എന്റെ ആദ്യത്തെ കുഞ്ഞിന് വെറും ഏഴ് മാസം മാത്രം പ്രായമുള്ളപ്പോഴാണ്, രണ്ടാമത് ഗർഭിണിയാണെന്ന് ഞാൻ അറിയുന്നത്. സത്യം പറഞ്ഞാൽ അതറിഞ്ഞപ്പോൾ ഞാൻ ഭയന്ന് പോയി. ……

സ്ട്രോക്ക് വന്ന് കിടപ്പിലായ അമ്മായിയമ്മയെ നോക്കേണ്ട കാര്യമൊന്നും നിനക്കില്ലെന്ന് പറഞ്ഞ് എന്റെ ബന്ധുക്കളെന്നെ ഉപദേശിക്കുമ്പോൾ,
ഞാൻ പത്തു വർഷം മുൻപത്തെ
കാര്യമാലോചിക്കുകയായിരുന്നു.

എന്റെ ആദ്യത്തെ കുഞ്ഞിന് വെറും ഏഴ് മാസം മാത്രം പ്രായമുള്ളപ്പോഴാണ്,
രണ്ടാമത് ഗർഭിണിയാണെന്ന് ഞാൻ അറിയുന്നത്.

സത്യം പറഞ്ഞാൽ അതറിഞ്ഞപ്പോൾ ഞാൻ ഭയന്ന് പോയി.

ആദ്യ കുഞ്ഞു പിറന്നതിനു ശേഷം പീരിയഡ്ഡ്സ് ആകത്തത് കൊണ്ട് പ്രഗ്നന്റ് ആവില്ല എന്നായിരുന്നെന്റെ ധാരണ.
ഒരു ഇരുപത്തിരണ്ടുകാരിക്ക് അത്രയേ അറിയുമായിരുന്നുള്ളൂ…

മറ്റാരെങ്കിലും അറിയും മുമ്പ് നമുക്കിത് കളയാമെന്ന് ഭർത്താവ് പറഞ്ഞപ്പോഴാണ് സഹിക്കാൻ പറ്റാതായത്.

പക്ഷെ ഭർത്താവിന്റെ അമ്മ ഇക്കാര്യം എങ്ങനെയോ അറിഞ്ഞു,
അതല്ലെങ്കിലും അങ്ങനെയാണല്ലോ, ഒന്നും പറഞ്ഞില്ലെങ്കിലും സ്ത്രീസംബന്ധമായ കാര്യങ്ങൾ മറ്റൊരു സ്ത്രീക്ക് വളരെയെളുപ്പം മനസ്സിലാകുമല്ലോ…

എന്നെ ചീത്ത പറയുമെന്ന് വിചാരിച്ച് ഞാൻ തലകുനിച്ച് നിന്നു, പക്ഷേ അമ്മ എന്നെ ചേർത്തുപിടിക്കുകയാണ് ചെയ്തത്.

സാരമില്ല. മോൾക്ക് ആരോഗ്യസ്ഥിതിയില്ല ഇത് തീരെ വേണ്ട, എന്നാണെങ്കിൽ നമുക്കിത് കളയാം.
അതല്ല വയറ്റിൽ ജനിച്ചു പോയതിനെ സംരക്ഷിക്കാനാണ് മോൾ തീരുമാനിക്കുന്നതെങ്കിൽ അമ്മയുണ്ട് മോളോടൊപ്പം, ഒന്നിനും ഭയക്കണ്ട.

അമ്മയുടെ ആ വാക്കുകൾ കേട്ടപ്പോൾ ഉള്ളിലുള്ള കുരുന്നു ജീവനെ സംരക്ഷിക്കാൻ തന്നെയാണ് ഞാൻ തീരുമാനിച്ചത്…

അമ്മ എന്റെ ഭർത്താവിനെ കുറെ ചീത്ത പറഞ്ഞു.

നിനക്ക് കുറച്ചു കൂടി ശ്രദ്ധിക്കാമായിരുന്നല്ലോ, ഒരു ഡെലിവറി കഴിഞ്ഞിട്ട് അധിക സമയമായിട്ടില്ല
ഈ പെൺകൊച്ചിന്റെ ആരോഗ്യസ്ഥിതി പഴയതുപോലെ ഒന്നായിട്ടായിരുന്നെങ്കിൽ വേണ്ടിയിരുന്നില്ല..
എന്നിട്ട് അതിനെ ഒന്ന് ആശ്വസിപ്പിക്കുന്നതിന് പകരം, അതിന്റെ മനസ്സ് തകർക്കാൻ നോക്കുകയാണോ ചെയ്യേണ്ടത് ?? ഇങ്ങനെയാണോ
ഈ സമയത്ത് പെരുമാറേണ്ടത് ??
നീ ഭർത്താവ് മാത്രമല്ല, ഒരു അച്ഛനും കൂടിയാണ് എന്നമ്മ പറഞ്ഞപ്പോൾ ഭർത്താവിന്റെ തല കുനിഞ്ഞിരുന്നു.

എന്തായാലും ഇങ്ങനെയൊക്കെയായി ഇനി നിന്റെ ഭാര്യക്ക് സമാധാനവും സന്തോഷവും കൊടുക്കാൻ ശ്രമിക്കണം..
അല്ലാതെ ആരുമറിയാതെ
അങ്ങ് കളയാന്നൊക്കെ പറഞ്ഞ് ഭാര്യയുടെ മനസ്സ് തകർക്കാൻ നോക്കരുത്.

എന്തായാലും അമ്മയുടെ സംസാരത്തിനു ശേഷം ഭർത്താവ് എന്നോട് കുറേക്കൂടി കരുതലും സ്നേഹവും പ്രകടിപ്പിക്കാൻ തുടങ്ങി.

ഗർഭാവസ്ഥയിൽ എനിക്ക് ഒരു വിഷമവും ഉണ്ടാകാതിരിക്കാൻ അമ്മ നന്നായി ശ്രമിക്കുന്നുണ്ടായിരുന്നു.

കുഞ്ഞിന്റെ കാര്യങ്ങളെല്ലാം അമ്മ ഏറ്റെടുത്തു.
കുഞ്ഞിനെ എന്റെ അരികിൽ
ഉറക്കി കിടത്തിയിട്ട് അമ്മ വീട്ടിലെ ഓരോ ജോലിയും ചെയ്തു തീർത്തു.

ഇടയ്ക്കിടെ വന്ന് എനിക്ക് ആവശ്യമായ ഭക്ഷണം എന്നെ നിർബന്ധിച്ച് കഴിപ്പിച്ചു.

ശാരീരികമായി വല്ലാത്ത പ്രയാസം അനുഭവിച്ച സമയമായിരുന്നു അത്

ആദ്യപ്രസവം കഴിഞ്ഞ് ഉടനെ തന്നെ രണ്ടാമത്തെ കുഞ്ഞിനെ ഗർഭിണി ആയതുകൊണ്ട്
എന്റെ ആരോഗ്യസ്ഥിതി അത്ര നല്ലതൊന്നുമായിരുന്നില്ല.

എനിക്ക് പോഷകാഹാരങ്ങൾ നൽകാൻ അമ്മ എപ്പോഴും ശ്രമിച്ചിരുന്നു.

അഞ്ചാം മാസത്തെ സ്കാനിങ്ങിന് ചെന്നപ്പോഴാണ് ഡോക്ടർ കുഞ്ഞിന്റെ പാലു കുടി നിർത്തണമെന്ന് പറഞ്ഞത്. ഇനിയും പാല് കുടിപ്പിച്ചാലെങ്ങനാ,
വയറ്റിൽ കിടക്കുന്ന കുഞ്ഞിനെ കൂടെ ഓർക്കണ്ടേയെന്ന്.
അത് എനിക്ക് സഹിക്കാൻ കഴിഞ്ഞില്ല.
ഒരു വയസ്സ് പോലുമാകാത്ത കുഞ്ഞാണ്…

പക്ഷേ അമ്മ ആശ്വസിപ്പിച്ചു.

എന്റെ കുഞ്ഞിന്…ആവശ്യമുള്ള സമയത്തെല്ലാം ഭക്ഷണം നൽകി, അവനോടൊപ്പം കളിച്ച്‌,
അവന് ഒരമ്മയുടെ കരുതൽ മുഴുവൻ കൊടുത്തത് അമ്മയായിരുന്നു.

ആദ്യത്തെ പ്രസവം മാത്രേ പെണ്ണിന്റെ വീട്ടുകാർ നോക്കേണ്ടതുള്ളൂ എന്ന് എന്റെ വീട്ടുകാർപറഞ്ഞതുകൊണ്ട്,
അമ്മായിയമ്മ തന്നെയാണ് എന്റെ രണ്ടാമത്തെ പ്രസവം കഴിഞ്ഞ് എന്നെ നോക്കിയത്.

രണ്ട് ചെറിയ കുഞ്ഞുങ്ങളെയും
കൊണ്ട് അമ്മയും ഞാനും ഒത്തിരി കഷ്ട്ടപ്പെട്ടു.

ഭർത്താവിന് ജോലിക്ക് പോകാതിരിക്കാൻ കഴിയില്ലല്ലോ…. അതുകൊണ്ട് അദ്ദേഹത്തിന് കുട്ടികളെ നോക്കാനോ ഒന്നും സമയം കിട്ടിയില്ല.

ഞങ്ങൾ രണ്ടാളും കൂടെ കുഞ്ഞുങ്ങളെ നോക്കി… അവർ ഉറങ്ങുമ്പോൾ ഞങ്ങൾ ഉറങ്ങാൻ ശീലിച്ചു.. അവരോടൊപ്പം കളിച്ചും, അവരോടൊപ്പം കരഞ്ഞും, ഞങ്ങളും വീണ്ടുമൊരു ബാല്യത്തിലേക്ക് മടങ്ങിപ്പോയി…

ഞാനും എന്റെ രണ്ടുകുഞ്ഞുങ്ങളും
ആ അമ്മയില്ലെങ്കിൽ പാതിവഴിയിൽ വീണു പോയേനെ…

അങ്ങനെയുള്ള അമ്മയെ സ്ട്രോക്കിന്റെ രൂപത്തിൽ കാലം കിടത്തിക്കളഞ്ഞു…

കിടപ്പുരോഗികളെ നോക്കുന്ന സ്ഥാപനം ഉണ്ടത്രേ… പണം കൊടുത്താൽ അവർ നോക്കുമെന്ന്..
ബന്ധുക്കൾ അതാണ് പറയുന്നത്…

അല്ലാതെ ഈ കുട്ടികളെയും കൊണ്ട് നീ അമ്മയെ കൂടി എങ്ങനെ നോക്കുമെന്ന്??

ഇക്കഴിഞ്ഞ പത്തു വർഷം ഞങ്ങൾക്ക് വേണ്ടി മാത്രമാണ് അമ്മ ജീവിച്ചത്..

ആ അമ്മയെ പറ്റിയാണ് ഇവർ പറയുന്നത്…

അമ്മയുടെ കാര്യമോർത്ത് ആരും വിഷമിക്കണ്ട… ഞാൻ നോക്കിക്കോളാം…
എന്റെ രണ്ട് കുഞ്ഞുങ്ങളുടെ കൂടെ,
കിടക്കപ്പായയിൽ കിടക്കുന്ന ഒരു പൊടിക്കുഞ്ഞ് കൂടെയുണ്ടെന്ന് ഞാൻ കരുതിക്കോളാം.
വയ്യാതാകുമ്പോൾ കൊണ്ട് കളയാൻ
ഇത് പൂച്ചയോ പട്ടിയോ അല്ല… അമ്മയാണ്….
ഞാൻ നോക്കിക്കോളാം…ഞാൻ ഉറപ്പിച്ചു പറഞ്ഞു.

അപ്പോൾ എന്റെ ഭർത്താവ് എന്നെയൊന്നു നോക്കി…. ആ കണ്ണുകൾ നിറഞ്ഞിരുന്നു.

ഞാനമ്മയുടെ അടുത്തേക്ക് ചെന്നു..

കട്ടിലിൽ കിടക്കുന്ന അമ്മയുടെ കണ്ണുകളിൽ നീർമുത്തുകൾ തിളങ്ങുന്നുണ്ടായിരുന്നു.

ആ മിഴിനീർ തുടച്ച്, ആ നിറുകയിൽ ഉമ്മ വയ്ക്കുമ്പോ അമ്മയൊന്ന് ചിരിച്ചെന്ന് എനിക്ക് തോന്നി…

എനിക്കുറപ്പാണ് ഏറി വന്നാൽ അഞ്ചോ ആറോ മാസം, അതുമല്ലെങ്കിൽ ഒരു വർഷം ആയിക്കോട്ടെ… ഞാൻ തിരിച്ചു കൊണ്ടുവരും അമ്മയെ….
പഴയതു പോലെ… അമ്മ നടക്കും…

അമ്മയോടൊപ്പം മൂന്നാമതും ഞാനൊരു ബാല്യം ആഘോഷിക്കും…

അമ്മ കിടക്കയിൽ പതിയെ ചരിഞ്ഞു കിടക്കും…. പിന്നെ കൈകാൽ അനക്കും, പതിയെ നീന്തും, മുട്ടിലിഴയും എഴുന്നേൽക്കാൻ നോക്കും… വീഴും…

ഏറ്റവും ഒടുവിൽ ഒരുദിവസം അമ്മ
പഴയതു പോലെ നടക്കാൻ തുടങ്ങും എനിക്കുറപ്പാണ്…..

കിട്ടിയ സ്നേഹം അതേ അളവിൽ തിരിച്ചു കൊടുത്തില്ലെങ്കിൽ അതൊരു കടമായി അവശേഷിക്കില്ലേ….
വേണ്ടാ… സ്നേഹത്തിന്റെ കടം മാത്രം ബാക്കി വയ്ക്കാൻ എനിക്കാവില്ല…

✍️Anju Thankachan

Leave a Reply

Your email address will not be published. Required fields are marked *