ഈ മാസത്തെ ശമ്പളം കിട്ടുമ്പോ എനിക്കൊരു 500 രൂപ തരോ.
ഭർത്താവിന് മുന്നിൽ അപേക്ഷയോടെ നിന്നു ശാരി.
നിനക്കിപ്പോ എന്തിനാ അഞ്ഞൂറ് രൂപ.
സുരേഷ് ചോദിച്ചു.
എനിക്ക് രണ്ട് മാക്സിയും അടിവസ്ത്രവും വാങ്ങണം. എല്ലാം കീറി പിഞ്ഞിയത. ഇനി അതിൽ തുന്നാൻ ഒരു സ്ഥലം ബാക്കിയില്ല.
ശാരി തന്റെ മാക്സിയിലെ കീറൽ ഭർത്താവിനെ കാണിച്ചു.
ഞാൻ നോക്കട്ടെ..
സുരേഷ് പറഞ്ഞു.
ഈ വീട്ടിൽ തന്നെ ഇരിക്കുന്ന നിനക്ക് എന്തിനാ ഇപ്പോ മാക്സി. ഉള്ളതൊക്കെ തുന്നി അങ്ങ് ഇട്ട മതി. നാണം മറഞ്ഞ പോരെ.
അവരുടെ വർത്താനം കേട്ട് വന്ന അമ്മായി അമ്മ പറഞ്ഞു.
അമ്മ കണ്ടില്ലേ അവളെ മാക്സി മൊത്തം കീറി ഇരിക്കണത്.
സുരേഷ് ചോദിച്ചു.
മകൻ അങ്ങനെ പറയുമെന്ന് അവർ വിചാരിച്ചില്ല.
ഇവൾക്ക് ഇപ്പോ ഇതൊക്കെ മതി മോനെ. ഇവള് ഇവിടുന്ന് എങ്ങോട്ടും പോണില്ലല്ലോ. പിന്നെ ഇവൾക്ക് മാക്സി വേണമെന്ന് അത്ര നിർബന്ധം ആണെങ്കിൽ 150 രൂപയ്ക്ക് രണ്ടെണ്ണം സുലോചനയുടെ വീടിനു അടുത്തുള്ള ഇക്കാന്റെ കടയിൽ കിട്ടും. അടിവസ്ത്രത്തിനും അവിടെ വിലകുറവുണ്ട്. നീ പൈസ കിട്ടുമ്പോ എനിക്ക് തന്നേക്ക് ഇവൾക്ക് മാക്സിയും അടിവസ്ത്രവും ഞാൻ വാങ്ങി കൊടുത്തോളം. പിന്നെ ശമ്പളം കിട്ടുമ്പോ വീട്ട് ചിലവിന് പൈസ തരുന്ന കൂട്ടത്തിൽ ആയിരം രൂപ കൂടുതൽ തരണം. ഇവൾക്ക് മാക്സി വാങ്ങാൻ പോകുമ്പോ സുലോചനയ്ക്ക് കൂടി എന്തെങ്കിലും വാങ്ങണം.
വത്സല തഞ്ചത്തിൽ പറഞ്ഞു.
സുരേഷിന്റെ ചേച്ചി ആണ് സുലോചന.
“ആഹ് ശരി..”
അത് പറഞ്ഞ് സുരേഷ് ബൈക്കും എടുത്ത് ജോലിക്കായി പോയി.
ശാരി അമ്മായി അമ്മയെ വിഷമത്തോടെ നോക്കിട്ട് അടുക്കളയിലേക്ക് പോയി.
കഴിഞ്ഞു ആറ് മാസത്തിനു ഇടയ്ക്ക് അവൾ സുരേഷിനോട് പലതവണ തനിക്ക് വസ്ത്രം വാങ്ങാൻ പൈസ ചോദിച്ചപ്പോ അതറിഞ്ഞ അമ്മായി അമ്മ ആ മാസം എന്തെങ്കിലും എക്സ്ട്രാ ചിലവ് പറഞ്ഞ് മകന്റെ കയ്യിൽ നിന്ന് ചിലവിന് കൂടുതൽ പൈസ വാങ്ങുമായിരുന്നു. അത് കാരണം സുരേഷ് അവൾക്ക് പൈസ കൊടുത്തിരുന്നില്ല.
സുരേഷിന്റെ കയ്യിൽ നിന്നും വീട്ട് ചിലവിന് പൈസ വാങ്ങി വയ്ക്കുന്നത് വത്സലയാണ്. അവർ തന്നെയാണ് സാധനം വാങ്ങാൻ പോകുന്നതും.
ശാരി ഒരു പാവപെട്ട വീട്ടിലെ കുട്ടി ആയത് കൊണ്ട് അവൾക്ക് ആ വീട്ടിൽ ഒരു വേലക്കാരിയുടെ സ്ഥാനമേ ഉണ്ടായിരുന്നുള്ളൂ.
പത്താം ക്ലാസ്സ് വിദ്യാഭ്യാസമേ അവൾക്ക് ഉണ്ടായിരുന്നുള്ളൂ.
അതുകൊണ്ട് അവളെ ജോലിക്ക് വിടണ്ട എന്നത് വത്സലയുടെ തീരുമാനം ആയിരുന്നു.
വലിയ സാമ്പത്തിക ഭദ്രത ഒന്നും ഇല്ലെങ്കിലും സുരേഷിന് സ്വന്തമായി വീടും ബൈക്കും ഉണ്ട്. അമ്മയുടെ പേരിലാണ് വീട്. എങ്കിലും പഴയ വീട് പൊളിച്ചു അത് പുതുക്കി പണിതത് സുരേഷ് ആണ്. ഒരു പ്രൈവറ്റ് കമ്പനിയിലാണ് അയാൾക്ക് ജോലി. പ്ലസ് 2 വിദ്യാഭ്യാസമാണ് ഉള്ളത്.
അയാൾ ശാരിയെ കല്യാണം കഴിച്ച് കൊണ്ട് വന്നിട്ട് 2 വർഷം കഴിഞ്ഞു. ഇതുവരെ കുട്ടികൾ ഇല്ല. ഉണ്ടാകുമ്പോ ആവട്ടെ എന്നാണ് അയാൾക്ക്. വത്സലയ്ക്ക് അവർക്ക് കുട്ടി ഇല്ലെങ്കിലും സന്തോഷം എന്ന മട്ടാണ്.
ശാരി തീരെ ദാരിദ്ര്യം നിറഞ്ഞ കുടുംബത്തിലെ കുട്ടിയാണ്. സുരേഷിന് സ്ത്രീധനം ഒന്നും വേണ്ടാത്ത കൊണ്ട് ആണ് ശാരിക്ക് 23 ആം വയസ്സിൽ ആ വീടിന്റെ മരുമകൾ ആവാൻ പറ്റിയത്. അവളുടെ അച്ഛനും അമ്മയ്ക്കും കൂലിപ്പണി ആണ്. വാടക വീടാണ്. അവൾക്ക് താഴെ ഒരു പെൺകുട്ടി കൂടി ഉണ്ട്. അത് ഇച്ചിരി പഠിക്കുന്ന കൂട്ടത്തിൽ ആയത് കൊണ്ട് ഡിഗ്രിക്ക് പോകുന്നുണ്ട്.
കല്യാണം കഴിയുന്ന വരെ ശാരി ടൗണിൽ തുണിക്കടയിൽ സെയിൽസ് ഗേൾ ആയി പോയിരുന്നു. അവൾ ആ ജോലിക്ക് പോകുന്നത് വത്സലയ്ക്ക് ഇഷ്ടം ഇല്ലാത്തത് കൊണ്ട് നിർത്തേണ്ടി വന്നതാണ്.
ഇത്രയും മോശപ്പെട്ട അവസ്ഥയിൽ നിന്ന് വന്നത് കൊണ്ട് ശാരിക്ക് അമ്മായി അമ്മയെ എതിർക്കാൻ തന്നെ പേടിയാണ്. പക്ഷെ തുണിക്കടയിൽ ജോലിക്ക് പോകുന്നത് കൊണ്ട് താൻ ഇടുന്ന വസ്ത്രം കീരിപിഞ്ചു പോയ ശമ്പളം കിട്ടുമ്പോ അവൾ പുതിയത് എടുക്കുമായിരുന്നു.
അതുകൊണ്ട് ഇത്രയും ദയനീയ അവസ്ഥയിൽ അവൾക്ക് വസ്ത്രങ്ങൾ ഇട്ട് നടക്കേണ്ടി വന്നിട്ടില്ല.
സുരേഷിന് സുലോചനയെ കെട്ടിച്ചു വിട്ട ബാധ്യത തീർക്കാൻ ഉള്ളത് കൊണ്ട് സ്വന്തം ചിലവും വീട്ട് ചിലവിനും എടുത്തിട്ട് ബാക്കി ഉള്ള തുക അവൻ ലോൺ അടവിൽ അടയ്ക്കും.
അവന്റെ ബുദ്ധിമുട്ട് അറിയാവുന്ന കൊണ്ട് പരമാവധി ഒന്നും ചോദിക്കില്ല ശാരി അവനോട്.
ഇതേസമയം വത്സല മകനിൽ നിന്നും വീട്ടു ചെലവിന് വാങ്ങുന്ന തുകയിൽ കുറച്ചെടുത്തു പൈസ കയ്യിൽ തന്നെ വെക്കും. ബാക്കിയുള്ള കാശിന് വളരെ പിശുക്കി പിശുക്കിയാണ് അവർ വീട്ടിലെ കാര്യങ്ങൾ ഒപ്പിക്കുന്നത്. അത് കണ്ടറിഞ്ഞു ആണ് ശാരി സാധനങ്ങൾ ചിലവാക്കുന്നത്.
ശമ്പളം കിട്ടിയപ്പോ സുരേഷ് ശാരിക്ക് വസ്ത്രങ്ങൾ വാങ്ങാനുള്ള പൈസ അമ്മയുടെ കയ്യിൽ ഏല്പിച്ചു. ആ പൈസ തന്റെ കയ്യിൽ തന്നെ തരണം എന്ന് പറയാനുള്ള ധൈര്യം അവൾക്ക് ഇല്ലായിരുന്നു.
വത്സല പൈസ കിട്ടിയപ്പോ സുലോചനയുടെ വീട്ടിലേക്ക് പോയി. എന്നിട്ട് മകൾക്ക് പുതിയ ഡ്രസ്സ് വാങ്ങാൻ കാശ് കൊടുത്തിട്ട് അവളുടെ പഴയ മാക്സിയും അടിവസ്ത്രങ്ങളുമൊക്കെ പൊതിഞ്ഞു കെട്ടി ശാരിക്ക് കൊണ്ട് വന്ന് കൊടുത്തു.
അത് കണ്ട് ശാരിക്ക് നല്ല സങ്കടം വന്നു. പഴയ മാക്സി ഇടാൻ അവൾക്ക് സങ്കടമില്ല. സന്തോഷമേയുള്ളു. പക്ഷെ തനിക്ക് തീരെ പാകമാവാത്ത നാത്തൂന്റെ പഴയ അടിവസ്ത്രങ്ങൾ തുന്നി ഇട്ടോളാൻ അമ്മായി അമ്മ പറഞ്ഞതാണ് അവളെ വിഷമിപ്പിച്ചത്.
അതിൽ പകുതിയും ഉപയോഗിക്കാൻ കൊള്ളാത്ത അടിവസ്ത്രങ്ങൾ ആണ്. കല്യാണശേഷം പുതിയ വസ്ത്രങ്ങളൊന്നും ഇടാൻ ശാരിക്ക് ഇതുവരെ പറ്റിയിട്ടില്ല. നാത്തൂൻ ഉപയോഗിച്ച് പഴയ ചുരിദാറും മുട്ടുമൊക്കെയാണ് തന്റെ ഷേപ്പിൽ തുന്നി എടുത്ത് അവൾ ഉപയോഗിച്ചിട്ടുള്ളത്.
ഞാൻ പഴയ തുണിക്കടയിൽ ജോലിക്ക് പോകാൻ തീരുമാനിച്ചു. അമ്മയോട് എതിര് പറയരുതെന്ന് ചേട്ടൻ തന്നെ പറയണം…
രാത്രി ജോലി കഴിഞ്ഞു വന്ന ഭർത്താവിനോട് ശാരി പറഞ്ഞു.
നീ ജോലിക്ക് പോണത് അമ്മയ്ക്ക് ഇഷ്ടമല്ലെന്ന് നിനക്കറിയാലോ. പിന്നെന്താ പെട്ടെന്ന് ഇങ്ങനെയൊരു തീരുമാനം.
സുരേഷ് ചോദിച്ചു.
എനിക്ക് പുതിയ മാക്സിയും അടിവസ്ത്രങ്ങളും വാങ്ങാൻ നിങ്ങൾ അമ്മയുടെ കയ്യിൽ പൈസ കൊടുത്തിട്ട് അമ്മ എന്താ ഈ ചെയ്തതെന്ന് നിങ്ങൾ കണ്ടോ. നിങ്ങളുടെ ചേച്ചിയുടെ പഴയ വസ്ത്രങ്ങൾ ആണിത്. എനിക്ക് പാകമാകാത്ത ചേച്ചിയുടെ ഈ വലിയ മാക്സികൾ ഇടുന്നതിൽ എനിക്ക് സങ്കടം ഒന്നുമില്ല. ഇത് പോലും ഇല്ലാതിരുന്ന ഒരു സമയം എനിക്ക് ഉണ്ടായിരുന്നു.
പക്ഷെ ചേച്ചി ഉപയോഗിച്ച് കളയാൻ വച്ച ഈ അടിവസ്ത്രങ്ങൾ ആണ് അമ്മ എനിക്ക് ഇടാൻ കൊണ്ട് തന്നത്. നിങ്ങൾ കഷ്ടപ്പെട്ട് ഉണ്ടാക്കുന്ന കാശ് വെറുതെ വീട്ടിൽ ഇരിക്കുന്ന എനിക്ക് തുണി വാങ്ങി പാഴാക്കി കളയാൻ അമ്മയ്ക്ക് പറ്റില്ലെന്ന് പറഞ്ഞു.
ശാരി പറഞ്ഞ കേട്ട് സുരേഷിന് അവളോട് സഹതാപവും അമ്മയോട് ദേഷ്യവും തോന്നി.
അമ്മയോട് ഇത് ചോദിച്ചിട്ട് തന്നെ കാര്യം നിനക്ക് പുതിയത് വാങ്ങാൻ ആണല്ലോ ഞാൻ അമ്മയ്ക്ക് കാശ് കൊടുത്തത്. പോരാത്തതിന് സുലോചനയ്ക്ക് പുതിയത് വാങ്ങാനും അമ്മ കാശ് വാങ്ങിയതല്ലേ.
സുരേഷ് അമ്മയുടെ അടുത്തേക്ക് പോകാൻ തുടങ്ങി.
വേണ്ട… ഇതിന്റെ പേരിൽ ഒരു വഴക്ക് വേണ്ട ചേട്ടാ. ചേട്ടൻ അമ്മയെ എന്തെങ്കിലും പറഞ്ഞാൽ അമ്മ ആ ദേഷ്യം എന്നോട് ചേർക്കും. എന്നേ ജോലിക്ക് വിട്ടാൽ മതി. എനിക്ക് ഉള്ളതൊക്കെ ഞാൻ വാങ്ങിച്ചോളാം. ഇതുവരെ എന്റെ ജീവിതത്തിൽ എനിക്ക് മറ്റുള്ളവർ ഉപയോഗിച്ചു കളഞ്ഞ അടിവസ്ത്രം ഇടേണ്ടി വന്നിട്ടില്ല ചേട്ടാ. അതുകൊണ്ട് അമ്മ എതിർത്ത എന്റെ കൂടെ നിന്ന് എന്നേ ജോലിക്ക് വിടാൻ സമ്മതിപ്പിക്കണം. എനിക്കൊരു ജോലി ഉണ്ടെങ്കിൽ എനിക്ക് നിങ്ങളുടെ മുന്നിൽ കൈ നീട്ടുണ്ടല്ലോ ചേട്ടാ. തരക്കേടില്ലാത്ത ശമ്പളവും എനിക്ക് കിട്ടും.
അവൾ പറഞ്ഞതാണ് ശരിയെന്നു സുരേഷിനും തോന്നി
അവൻ അവളെ ജോലിക്ക് അയച്ചു.
വത്സല എതിർത്തെങ്കിലും സുരേഷ് അവരോട് വഴക്കിനു നിൽക്കാതെ എങ്ങനെഒക്കെയോ കാര്യം പറഞ്ഞു മനസ്സിലാക്കി.
അതോടെ സമാധാനത്തിൽ ജോലിക്ക് പോകാൻ ശാരിക്ക് പറ്റി. സുരേഷ് തന്നെ മനസ്സിലാക്കി കൂടെ നിന്നതിൽ അവൾ ഒരുപാട് സന്തോഷിച്ചു.
✍️അഞ്ജലി
