പ്രസവം കഴിഞ്ഞ് തിരികെ വന്ന ഭാര്യയുടെ പെരുമാറ്റത്തിൽ എന്തോ ചില തകരാറുകൾ പോലെ തോന്നി ഹിമേഷിന്… മൂന്ന് മാസം പൂർത്തിയായതിനുശേഷമാണ്….

പ്രസവം കഴിഞ്ഞ് തിരികെ വന്ന
ഭാര്യയുടെ പെരുമാറ്റത്തിൽ എന്തോ ചില തകരാറുകൾ പോലെ തോന്നി ഹിമേഷിന്…

മൂന്ന് മാസം പൂർത്തിയായതിനുശേഷമാണ് അവൾ സ്വന്തം വീട്ടിൽ നിന്നും കുഞ്ഞിനെയും കൊണ്ട് മടങ്ങി വന്നത്..

ഇവിടെ വന്ന ദിവസം സാധാരണപോലെ അവൾ വളരെ സന്തോഷവതിയായിരുന്നു…

എന്റെ വീട്ടിൽ ഞാനും മേഘയും കൂടാതെ അമ്മയും,അച്ഛന്റെ വിവാഹം കഴിയാത്ത ഒരു അനിയത്തിയുമാണ് താമസം….

ഉള്ളത് പറയാമല്ലോ എന്റെ മേഘ ഭർത്താവിന്റെ വീട്ടുകാരെ അന്യരെ പോലെ കാണുന്ന ആളല്ല, വീട്ടിലുള്ള എല്ലാവരിലും അവളുടെ കണ്ണെത്തുമായിരുന്നു.

അവൾ വീട്ടിലുണ്ടെങ്കിൽ വീട്ടിലെപ്പോഴും
ഒരു ഒച്ചയും അനക്കവുമാണ്…

അങ്ങനെയുള്ള അവൾ ഇപ്പോൾ സൈലന്റ് ആയിപ്പോയത് എന്തുകൊണ്ടാണെന്ന് എനിക്ക് മനസ്സിലായില്ല..

പോസ്റ്റ്പാർട്ടം ഡിപ്രഷനെക്കുറിച്ച് അറിയാവുന്നതുകൊണ്ടുതന്നെ ഡെലിവറി കഴിഞ്ഞതിൽ പിന്നെ അവൾക്കൊരു പ്രത്യേക കരുതൽ ഞാൻ കൊടുക്കാറുമുണ്ട്..

ജോലി കഴിഞ്ഞ് വന്നാൽ,
കുഞ്ഞിന്റെ കാര്യങ്ങളൊക്കെ ഞാൻ ഏറ്റെടുക്കും.

വിരളം ചില ദിവസങ്ങളിൽ മാത്രം കുഞ്ഞിന് രാത്രിയിൽ ഉറക്കമില്ല. അപ്പോഴൊക്കെ ഞാൻ കുഞ്ഞിനെ എടുത്ത് കൊണ്ട് നടക്കും..

അങ്ങനെ അവരെ എത്രത്തോളം നന്നായി നോക്കാമോ അത്രത്തോളം ഞാൻ നോക്കുന്നുണ്ട്..അതേപോലെ പരിഗണിക്കുന്നുമുണ്ട്…

ഞാൻ നല്ലൊരു ഭർത്താവും, പിതാവും ആണെന്ന് എനിക്ക് ഉറപ്പിച്ച് പറയാനാകും…

എങ്കിലും അവളുടെ സങ്കടത്തിന്റെ കാരണം
എനിക്ക് മനസിലായില്ല…

ചോദിച്ചിട്ട് അവൾക്ക് ഒന്നുമറിയില്ല…

അങ്ങനെയാണ് വീടിനകത്ത് ആരും അറിയാതെ ഞാനൊരു ക്യാമറ വച്ചത്…

ആദ്യത്തെ ദിവസം തന്നെ എനിക്ക് മനസ്സിലായി….

അമ്മയും ഇളയമ്മയുമാണ് പ്രശ്നക്കാർ എന്ന്..

എന്റെ കുഞ്ഞിന് നീലക്കണ്ണുകളും, ശരീരം നല്ല വെളുപ്പുമാണ്. അതുകൊണ്ട് അതെന്റെ കുഞ്ഞല്ല എന്നാണ് അവരുടെ കണ്ടുപിടുത്തം..

അതുകാരണം അമ്മയോ അപ്പച്ചിയോ മേഘയേയോ കുഞ്ഞിനെയോ തീരെ ശ്രദ്ധിക്കുന്നില്ല….

ആ പിഞ്ചു പൈതലിനെയും കൊണ്ട് പകൽ മുഴുവനും എന്റെ മേഘ പെടാപ്പാട് പെടുന്നുണ്ട്…

അമ്മയോ അപ്പച്ചിയോ കുഞ്ഞിനെ ഒന്നെടുക്കുകയോ, കുറച്ച് നേരം കുഞ്ഞിനെ നോക്കുകയോ പോലും ചെയ്യുന്നില്ല…

എന്തിനേറെ ഞങ്ങളുടെ മുറിയിലേക്ക് ഒന്ന് ചെല്ലുന്നത് പോലുമില്ല…

കുഞ്ഞിനേയും കൈയിൽ പിടിച്ച് ഉച്ചയ്ക്ക് അവൾ ചോറ് കഴിക്കാൻ ഇരിക്കുന്നതും, കുഞ്ഞ് കരയുന്നതും അവൾ ഭക്ഷണം മതിയാക്കി എഴുന്നേൽക്കുന്നതുമെല്ലാം അയാൾ ഫോണിലൂടെ കാണുന്നുണ്ടായിരുന്നു….

അമ്മയും അപ്പച്ചിയും ടീവി യുടെ മുന്നിലാണ്

അവർ ആ കുഞ്ഞിനെ ഒന്നെടുത്താൽ അവൾക്ക് ഭക്ഷണം കഴിക്കാവുന്നതേ ഉള്ളൂ…

എന്നിട്ടും ഒട്ടും കരുണ കാണിക്കാൻ എന്റെ അമ്മയോ അപ്പച്ചിയോ തയ്യാറാകുന്നില്ല എന്നത് എന്നെ അത്ഭുതപ്പെടുത്തി…

ഈ അവസ്ഥയിൽ ഒരു സ്ത്രീയ്ക്ക് മറ്റൊരു സ്ത്രീയെ മനസ്സിലാകാതിരിക്കുമോ
എന്ന് എനിക്ക് തോന്നി

വൈകുന്നേരം വന്നപ്പോൾ ഞാൻ മേഘയോട് കാര്യങ്ങൾ ചോദിച്ചു…

എന്തുകൊണ്ടാണ് അവർ ഇങ്ങനെയെന്ന് എനിക്കറിയില്ല. ചിലനേരം ഭ്രാന്ത് പിടിക്കുന്നതുപോലെ തോന്നുവാ…
എന്നും പറഞ്ഞവൾ പൊട്ടിക്കരഞ്ഞു…

കണ്ണുകൾ നീലയാകുന്നത് മെലാനിന്റെ
കുറവ് മൂലമാണെന്നും,
ജനറ്റിക് വ്യത്യാസങ്ങൾ കൊണ്ടാണ് ഇങ്ങനെ മാറ്റങ്ങൾ സംഭവിക്കുന്നതെന്നും
ഞാനവരെ പറഞ്ഞു മനസ്സിലാക്കാൻ ശ്രമിച്ചു.

അവർ അതൊന്നും കേൾക്കാൻ പോലും കൂട്ടാക്കുന്നില്ല…

പ്രായമായവരെ ഒരു കാര്യം പറഞ്ഞ് മനസ്സിലാക്കുക എന്നുള്ളത് ബുദ്ധിമുട്ടാണെന്ന് എനിക്കപ്പോൾ തോന്നി.

സ്വന്തം മകളെയാണെങ്കിൽ അമ്മയിങ്ങനെ സംശയിക്കുമോയെന്ന് ഞാൻ അമ്മയുടെ മുഖത്ത് നോക്കി ചോദിച്ചു…

എന്റെ മകൾ, നിന്റെ ഭാര്യയെ പോലെയല്ല എന്നാണപ്പോൾ അമ്മ പറഞ്ഞത്…

പെൺമക്കളുള്ള ഒരമ്മയ്ക്കും,
മകന്റെ ഭാര്യയെ സ്വന്തം മകളെ പോലെ കാണാൻ കഴിയില്ലെന്ന് എനിക്കപ്പോൾ തോന്നി

എനിക്ക് മറ്റൊന്നുമാലോചിക്കാൻ ഇല്ലായിരുന്നു.

ഞാൻ എന്റെ ഭാര്യയെയും കുഞ്ഞിനേയും കൊണ്ട് അവിടെ നിന്നും താമസം മാറി…

എന്റെ ഭാര്യക്ക് ഇപ്പോൾ കരുതലും പരിചരണവും വേണ്ടുന്ന സമയമാണ് കാരണം, എന്റെ കുഞ്ഞിന്റെ അതേ പ്രായമാണ് അവളിലെ അമ്മയ്ക്കും.
കുഞ്ഞിന് കൊടുക്കുന്ന അതേ ശ്രദ്ധ അവൾക്കും ആവശ്യമാണ്

സത്യമല്ലാത്ത കാര്യത്തെക്കുറിച്ചുള്ള
സംശയം കുടുംബബന്ധങ്ങളെ തകർത്തു കളയും…
എന്തായാലും ഈ അവസ്ഥയിൽ സമാധാനമില്ലാത്ത ഒരു കുടുംബത്തിലിട്ട് എന്റെ ഭാര്യയെ വേദനിപ്പിക്കാൻ ഞാൻ ഒരുക്കമല്ല…

മറ്റൊന്നും ഞാനിപ്പോൾ ആലോചിക്കുന്നില്ല..

പുകഞ്ഞുപുകഞ്ഞു ജീവിക്കുന്നതിനേക്കാൾ നല്ലത് സമാധാനഅന്തരീക്ഷത്തിലേക്ക് മാറുന്നത് തന്നെയാണ്..

✍️Anju Thankachan

Leave a Reply

Your email address will not be published. Required fields are marked *