ആദ്യ രാത്രിയിൽ ഫ്രണ്ടിലിയായി ഉള്ളിൽ തോന്നിയിരുന്ന ആ പഴയ ഇഷ്ടം ഞാൻ തുറന്ന് പറഞ്ഞതാണ് അയാളോട്… പക്ഷെ അന്ന് മുതൽ സംശയ….

” ഭാര്യ….. ”

” സുഖമായിരിക്കുന്നു… മോളും.. ”

അന്നാദ്യമായി കാർത്തികയ്ക്ക് മുന്നിൽ മറുപടി പറയുമ്പോൾ ഒരു പരുങ്ങൽ തോന്നി ആനന്ദിന്.

” പിന്നെന്താ ചേട്ടാ… ”

അവൾ വീണ്ടും ചോദ്യമെറിയുമ്പോൾ ഉള്ളിലുള്ളത് തുറന്ന് പറയുവാൻ മനസ്സ് കൊണ്ട് തയ്യാറെടുത്തു ആനന്ദ്.

” എനിക്ക് നിന്നെ ഭയങ്കര ഇഷ്ടമായിരുന്നെടോ.. പക്ഷെ അന്ന് അത് തുറന്നു പറയാനുള്ള ധൈര്യം കിട്ടിയില്ല… ”

അവന്റെ വാക്കുകൾക്ക് മുന്നിൽ ഒരു നടുക്കത്തോടെ നോക്കി നിന്നു കാർത്തിക.

” താൻ ഇങ്ങനെ അന്തം വിട്ട് നോക്കേണ്ട.. ഞാൻ വെറുതേ പറഞ്ഞതല്ല… അന്ന് മനസിൽ തോന്നിയ ഒരു ആഗ്രഹമായിരുന്നു പക്ഷെ മനസ്സിൽ തന്നെ ഇട്ട് മൂടി ഞാൻ … ”

പുഞ്ചിരിയോടെ അവൻ പറഞ്ഞു നിർത്തുമ്പോൾ ഒരു നിമിഷം മറുപടിയായ് എന്ത് പറയണമെന്നറിയാതെ കുഴഞ്ഞു കാർത്തിക.

” ചേട്ടാ.. എന്താ ഈ പറയുന്നേ… ഇതെന്താ ഇപ്പോ ഇങ്ങനൊക്കെ.. ”

അവളുടെ മുഖത്ത് ആശ്ചര്യമായിരുന്നു.

” ഹാ…! വർഷങ്ങൾ കുറെ കടന്നു പോയില്ലേടോ… മനസ്സിൽ ഉള്ളത് ഇപ്പോഴെങ്കിലും തുറന്നു പറയണമെന്ന് തോന്നി എനിക്ക്… അല്ലേൽ അതിങ്ങനെ കിടന്ന് പുകയും..”

ആ വാക്കുകളൊക്കെയും അവിശ്വസനീയമായിരുന്നു കാർത്തികയ്ക്ക്..

വർഷങ്ങളായുള്ള സൗഹൃദമാണ് കാർത്തികയും ആനന്ദും തമ്മിൽ.. ഒരു ചാരിറ്റി സംഘടനയിൽ ഒരുമിച്ച് പ്രവർത്തിച്ചു തുടങ്ങിയ ബന്ധം. പെട്ടെന്ന് അവർ നല്ല സൗഹൃദത്തിലായി. ഒരു ചേട്ടൻ അനിയത്തി ബന്ധമായിരുന്നുവെങ്കിലും എപ്പോഴൊക്കെയോ ഉള്ളിൽ അവളോട് ഒരു ഇഷ്ടം തോന്നാത്തിരുന്നില്ല ആനന്ദിന്. പക്ഷെ ആ ഇഷ്ടം തുറന്ന് പറഞ്ഞാൽ അത് കാർത്തികയിൽ ഇഷ്ടക്കേട് ഉണ്ടാക്കുമോ…തമ്മിലുള്ള ബന്ധത്തെ ബാധിക്കുമോ എന്നൊക്കെയുള്ള പേടി കാരണം തന്റെ ആഗ്രഹം ഉള്ളിലൊതുക്കി അവൻ. അതിനു ശേഷം പിന്നെ പതിയെ പതിയെ സാഹചര്യങ്ങളുടെ ചുഴിയിൽ പെട്ട് എപ്പോഴോ ആ സൗഹൃദം അയഞ്ഞു. തമ്മിൽ കാണലുകൾ കുറഞ്ഞു.. ഫോൺവിളികൾ ഇല്ലാണ്ടായി പരസ്പരം മെസേജുകൾ പോലും നിന്നു… നാളുകൾ ഏറെ കഴിഞ്ഞു ഇപ്പോൾ വളരെ യാദൃശ്ചികമായി അവർ വീണ്ടും കണ്ടുമുട്ടിയതാണ്. എന്നാൽ അപ്പോഴേക്കും കാലം രണ്ടാളിലും ഒരുപാട് മാറ്റങ്ങൾ വരുത്തിയിരുന്നു. ആനന്ദ് ഇന്ന് വിവാഹിതനും അച്ഛനുമാണ്… കാർത്തികയാകട്ടെ വിവാഹം ഡിവോഴ്സിൽ അവസാനിച്ച ശേഷം സ്വന്തം കാലിൽ നിൽക്കണം എന്ന ആഗ്രഹത്തിൽ വീണ്ടും പഠനത്തിലേക്ക് ശ്രദ്ധിച്ചു തുടരുന്നു…

” ഞാൻ കളി പറയുകയല്ല കാർത്തിക… സത്യമായും എനിക്ക് നിന്നെ ഇഷ്ടമായിരുന്നു… ഒരുപാട് ഇഷ്ടമായിരുന്നു… നിന്റെ പ്രേസന്റ്സ് എനിക്ക് എപ്പോഴും വലിയ ആശ്വാസമായിരുന്നു.. പണ്ട് പലവട്ടം പറയണമെന്നൊക്കെ തോന്നിയതാണ് പക്ഷെ നീ എങ്ങിനെ പ്രതികരിക്കും എന്നുള്ള പേടിയിൽ എല്ലാം ഉള്ളിൽ ഒതുക്കി ഞാൻ… ഇന്നിപ്പോ പറയാൻ ധൈര്യം വന്നപ്പോൾ കാലങ്ങൾ ഒരുപാട് കഴിഞ്ഞു പോയി ”

ആനന്ദിന്റെ വാക്കുകളിൽ നിരാശ നിഴലിച്ചിരുന്നു.

” പക്ഷെ ചേട്ടാ.. അങ്ങിനൊരു ഇഷ്ടം തോന്നാൻ മാത്രം എന്റെ പെരുമാറ്റത്തിൽ എന്തേലും പ്രത്യേകത തോന്നിയോ ചേട്ടന്.. ഞാൻ ഒരിക്കൽ പോലും അങ്ങിനൊന്നും ചിന്തിച്ചിരുന്നില്ല.. ആ ഒരു അർത്ഥത്തിൽ ചേട്ടനോട് പെരുമാറിയിട്ടുമില്ല..”

സംശയത്തിൽ കാർത്തിക ചോദിക്കുമ്പോൾ ഒന്ന് പുഞ്ചിരിച്ചു ആനന്ദ്.

” ഒരു ഇഷ്ടമൊക്കെ മനസ്സിൽ തോന്നാൻ സെക്കന്റുകൾ മതിയെടോ.. എപ്പോഴൊക്കെയോ നിന്റെ പെരുമാറ്റത്തിൽ ഞാൻ വീണു പോയി.. പങ്കാളിയായി നിന്നെ കിട്ടിയെങ്കിൽ എന്ന് ആശിച്ചു പോയി… നിന്നോട് എപ്പോഴും മിണ്ടാൻ ഇഷ്ടമായിരുന്നു എനിക്ക്… ഓർമ്മയുണ്ടോ ഞാൻ പണ്ട് വീട്ടിൽ വന്നത്.. എന്നിട്ട് നമ്മൾ ഒരുമിച്ചു നിന്റെ നാട് കാണുവാൻ ഇറങ്ങിയത്.. ഒക്കെയും ഇന്നും എന്റെ മനസിൽ അതുപോലെ തന്നെയുണ്ട്….”

ആ ഓർമകളുടെ മധുരം അവന്റെ മുഖത്ത് തെളിച്ചമായി.

” ചേട്ടാ… എന്നാലും.. ഞാൻ ഇതൊട്ടും പ്രതീക്ഷിച്ചിരുന്നില്ല… ഒരു ബെസ്റ്റ് ഫ്രണ്ട് അതിലുപരി സ്വന്തമായി സഹോദരൻ ഇല്ലാത്തതിനാൽ തന്നെ ഒരു ചേട്ടനോടുള്ള ഇഷ്ടം.. ഇതൊക്കെയായിരുന്നു എന്റെ മനസ്സിൽ.. ഇപ്പോ പെട്ടെന്ന് ഇങ്ങനൊക്കെ കേട്ടപ്പോ വിശ്വസിക്കുവാൻ പറ്റുന്നില്ല.. ”

കാർത്തിക അപ്പോഴും അവിശ്വസനീയമായി തന്നെ നോക്കി

” എടോ.. ഇതിനി താൻ ഒരു വല്യ ഇഷ്യൂ ആക്കേണ്ട… ഇന്നിപ്പോ നമ്മൾ രണ്ടാളും രണ്ട് വഴികളിലൂടെ സഞ്ചരിക്കുകയാണ്… മനസിലെ ആഗ്രഹങ്ങൾ ഒക്കെ അതുപോലെ നടക്കുമായിരുന്നു എങ്കിൽ ജീവിതം തന്നെ സ്വർഗ്ഗമായേനെ… ”

ആനന്ദ് പറഞ്ഞു നിർത്തുമ്പോൾ ഒന്ന് പുഞ്ചിരിച്ചു കാർത്തിക..

” നമ്മളൊക്കെ ഒരുപാട് മാറി ചേട്ടാ.. എന്റെ ലൈഫ് തന്നെ നോക്കു.. എല്ലാവരെയും പോലെ വിവാഹം എനിക്കും വലിയൊരു സ്വപ്നമായിരുന്നു പക്ഷെ എന്തോ..എങ്ങിനെയോ.. എല്ലാം നഷ്ടമായി.. ഇന്നിപ്പോ എന്റെ മനസ്സിൽ ഒറ്റ ചിന്ത മാത്രമേ ഉള്ളു. ഒരു ജോലി. അത് നേടണം.. സ്വന്തം കാലിൽ നിൽക്കണം… ”

ആ വാക്കുകൾ കേട്ട് ആനന്ദും പുഞ്ചിരിച്ചു..

” കാലങ്ങളൊക്കെ എത്ര പെട്ടെന്നാ കടന്നു പോയത് അല്ലെടോ.. ”

” അതേ.. എല്ലാം മാറി ചേട്ടാ.. പണ്ടത്തെ പോലെ അടീം കൂടി നടക്കുന്ന പ്രായമല്ല നമുക്ക് ഇപ്പോൾ. ഓരോരുത്തരും അവരവരുടേതായ ലോകത്തിലേക്ക് ചുരുങ്ങിപ്പോയി… എന്തായാലും ചേട്ടനെ വീണ്ടും കാണാൻ പറ്റിയതിൽ സന്തോഷം.. ഈ കോൺടാക്ട് ഇനിയും ഇങ്ങനെ തന്നെ ഉണ്ടാകണം.. ഇടക്കൊക്കെ കാണണം നമുക്ക് നല്ല സുഹൃത്തുകളായി… ”

യാത്ര പറഞ്ഞു പോകാൻ തിടുക്കം കാട്ടി കാർത്തിക. അത് മനസിലാക്കവേ ആനന്ദും എതിർത്തില്ല.

” എടോ ഞാൻ ഈ പറഞ്ഞത് കേട്ട് താൻ നെഗറ്റീവ് ആയി എടുക്കരുത്.. ഞാൻ പറഞ്ഞില്ലേ അന്ന് ഏതോ ഒരു നിമിഷത്തിൽ ഉള്ളിൽ തോന്നിയൊരു ഇഷ്ടം ആണ്.. അത് അങ്ങിനെ തന്നെ കിടന്നോട്ടെ.. ഇപ്പോൾ നീ പറഞ്ഞ പോലെ നമ്മളെല്ലാം അവരവരുടെ ലോകങ്ങളിൽ ആണ്. ഇനി പഴയതൊന്നും മനസ്സിൽ ഉണ്ടാകില്ല.. സോ ടെൻഷൻ വേണ്ട… താൻ വിട്ടോ…”

അവന്റെ വാക്കുകൾക്ക് മറുപടി കൊടുക്കുവാൻ തോന്നിയില്ല കാർത്തികയ്ക്ക്. പതിയെ തിരിഞ്ഞു നടന്നു അവൾ. ഉള്ളിൽ ഒരു നഷ്ടബോധത്തോടെ അവളെ തന്നെ നോക്കി നിന്നു ആനന്ദും…

‘ഇന്നീ കാട്ടിയ ധൈര്യം പണ്ട് കാട്ടിയിരുന്നേൽ ഒരുപക്ഷെ ഇന്ന് തങ്ങൾ ഒന്നായിരുന്നേനെ.. ‘

അവന്റെ മനസ് അറിയാതെ മന്ത്രിച്ചു.

നടന്നു പോകുമ്പോൾ കാർത്തികയുടെ മുഖം വാടിയിരുന്നു.

‘ ഉള്ളിലെ ആ ഇഷ്ടം എന്നോട് ഒന്ന് തുറന്നു പറഞ്ഞൂടായിരുന്നോ ചേട്ടാ.. എപ്പോഴൊക്കെയോ ഞാനും ഇഷ്ടപ്പെട്ടു പോയിരുന്നു നിങ്ങളെ ഒരുപാട്… പക്ഷെ ചേട്ടൻ പറഞ്ഞ പോലെ ബന്ധങ്ങൾ കൈവിടുമോ എന്ന പേടിയിൽ ഒക്കെയും ഉള്ളിൽ ഒതുക്കി ഞാൻ.. ‘

നിരാശയിൾ അവളുടെ മനസ് മന്ത്രിച്ചു. വല്ലാത്തൊരു നഷ്ടബോധത്തിൽ നടന്നകന്നു അവൾ.

“കാർത്തികേ… ഈ ആനന്ദിന്റെ പേരും പറഞ്ഞല്ലേ നീ ഹസ്ബന്റുമായി പലപ്പോഴും വഴക്കിട്ടത് …. എന്നിട്ടിപ്പോ അതേ ആളാണോ പണ്ടത്തെ ഇഷ്ടം വന്ന് തുറന്ന് പറഞ്ഞത്.. ”

എല്ലാം മനസ്സ് തുറന്ന് കാർത്തിക പറഞ്ഞിരുന്നത് തന്റെ സുഹൃത്ത് കാവ്യയോട് ആണ്. അവളുടെ ചോദ്യത്തിന് മുന്നിൽ കാർത്തിക മുഖം കുനിച്ചു.

” അതേ കാവ്യേ…. അറിയോ… ആദ്യ രാത്രിയിൽ ഫ്രണ്ടിലിയായി ഉള്ളിൽ തോന്നിയിരുന്ന ആ പഴയ ഇഷ്ടം ഞാൻ തുറന്ന് പറഞ്ഞതാണ് അയാളോട്… പക്ഷെ അന്ന് മുതൽ സംശയ രോഗിയായ അയാൾ അതും പറഞ്ഞു കുത്തൽ തുടങ്ങി.. ഒടുവിൽ പ്രശ്നങ്ങൾ പലതായി ഞങ്ങൾ രണ്ടും രണ്ട് തട്ടിൽ ആയി.. പാവം ആനന്ദേട്ടൻ… ആള് ഇതൊന്നും അറിഞ്ഞിട്ടേയില്ല.. ”

” കൊള്ളാം.. വല്ലാത്തൊരു കഥയായി പോയി നിങ്ങടെ.. രണ്ടാൾക്കും പരസ്പരം ഇഷ്ടം തോന്നിയിട്ടും അത് തുറന്ന് പറയുവാൻ ധൈര്യം തോന്നിയില്ല… എന്നിട്ടോ.. ഇനി ഒരിക്കലും ചേരില്ല എന്ന് ഉറപ്പുള്ള സാഹചര്യത്തിൽ ഒരാൾ തന്റെ മനസ്സ് തുറക്കുന്നു… ഇപ്പോ രണ്ടാൾക്കും ഉള്ളിൽ നഷ്ടബോധം… ”

കാവ്യ പറഞ്ഞത് കേട്ട് പുഞ്ചിരിക്കുവാൻ മാത്രമേ കഴിഞ്ഞുള്ളു കാർത്തികയ്ക്ക് ..

‘ജീവിതം.. അത് അങ്ങിനെയാണ്.. ആഗ്രഹിച്ചത് കിട്ടുമായിരുന്നു എന്ന് അറിയുന്നത് പലപ്പോഴും ഏറെ വൈകി ആകും.. അപ്പോഴാകട്ടെ എല്ലാം കൈവിട്ടു പോയിട്ടുമുണ്ടാകും. ഇത്പോലെ നഷ്ടപ്രണയങ്ങൾ ഉള്ളിൽ സൂക്ഷിക്കുന്ന എത്രയോ പേർ… ‘

(ശുഭം )

✍️പ്രജിത്ത് സുരേന്ദ്രബാബു.

Leave a Reply

Your email address will not be published. Required fields are marked *