഉഷ.. ഇതൊക്കെ എത്ര നിസ്സാരമെന്ന പോലെയുള്ള അവരുടെ ഭാവം ഇനിയും എന്തും ചെയ്യാനുള്ളൊരു ധൈര്യം അനിതയ്ക്ക് നൽകുന്നതാണ്….
അതിസുന്ദരിയായ് അണിഞ്ഞൊരുക്കി സ്വർണ്ണത്തിൽ മുക്കി അനിതയെ വധുവായ് ഒരുക്കി നിർത്തുമ്പോൾ ഉള്ളു നിറയുന്നൊരു സംതൃപ്തിയുണ്ട് ഉഷയിൽ… അത് അനുപമയെയും അവളുടെ വീട്ടുകാരെയും വേദനിപ്പിക്കുന്നതിന്റെ സംതൃപ്തിയാണ്… അവൾ നിൽക്കേണ്ടിടത്ത് തന്റെ മകൾ നിൽക്കുന്ന സന്തോഷം …ഒരു ഉന്മാദം നിറച്ചു ഉഷയിൽ…
‘മുഹൂർത്തതിന് സമയമായിട്ടും വരനെ കാണുന്നില്ലല്ലോ…. പയ്യനെവിടെ…..?
താലിക്കെട്ടാൻ സമയമായിട്ടും വൈശാഖനെ കാണാതെ വന്നതും ചോദ്യങ്ങളുയർന്നു വേദിയിൽ…. അതിലും ഉപരി അനുപമയ്ക്ക് വിവാഹം ഉറപ്പിച്ച ചെക്കൻ അനിതയെ കെട്ടാനുള്ള കാരണമെന്തെന്ന് കൂടി ചികയുന്നുണ്ട് ചിലർ….
വൈശാഖ് എവിടെ അമ്മേ….?
ഉഷയെ പിടിച്ചുകുലുക്കി അനിത
‘ഇതെന്താ മുഹൂർത്തം കഴിഞ്ഞിട്ടും നിന്റെ താലിക്കെട്ട് കഴിഞ്ഞില്ലേ അനിതേ…..?
വൈശാഖനെ കാണാതെയായതിന്റെ ഞെട്ടലിൽ നിൽക്കുന്ന അനിത ഞെട്ടി അരികെ വന്ന് ചോദിക്കന്ന അനുപമയെ കണ്ട്…
അവളുടെ വിവാഹം കഴിഞ്ഞിരിക്കുന്നു…. നെറ്റിയിൽ സിന്ദൂരവും കഴുത്തിൽ താലിയും തിളങ്ങുന്നു
‘നീ ഇങ്ങനെ പകച്ച് നോക്കണ്ട… എന്നെ കെട്ടിയത് ഞാൻ സ്നേഹിച്ച എന്നെ സ്നേഹിച്ച വൈശാഖ് തന്നെയാണ്… നിന്നോടവൻ ചെയ്തത് തൽക്കാലം ഞാനങ്ങ് മറന്നു, കള്ളുകുടിച്ച് ബോധമില്ലാതെയല്ലേ… പിന്നെ ഏതെങ്കിലും പെണ്ണിന്റെ അടുത്തല്ലല്ലോ നിന്റെ അടുത്തല്ലേ അവനങ്ങനെ ചെയ്തത്… ഒരു ട്രയൽ ആയി കണ്ടു ഞാനതിനെ… ഇനി നീ എന്ത് ചെയ്യും….?
ആരെക്കെട്ടും…?
പകപ്പോടെ മിഴിച്ചു നിൽക്കുന്നവളെ ചിരിയോടെ നോക്കി തിരക്കി അനുപമ
ഡീ…. നീ…..
കൈ ചൂണ്ടിവിറച്ച് തനിയ്ക്കു നേരെ വന്ന ഉഷയെ ഒരു നോട്ടം കൊണ്ട് നിർത്തി അനുപമ
ശബ്ദമുയർത്തി ആളെ കൂട്ടിയാൽ നാണക്കേട് നിങ്ങൾക്ക് തന്നയാണ്…മകളെ ആണൊരുത്തൻ ഉപയോഗിച്ച കാര്യം പരസ്യമായ് വിളിച്ചു പറയേണ്ടി വരും നിങ്ങൾക്ക്… വൈശാഖൻകയ്യൊഴിഞ്ഞ സ്ഥിതിക്ക് അങ്ങനൊന്ന് പുറത്തറിഞ്ഞാൽ ഉള്ള അവസ്ഥ ഓർത്തു നോക്ക്… എന്നിട്ടാവാം ബാക്കി…. നിങ്ങളെന്തൊക്കെയിനി ചെയ്താലും പറഞ്ഞാലും വൈശാഖിനൊപ്പം ഞാനുണ്ടാവും…. എന്നും…”
ഉറപ്പോടെ പറഞ്ഞ് അനുപമ തിരിഞ്ഞു നടന്നിട്ടും ഞെട്ടൽ ഒഴിയാതെ, ഇനിയെന്ത് എന്നറിയാതെ നിന്നു അനിതയും ഉഷയും…
മോളെ അനിതയും വൈശാഖും തമ്മിൽ അരുതാത്തതൊന്നും നടന്നിട്ടില്ലാന്ന് അവരമ്മയും മകളും പറഞ്ഞത് നീ കേട്ടെന്ന് വൈശാഖനോട് പറഞ്ഞോ നീ….?
സ്വന്തം അമ്മ തിരക്കിയതും അവരെ മായാത്ത പുഞ്ചിരിയോടെ നോക്കി അനുപമ
“അങ്ങനൊന്ന് ഞാനറിഞ്ഞത് അവനറിയണ്ട അമ്മേ….. ഒരു പെണ്ണിനെ താനുപദ്രവിച്ചോ എന്നു തിരിച്ചറിയാൻ പോലും കഴിയാത്ത വിധം കള്ളുകുടിച്ച് തുടങ്ങി അവൻ…ഇതിപ്പോ അവനോടുള്ള ഇഷ്ടത്തിന്റെ പുറത്ത് അവനെ മറക്കാൻ സാധിക്കാത്തത് കൊണ്ട് ഞാനവനെ സ്വീകരിച്ചു എന്ന വിശ്വാസത്തിലാണവൻ… ഒപ്പം ഇനിയൊരിക്കലും മദ്യം കുടിക്കില്ല എന്ന വാശിയിലും…. അതങ്ങനെ തന്നെ എന്നുമാവാൻ
ഇങ്ങനൊന്നവനിപ്പോഴറിയണ്ട… പിന്നീട് സമയവും സന്ദർഭവും ഒത്തുവരുമ്പോൾ ഞാനായിട്ടു പറഞ്ഞോളാം അവനോടെല്ലാം…. അതു വരെ നടന്നതോർത്ത് കുറച്ചധികം പശ്ചാത്തപിക്കട്ടെ അവൻ… അവനുള്ള എന്റെ ശിക്ഷ അതാണ്…”
ഉറച്ചൊരു തീരുമാനമെടുത്ത മനസ്സോടെ അവൾ പറഞ്ഞതിനെ അംഗീകരിച്ചു അമ്മയും…
താനറിയാതെ ചെയ്ത തന്റെ തെറ്റ് അനുപമ പൊറുത്തുവെന്ന സന്തോഷത്തോടെ വൈശാഖൻ അനുപമയെ നോക്കി ചിരിക്കുമ്പോൾ തങ്ങളായ് തങ്ങൾക്ക് കുഴിച്ച കുഴിയിൽ നിന്ന് എങ്ങനെ പുറത്തു കടക്കും എന്നറിയാതെ വന്നു ചേർന്ന ആളുകളോട് എന്തു പറയണമെന്നറിയാതെ ഉഷ പതറി നിൽക്കുമ്പോൾ വൈശാഖെന്ന തന്റെ സ്വപ്നം എന്നേയ്ക്കുമായ് തന്നിൽ നിന്നകന്നു പോയതുൾക്കൊള്ളാനാവാതെ തളർന്നു, തകർന്നു ഉഷയ്ക്കരിക്കിൽ ഇരുന്നു പോയ് അനിതയും….
✍️രജിത ജയൻ
