ഉറക്കെയുള്ള ആരുടെയോ സംസാരമാണ് എന്നെ ഉണർത്തിയത് തികച്ച ആരോചകമായിരുന്നു ആ ശബ്ദം…
ഉറക്കം ഞെട്ടിയതാണ്.. പണ്ടുമുതൽക്കേ ഒരു ചെറിയ ശബ്ദം മതി ഞാൻ ഉണരാൻ… അടുത്ത് കിടക്കുന്ന ആൾ നല്ല ഉറക്കമായതുകൊണ്ട് ഒന്നും അറിയുന്നുണ്ടായിരുന്നില്ല , പതിയെ എഴുന്നേറ്റ് ചെന്ന് ഒരു ജനൽ പാളി തുറന്നിട്ടു…
സൂര്യകിരണങ്ങൾ ഭൂമിയെ പുൽകാൻ തുടങ്ങുന്നതേയുള്ളൂ നേരിയ വെളിച്ചം പരന്നു തുടങ്ങിയിരുന്നു, മുറ്റത്തെ മുല്ല നിറഞ്ഞു പൂത്തു സുഗന്ധം പരത്തിയിരിക്കുന്നു, ഏതൊക്കെയോ പേരറിയാത്ത കിളികളുടെ കളകൂജനം നേർത്ത് കുളിരുള്ള, ശാന്തമായ, സുന്ദരമായ പ്രഭാതം…
പക്ഷേ അത് ആസ്വദിക്കാൻ കഴിയാത്ത വിധം അസഹനീയമായിരുന്നു ആ ശബ്ദം… ഒരു സ്ത്രീ ശബ്ദമാണ് വളരെ ഉച്ചത്തിൽ ആരെയോ ചീത്ത പറയുകയാണെന്ന് വ്യക്തം. വാക്കുകൾ ഒട്ടും സ്ഫുടമായിരുന്നില്ല, ഒരു മദ്യപാനിയുടേതുപോലെ കുഴഞ്ഞിട്ടുണ്ട്…
ഞാൻ അവരെ കാണാനായി ഒന്നുകൂടെ തല എത്തിച്ചു നോക്കി കുറച്ചു ദൂരെ ഒരു സ്ത്രീരൂപം കണ്ടു. 40 ന് മേലെ പ്രായം വരും നൈറ്റി ആണ് വേഷം. അത് മുകളിലേക്ക് ഉയർത്തി കുത്തി വച്ചിട്ടുണ്ട് പൈപ്പിൽ നിന്നും വെള്ളം എടുക്കുന്നതിനിടെ ആരെയോ ശകാരിക്കുകയാണ് മുന്നിലേക്ക് നോക്കിയാണ് സംസാരം , ഇത്രയൊക്കെ ചീത്ത പറഞ്ഞിട്ടും മറുത്തൊന്നും പറയാതെ ക്ഷമയോടെ കേട്ടുനിൽക്കുന്ന വ്യക്തിയെ കാണാൻ എനിക്ക് ആഗ്രഹം തോന്നി. ഞാൻ കാൽവിരലിൽ ഒന്ന് പൊങ്ങി ഒന്നുകൂടി എത്തിച്ചു നോക്കി…
ആരുമില്ലല്ലോ പിന്നെ അവർ ആരോടാണ് സംസാരിക്കുന്നത് ?.എനിക്ക് സംശയമായി…
കേട്ടാൽ അറക്കുന്ന വാക്കുകൾ പ്രയോഗിക്കാൻ തുടങ്ങിയപ്പോൾ ഞാൻ ശബ്ദം കേൾപ്പിക്കാതെ ജനൽ അടച്ചു കുറ്റിയിട്ടു ഫ്രഷായി അടുക്കളയിലേക്ക് ചെന്നു…. വിവാഹം കഴിഞ്ഞിട്ട് മൂന്ന് ദിവസമേ ആകുന്നുള്ളൂ… വീടും വീട്ടുകാരുമായി പരിചയമായി വരുന്നതേയുള്ളൂ,.. എന്നെ കണ്ട ഉടനെ അമ്മ ചിരിയോടെ ഒരു കപ്പ് ചായ എടുത്ത് കയ്യിൽ തന്നു…
” ആരാ അമ്മെ അത്? അവിടെ ഉറക്കെ വർത്താനം പറയുന്നല്ലോ?..”
” അതോ?.. അത് സുമതിയാ… നീയത് കാര്യമാക്കേണ്ട, ഒരിച്ചിരി പ്രശ്നമാണ്, ഇടയ്ക്കിടെ ഇതേപോലെ പിരിയിളകും, മുന്നേ ഒക്കെ വല്ലപ്പോഴും ആയിരുന്നു, ഇപ്പോ….” അമ്മ ഒന്നും നെടുവീർപ്പെട്ടുകൊണ്ട് സവാള അരിയുന്ന പണി തുടർന്നു…
” ഭ്രാന്താണോ അമ്മേ…” അൽപം ഭയത്തോടെ ചോദിച്ചു.
” അങ്ങനെ ചോദിച്ചാൽ… കുറച്ച്… മോള് പേടിക്കയൊന്നും വേണ്ട , ആരെയും ഉപദ്രവിക്കയൊന്നുമില്ല… ചുമ്മാ ഇങ്ങനെ ഓരോന്ന് പറഞ്ഞുകൊണ്ടിരിക്കും, എപ്പോഴും ഒന്നുമില്ല ഇടയ്ക്ക്..
മുൻപ് അവളുടെ ചേച്ചിയുടെ മോൾ ഇവിടെ ഉണ്ടായിരുന്നപ്പോൾ ഇങ്ങനെ ഉണ്ടായാൽ ആശുപത്രിയിൽ കൊണ്ടുപോകുമായിരുന്നു , അവിടുന്ന് കൊടുക്കുന്ന ഗുളിക കഴിക്കുമ്പോൾ വേഗം മാറും. ആ കൊച്ചു കെട്ടി പോയി കഴിഞ്ഞപ്പോൾ കൊണ്ടുപോകാൻ ആളില്ലാതെയായി… ഹാ.. അത് വിട് മോള് കണ്ടൊ അവളേ?…”
” മ്, എന്താമ്മേ…”
” വേണ്ടായിരുന്നു കണി കാണാൻ കൊള്ളില്ല മോളെ.. കണ്ടാൽ അന്നത്തെ ദിവസം പോക്കാ. അച്ചട്ടാ അത് എനിക്ക് അനുഭവമുണ്ട്…” അമ്മയുടെ സംസാരം കേട്ടപ്പോൾ ഒരു വല്ലായ്മ തോന്നി അങ്ങനെയൊക്കെ ഉണ്ടോ നല്ല ശകുനവും ദു:ശകുനും ! ആവോ എനിക്കറിയില്ല…
” ഞാൻ ചെയ്യാം അമ്മേ..” അമ്മയുടെ അടുത്ത് പോയിരുന്നു അമ്മ മറുത്ത് പറയാത്ത സവാളയും കത്തിയും കട്ടിങ് ബോർഡും എന്റടുത്തേക്ക് നീക്കിവെച്ച് എഴുന്നേറ്റുപോയി ഞാനത് എടുത്ത് പതിയെ അരിയാൻ തുടങ്ങി ഒരു സവാള ആകും മുന്നേക്കായി കൈമുറിഞ്ഞു അമ്മ ഓടി വന്നു…
” കണ്ടോ ഞാൻ പറഞ്ഞതല്ലേ എനിക്കറിയാം ഇന്നത്തെ ദിവസം മുഴുവൻ ഇങ്ങനെ ഓരോന്ന് കിട്ടും.. കണി അങ്ങനെയല്ലേ?..” വിരലിൽ ബാൻഡ് ഒട്ടിച്ചു തരുന്നതിനിടയിൽ അമ്മ പിറുപിറുത്തു.
അങ്ങനെയാവോ എനിക്കിത് ചെയ്ത് ശീലം ഇല്ലാഞ്ഞിട്ടല്ലേ…ചോദ്യം തൊണ്ടയിൽ കുടുങ്ങിക്കിടന്നു ചോദിക്കാൻ ധൈര്യം കിട്ടിയില്ല…
ഉച്ചയോടെ വീട്ടിൽ നിന്നും അച്ഛനും അമ്മയും വന്നു ഞാൻ ഓടിച്ചെന്ന് അമ്മയെ കെട്ടിപ്പിടിച്ചതും അമ്മ എൻറെ കയ്യിലേക്ക് ഒരു ചെറിയ എൻവലപ്പ് തന്നു…
ഗവൺമെൻറ് സ്കൂളിൽ അധ്യാപിക ആയിട്ടുള്ള അപ്പോയ്മെൻറ് ഓർഡർ ഉറക്കം ഒഴിച്ച് പഠിച്ചതിന്റെ ഫലം… പ്രതീക്ഷിച്ചിരുന്നതാണ് എങ്കിലും നേരിട്ടത് കയ്യിൽ കിട്ടിയപ്പോൾ സന്തോഷം കൊണ്ടെന്റെ കണ്ണ് നിറഞ്ഞു…
രാവിലെ സുമതി മാമി കണികാണാൻ കൊള്ളാത്തവൾ എന്ന് പറഞ്ഞവർ പക്ഷേ ഇപ്പോഴത് തിരുത്തി പറഞ്ഞില്ല എനിക്ക് അത്ഭുതം തോന്നി “അതെന്ത്കൊണ്ട് അങ്ങനെ?..”
ഒന്നു മാത്രം മനസ്സിലായി ആരും ആരുടെയും നല്ല ശകുനമോ ദു:ശകനമോ ആകുന്നില്ല, മാറേണ്ടത് മനുഷ്യന്റെ ചിന്താഗതിയാണ്…
പിന്നീട് പലപ്പോഴും അവരെ കണ്ടു ചിലപ്പോൾ നോർമൽ ആയിരിക്കും എന്നെപ്പോലെ… അമ്മയെപ്പോലെ… ദിവസവും കാണാറില്ല… മറ്റുള്ളവരെ പോലെ ഒരു സാധാരണ സ്ത്രീ!…
അങ്ങനെയുള്ളപ്പോൾ അവർ എന്നോട് കുശലം ചോദിക്കും, വീട്ടുകാരെ അന്വേഷിക്കും, സ്നേഹത്തോടെ “മോളെ” എന്ന് വിളിക്കും രാമായണവും ഭാഗവതവും നാരായണീയവും ഒക്കെ ഉറക്കെ സ്പഷ്ടമായി ഈണത്തിൽ വായിക്കും…
മറ്റു ചിലപ്പോൾ പിച്ചും പേയും പറയും ഉറക്കെ അലറും പൊട്ടിച്ചിരിക്കും തൊട്ടുമുന്നിലുള്ള ഏതോ അദൃശ്യനായ ശത്രുവിനോട് ദേഷ്യപ്പെടും. അറപ്പ് തോന്നുന്ന വാക്കുകളിൽ ഉച്ചത്തിൽ ചീത്ത പറയും…
പക്ഷേ അവർ ആരെയും അടിച്ചില്ല… ഉപദ്രവിക്കില്ല… കല്ലെറിഞ്ഞില്ല… ഇടയ്ക്ക് എപ്പോഴോ നോർമൽ ആയിരുന്നപ്പോൾ അവർ അമ്മയോട് സംസാരിക്കുന്നത് കേട്ടു…
“ഇന്നലത്തെ മഴയത്ത് വീട് അത്രയും ചോരുവാണ് ചേച്ചി… അതുകൊണ്ട് ഇന്ന് മുതൽ അമ്മൂന്റെ വീട്ടിലാ… 5000 നു വാടകയ്ക്ക് കൊടുക്കാൻ ഇരുന്നതാ പെണ്ണ്, എനിക്ക് ആയോണ്ട് 3000ന് തന്നു… പിന്നെ ആമിയും കുട്ടനും കൂടെ ഉള്ളതീന്ന് നാലു സെൻറ് അവർക്ക് കൊടുക്കാൻ പറഞ്ഞു ചേച്ചി , എന്നാ അവർ എനിക്ക് വീടും നന്നാക്കി അകത്തൊരു കുളിമുറിയും കെട്ടിത്തരാം എന്ന്…”
ആമിയും കുട്ടനും സുമതി മാമിയുടെ അകന്ന ബന്ധുക്കളാണ്. അവരാ പറഞ്ഞത് നല്ലതാണെന്ന് എനിക്കും തോന്നി , അല്ലെങ്കിൽ പബ്ലിക് ടാപ്പിൻ്റെ അടുത്ത് നിന്നാണ് സുമതി മാമി കുളിക്കാറ് വയ്യാതായാൽ നേരാവണ്ണം വസ്ത്രം പോലും ധരിക്കാറില്ല അയൽക്കാരൊക്കെ അന്നേരം അവരെ വഴക്ക് പറയും കല്ലെറിയും , ആ കല്ല് വന്ന് മേത്ത് കൊണ്ടാലും അവരത് അറിയാറില്ല അവരപ്പോഴും എന്തിനേയോ ചീത്ത പറഞ്ഞുകൊണ്ടിരിക്കുന്നുണ്ടാവും…
സുമതി മാമി അപ്പോഴും സംസാരം നിർത്തിയിരുന്നില്ല.
“അവര് പറഞ്ഞതൊന്നും അണ്ണൻ സമ്മതിച്ചില്ല ചേച്ചി എനിക്ക് വല്ല നക്കാപ്പിച്ചതെന്ന് അവർ വസ്തു എടുക്കുന്നാ അണ്ണൻ പറയുന്നത് നേരായിരിക്കും എനിക്ക് ഇത് വല്ലതും അറിയാമോ?…” അമ്മ തിരികെ ഒന്നും പറയുന്നത് കേട്ടില്ല അവര് പോയിക്കഴിഞ്ഞാൽ അമ്മ എന്നോട് സംസാരിച്ചത്…
” അവരും മൊത്തം അഞ്ച് മക്കളാണ് നാലാമത്തെയാണ് സുമതി…ഇവളുടെ പതിനാലാമത്തെ വയസ്സിലാണ് അച്ഛൻ മരിക്കുന്നത്, അച്ഛൻ എന്നുവച്ചാൽ സമിതിക്ക് ജീവനായിരുന്നു, അന്ന് തുടങ്ങിയതാ ഈ ഭ്രാന്ത്… കുറെനാൾ ഭ്രാന്താശുപത്രിയിലായിരുന്നു പിന്നീട് ഇങ്ങനെ വരും അപ്പോൾ പിന്നെ ആശുപത്രി കൊണ്ടുപോകും മരുന്ന് കൊടുക്കുമ്പോൾ മാറും… അന്നൊക്കെ നോക്കാൻ അവളുടെ അമ്മയുണ്ടായിരുന്നു. അവര് പോയപ്പോൾ അനിയത്തിയുടെ പിള്ളേര് ഉണ്ടായിരുന്നു നോക്കാൻ, അവർ കല്യാണം കഴിഞ്ഞുപോയ പിന്നെ ഇങ്ങനെ ആയി, ഇപ്പോ ആരും ആശുപത്രിയിൽ കൊണ്ടുപോകത്തൊന്നുമില്ല പണ്ട് കൊടുത്ത മരുന്ന് വാങ്ങിച്ചു കൊടുക്കും അത്രതന്നെ…
കൊണ്ടുപോയാ പൈസ ചെലവല്ലേ… ആ പൊളിഞ്ഞു വീഴാറായ വീടും 8 സെൻറും അവളുടെ പേരിലാ.. അതിൻറെ ആധാരമൊക്കെ അവളുടെ കയ്യിൽ നിന്നും ഓരോന്ന് പറഞ്ഞ് അവളുടെ അടുത്ത് നിന്ന് എല്ലാം എഴുതി വാങ്ങും അയാള് … സുമതിയുടെ അമ്മ മരിക്കുന്നതിനു മുൻപ് അവളുടെ പേരില് കുറച്ച് പൈസ ബാങ്കിലിട്ടിരുന്നു അവര് പോയശേഷമാണ് ഇവളുടെ അവസ്ഥ ഇങ്ങനെയായത്, അതിൻറെ പലിശ കൊണ്ടാ കഞ്ഞി കുടിച്ചു കൊണ്ടിരുന്നത് ഇപ്പോൾ അയാൾ അത് കൊടുക്കുന്നുണ്ടാവോ ആവോ?.. ആ സ്വത്ത് എടുക്കാൻ ഇനി എന്നാണാവോ എന്തോ അയാൾ അവളെ വിഷം കൊടുത്തു കൊല്ലുന്നത്…” വിഷമത്തോടെ അമ്മ അതും പറഞ്ഞു നടന്നു പോയപ്പോൾ ഞാൻ ചിന്തിച്ചത് അവരെക്കുറിച്ചാണ് സുമിതിയെക്കുറിച്ച്….
സാമാന്യം ഭേദപ്പെട്ട കുടുംബത്തിൽ ജനിച്ചു സ്നേഹമനുഭവിച്ചു വളർന്നു, അച്ഛൻറെ മരണത്തോടെ മാനസിക നില തെറ്റി പ്രാന്തയായി, അമ്മയുടെ മരണം അവരെ അവർക്ക് ആശ്രയം ഉണ്ടായിരുന്നു, ഇപ്പോൾ ആർക്കും വേണ്ടാത്തവളായി ബന്ധുക്കൾക്ക് പോലും ഒരു ഭാരമായി….
ഒരു പക്ഷേ ഇതൊക്കെ അവരുടെ അമ്മ നേരത്തെ മനസ്സിലാക്കിയിട്ടുണ്ടാവണം അതല്ലേ അവരുടെ പേരിൽ പണം കരുതി വച്ചത് അതിനുവേണ്ടിയെങ്കിലും ബന്ധുക്കൾ അവരെ സംരക്ഷിക്കും എന്ന് കരുതിയിട്ടുണ്ടാവണം…
പിറ്റേന്നും അവർ എന്നോട് സംസാരിച്ചു. സഹോദരൻ അവരോടുള്ള സ്നേഹത്തെക്കുറിച്ച് വാചാലയാകുന്നത് കണ്ടപ്പോൾ അതുവരെ കണ്ടിട്ടില്ലാത്ത മനുഷ്യനോട് എനിക്ക് വെറുപ്പ് തോന്നി. സ്വബോധമില്ലാത്ത കൂടപ്പിറപ്പിനെ പോലും പറ്റിക്കുന്നതിനെ മനുഷ്യൻ എന്ന് എങ്ങനെ വിളിക്കും…
രണ്ടുദിവസത്തിനിപ്പുറം അവരുടെ ഉച്ചത്തിലുള്ള സംസാരം ഞാൻ വീണ്ടും കേട്ടു.
” ഇളകീന്നാ തോന്നുന്നത്, ഇനി കുറച്ചു ദിവസത്തേക്ക് ചെവിതല തരില്ല..” മുറു മുറുത്തു കൊണ്ട് അമ്മ പോയപ്പോൾ ഞാൻ അവരുടെ സംസാരം ശ്രദ്ധിച്ചു അതുപോലെ ആരെയോ ശകാരിക്കുകയാണ്..
” എനിക്കറിയാടാ, നീ സ്നേഹം കാണിക്കുന്നത് എന്തിനാണെന്ന് എനിക്കറിയാടാ, എന്റെ പ്രമാണം കെട്ടിപ്പിടിച്ച് നീ അവിടെ ഇരുന്നോ. ചത്താലും തിന്നുമുടിക്കാൻ നിനക്കത് ഞാൻ തരില്ലടാ…” അവർ അലമുറയിട്ടു…
അവർ എത്രനാളും സംസാരിച്ചിരുന്ന ആ അദൃശ്യനായ വ്യക്തി അവരുടെ സഹോദരൻ തന്നെയായിരുന്നു എന്ന തിരിച്ചറിവ് എന്നിൽ അത്ഭുതമുളവാക്കി. ഇപ്പോഴാണോ അവർക്ക് അവരുടെ സഹോദരൻറെ തനി നിറം വെളിവായത്?.. അവർക്കെല്ലാം അറിയാമായിരുന്നൊ?.. എന്തോ ഒരു ഭയം അവരെ എല്ലാം ഉള്ളിൽ ഒതുക്കാൻ പ്രേരിപ്പിക്കുകയായിരുന്നില്ല?..
അപ്പോൾ ഏത് അവസ്ഥയെയാണ് പ്രാന്ത് എന്ന് വിശേഷിപ്പിക്കേണ്ടത്? ഏത് അവസ്ഥയിലാണ് അവർക്ക് ബോധം ഉള്ളത്?..
ഭ്രാന്ത് എന്നത് ഭയം മരിക്കുന്ന അവസ്ഥ കൂടിയാണ് !..
മരണത്തോടുള്ള ഭയം ഇല്ലാതാക്കുന്ന അവസ്ഥ…!
ജീവിക്കണമെന്നുള്ള മോഹം അസ്തമിക്കുന്ന അവസ്ഥ..!
അപ്പോൾ മാത്രമാണ് നമ്മുടെ ഉള്ളിൽ മൂടിവെച്ച പലതും മറനീക്കി പുറത്തുവരുന്നത് അതാണ് സത്യം..!
അവരോട് എനിക്ക് സഹതാപം തോന്നിപ്പോയി..!.
അവരുടെ ഭ്രാന്ത് പിന്നീട് കുറഞ്ഞില്ല അവർ പലപ്പോഴും ആരോട് സംസാരിക്കുന്നത് കേട്ടു. ചിലപ്പോഴൊക്കെ ദേഷ്യത്തിൽ അവരുടെ സഹോദരനോട് ആകാം… ചിലപ്പോൾ സമാധാനത്തിൽ അവരുടെ തന്നെ പ്രതിരൂപത്തോടാകാം… ചിലപ്പോൾ അതിയായ വേദനയോടെ ആവലാതികൾ പറഞ്ഞുകൊണ്ട് കരയും അത് ചിലപ്പോൾ അവരുടെ അമ്മയോട് ആയിരിക്കും…
ഇടയ്ക്ക് സംസാരം വല്ലാതെ കുഴഞ്ഞിരിക്കും പറയുന്നത് മനസ്സിലാക്കാൻ ആകാത്ത വിധം അപ്പോഴൊക്കെ അമ്മ പറയും..
” ഇന്ന് ഡോസ് കൂട്ടി കൊടുത്തു എന്നാ തോന്നുന്നത് ഇങ്ങനെ പോയാൽ അധികം നാള് കാണില്ല…’ ദിനം കഴിയുംതോറും അവസ്ഥ കൂടുതൽ ദയനീയമായി കൊണ്ടിരുന്നു നിലവിളികൾ ഉച്ചത്തിൽ ആയി രാവെന്നോ പകലെന്നോ ഇല്ലാതെ… എന്റെ രാത്രികൾ ഉറക്കമില്ലാത്തവയായി…
സ്കൂളിൽ നിന്നും തിരികെ വീട്ടിലെത്തി വീട്ടുജോലികളിൽ അമ്മയെ സഹായിച്ച് അടുക്കള ഒതുക്കി രാത്രിയിൽ മുറിയിലേക്ക് വരുമ്പോൾ ഒന്നുറങ്ങിയാൽ മതിയെന്ന് തോന്നും അന്നൊക്കെ കണ്ണ് അടക്കാൻ പോലും കഴിയാത്ത വിധം അവർ നിലവിളിക്കുമ്പോൾ വല്ലാതെ ദേഷ്യം തോന്നിയിട്ടുണ്ട് അവരുടെ മരണത്തിനായി പലപ്പോഴും ഞാനും ആഗ്രഹിച്ചിട്ടുണ്ട്….
എന്നാൽ പരസ്യമായി അവരുടെ മരണത്തിനും മുറവിളി കൂട്ടിയവരായിരുന്നു അധികവും…
ഒരു ദിവസം രാവിലെ ഉറക്കം ഉണർന്ന് താഴേക്ക് ചെന്ന് എന്നെക്കാത്ത് അമ്മ നിൽപ്പുണ്ടായിരുന്നു…
” മോളെ നമ്മുടെ സുമതി പോയി എപ്പോഴാണെന്ന് ഒന്നും അറിഞ്ഞുകൂടാ ഞാൻ ഒന്ന് അങ്ങോട്ട് പോകുവാ…” അന്ന് ആദ്യമായി ഒരു മരണം എന്നെ വേദനിപ്പിച്ചില്ല…
എന്തിനായിരുന്നു ഇങ്ങനെ ഒരു സൃഷ്ടി സനാഥയായി ജനിച്ച് അനാഥയെ പോലെ ഭ്രാന്തിയായി ജീവിച്ച് അനാഥയായി മരണം… എന്തിനൊവേണ്ടി ജനിച്ചു ജീവിച്ച് മരിച്ചവർ..!
ഇതുവരെ എല്ലാ ജീവിതങ്ങൾക്കും ഒരു അർത്ഥമുണ്ടെന്ന് വിശ്വസിച്ചിരുന്നു, എന്നാൽ എന്താണ് ഇങ്ങനെയൊരു ജന്മത്തിന്റെ അർത്ഥം മറ്റുള്ളവർക്ക് പരിഹസിക്കാൻ ആയി മാത്രം ഒരു ജന്മം..! ദൈവത്തിൻറെ വികൃതികളിലൊന്ന്…!
മരണം ചില ജന്മങ്ങൾക്ക് എങ്കിലും ഒരാശ്വാസമാണ് അനുഗ്രഹമാണ്… പീഡനങ്ങളിൽ നിന്നുള്ള മോചനമാണ്…
ഇവിടെയും അത് അങ്ങനെ തന്നെയാണ്….
അവരുടെ മരണം ഒരു മനസ്സിനെ പോലും വേദനിപ്പിക്കില്ല ഒരു കണ്ണ് പോലും അവർക്കായി ഈറൻ അണിയില്ല… എല്ലാവരും ആഗ്രഹിച്ചതാണ് ഒരു വേള ഈ ഞാൻ പോലും…! വെറുക്കപ്പെട്ടവളായി ജീവിക്കാൻ എന്തായിരുന്നു അവർ ചെയ്ത തെറ്റ് ? എനിക്കിന്നും അതുമാത്രം മനസ്സിലാക്കാൻ കഴിയുന്നില്ല….
ശുഭം 🙏
✍️തൂലിക
