വിവാഹം കഴിഞ്ഞ് രണ്ട് വർഷം പിന്നിട്ടപ്പോഴാണ് അരുണിനും മീരയ്ക്കും ഒരു കുഞ്ഞ് വരാൻ പോകുന്നുവെന്ന സന്തോഷവാർത്ത അറിയുന്നത്.
വിദേശത്ത് ഇരുവരും ജോലിചെയ്ത് സന്തോഷത്തോടെ ഒന്നിച്ചു കഴിയുകയായിരുന്നു.
പ്രസവത്തിനായി നാട്ടിൽ പോകുന്നതിനോട് അരുണിന് തീരെ താല്പര്യം ഇല്ലായിരുന്നു.
മീരയെ പിരിഞ്ഞിരിക്കാൻ അയാൾക്ക് അല്പം പ്രയാസമുള്ള കാര്യമായിരുന്നു..
എല്ലാം കൂടി ഓർത്തപ്പോൾ അരുണാണ് ഒരു ദിവസം പറഞ്ഞത്
“അമ്മയെ ഇങ്ങോട്ട് കൊണ്ടുവന്നാലോ?അതാകുമ്പോൾ വേറൊരാളെ സഹായത്തിനു വിളിക്കുന്നതിലും നല്ലതായിരിക്കും.. നമ്മുടെ അമ്മ നോക്കുന്നത് പോലെ ഒരു ജോലിക്കാരിക്ക് ആത്മാർത്ഥത ഉണ്ടാവണമെന്നില്ലല്ലോ..”
മീരയ്ക്ക് ആദ്യം ചെറിയൊരു ആശങ്കയുണ്ടായിരുന്നെങ്കിലും അവൾ സമ്മതിച്ചു.. താനായിട്ട് തടസ്സം നിന്നെന്ന് വേണ്ട. അരുണിന് അമ്മയെ ഇവിടെ കൊണ്ട് വരണമെന്ന് ആഗ്രഹം ഉണ്ടെങ്കിൽ നടക്കട്ടെ..
അരുൺ അമ്മയെ വിളിച്ചു.
“അമ്മേ, മീരയ്ക്ക് വിശേഷം ഉണ്ട്.
അവളെ പ്രസവത്തിനു നാട്ടിൽ വിടുന്നില്ല എന്നാണ് ഞങ്ങളുടെ തീരുമാനം.. ഇവിടെ നല്ല ട്രീറ്റ്മെന്റ് ഒക്കെ കിട്ടുമ്പോൾ വെറുതെ കാശ് മുടക്കി അങ്ങോട്ട് വരണ്ടല്ലോ.. അതുകൊണ്ട് അവളുടെ പ്രസവം വരെ അമ്മ ഇവിടെ ഉണ്ടെങ്കിൽ…”
അവൻ പറഞ്ഞുതീരുന്നതിന് മുമ്പേ
അമ്മ പറഞ്ഞു
“അതിനെന്താ..ഞാൻ വരാം മോനേ.
നീ അല്ലാതെ വേറെ ആരാ എനിക്ക് ഉള്ളത്.. അമ്മ ഇവിടെ ഒറ്റക്കല്ലേ.. എനിക്കൊരു ബുദ്ധിമുട്ടും ഇല്ല..”
അങ്ങനെ അമ്മയെ കൊണ്ട് വരാനുള്ള നടപടികൾ എല്ലാം അരുൺ വളരെ പ്പെട്ടെന്ന് ശരിയാക്കി..
അങ്ങനെ അമ്മ വിദേശത്തെത്തി.
ആദ്യത്തെ കുറച്ച് മാസങ്ങൾ മീരയ്ക്ക് അമ്മയുടെ സാന്നിധ്യം വലിയ ആശ്വാസമായിരുന്നു.
രാവിലെ എഴുന്നേറ്റാൽ വീട് തൂത്തു വാരി വൃത്തിയാക്കി വെക്കും..എല്ലാവർക്കും ഉള്ള ഭക്ഷണം തയ്യാറാക്കി വെക്കും.
രണ്ട് പേരും ജോലിക്ക് പോകുമ്പോൾ ചൂടുള്ള ആഹാരം കാസറോളിൽ ആക്കി കൊടുക്കും.
“മോളേ, ഉച്ചയ്ക്ക് ഇത് മുഴുവൻ കഴിക്കണം.”
“അമ്മേ, ഇത്രയും വേണ്ട.”
“നീ കഴിക്കണം. നിനക്ക് മാത്രമല്ലല്ലോ… ഉള്ളിൽ ഒരാളുണ്ട് എന്ന് മറക്കരുത്…”
മീര ചിരിക്കും.
വൈകുന്നേരം അവൾ വീട്ടിലെത്തുമ്പോൾ അമ്മ വാതിൽ തുറന്നുകൊടുക്കും.
“ക്ഷീണിച്ചോ മോളേ?”
“കുറച്ച്.”
“പോയി കുളിച്ചോ. ഞാൻ ചായ തരാം.”
മീരയ്ക്ക് സ്വന്തം അമ്മയെ ഓർമ്മ വരും.
അമ്മയോട് അവൾക്ക് ഒരു പ്രത്യേക സ്നേഹം തോന്നി.
അരുൺ പോലും വളരെ സന്തോഷത്തിലായിരുന്നു.
വർഷങ്ങൾക്ക് ശേഷം അമ്മയെ അടുത്തുകിട്ടിയതിന്റെ സന്തോഷം അവന്റെ മുഖത്ത് കാണാമായിരുന്നു.
അമ്മയും മകനും ഒരുമിച്ചിരുന്ന് നാട്ടിലെ കാര്യങ്ങൾ സംസാരിക്കും.
അച്ഛനെക്കുറിച്ച് പറയും.
അവരുടെ പഴയ വീടിനെക്കുറിച്ച് പറയും.
ബാല്യത്തിലെ കഥകൾ പറയും.
അരുൺ ചിലപ്പോൾ പൊട്ടിച്ചിരിക്കും.
ആ ചിരി കേട്ട് മീരയും ചിരിക്കും.
അന്ന് അവൾക്ക് യാതൊരു പ്രശ്നവുമുണ്ടായിരുന്നില്ല.
പക്ഷേ കുഞ്ഞ് ജനിച്ചതോടെ കാര്യങ്ങൾ പതുക്കെ മാറി.
കുഞ്ഞിനെ ആദ്യമായി കൈയിൽ എടുത്തപ്പോൾ അരുണിന്റെ കണ്ണുകൾ നിറഞ്ഞു.
അമ്മ കുഞ്ഞിനെ നോക്കി വാത്സല്യത്തോടെ പറഞ്ഞു
“എന്റെ മോന്റെ ആദ്യത്തെ കുഞ്ഞ്…”
അരുൺ അമ്മയുടെ തോളിൽ കൈവെച്ചു.
“അമ്മയ്ക്ക് ആഗ്രഹം പോലെ തന്നെ ഒരു കൊച്ചുമോനെ കാണാൻ കഴിഞ്ഞല്ലോ.”
അത് കണ്ടപ്പോൾ മീരയുടെ മുഖത്തെ ചിരി പതുക്കെ മാഞ്ഞു.
“എന്റെ കുഞ്ഞ്” എന്നതിനു പകരം “എന്റെ മോന്റെ കുഞ്ഞ്”…
ആ വാക്ക് എന്തുകൊണ്ടോ അവളുടെ മനസ്സിൽ കുത്തിപ്പോയി.
അവൾ ഒന്നും പറഞ്ഞില്ല.
പക്ഷേ ആ ദിവസം മുതൽ അവൾ അമ്മയെ മറ്റൊരു കണ്ണിലൂടെ നോക്കിത്തുടങ്ങി.
ഒരു ദിവസം അരുൺ ജോലിക്ക് പോകുന്നതിന് മുമ്പ് അമ്മയോട് ചോദിച്ചു
“അമ്മേ, മരുന്ന് കഴിച്ചോ?”
“കഴിച്ചു മോനേ.”
“കാലിന് വേദനയുണ്ടോ?”
“കുറച്ച്.”
“അപ്പോൾ ഇന്ന് അധികം പണി ചെയ്യണ്ട.”
“നീ പോയി ജോലി നോക്ക്.”
മീര അടുക്കളയിൽ നിന്നെല്ലാം കേൾക്കുന്നുണ്ടായിരുന്നു.
അരുൺ പുറത്തുപോയ ശേഷം അവൾ അമ്മയോട് ചോദിച്ചു.
“അമ്മയ്ക്ക് കാലിന് ഇത്രയും വേദനയാണെങ്കിൽ പറഞ്ഞുകൂടായിരുന്നോ?”
“എന്താ മോളേ?”
“അരുൺ ചോദിച്ചപ്പോൾ ‘കുറച്ച്’ എന്ന് പറഞ്ഞു. പക്ഷേ രാവിലെ മുതൽ എല്ലാം ചെയ്തുകൊണ്ടിരിക്കുകയല്ലേ?”
“അവനെ വിഷമിപ്പിക്കണ്ടല്ലോ.”
മീര ഒന്നും പറഞ്ഞില്ല.
പക്ഷേ മനസ്സിൽ ഒരു ചിന്ത വന്നു.
‘അരുൺ അമ്മയുടെ കാര്യത്തിൽ ഇത്രയും ശ്രദ്ധിക്കുന്നുണ്ടല്ലോ…’
പിന്നീട് ചെറിയ ചെറിയ കാര്യങ്ങൾ പോലും അവൾ ശ്രദ്ധിക്കാൻ തുടങ്ങി.
അരുൺ ഓഫീസിൽ നിന്ന് വരുമ്പോൾ ആദ്യം അമ്മയുടെ മുറിയിലേക്ക് പോകും.
“അമ്മേ, എങ്ങനെയുണ്ട്?”
അമ്മയുടെ മരുന്ന് നോക്കും.
ഭക്ഷണം കഴിച്ചോ എന്ന് ചോദിക്കും.
അമ്മയുടെ കാലിന് എണ്ണ തേച്ചുകൊടുക്കും.
ഇതെല്ലാം മീര കാണും.
ആദ്യമത് സ്നേഹമായി തോന്നി.
പിന്നീട്…
അസ്വസ്ഥതയായി.
“എന്നെക്കാൾ അമ്മയെയാണ് അരുൺ ശ്രദ്ധിക്കുന്നത്.”
ആ ചിന്ത അവളുടെ മനസ്സിൽ വേരൂന്നി.
ഒരു രാത്രി അരുൺ അമ്മയുടെ മുറിയിൽ ഇരുന്ന് പഴയ കഥകൾ പറയുകയായിരുന്നു.
അമ്മ പറഞ്ഞു.
“ നീ ഒന്നാം ക്ലാസിൽ പഠിക്കുമ്പോഴത്തെ ഫോട്ടോ ഇപ്പോഴും വീട്ടിൽ ഞാൻ സൂക്ഷിച്ചു വെച്ചിട്ടുണ്ട് ”
അരുൺ ചിരിച്ചു.
“അമ്മയ്ക്ക് ഇതൊക്കെ എങ്ങനെ കഴിയുന്നു.?”
“നിന്നെക്കുറിച്ചുള്ളതൊക്കെ എങ്ങനെ ഞാൻ കളയും..?”
മീര കിടപ്പുമുറിയിൽ നിന്ന് അത് കേട്ടു.
അവൾക്ക് പെട്ടെന്ന് എന്തോ അസ്വസ്ഥത തോന്നി.
അവൾ വാതിൽക്കൽ വന്ന് നിന്നു.
“അരുൺ…”
“എന്താ?”
“കുഞ്ഞ് കരയുന്നുണ്ട്.”
അരുൺ ഉടൻ എഴുന്നേറ്റു.
പക്ഷേ അമ്മയോട് പറഞ്ഞു.
“എങ്കിൽ അമ്മ കിടന്നോ.കാലിന് വേദന ഉണ്ടെങ്കിൽ വിളിച്ചാൽ മതി..”
മീരയ്ക്ക് അതും ഇഷ്ടപ്പെട്ടില്ല.
‘എല്ലാ കാര്യത്തിനും അമ്മയോട് പറഞ്ഞിട്ടേ ചെയ്യൂ.’
അവളുടെ മനസ്സിൽ ഒരു മതിൽ ഉയരുകയായിരുന്നു.
അമ്മ ഒരിക്കലും മീരയോട് മോശമായി പെരുമാറിയില്ല.
പക്ഷേ മീരയുടെ മനസ്സിലെ നീരസം വളർന്നു.
അടുക്കളയിൽ അമ്മ ഒരു വിഭവം ഉണ്ടാക്കിയാൽ,
“അരുണിനു ഇത് ഇഷ്ടപ്പെടും.”
എന്ന് പറയും.
മീരയ്ക്ക് തോന്നും
“അവന് ഇഷ്ടമുള്ളതൊക്കെ അമ്മയ്ക്ക് അറിയാം. എനിക്ക് ഇഷ്ടമുള്ളത് ആരും ചോദിക്കുന്നില്ല.”
ഒരു ദിവസം അമ്മ അരുണിനായി അവന് ഇഷ്ടമുള്ള പഴയ രീതിയിലുള്ള മീൻകറി ഉണ്ടാക്കി.
അരുൺ കഴിച്ചിട്ട് പറഞ്ഞു:
“അമ്മയുടെ കൈയിലെ രുചി വേറെ തന്നെയാ.എത്ര നാളുകൾ കൂടിയാണ് ഞാൻ ഇത് പോലെ നല്ല ഒരു മീൻ കറി കഴിക്കുന്നത്..”
അവൻ ചിരിച്ചു. പക്ഷെ
മീര ചിരിച്ചില്ല.അവളുടെ ഉള്ള് പുകയുകയായിരുന്നു.
അരുൺ പറയാതെ പറഞ്ഞത് തന്റെ മീൻ കറി കൊള്ളില്ല എന്നല്ലേ..
അമ്മ അവളുടെ മുഖം ശ്രദ്ധിച്ചു.
“മോളേ, നിനക്ക് ഇഷ്ടമായില്ലേ?”
“ഇഷ്ടമായി.”
“എന്താ മുഖം ഒരുമാതിരി.. നിനക്ക് സുഖമില്ലേ..?”
“ഓഹ് ഒന്നുമില്ല.”
അന്ന് രാത്രി അരുൺ ചോദിച്ചു:
“നിനക്കെന്താ?”
“എന്ത്?”
“നീ കുറച്ച് ദിവസമായി മാറിയ പോലെ.”
“എനിക്ക് ഒന്നുമില്ല.”
“അമ്മ എന്തെങ്കിലും പറഞ്ഞോ?”
ആ ചോദ്യം കേട്ടതോടെ മീരയുടെ മുഖം മാറി.
“എന്തുകൊണ്ട് അമ്മയെക്കുറിച്ചാണ് ആദ്യം ചോദിക്കുന്നത്?”
അരുൺ ഞെട്ടി.
“ഞാൻ അങ്ങനെ ചോദിച്ചതല്ല.”
“പിന്നെ?”
“നിനക്ക് വിഷമമുണ്ടെന്ന് തോന്നിയതുകൊണ്ട്…”
“എനിക്ക് വിഷമമുണ്ടെങ്കിൽ അമ്മ എന്തെങ്കിലും പറഞ്ഞിട്ടുണ്ടാകുമല്ലോ. അല്ലേ…”
അരുൺ മിണ്ടാതായി.
അത് അവരുടെ ഇടയിലെ ആദ്യത്തെ വലിയ വിള്ളലായിരുന്നു.
പിന്നീട് വഴക്കുകൾ ചെറുതായി തുടങ്ങി.
“കുഞ്ഞിന് ഇത്രയും കൂടുതൽ ഡ്രസ്സ് ഇടേണ്ട.”
“അമ്മ പറഞ്ഞതല്ലേ…”
“എന്റെ കുഞ്ഞിനെ എങ്ങനെ നോക്കണമെന്ന് എനിക്കറിയാം.”
അമ്മ ഉടൻ മിണ്ടാതാകും.
അടുക്കളയിൽ:
“കുഞ്ഞുള്ള വീട്ടിൽ ഇത്രയും എരിയുള്ള ഭക്ഷണം പാചകം ചെയ്യണോ?”
“ഞാൻ പതിവായി അങ്ങനെയാണ്…”
“അതല്ല മോളെ.. എരി കുറച്ചു കുറയ്ക്കുന്നത് എല്ലാവർക്കും നല്ലതാണ്..”
“എന്റെ ഇഷ്ടത്തിന് ഇവിടെ ഒന്നും വെയ്ക്കാനുള്ള സ്വാതന്ത്ര്യം ഇല്ലേ..”
“ശരി.”
അമ്മ പിന്നെയും മിണ്ടാതാകും.
അരുൺ വീട്ടിലെത്തുമ്പോൾ എല്ലാം സാധാരണപോലെ.
പക്ഷേ വീട്ടിലെ വായുവിൽ എന്തോ ഒരു പുതിയ മാറ്റം വല്ലാതെ ഫീൽ ചെയ്യുന്നുണ്ടായിരുന്നു..
ഒരു ദിവസം അമ്മ കുഞ്ഞിനെ എടുത്ത് പുറത്തിരുന്നപ്പോൾ മീര പറഞ്ഞു..
“അമ്മേ, കുഞ്ഞിനെ അധികം എടുത്തുനടക്കണ്ട.”
“എന്താ?”
“അവന് അമ്മയെ കണ്ടാൽ മാത്രം ഉറങ്ങുന്ന ശീലം വരുന്നു. എന്നോട് ഒരു അടുപ്പവും ഇല്ല. അമ്മ പോയിക്കഴിഞ്ഞാൽ വല്യ പാടാകും…”
അമ്മ ഒന്നും മിണ്ടാതെ കുഞ്ഞിനെ റൂമിൽ കൊണ്ട് കിടത്തി.
അന്ന് രാത്രി അരുൺ അമ്മയുടെ മുറിയിൽ ചെന്നപ്പോൾ അവർ പതുക്കെ ചോദിച്ചു
“മോനേ…”
“എന്താ അമ്മേ?”
“മീരയ്ക്ക് ഞാൻ ഇപ്പോൾ ബുദ്ധിമുട്ടാണോ?”
അരുൺ ഞെട്ടി.
“ആരാ അങ്ങനെ പറഞ്ഞത്?”
“ആരും പറഞ്ഞില്ല.”
“പിന്നെ?”
അമ്മ ചിരിച്ചു.
“അമ്മമാർക്ക് ചില കാര്യങ്ങൾ ആരും പറയാതെ തന്നെ മനസ്സിലാകും.”
അരുൺ ഒന്നും പറഞ്ഞില്ല.
“നീ വിഷമിക്കണ്ട മോനേ. ഞാൻ ഇനി ശ്രദ്ധിച്ചോളാം.”
പക്ഷേ ശ്രദ്ധിക്കാനാകാത്തത്ര കാര്യങ്ങൾ കൂടി കൂടി വന്നു.
ഒരു ദിവസം മീരയും അരുണും തമ്മിൽ എന്തോ പറഞ്ഞു വലിയ വഴക്കായി.
“നീയിങ്ങനെ ആയിരുന്നില്ലല്ലോ. പെട്ടെന്ന് എന്താ നിനക്കൊരു മാറ്റം..?”
“അമ്മയെ നാട്ടിലേക്ക് അയച്ചാൽ മതി.. എല്ലാ പ്രശ്നവും തീരും. ”
അരുൺ ഞെട്ടി.
“എന്ത്?”
“എനിക്ക് ഇവിടെ ഇങ്ങനെ കഴിയാൻ പറ്റുന്നില്ല.”
“അമ്മ എന്ത് ചെയ്തു?”
“ഒന്നും ചെയ്തില്ല.”
“പിന്നെ?”
“ഒന്നും ചെയ്തില്ലേൽ പോലും എനിക്ക് തോന്നുന്നത് ഇതാണ്. എനിക്ക് അരുണിന്റെ സ്നേഹം മുഴുവനായി കിട്ടാത്തത് പോലെ. അരുണും ഒത്തിരി മാറിപ്പോയി. ഇപ്പോൾ എല്ലാത്തിനും അമ്മയെ മതി അരുണിന്. ഞാൻ ഇവിടെ ഉണ്ടെന്ന് പോലുമൊരു ചിന്ത ഇല്ല…”
അവൾ ഉറക്കെ കരഞ്ഞു.
“അരുണിന്റെ ജീവിതത്തിൽ എനിക്ക് എവിടെയാണ് സ്ഥാനം എന്ന് എനിക്ക് ചിലപ്പോൾ അറിയില്ല.”
അരുൺ തലകുനിച്ചു.
“മീര…”
“അരുൺ അമ്മയെ സ്നേഹിക്കുന്നതിൽ എനിക്ക് പ്രശ്നമില്ല. പക്ഷേ…”
അവൾ നിർത്തി.
“പക്ഷേ?”
“ ഭാര്യയായിട്ട് എന്നെ കാണുന്നതിനേക്കാൾ മകനായി അമ്മയെ കാണുന്ന സമയമാണ് കൂടുതൽ. അമ്മയുടെ അടുത്താണ് ഏറെ സമയവും. ഞാൻ ഇവിടെ ഒരു അധികപ്പറ്റ് ആയി..”
അരുൺ വാക്കുകളില്ലാതെ നിന്നു.
അവന് അമ്മയെ വേദനിപ്പിക്കാനും കഴിഞ്ഞില്ല.
ഭാര്യയെ വേദനിപ്പിക്കാനും കഴിഞ്ഞില്ല.
രണ്ടുപേരുടെയും ഇടയിൽ നിൽക്കുന്ന ഓരോ ദിവസവും അവന് വല്ലാതെ ശ്വാസംമുട്ടുന്നതുപോലെ തോന്നി.
അമ്മ പക്ഷെ എല്ലാം മനസ്സിലാക്കി.. എല്ലാം കേട്ടു..
വീണ്ടും ഒരു രാത്രി അരുണും മീരയും തമ്മിലുള്ള വഴക്ക് അവർ കേട്ടു.
വാതിൽ അടച്ചിട്ടിരുന്നെങ്കിലും വാക്കുകൾ പുറത്തേക്ക് വ്യക്തമായിരുന്നു.
“അമ്മ ഇവിടെ ഉള്ളിടത്തോളം നമുക്ക് സമാധാനം ഉണ്ടാകില്ല…”
മീരയുടെ കരച്ചിൽ.
അരുണിന്റെ നിശ്ശബ്ദത.. അവന് മറുപടി ഇല്ലാതായത് അവരെ വല്ലാതെ വേദനിപ്പിച്ചു.
എന്റെ കുഞ്ഞിന് ഞാൻ മൂലം ഇവിടെ സമാധാനം ഇല്ലാതെയായാൽ പിന്നെ എന്തിന് വേണ്ടി ഇവിടെ നിൽക്കണം.
അമ്മ കട്ടിലിൽ ഇരുന്നു.
അവരുടെ കണ്ണുകൾ നിറഞ്ഞു.
അവൾ മുറിയുടെ മൂലയിൽ വെച്ചിരുന്ന പഴയ ബാഗ് എടുത്തു.
പതുക്കെ വസ്ത്രങ്ങൾ മടക്കി വെച്ചു.
“എന്റെ മോന് സമാധാനം വേണം…”
അവർ പതുക്കെ പറഞ്ഞു.
പിറ്റേന്ന് രാവിലെ അരുണിനോട് അമ്മ പറഞ്ഞു:
“മോനേ…”
“എന്താ അമ്മേ?”
“എനിക്ക് നാട്ടിലേക്ക് പോകണം.”
അരുൺ ഞെട്ടി.
“ഇപ്പോഴോ?”
“അതെ.”
“എന്തിന്?”
“നാട്ടിലെ വീട് അടച്ചിട്ടിട്ട് കുറേ നാളായില്ലേ..”
“അമ്മയ്ക്ക് ഇവിടെ എന്തെങ്കിലും പ്രശ്നമുണ്ടോ?”
അമ്മ ചിരിച്ചു.
“ഇല്ല.”
“മീര എന്തെങ്കിലും പറഞ്ഞോ?”
അമ്മ അവന്റെ വായ പൊത്തി.
“അവളെ കുറ്റം പറയരുത്.”
“പക്ഷേ അമ്മ…”
“അവൾ നിന്റെ ഭാര്യയാണ്. അവളുടെ മനസ്സിൽ എന്താണെന്ന് അവൾക്ക് മാത്രമേ അറിയൂ.”
“അമ്മ ഇവിടെ നിന്നാൽ എനിക്ക് സന്തോഷമാണ്.”
അമ്മ അവന്റെ കണ്ണിലേക്ക് നോക്കി.
“നിനക്ക് സന്തോഷം വേണമോ?”
“വേണം.”
“അപ്പോൾ എന്നെ പോകാൻ അനുവദിക്കണം.”
അരുൺ കരഞ്ഞു.
“അമ്മ പോയാൽ ഞാൻ…”
“നീ ചെറുപ്പത്തിൽ വീണാൽ ഞാൻ നിന്നെ എഴുന്നേൽപ്പിച്ചിരുന്നു.”
അവർ അവന്റെ കവിളിൽ കൈവച്ചു.
“ഇപ്പോൾ നീ ജീവിതത്തിൽ ഒന്ന് തെന്നിവീഴുകയാണ്. ഞാൻ വീണ്ടും നിന്നെ പിടിച്ചുനിർത്താൻ പോകുന്നില്ല.അതിന് ഇനി അമ്മയ്ക്ക് കരുത്തുമില്ല. നിന്നെ ചേർത്ത് പിടിക്കാൻ നിന്റെ ഭാര്യ കൂടെയുണ്ട്. അതാണ് മോനെ ശരിയും..”
അരുൺ അമ്മയെ ചേർത്തുപിടിച്ചു.
“അമ്മേ…”
“കരയണ്ട.”
“ഞാൻ അമ്മയോട് തിരിച്ചു പോകാൻ പറഞ്ഞിട്ടില്ല.”
“എനിക്കറിയാം.”
“പിന്നെ എന്തിനാ പോകുന്നത്?”
അമ്മ പതുക്കെ പറഞ്ഞു:
“മോനേ… ചിലപ്പോൾ ഒരാൾ വീട്ടിൽ നിന്ന് പോകുന്നത് അവനെ ആരും വേണ്ടാത്തതുകൊണ്ടല്ല.
അവൻ ഏറ്റവും കൂടുതൽ സ്നേഹിക്കുന്നവർ തമ്മിൽ അകന്നുപോകാതിരിക്കാനാണ്.”
അരുൺ വാക്കുകൾ നഷ്ടപ്പെട്ട് നിന്നു.
മീര വാതിൽക്കൽ നിന്നു ഇതെല്ലാം കേൾക്കുന്നുണ്ടായിരുന്നു.
അവളുടെ ഉള്ളിൽ എന്തോ തകർന്നു വീണു..
അമ്മ അവളെ കണ്ടു.
“മോളേ…”
മീരക്ക് ഒന്നും പറയാൻ കഴിഞ്ഞില്ല.
അമ്മ അവളുടെ അടുത്തേക്ക് വന്നു.
“ഞാൻ നിന്നോട് ഒരിക്കലും ദേഷ്യം കാണിച്ചിട്ടില്ല. കേട്ടോ. എന്റെ മോനെ പോലെ തന്നെ നീയും അമ്മയ്ക്ക് പ്രിയപ്പെട്ടതാണ്…”
മീരയുടെ കണ്ണു നിറഞ്ഞു.
“അമ്മേ…”
“നീ എന്റെ മകനെ സ്നേഹിക്കുന്നതുകൊണ്ടാണ് എന്നെക്കുറിച്ച് ഇത്രയും വേദനിച്ചത്.”
മീര തലകുനിച്ചു.
“ഞാൻ തെറ്റ് ചെയ്തു അമ്മേ…”
അമ്മ അവളുടെ തലയിൽ കൈവച്ചു.
“എല്ലാവർക്കും എപ്പോഴെങ്കിലും തെറ്റുപറ്റാറുണ്ട് മോളേ. അതാരുടെയും കുറ്റമല്ല..”
മീര അമ്മയുടെ കൈ പിടിച്ചു കരഞ്ഞു.
“അമ്മ പോകല്ലേ. എന്നോട് ക്ഷമിക്കില്ലേ.”
അമ്മ ചിരിച്ചു.
“ഞാൻ എവിടേക്കും പോകുന്നില്ല.”
“പിന്നെ?”
“നാട്ടിലെ വീട്ടിലേക്കാണ് പോകുന്നത്. നിന്റെ അമ്മ സ്ഥാനത്തു നിന്നല്ല.. ”
മീര പൊട്ടിക്കരഞ്ഞു.
വിമാനത്താവളത്തിലേക്ക് പോകുമ്പോൾ കുഞ്ഞിനെ അമ്മയുടെ കൈയിൽ കൊടുത്തു.
അമ്മ കുഞ്ഞിന്റെ നെറ്റിയിൽ ചുംബിച്ചു.
“അമ്മൂമ്മയെ മറക്കല്ലേ…”
മീര കരഞ്ഞുകൊണ്ട് പറഞ്ഞു:
“അവൻ മറന്നാലും ഞാൻ മറക്കില്ല.”
അമ്മ അവളെ ചേർത്തുപിടിച്ചു.
അരുൺ ഒന്നും പറയാനാകാതെ നിന്നു.
വിമാനം പറന്നുയർന്നപ്പോൾ മീര അരുണിന്റെ കൈ മുറുകെ പിടിച്ചു.
“അരുൺ…”
“എന്താ?”
“നമ്മൾ അമ്മയെ നഷ്ടപ്പെടുത്തിയിട്ടില്ലല്ലോ?”
അരുൺ കണ്ണുനീർ തുടച്ചു.
“ഇല്ല.”
“പക്ഷേ…”
അവൾ ആകാശത്തേക്ക് നോക്കി.
“നമ്മൾക്ക് വേണ്ടി അമ്മ സ്വന്തം സന്തോഷം നഷ്ടപ്പെടുത്തി.അല്ലേ..
വീണ്ടും അമ്മ ഒറ്റയായി ഇല്ലേ..”
അരുൺ ഒന്നും പറഞ്ഞില്ല.
മീര പതുക്കെ പറഞ്ഞു:
“അമ്മയെ തിരികെ കൊണ്ടുവരണം.”
അരുൺ അവളെ നോക്കി.
“എപ്പോൾ?”
മീര കണ്ണുനീർ തുടച്ചു.
“അമ്മയ്ക്ക് തോന്നുന്ന ദിവസം അല്ല…”
അവൾ അവന്റെ കൈ പിടിച്ചു.
“അമ്മയ്ക്ക് അവിടെ ഇനി ഒറ്റയ്ക്കിരിക്കേണ്ടി വരില്ലെന്ന് നമുക്ക് ഉറപ്പാക്കാൻ കഴിയുന്ന ദിവസം.”
അയാൾ കണ്ണ് നിറച്ച് അവളെ നോക്കി ചിരിച്ചു.
അന്ന് മുതൽ അവരുടെ വീട്ടിൽ അമ്മയുടെ മുറി അതേപടി തന്നെ കിടന്നു.
കട്ടിലിൽ അമ്മ ഉപയോഗിച്ചിരുന്ന തലയിണ.
അടുക്കളയിൽ അവൾ ഉപയോഗിച്ചിരുന്ന ചെറിയ കപ്പ്.
ഇരുന്നിരുന്ന കസേര.
ഒന്നും മാറ്റിയില്ല.
കാരണം…
ചിലർ വീട്ടിൽ നിന്ന് പോയാലും, അവരുടെ സ്നേഹം പോകില്ല.
അത് ഒരു കസേരയിൽ ഇരിക്കും.
ഒരു കപ്പിൽ ബാക്കിയാകും.
ഒരു തലയിണയിൽ മണംപോലെ തങ്ങിനിൽക്കും.
ഒടുവിൽ…
ഒരു ദിവസം, നമ്മൾ നഷ്ടപ്പെടുത്തിയെന്ന് കരുതിയ സ്നേഹത്തിന്റെ വില മനസ്സിലാകുമ്പോഴാണ്
“അമ്മ” എന്നൊരു വാക്കിന്റെ അർത്ഥം മുഴുവൻ മനസ്സിലാകുന്നത്..
✍️ശാലിനി മുരളി..
