തൻറെ ഭർത്താവിൻറെ വഴിവിട്ട ബന്ധം കയ്യോടെ പൊക്കിയ ജാനകിക്ക് നേരിടേണ്ടി വന്നത് കൊടിയ മർദ്ദനങ്ങൾ ആയിരുന്നു, എത്ര ക്രൂരൻ ആണെങ്കിലും ഭർത്താവല്ലെ….

കട്ടിലിന്റെ ഓരം ചേർന്ന് കാൽമുട്ടുകൾക്കിടയിൽ മുഖമമർത്തി കരയുന്ന ജാനകിയെ ആറു വയസ്സുകാരി കണ്ണിമ വെട്ടാതെ നോക്കി നിന്നു…

” അമ്മാ…”

ജാനകിയുടെ കണ്ണുകൾക്കൊപ്പം ആ കുഞ്ഞിക്കണ്ണുകളും നിറഞ്ഞു തുളുമ്പി നിറകണ്ണുകളോടെ തനിക്കു മുന്നിൽ നിന്ന് ചിണുങ്ങി കരയുന്ന തൻറെ മകളെ കണ്ടു നോവിനിടയിലും ആ അമ്മ മനസ്സൊന്നു ചിരിച്ചെന്നു വരുത്തി….

അമ്മയുടെ മുഖത്ത് വിരിഞ്ഞ പുഞ്ചിരി കുഞ്ഞു കണ്ണുകളിലും പ്രതിഫലിച്ചു തുടങ്ങി… കുടിച്ച് ബോധമില്ലാതെ മില്ലാതെ അന്നത്തെ പോരാട്ടം കഴിഞ്ഞ് കട്ടിലിൽ കിടന്നുറങ്ങുന്ന ഭർത്താവിനെ നോക്കി തന്റെ ആറു വയസ്സുകാരി അമ്മുവിൻറെ കയ്യും പിടിച്ച് ജാനകി അടുത്ത മുറിയിലേക്ക് നടന്നു….

അമ്മുവിൻറെയും ജാനകിയുടെയും ദിനചര്യയുടെ ഒരു ഭാഗമാണ് ഈ കണ്ണീരും പുഞ്ചിരിയും…. അമ്മയുടെ കണ്ണീരിന്റെ അർത്ഥം അറിയാത്ത അമ്മു ജാനകിയുടെ നിഴലിൽ ആയിരുന്നു… നിഷ്കളങ്കത മാത്രം വിരിയേണ്ട കണ്ണുകളിൽ സ്വന്തം അച്ഛൻറെ നിഴൽ പോലും ഭയം ജനിപ്പിച്ചു കൊണ്ടിരുന്നു…. അച്ഛൻ എന്നത് മദ്യപിച്ച് അമ്മയെ ദേഹോപദ്രവം ചെയ്യുന്ന ഒരു മനുഷ്യൻ മാത്രമായിരുന്നു അവൾക്ക്.

വർഷങ്ങൾ കൊഴിഞ്ഞുവീണു കൊണ്ടേയിരുന്നു മദ്യപാനിയായ അച്ഛൻറെ വഴിവിട്ട ബന്ധങ്ങൾ നാട്ടിലും വീട്ടിലും ഒരുപോലെ പാട്ടായപ്പോൾ ഇതൊന്നും തനിക്ക് ബാധകമല്ല എന്ന രീതിയിൽ കണ്ണും കാതും പൂട്ടിയമ്മു…

ക്ലാസിലെ കുട്ടികൾ അനുകമ്പയോടും പരിഹാസത്തോടെയും തന്നെ നോക്കി തുടങ്ങിയപ്പോൾ അമ്മു ആ നോട്ടങ്ങളെയൊക്കെ അവഗണിച്ചു തുടങ്ങി. ആദ്യമൊക്കെ അച്ഛൻറെ സ്വഭാവത്തെപ്പറ്റി പലരും പറയുമ്പോൾ വിഷമം തോന്നിയിരുന്നു എങ്കിലും പിന്നീട് അതൊന്നും ഒരിക്കലും ആ അമ്മയെയും മകളെയും തളർത്തിയില്ല…

സാഹചര്യങ്ങളുടെ തീച്ചൂളയിൽ പെട്ട് കാരിരുമ്പിന്റെ കരുത്ത് വർദ്ധിച്ചിരുന്നു ആ അമ്മയും മകളും…
ഒരു അഞ്ചു പൈസ വീട്ടു ചെലവിനോ അമ്മുവിൻറെ പഠനകാര്യത്തിനൊ വേണ്ടി അച്ഛൻ കേശവൻ ചിലവാക്കിയിരുന്നില്ല, ഒരു നാരങ്ങ മിട്ടായി പോലും സ്നേഹത്തോടെ അമ്മുവിനായി അവളുടെ അച്ഛൻ വാങ്ങി നൽകിയില്ല, അവൾ ഒരിക്കൽ അതിൽ പരിഭവം പറഞ്ഞിട്ടുമില്ല…

ദാരിദ്ര്യത്തിന്റെയും നിസ്സഹായതയുടെയും നടുവിൽ ആണെങ്കിലും അമ്മു പഠിക്കാൻ മിടുക്കിയായിരുന്നു അതുകൊണ്ടുതന്നെ എസ്എസ്എൽസി പരീക്ഷയിൽ ഫുൾ എ പ്ലസ് വാങ്ങി പ്ലസ് വണ്ണിന് സയൻസ് ഗ്രൂപ്പ് തന്നെ അവൾ തിരഞ്ഞെടുത്തു… ജാനകിക്ക് ഒരു തുണി കടയിലായിരുന്നു ജോലി അവിടുന്ന് കിട്ടുന്ന തുച്ഛമായ സംഖ്യ കൊണ്ട് വീട്ടു ചെലവുകളും അമ്മുവിൻറെ പഠനവും അല്ലില്ലാതെ നടത്തി പോകുന്നു മിച്ചം വരുന്ന തുക അമ്മുവിൻറെ പേരിൽ ബാങ്കിലിട്ടു….

ഭാര്യയെയും തന്നോളം വളർന്ന ഒരു മകളും ഉണ്ടായിട്ടും അമ്മുവിൻറെ അച്ഛൻ പലപ്പോഴും നൈമിഷിക സുഖത്തിനായി പരസ്ത്രീകളെ തേടി പോയിക്കൊണ്ടിരുന്നു… തനിക്ക് സ്വന്തമായ സ്നേഹം മറ്റു കുഞ്ഞുങ്ങൾക്ക് നൽകുന്നത് കാണുമ്പോൾ അവളുടെ നെഞ്ചു പിടഞ്ഞിരുന്നു , സ്നേഹത്തോടെയുള്ള ഒരു നോട്ടം പോലും നൽകാത്ത തൻറെ അച്ഛനോട് ക്രമേണ അവൾക്ക് വെറുപ്പായി തുടങ്ങിയിരുന്നു…

അച്ഛൻറെ തെറ്റുകൾക്ക് മകൾ പ്രതികരിക്കാൻ തുടങ്ങിയപ്പോൾ തിരികെ കിട്ടിയത് കേട്ടാൽ അറക്കുന്ന അസഭ്യം മാത്രം!  അച്ഛനും മകളും എന്ന ബന്ധം പോലും അയാളുടെ ഓർമ്മകളിൽ തെളിഞ്ഞിരുന്നില്ല,  പതിയെ പതിയെ അവർക്കിടയിൽ മൗനം ഖനീഭവിക്കാൻ തുടങ്ങി…

സാഹചര്യങ്ങൾ അവളെ ഒരു പോരാളിയാക്കി മാറ്റിയിരുന്നു, ഈ ഭൂമിയിൽ അവൾക്ക് സ്വന്തമായുള്ളത് ഒരേയൊരു ബന്ധം അമ്മ മാത്രം അമ്മയുടെ എല്ലാ ആശകളും പൂർണമാക്കുക എന്നതുമാത്രമായിരുന്നു അവരുടെ ലക്ഷ്യം…
പഠനത്തിൽ മികവ് കാട്ടിയ അമ്മുവിനെ ടീച്ചേഴ്സും സഹപാഠികളും ഒരുപോലെ സഹായിക്കാൻ മുന്നോട്ടുവന്നെങ്കിലും അവൾ അതൊക്കെ സ്നേഹപൂർവ്വം നിരസിച്ചു, പ്ലസ് ടൂ നല്ല മാർക്കോടെ പാസായ അമ്മുവിനെ ഡോക്ടർ ആക്കാൻ അമ്മ തന്നെ കൊണ്ട് കഴിയും വിധമൊക്കെ കഷ്ടപ്പെട്ടു. നിർഭാഗ്യവശാൽ ഗവൺമെൻറ് കോളേജിൽ എൻജിനീയറിങ് ആയിരുന്നു അഡ്മിഷൻ കിട്ടിയത്,  പഠിക്കാൻ ഇരിക്കുമ്പോഴൊക്കെ തനിക്കുവേണ്ടി കഷ്ടപ്പെടുന്ന അമ്മയുടെ മുഖം അമ്മുവിൻറെ മനസ്സിൽ തെളിഞ്ഞുവന്നു….

താൻ കഴിച്ചില്ലെങ്കിലും മക്കളെ ഊട്ടാൻ പാടുപെടുന്ന അമ്മ കിളിയെ പോലെ മകൾക്ക് വേണ്ടി സ്വന്തം ഇഷ്ടങ്ങളും താല്പര്യങ്ങളും അമ്മ വേണ്ടെന്നു വയ്ക്കുന്നത് പലപ്പോഴും അമ്മു കണ്ടിട്ടുണ്ട് കഷ്ടപ്പാടിന്റെ തീച്ചൂളയിൽ സ്വയം വെന്തുരുകുമ്പോഴും തങ്ങളെ തിരിഞ്ഞു നോക്കാത്ത കേശവന്റെ മുന്നിൽ ജാനകി ഒരിക്കൽ പോലും കൈനീട്ടിയിട്ടില്ല , തൻറെ അമ്മയെ നല്ല രീതിയിൽ നോക്കാൻ താൻ സ്വന്തം കാലിൽ നിന്നെ മതിയാകൂ എന്ന ഉത്തമ ബോധ്യമുള്ള അവൾ നല്ലപോലെ പഠിച്ച് ക്ലാസ്സിൽ എല്ലാത്തിലും ഒന്നാമത് എത്തി…

പഠനത്തിൽ നിന്നും അവൾ ഒന്നാമത് ആയിരുന്നു എല്ലാ കൊല്ലവും ഉയർന്ന മാർക്ക് നേടുന്ന കുട്ടികൾക്ക് കിട്ടുന്ന സ്കോളർഷിപ്പ് ആ വർഷം അവർക്ക് ലഭിച്ചു കിട്ടിയ തുകകൊണ്ട് അമ്മയ്ക്കായി എന്തെങ്കിലും ചെയ്യണമെന്ന് മാത്രമേ അവൾക്ക് തോന്നിയുള്ളൂ കോളേജ് പ്രിൻസിപ്പാളിന്റെ കൈയിൽ നിന്നും 30000 രൂപ കൈ നീട്ടി വാങ്ങുമ്പോൾ തന്റെ അമ്മയുടെ മുഖം ഓർമ്മ വന്നു… കോളേജ് വിട്ടു വീട്ടിലേക്ക് പോകാതെ അമ്മു തന്റെ അമ്മ ജോലി ചെയ്യുന്ന ഷോപ്പിലേക്ക് പോയി,  അവശതയോടെ വസ്ത്രങ്ങൾ മടക്കി ഷെൽഫിൽ വെക്കുന്ന ജാനകിയെ കണ്ടപ്പോൾ അമ്മുവിൻറെ കാലുകൾ അന്ന് ആദ്യമായി ഇടറി….   ജാനകി പണി കഴിഞ്ഞു വരുന്നതുവരെ അമ്മു ഷോപ്പിന് പുറത്ത് കാത്തുനിന്നും ഷോപ്പിനു പുറത്തിറങ്ങിയ ജാനകി കാണുന്നത് തന്നെ കാത്തുനിൽക്കുന്ന അമ്മുവിനെയാണ് ഏറെനേരം ഒരേ നിൽപ്പ് നിന്നത് കൊണ്ട് ജാനകിയുടെ കാൽപാദങ്ങളിൽ നീര് വന്ന് വീർത്തിരുന്നു….

” നീ പോയില്ലേ അമ്മൂ…?.”

ജാനകിയുടെ ചോദ്യത്തിന് അമ്മു കണ്ണുകൾ ഇല്ലെന്ന് കാണിച്ചു..

” അമ്മ വാ…” അമ്മു അമ്മയുടെ കൈപിടിച്ച് റോഡിൻറെ ഓരം ചേർന്നു നടന്നു വെളുത്തുള്ളിയുടെയും ഇഞ്ചിയുടെയും സ്വാദിഷ്ടഗന്ധം മൂക്കിലേക്ക് അടിച്ചു കയറ്റിയപ്പോൾ അമ്മുവിന് വിശക്കാൻ തുടങ്ങി…

” നമുക്ക് എന്തെങ്കിലും കഴിക്കാം…” അമ്മുവിൻറെ ചോദ്യത്തിന് മുന്നിൽ ജാനകി തന്റെ ഹാൻഡ്ബാഗ് തുറന്നു അതിലെ നാണയതുട്ടിലേക്കും 20 രൂപ നാട്ടിലേക്കും നോട്ടം പായിച്ച തന്റെ അമ്മയുടെ നിസ്സഹായത കണ്ടു നിന്ന അമ്മു അവരുടെ കൈകൾ ചേർത്ത് പിടിച്ച് ഇന്ത്യൻ കോഫി ഹൗസിന്റെ പടികൾ കയറി…

ജാനകിയുടെ സമ്മതത്തിന് കാത്തുനിൽക്കാതെ രണ്ടു മസാല ദോശയ്ക്ക് ഓർഡർ കൊടുത്തു…

” കഴിക്ക് അമ്മേ…” തന്നെ നോക്കിയിരിക്കുന്ന അമ്മയെ നോക്കി അമ്മു ചിരിച്ചുകൊണ്ട് പറഞ്ഞു, മസാല ദോശ ആസ്വദിച്ച് കഴിക്കുന്ന ജാനകിയെ അമ്മു കണ്ണിമ വെട്ടാതെ നോക്കിയിരുന്നപ്പോഴാണ് ജാനകിയുടെ കഴുത്തിലുള്ള മുക്കുമാലയിൽ അങ്ങിങ്ങായി ക്ലാവ് പിടിച്ചു കിടക്കുന്നത് അമ്മു ശ്രദ്ധിച്ചത്, കഴിച്ചു കഴിഞ്ഞ് പുറത്തേക്ക് ഇറങ്ങുമ്പോൾ ജാനകി അമ്മുവിനെ ഒന്നു നോക്കി അമ്മു കൈയിൽ ചുരുട്ടിപ്പിടിച്ച അഞ്ഞൂറ് രൂപ ക്യാഷർക്ക് നൽകി…

ബസ്റ്റാൻഡിലേക്ക് നടക്കുന്നതിനിടെ അമ്മു തനിക്ക് സ്കോളർഷിപ്പ് കിട്ടിയ കാര്യം ജാനകിയോടു പറഞ്ഞു, സന്തോഷം കൊണ്ട് ജാനകിയുടെ കണ്ണുകൾ നിറഞ്ഞു…. അമ്മു ജാനകിയെയും കൂട്ടി നേരെ പോയത് ബസ്സ്റ്റാൻഡിന്റെ എതിർവശത്തുള്ള സ്വർണക്കടയിലെ ആയിരുന്നു, ഒരു കുഞ്ഞു മാലയും അതിൽ കോർത്തിടാൻ ഒരു കുഞ്ഞു ലോക്കറ്റും വാങ്ങി അമ്മു ജാനകി നൽകി…

അവിടുന്ന് ഇറങ്ങിയതും അമ്മു ജാനകിയെയും കൂട്ടി അടുത്തുള്ള ബാഗ് കടയിലേക്കാണ് നടന്നത് ബാഗിന്റെ അടിഭാഗം അടർന്നു മാറിയിട്ട് പുതിയതൊന്നും വാങ്ങാതെ പിന്നുകുത്തി വീണ്ടും അതെ ബാഗ് ഉപയോഗിക്കുന്ന അമ്മയ്ക്ക് പുതിയൊരു ബാഗ് വാങ്ങി നൽകുമ്പോൾ അമ്മുവിന് പറഞ്ഞറിയിക്കാനാവാത്ത സന്തോഷം തോന്നി. നിറം മങ്ങിയ സാരികൾക്ക് പകരം അമ്മു ജാനകിക്കായി നാല് പുതിയ സാരി വാങ്ങി കൊടുത്തു ജാനകി സന്തോഷംകൊണ്ട് അമ്മുവിൻറെ മൂർദ്ധാവിൽ അമർത്തി ചുംബിച്ചു…

നാട്ടിലേക്കുള്ള ബസ്സിൽ പുറം കാഴ്ചകളിൽ കണ്ണുനീട്ടിരിക്കുന്ന അമ്മുവിൻറെ തോളിലേക്ക് ജാനകി ചാരിയിരുന്നു തന്റെ ഭൂതകാലത്തിലേക്ക് ഊളിയിട്ടു…

തൻറെ ഭർത്താവിൻറെ വഴിവിട്ട ബന്ധം കയ്യോടെ പൊക്കിയ ജാനകിക്ക് നേരിടേണ്ടി വന്നത് കൊടിയ മർദ്ദനങ്ങൾ ആയിരുന്നു, എത്ര ക്രൂരൻ ആണെങ്കിലും ഭർത്താവല്ലെ എന്ന പരിഗണനയിൽ… അമ്മുവിന് അച്ഛനെ നഷ്ടപ്പെടരുത് എന്ന് ആശയിൽ… കേശവന്റെ പുതിയ വീട്ടിലേക്ക് ചെന്നെങ്കിലും അപമാനം മാത്രമായിരുന്നു ഫലം….

ബന്ധുക്കളും അയൽവാസികളും കേശവന്റെ വൃത്തികെട്ട നാവിനെ ഭയന്ന് ഒന്നിനും ഇടപെടാതെ മാറിനിന്നും ഗത്യന്തരമില്ലാതെ പോലീസ് സ്റ്റേഷനിൽ പരാതിപ്പെട്ടെങ്കിലും പോലീസുകാർക്ക് മുന്നിൽ ഇനിയൊരു തെറ്റ് ചെയ്യില്ലെന്ന് പറഞ്ഞ് നല്ലപിള്ള ചമഞ്ഞ കേശവൻ ഒരാഴ്ച കഴിഞ്ഞാൽ വീണ്ടും പഴയ സംബന്ധക്കാരിയെ തിരക്കി ഇറങ്ങുന്നത് പതിവായി പലതവണ പോലീസ് സ്റ്റേഷനിൽ കയറിയിറങ്ങിയെങ്കിലും നിരാശ തന്നെയായിരുന്നു . ഫലം നിവർത്തികേട്ട പോലീസ് കേശവനെ പിടിച്ചു ജയിലിൽ ഇട്ടെങ്കിലും പുതിയ സംബന്ധക്കാരി പുഷ്പം പോലെ കേശവൻ ജയിലിൽ നിന്ന് ഇറക്കി കൊണ്ടു പോയി…

തന്റെ മകളുടെ സുരക്ഷിതത്വവും ഭാവിയും ഓർത്തത് കൊണ്ട് മാത്രം ആ വീട്ടിൽ ജാനകി കടിച്ചു തൂങ്ങി നിന്നു പണിക്കു പോയി കിട്ടുന്ന കാശ് മൊത്തം പുതിയ സംബന്ധക്കാരിക്ക് കൊണ്ട് കൊടുത്തു വരുന്ന കേശവനെ ഓർത്ത് ജാനകി പിന്നീട് ഒരിക്കലും കണ്ണീർ വാർത്തില്ല…
ബസ്റ്റോപ്പ് എത്തിയപ്പോൾ തൻറെ തോളിൽ കിടന്നുറങ്ങിയ ജാനകിയെ അമ്മു തട്ടി വിളിച്ചു അവരുടേതായ കുഞ്ഞു കുഞ്ഞു സന്തോഷങ്ങളിൽ അവരൊത്തിരി സന്തോഷിച്ചുകൊണ്ട് ജീവിതം മുന്നോട്ടു നയിച്ചു…

വർഷങ്ങൾ പിന്നെയും കഴിഞ്ഞു പോയി അവസാനത്തെ വർഷത്തെ ക്യാമ്പ് സെലക്ഷനിൽ അമ്മുവിന് ഡൽഹിയിലെ നമ്പർ വൺ കൺസ്ട്രക്ഷൻ കമ്പനിയായ കൺസ്ട്രക്ഷൻ ജോലി കിട്ടി ഒരാഴ്ചക്കുള്ളിൽ ജോയിൻ ചെയ്യാനുള്ള ലെറ്റർ കമ്പനി എക്സിക്യൂട്ടീവ് മെമ്പർ അമ്മുവിന് നൽകി…

തനിക്ക് ജോലി കിട്ടിയ സന്തോഷവാർത്ത അമ്മയെ അറിയിക്കാൻ എത്തി അമ്മുവിനെ കാത്തിരുന്നത് ഒരു ദുഃഖ വാർത്തയായിരുന്നു അച്ഛൻറെ പുതിയ സംബന്ധക്കാരിക്ക് ഗർഭം!.

പുതിയ സംബന്ധക്കാരിയേയും കൊണ്ട് വീട്ടിൽ താമസത്തിന് എത്തിയ കേശവനെ നോക്കി കരയുന്ന ജാനകിയെ നോക്കി… ഭാവ വ്യത്യാസങ്ങൾ ഒന്നും തന്നെ ഇല്ലാതെ ഇരിക്കുകയായിരുന്നു കേശവനും സംബന്ധകാരിയും..

കേശവൻ വേറെ സ്ത്രീയെ തേടിപ്പോയത് ജാനകിയുടെ കഴിവില്ലായ്മയാണെന്നും അടക്കം പറഞ്ഞു പലരും ചിരിച്ചപ്പോൾ അമ്മു മാത്രം തന്റെ അമ്മയ്ക്കൊപ്പം താങ്ങായി നിലനിന്നു,  ഇത്രയും കാലം അടക്കിപിടിച്ച വിഷമങ്ങളൊക്കെ ജാനകി അവസാനമായി ആ മണ്ണിൽ ഇരുന്ന് കരഞ്ഞു തീർത്തു…

അത്യാവശ്യം വേണ്ടുന്ന സാധനങ്ങൾ ഒരു ബാഗിൽ ആക്കി കേശവന്റെ മുഖത്തേക്ക് ഒന്ന് നോക്കി…
ആ മുഖത്ത് കാർക്കിച്ച് തുപ്പുമ്പോൾ അവളുടെ മനസ്സിൽ വല്ലാത്ത ഒരു ആത്മനിർവൃതിയായിരുന്നു… ഇക്കാലമത്രയും അടയ്ക്ക പിടിപ്പിച്ച വെറുപ്പ് അവളാ ഒരു നിമിഷത്തിൽ തീർത്തു….

ജാനകിയുടെ കൈപ്പിടിച്ച് വീടിൻറെ പടികൾ ഇറങ്ങുമ്പോൾ അമ്മുവിന് മുന്നിൽ ഒരു ലക്ഷ്യം ഉണ്ടായിരുന്നു…

ജാനകിയുടെ തോളിൽ ചാരി ഡൽഹിയിലേക്കുള്ള തീവണ്ടിയിൽ ഇരിക്കുമ്പോൾ ഇനി ഒരിക്കലും തൻറെ അമ്മയുടെ കണ്ണുകൾ നിറയാനിട വരരുതെന്ന് ഒറ്റ പ്രാർത്ഥന മാത്രമേ അമ്മുവിൻറെ മനസ്സിൽ ഉണ്ടായിരുന്നുള്ളൂ….

ശുഭം 🙏

✍️തൂലിക

Leave a Reply

Your email address will not be published. Required fields are marked *