“കണ്ടവന്റെ കൂടെ അഴിഞ്ഞാടി നടക്കാൻ അല്ലേടി ഒരുമ്പെട്ടവളെ നിനക്ക് ഇപ്പോൾ വിവാഹമോചനം വേണ്ടത്?”
വാതിൽ ശക്തിയായി ചവിട്ടിത്തുറന്ന് അകത്തേക്ക് കയറിയ രമേശൻ അലറി.
കൈയിൽ പാതി കാലിയായ മദ്യക്കുപ്പി. കണ്ണുകൾ തക്കാളി പോലെ ചുവന്നിരുന്നു. ശരീരത്തിൽ മദ്യത്തിന്റെ രൂക്ഷഗന്ധം.
അടുക്കളയിൽ ചോറ് വിളമ്പിക്കൊണ്ടിരുന്ന മായ ഒരു നിമിഷം നിശ്ചലമായി.
അവൾ ഒന്നും പറഞ്ഞില്ല.
“എന്താടി മിണ്ടാത്തത്? ഞാൻ ചോദിച്ചത് കേട്ടില്ലേ?”
മായ പതുക്കെ തല ഉയർത്തി.
“ ആരുടെയും കൂടെ പോകാനല്ല ഞാൻ വിവാഹമോചനം ചോദിക്കുന്നത്.”അവൾ ഇടറിയ സ്വരത്തോടെ പറഞ്ഞു
“പിന്നെ?”
“നിങ്ങളുടെ കൂടെ ജീവിക്കാൻ കഴിയാത്തതുകൊണ്ടാണ്.”
രമേശൻ പരിഹാസത്തോടെ ചിരിച്ചു.
“എന്നെ ഉപേക്ഷിചിട്ട് നീ സുഖമായി ജീവിക്കുമെന്ന് കരുതുന്നുണ്ടോ?”
മായയുടെ കണ്ണുകളിൽ കണ്ണുനീർ നിറഞ്ഞു.
പക്ഷേ അവൾ കരഞ്ഞില്ല.
അത് പുതിയ കാര്യമൊന്നുമല്ലായിരുന്നു.
രമേശന്റെ മദ്യപാനം തുടങ്ങിയിട്ട് വർഷങ്ങളായി.
ആദ്യമൊക്കെ ആഴ്ചയിൽ ഒന്നോ രണ്ടോ ദിവസമായിരുന്നു.
പിന്നെ അത് ദിവസവും ആയി.
മദ്യപിച്ച് വീട്ടിലെത്തിയാൽ അയാൾക്ക് എന്തും പറയാം. എന്തും ചെയ്യാം.എല്ലാം അവൾ മിണ്ടാതെ സഹിക്കണം അത് ആയിരുന്നു അവിടുത്തെ നിയമം.
ചില ദിവസങ്ങളിൽ അവളുടെ പാചകത്തിന് കുറ്റം.
ചില ദിവസങ്ങളിൽ വീട്ടിലെ ചെലവിന് കുറ്റം.
മറ്റു ചില ദിവസങ്ങളിൽ കാരണങ്ങൾ ഒന്നും തന്നെ ഉണ്ടാകാറില്ലയിരുന്നു .
“നിനക്ക് ഏതവനുമായോ ബന്ധമുണ്ട്.”
അതാണ് അയാളുടെ സ്ഥിരം ആരോപണം.
മായ എത്ര വിശദീകരിച്ചാലും അയാൾ വിശ്വസിക്കില്ല.
അതേസമയം, നാട്ടിൽ എല്ലാവർക്കും അറിയാവുന്ന ഒരു കാര്യമുണ്ടായിരുന്നു.
രമേശന് മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടെന്ന്.
അയാൾ ഒളിപ്പിക്കാൻ പോലും ശ്രമിക്കാത്ത ബന്ധം.
രാത്രിയിൽ ഫോണിൽ സംസാരിക്കുന്നത് മായ പലതവണ കേട്ടിട്ടുണ്ട്.
അവൾ ഒരിക്കൽ ചോദിച്ചപ്പോൾ അയാൾ പറഞ്ഞത്,
“എന്റെ ജീവിതത്തിൽ ആരെ വേണമെന്ന് ഞാൻ തീരുമാനിക്കും. നീ ആരാടി എന്നെ ചോദ്യം ചെയ്യാൻ എന്നാണ്
മായ അന്ന് ഒന്നും പറഞ്ഞില്ല.
അവൾക്ക് ഒരു ചോദ്യം മാത്രമേ ഉണ്ടായിരുന്നുള്ളൂ.
“എങ്കിൽ എന്നെ എന്തിനാണ് ഇവിടെ ഇങ്ങനെ നരകിപ്പിക്കുന്നത്?”
അതിനുള്ള ഉത്തരം രമേശൻ ഒരിക്കലും നൽകിയില്ല.
അവൾ വിവാഹമോചനം ചോദിച്ചാൽ അയാൾ കോപിക്കും.
“നിന്നെ ഞാൻ സമാധാനത്തോടെ വിടില്ല.”ഇതായിരുന്നു അയാളുടെ മറുപടി
അവൾ കാരണം ചോദിച്ചാൽ,
“എന്നെ വിട്ടുപോയിട്ട് നിനക്ക് വേറെ ഒരുത്തന്റെ കൂടെ കഴിയാനല്ലേ എന്ന സ്ഥിരം ചോദ്യവും.
അവൾ കരഞ്ഞാൽ,
അത് നാടകം
അവൾ മിണ്ടാതിരുന്നാൽ,അപ്പോൾ ചോദിക്കും
“ എന്നെ ചതിച്ചു അവന്റെ കൂടെ പോയതിന്റെ കുറ്റബോധം കൊണ്ടല്ലേ നായിന്റെ മോളെ നീ മിണ്ടാത്തത് ?”
അങ്ങനെ ഓരോ ദിവസവും അവളുടെ ജീവിതം അയാൾ തകർത്തു കൊണ്ടിരുന്നു .
എന്നിട്ടും മായ സഹിച്ചു.
അയാൾ മാറുമെന്ന പ്രതീക്ഷ കൊണ്ടല്ല .
ഒരിക്കൽ എങ്കിലും ഈ ജീവിതത്തിൽ സമാധാനം വരുമെന്ന പ്രതീക്ഷയിൽ.
പക്ഷേ സമാധാനം വന്നില്ല.
ഒരു രാത്രി രമേശൻ മദ്യപിച്ച് വന്ന് അടുക്കളയിലെ പാത്രങ്ങൾ വലിച്ചെറിഞ്ഞു.
“എനിക്ക് നിന്നെ ഇഷ്ടമല്ല.. പിന്നെയും എന്തിനാടി ഇവിടെ ഇങ്ങനെ തൂങ്ങി പിടിച്ചു നിക്കുന്നെ ?” മദ്യ ലഹരിയിൽ അയാൾ പുലമ്പി
മായ പതുക്കെ പറഞ്ഞു.
“അത് തന്നെയാണ് ഞാൻ ചോദിക്കുന്നതും.”
രമേശൻ അവളുടെ മുഖത്തേക്ക് നോക്കി.
“എന്ത്?”
“എന്നേ പോകാൻ സമ്മതിക്കാത്തത് എന്താണ്.. എന്നെ ഇഷ്ടം അല്ലെങ്കിൽ പോകാൻ അനുവദിക്കണം ”
അയാൾ കുറച്ചു നേരം മിണ്ടാതെ നിന്നു.
പിന്നെ പൊട്ടി ചിരിച്ചു.
“നീ എന്റെ ഭാര്യയല്ലേ..ഞാൻ വേണ്ടെന്ന് വെച്ചാൽ നിന്നെ കൊത്തിയെടുക്കാൻ ആണുങ്ങൾ വരി നിക്കുവല്ലേ.. നിന്നെ ഞാൻ അങ്ങനെ സുഖിക്കാൻ വിടുമെന്ന് കരുതേണ്ട ”
മായയുടെ കണ്ണുകളിൽ വേദന നിറഞ്ഞു.
“ഇത്രയും അധഃപതിക്കരുത് ഒരു മനുഷ്യനും… ഒരു താലി കെട്ടിയതുകൊണ്ട് മാത്രം ഭാര്യയാകും എന്നുണ്ടോ. ഭർത്താവാകാൻ ഒരിക്കൽ എങ്കിലും നിങ്ങൾ ശ്രമിച്ചിട്ടുണ്ടോ?.”
അയാൾ കൈ ഉയർത്തി.
മായ കണ്ണുകൾ അടച്ചു.
പക്ഷേ അടി വീണില്ല .
രമേശൻ കൈ താഴ്ത്തി.
“നിന്റെ നാവ് ഇനി പൊന്തിയിട്ടുണ്ടെൽ കൊന്ന് കളയും ഞാൻ .”
അയാൾ പുറത്തേക്ക് നടന്നു.
മായ നിലത്ത് ഇരുന്ന് കുറെ നേരം കരഞ്ഞു.
അന്ന് അവൾക്ക് സ്വയം പറഞ്ഞു.
“താൻ ഈ വീട്ടിൽ ഭാര്യയായി അല്ല, തടവുകാരിയായി ആണ് കഴിയുന്നത്.”
ദിവസങ്ങൾ കടന്നു.
ഒരു ദിവസം മായ വീണ്ടും വിവാഹമോചനത്തിന്റെ കാര്യം പറഞ്ഞു.
“എനിക്ക് എന്റെ ജീവിതം ജീവിക്കണം, രമേശേട്ടാ.ഇങ്ങനെ നരകിച്ചു തീർക്കാൻ എനിക്കിനി വയ്യ. “അവൾ അപേക്ഷിച്ചു
അയാൾ ചിരിച്ചു.
“എന്നിട്ട്?”
“എനിക്ക് സമാധാനം വേണം.”
“സമാധാനം?”
അയാൾ പരിഹസിച്ചു.
“എന്നെ വിട്ടാൽ നീ കണ്ടവന്റെ കൂടെ അഴിഞ്ഞാടി നടക്കും. അതല്ലേ നിന്റെ മനസ്സിലിരിപ്പ് ?”
മായ തല താഴ്ത്തി.
അവൾക്ക് മറുപടി പറയാൻ പോലും ശക്തിയുണ്ടായിരുന്നില്ല.
അയാൾ പോയ ശേഷം അവൾ കണ്ണാടിയുടെ മുന്നിൽ നിന്നു.
ഒരിക്കൽ സ്വപ്നങ്ങളുമായി വിവാഹം കഴിച്ച പെൺകുട്ടിയെ അവൾ ഓർത്തു.
ഇന്ന് കണ്ണാടിയിൽ കാണുന്നത് ആരാണ്?
ഭയന്ന് ജീവിക്കുന്ന ഒരു സ്ത്രീ.
അടുത്ത ദിവസം അവൾ അമ്മയെ വിളിച്ചു.
“അമ്മേ… ഞാൻ ഇനി കുറച്ചു ദിവസം അവിടെ വന്നു നിക്കട്ടെ… എനിക്ക് ഇവിടെ പറ്റുന്നില്ലമ്മേ…” അവൾ കുഞ്ഞുങ്ങളെ പോലെ തേങ്ങി
മറുവശത്ത് അമ്മയുടെ ശബ്ദവും ഇടറി
“വാ മോളേ.”
മായ ഫോൺ വച്ചു. അവളുടെ കണ്ണുകൾ നിറഞ്ഞു.
പക്ഷേ അവൾ പോയില്ല.
അയാളെ ഉപേക്ഷിച്ചു പോകാൻ ഉള്ള ബുദ്ധിമുട്ട് അല്ലായിരുന്നു
അയാൾ എന്തെങ്കിലും ചെയ്യുമോ എന്ന ഭയമായിരുന്നു. താൻ വീട്ടിലേക്ക് പോയെന്ന് അറിഞ്ഞാൽ അയാൾ അവിടെയും വന്നു പ്രശ്നങ്ങൾ ഉണ്ടാക്കും വയ്യാതിരിക്കുന്ന അച്ഛന് വീണ്ടും അസുഖം കൂടും.. അതുകൊണ്ട് അവൾ എല്ലാം സഹിച്ചു.
അങ്ങനെ മറ്റൊരു മാസം കൂടി കടന്നു.
ഒരു വൈകുന്നേരം രമേശൻ പതിവിലും കൂടുതൽ മദ്യപിച്ചെത്തി.
വീട്ടിൽ കയറിയ ഉടൻ അയാൾ ചോദിച്ചു,
“എവിടെ പോയിരുന്നെടി?”
“അടുത്ത വീട്ടിൽ.”
“ആരുടെ കൂടെ?”
“ഒറ്റയ്ക്കായിരുന്നു.”
“എന്നെ കബളിപ്പിക്കാനാണോ നോക്കുന്നത്?”
മായ ഒന്നും പറഞ്ഞില്ല.
അയാൾ അവളുടെ കൈ പിടിച്ചു വലിച്ചു.അവൾക്ക് നന്നായി വേദനിച്ചു..
“നിനക്ക് വിവാഹമോചനം വേണമല്ലേ?”
മായ ഭയന്ന് അയാളെ നോക്കി.
“വേണം.”
ആ ഒറ്റവാക്ക് അയാളെ കൂടുതൽ പ്രകോപിപ്പിച്ചു.
“ഞാൻ ജീവിച്ചിരിക്കുമ്പോൾ അത് നടക്കില്ല!”
അയാൾ അവളുടെ നേരെ പാഞ്ഞടുത്തു.
മായ പിന്നോട്ട് മാറി.
അവളുടെ പുറം ചുമരിൽ ഇടിച്ചു.
രമേശൻ വീണ്ടും കൈ ഉയർത്തി.
” നുണ പറയുന്നോടി നായെ… നിന്റെ തള്ള തന്നെ ലോക പിഴയാണ് പിന്നെ നീ അങ്ങനെ ആവാതെ വരുമോ.. ”
അത് കേട്ടതും അവളുടെ സകല നിയന്ത്രണവും തെറ്റി. തന്നെ എന്തു പറഞ്ഞാലും കേട്ടുകൊണ്ടിരുന്ന അവൾക്ക് അമ്മയെ പറഞ്ഞപ്പോൾ സഹിക്കാനായില്ല.
ഇത്തവണ മായ കണ്ണുകൾ അടച്ചില്ല.
അവൾ അയാളുടെ കണ്ണുകളിലേക്ക് തന്നെ ഉറ്റു നോക്കി.
വർഷങ്ങളായി അടക്കി വച്ചിരുന്ന വേദന അവളുടെ കണ്ണുകളിൽ ഉണ്ടായിരുന്നു.
പക്ഷേ ഭയം ഇല്ലായിരുന്നു.
“അടിക്ക്.”
അയാൾ ഒരു നിമിഷം നിശ്ചലമായി.
“എന്ത്?”
“എത്ര കാലമായി അടിക്കുന്നു? ധൈര്യം ഉണ്ടേൽ ഒരിക്കൽ കൂടി നീ അടിക്ക്.”അവൾ വിറച്ചു.
അയാൾ വീണ്ടും കൈ ഉയർത്തി.
അപ്പോഴാണ് മായ അയാളുടെ കൈ പിടിച്ച് മാറ്റിയത്.
രമേശൻ അവളെ തള്ളാൻ ശ്രമിച്ചു.
മായ പിന്നോട്ട് വീണെങ്കിലും ഉടൻ എഴുന്നേറ്റു.
വർഷങ്ങളായി സഹിച്ചിരുന്ന അപമാനവും വേദനയും ആ നിമിഷം അവളുടെ ഉള്ളിൽ തീ പോലെ പടർന്നു.
അയാൾ വീണ്ടും അവളുടെ നേരെ വന്നു.
“നീ എന്നെ എതിർക്കാൻ തുടങ്ങിയോ?”
മായ ഒന്നും പറഞ്ഞില്ല.
അയാൾ അവളുടെ മുടിയിൽ പിടിക്കാൻ കൈ നീട്ടി.
മായ പെട്ടെന്ന് മാറി.
അയാൾ തെന്നി മുന്നോട്ട് വീണു.
അയാളുടെ കാലിൽ മായയുടെ കണ്ണ് പതിഞ്ഞു.
വർഷങ്ങളായി തന്റെ ജീവിതം ചവിട്ടി മെതിച്ച കാലുകൾ.
മദ്യപിച്ച് വീട്ടിലെത്തിയ കാലുകൾ.
അന്നം തട്ടിയെറിഞ്ഞു തന്നെ പട്ടിണിക്കിട്ട കാലുകൾ
മറ്റൊരു സ്ത്രീയെ തേടി പോയ കാലുകൾ.
മായയ്ക്ക് ആ നിമിഷം ഭ്രാന്ത് കയറുന്നത് പോലെ തോന്നി
അവൾ അടുത്തിരുന്ന വലിയ മരക്കഷണം എടുത്തു.
രമേശൻ എഴുന്നേൽക്കാൻ ശ്രമിച്ചു.
“മായേ…”
അവൾ ഒരു നിമിഷം പോലും മടിച്ചില്ല.
മരക്കഷണം അയാളുടെ കാലിലേക്ക് ശക്തമായി ഇട്ടു
രമേശൻ വേദനയിൽ അലറി.
“ആഹ്!”
അവൻ നിലത്തേക്ക് വീണു.
“മായേ… എന്താ നീ ചെയ്തത്?”
മായയുടെ കൈകൾ വിറയ്ക്കുന്നുണ്ടായിരുന്നു.
പക്ഷേ അവൾ പിന്നോട്ട് മാറിയില്ല.
“വർഷങ്ങളായി നീ എന്റെ ശരീരത്തെയും മനസ്സിനെയും തകർത്തു.”
അവൾ കരഞ്ഞുകൊണ്ട് പറഞ്ഞു.
“ഇന്ന് ആദ്യമായി ഞാൻ നിന്നെ വേദനിപ്പിച്ചു.”
രമേശൻ നിലത്ത് കിടന്ന് കാലിൽ പിടിച്ചു അലറി..
വേദന കൊണ്ട് പിടയുമ്പോഴും അയാൾ എഴുന്നേൽക്കാൻ ശ്രമിച്ചു.
പക്ഷേ കാലിന് ശേഷി ഉണ്ടായിരുന്നില്ല.
“എന്നെ ആശുപത്രിയിൽ കൊണ്ടുപോ…”
മായ തിരിഞ്ഞുനോക്കി.
“എന്നെ ഉപദ്രവിച്ച് സന്തോഷം കണ്ടെത്തിയപ്പോൾ നീ ഒരിക്കലെങ്കിലും എന്റെ വേദന അറിഞ്ഞിട്ടുണ്ടോ ? ഇന്നൊരു രാത്രിയെങ്കിലും നീ അത് അറിയണം. ”
രമേശൻ മിണ്ടിയില്ല.
ആ രാത്രി മുഴുവൻ അയാൾ നിലത്ത് കിടന്നു ഇഴഞ്ഞു.
മായ ഒരു വാക്കുപോലും പറഞ്ഞില്ല.
പുലർച്ചെയോടെ അയാളുടെ അഹങ്കാരം മുഴുവൻ തകർന്നിരുന്നു.
അടുക്കളയിലേക്ക് ഇഴഞ്ഞെത്തിയ അയാൾ ഒരു ഗ്ലാസ് വെള്ളം എടുക്കാൻ ശ്രമിച്ചു.
പക്ഷെ കൈ വിറച്ചു.
ഗ്ലാസ് താഴെ വീണു.
വെള്ളം നിലത്ത് ചിതറി.
അയാൾ വരണ്ട ചുണ്ടുകളോടെ മായയെ നോക്കി.
“മായേ…”
അവൾ തിരിഞ്ഞുനോക്കി.
“കുറച്ചു വെള്ളം…”
മായ അനങ്ങാതെ നിന്നു.
രമേശൻ വീണ്ടും പറഞ്ഞു.
“ഒരു തുള്ളി വെള്ളം…”
അയാൾക്ക് എഴുന്നേൽക്കാൻ കഴിഞ്ഞില്ല.
വർഷങ്ങളായി അവളെ തന്റെ കാൽക്കൽ ഇട്ടു അരച്ചിരുന്ന ആ മനുഷ്യൻ…
ഇന്ന് അവളുടെ കാൽക്കൽ തന്നെ വീണു.
“മായേ… വെള്ളം താ…”
അവളുടെ കാലിൽ അയാളുടെ കൈ പതിച്ചു.
ഒരു നിമിഷം മായയുടെ കണ്ണുകൾ നിറഞ്ഞു.
അവൾ അയാളെ നോക്കി.
ഒരിക്കൽ താൻ സ്നേഹിച്ച മനുഷ്യൻ.
ഇന്ന് ഒരു തുള്ളി വെള്ളത്തിനായി തന്റെ കാൽക്കൽ കിടക്കുന്നു.
മായ അകത്തേക്ക് നടന്നു.
ഒരു ഗ്ലാസ് വെള്ളവുമായി തിരിച്ചുവന്നു.
പക്ഷേ വെള്ളം അയാളുടെ കൈയിൽ കൊടുക്കുന്നതിന് മുമ്പ് അവൾ പറഞ്ഞു
“ഈ വെള്ളം നിനക്ക് ഞാൻ തരുന്നത് നിന്റെ ഭാര്യയായിട്ടല്ല.”
രമേശൻ അവളെ നോക്കി.
“ഒരു മനുഷ്യൻ മറ്റൊരു മനുഷ്യനോട് അവസാനമായി കാണിക്കേണ്ട മനുഷ്യത്വം മാത്രം.”
അവൾ ഗ്ലാസ് അവന്റെ മുന്നിൽ വച്ചു.
രമേശൻ വിറയ്ക്കുന്ന കൈകളാൽ അത് എടുത്തു.
വെള്ളം കുടിക്കുമ്പോൾ അയാളുടെ കണ്ണുകളിൽ നിന്ന് കണ്ണുനീർ ഒഴുകി.
മായ പിന്നെ അവിടെ നിന്നില്ല.
അവൾ തന്റെ വസ്ത്രങ്ങൾ എടുത്തു.
വീടിന്റെ വാതിൽ തുറന്നു.
പുറത്തേക്ക് ഇറങ്ങുന്നതിന് മുമ്പ് ഒരേ ഒരു വട്ടം തിരിഞ്ഞുനോക്കി.
“ഇനി എന്റെ ജീവിതത്തിൽ നീയെന്ന ശാപം ഇല്ല .”
വാതിൽ അടഞ്ഞു.
അകത്ത് രമേശൻ ഒറ്റയ്ക്ക്.
മുന്നിൽ ഒരു ഗ്ലാസ് വെള്ളം.
കാലിൽ വേദന കൊല്ലാതെ കൊല്ലുന്നു .
പക്ഷേ അതിനേക്കാൾ വലിയൊരു വേദന അവന്റെ നെഞ്ചിലുണ്ടായിരുന്നു.
വർഷങ്ങളോളം തന്റെ കാൽക്കൽ ജീവിച്ചിരുന്ന സ്ത്രീ…
ഒടുവിൽ അവന്റെ അഹങ്കാരമാണ് തകർത്തത്.
അവൾ പോയ വഴിയിലേക്ക് നോക്കിക്കൊണ്ട് രമേശൻ പതുക്കെ വിളിച്ചു
“മായേ…”
പക്ഷേ ഇത്തവണ ആ വിളി കേൾക്കാൻ അവൾ അവിടെ ഉണ്ടായിരുന്നില്ല.
✍️അംബിക ശിവശങ്കരൻ.
