“മകൾ ഒന്നുള്ളതിനെ കെട്ടിക്കാൻ പ്രായമായി,അപ്പോഴാണവൾക്ക് കെട്ടിയവനെ വേണ്ടാതായത്… അതും ഇത്രയുംകാലം അവന്റെ ചിലവിൽ ഉണ്ടുറങ്ങി സുഖമായ് കഴിഞ്ഞിട്ട്…നിനക്കെല്ലാം ഇത് എന്തിന്റെ കുറവുണ്ടായിട്ടാണ് വിജീ നീയിങ്ങനെയൊരു തീരുമാനത്തിലെത്തിയത്…നിന്റെ രണ്ടു കുട്ടികളെ പറ്റി ചിന്തിച്ചോ നീ…. അവരുടെ ഭാവിയെ പറ്റി….?
ആദ്യം കുറ്റപ്പെടുത്തലോടെയും പിന്നീട് കാര്യവിവരത്തോടെയും വിജിയെ അവളുടെ അമ്മ സരോജം ഉപദേശിക്കുമ്പോൾ അവരോടു പറയാൻ മറുപടികളൊന്നും കൈവശമില്ലാത്തതിനാൽ അലസം അമ്മയെ നോക്കി നിന്നു വിജി….
പഠിപ്പും ലോക വിവരവും ഉള്ളവളല്ലേ നീ, നിനക്ക് ഞാൻ പറഞ്ഞു തന്നിട്ടു വേണ്ടല്ലോ കാര്യങ്ങളറിയാനും മനസ്സിലാക്കാനും….?
മുരളിയെ പോലൊരു ഭർത്താവ് ഏതു പെൺകുട്ടിയുടെയും ഭാഗ്യമാണ്… സ്വപ്നമാണ്… അവൻ നമ്മുടെ വീട്ടിലേക്ക് വലതു കാലെടുത്തു വെച്ചതിൽ പിന്നെയാണ് മോളെ നമ്മുടെ ഈ വീട്ടിൽ നിന്ന് കഷ്ടപ്പാടും ദാരിദ്രവും അകന്നത്…നിന്റെ കൂടപ്പിറപ്പുകൾ നല്ലആഹാരം കഴിക്കാനും പിഞ്ഞി കീറാത്ത തുണികളിടാനും തുടങ്ങിയത് അവന്റെ സഹായം കൊണ്ടാണ്… മറ്റാര് എന്ത് മറന്നാലും എന്റെ മോളതൊന്നും മറക്കരുത്… അഥവാ എന്തെങ്കിലും ചെറിയ തെറ്റവന് പറ്റിയിട്ടുണ്ടെങ്കിൽ പോലും നീ വേണമതിനെ മറ്റാരും അറിയാതെ മുന്നോട്ടു കൊണ്ടു പോയി തെറ്റുതിരുത്താൻ…. അതല്ലാതെ അവനെ ഒറ്റയടിയ്ക്ക് ഉപേക്ഷിക്കുവാണെന്ന് പറഞ്ഞ് സ്വന്തം വീട്ടിലേക്ക് തിരിച്ചു വരികയല്ല കുടുംബത്തിൽ പിറന്നവര് ചെയ്യേണ്ടത്….അങ്ങനെ നീ വന്നാല് നിന്നെ രണ്ടു കയ്യും നീട്ടി ഞാൻ സ്വീകരിക്കത്തും ഇല്ല….നിന്നെക്കാൾ എനിയ്ക്ക് കടപ്പാടുള്ളത് മുരളിയോടും അവന്റെ വീട്ടുക്കാരോടും ആണ്…. അവരെയൊക്കെ പിണക്കി ഇങ്ങോട്ടു തിരിച്ചു കയറി വരാമെന്ന് നീ ചിന്തക്കണ്ട വിജീ… എനിയ്ക് നീ മാത്രമല്ല മകളായിട്ടുള്ളത്…. ഇനിയും ഉണ്ട് ഒരുത്തി….അവളുടെ ഭാവിയും നോക്കണം….’
അത്ര നേരവും സമാധാനത്തോടെ വളരെ പക്വതയോടെ തന്നെ ഉപദേശിച്ച അമ്മയുടെ ശബ്ദത്തിൽ അവസാനമൊരു ഉത്ക്കണ്ഠയും വെപ്രാളവുംഅതിലുപരി ദേഷ്യവും നിറഞ്ഞു നിന്നത് വ്യക്തമായ് തന്നെ ശ്രദ്ധിച്ചു വിജി
മുരളിയെ ഉപേക്ഷിച്ച് ബന്ധം ഒഴിവാക്കിയിട്ട് താനീ വീട്ടിലേക്ക് തിരികെ വരുമോ അങ്ങനെ വന്നാലത് തന്റെ അനിയത്തിയുടെ ഭാവി ജീവിതത്തെ ബാധിക്കില്ലേ എന്നൊക്കെയുള്ള
ആധിയാണ് തന്റെ ജീവിതത്തെക്കാൾ കൂടുതലായ് അമ്മയെ ഭയപ്പെടുത്തുന്നതെന്ന് വിജി തിരിച്ചറിഞ്ഞത് അപ്പോൾ മാത്രമാണ്….മുറിവേറ്റതിൽ മുളക്കേറ്റതു പോലെ നീറി പിടഞ്ഞവളുടെ ഉള്ളം….
മുരളിയേട്ടനുമായുള്ള ബന്ധം പിരിഞ്ഞാലും ഞാനോ എന്റെ മകളോ ഈ വീട്ടിലേക്കോ നിങ്ങളുടെ ജീവിതത്തിലേക്കോ ഒരു ബാധ്യതയും അവകാശവും ഒന്നും ഉന്നയിച്ച് വരില്ല അമ്മേ… അത്തരം പേടിയൊന്നും വേണ്ട നിങ്ങൾക്കാർക്കും… അതു പേടിച്ചാണ് ഇഷ്ടമില്ലാത്ത ബന്ധത്തിൽ തുടരാനമ്മ എന്നെ നിർബന്ധിക്കുന്നതെങ്കിൽ ആ പേടി വേണ്ട…. ഇതെന്നും നിങ്ങളുടെ വീടാണ്… പണ്ടും അതങ്ങനെയായിരുന്നു… ഇനിയും അതങ്ങനെ തന്നെ ഇരുന്നോട്ടെ…. ഒരു ശല്യത്തിനും വരില്ല ഞാനിങ്ങോട്ട്…
അമ്മയേയും അമ്മയ്ക്ക് അരികിൽ നിൽക്കുന്ന തന്റെ അനിയനെയും അറിയത്തിയേയും നോക്കി വല്ലാത്തൊരു ഉറപ്പോടെ പറഞ്ഞിട്ട് തിരികെ ഉമ്മറത്തേയ്ക്ക് തന്നെ നടന്നു വിജി…..ആ വീടോ അവിടെ ഉള്ളവരോ തന്റെ ആരുമല്ലെന്ന തിരിച്ചറിവ് ഒന്നുകൂടി മനസ്സിലുറപ്പിച്ച് തന്നെ….
“ഞാൻ ഇറങ്ങുകയാണ്…. മോള് ക്ലാസ് കഴിഞ്ഞെത്തുമ്പോഴേയ്കും അങ്ങ് ചെല്ലണമെനിയ്ക്ക്… അവൾക്ക് ഞാനേയുള്ളു… എനിയ്ക്കവളും…ഒറ്റയ്ക്ക് ആക്കാൻ പറ്റില്ലെവിടെയും….
തന്റെ ഫോണും കുടയും ബാഗിലേക്ക് വച്ച് ബാഗെടുത്ത് തോളത്തിട്ട് തന്നെ നോക്കി നിൽക്കുന്ന അമ്മയോടായ് വിജി പറഞ്ഞതും തലയാട്ടി എന്തോ പ്രതീക്ഷിച്ചെന്ന പോലെ വിജിയേയും ഒപ്പം അവളുടെ കയ്യിലെ ബാഗിലേക്കും പ്രതീക്ഷയോടെ നോക്കി സരോജം…
എന്നാലമ്മയുടെ ആ നോട്ടമറിഞ്ഞിട്ടും അതെന്തിനാണെന്നറിഞ്ഞിട്ടും അറിയാത്തതു പോലവൾ ആ വീടിന്റെ പടിയിറങ്ങി
വിജീ…..നീ പൈസയൊന്നും തന്നില്ലല്ലോ വന്നിട്ട്…. മറന്നു പോയതാണോ….
വിജി പടികടന്ന് പോവും എന്നായതും പിന്നിൽ നിന്ന് വിളിച്ചു ചോദിച്ചു സരോജം…. വിവാഹം കഴിഞ്ഞതിനു ശേഷം ഓരോ തവണ വിജി വീട്ടിൽ വന്നു പോകുമ്പോഴും ലഭിയ്കുന്ന പണം സരോജത്തിന്റെ സ്വകാര്യ സമ്പാദ്യമാണ് വർഷങ്ങളായ്…
“പൈസ തരാൻ മറന്നതല്ല അമ്മേ… ആ പതിവ് ഇന്നു മുതൽ നിർത്തുകയാണ് ഞാൻ… കുറച്ചു ദിവസങ്ങൾ കൂടി കഴിഞ്ഞാൽ മന്നത്ത് തറവാട്ടിലെ മൂത്ത മരുമകളെന്ന സ്ഥാനവും മുരളിയുടെ ഭാര്യ എന്ന സ്ഥാനവും ഇല്ലാതെയാവും എനിയ്ക്ക്… ഒപ്പം എന്റെ ആ.സ്ഥാനം കൊണ്ട് നിങ്ങൾക്ക് കിട്ടിയിരുന്ന പണമുൾപ്പെടുന്ന നേട്ടങ്ങളും…. അന്നത് ഒരു ബുദ്ധിമുട്ടാവാതെയിരിക്കാൻ ഇന്നു മുതലത് അമ്മയ്ക്ക് ശീലമായിക്കോട്ടെ…. അങ്ങനെയാവുമ്പോൾ ആ സമയത്തതൊരു പ്രശ്നമാവില്ല അമ്മയ്ക്ക്…”
വെട്ടിതുറന്നവൾ പറഞ്ഞതും വിളറി സരോജത്തിന്റെ മുഖം..
പേരുകേട്ട മന്നത്ത് തറവാട്ടിലെ മൂത്ത മരുമകളാണ് തന്റെ മകളെന്ന അവകാശം വെച്ച് കുറച്ചധികം സ്വാതന്ത്ര്യം തന്റെ കല്യാണം കഴിഞ്ഞതിൽ പിന്നെ അമ്മ എല്ലായിടത്തു എടുക്കാറുണ്ട്… അതിന്റെ പേരിൽ കഴിഞ്ഞ ദിവസം വരെ പലരിൽ നിന്നും ആനുകൂല്യങ്ങൾ കൈ പറ്റിയിട്ടുമുണ്ട്….
കോളേജിൽ പഠിച്ചു കൊണ്ടിരുന്ന നാളിൽ നാട്ടിലെ സമ്പന്നമാരിൽ കേമരായ മുരളിയുടെ വീട്ടുകാർ തന്നെ മുരളിയ്ക്ക് വേണ്ടി കല്യാണം ആലോചിച്ച് വന്നതും തന്റെ ഇഷ്ടമോ അനുവാദമോ ചോദിക്കാതെ നിർബന്ധപൂർവ്വം ഭീഷണിപ്പെടുത്തി തന്നെ മുരളിയ്ക്ക് വിവാഹം കഴിപ്പിച്ചു കൊടുത്തത് അമ്മ ഒരാളാണ്…. അന്നുമുതലിന്നുവരെ യാതൊരു കണക്കോ കാര്യമോ നോക്കാതെ എത്രയോ പണം ഈ വീട്ടിൽ മുരളിയുടെ വീട്ടുകാരും മുരളിയും നൽകിയിട്ടുണ്ട്… അതെല്ലാം ചിരിയോടെ വാങ്ങി വെക്കുന്നതിനപ്പുറം താനെന്ന മകളുടെ ജീവിതത്തെ പറ്റി അമ്മ ഒന്നന്വോഷിച്ചിട്ടു പോലുമില്ല ….
തറവാടിന്റെ പേരിനും പെരുമയ്ക്കും അപ്പുറം മനുഷ്യരെന്ന ഗണത്തിൽ പോലും കൂട്ടാൻ പറ്റാത്തവരാണ് മുരളിയും വീട്ടുകാരും… മുരളിയുടെ ഉപദ്രവങ്ങൾ താൻ കിടപ്പുമുറിയിൽ സഹിച്ചാൽ മതിയെങ്കിൽ അവന്റെ വീട്ടുകാരുടെ ഉപദ്രവം എല്ലായിടത്തും സഹിക്കണമായിരുന്നു താൻ…. ഒരു പുഴുവിന് സമമാണ് അവർക്ക് താൻ…. തന്നെ കേൾക്കാൻ, തന്നെ അറിയാൻ ആരുമില്ലെന്ന അഹങ്കാരമായിരുന്നവർക്ക്…. അവർ നീട്ടുന്ന പണംകൈ നീട്ടി വാങ്ങുന്ന അമ്മയെ അവർ കണ്ടത് പിച്ചക്കാരിക്ക് തുല്യത്തിലാണ്….
ഇതിനെല്ലാം പുറമെയാണ് മുരളിയുടെ പരസ്ത്രീ ബന്ധങ്ങൾ…. അയാൾക്കെന്നും എപ്പോഴും ധാരാളം സ്ത്രീകളായ് വഴിവിട്ട ബന്ധമുണ്ടെന്നും ആ സ്വഭാവം അറിഞ്ഞ് അയാൾക്കാരും പെണ്ണ് കൊടുക്കാത്തത് കൊണ്ടാണ് അത്യാർത്തിക്കാരിയ തന്റെ അമ്മയ്ക്ക് പൈസ കൊടുത്ത് വശത്താക്കി തന്നെ മുരളിക്ക് കെട്ടിച്ചു കൊടുത്തതെന്നും എത്രയോ പ്രാവശ്യം തന്റെ മുഖത്തു നോക്കി വിളിച്ചു പറഞ്ഞിട്ടുണ്ട് മുരളിയുടെ അമ്മയും സഹോദരിമാരും…
അന്നതൊക്കെ വെറും പറച്ചിലുകളായ് തോന്നിയെങ്കിൽ ഇന്നറിയാം അത് സത്യമാണെന്ന്… അതിനെത്രയോ പ്രാവശ്യം സാക്ഷികളായ് നിന്നിട്ടുണ്ട് താനും തന്റെ മകളും… സഹിക്കാൻ പറ്റാതെവന്നൊരു നാൾ ആ സങ്കടം ഇവിടെ അമ്മയോടു പറഞ്ഞപ്പോൾ പറഞ്ഞത് അതെല്ലാം തന്റെ തോന്നലുകളാണെന്നാണ്…. എത്ര കരഞ്ഞു പറഞ്ഞിട്ടും തന്നെ വിശ്വസിക്കാൻ കൂട്ടാക്കിയില്ല അമ്മ… അതോടെ എന്തു സങ്കടംവന്നാലും സഹിക്കാൻ പഠിച്ചു.. മോളെ കൊണ്ട് തനിയെ ജീവിക്കാനുള്ള ആർജവവും നേടി… ഇനി ആരുടെയും പിന്തുണ വേണ്ട… താനും മകളും മതി തങ്ങൾക്ക്….
ഉറപ്പുളെളാരു തീരുമാനം ഉള്ളിൽ രൂപപ്പെട്ടതും വേഗംവീട്ടിൽ നിന്ന് പുറത്തേയ്ക്ക് നടന്നിറങ്ങി വിജി….
ചേച്ചി…..
വിജി വീടിന്റെ പടിയിറങ്ങി തുടങ്ങിയതും പിൻ വിളി വിളിച്ചത് അനിയത്തിയാണ്…..
തന്നെക്കാൾ എട്ടു വയസ്സിനിളയതാണവൾ… അവളോടെന്നും ഒരു മകളോടെന്നപോലെ കരുതലാണ് തനിയ്ക്…..
“ചേച്ചി മുരളിയേട്ടനെ ഉപേക്ഷിക്കാൻ തന്നെ തീരുമാനിച്ചോ…?
ഇന്നുവരെ കാണാത്തൊരു കടുപ്പമേറിയ മുഖഭാവമാണ് അനിയത്തി രാജിയ്ക്കെന്നു കണ്ടതും അവളെ ചോദ്യഭാവത്തിൽ നോക്കി വിജി…
എന്നെ നോക്കി നിൽക്കാതെ ഞാൻ ചോദിച്ചതിന് ഉത്തരം പറ ചേച്ചി…?
മുരളിയേട്ടനെ ഭർത്താവായ് വേണ്ടേ ചേച്ചിയ്ക്ക്…?
അതുവരെയും ഇല്ലാത്തൊരു അധികാരമുണ്ടവളുടെ ശബ്ദത്തിന്… മുരളിഎന്നു പറയുമ്പോൾ അവളുടെ മുഖത്തും കണ്ണിലും തെളിയുന്ന തിളക്കം ഒപ്പിയെടുത്തു വിജിയുടെ കണ്ണുകൾ…
“മുരളിയെ ഭർത്താവായ് എനിയ്ക്കോ അച്ഛനായ് എന്റെ മകൾക്കോ വേണ്ട… നീയെടുത്തോ നിന്റെ ഭർത്താവും കാമുകനുമൊക്കെയായിട്ട്….”
വെട്ടിതുറന്ന വിജിയുടെ സംസാരം…. വിളറി വെളുത്തു രാജിയെങ്കിൽ സരോജത്തിൽ പകപ്പാണ്….
ഇളയവൾക്ക് മൂത്തവളുടെ ഭർത്താവുമായ് അവിഹിത ബന്ധമോ….
ഉൾക്കൊള്ളാൻ ആവാതെ സരോജം പകച്ച് നിൽക്കുമ്പോൾ തന്റെ വെറുമൊരു തോന്നൽ സത്യമായതിന്റ പകപ്പുണ്ട് വിജിയിലെങ്കിലും അതൊന്നും പുറത്തു കാണിക്കാതെ അമ്മയെ നോക്കി വിജി…
“മുരളിയുടെ ഭാര്യാ സ്ഥാനത്ത് നിന്ന് ഞാൻ മാറിയാലും അമ്മ ഭയക്കണ്ട അമ്മയുടെ രണ്ടാമത്തെ മകൾ ഞാനുപേക്ഷിക്കുന്ന കിരീടവും അണിഞ്ഞ് എന്റെ സ്ഥാനത്ത് മന്നത്ത് വീട്ടിലുണ്ടാവും.. അമ്മയ്ക്ക് നഷ്ടമുണ്ടാകില്ല ഈ കച്ചവടത്തിലും… ശരിയെന്നാൽ….ഇനിയൊരു കൂടികാഴ്ച നമ്മൾ തമ്മിൽ ഉണ്ടാവാതെയിരിക്കട്ടെ..”
തല ഉയർത്തി പിടിച്ച് വിജി അവിടെ നിന്ന് നടന്നുനീങ്ങുമ്പോഴും തനിയ്ക്ക് വരാനുള്ളത് ചേച്ചിയെക്കാൾ വലിയ സങ്കടങ്ങൾ ആണെന്നറിയാതെ നോക്കി നിന്നു രാജി..അവളുടെ വിധി അതവൾ അനുഭവിച്ച് തന്നെ അറിയട്ടെ.. കാത്തിരിക്കാം നമുക്ക്…
✍️RJ
