എനിക്ക് വിവാഹത്തിനോട് താല്പര്യമില്ലെന്ന് ഞാനെത്രവട്ടം അച്ഛനോട് പറഞ്ഞു.എനിക്ക് ലിവിങ് ടുഗെതറാണ് താല്പര്യം. ഇനി വിവാഹം കഴിക്കാൻ എന്നെ നിർബന്ധിച്ചാൽ ഞാനീ വീട്ടിൽ നിന്ന് ഇറങ്ങി പോകും….

മകളുടെ വാക്കുകൾ കേട്ട് ബിനോയ്
വിശ്വസിക്കാനാവാതെ അവളുടെ നേരെ നോക്കി…

മോളെ, അച്ഛൻ പറയുന്നത് നിനക്ക് മനസ്സിലാവാഞ്ഞിട്ടാ.

എന്ത്‌ മനസ്സിലാക്കാനാണച്ഛാ??
അച്ഛൻ പറയുന്നത് എന്തൊരു വിഡ്ഢിത്തരമാണെന്ന് അച്ഛൻ തന്നെ
ഒന്നാലോചിച്ചുനോക്കിക്കേ…

എനിക്ക് വെറും ഇരുപത്തിയേഴ്‌ വയസ്സേ ആയിട്ടുള്ളൂ. ഇപ്പോഴേ വിവാഹം കഴിക്കാൻ പറഞ്ഞാൽ എനിക്കത് സാധ്യമല്ല.
അല്ലെങ്കിൽ തന്നെ എനിക്ക് വിവാഹത്തിനോട് താല്പര്യമില്ലെന്ന്
ഞാനെത്രവട്ടം അച്ഛനോട് പറഞ്ഞു.എനിക്ക് ലിവിങ് ടുഗെതറാണ് താല്പര്യം.

ഇനി വിവാഹം കഴിക്കാൻ എന്നെ നിർബന്ധിച്ചാൽ ഞാനീ വീട്ടിൽ നിന്ന് ഇറങ്ങി പോകും. കൃതി ദേഷ്യത്തോടെ അവളുടെ മുറിയിലേക്ക് പോയി

അയാൾ ഇടർച്ചയോടെ കസേരയിലേക്ക് ഇരുന്നു.

ഒരച്ഛനോട് പറയാൻ പറ്റുന്ന വാക്കുകളാണോ തന്റെ മകൾ പറയുന്നത്…

അമ്മയില്ലാത്ത അവളെ വളർത്തി ഇത്രയും വലുതാക്കിയത് ഈ വാക്കുകൾ കേൾക്കാൻ വേണ്ടിയാണോ..??
അയാൾക്ക് സങ്കടം വന്നു.

നളിനി…നീ അറിയുന്നുണ്ടോ നമ്മുടെ മകൾ പറയുന്നതൊക്കെ.??

നീയങ്ങ് പോയത് നന്നായിയെന്ന് എനിക്കിപ്പോൾ തോന്നുന്നു, ഇല്ലെങ്കിൽ നീയും ഇതൊക്കെ കേൾക്കേണ്ടി വന്നേനെ….

മകൾക്ക് വേണ്ടിയാണ് താൻ ജീവിച്ചത്, അവൾക്ക് ജോലി കിട്ടിയ ഇരുപത്തിമൂന്നാമത്തെ വയസ്സ് മുതൽ അവളെ വിവാഹം കഴിപ്പിച്ചയക്കാൻ താൻ നോക്കിയതാണ്.

അപ്പോഴൊന്നും അവൾക്ക് താൽപര്യമില്ലായിരുന്നു.

ഇപ്പോഴത്തെ കുട്ടികളല്ലേ വൈകിയല്ലേ
അവർ കല്യാണം കഴിക്കൂ എന്നോർത്ത് വീണ്ടും കാത്തിരുന്നു.

എന്റെ കാലം കഴിഞ്ഞാൽ അവൾക്ക്
ഒരു തുണ വേണ്ടേ…..

താൻ അവളുടെ ഇഷ്ടങ്ങൾക്കെല്ലാം തടസ്സം നിൽക്കുന്ന ഒരാളാണെന്നാണ് അവൾ പറയുന്നത്.

അവൾക്ക് മുൻപൊരു പ്രണയം ഉണ്ടായിരുന്നു.

പക്ഷേ അവനെക്കുറിച്ച് അന്വേഷിച്ചപ്പോൾ നല്ലതൊന്നും അറിയാൻ കഴിഞ്ഞില്ല..
അതുകൊണ്ട് എന്റെ മകളുടെ ജീവിതത്തിൽ ഇനി ഉണ്ടാവരുതെന്ന് അവന് താക്കീത് നൽകി..

അതോടെ അവൻ തന്റെ മകളെ ഉപേക്ഷിച്ചു.

അതിന്റെ പേരിൽ രണ്ടാഴ്ചയാണ് അവൾ തന്നോട് മിണ്ടാതെയിരുന്നത്..

ഇപ്പോൾ വിവാഹത്തേക്കുറിച്ച് പറയുമ്പോൾ അതിന് താല്പര്യമില്ലെന്നും ലിവിങ് ടുഗെതറാണ് ഇഷ്ടമെന്നും പറയുന്നു

പൊന്നുപോലെ വളർത്തിയ മകളുടെ വായിൽ നിന്നും അങ്ങനെയുള്ള സംസാരം കേൾക്കുമ്പോൾ ഒരു പിതാവെന്ന നിലയിൽ തനിക്ക് സഹിക്കാൻ കഴിയുന്നില്ല..

പുതുതലമുറയെ മാനിക്കാത്തവൻ ഒന്നുമല്ല താൻ.

ഇപ്പോഴത്തെ കുട്ടികൾക്ക് അവരുടേതായ തീരുമാനങ്ങൾ ഉണ്ടെന്നും തനിക്കറിയാം. പക്ഷേ, വിവാഹം വേണ്ട എന്നുള്ള കടുംപിടുത്തത്തോട് തനിക്ക് യോജിക്കാൻ കഴിയുന്നില്ല.

ഒന്നാമത് അവൾ അമ്മയില്ലാത്ത കുട്ടിയാണ്.
നളിനിയുടെ വീട്ടുകാരും, തന്റെ വീട്ടുകാരും പലപ്പോഴായി തന്നോട് ചോദിച്ചു തുടങ്ങി മകളെ കെട്ടിച്ചയക്കുന്നില്ലേയെന്ന്..

ഇപ്പോഴിപ്പോൾ ആളുകൾ പറയുന്നത് മകളെ കെട്ടിച്ചയക്കാൻ തനിക്ക് ഇഷ്ടമില്ലാത്തതുകൊണ്ടാണ്
ഈ പ്രായത്തിലും മകളെ വീട്ടിൽ നിർത്തിയിരിക്കുന്നത് എന്നാണ്.
താൻ സ്വാർത്ഥനാണത്രേ..

അതല്ല കാര്യമെന്ന് എങ്ങനെയാണ് അവരോട് പറയുക.

പറഞ്ഞാൽ തന്റെ മകളെ അവർ ഒരു മോശം കണ്ണോടെ മാത്രമേ കാണൂ..

അമ്മയില്ലാതെ വളർന്നതിന്റെ കുറവാണെന്നും, അച്ഛൻ ഒറ്റയ്ക്ക് വളർത്തിയതിന്റെ പ്രശ്നമാണെന്നുമേ ആളുകൾ പറയൂ…

സമൂഹത്തിനേക്കാൾ, തന്റെ പ്രിയപ്പെട്ടവർ തന്നെ കുറ്റപ്പെടുത്തുമല്ലോ എന്നതാണ് തന്റെ ഭയം. അത് ഓർക്കാൻ കൂടി വയ്യ.

അത് മാത്രമല്ലല്ലോ, തന്റെ മകളുടെ ഭാവിയെക്കുറിച്ച് ഓർക്കുമ്പോൾ തനിക്ക് ഭയമാണ്.

നളിനിയുടെ അനുജത്തി ഗായത്രി പറഞ്ഞാൽ അവൾ കേൾക്കും.

കൃതിക്ക് താൻ കഴിഞ്ഞാൽ പിന്നെ ഏറ്റവും ഇഷ്ടം ഗായത്രിയോടാണ്, ഗായത്രിയെ ഒന്ന് വിളിക്കണം.
ഗായത്രിയോട് കാര്യങ്ങളൊക്കെ പറയണം.

അവൾ പറഞ്ഞാൽ തന്റെ മകൾ കേൾക്കാതിരിക്കില്ല അയാൾ തീരുമാനിച്ചു.

അന്ന് കൃതി ജോലിക്ക് പോയി കഴിഞ്ഞപ്പോൾ അയാൾ ഫോൺ എടുത്ത് ഭാര്യയുടെ അനുജത്തിയെ വിളിച്ചു.

എന്താ ഏട്ടാ… എന്താ വിശേഷം?? മോൾ എവിടെ?? ഞാനും ശരത്തേട്ടനും കൂടി അങ്ങോട്ട് വരണമെന്ന് വിചാരിച്ചിരിക്കുകയായിരുന്നു. പക്ഷേ അപ്പോഴേക്കും ശരത്തേട്ടന് ഓഫീസിൽ ഓരോരോ തിരക്കായി പോയി..

ഗായത്രി എനിക്കൊരു കാര്യം പറയാനുണ്ടായിരുന്നു…..

എന്താ ഏട്ടാ..??

നിനക്ക് ഇങ്ങോട്ട് ഒന്ന് വരാൻ പറ്റുമോ??
അയാളുടെ ശബ്ദം ഇടറി.

ആ ശബ്ദത്തിന്റെ ഇടർച്ച അവൾക്ക് പെട്ടന്ന് മനസ്സിലായി.

എന്താ ഏട്ടാ കാര്യം?? എന്താ ഏട്ടൻ വിഷമിക്കുന്നത്.

എന്റെ മകൾ എന്നെ വിഷമിപ്പിക്കാൻ തുനിഞ്ഞിറങ്ങിയാൽ പിന്നെ ഞാൻ എന്ത് ചെയ്യും ഗായത്രി..

ഞാൻ അങ്ങോട്ട് വരാം ഏട്ടാ…വിഷമിക്കാതിരിക്ക്..

ഉം…

അവൾ കാൾ കട്ടാക്കി..

അവിടെ എന്തോ പ്രശ്നമുണ്ട്. അല്ലാതെ ഇങ്ങനെ ഏട്ടൻ വിളിക്കില്ല.
തന്റെ ചേച്ചിയുടെ മകളാണവൾ, അല്ല അങ്ങനെ പറഞ്ഞാൽ ശരിയാവില്ല, തന്റെ മകളാണ്..
ചേച്ചിക്ക് അവൾ ജനിക്കുമ്പോൾ
താൻ വിവാഹിതയായിരുന്നില്ല. അതുകൊണ്ടുതന്നെ പ്രസവം കഴിഞ്ഞ് വീട്ടിലേക്ക് വന്ന ചേച്ചിയെയും കുഞ്ഞിനെയുംകണ്ടപ്പോൾ തനിക്ക് ഒരുപാട് സന്തോഷമായിരുന്നു.

അവർ അവിടെയുണ്ടായിരുന്ന മൂന്നുമാസം കൃതിയെ താനാണ് നോക്കിയത്..

എന്തായാലും അവിടെ ഒന്ന് പോകണം.

ചേച്ചിയല്ലേ ഈ ഭൂമിയിൽ നിന്നും പോയിട്ടുള്ളൂ.
താൻ ജീവനോടെ ഉണ്ടല്ലോ..

ശരത്തേട്ടനോട് പറഞ്ഞിട്ട് നാളെ രാവിലെത്തന്നെ പോകണം. ഗായത്രി മനസ്സിൽ ഉറപ്പിച്ചു..

അന്ന് രാത്രിയിൽ, ഫോൺ നോക്കിക്കൊണ്ടിരിക്കുന്ന ശരത്തിന്റെ അരികിലേക്ക് ഗായത്രി നടന്നു ചെന്നു.

ഗായത്രി വന്നതും ശരത്ത് ഫോണെടുത്ത് മാറ്റിവെച്ചു.

അവളെ അടുത്ത് പിടിച്ചിരുത്തി.

എന്താടോ തന്റെ മുഖം വല്ലാതെയിരിക്കുന്നത് എന്തുപറ്റി?? അയാൾ ചോദിച്ചു.

ഇന്ന് ബിനോയ് ഏട്ടൻ വിളിച്ചിരുന്നു….

എന്താ പ്രത്യേകിച്ച്,??അയാൾ ചോദിച്ചു.

അവിടെ എന്തോ പ്രശ്നമുണ്ടെന്നു തോന്നുന്നു ശരത്തേട്ടാ, ഫോണിൽ സംസാരിച്ചപ്പോൾ വല്ലാത്ത സങ്കടമായിരുന്നു ഏട്ടന്, ശബ്ദമൊക്കെഇടറി.. കൃതി മോളുമായി എന്തോ പ്രശ്നമുണ്ടെന്ന് തോന്നുന്നു.

ഇതിനുമുമ്പൊന്നും ഏട്ടന്റെ ശബ്ദമിങ്ങനെ ഇടറി ഞാനൊരിക്കലും കേട്ടിട്ടില്ല.
ചേച്ചി മരിച്ചപ്പോൾ മാത്രമേ ഏട്ടൻ കരയുന്നത് പോലും ഞാൻ കണ്ടിട്ടുള്ളൂ…
ഇതിപ്പോ, അങ്ങനെ സങ്കടപ്പെടുന്നതൊക്കെ കേട്ടപ്പോൾ, എന്തോ മനസ്സിന് വല്ലാത്ത ഭാരം തോന്നുന്നു.

നീ കാര്യം ചോദിച്ചില്ലേ??

ഞാൻ ചോദിച്ചു, എന്നോട് അങ്ങോട്ടൊന്നു ചെല്ലാമോ എന്നാണ് ചോദിച്ചത്.

അങ്ങോട്ട് ചെല്ലാൻ പറയണമെങ്കിൽ തീർച്ചയായും എന്തോ പ്രശ്നമുണ്ട്.
ഒരു കാര്യം ചെയ്യാം ഞാനും വരാം .
നിന്റെ ചേച്ചി മരിച്ചതിൽ പിന്നെ ഒറ്റയ്ക്ക്
ആ മോളെയും വളർത്തി ജീവിക്കുന്ന മനുഷ്യനല്ലേ..
ആരുമില്ലെന്ന തോന്നൽ വരാൻ പാടില്ല, നമുക്ക് പോകാം.

അത് കേട്ടപ്പോൾ ഗായത്രിക്ക് സന്തോഷമായി..

പിറ്റേന്ന് രാവിലെ തന്നെ ശരത്തും ഗായത്രിയും കൂടി ബിനോയിയുടെ വീട്ടിലെത്തി.

കൃതി എഴുന്നേറ്റതേ ഉണ്ടായിരുന്നുള്ളൂ, അവൾ ബ്രഷ് ചെയ്തുകൊണ്ട് നിന്നപ്പോഴാണ് കാറിന്റെ ശബ്ദം കേട്ടത്.

അവൾ പെട്ടന്ന് വായും മുഖവും കഴുകി ഇറങ്ങിച്ചെന്നു, ഗായത്രിയെ കണ്ടതും അവൾക്ക് സന്തോഷമായി..

ചിറ്റേ… അവൾ ഗായത്രിയെ കെട്ടിപ്പിടിച്ചു

ഗായത്രിയും അവളെ കെട്ടിപ്പിടിച്ചു, ഏറെ വാത്സല്യത്തോടെ അവളുടെ നെറ്റിയിൽ ചുംബിച്ചു.

മോളെ അച്ഛൻ എവിടെ?? ശരത് ചോദിച്ചു

അച്ഛൻ അകത്തുണ്ട് കയറി വായോ…

അവർ അകത്തേക്ക് ചെന്നു…

ബിനോയ്‌ മുറിയിൽ നിന്നും ഇറങ്ങി വന്നു..

ഞാൻ ഡ്രസ്സ് അയേൺ ചെയ്തു കൊണ്ട് നിൽക്കുകയായിരുന്നു, വണ്ടിയുടെ ശബ്ദം കേട്ടപ്പോൾ എനിക്ക് തോന്നിയിരുന്നു നിങ്ങളാണെന്ന് .
ഇരിക്ക് ബിനോയ്‌ ചിരിയോടെ പറഞ്ഞു.

ഇന്ന് ശരത്തിന് ജോലിക്ക് പോകണ്ടായിരുന്നോ ??ബിനോയ് ചോദിച്ചു.

ഇന്നൊരു ദിവസം ഞാൻ ലീവ് എടുത്തു. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഭയങ്കര തിരക്കായിരുന്നു കുറച്ചു പെന്റിങ് വർക്കുകൾ ഒക്കെ തീർക്കാനുണ്ടായിരുന്നു.
അതൊക്കെ ഒരുവിധത്തിൽ അങ്ങ് തീർത്തു. ഇന്നിപ്പോൾ ഒരു ദിവസം ലീവ് ആക്കി.
വല്ലപ്പോഴും നമുക്കും വേണ്ട ഒരു റസ്റ്റ് ഒക്കെ..

അത് വേണം.

ഹാളിലെ ഭിത്തിയിൽ ഫ്രെയിം ചെയ്തു വച്ചിരിക്കുന്ന നളിനിയുടെ ഫോട്ടോയിലേക്ക് നോക്കുകയായിരുന്നു ഗായത്രി.

ആകെയുണ്ടായിരുന്ന കൂടെപ്പിറപ്പാണ്…

ചേച്ചിയുടെ ഫോട്ടോയിലേക്ക് നോക്കുംതോറും ഗായത്രിയുടെ കണ്ണുകൾ നിറഞ്ഞു..
പെട്ടെന്ന് ഗായത്രി കണ്ണുകൾ മാറ്റി.

തന്റെ ദുഃഖം മറ്റുള്ളവരെ കൂടി വേദനിപ്പിക്കുകയേയുള്ളൂ…
പരസ്പരം കണ്ടുമുട്ടുമ്പോൾ മനുഷ്യന് പങ്കുവെക്കാൻ സന്തോഷം പകരുന്ന എന്തെങ്കിലുമുണ്ടായിരിക്കണം.
സങ്കടങ്ങളാണ് പങ്കുവെക്കാനുള്ളതെങ്കിൽ കേട്ടിരിക്കുന്നവരെയും അത് ബാധിക്കും.
അത് പാടില്ല… സ്വന്തം ദുഃഖങ്ങൾ സ്വകാര്യമായിരിക്കട്ടെ…

ചിറ്റേ ഞാൻ ചായ എടുക്കാം കേട്ടോ… കൃതി അടുക്കളയിലേക്ക് നടന്നു..

ഞാനും വരാം മോളെ, ഗായത്രിയും അവളോടൊപ്പം അടുക്കളയിലേക്ക് ചെന്നു.

ഗായത്രി അവളെ തന്നെ ശ്രദ്ധിക്കുകയായിരുന്നു.

ഇരുപത്തിയേഴ്‌ വയസ്സുള്ള പെൺകുട്ടിയാണ് അതിന്റെ പക്വതയൊക്കെ അവളുടെ മുഖഭാവങ്ങളിലുണ്ട്.

മുഖഭാവങ്ങളിൽ മാത്രമല്ല ഇടപെടലിലും അവൾ പക്വതിയെത്തിയ പെൺകുട്ടിയാണ്

പിന്നെ എന്തായിരിക്കും അച്ഛനും മോൾക്കും ഇടയിലുള്ള പ്രശ്നം.
ഇനി കൃതി നല്ല പ്രണയബന്ധത്തിലും പെട്ടിട്ടുണ്ടാകുമോ ??അതാകുമോ കാരണം??

കൃതിക ചായ തിളപ്പിച്ചപ്പോഴേക്കും ഗായത്രി ഗ്ലാസുകൾ കഴുകിയെടുത്ത് വച്ചു.

മോളെ ജോലിയൊക്കെ എങ്ങനെ പോകുന്നു?? ഗായത്രി ചോദിച്ചു.

അതൊന്നും കുഴപ്പമില്ല ചിറ്റേ… അക്കാര്യത്തിൽ ഞാൻ വളരെ ഹാപ്പി ആയിട്ട് പോകുന്നു.

അവർ ചായയുമായി ഹാളിലേക്ക് വന്നു.

കഴിക്കാനും കൂടെ എടുക്കാം..ബിനോയ്‌ അടുക്കളയിലേക്ക് ചെന്ന് സ്നാക്സ് വയ്ക്കുന്ന പാത്രത്തിൽ നിന്നും കുറച്ച് സ്നാക്സ് ഒരു പാത്രത്തിൽ ആക്കി കൊണ്ടുവന്നു.

കഴിക്ക്… അയാൾ അവരോട് പറഞ്ഞു..

ചായ കുടിക്കുന്നതിനിടയിൽ ഗായത്രി ബിനോയിയെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു.
ശരിയാണ് ഏട്ടന്റെ മുഖത്ത് വല്ലാത്ത ക്ഷീണം തോന്നുന്നു, കണ്ണുകളിൽ ഒരുതരം ശൂന്യത നിറഞ്ഞത് പോലെ… മുഖത്ത് കുറ്റിരോമങ്ങൾ നിറഞ്ഞിരിക്കുന്നു.

മനസ്സ് വേദനിച്ചാൽ അത് മനുഷ്യന്റെ മുഖത്ത് അറിയാൻ കഴിയും…
അത് കാണാൻ എല്ലാവർക്കും കഴിഞ്ഞെന്ന് വരില്ലന്നേയുള്ളൂ… പക്ഷേ തനിക്ക് മനസ്സിലാകും തന്റെ ചേച്ചി ഏറ്റവും അധികം സ്നേഹിച്ച മനുഷ്യനാണ് തന്റെ മുന്നിൽ ഇരിക്കുന്നത്

ഗായത്രി കൃതിയുടെ മുഖത്തേക്ക് നോക്കി അവൾ ചായ കുടിക്കുന്നതിൽ മാത്രമാണ് ശ്രദ്ധ.

മോളെ…..ഗായത്രി മെല്ലെ വിളിച്ചു

എന്താ ചിറ്റേ…??

ഞാൻ നിന്റെ ചിറ്റ മാത്രമല്ല.
നീ പിഞ്ചുകുഞ്ഞായിരുന്നപ്പോൾ നിന്നെ ഞാനെന്റെ നെഞ്ചിലിട്ടാണ് വളർത്തിയത്.
എന്റെ ആദ്യ മകൾ നീയാണ്..

അതുകൊണ്ടാണ് ഞാൻ നിന്നോട് തുറന്നു ചോദിക്കുന്നത്, എന്താ അച്ഛനും മകളും തമ്മിലുള്ള പ്രശ്നം.??
എന്തിനാണ് നിന്റെ അച്ഛനെ നീ ഇങ്ങനെ വേദനിപ്പിക്കുന്നത്, ആ മനുഷ്യൻ ഇത്രകാലവും നിനക്ക് വേണ്ടി മാത്രമാണ് ജീവിച്ചത്. നിന്നെ ഓർത്ത് മാത്രമാണ് മറ്റൊരു വിവാഹം പോലും കഴിക്കാതിരുന്നത്…
ആ മനുഷ്യന്റെ ലോകം തന്നെ നീയാണ് മോളെ….

കൃതി ചിരിയോടെ ചിറ്റയുടെ നേരെ നോക്കി

അതിന് എന്നെയോർത്ത് അച്ഛൻ എന്തിനാണ് സ്വന്തം ജീവിതം പാഴാക്കിയത്, അച്ഛന് വിവാഹം കഴിക്കാമായിരുന്നല്ലോ…
അച്ഛൻ അത് ചെയ്യാതിരുന്നിട്ട് അത് എനിക്ക് വേണ്ടിയാണ് എന്ന് പറഞ്ഞാൽ എങ്ങനെ ശരിയാകും…??
അമ്മ മരിക്കുമ്പോൾ എനിക്ക് പതിനാറ് വയസുണ്ടായിരുന്നു.
ഞാൻ പ്രായപൂർത്തിയായതിനു ശേഷമെങ്കിലും അച്ഛന് ഒരു പങ്കാളിയെ തിരഞ്ഞെടുക്കാമായിരുന്നല്ലോ

വിവാഹം കഴിക്കാതെ ജീവിച്ചിട്ട്,
അത് നിനക്ക് വേണ്ടിയാണ് എന്ന് പറയുന്നത് എന്നെ വേദനിപ്പിക്കുന്നതിന് തുല്യമാണ്.
ഇനിയാണെങ്കിലും അച്ഛൻ ഒരു വിവാഹം കഴിക്കാവുന്നതേയുള്ളൂ…..

മോളെ അച്ഛന്റെ ആ പ്രായമൊക്കെ കഴിഞ്ഞു പോയി..
ഗായത്രി പറഞ്ഞു..

വിവാഹ പ്രായത്തിന് ആരാണ് ചിറ്റേ പരിധി നിശ്ചയിച്ചിരിക്കുന്നത്??
വിവാഹം കഴിക്കണമെന്ന് ആഗ്രഹമുള്ളവർക്ക് അതാകാം.

ഞാൻ സ്വന്തം കാലിൽ ജീവിക്കാൻ തുടങ്ങിയിട്ട് നാലുവർഷത്തോളമായി. എന്റെ കാര്യം ഞാൻ നോക്കിക്കോളാം..

കൃതി… നീ എന്നെ വിവാഹം കഴിപ്പിക്കാനല്ല നോക്കേണ്ടത്, നീ ഒരു വിവാഹം കഴിക്കണം അതാണ് എന്റെ ആവശ്യം.ബിനോയിയുടെ മുഖത്ത് ദേഷ്യം നിറഞ്ഞു..

ചിറ്റേ….ഇക്കാര്യം സംസാരിക്കാനാണ്
ചിറ്റ വന്നതെന്ന് എനിക്ക് തോന്നിയിരുന്നു.
ഒരൊറ്റ കാര്യം മാത്രം ഞാൻ പറയാം.
എനിക്ക് വിവാഹം എന്ന് കോൺസെപ്റ്റ്തന്നെ ഇഷ്ടമല്ല.

നിന്റെ അച്ഛനും അമ്മയുമൊന്നും അങ്ങനെ ചിന്തിച്ചിരുന്നില്ലല്ലോ മോളെ…ഗായത്രി പറഞ്ഞു.

ഇല്ല… മനുഷ്യർ വിവാഹം കഴിക്കുന്നത് എന്തിനു വേണ്ടിയാണ് ചിറ്റേ, മക്കളെ ജനിപ്പിക്കുന്നതിന് വേണ്ടി മാത്രമോ..??

നമുക്ക് ജീവിതത്തിൽ ഒരു കൂട്ട് വേണ്ടേ മോളെ?? സങ്കടത്തിലും സന്തോഷങ്ങളിലും ഒക്കെ കൂടെ നിൽക്കാൻ ഒരു പങ്കാളി ഉള്ളത് നല്ലതല്ലേ..?? ശരത്ത് ചോദിച്ചു..

എന്നിട്ട്, ആ ഒരൊറ്റ പങ്കാളിയിൽ നിങ്ങൾ ആണുങ്ങൾ തൃപ്തരാണോ??
അങ്കിളിന് ഇത്രയും കാലത്തിനിടയിൽ മറ്റൊരു സ്ത്രീയോട് ആഗ്രഹം തോന്നിയിട്ടില്ലേ,
സുന്ദരിയായ ഒരു സ്ത്രീയെ കണ്ടാൽ മോഹത്തോടെ ഒന്ന് നോക്കിയിട്ട് പോലുമില്ലേ.??

അവളുടെ ചോദ്യം കേട്ട് ശരത് വിളറി.

പറ അങ്കിൾ… ചിറ്റയെ വിവാഹം കഴിച്ചതിന് ശേഷം മറ്റൊരു സ്ത്രീയെയും അങ്കിൾ മോഹിച്ചിട്ടില്ലേ..??

ഗായത്രി ഭർത്താവിന്റെ മുഖത്തേക്ക് തന്നെ നോക്കിയിരിക്കുകയാണ്..

ശരത്തിന്റെ തൊണ്ട വരണ്ടു…
ഈ കുട്ടി ഇത് എന്തൊക്കെയാണ് പറയുന്നത്..
ശരത് മുഖമൊന്ന് അമർത്തി തുടച്ചു.

പിന്നെ കൃതിയെ നോക്കി മെല്ലെയൊന്ന് ചിരിച്ചു.

ഇല്ലെന്നു പറഞ്ഞാൽ അത് വലിയൊരു കളവാകും മോളെ, കാരണം മനുഷ്യന്റെ മോഹങ്ങളൊന്നും മ.ര.ണം വരെയും അവസാനിക്കുന്ന ഒന്നല്ല.
പക്ഷേ എന്റെ ഭാര്യ എന്റെ രണ്ടു കുഞ്ഞുങ്ങളുടെ അമ്മ കൂടിയാണ്
ആ ഒരു ബഹുമാനം എനിക്ക് എന്റെ ഭാര്യയോടുണ്ട്. അവളെയല്ലാതെ മറ്റൊരു സ്ത്രീയെയും ഞാൻ ഇതുവരെയും അറിയാൻ ശ്രമിച്ചിട്ടില്ല, അത് മാനസികമായും ശാരീരികമായും അങ്ങനെ തന്നെയാണ്…

കുഞ്ഞുങ്ങൾ ഇല്ലായിരുന്നെങ്കിൽ, ആ ബഹുമാനം ഉണ്ടാവില്ലല്ലോ, അങ്ങനെ ആയിരുന്നെങ്കിൽ മറ്റ് സ്ത്രീകളെ മോഹിക്കുമായിരുന്നോ??

സൗന്ദര്യമുള്ള സ്ത്രീകളെ കണ്ടാൽ നോക്കാത്ത പുരുഷന്മാർ ഉണ്ടാവില്ല. അതുപോലെ തന്നെ സൗന്ദര്യമുള്ള പുരുഷന്മാരെ കണ്ടാൽ സ്ത്രീകളും നോക്കാറുണ്ട്. അതിന്റെ അർത്ഥം അവരെയൊക്കെ സ്വന്തമാക്കണമെന്നല്ല…
ഭംഗിയുള്ള എന്ത് കണ്ടാലും മനുഷ്യൻ ഒന്ന് നോക്കുമല്ലോ, അതിന് അത്രക്കൊക്കെ വില കൊടുത്താൽ മതി.
ചില മോഹങ്ങളെ മനുഷ്യൻ അടക്കി നിർത്തണം. അല്ലെങ്കിൽ പിന്നെ മൃഗങ്ങളും മനുഷ്യനും തമ്മിൽ എന്ത് വ്യത്യാസം…??
ശരത് പറഞ്ഞു.

എന്തിന്?? അതിന്റെ ആവശ്യകതയെന്ത്.

എങ്ങനെ ജീവിക്കണം, എന്തൊക്കെ ഇഷ്ടപ്പെടണം, എന്നൊക്കെ തീരുമാനിക്കുന്നത് നമ്മൾ മാത്രമാണ്…

മറ്റുള്ളവർ അങ്ങനെയായിരുന്നു, അതുകൊണ്ട് നീയും അങ്ങനെയാവണം എന്നൊക്കെ പറയുന്നത് എനിക്ക് ഒരിക്കലും അംഗീകരിക്കാൻ കഴിയില്ല…

ഇന്നത്തെ കാലത്ത് ഡിവോഴ്സുകളുടെ എണ്ണം എത്രയധികം വർദ്ധിച്ചിരിക്കുന്നുവെന്ന് അങ്കിളിനറിയുമോ?? ഇന്ന് എല്ലാവരും അവനവന്റെ ജീവിതം സന്തോഷമുള്ളതാക്കാനാണ് ശ്രമിക്കുന്നത്.
ഞാൻ അവരിൽ ഒരാളാണ്.

എനിക്ക് വിവാഹം കഴിക്കണ്ട അങ്കിൾ.
വിവാഹം എന്നത് ബാധ്യതയാണ്.
വിവാഹം കഴിക്കാതെ അടിച്ചുപൊളിച്ച് ജീവിച്ചു മരിക്കണം എന്നാണ് എന്റെ ആഗ്രഹം.
ഒരു കൂട്ട് വേണമെന്ന് തോന്നിയാൽ ലിവിങ് ടുഗെതർ ആകാമല്ലോ.

ലിവിങ് ടുഗെതർ ആണെങ്കിൽ ഒരു കെട്ടുപാടുകളും ഇല്ല, എപ്പോൾ വേണമെങ്കിലും പരസ്പര സമ്മതത്തോടെ ആ ബന്ധത്തിൽ നിന്നും ഇറങ്ങി പോരുകയും, സമാധാനത്തോടെ ജീവിക്കാൻ കഴിയുകയും ചെയ്യും..

വിവാഹം കഴിച്ചു കഴിഞ്ഞാൽ പിന്നെ ഡിവോഴ്സിനു വേണ്ടി കാത്തിരിക്കണം എന്തിനാണ് അത്രയും റിസ്ക് എടുക്കുന്നത്??

കണ്ടോ ഇങ്ങനെയൊക്കെയാണ് ഇവളുടെ സംസാരം, ഞാൻ എന്ത് ചെയ്യുമെന്ന് പറ.
ഇവളെക്കൊണ്ട് മടുത്തു ഞാൻ.

ബിനോയ്‌ തലയ്ക്കു കൈകൊടുത്ത് സെറ്റിയിലേക്ക് ചാരി ഇരുന്നു…

മോളെ നീ വിവാഹം കഴിക്കുന്നില്ലെങ്കിൽ വേണ്ട, പുതുതലമുറയിലെ പെൺകുട്ടികൾ പലരും പറയുന്നത് വിവാഹം കഴിക്കുന്നില്ലെന്നാണ്.
ശരി . ഞങ്ങൾ അതിന് നിർബന്ധിക്കുന്നില്ല നിന്റെ ഇഷ്ടംപോലെ നീ ജീവിച്ചോളൂ
പക്ഷേ ലിവിങ് ടുഗെതർ, അതിനോട് യോജിക്കാൻ ഞങ്ങൾക്കാവില്ല മോളെ.ഗായത്രി പറഞ്ഞു..

ചിറ്റേ , എനിക്ക് നിങ്ങളെയൊക്കെ മനസ്സിലാകുന്നുണ്ട്.

ഓരോ തലമുറയിൽപ്പെട്ട മനുഷ്യർ തമ്മിലും, അവർ വളരുന്ന ജീവിത സാഹചര്യങ്ങൾ തമ്മിലും ഒരുപാട് വ്യത്യാസമുണ്ട്.

നിങ്ങളുടെയൊക്കെ പ്രായം വച്ച് നോക്കുമ്പോൾ നിങ്ങൾ പറയുന്നതാണ് ശരി.
ഞാൻ പറയുന്നതിന്റെ ശരി എന്റെ പ്രായത്തിലുള്ളവർക്ക് മാത്രമേ മനസ്സിലാകൂ…

അങ്ങനെയല്ല മോളെ , മുതിർന്നവർ പറയുന്നതിൽ ചില സത്യങ്ങളുണ്ട്.
മൂത്തവർ പറയുന്നത് ആദ്യം കയ്ക്കുമെങ്കിലും പിന്നെ മധുരിക്കുമെന്ന് മോൾ കേട്ടിട്ടില്ലേ…. ഗായത്രി ചോദിച്ചു.

പിന്നെയല്ലേ മധുരിക്കൂ…
പിന്നെ നമ്മൾ ഉണ്ടാകുമെന്ന് എന്തുറപ്പാണുള്ളത് ചിറ്റേ…??

പെട്ടെന്ന് ബിനോയ് ചാടി എഴുന്നേറ്റു.

ഇവൾക്ക് നല്ല അ. ടി കൊടുക്കാത്തതിന്റെ കുഴപ്പമാണ്, ഒന്നല്ലേയുള്ളൂ എന്ന് കരുതി കൊഞ്ചിച്ചു വഷളാക്കി കളഞ്ഞതാണ്.
നീ എന്തുവേണമെങ്കിലും കാണിക്ക്
ആരുടെ കൂടെയെങ്കിലും കഴിഞ്ഞോ,
എനിക്ക് ഒരു കുഴപ്പവുമില്ല.
നീ പ്രായവും പക്വതയും എത്തിയ പെണ്ണല്ലേ ഞാനെന്തിന് നിന്നേക്കുറിച്ചാലോചിക്കണം.
ബിനോയ് ശബ്ദമുയർത്തി…

അയാളുടെ ശരീരം ദേഷ്യത്തിൽ വിറക്കുന്നുണ്ടായിരുന്നു

ഏട്ടനെ ഇത്രയും ദേഷ്യത്തിൽ ഒരിക്കലും കണ്ടിട്ടില്ലല്ലോ എന്ന് ഗായത്രി ഓർമിച്ചു…

ഏട്ടാ.. എന്തായിത്, ഇങ്ങനെ ദേഷ്യപ്പെടാതെ..
ഗായത്രി പറഞ്ഞു.

അല്ലേലും ഇവളെ ഉപദേശിച്ചിട്ട്‌ കാര്യമില്ല ഗായത്രി. തോന്നിവാസം നടന്ന് ഒടുക്കം ഏതെങ്കിലും ഓടയിൽ ച. ത്തു കിടക്കുന്നത് കാണാം അത്രതന്നെ…

ഏട്ടൻ ഇവിടെ ഇരിക്ക്…ശരത് അയാളെ ബലമായി പിടിച്ച് സോഫയിലേക്ക് ഇരുത്തി

കൃതി മുഖം കുനിച്ചു…

കുറേസമയം ആരും ഒന്നും മിണ്ടിയില്ല.

കുറച്ചു സമയം കഴിഞ്ഞപ്പോൾ ബിനോയ് മുഖമുയർത്തി മകളുടെ നേരെ നോക്കി

സോറി മോളെ… അച്ഛൻ അറിയാതെ പറഞ്ഞു പോയതാ….നീ അച്ഛനെ വല്ലാതെ ദേഷ്യം പിടിപ്പിക്കുകയല്ലെ, അച്ഛനെ വെറുതെ
വട്ട് തട്ടുകയല്ലേ .. ആയിക്കോ…അയാൾ കുനിഞ്ഞിരുന്നു…

കൃതി അച്ഛന്റെ അരികിൽ വന്നിരുന്നു.

അച്ഛന് എന്നോട് ദേഷ്യം തോന്നരുത്.

മോളെ നീ വിചാരിക്കുന്നത് പോലെയൊന്നുമല്ല ജീവിതം.
നിങ്ങൾക്കൊക്കെ ഒരു ചിന്തയുണ്ട് ഒറ്റയ്ക്കായാൽ സ്വാതന്ത്ര്യത്തിന് തടസ്സം നിൽക്കാൻ ആരുമുണ്ടാവില്ലല്ലോ സുഖമാണല്ലോ എന്നൊക്കെ.
പക്ഷേ ഒരു മനുഷ്യന് ഒറ്റയ്ക്ക് ജീവിക്കാനാവില്ല മോളെ, അല്ലെങ്കിൽ തന്നെ
ജീവിതമെന്ന് പറയുന്നത് വളരെ കുറച്ചേയുള്ളു

എനിക്ക് മുന്നോട്ടു ജീവിക്കാനുള്ള
ഒരേയൊരു കാരണം നീയായിരുന്നു.
നിനക്ക് അച്ഛനെ നഷ്ടപ്പെട്ടു കഴിഞ്ഞാൽ പിന്നെ ആരാണുള്ളത്??

ജനിക്കുമ്പോഴും, മ., രി. ക്കുമ്പോഴും നമുക്കൊപ്പം ആരുമില്ലല്ലോ അച്ഛാ, അതിനിടയിലുള്ള ജീവിതത്തിൽ
നമുക്ക് കൂട്ട് വേണമോ വേണ്ടയോ എന്നുള്ളത് നമ്മുടെ മാത്രം ഇഷ്ടമല്ലേ…??

ശരി… ഇനി വിവാഹത്തെക്കുറിച്ച് അച്ഛൻ ഒരിക്കലും നിന്നോട് പറയില്ല.
നീ ഇങ്ങനെ ഒറ്റയ്ക്ക് ജീവിക്കാനാണ് ഇഷ്ടപ്പെടുന്നതെങ്കിൽ അങ്ങനെ തന്നെയാകാം. ആരെങ്കിലുമായി ലിവിങ് ടുഗെതറിന് താല്പര്യമുണ്ടെങ്കിൽ അതുമാകാം…
അച്ഛൻ ഒന്നിനും തടസ്സമല്ല.
അയാൾ എഴുന്നേറ്റ് മുറിയിലേക്ക് പോയി.

അയാളുടെ മനസ്സ് ആകെ തകർന്നിരിക്കുന്നു എന്നവർക്ക് മനസ്സിലായി.
ശരത്തും അയാൾക്ക് പിന്നാലെ എഴുന്നേറ്റുപോയി.

 

മോളെ നീ കെട്ടിയില്ലെങ്കിലും വേണ്ടില്ല. ഒറ്റയ്ക്ക് ജീവിച്ചോ, പക്ഷേ ലിവിങ് ടുഗതർ എന്നൊക്കെ പറഞ്ഞ്,
ഓരോരുത്തന്മാരുടെ കൂടെയൊന്നും പോയി ജീവിച്ചേക്കല്ലേ മോളെ, കുടുംബത്തിന് തന്നെ അത് മാനക്കേടാ.
ഗായത്രി അവളുടെ കൈയ്യിൽ പിടിച്ചു കൊണ്ട് പറഞ്ഞു.

അതെന്താ ചിറ്റേ… പെണ്ണുങ്ങൾക്ക് വി.,കാ.രങ്ങൾ ഇല്ലേ..??

ഛെ… ഈ കുട്ടി ഇത് എന്തൊക്കെയാ ഈ പറയുന്നത്…

ഇതാണ് നിങ്ങൾ പഴയ തലമുറയുടെ കുഴപ്പം. നിങ്ങൾ അത്തരം വാക്കുകളൊക്കെ കേൾക്കുമ്പോൾ ഛെ എന്ന് പറഞ്ഞ് ആക്ഷേപിക്കും. പക്ഷെ ഓരോരുത്തരും ചെയ്യുന്നതും അതൊക്കെ തന്നെയല്ലേ..
പ്രവർത്തിയിൽ ഉണ്ടാകുന്നതിൽ കുഴപ്പമില്ല സംസാരത്തിൽ ഉണ്ടാകുന്നതാണ് കുഴപ്പം അല്ലേ..?? അവൾ ചോദിച്ചു.

എന്റെ പൊന്നു മോളെ, ഞാൻ ഒന്നും പറഞ്ഞിട്ടില്ല. നീ എന്തെങ്കിലും ചെയ്യ്…
നിന്നോട് പറഞ്ഞു നേടാൻ എനിക്ക് കഴിയില്ലകുട്ടീ…
ജീവിതം ജീവിച്ചുതന്നെ മനസ്സിലാക്കണം..

കൃതി ചിരിച്ചു.

കുറച്ച് സമയം കഴിഞ്ഞപ്പോൾ അവർ പോകാനിറങ്ങി…

അവർ പോയതും കൃതിയും ജോലിക്കിറങ്ങി.

അന്ന് അവളുടെ മനസ്സ് ആകെ കലുഷിതമായിരുന്നു

അവരെയൊക്കെ താൻ വിഷമിപ്പിച്ചോ എന്നൊരു ചെറിയ കുറ്റബോധം അവളുടെ ഉള്ളിൽ തോന്നി.

ഭൂമിയിൽ ഒരാൾക്കും സ്വന്തം ഇഷ്ടപ്രകാരം ജീവിക്കാൻ കഴിയില്ലെന്ന് അവൾക്ക് തോന്നി.

സത്യത്തിൽ ഒരാൾക്കും പൂർണ്ണ സ്വാതന്ത്രത്തോടെ ജീവിക്കാൻ കഴിയില്ല

അതിപ്പോൾ മൃഗങ്ങൾക്കായാലും മനുഷ്യർക്കായാലും, ഏതു ജീവജാലങ്ങൾക്കായാലും അങ്ങനെ തന്നെ….

സത്യത്തിൽ ആരാണ് ജീവിതത്തിനു മുകളിൽ ഇത്രയും നിയന്ത്രണങ്ങൾ ഉണ്ടാക്കിയിരിക്കുന്നത്…??

അന്നവൾ ജോലി കഴിഞ്ഞു വീട്ടിൽ വന്നപ്പോൾ, വാതിൽ പൂട്ടിക്കിടന്നിരുന്നു..

അച്ഛൻ ഇതുവരെയും വന്നില്ലേ??

അവൾ ഫോണെടുത്ത് അച്ഛനെ വിളിക്കാൻ നോക്കിയപ്പോഴാണ് വാട്സാപ്പിൽ അച്ഛന്റെ മെസ്സേജ് കിടക്കുന്നത് കണ്ടത്.

മോളെ… അച്ഛൻ കൂട്ടുകാരോടൊപ്പം
ഒരു യാത്ര പോവുകയാണ്.

മോള് പറഞ്ഞതാണ് ശരി, ജീവിതത്തിൽ സന്തോഷം നേടേണ്ടത് അവനവന്റെ കടമയാണ്. അച്ഛൻ തിരിച്ചു വരുന്നതുവരെ എല്ലാത്തിനും ഒരു ശ്രദ്ധ വേണം.
വീടിന്റെ താക്കോൽ അടുത്ത വീട്ടിൽ ഏൽപ്പിച്ചിട്ടുണ്ട്.

ഇനി ഫോണിൽ വിളിച്ചാൽ കിട്ടാൻ വഴിയില്ല.
മെസ്സേജ് അയച്ചാൽ മതി റേഞ്ച് ഉള്ള സ്ഥലത്ത് വരുമ്പോൾ അച്ഛൻ നോക്കിക്കോളാം….

ഇതെന്താ അച്ഛൻ തന്നോട് പറയാതെ പോയത്.. ഇങ്ങനെ ആദ്യമാണല്ലോ…
അച്ഛന് തന്നോട് ദേഷ്യമാണെന്ന് തോന്നുന്നു..

അവൾ അടുത്ത വീട്ടിൽ പോയി താക്കോൽ മേടിച്ചു കൊണ്ടുവന്ന് ഡോർ തുറന്നകത്ത് കയറി.

സാധാരണ എല്ലാ ദിവസവും താൻ വരുമ്പോൾ വീട്ടിൽ അച്ഛനുണ്ടാകാറുണ്ട്.
ഇപ്പോൾ മൊത്തം ഒരു നിശബ്ദത
ആകെ ഒരു ശൂന്യത പോലെ.

അവൾക്ക് ഒന്നിനും ഒരുന്മേഷവും തോന്നിയില്ല.

കുളിച്ച് വന്ന് അച്ഛനുണ്ടാക്കി വച്ചിരിക്കുന്ന ഭക്ഷണമെടുത്ത് കഴിച്ചിട്ട് അവൾ നേരത്തെ കിടന്നു.

കുറെ നേരം കിടന്നിട്ടും അവൾക്ക് ഉറങ്ങാൻ കഴിഞ്ഞില്ല.

ഒറ്റയ്ക്കാണ് എന്നുള്ള ചിന്ത അവളുടെ മനസ്സിനെയാകെ തളർത്തി.

രണ്ടുമൂന്നു ദിവസങ്ങൾ കഴിഞ്ഞു പോയി.

അച്ഛനില്ലാത്ത ആ വീട്ടിൽ അവൾക്ക് ആകെ
സങ്കടം തോന്നി.

കുറച്ചുദിവസത്തേക്ക് അവൾ ഗായത്രിയുടെ വീട്ടിലേക്ക് പോയി.

പക്ഷേ ഒരു ദിവസം അവിടെ നിന്നപ്പോഴേക്കും അവൾക്ക് വല്ലാതെ മടുത്തു.
അവൾ തിരികെ വീട്ടിലേക്ക് തന്നെ പോയി.

അവൾ വാട്സ്ആപ്പ് എടുത്ത് നോക്കി.
താൻ അയച്ച മെസ്സേജുകൾ ഒന്നും അച്ഛൻ ഇതുവരെയും കണ്ടിട്ടില്ല.

ഫോൺ വിളിച്ചു നോക്കിയപ്പോഴൊക്കെ സ്വിച്ച് ഓഫ് എന്നാണ് പറയുന്നത്…

വയ്യ…. ഇങ്ങനെ ഒറ്റയ്ക്ക് തന്നെ കൊണ്ട് കഴിയുന്നില്ല…

അച്ഛനിപ്പോൾ പോയിട്ട് പതിനാല് ദിവസങ്ങൾ കഴിഞ്ഞു…
എങ്ങോട്ടാണ് പോയിരിക്കുന്നത് എന്ന് പോലുമറിയില്ല..

അവൾക്ക് ഭ്രാ., ന്ത് പിടിക്കുന്നത് പോലെ തോന്നി…
പറ്റില്ല….അച്ഛനില്ലാത്ത ഈ വീട്ടിൽ തനിക്ക് പറ്റുന്നില്ല…

പെട്ടെന്നാണ് അവളുടെ ഫോണിൽ നോട്ടിഫിക്കേഷന്‍ സൗണ്ട് കേട്ടത്. അവൾ ഫോൺ എടുത്തു നോക്കി, വാട്സാപ്പിൽ അച്ഛന്റെ മെസ്സേജ്..

മോളെ… നീ എന്ത് ചെയ്യുവാ..??
അച്ഛനും കൂടെ ഇല്ലാത്തത് കൊണ്ട് മോൾ അടിച്ചുപൊളിക്കുവാണെന്ന് അച്ഛനറിയാം.
എന്നാലും അച്ഛന് മോളെ കാണാൻ കൊതിയുണ്ട് കേട്ടോ…

അച്ഛന്റെ വോയ്സ് മെസ്സേജ് കേട്ടതും അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി..

അവൾ വെറും നിലത്തേക്കിരുന്നു പൊട്ടിക്കരഞ്ഞു…

അച്ഛാ….. ഒന്ന് വേഗം വാ… എനിക്കച്ഛനില്ലാതെ ജീവിക്കാൻ പറ്റില്ല…

രണ്ട് മൂന്ന് ദിവസങ്ങൾ കൂടെ കഴിഞ്ഞു പോയി…

അന്ന് ജോലി കഴിഞ്ഞു വന്നപ്പോൾ
വീടിന്റെ വാതിൽ തുറന്നു കിടന്നിരുന്നു.

അവൾ ആവേശത്തോടെ അകത്തേക്ക് ഓടിക്കയറി, അച്ഛൻ ലിവിങ് റൂമിൽ ഇരിപ്പുണ്ട്.

അവൾ ഓടി ചെന്നച്ഛനെ കെട്ടിപ്പിടിച്ചു..

അച്ഛാ….
അവളൊരു കൊച്ചു കുഞ്ഞിനെ പോലെ അച്ഛന്റെ മാറിലേക്ക് പറ്റിച്ചേർന്നിരുന്നു…

എന്താ മോളെ… അച്ഛൻ അവളുടെ മുഖം പിടിച്ചുയർത്തി..
എന്തിനാ എന്റെ കുഞ്ഞ് കരഞ്ഞത്..??
അയാളുടെ മുഖത്ത് സങ്കടം നിറഞ്ഞു..

അച്ഛനെ കാണാതെ ജീവിക്കാൻ എനിക്ക് പറ്റില്ല..

ആഹാ.. ഇപ്പോൾ അങ്ങനെയായോ..
ഞാൻ കരുതി അച്ഛനിവിടില്ലാത്ത,
ആ സ്വാതന്ത്ര്യംമുതലെടുത്ത് മോൾ
സന്തോഷിക്കുകയായിരിക്കുമെന്ന്…

പോ അവിടുന്ന്… എനിക്ക് അച്ഛൻ മാത്രേ ഉള്ളൂ…. എനിക്കച്ഛനില്ലാതെ ജീവിക്കണ്ട..

അതെ മോളെ, മനുഷ്യർക്ക് ഒരു കൂട്ട് വേണം.
അതില്ലാതെ ജീവിക്കാൻ മനുഷ്യർക്ക് പറ്റില്ല.

അവൾ അച്ഛന്റെ നേരേ നോക്കി…

അയാൾ അവളുടെ നെറ്റിയിൽ ചുംബിച്ചു…

കുറച്ചു ദിവസങ്ങൾ കടന്നു പോയി..

മോളെ…
അച്ഛൻ മോൾക്ക് നല്ലൊരു ആലോചന കൊണ്ടുവന്നിട്ടുണ്ട്.
നല്ലവനാ…. അച്ഛൻ മോളെ സ്നേഹിക്കുന്നത് പോലെ, അവനും മോളെ സ്നേഹിക്കും. അത്ര നല്ലവനാ…

അവൾ അച്ഛന്റെ നേരേ നോക്കി..

ഇപ്പോഴെങ്ങും വിവാഹം വേണ്ട…
സമയമെടുത്ത് അവനെ നന്നായി മനസ്സിലാക്കിയിട്ട്, ജീവിതത്തിലേക്ക് കൂട്ടിയാൽ കൊള്ളാമെന്ന് രണ്ടാൾക്കും ഒരേപോലെ തോന്നിയാൽ മാത്രം വിവാഹം കഴിച്ചാൽ മതി, എന്തു പറയുന്നു.??

അവളൊന്നും മിണ്ടിയില്ല…

സമ്മതിക്ക് മോളെ..

ഉം…

ഓക്കേ…

എല്ലാ പെൺകുട്ടികളെയും വിവാഹം കഴിപ്പിച്ചയക്കുമ്പോൾ, സ്വർണവും പണവും ഒക്കെ കൊടുത്തതാണയക്കുന്നത്.
സ്,ത്രീ. ധ. നം നിർത്തലാക്കി എന്ന് പറഞ്ഞാലും. സമ്മാനമെന്ന പേരിൽ അതൊക്കെ ഇപ്പോഴും ആളുകൾ കൊടുക്കുന്നുമുണ്ട്.

പക്ഷെ, എന്റെ മോൾക്ക് ഞാൻ ഇതൊന്നും തരില്ല… പകരം മോൾക്ക് ഞാനൊരു വീട് വാങ്ങിച്ചിട്ടുണ്ട് അഡ്വാൻസ് കൊടുത്തു..
നിനക്കായി ഒരിടം…ആരും ഇറക്കി വിടില്ലാത്ത, നിന്റേത് മാത്രമായ ഒരിടം..

അവൾക്കെന്തുകൊണ്ടോ അത് കേട്ടപ്പോൾ സങ്കടമാണ് തോന്നിയത്…

മോളെ, ഒറ്റയ്ക്കുള്ള ജീവിതത്തിന്
ഒരു പ്രത്യേക സൗന്ദര്യമുണ്ട്. ആരെയും ഒന്നും ബോധ്യപ്പെടുത്തേണ്ടതില്ല. ആരുടെയും ഇഷ്ടത്തിനനുസരിച്ച് സ്വന്തം സന്തോഷങ്ങളെ മാറ്റിവെക്കേണ്ടതില്ല. മനസ്സിന് ഇഷ്ടമുള്ളതുപോലെ ജീവിക്കാം. കരയണമെന്ന് തോന്നിയാൽ കരയാം, ചിരിക്കണമെന്ന് തോന്നിയാൽ ചിരിക്കാം. അതൊക്കെ ശരിയാണ്.

പക്ഷേ, മനസ്സിൽ ഒരു സങ്കടം വന്നാൽ…
അത് ആരോടെങ്കിലും പറയാൻ തോന്നില്ലേ?
ഒരു നല്ല കാര്യം ജീവിതത്തിൽ സംഭവിച്ചാൽ സന്തോഷത്തോടെ ഓടിച്ചെന്ന് പറയാൻ ഒരാൾ…
സങ്കടം വരുമ്പോൾ ഒന്നും ചോദിക്കാതെ ചേർത്തുപിടിക്കാൻ ഒരാൾ…
ഒന്നും മിണ്ടാതെ അടുത്തിരുന്നാലും മനസ്സിലാക്കുന്ന ഒരാൾ

ആരും അടുത്തില്ലെങ്കിലും ഒരാളുടെ സ്നേഹത്തിന്റെ ഓർമയിൽ പോലും മനസ്സ് നിറയും മോളെ, അതാണ്‌ സ്നേഹത്തിന്റെ ശക്തി…
പങ്കാളിയെ കണ്ടെത്താനുള്ള തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടു പോകുന്നതാണ് മോളെ ദാമ്പത്യം തകരാൻ കാരണം.
അല്ലാതെ വിവാഹം കഴിച്ചവരെല്ലാം ദു:ഖിതരാണ്, അഡ്ജസ്റ്റ് ചെയ്ത് ജീവിക്കുകയാണ്, എന്നതൊക്കെ വെറും തെറ്റിദ്ധാരണയാണ്..

ഒരേ വൈബ് ഉള്ളവർ ഒരുമിച്ച് ജീവിച്ചാൽ പൊളിയാ…
അതുകൊണ്ട്പറയുവാ… മോൾക്ക് കൂടെ കൂട്ടാൻ പറ്റിയ ആളാണെന്ന് തോന്നിയാൽ മാത്രം മോളവനോടൊപ്പം ജീവിച്ചാൽ മതി..

അവൻ അടുത്ത ദിവസം മോളെ കാണാൻ വരും, മോൾക്കിഷ്ടമുള്ള സ്ഥലത്ത് വച്ച് പരസ്പരം കണ്ട് സംസാരിക്ക്…

ഉം…
നോക്കട്ടെ അച്ഛാ…. ഒരു കാഴ്ചയിലോ,
കുറച്ചു നാളത്തെ പരിചയത്തിലോ
ഒരാളെ മനസ്സിലാക്കാൻ പറ്റില്ലല്ലോ. നോക്കട്ടെ, എന്റെ അതേ വൈബ് ഉള്ള ആളാണെങ്കിൽ അങ്ങ് കൂടെ കൂട്ടിയേക്കാം.
എന്താ പോരേ??

മതി.. അത് മതി… അയാൾ പുഞ്ചിരിയോടെ
പറഞ്ഞു.
അച്ഛൻ ഇവിടില്ലാതിരുന്നപ്പോഴാണ്,
ഒറ്റപ്പെടലിന്റെ വേദന എന്താണെന്ന് തനിക്ക്‌ മനസ്സിലായത്…
അച്ഛൻ പറഞ്ഞത് തന്നെയാണ് ശരി.
നമുക്ക് ചുറ്റും, നമ്മുടേതെന്ന് പറയാൻ ചിലരെങ്കിലും വേണമെന്നേ,

തന്റെ മകൾ ജീവിതത്തിലെ പുതിയൊരു യാത്രക്ക് തയ്യാറെടുക്കുകയാണെന്ന് ബിനോയ്‌ക്ക് മനസ്സിലായി.

അയാൾക്ക് ഏറെ സന്തോഷം തോന്നി..

അങ്ങനെ തനിക്ക്‌ ശേഷവും തന്റെ മകളെ സ്നേഹിക്കാൻ ഒരാൾ ഉണ്ടാകും…
അയാളെ അവൾ ഒരുപാട് സ്നേഹിക്കും..ഉറപ്പാണ്….

അല്ലെങ്കിലും പരസ്പരമുള്ള സ്നേഹത്തിലാണല്ലോ,ജീവിതത്തിന്റെ മൂല്യമിരിക്കുന്നത്…

✍️Anju Thankachan

Leave a Reply

Your email address will not be published. Required fields are marked *