ഇന്ന് എന്റെ അച്ഛന്റെ വിവാഹമാണ്,
അച്ഛന്റെ മുഖത്ത് പതിവിലുമധികം ടെൻഷനുണ്ട്.
ഈ പ്രായത്തിൽ നിനക്ക് എന്തിന്റെ കേടാണെന്ന് ചോദിച്ച ബന്ധുക്കളെയൊന്നും ഞങ്ങൾ വിവാഹത്തിന് ക്ഷണിച്ചിരുന്നില്ല..
ആകെഇരുപത് ആളുകൾ മാത്രം പങ്കെടുത്ത ലളിതമായ ഒരു വിവാഹച്ചടങ്ങായിരുന്നുവത്.
അച്ഛന്റെ ജീവിതത്തിലേക്ക്,
ഒരാൾ കൈപിടിച്ച് കൂടെ വന്നപ്പോൾ സത്യത്തിൽസന്തോഷം കൊണ്ട് എന്റെ കണ്ണ് നിറഞ്ഞു.
പെട്ടന്ന് മൂന്ന് വർഷം മുൻപത്തെ കാര്യം എനിക്കോർമ്മ വന്നു.
അന്ന് എന്നെ പെണ്ണുകാണാൻ വന്ന ചെറുക്കന് അമ്മയില്ലെന്ന കാരണം പറഞ്ഞാണ്, ആ വിവാഹാലോചന എന്റെ വീട്ടുകാർ വേണ്ടെന്ന് വച്ചത്…
പക്ഷെ എന്നെ കാണാൻ വന്ന ആളെ മുൻപേ തന്നെ എനിക്ക് പരിചയമുണ്ടായിരുന്നു. അതുകൊണ്ടുതന്നെ അയാളോടൊപ്പമുള്ള ജീവിതം നല്ലതായിരിക്കുമെന്ന് എനിക്കുറപ്പുണ്ടായിരുന്നു..
അങ്ങനെ എന്റെ നിർബന്ധത്തിലാണ്
ഞങ്ങളുടെ വിവാഹം നടന്നത്.
വിവാഹം കഴിഞ്ഞ് വരനോടൊപ്പം കാറിൽ കയറുന്നതിനു മുൻപ്, അമ്മ എന്നെ മാറ്റി നിർത്തി പറഞ്ഞത്, നിന്റെ ഭർത്താവും, ഭർത്താവിന്റെ അച്ഛനും
മാത്രമേ ആ വീട്ടിലുള്ളൂ
നീ ഒരാൾത്തന്നെ ആ വീട്ടിലെ എല്ലാ കാര്യങ്ങളും ചെയ്യേണ്ടി വരും..
നീ ഒത്തിരി കഷ്ടപ്പെടേണ്ടി വരും.
നോക്കിയും കണ്ടും നിന്നാൽ മതിയെന്ന്..
സത്യത്തിൽ അങ്ങനെ വേണ്ടിവരുമോയെന്ന് ഞാനും ഭയന്നിരുന്നു..
പക്ഷേ ഞാൻ വിചാരിച്ചത് പോലെ ഒന്നുമായിരുന്നില്ല കാര്യങ്ങൾ.
ഞാൻ ആ വീട്ടിൽ ചെന്നതിനുശേഷം
പുലർച്ചെ ആദ്യമെഴുന്നേൽക്കുന്നത് അച്ഛനാണ്.
അച്ഛൻ അടുക്കളയിലെ ജോലികളൊക്കെ ചെയ്യുന്നത് കണ്ട് ഞാൻ അതിശയിച്ചു പോയിട്ടുണ്ട്.
എത്ര വൃത്തിയോടെയും ചിട്ടയോടെയുമാണെന്നോ അച്ഛനോരോ ജോലികളും ചെയ്യുന്നത്…
എനിക്കാ വീട്ടിൽ ചെയ്യാനുള്ള ജോലി അടിച്ചുവാരലും, തുണി അലക്കും മാത്രമാണ്..
ബാക്കിയെല്ലാപ്പണിയും അച്ഛനാണ് ചെയ്യുന്നത്…
ഞാൻ കൂടാമെന്ന് പറഞ്ഞാലും അച്ഛൻ സമ്മതിക്കില്ല. എന്റെ ഭർത്താവിനെയും അടുക്കളയിൽ കയറ്റില്ല.
സ്വയം ഭക്ഷണമുണ്ടാക്കിയാലെ അച്ഛന് സന്തോഷമാകൂ…
അച്ഛൻ എന്തുണ്ടാക്കിയാലും എന്നോട് ടേസ്റ്റ് എങ്ങനെയുണ്ടെന്നു ചോദിക്കും.
ഞാൻ ഓക്കെ പറഞ്ഞാൽ അച്ഛന്റെ മുഖം തെളിയും..
പതിയെപ്പതിയെ എനിക്കൊരു കാര്യം മനസ്സിലായി.
മുൻപൊന്നും അടുക്കളയിൽ പണിതിട്ടുള്ള ആളല്ലച്ഛൻ.
അമ്മയുടെ മരണശേഷമാണ് അച്ഛൻ അടുക്കളയിൽ കയറിയതെന്ന്
എന്റെ ഭർത്താവും പറഞ്ഞു.
വെറുതെയിരിക്കുമ്പോൾ, എന്തിനെന്നറിയാത്ത ഒരുപാട് ദുഃഖങ്ങൾ വന്ന് മനസ്സിനെ തകർത്തു കളയും. അതിൽ നിന്ന് രക്ഷപെടാനുള്ള ഒരു വഴിയും കൂടിയാണിത് എന്നച്ഛൻ പറയുകയും ചെയ്തിട്ടുണ്ട്.
ഞാൻ വന്നതിൽ പിന്നെയാണ് അച്ഛൻ ഇത്രയും
സന്തോഷത്തോടെയിരിക്കുന്നതെന്നും
എന്റെ ഭർത്താവ് പറഞ്ഞു.
അത് ശരിയായിരിക്കാം.
ഞാൻ ഓഫീസിൽ നിന്നും വന്നുകഴിഞ്ഞാൽ അധികം സമയം ചെലവഴിക്കുന്നത് അച്ഛന്റെ കൂടെയാണ്.
അച്ഛനും ഞാനും കൂടി മുറ്റത്ത് പൂന്തോട്ടം ഉണ്ടാക്കിയിട്ടുണ്ട്. എത്രയെത്ര ചെടികളെയാണെന്ന് ഞങ്ങൾ നട്ടു പരിപാലിച്ചിരിക്കുന്നതെന്നോ..
അത് മാത്രമല്ല ചെറിയൊരു അടുക്കളത്തോട്ടവും ഞങ്ങൾ ഉണ്ടാക്കിയിട്ടുണ്ട്….
ഉള്ളത് പറയാമല്ലോ,
ഞാൻ ഒരു സംസാരപ്രിയയാണ്. എനിക്കെപ്പോഴും എന്തെങ്കിലുമൊക്കെ സംസാരിച്ചുകൊണ്ടിരിക്കണം.
ഓഫീസിലെ വിശേഷങ്ങളൊക്കെ ഞാൻ കൂടുതലും അച്ഛനോടാണ് പറയുന്നത്.
ഞങ്ങൾ അമ്മായിയപ്പനും മരുമകളും ആയിരുന്നില്ല.
വ്യത്യസ്ത പ്രായത്തിലുള്ള രണ്ട് സുഹൃത്തുക്കളായിരുന്നു..
അങ്ങനെ പറയുന്നതാണ് ഞങ്ങൾക്ക് ഇഷ്ടം.
എന്റെ സ്വന്തം അച്ഛനെ എനിക്ക് എത്രത്തോളം ഇഷ്ടമാണോ,
അത്രയും ഇഷ്ടമാണ് എനിക്ക് എന്റെയീ അച്ഛനെയും.അത്രയ്ക്കും പാവമാണ്..
അച്ഛൻ കവിതകൾഎഴുതും..
ചിലതൊക്കെ ട്യൂൺ ചെയ്ത് ഞാൻ അച്ഛനെ പാടി കേൾപ്പിക്കും….
ഉള്ളത് പറയാമല്ലോ ചില ദിവസങ്ങളിൽ ഓഫീസിൽ പോകാൻ പോലും എനിക്ക് മടിയാണ്. അച്ഛന്റെ കൂടെ പാടത്തും തൊടിയിലും ഒക്കെ കറങ്ങി നടന്നാൽ മതിയെന്ന് തോന്നും…
ഇവിടം എനിക്ക് അത്രയ്ക്കും ഇഷ്ട്ടമാണ്.
വിവാഹം കഴിഞ്ഞതോടെ ഞാൻ ജീവിതത്തെ കൂടുതൽ ഇഷ്ടപ്പെടുകയാണ് ചെയ്തത്…
അന്നൊരു ശനിയാഴ്ച ആയിരുന്നു..
പിറ്റേന്ന് ജോലിക്ക് പോകണ്ടല്ലോ അതുകൊണ്ട് ഞായറാഴ്ച ഞങ്ങൾ
മൂന്നാൾക്കും കൂടെ ഒരു സിനിമയ്ക്ക് പോയാലോ എന്നൊരു മോഹം എനിക്കുണ്ടായിരുന്നു..
അതൊക്കെ ആലോചിച്ച് വൈകുന്നേരം വീട്ടിലേക്ക് ചെന്നപ്പോഴാണ്
അച്ഛൻ ഏതോ ആലോചനയിൽ മുഴുകി ഇരിക്കുന്നത് ഞാൻ കണ്ടത്, അച്ഛാ എന്ന് ഞാൻ വിളിച്ചതും അച്ഛൻ പെട്ടന്ന് കണ്ണ് തുടച്ചിട്ട്, ആഹ് അച്ഛന്റെ കാന്താരി ഇങ്ങ് വന്നോ എന്നും ചോതിച് എന്റെ അടുത്തേക്ക് വന്നു..
നിറഞ്ഞ കണ്ണുകൾ എക്കാലത്തെയും എന്റെ ദൗർബല്യമാണ്…
അത് കാണാനുള്ള ശേഷി എന്റെ ഹൃദയത്തിന് ഒരുനാളും ഉണ്ടായിട്ടില്ല..
അന്ന് ഭർത്താവ് വന്നപ്പോഴാണ് അച്ഛന് എന്ത് കൊണ്ട് ഒരു കൂട്ട് ഉണ്ടാക്കി കൊടുത്തുകൂടാ..
എന്ന് ഞാൻ ചോദിച്ചത് . അൻപത്തിനാല് വയസ്സ് എന്ന് പറയുന്നത് അത്ര പ്രായമൊന്നുമല്ലല്ലോ..
അങ്ങനെയാണ് ഞങ്ങൾ അച്ഛന് പറ്റിയ
ഒരു കൂട്ട് തേടിക്കണ്ടുപിടിച്ചത്.
അച്ഛനെ പോലെ ഏവരെയും സ്നേഹിക്കാൻ കഴിയുന്ന, ഒരു പാവം അമ്മയെ ഞങ്ങൾ കണ്ടെത്തി.
ഒറ്റപ്പെടലിന്റെ തുരുത്തിൽ കഴിഞ്ഞിരുന്ന രണ്ട് പേരെ ഞങ്ങൾ ഒരുമിപ്പിച്ചു…
ഈ പ്രായത്തിൽ അങ്ങേരോട് ചെയ്യുന്ന വഞ്ചനയാണിതെന്ന് പലരും പറഞ്ഞു..
കേറി വരുന്ന തള്ള
ഉള്ള സമാധാനം കളയുന്നവളാണെങ്കിൽ
ഈ പ്രായത്തിൽ ആ മനുഷ്യനെന്ത് ചെയ്യും എന്നൊക്കെയാണ് ആളുകളുടെ സംശയം.
ഏറ്റം നല്ലതിനെ മാത്രേ മക്കൾക്കായി മാതാപിതാക്കൾ കരുതൂ..
മക്കളും അതുപോലെ തന്നെയാണ്. നല്ലതാണെന്ന് ഉറപ്പുള്ളത് മാത്രമേ മക്കൾ മാതാപിതാക്കൾക്കും നൽകൂ..
നോക്ക് ഞങ്ങളുടെ വീട്ടിൽ നിന്നും സന്തോഷത്തിന്റെ വർത്തമാനങ്ങളെ കേൾക്കാൻ കഴിയൂ….
എന്നുവെച്ചു തെല്ലും വിഷമങ്ങൾ ഇല്ലെന്നല്ല അതൊക്കെയുണ്ട്, പക്ഷെ ആ വിഷമങ്ങളിൽ കൂട്ടായിരിക്കാൻ ഞങ്ങൾക്ക് പരസ്പരം കഴിയുന്നുണ്ട്..
ഞാൻ പറഞ്ഞില്ലേ ഞങ്ങളുടെ വീട് സ്നേഹം കൊണ്ട്കൂടി നിർമ്മിച്ചതാണ്….
✍️Anju Thankachan
