വിവാഹത്തോടെ മുടങ്ങിപ്പോയ
പി എസ് സി പഠനം അദ്ദേഹം ഗൾഫിലേയ്ക്ക് പോയതിന് ശേഷമാണ് തുടരുന്നത്
വീട്ടിൽ തനിച്ചിരുന്നിട്ട് ബോറടിക്കുന്നുവെന്നും ഞാൻ പഠിക്കാൻ പൊയ്ക്കോട്ടെ എന്ന് ചോദിച്ചപ്പോഴാണ് പൂർണ്ണമനസ്സോടെ അദ്ദേഹം അതിന് സമ്മതിച്ചത്.
അദ്ദേഹത്തിൻ്റെ വീട്ടിൽ അമ്മയെ കൂടാതെ ഒരു ഇളയമ്മ മാത്രമേ ഉണ്ടായിരുന്നുള്ളൂ എനിക്ക് സംസാരിക്കാനോ, കളിതമാശകൾ പറയാനോ പറ്റിയ ആരും തന്നെ അവിടെ ഉണ്ടായിരുന്നില്ല ,എന്നാൽ എന്റെ തറവാട്ടിൽ അങ്ങനെയല്ല ,അനുജത്തിയും ആങ്ങളയും തൊട്ടടുത്ത് തന്നെ താമസിക്കുന്ന അമ്മാവൻ്റെ മക്കളുമടക്കം നിരവധി പേരുണ്ടായിരുന്നു .
ഒരുമാസത്തെ ഇടവേളയ്ക്കുശേഷം ഞാൻ പിഎസ്സി ക്ലാസ്സിലേക്ക് ചെല്ലുമ്പോൾ എല്ലാവർക്കും എൻ്റെ വിശേഷങ്ങൾ അറിയാനായിരുന്നു താല്പര്യം. പ്രത്യേകിച്ച് ഒന്നും പറയാനില്ലാതിരുന്നുകൊണ്ട് ഞാൻ എല്ലാവരിൽ നിന്നും ഒഴിഞ്ഞു മാറിക്കൊണ്ടിരുന്നു.
എന്നിട്ടും എൻ്റെ മുഖത്തെ മ്ളാനത കണ്ടിട്ടാവണം ശ്രീജയും രമ്യയുമൊക്കെ എന്നോട് ഓരോന്ന് കുത്തി കുത്തി ചോദിച്ചുകൊണ്ടിരുന്നു
ഒരു നവ വധുവിന്റെ മുഖത്ത് ഉണ്ടായിരിക്കേണ്ട പ്രസരിപ്പോ ഉന്മേഷമോ ഒന്നും എന്നിൽ കാണാത്തതുകൊണ്ടാണ് അവരെങ്ങനെ ചോദിച്ചത് ,അതെങ്ങനെ ഉണ്ടാവാനാണ് ?വിവാഹം കഴിഞ്ഞു ആകെ 10 ദിവസം മാത്രമാണ് അദ്ദേഹത്തോടൊപ്പം കഴിഞ്ഞത്
വിവാഹത്തിനായി 30 ദിവസത്തെ ലീവ് ഉണ്ടെന്ന് പറഞ്ഞാണ് വന്നതെങ്കിലും 15 ദിവസം കഴിഞ്ഞപ്പോഴേക്കും ലീവ് ക്യാൻസൽ ചെയ്ത് അദ്ദേഹം തിരിച്ചു ഗൾഫിലേക്ക് മടങ്ങുകയായിരുന്നു.
പത്ത് ദിവസം ഒന്നിച്ച് ഒരു മുറിയിൽ ഉറങ്ങിയെന്നല്ലാതെ ഞങ്ങൾ തമ്മിൽ യാതൊരു ഫിസിക്കൽ റിലേഷനും ഉണ്ടായിരുന്നില്ല
ആദ്യരാത്രിയിൽ ഞാനാകെ മൂഡ് ഔട്ടായിരുന്നു. അത് മനസ്സിലാക്കിയത് കൊണ്ടാണോന്നറിയില്ല, ഉറക്കം വരുന്നെങ്കിൽ കിടന്നോളാൻ അദ്ദേഹം എന്നോട് പറഞ്ഞു ,കേൾക്കേണ്ട താമസം മനസ്സും ശരീരവും ഒരുപോലെ തളർന്നിരുന്ന ഞാൻ പെട്ടെന്ന് തന്നെ കിടന്നുറങ്ങി.
പിറ്റേ ദിവസവും രാത്രിയായപ്പോൾ
അദ്ദേഹം അത് തന്നെ പറഞ്ഞു.
അതോടെ എന്റെ മനസ്സിൽ എന്തോ ഒരു അസ്വാഭാവികത ഫീൽ ചെയ്തു, മൂന്നാം ദിവസം രാത്രി, ഞാൻ അദ്ദേഹത്തോട് ചോദിച്ചു ,നിങ്ങൾക്ക് എന്നോട് എന്തെങ്കിലും വിരക്തി ഉണ്ടോ ?എന്താണെങ്കിലും തുറന്നുപറയു എന്ന് ,
ഹേയ് അങ്ങനെയൊന്നുമില്ല ,എനിക്ക് ഒരു വ്രതമുണ്ട് ,അതുകൊണ്ട് കുറച്ചു ദിവസം നമ്മൾ അകന്നു നിന്നെ മതിയാകു എന്ന്
അതുകേട്ട് ഞാൻ അമ്പരന്നു ,
സാധാരണ സ്ത്രീകൾ വൃതമെടുക്കുന്നുണ്ടെന്നെനിക്കറിയാം
പക്ഷേ പുരുഷന്മാർ എന്തിനാണ് വൃതമെടുക്കുന്നത് ?ഇത് മണ്ഡലകാലമൊന്നുമല്ലല്ലോ ?
ഞാൻ അദ്ദേഹത്തോട് എൻ്റെ
ആകാംക്ഷ പങ്കുവെച്ചു.
അത് പിന്നെ ,ഞാൻ ഹനുമാൻ സ്വാമിയുടെ ഉപാസകനായിരുന്നു ,അവിവാഹിതനായി കഴിയാൻ തന്നെയായിരുന്നു എൻ്റെ തീരുമാനം, പക്ഷേ അമ്മയുടെ നിരന്തരമായ നിർബന്ധം മൂലമാണ് ,ഞാൻ വിവാഹം കഴിച്ചത് ,അതുകൊണ്ട് എൻ്റെ മനസ്സിൽ
ഒരു കുറ്റബോധമുണ്ടായിരുന്നു ,അതിനാൽ ഞാൻ ഹനുമാൻ സ്വാമിയോട് പ്രായശ്ചിത്തം ചെയ്യാൻ തീരുമാനിച്ചു , അതിന് വേണ്ടി ആദ്യരാത്രി ആഘോഷിക്കുന്നതിന് മുമ്പ്
ഒരു മാസത്തെ കഠിനവൃതമെടുത്താൽ മതിയെന്ന് കളരിയിലെ ആശാനാണ് എന്നോട് പറഞ്ഞത് . എൻ്റെ മനസ്സിലെ കുറ്റബോധം മാറാൻ വൈഷ്ണവി എന്നോട് സഹകരിക്കില്ലേ?
അത് കേട്ട് എനിക്ക് ആശ്ചര്യം തോന്നിയെങ്കിലും അത് ശരിയായിരിക്കുമെന്ന് ഞാൻ വിശ്വസിച്ചു.
അങ്ങനെ ഞാൻ നിലത്തും, അദ്ദേഹം കട്ടിലിലുമായി 9 ദിവസങ്ങൾ കഴിച്ച് കൂട്ടി, പത്താം ദിവസം വൈകുന്നേരമായപ്പോഴാണ്
പിറ്റേന്നത്തെ മോർണിംഗ് ഫ്ലൈറ്റിന് അദ്ദേഹം ഗൾഫിലേക്ക് തിരിച്ചു പോകുന്നെന്ന് എന്നോട് പറഞ്ഞത് .
ആദ്യം ഒരു അമ്പരപ്പ് തോന്നിയെങ്കിലും പിന്നീട് എനിക്കത് വലിയ ആശ്വാസമായി തോന്നി , കാരണം അതുവരെയുള്ള ദിവസങ്ങൾ ഞാൻ വീർപ്പുമുട്ടിയാണ് അവിടെ കഴിഞ്ഞിരുന്നത്
ദിവസങ്ങൾ കടന്ന് പോയി ,
ഒരു ദിവസം പി എസ് സി പഠനം കഴിഞ്ഞ് വൈകുന്നേരം ഞാൻ വീട്ടിലെത്തുമ്പോൾ ആരോ ഒരാൾ അമ്മയോടൊപ്പം സംസാരിച്ചുകൊണ്ടിരിക്കുന്നത് കണ്ടു
പക്ഷേ അയാൾ പുറം തിരിഞ്ഞിരുന്നത് കൊണ്ട് ആളെ എനിയ്ക്ക് മനസ്സിലായില്ല .
ങ്ഹാ മോളേ ഇത് രാജീവ് ,
ഡാ രാജീവേ നീ ചോദിച്ചില്ലേ
ദീപുവിൻ്റെ പെണ്ണെവിടേയെന്ന് ?
ഇതാണ് വൈഷ്ണവി , മോളേ
ദീപുവിൻ്റെ അമ്മായിയുടെ മകനാണ് രാജീവ്, ആള് നാട്ടിലില്ലായിരുന്നു, അതുകൊണ്ടാണ് നിങ്ങളുടെ കല്യാണത്തിന് വരാതിരുന്നത്.
അമ്മയത് പറഞ്ഞപ്പോൾ ,അയാളെന്നെ വെട്ടിതിരിഞ്ഞു നോക്കി, ഒരു നിമിഷം എൻ്റെ തലച്ചോറിനുള്ളിലേക്ക് ഒരു കടന്നൽകൂട്ടം ഇരമ്പിയാർത്ത് കയറിപ്പോയത് പോലെ എനിയ്ക്ക് തോന്നി.
രാജീവ്,,, ,
എൻ്റെ കാലുകൾക്ക് ബലം നഷ്ടപ്പെടുന്നതുപോലെയും ഞാൻ താഴേക്ക് വീണു പോകുന്നതായും എനിയ്ക്ക് തോന്നി.
മോള് രാജീവനുമായി സംസാരിച്ചിരിയ്ക്ക് അമ്മ അപ്പോഴേക്കും ചായ എടുത്തു കൊണ്ടുവരാം
അതും പറഞ്ഞു അമ്മ അകത്തേക്ക് പോയപ്പോൾ വീണു പോകാതിരിക്കാൻ ഞാൻ അടുത്തുള്ള സെറ്റിയിൽ പിടിച്ചുനിന്നു
വൈഷ്ണവി എന്നെ ഇവിടെ തീരെ പ്രതീക്ഷിച്ചില്ല അല്ലേ?
രാജീവത് ചോദിച്ചപ്പോൾ മറുപടി പറയാതെ ഞാൻ താഴേക്ക് നോക്കി നിന്നു ,എൻ്റെ കണ്ണുകളിൽ,അടരാൻ വെമ്പുന്ന കണങ്ങൾ ഉരുണ്ടുകൂടുന്നുണ്ടെന്ന് ഞാൻ അറിഞ്ഞു .
എനിക്ക് വൈഷ്ണവിയോട് കുറച്ചു സംസാരിക്കാനുണ്ട് , ഇപ്പോഴല്ല ,
നാളെ പിഎസ് സ്സി ക്ലാസിനു
പോകുമ്പോൾ മതി ,ഞാൻ ടൗണിലെ ബസ്സ്റ്റോപ്പിലുണ്ടാകും ,ഇപ്പോൾ നീയാകെ അപ്സെപ്റ്റാണെന്നറിയാം,
തത്കാലം വൈഷ്ണവി അകത്തു പോയി വിശ്രമിച്ചോളു , അപ്പച്ചിയോട് പറഞ്ഞിട്ട് ഞാനുടനെ പോകും
അത് കേൾക്കേണ്ട താമസം ഞാൻ പെട്ടെന്ന് തന്നെ എന്റെ മുറിയിലേക്ക് പോയി കതകടച്ചു കുറ്റിയിട്ടിട്ട് കട്ടിലിലേയ്ക്ക് വീണ് തേങ്ങി കരഞ്ഞു.
അന്നു രാത്രി ഞാൻ തീരെ ഉറങ്ങിയില്ല
അതി രാവിലെയെഴുന്നേറ്റ് വീട്ടിലെ ജോലികളൊക്കെ തീർത്ത് ,ഞാൻ
വേഗം പിഎസ്സി ക്ലാസിന് പോകാൻ ഒരുങ്ങിയിറങ്ങി ,രാജീവ് പറഞ്ഞ ബസ്റ്റോപ്പിലിറങ്ങുമ്പോൾ എന്റെ നെഞ്ചിടിപ്പ് പതിന്മടങ്ങ് വർദ്ധിച്ചിരുന്നു
ഒരു ബൈക്കിന് മുകളിൽ എന്നെ നോക്കിയിരിക്കുന്ന രാജീവിന്റെ അടുത്തേയ്ക്ക് ഞാൻ നടന്ന് ചെന്നു.
നീ പുറകിലേക്ക് കയറ് നമുക്ക് എവിടെയെങ്കിലും പോയിരുന്ന് സ്വസ്ഥമായി സംസാരിക്കാം
രാജീവ്, നീ കരുതുന്ന പോലെ ഞാൻ ആ പഴയ വൈഷ്ണവി അല്ല , ഇന്ന് ഞാൻ മറ്റൊരാളുടെ ഭാര്യയാണ്
അപ്രതീക്ഷിതമായി ഞാൻ പറഞ്ഞത് കേട്ട് രാജീവിന്റെ മുഖം മ്ലാനമായി
ഒക്കെ എനിക്കറിയാവുന്നതല്ലേ വൈഷ്ണവി ? ഒരു പ്രാവശ്യം കൂടി നീ എൻ്റെ ബൈക്കിനു പുറകിൽ കയറു , എനിക്ക് പറയാനുള്ളതൊക്കെ കേട്ടതിനു ശേഷം നിനക്ക് എന്തും തീരുമാനിക്കാം
അപ്പോഴേക്കും ആൾക്കാരൊക്കെ ശ്രദ്ധിക്കാൻ തുടങ്ങിയത് കണ്ട് ഞാൻ പെട്ടെന്ന് അവൻ്റെ ബൈക്കിനു പിന്നിൽ കയറി.
കുറച്ചകലെയുള്ള ആളൊഴിഞ്ഞ ഒരു പാടത്തിൻ്റെ അരികിലേയ്ക്കാണ് അവനെന്നെ കൊണ്ടുപോയത്.
ബൈക്ക് നിർത്തിയ ഉടനെ ഞാൻ ചാടി ഇറങ്ങി ചോദ്യം ഭാവത്തോടെ അവനെ നോക്കി,പെട്ടെന്ന് അവൻ മൊബൈൽ എടുത്ത് ആരെയോ വിളിച്ചു
അവൻ വിളിച്ചത് വീഡിയോ കോളായിരുന്നു, ആകാംക്ഷയോടെ നിന്ന എന്റെ നേരെ അവൻ ഫോണിൻ്റെ സ്ക്രീൻ തിരിച്ചു കാണിച്ചു ,അപ്പോഴേക്കും സ്ക്രീനിൽ തെളിഞ്ഞു വന്ന രൂപം കണ്ട് ഞാൻ ഇടി
വെട്ടേറ്റതുപോലെ നിന്നു.
എൻ്റെ ഭർത്താവ് ദീപു ആയിരുന്നത്
എന്താ വൈഷ്ണവി പേടിച്ചു പോയോ ?പേടിക്കേണ്ട ,നമ്മുടെ കല്യാണത്തിന്റെ തലേന്നാണ് രാജീവ് എന്നെ വിളിയ്ക്കുന്നത് വിവാഹം ക്ഷണിക്കാനായി നമ്മുടെ രണ്ടുപേരുടെയും പടമുള്ള വെഡിങ് കാർഡ് ഞാൻ അവന് അയച്ചു കൊടുത്തപ്പോഴാണ് ഞാൻ വിവാഹം കഴിക്കാൻ പോകുന്ന പെൺകുട്ടി നീയാണെന്ന് അവനറിയുന്നത്
രണ്ടുകൊല്ലം മുമ്പ് നിങ്ങൾ തമ്മിലുണ്ടായിരുന്ന റിലേഷനെക്കുറിച്ചും അവൻ ഗൾഫിൽ പോയി തിരിച്ചു വന്നിട്ട് നിൻ്റെ അച്ഛനോട് പെണ്ണ് ചോദിക്കുന്നതിനെക്കുറിച്ചുമൊക്കെ
അവൻ എന്നോട് വിശദമായി പറഞ്ഞിരുന്നു.
അമ്മായിയുടെ മോനാണെങ്കിലും രാജീവുമായി എനിക്ക് എത്ര അടുപ്പമുണ്ടായിരുന്നില്ല കാരണം അച്ഛനുമായി പിണങ്ങിയ അമ്മാവനും അമ്മായിയും, കുറെ നാളുകൾ ഞങ്ങളുമായി അടുപ്പമൊന്നുമില്ലാതിരിക്കുകയായിരുന്നു
അതുകൊണ്ടുതന്നെ ഞാനും രാജീവുമായി കാണുന്നതുതന്നെ വളരെ അപൂർവമായിരുന്നു. എങ്കിലും അച്ഛനും അമ്മായിയും തമ്മിലുള്ള പിണക്കമൊന്നും ഞങ്ങൾ മക്കൾക്കിടയിൽ ഉണ്ടായിരുന്നില്ല അങ്ങനെയിരിക്കയാണ് രാജീവ് ഗൾഫിൽ പോയെന്ന് ഞാനറിയുന്നത് ,അന്ന് നിനക്ക് വാക്ക് തന്നിട്ട് ഗൾഫിലേയ്ക്ക് പോയ
രാജീവ് , അവിടെയുണ്ടായ ഒരു തെറ്റിദ്ധാരണയുടെ പേരിൽ
ഒരു കേസിൽ പെട്ട് കുറച്ചുനാൾ അകത്തുകിടക്കേണ്ടി വന്നു , പിന്നീട് അവിടുത്തെ മലയാളി സംഘടനകൾ ഇടപെട്ടാണ് അവനെ കേസിൽ നിന്നും ഊരിയെടുത്തത് ,അങ്ങനെ ഒരു സുഹൃത്തിൻ്റെയൊപ്പം റൂമിൽ കഴിയുന്ന സമയത്താണ്, അവൻ എന്നെ വിളിക്കുന്നതും , ഞാൻ ജോലി ചെയ്യുന്ന കമ്പനിയിൽ എന്തെങ്കിലും ചാൻസ് ഉണ്ടോ എന്ന് ചോദിക്കുന്നതും ,,അപ്പോഴാണ് അവൻ ജയിലിലായ സംഭവമൊക്കെ ഞാൻ അറിയുന്നത് ,ആ സമയത്ത് നമ്മുടെ വിവാഹം ഉറപ്പിച്ചിരുന്നു, അങ്ങനെയാണ് ഞാനവനോട് കല്യാണം കാര്യം പറയുകയും നമ്മുടെ വെഡിങ് കാർഡിൻ്റെ ഫോട്ടോ വാട്സാപ്പിൽ അവനയച്ചു കൊടുക്കുകയും ചെയ്തത് ,നിൻ്റെ ഫോട്ടോ കണ്ട് തിരിച്ചറിഞ്ഞാണ് അവൻ എന്നോട് നിങ്ങളുടെ പഴയ റിലേഷനെ കുറിച്ച് പറയുന്നത് ,പക്ഷേ അപ്പോഴേക്കും ഒരുപാട് വൈകിപ്പോയിരുന്നു ,വിവാഹത്തലേന്ന് രാജീവ് എന്നോടീ കാര്യം പറയുമ്പോൾ അമ്മയുൾപ്പെടെ എല്ലാവരും വിവാഹത്തിനുള്ള ഒരുക്കത്തിലായിരുന്നു അത് കൊണ്ട് ഞാനവനോട് തത്കാലം വിവാഹം നടക്കട്ടെയെന്നും പിന്നീട് എന്തെങ്കിലും തീരുമാനമുണ്ടാക്കാമെന്നും ഞാൻ പറയുകയായിരുന്നു.സത്യത്തിൽ ആദ്യരാത്രി മുതൽ ഞാൻ ഗൾഫിലേക്ക് തിരിച്ചു വരുന്ന ഓരോ രാത്രികളും നിന്നിൽ നിന്നും അകന്നുനിൽക്കാൻ വേണ്ടിയായിരുന്നു വെറുതെ വ്രതമെന്ന പേരിൽ ,നിന്നോട് ഞാൻ കളവു പറഞ്ഞതും അഭിനയിച്ചതും, മനസ്സറിഞ്ഞ് സ്നേഹിച്ചവർ തമ്മിൽ വേണം എപ്പോഴും ഒരുമിക്കാൻ ഇതിനിടയിൽ അറിയാതെ ഞാൻ വന്നു പെട്ടു പോയതാണ് ,ഇനി മുതൽ നിങ്ങളൊരുമിച്ചു വേണം ജീവിക്കാൻ , പക്ഷേ ഇക്കാര്യം നമ്മുടെ വീട്ടുകാർ ഒരിക്കലും സമ്മതിച്ചു തരില്ല ,അതുകൊണ്ട് നിങ്ങൾ ഒരു കടുംകൈ ചെയ്യേണ്ടി വരും , രണ്ട് പേരും കൂടി എങ്ങോട്ടെങ്കിലും ഒളിച്ചോടി പൊയ്ക്കോളു ,സംഗതി നാട്ടിൽ അറിയുമ്പോൾ എനിക്കത് വലിയ നാണക്കേട് ആയിരിക്കാം, പക്ഷേ ഒന്നാകാൻ ശ്രമിച്ചവരെ കൂട്ടിയോജിപ്പിച്ചെന്നുള്ള ചാരിതാർത്ഥ്യം എൻ്റെ മനസ്സിൽ എപ്പോഴുമുണ്ടാവുമല്ലോ ? എനിയ്ക്കത് മതി ,എന്നാൽ പിന്നെ രണ്ടുപേർക്കും നല്ലൊരു ജീവിതം ആശംസിക്കുന്നു,എന്നെങ്കിലും എവിടെയെങ്കിലും വെച്ച് കാണാം ഓക്കേ
അതും പറഞ്ഞ് ദീപുവേട്ടൻ ഫോൺ കട്ട് ചെയ്യാൻ ഒരുങ്ങിയപ്പോൾ ഞാൻ പെട്ടെന്ന് തടഞ്ഞു.
ഒന്ന് നിർത്തുന്നുണ്ടോ ദീപുവേട്ടാ,
ഇതെന്താ കുട്ടിക്കളി ആണോ ?
വിവാഹമെന്നു പറയുന്നത് ഇത്ര നിസ്സാരമായിട്ടാണോ നിങ്ങൾ കണ്ടത് ?നാലാൾ കാൺകെ ,ദൈവത്തെ സാക്ഷിയാക്കി, നിങ്ങളെന്റെ കഴുത്തിൽ ചാർത്തിത്തന്ന താലിയാണ് ,ഈ കിടക്കുന്നത് .ഇത് എൻ്റെ കഴുത്തിൽ കിടക്കാൻ തുടങ്ങിയപ്പോൾ മുതൽ ,നിങ്ങൾ മാത്രമായിരുന്നു എൻ്റെ മനസ്സിൽ, ഈ ലോകത്ത് പ്രണയിക്കാത്ത ഒരാണോ പെണ്ണോ ഉണ്ടാകില്ല, നിങ്ങളും പ്രണയിച്ചിട്ടുണ്ടാവില്ലേ ദീപുവേട്ടാ .
അതൊരു തെറ്റാണോ? വിവാഹം കഴിച്ചതിന് ശേഷം, തൻ്റെ ഭാര്യയ്ക്ക് പണ്ടൊരു പ്രണയമുണ്ടായിരുന്നുവെന്നറിയുമ്പോൾ സ്വന്തം ഭാര്യയെ കാമുകന് വിട്ടുകൊടുക്കുന്നതാണോ
വലിയ വീരത്വം? അതിന് മുമ്പ്
അവളോടൊരു വാക്ക് ചോദിക്കണ്ടേ ദീപുവേട്ടാ ,,?അവളുടെ മനസ്സിൽ ഭർത്താവാണോ അതോ മുൻകാമുകനാണോന്നറിയാനെങ്കിലും ശ്രമിക്കാമായിരുന്നില്ലേ?നിങ്ങൾക്ക് എന്നെ വേണ്ടെങ്കിൽ ഉപേക്ഷിക്കാം പക്ഷേ ഞാൻ മുൻ കാമുകനോടൊപ്പം ജീവിക്കണമോയെന്ന് തീരുമാനിക്കേണ്ടത് നിങ്ങളോ ഇയാളോ അല്ല അത് ഞാൻ തന്നെയാണ് രാജീവ് വിളിച്ചപ്പോൾ ഞാൻ ഇറങ്ങിച്ചെന്നത് ഇയാളോടൊപ്പം ജീവിക്കാൻ വേണ്ടിയല്ല, രാജീവിന്റെ മനസ്സിൽ പഴയ കാര്യങ്ങളെന്തെങ്കിലുമുണ്ടെങ്കിൽ അത് മറന്ന് കളയണമെന്ന് പറയാൻ വേണ്ടിയായിരുന്നു, അല്ലാതെ അയാളോടൊപ്പം ജീവിക്കാൻ വേണ്ടി ആയിരുന്നില്ല , ശരി ദീപുവേട്ടാ ഞാൻ തത്കാലം എൻ്റെ വീട്ടിലേയ്ക്ക് പോകുവാണ് നിങ്ങൾക്കെന്നെ വേണമെങ്കിൽ ലീവെടുത്ത് നാട്ടിൽ വന്നിട്ട് വിളിച്ചാൽ മതി അല്ലെങ്കിൽ അവിടെ നിന്ന് കൊണ്ട് ഡിവോഴ്സിനുള്ള കാര്യങ്ങൾ നീക്കിക്കോളു, ഞാനൊപ്പിട്ട് തരാം
ദീപു വേട്ടനോട് അത്രയും പറഞ്ഞിട്ട് ഞാൻ ബസ്റ്റോപ്പിലേക്ക് നടന്നു
അന്ന് വൈകുന്നേരം എൻ്റെ ഫോണിലേക്ക് അദ്ദേഹത്തിൻറെ കോൾ വന്നു ,രണ്ട് ദിവസത്തിനുള്ളിൽ അദ്ദേഹം നാട്ടിലേക്ക് വരുമെന്നും, എന്നെ കൂട്ടിക്കൊണ്ടു പോകാമെന്നും പറഞ്ഞപ്പോൾ അതുവരെ എൻ്റെ മനസ്സിലുണ്ടായിരുന്ന എല്ലാ കാർമേഘങ്ങളും പെയ്തൊഴിഞ്ഞു പോയിരുന്നു.
NB:- ഇഷ്ടായോ? dear ones,,
✍️തൈപ്പറമ്പൻ .
