“റിൻസി പ്രസവിച്ചു,മോളാണ് കേട്ടോ?”
അത് കേട്ടതും അയാളുടെ മുഖം മങ്ങി.
“അവള് വീണ്ടും പെണ്ണിനെ പെറ്റേക്കുന്നോ?
എന്റെ കർത്താവേ,ഒരു ചെർക്കൻ കൊച്ചിനെ ലാളിക്കാൻ എനിക്കീ ജന്മത്തു പറ്റുമെന്ന് തോന്നുന്നില്ല…”
അയാളുടെ അമ്മച്ചി ഒരു മൂലയിലേക്ക് പോയിരുന്ന് മൂക്കള തുടച്ചു.
“ആണായാലും പെണ്ണായാലും കർത്താവ് തരുന്നത് കൈ നീട്ടി സ്വീകരിക്കണം. അതല്ലേ അന്നമ്മേ വേണ്ടത്? അല്ലാതെ കരഞ്ഞോണ്ടിരുന്നിട്ടെന്ത് ഫലം?”
അയാളുടെ അപ്പച്ചൻ അന്നമ്മയെ നോക്കി ശബ്ദമുയർത്തി.
“നിങ്ങളൊന്ന് വെറുതെയിരിക്കണം മനുഷ്യാ! നമുക്കാകെയുള്ളതൊരു മോനാ… അവനൊരു ചെർക്കൻ ഉണ്ടായില്ലെങ്കിൽ നമ്മുടെ കുടുംബം അന്യം നിന്ന് പോവില്ലേ?”
അവരുടെ കണ്ണുകൾ ആശുപത്രി മുറിക്കുള്ളിലേക്ക് തിരിഞ്ഞു.
അവിടെ, പ്രസവവേദനയുടെ മണിക്കൂറുകൾ പിന്നിട്ട് തളർന്നുകിടക്കുകയായിരുന്നു റിൻസി.
അവളുടെ നെഞ്ചോട് ചേർന്ന്, ലോകത്തെക്കുറിച്ച് ഒന്നുമറിയാതെ ഒരു കുഞ്ഞുമോൾ.അവളുടെ മൂന്നാമത്തെ പെൺകുഞ്ഞ്.
പക്ഷേ, ആ കുഞ്ഞിന്റെ ജനനത്തേക്കാൾ വലിയൊരു കുറ്റം ചെയ്തവളെപ്പോലെയായിരുന്നു എല്ലാവരും റിൻസിയെ നോക്കിയത്.
വീട്ടിലേക്ക് ഡിസ്ചാർജ് ചെയ്ത് ചെന്നതിനു ശേഷം അയാൾ അവളാട് ചോദിച്ചു,
“എന്തിനാടീ നീയിങ്ങനെ പെൺകുഞ്ഞുങ്ങളെ മാത്രം പ്രസവിക്കുന്നത്?”
ഭർത്താവിന്റെ ചോദ്യം അവളുടെ ഹൃദയത്തിൽ കുത്തിയിറങ്ങി.
അവൾ ഒന്നും പറഞ്ഞില്ല.
കണ്ണുകളിൽ നിറഞ്ഞുനിന്ന കണ്ണുനീർ പതിയെ കവിളിലൂടെ ഒഴുകി.
“എന്റെ തെറ്റാണോ?”
അവൾ മനസ്സിൽ മാത്രം ചോദിച്ചു.
പക്ഷേ ആ ചോദ്യം കേൾക്കാൻ ആരും തയ്യാറായിരുന്നില്ല.
ദിവസങ്ങൾ കടന്നുപോയി.
വീട്ടിലെ ഓരോ വാക്കിലും അവൾക്ക് കുറ്റപ്പെടുത്തലുകൾ കേൾക്കേണ്ടിവന്നു.
“എന്തായാലും പ്രസവം നിർത്തണ്ടാ… ഇനിയും സമയം ഉണ്ടല്ലോ.”
അമ്മച്ചിയുടെ വാക്കുകൾ കേട്ട് റിൻസി കുറച്ചുനേരം ഒന്നും മിണ്ടിയില്ല.
പിന്നെ അവൾ ഭർത്താവിനെ നോക്കി.
“ബേബിച്ചായാ… എനിക്കിനി വയ്യ.”
“എന്തിനാ വയ്യാത്തത്? നമുക്കൊരു ആൺകുഞ്ഞ് വേണമെന്നല്ലേ പറയുന്നത്?”
“വേണമെന്നുണ്ടെങ്കിൽ എനിക്കും സന്തോഷമേയുള്ളൂ. പക്ഷേ അതിനുവേണ്ടി വീണ്ടും വീണ്ടും എന്റെ ശരീരം അപകടത്തിലാക്കാൻ എനിക്ക് കഴിയില്ല.”
“അപകടമോ? ഇതുവരെ പ്രസവിച്ചില്ലേ എന്നിട്ട് അപകടം ഒന്നും ഉണ്ടായില്ലല്ലോ?”
റിൻസിയുടെ മുഖത്ത് വേദന നിറഞ്ഞു.
“മൂന്ന് തവണ സിസേറിയൻ ചെയ്തു. ഓരോ തവണയും എന്റെ ശരീരം കീറി മുറിച്ചതാണ്. ആ വേദന നിങ്ങൾ അനുഭവിച്ചിട്ടില്ല.”
“അത് എല്ലാം കഴിഞ്ഞ കാര്യങ്ങളല്ലേ? ഇനി ഒരു തവണ കൂടി നോക്കാം.”അയാൾ പറഞ്ഞു
“എന്തിനാണ്?”അവൾ പുരികം ചുളിച്ചു.
“ഒരു ആൺകുട്ടിക്ക് വേണ്ടി.”
റിൻസി കുറച്ചുനേരം അയാളെ നോക്കി നിന്നു.
“ഇനി നമുക്ക് വീണ്ടും പെൺകുഞ്ഞാണ് പിറന്നതെങ്കിലോ?”
അയാൾ ഒന്നും പറഞ്ഞില്ല.
“അപ്പോഴും എന്നെ തന്നെയായിരിക്കുമോ കുറ്റപ്പെടുത്തുക?”
“നീ എന്തിനാ ഇങ്ങനെ പറയുന്നത്?”
“കാരണം ഇതുവരെ സംഭവിച്ചതെല്ലാം അങ്ങനെയല്ലേ?”
അവളുടെ ശബ്ദം ഇടറി.
“ആദ്യത്തെ മോളെ പ്രസവിച്ചപ്പോൾ ഞാൻ ഒന്നും പറഞ്ഞില്ല. രണ്ടാമത്തെ മോളെ പ്രസവിച്ചപ്പോഴും നിങ്ങൾ നിരാശപ്പെട്ടത് ഞാൻ സഹിച്ചു. മൂന്നാമത്തെ മോളെ പ്രസവിച്ചപ്പോൾ എല്ലാവരുടെയും മുന്നിൽ ഞാൻ കുറ്റക്കാരിയെപ്പോലെ നിന്നു.”
“പക്ഷേ എനിക്ക് ഒരു മോൻ വേണമെന്നുള്ളത് തെറ്റാണോ?”
“മോൻ വേണമെന്ന ആഗ്രഹം തെറ്റല്ല.”
റിൻസി പതുക്കെ പറഞ്ഞു.
“പക്ഷേ മോൻ ജനിക്കാത്തതിന്റെ കുറ്റം എന്റെ തലയിൽ കെട്ടിവയ്ക്കുന്നതാണ് തെറ്റ്.”
അയാൾ പരിഹാസത്തോടെ ചിരിച്ചു.
“അപ്പോൾ ആരുടെ തെറ്റാ?”
“ഇത് ആരുടെയും തെറ്റല്ല.”
“പിന്നെ?”
“കുഞ്ഞ് ആണോ പെണ്ണോ എന്നത് ഞാൻ തീരുമാനിക്കുന്നതല്ല.”
അയാൾ അവളെ നോക്കി.
“എന്താ നീ പറയുന്നത്?”
“ഞാൻ ഇതൊക്കെ പഠിച്ചിട്ടുള്ളതാണ് ബേബിച്ചായാ…
അയാൾ കുറച്ചുനേരം മിണ്ടാതിരുന്നു.
പിന്നെ പറഞ്ഞു:
“ഇതൊക്കെ നീ എവിടുന്നാ പഠിച്ചത്? ഡോക്ടറാണോ നീ?”
“ഡോക്ടറല്ല. പക്ഷേ ഇത്രയെങ്കിലും അറിയാം.”
അവളുടെ കണ്ണുകളിൽ കണ്ണുനീർ നിറഞ്ഞു.
“നിങ്ങൾക്ക് ആൺകുഞ്ഞ് വേണമെന്നുണ്ടെങ്കിൽ എന്നെ കുറ്റപ്പെടുത്തരുത്.കാരണം പെൺകുഞ്ഞ് ജനിക്കുന്നതിൽ എന്നെ മാത്രം കുറ്റപ്പെടുത്തിയിട്ട് കാര്യമില്ല കാരണം കുഞ്ഞ് ആണായാലും പെണ്ണായാലും അത് നമ്മുടെ കുഞ്ഞാണ്.”
അയാൾ ഒന്നും മിണ്ടിയില്ല.
“മൂന്ന് പെൺമക്കൾ നമുക്കുണ്ട്. അവരെ നോക്കുമ്പോൾ നിങ്ങൾക്ക് ഒരിക്കൽ പോലും തോന്നിയിട്ടില്ലേ… ഇവർ നമ്മുടെ മക്കളാണെന്ന്?”
അയാൾ മുഖം തിരിച്ചു.
“എനിക്ക് ഒരു മകൻ വേണം.”
“അതിന് വേണ്ടി എന്നെ വീണ്ടും ഗർഭിണിയാക്കണമെന്നാണെങ്കിൽ…”
റിൻസി കണ്ണുനീർ തുടച്ചു.
“അത് എനിക്ക് സമ്മതിക്കാനാവില്ല.”
“എന്തുകൊണ്ട്?”
“കാരണം ഇനി എന്റെ ശരീരത്തിനും ഒരു പരിധിയുണ്ട്. മൂന്ന് സിസേറിയനുകൾക്ക് ശേഷം വീണ്ടും ഒരു ഗർഭം എനിക്ക് എത്രത്തോളം സുരക്ഷിതമാണെന്ന് തീരുമാനിക്കേണ്ടത് നിങ്ങൾ അല്ല… ഡോക്ടറാണ്.”
അയാൾക്ക് മറുപടി പറയാനായില്ല.
പക്ഷേ അടുത്ത നിമിഷം അയാളുടെ മുഖത്ത് വീണ്ടുമാ പഴയ വാശി തെളിഞ്ഞു.
“എനിക്ക് ഒരു മകൻ വേണം.അത്രയേ ഉള്ളൂ.”
റിൻസി കണ്ണുകൾ അടച്ചു.
അവൾക്ക് മനസ്സിലായി.താൻ എത്ര പറഞ്ഞാലും, അവന്റെ മനസ്സിൽ വർഷങ്ങളായി ഉറച്ചുകിടക്കുന്ന ഒരു തെറ്റായ വിശ്വാസത്തെ അത്ര എളുപ്പത്തിൽ മാറ്റാൻ കഴിയില്ലെന്ന്.
അവൾ പതിയെ മുറിയിലേക്ക് നടന്നു.
പിന്നിൽ അമ്മച്ചിയുടെ ശബ്ദം വീണ്ടും കേട്ടു.
“ആണിനെ പ്രസവിക്കാത്ത സ്ത്രീ ഭാഗ്യം കെട്ടവളാണ്…”റിൻസി തിരിഞ്ഞുനോക്കിയില്ല.
അങ്ങനെ കുറച്ചു മാസങ്ങൾക്കകം അവരുടെ വിവാഹബന്ധം അവസാനിച്ചു.
റിൻസി മൂന്ന് പെൺമക്കളുമായി സ്വന്തം വീട്ടിലേക്ക് മടങ്ങി.അവളുടെ ജീവിതം അവിടെ നിന്ന് മറ്റൊരു വഴിയിലേക്ക് തിരിഞ്ഞു.
റിൻസി പോയതിനു ശേഷം അയാൾ വീണ്ടും വിവാഹം കഴിച്ചു.
അയാളുടെ രണ്ടാമത്തെ ഭാര്യ ഗർഭിണിയായി.
വഅയാൾ സന്തോഷിച്ചു.
“ഇത്തവണ ആൺകുട്ടി തന്നെയായിരിക്കും അയാളുടെ അമ്മച്ചി കുരിശു വരച്ചു.
അയാൾക്കും പ്രതീക്ഷയുണ്ടായിരുന്നു.
ഒൻപത് മാസങ്ങൾക്ക് ശേഷം ആശുപത്രിയിൽ നിന്നാ വാർത്തയെത്തി.
“സെലീന പ്രസവിച്ചു പെൺകുഞ്ഞാണ്.”
അയാളുടെ മുഖം മങ്ങി.
പക്ഷേ ഇത്തവണ അയാൾക്ക് കരയാനും ആരെയും കുറ്റപ്പെടുത്താനും കഴിഞ്ഞില്ല.
“അവളുടെ തെറ്റാണ് എന്ന് പറയാൻ തുടങ്ങിയ അയാൾ പെട്ടെന്ന് നിശ്ശബ്ദനായി.ഒരു തവണ കൂടി നോക്കാം ആദ്യത്തെ പെൺകുട്ടി ആവുന്നവർക്ക് രണ്ടാമതൊരാൺ കുട്ടി ആയിക്കൂടാ എന്നൊന്നുമില്ലല്ലോ
അയാൾ പ്രതീക്ഷയോടെ വീണ്ടും കാത്തിരുന്നു. അയാളുടെ ഭാര്യ രണ്ടാമത് ഗർഭിണിയായി.
വീട്ടിൽ വീണ്ടും പ്രതീക്ഷകൾ വന്നു തുടങ്ങി.
“ഇനി അടുത്ത കുഞ്ഞെങ്കിലും ആൺകുട്ടിയാകട്ടെ…”
സെലീനയുടെ പ്രസവദിവസം വന്നു.
അയാൾ പ്രസവമുറിക്ക് മുന്നിൽ അക്ഷമയോടെ കാത്തു നിന്നു.
അൽപസമയത്തിന് ശേഷം സിസ്റ്റർ പുറത്തേക്ക് വന്നു.
അയാൾ അവരെ പ്രതീക്ഷയോടെ നോക്കി.
“സെലീന പ്രസവിച്ചു പെൺകുഞ്ഞാണ്.”
ഇത്തവണ അയാൾ ഒന്നും പറഞ്ഞില്ല.
തല താഴ്ത്തി കുറച്ചുനേരം അവിടെ തന്നെ നിന്നു.അയാളുടെ അമ്മച്ചി പതിയെ ചോദിച്ചു:
“ഇനി നമ്മളെന്ത് ചെയ്യും മോനേ?ഇനിയിവളും റിൻസിയെ പോലെ പെണ്ണിനെ മാത്രേ പെറോള്ളോ?
അയാളവരോട് മറുപടിയൊന്നും പറയാതെ ഡോക്ടറുടെ മുറിയിലേക്ക് നടന്നു.
“ഡോക്ടർ…”
അയാൾ മടിച്ചുകൊണ്ട് ഡോക്ടറോട് ചോദിച്ചു,
“എന്തുകൊണ്ടാണ് ഡോക്ടർ എനിക്ക് ആൺകുട്ടി ഉണ്ടാകാത്തത്?”എന്റെ ഭാര്യക്ക് കുഴപ്പം വല്ലതുമുണ്ടോ?
ഡോക്ടർ അയാളെ കുറച്ചുനേരം നോക്കി.
പിന്നെ ശാന്തമായി പറഞ്ഞു:
“നിങ്ങൾക്കൊരു കാര്യം അറിയാമോ?”
“എന്ത്?”അയാൾ പുരികം ചുളിച്ചു.
“കുഞ്ഞിന്റെ ലിംഗം തീരുമാനിക്കുന്നതിൽ അമ്മയെ കുറ്റപ്പെടുത്തുന്നത് ശാസ്ത്രീയമായി തെറ്റാണ്.”
അയാൾ ഒന്നും മിണ്ടിയില്ല.
ഡോക്ടർ തുടർന്നു.
“അമ്മയുടെ അണ്ഡാണു X ക്രോമസോം മാത്രമാണ് നൽകുന്നത്. അച്ഛന്റെ ബീജാണുവാണ് X അല്ലെങ്കിൽ Y ക്രോമസോം നൽകുന്നത്. X വന്നാൽ XX = പെൺകുഞ്ഞ്. Y വന്നാൽ XY = ആൺകുഞ്ഞ്.”അതായത്
കുഞ്ഞിന്റെ XX/XY ക്രോമോസോം കോമ്പിനേഷൻ രൂപപ്പെടുന്നതിൽ അച്ഛന്റെ ബീജാണുവാണ് പ്രധാന പങ്കു വഹിക്കുന്നത്.
അയാളുടെ മുഖത്ത് പതിയെ ഒരു തിരിച്ചറിവ് തെളിഞ്ഞു.
“അതായത്…”റിൻസിയും…..
“അതെ.പെൺകുഞ്ഞ് ജനിച്ചതിന്റെ പേരിൽ നിങ്ങളുടെ ആദ്യഭാര്യയെ നിങ്ങൾ കുറ്റപ്പെടുത്തിയത് പൂർണ്ണമായും അന്യായമായിരുന്നു.”
അയാൾ കസേരയിലേക്ക് ചാരിയിരുന്നു.
അയാളുടെ മനസ്സിലേക്ക് റിൻസിയുടെ കണ്ണുനീർ നിറഞ്ഞ മുഖം വന്നു.
ആശുപത്രി മുറിയിൽ നിന്ന് കുഞ്ഞിന്റെ കരച്ചിൽ കേട്ടു.
അയാൾ പതിയെ പുറത്തേക്ക് നടന്നു.
തന്റെ അമ്മയുടെ കയ്യിൽ കിടന്നു മകളെ കൈകളിലെടുത്തപ്പോൾ ആ ചെറിയ വിരലുകൾ അയാളുടെ വിരലിൽ മുറുകെ പിടിച്ചു.
അയാൾ മെല്ലെയാ കുഞ്ഞിനെ നോക്കി.
അന്നേരം വർഷങ്ങൾക്കുമുമ്പ് താൻ ഉപേക്ഷിച്ച റിൻസിയെയും മൂന്ന് പെൺമക്കളെയും അയാൾക്കോർമ വന്നു. അന്നേരം അയാളുടെ നെഞ്ച് വിങ്ങി.
ആശുപത്രിയുടെ ജനാലയ്ക്കപ്പുറം സന്ധ്യ ഇരുണ്ടുതുടങ്ങിയിരുന്നു.
ഒരാൺകുഞ്ഞിനെ നേടാനുള്ള ആഗ്രഹത്തിൽ താൻ നഷ്ടപ്പെടുത്തിയത് മൂന്ന് പെൺമക്കളെയും അവരുടെ അമ്മയെയുമായിരുന്നുവെന്നയാൾ തിരിച്ചറിഞ്ഞു.
കുഞ്ഞ് പെണ്ണായതിന്റെ പേരിൽ അവളെ കുറ്റപ്പെടുത്തിയതിന് മുമ്പ്, ആദ്യം സ്വന്തം അറിവില്ലായ്മയെയായിരുന്നു ചോദ്യം ചെയ്യേണ്ടിയിരുന്നത്.
പറഞ്ഞിട്ടെന്തു ഫലം പക്ഷേ ചില സത്യങ്ങൾ മനസ്സിലാകുമ്പോഴേക്കും…
നമ്മൾ നഷ്ടപ്പെടുത്തിയ മനുഷ്യർ തിരികെ വരാത്തത്ര ദൂരത്തേക്ക് പോയിട്ടുണ്ടാകും.
ചില തിരിച്ചറിവുകൾ വരുന്നത് ഒരുപാട് വൈകിയാണ്.
കഥ :തിരിച്ചറിവ്
✍️അച്ചു വിപിൻ
