ഇത്രയും നാൾ അനിയനായ് കണ്ട് പെരുമാറിയവനെ ഇനി മുതൽ ഭർത്താവായ് കാണാൻ എനിയ്ക്ക് സമ്മതമാണ്…” എല്ലാവരും കൂടിയിരുന്ന് സംസാരിക്കുന്നതിനിടയിലേക്ക് പെട്ടന്നിറങ്ങി വന്ന് മുഖം കുനിച്ച് ഷെമി പറഞ്ഞതും….

” ഇത്രയും നാൾ അനിയനായ് കണ്ട് പെരുമാറിയവനെ ഇനി മുതൽ ഭർത്താവായ് കാണാൻ എനിയ്ക്ക് സമ്മതമാണ്…”

എല്ലാവരും കൂടിയിരുന്ന് സംസാരിക്കുന്നതിനിടയിലേക്ക് പെട്ടന്നിറങ്ങി വന്ന് മുഖം കുനിച്ച് ഷെമി പറഞ്ഞതും അവിടെ കൂടിയിരുന്നവരും പുറത്തു നിന്ന് വന്നവരുമെല്ലാം ഷെമിയെ എന്തോ അത്‌ഭുതം കാണും പോലെ അവിശ്വാസത്തോടെ നോക്കി

“എന്നെ എൻ്റെ ഭർത്താവിൻ്റെ അനിയനായ നജീമ് കല്യാണം കഴിക്കുന്നതില് എനിയ്ക് സന്തോഷമേയുള്ളു… ഈ വീടിനെയും വീട്ടുക്കാരെയും ഉപേക്ഷിച്ച് ഇവിടെ നിന്ന് മടങ്ങി പോവാൻ എനിയ്ക്കൊട്ടും താൽപര്യമില്ല… അത്രയ്ക്കും എനിയ്ക്ക് പ്രിയപ്പെട്ട ഇടമാണ് ഇത്.. അതിലും അപ്പുറം എനിയ്ക്കുള്ളത് രണ്ടു വയസ്സുള്ളൊരു മോളാണ്.. ഇവിടുത്തെ മകൻ്റെ ചോരയാണത് … അവളെയും കൊണ്ട് ഞാനെൻ്റെ വീട്ടിലേക്ക് മടങ്ങി ചെന്നാൽ ഇന്നല്ലെങ്കിൽ നാളെ എൻ്റെ വീട്ടുകാർ എനിയ്ക്കായ് മറ്റൊരാളെ കണ്ടെത്തും … അങ്ങനെ അവർ കണ്ടെത്തുന്ന ഒരാളെ എൻ്റെ മോൾ ഉപ്പ എന്ന് വിളിക്കുന്നത് സഹിക്കാൻ പറ്റില്ലെനിയ്ക്ക്… ഇവിടാകുമ്പോൾ അതും വേണ്ടല്ലോ…”

താനെന്തു കൊണ്ട് ഭർത്താവിൻ്റെ അനിയനെ വിവാഹം കഴിക്കാൻ താല്പര്യം പ്രകടിപ്പിച്ചു എന്നതിന് വ്യക്തമായൊരു കാരണം കൂടി ഷെമി അവർക്കു മുമ്പിൽ അവതരിപിച്ചതും അവളെ താൽപര്യമില്ലാതെ ന നോക്കിയിരുന്നവരുടെ മുഖത്തുപോലും അവളുടെ ചിന്തയെ അനുകൂലിയ്ക്കും വിധമൊരു ചിരി തെളി ഞ്ഞു….

പേരക്കുട്ടിയെ പിരിയണ്ട എന്ന ആശ്വാസത്തിനപ്പുറം മുതലുകൾ പങ്കുവെച്ച് പോവില്ലല്ലോ എന്നൊരു ആശ്വാസം തെളിഞ്ഞു നജീമിൻ്റെ ഉപ്പയുടെയും ഉമ്മയുടെയും ഉള്ളിൽ….
അവർക്കത്ര പ്രിയപ്പെട്ട മകനല്ലെങ്കിലും നവാസ് സമ്പാദിച്ച സ്വത്തുകൾ ആണ് ഏറെയും അവിടെ ഉള്ളത് …അതെല്ലാം അവിടെ തന്നെ ഉണ്ടാവും എന്നതൊരു ചില്ലറ കാര്യമല്ലല്ലോ… ഒപ്പം ഷെമീനയോട് മൂത്ത മകൻ ചെയ്ത തെറ്റിന് ഇളയ മകനെ കൊണ്ടൊരു പ്രായശ്ചിത്തം ചെയ്യിക്കലുമായ്…

“ഏട്ടൻ മരിയ്ക്കുമ്പോൾ ഏട്ടൻ്റെ ഭാര്യയെ അനിയൻ വിവാഹം കഴിയ്ക്കുന്നത് നമ്മുടെ കൂട്ടത്തിൽ നടക്കാറുള്ളതാണ്… അതുപോലെ തന്നെ ഒന്നായ് ഇതിനെയും കാണാം… ഒരു തെറ്റും ചെയ്യാഞ്ഞിട്ടും ഭർത്താവിനാൽ ഉപേക്ഷിക്കപ്പെട്ടവളാണ് ഷെമീന…. ഈ വീട്ടിൽ തുടർന്നും നിൽക്കാൻ അവളാഗ്രഹിക്കുന്നുണ്ട്. സത്യം പറഞ്ഞാൽ അവളായിട്ടല്ല നമ്മളായിട്ടാണ് ഇങ്ങനൊരു നിർദ്ദേശം മുന്നോട്ടു വെയ്ക്കേണ്ടിയിരുന്നത്…
സാധാരണ ഇങ്ങനെ ഒരു നിർദ്ദേശം വീട്ടിലുള്ളവർ വെയ്ക്കുമ്പോൾ അതിനെ എതിർക്കുന്നതും വിവാഹത്തിന് സമ്മതിക്കാതിരിയ്ക്കുന്നതും മരിച്ചു പോയവരുടെയോ ഉപേക്ഷിക്ക പെട്ടവരുടെയോ ഭാര്യമാരാണ്… ഇവിടെ പക്ഷെ അങ്ങനൊരു പ്രശ്‌നവുമില്ല… നജീമിനെ വിവാഹം കഴിക്കാൻ ഷെമീനയ്ക്ക് ഇഷ്ടവും താല്പര്യവും ആണല്ലോ… അപ്പോ പിന്നെ ഇനി നജീമിന് പുറത്ത് നിന്നിനിയൊരു പെണ്ണു നോക്കണ്ട എൻ്റെ അഭിപ്രായത്തിൽ…. എന്താ മയമ്മദ്ക്കാ ഞാൻ പറഞ്ഞത് ശരിയല്ലേ…?

ചെറിയുപ്പ ചോദിച്ചതിന് മറുപടി ഒന്നും പറയാതെ ഉപ്പ നോക്കിയത് നജീമിനെ ആണ്… അവൻ്റെ നോട്ടവും ഉപ്പയെ ആണ്

കഴിഞ്ഞ മൂന്നു വർഷത്തോളം ഒരുമ്മിച്ച് ഒരു വീട്ടിൽ ഉണ്ടായിരുന്നവളാണ് …അത്രയ്ക്കും പരിചിതമായവൾ…

നജീമിൻ്റെ കണ്ണുകൾ ഉപ്പയിൽ നിന്ന് തെന്നിമാറി ഒരു നിമിഷം തങ്ങി നിന്നു ഷെമീനയിലെങ്കിലും അവളൊരിക്കൽ പോലും മുഖമുയർത്തി അവനെ നോക്കിയതേ ഇല്ല…. അവളുടെ ആ അവഗണന അറിഞ്ഞ് ഒരു നോവു കനത്തു നജീമിൻ്റെ ഉള്ളിലും…

“അവന് സമ്മതമാണെങ്കിൽ ഞങ്ങൾക്കും സമ്മതമാണ്… കഴിഞ്ഞ അഞ്ചു വർഷമായിട്ട് ഞങ്ങൾക്കൊപ്പം ഉള്ളവളാണ്… ഞങ്ങളുടെ മകൾ തന്നെയാണ്… അതിലും ഉപരി ഞങ്ങളുടെ മകൻ അവളോടു ചെയ്ത തെറ്റെല്ലാം ക്ഷമിച്ചും അവനായ് കാത്തിരുന്നവളാണ്… കണ്ടില്ലെന്ന് നടിക്കാൻ വയ്യ… കയ്യൊഴിയാനും… നജീമിന് അവളെ ഭാര്യയായ് കൂടെ കൂട്ടാൻ പറ്റുമെങ്കിൽ അതിനോളം സന്തോഷം മറ്റൊന്നില്ല ഞങ്ങൾക്ക്…”

“എനിയ്ക്ക് സമ്മതമാണ് ഉപ്പാ ഷെമിയെ എൻ്റെ ഭാര്യയാക്കാൻ… ഇഷു മോളുടെ വാപ്പ ആകാൻ..”

ഒട്ടും ഇടർച്ചയോ പരിഭ്രമമോ ഇല്ല നജീമിൻ്റെ ശബ്‌ദത്തിലും…

“എന്നാൽ പിന്നെ നമുക്കിതങ്ങ് നടത്തികളയാം എത്രയും പെട്ടന്ന്… വെച്ചു താമസിക്കേണ്ട കാര്യമൊന്നുമില്ലല്ലോ അല്ലേ നജിം..?

ഒരു ഉറച്ചതീരുമാനം എടുക്കും മുമ്പായ് ഒന്നുകൂടി നജീമിനോട് ചെറിയുപ്പ ചോദിച്ചതും എല്ലാം അവർക്കായ് വിട്ടു നൽകി സ്വന്തം മുറിയിലേക്ക് കയറി നജിം…

കാറ്റിനെക്കാൾ വേഗത്തിൽ കല്യാണ വിശേഷങ്ങൾ നാടെങ്ങും പരന്നതും കേട്ടവരെല്ലാം പറഞ്ഞത് മികച്ചൊരു തീരുമാനം എന്നാണ്…

കാരണം ഷെമീന ആ വീട്ടിലെ മരുമകളായി വന്നിട്ട് വർഷം മൂന്നായെങ്കിലും ഭർത്താവ് നവാസിനൊപ്പം താമസിച്ചത് വെറും ഒരുമാസമാണ്… ലീവ് തീർന്ന് നവാസ് ഗൾഫിലേക്ക് മടങ്ങിയതിനു ശേഷമാണ് ഇഷുമോൾ ഷെമീനയുടെ വയറ്റിൽ ജന്മമെടുത്തത് അവരെല്ലാം അറിഞ്ഞതു തന്നെ…

ആ സന്തോഷ വാർത്ത വിളിച്ചറിയിക്കാനായ് എല്ലാവരും നവാസിനെ അന്നുമുതൽ വിളിയ്ക്കുന്നുണ്ടെങ്കിലുംഒരിക്കൽ പോലും അവനോട് സംസാരിക്കാൻ പറ്റിയില്ല അവർക്ക് … യാതൊരു വിവരങ്ങളും എവിടെയും അവശേഷിപ്പിക്കാതെ എല്ലാവരിൽ നിന്നും മറഞ്ഞു മാറി നിന്നിരുന്നു നവാസ്

ഒടുവിൽ ഷെമീനയുടെ പ്രസവത്തിനു ശേഷമാണ് നവാസിന് വിദേശത്തൊരു കുടുംബമുള്ള വിവരം നാട്ടിലെല്ലാവരും അറിയുന്നത് …

തിരികെ വരാൻ പലരും പല രീതിയിലും പറഞ്ഞെങ്കിലും ഭാര്യയും രണ്ട് കുട്ടികളും അടങ്ങുന്ന കുടുംബത്തെ ഉപേക്ഷിക്കാനോ നാട്ടിലേക്ക് തിരികെ വരാനോ തയ്യാറായില്ല നവാസ്…

എന്നിട്ടും അവൻ തിരികെ മടങ്ങിവരുമെന്ന പ്രതീക്ഷയോടെ അവൻ്റെ വീട്ടിൽ തന്നെ താമസിച്ചിരുന്ന ഷെമീനയെ പറ്റെ തകർത്തുകൊണ്ട് ഇനിയൊരു മടക്കം നാട്ടിലേക്ക് ഇല്ലെന്നും ഷെമീനയെ എന്നേക്കുമായ് ഉപേക്ഷിക്കുകയാണെന്ന തീരുമാനവുമായ് നവാസിൻ്റെ കോളവരെ തേടി വന്നു… തുടർന്നുള്ള കാര്യങ്ങളും മുറപോലെ നടന്നതും മൂന്നു വർഷം നീണ്ട നവാസിൻ്റെ ഭാര്യാപദവി ഷെമീനയ്ക്ക് നഷ്‌ടമായ്…

“നിനക്കിത് എന്തിൻ്റെ കേടാണ് എൻ്റെ ഷെമീ…
ഒരു തെറ്റും ചെയ്യാഞ്ഞിട്ടും ഈ വീട്ടിലെ മകൻ്റെ ഭാര്യയായതുകൊണ്ടു മാത്രം കഴിഞ്ഞ രണ്ടു മൂന്നു വർഷങ്ങൾ കണ്ണീരുമാത്രം തുണയായവളാണ് നീ… ഇനിയും ഈ വീടിൻ്റെ മരുമകളാവണോ നിനക്ക്…?
അതും ഇത്ര നാൾ നീ അനിയനായ് കണ്ടൊരുവൻ്റെ ഭാര്യാ പദവി വേണോ നിനക്ക്…?

ഷെമിയുടെ താത്ത അവളെ തനിച്ചു മാറ്റി നിർത്തി ചോദിച്ചതും താത്തയെ നോക്കി ഒന്നു ചിരിക്കുക മാത്രം ചെയ്തു ഷെമീന..

കഴിഞ്ഞു പോയ രണ്ടുമൂന്നു വർഷങ്ങൾ താൻ സങ്കടക്കടൽ ഒറ്റയ്ക്ക് തുഴയുമ്പോൾ ഒരു വാക്ക് കൊണ്ടുപോലും തന്നെ ആശ്വസിപ്പിക്കുകയോ തന്നെ തിരക്കി വരുകയോ ചെയ്യാത്തവളാണിപ്പോൾ തന്നെ ഉപദേശിക്കാൻ വന്നിരിയ്ക്കുന്നത്…

“നീ നമ്മുടെ വീട്ടിലേക്ക് തിരികെ വാ ഷെമീ… നിനക്ക് പറ്റിയ ഒരാളെ നമ്മുടെ ഉപ്പച്ചി കൊണ്ടുവരും … മാത്രമല്ല നിനക്കും കുഞ്ഞിനും ജീവിക്കാൻ വേണ്ടത് എന്താണെങ്കിലും അതിനി പൊന്നോ പണമോ എന്താണെങ്കിലും നമ്മൾ ചോദിയ്ക്കുന്നത് തരും ഇവിടെ ഉള്ളവർ… ഇവിടെ ഈ കാണുന്നതെല്ലാം നവാസിൻ്റെ പൈസ ആണെന്ന് ഈ നാട്ടിലെ ഏതൊരാൾക്കും അറിയാം… നല്ലൊരു പങ്ക് നിനക്കും കിട്ടും…നീ വീട്ടിലേക്ക് വാ…”

ആർത്തിയുടെ തിളക്കമുള്ള സ്വന്തം കൂടപ്പിറപ്പിൻ്റെ കണ്ണുകളിലേക്ക് വെറുതെ നോക്കി ഇരുന്നതല്ലാതെ ഒന്നും മറുപടി പറഞ്ഞില്ല ഷെമി അവളോട്…

ഒടുവിൽ നീ ഇനിയും അനുഭവിയ്ക്കും എന്നൊരു ശാപ വാക്കോടെ താത്ത ഇറങ്ങി പോയപ്പോൾ കണ്ണീരോടെ ചിരിച്ചവൾ…

സ്വന്തം വീട്ടിലേക്ക് തിരികെ മടങ്ങിയാൽ തൻ്റെ ജീവിതം കൂടപ്പിറപ്പും വീട്ടുക്കാരും പണത്തിന് തൂക്കി വിൽക്കുമെന്നവളെക്കാൾ മറ്റാരറിയാൻ… ആ ഭയമാണവളെ ഇവിടെ തന്നെ പിടിച്ചു നിർത്തുന്നതും…

“ഉപ്പാ… നാടും നാട്ടുക്കാരുമൊന്നും അറിഞ്ഞു കൊണ്ടുള്ള വലിയൊരു നിക്കാഹിനൊന്നും എനിയ്ക്ക് താല്പര്യമില്ല… ചെറുതായിട്ടു മതി…”

വലിയ രീതിയിലൊരു നിക്കാഹ് നടത്താനാണ് നജീമിൻ്റെ ഉപ്പയുടെ ശ്രമമെന്നറിത്തതിനെ തടഞ്ഞ് ഇഷ മോളെയും എടുത്ത് സ്വന്തം മുറിയിലേക്ക് ഷെമീന നടന്നതും അവളുടെ വഴിതടഞ്ഞു വന്നു നിന്ന് നജിം…

“എന്നോടുള്ള ദേഷ്യം കൊണ്ടാണ് നീയെന്നെ വിവാഹം കഴിക്കാൻ തീരുമാനിച്ചതെന്ന് എനിയ്ക്കറിയാം ഷെമീ…”

തന്നെ നോക്കാതെ നിലത്തു നോക്കി നിൽക്കുന്നവളുടെ താടി വലം കയ്യിൻ്റെ ചൂണ്ടുവിരൽ കൊണ്ടുയർത്തി നജിം പറഞ്ഞതും യാതൊരു ഭാവമാറ്റവും മുഖത്ത് വരുത്താതെ അവനെ അലസം നോക്കിയവൾ

“നിൻ്റെ ഏട്ടന് ഗൾഫിൽ ഭാര്യയും മക്കളും ഉണ്ടെന്ന് ഇവിടെ ഉള്ളവർ അറിയും മുമ്പേ അറിഞ്ഞവനാണ് നജിം നീ… ആ അറിവ് നിനക്കുള്ളതു കൊണ്ടാണ് നീ ഒന്നിലധികം തവണ എന്നോട് പ്രണയാഭ്യർത്ഥന നടത്തിയത്… എന്നെ വേണ്ടാത്ത നിൻ്റെ ഏട്ടനു വേണ്ടി കരഞ്ഞ് കണ്ണിരു കുടിച്ചിരിക്കുന്നതിനെക്കാൾ ഞാനിഷ്ടപ്പെടുന്നത് എന്നെ ആഗ്രഹിക്കുന്നൊരുവൻ്റെ ഭാര്യ ആയി ഇരിക്കാനാണ്… ഒരു ജീവിതമല്ലേ ഉള്ളു നമുക്ക്… അത് പ്രാക്ടിക്കലായ് ജീവിച്ചു തീർക്കാനാണ് എൻ്റെ തീരുമാനം.. അതിലുപരി ഈ വീടിനോളം സുരക്ഷ മറ്റൊരിടത്ത് എൻ്റെ മോൾക്ക് കിട്ടില്ല… അല്ലാതെ ആരോടും ദേഷ്യവും ഇല്ല എനിയ്ക്ക് വെറുപ്പും ഇല്ല….”

നജീമിനെ നോക്കി പറഞ്ഞ് മുറിയിലേക്ക് നടക്കുമ്പോൾ ഉള്ളിൽ ദേഷ്യമുണ്ടായിരുന്നു ഷെമീനയ്ക്ക് … പകയും ഉണ്ടായിരുന്നു.. അതു പക്ഷെ നജീമിനോടല്ല… നവാസിനോടായിരുന്നു..

മറ്റൊരു ഭാര്യയും കുഞ്ഞുങ്ങളും ഉണ്ടായിരുന്നിട്ടും തന്നെ നിക്കാഹ് കഴിച്ചതിൻ്റെ ദേഷ്യം.. മറ്റൊരുവൾക്ക് അവകാശപെട്ട ശരീരമായിട്ടും ആ ശരീരം കൊണ്ട് തന്നെ സ്പർശിച്ചതിൻ്റെ വെറുപ്പ്.. ഇതിനെല്ലാം അപ്പുറം എന്നെങ്കിലും ഒരിക്കൽ ഈ വീട്ടിലേക്കയാൾ മടങ്ങിവരുമ്പോൾ കാണണം തന്നെ അയാളുടെ അനിയൻ്റെ ഭാര്യയായ്… സ്വന്തം കുഞ്ഞ് അനിയനെ ഉപ്പ എന്ന് വിളിക്കുന്നത് കേട്ട് നീറണം ആ ഉള്ള്…

ചതിക്കപ്പെട്ടിട്ടും പ്രതികരിക്കാൻ കഴിയാത്ത അവളുടെ നിസ്സഹായ അവസ്ഥ ആശ്വാസം കൊണ്ടത് അങ്ങനെയൊക്കെ ആണെന്നത് അവൾക്ക് മാത്രം അറിയുന്നൊരു രഹസ്യമായിരിക്കട്ടെ എന്നും…

✍️RJ

Leave a Reply

Your email address will not be published. Required fields are marked *