നാല്പത് കഴിഞ്ഞ പെണ്ണിനെ കെട്ടിക്കൊണ്ടുവന്നാൽ ഇങ്ങനെയായിരിക്കും… എന്നും വേദന, എന്നും മരുന്ന്, ചേട്ടന് ഇനി അടുക്കളപ്പണി ചെയ്ത് നല്ലൊരു പാചകക്കാരനാകാം…..

“നാല്പത് കഴിഞ്ഞ പെണ്ണിനെ കെട്ടിക്കൊണ്ടുവന്നാൽ ഇങ്ങനെയായിരിക്കും… എന്നും വേദന, എന്നും മരുന്ന്, ചേട്ടന് ഇനി അടുക്കളപ്പണി ചെയ്ത് നല്ലൊരു പാചകക്കാരനാകാം.”

അടുക്കളയിലായിരുന്ന ഭർത്താവിനോട് വീഡിയോ കോളിൽ സംസാരിക്കുകയായിരുന്ന നാത്തൂന്റെ പരിഹാസം കലർന്ന ശബ്ദം ബെഡ്‌റൂമിൽ എനിക്ക് കേൾക്കാമായിരുന്നു.

ഭർത്താവ് അവളുടെ വാക്കുകൾക്ക് എന്താണ് മറുപടി പറഞ്ഞതെന്ന് എനിക്ക് കേൾക്കാൻ കഴിഞ്ഞില്ല.

പക്ഷേ, അവൾ പറഞ്ഞ ഓരോ വാക്കും ചൂണ്ടക്കൊളുത്തുപോലെ കാതുകളിൽ നിന്ന് ഹൃദയത്തെ വലിച്ചു.

ഞാൻ പതുക്കെ കിടക്കയിൽ തിരിഞ്ഞുകിടന്നു. ജനലിലൂടെ പുറത്തേക്ക് നോക്കി. നീലാകാശത്ത് അപ്പോഴും വെയിൽ ഉരുകിവീഴുന്നുണ്ടായിരുന്നു.

അല്ലെങ്കിലും, എപ്പോഴാണ് എന്റെ ജീവിതം പൊള്ളാതിരുന്നിട്ടുള്ളത്?

കണ്ണടച്ച് തുറക്കുമ്പോഴേക്കും ഓർമ്മകളുടെ തീവണ്ടി എന്നെ വർഷങ്ങൾക്കപ്പുറത്തേക്ക്, മോനമ്മച്ചേച്ചിയുടെ വീട്ടുമുറ്റത്ത് കൊണ്ടെത്തിച്ചു.

മുറ്റത്ത് പനിനീർചാമ്പ നിറയെ പൂത്തുനിൽക്കുന്നു.

വീടിന്റെ വീതി കുറഞ്ഞ വരാന്തയിലെ ചാരുകസേരയിൽ ചേച്ചി ചാരിക്കിടപ്പുണ്ട്. ആകാശത്തേക്ക് നോക്കി എന്തോ സ്വപ്നം കാണുന്നതുപോലെ. കയ്യിലൊരു പുസ്തകവുമുണ്ട്. പരീക്ഷയ്ക്കുള്ളത് ആവർത്തിച്ചുരുവിട്ട് മനഃപാഠമാക്കുകയാണ്.

മുറ്റത്തെ പനിനീർചാമ്പ പൂത്തതോ, പേരമരത്തിൽ പേരയ്ക്കകൾ പഴുത്തതോ ഒന്നും ചേച്ചി അറിഞ്ഞിട്ടില്ലെന്ന് തോന്നി.

അല്ലെങ്കിൽ, ചേച്ചി ഒരു സ്വപ്നത്തിന്റെ കയറ്റം കയറുന്ന കഠിനശ്രമത്തിൽ അതൊന്നും ശ്രദ്ധിച്ചതേയില്ല.

ഞങ്ങളുടെ സുഹൃത്ത്‌വലയത്തിലെ മൂപ്പനായ മാത്തൻ ചേട്ടൻ ആരും കാണുന്നില്ലെന്ന് കരുതി തുടുത്ത പനിനീർചാമ്പക്ക ചേച്ചിയുടെ നേരെ നീട്ടും.

“എടീ, ഇതൊന്ന് കഴിച്ചുനോക്ക്.”

ചേച്ചി പുസ്തകത്തിൽനിന്ന് കണ്ണെടുക്കാതെ തന്നെ വേണ്ടെന്ന് തലയാട്ടും.

ആ വെച്ചുനീട്ടലും തിരസ്കരണവും പതിവായിരുന്നു.

തിരസ്കരിക്കപ്പെട്ട ചാമ്പക്ക ചേട്ടൻ മണ്ണിലേക്ക് വലിച്ചെറിയും, അത് കൈമാറിക്കൊടുക്കാൻ ചേട്ടന്റെ മനസ്സിൽ പകരക്കാരില്ലാത്തതുകൊണ്ടാവാം.

ചേച്ചിയുടെ ആ നിഷേധത്തലയാട്ടിൽപ്പോലും, ഒരു സ്വപ്നത്തിന്റെ വഴിയിൽനിന്ന് പിന്മാറാതിരിക്കാനുള്ള ഒരു നിശ്ശബ്ദ പിടിവാശിയുണ്ടായിരുന്നിരിക്കാം.

ചേച്ചി മാർത്തോമ്മാ പള്ളിയിലെ കപ്യാരച്ചായന്റെ മൂത്ത മകളായിരുന്നു. പ്രായമേറിയപ്പോൾ അച്ചായന് കിട്ടിയ പൊൻനിധി.

ചേച്ചിയുടെ കവിളത്തടം ഒരു മെഴുകുപ്രതിമയുടേതുപോലെ വിളറിയിരുന്നു.

ആ കുന്നിന്റെ ചെരുവിൽ കിളിക്കൂടുപോലെ തോന്നിക്കുന്ന ഒരു കൊച്ചുവീടായിരുന്നു ചേച്ചിയുടേത്.

ചാഞ്ഞു പൂത്തുനിന്ന ഒരു പേരമരം ആ വീടിനെ തൊട്ടുരുമ്മി നിന്നിരുന്നു. ആ പേരമരം ഇല്ലായിരുന്നെങ്കിൽ ആ കുടിൽ കുറച്ചുകൂടി വളർന്നേനെ എന്ന് എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്.

“എടീ, പേരമരം നമുക്ക് വെട്ടണം. മഴയത്ത് എങ്ങാനും ഒടിഞ്ഞ് വീടിന്റെ മേൽക്കൂരയിൽ വീഴും.”

കപ്യാരച്ചായൻ അമ്മച്ചിയോട് പറയുന്നതാണ്.

“നിങ്ങൾക്ക് ഇതെന്തുവാ മനുഷ്യാ? ആ പിള്ളേര് വന്ന് പേരയ്ക്ക കടിച്ചുപറിച്ച് തിന്നിട്ട് പൊയ്ക്കോട്ടെ.”

ചുറ്റുമുള്ളവരെക്കുറിച്ച് കരുതലുള്ള ആ മനുഷ്യരെ ഒക്കെയും കണക്കില്ലാത്ത നന്മകൾ കൊണ്ട് മൂടിയിട്ടാണ് കാലം തന്റെ പുസ്തകത്തിൽനിന്ന് കണക്കുവെട്ടി പറഞ്ഞുവിട്ടത്.

എങ്ങനെയെങ്കിലും പഠിച്ച് ഒരു നഴ്സാകണം,അതായിരുന്നു ചേച്ചിയുടെ ആഗ്രഹം.

ചേച്ചിയുടെ വലിയമ്മയുടെ മകന്റെ ഭാര്യ ഓസ്ട്രേലിയയിൽ നഴ്സായിരുന്നു. അവർ കൊണ്ടുവരുന്ന മിഠായികളും പൗഡറും സോപ്പുമൊക്കെ ചേച്ചിയെ ഒരു സ്വപ്നത്തിന്റെ വലയിൽ കുടുക്കിയിട്ടിരുന്നു.

എന്തായാലും, ചേച്ചി ഒരു നഴ്സായി. ഒടുവിൽ ഓസ്ട്രേലിയയിലേക്ക് ചേക്കേറി.

അന്ന് എനിക്ക് എന്റെ കൊച്ചുഗ്രാമം വിട്ടുള്ള സ്ഥലങ്ങളെല്ലാം ഒരു അത്ഭുതമായിരുന്നു.

ചേച്ചി എന്റെ മനസ്സിൽ വെട്ടിയിട്ട ചാലിലൂടെ ഞാനും ഒഴുകി.

എങ്ങനെയെങ്കിലും പഠിച്ച് ഒരു നഴ്സാകണം.

നഴ്സിംഗ് പഠനത്തിന് പോകുന്നതിനുമുമ്പ് ഒരിക്കൽ കൂടി ചേച്ചിയുടെ വീട്ടിൽ ഞാൻ എത്തിയിരുന്നു. കുറെ കാലം കഴിഞ്ഞിരുന്നു അങ്ങോട്ട് ചെന്നിട്ട്.

പേരമരം വെട്ടി, കിളിക്കൂടുപോലത്തെ ആ കുടിൽ ഒരു ഇരുനില കെട്ടിടമായി വളർന്നിരുന്നു.

അവരുടെ മിനുസമുള്ള തറയിൽ ചെരുപ്പിടാതെ നടന്നപ്പോൾ കാൽ വെള്ള കുളിർന്നു. സോഫയുടെ അറ്റത്ത് വീഴുമെന്ന ഭാവത്തിൽ ഇരുന്നാണ്, ചേച്ചിയുടെ അമ്മച്ചി ഉണ്ടാക്കി തന്ന വെള്ളം ചേർക്കാത്ത നല്ല മധുരമുള്ള പാൽച്ചായ കുടിച്ചത്.

“അങ്ങോട്ട് കേറി ഇരിക്ക്.”

അമ്മച്ചി എന്നെ സോഫയിലേക്ക് പിടിച്ചിരുത്തി.

എന്റെ വീടിന്റെ കോലായിലെ മരക്കസേരയിൽ ഞെളിഞ്ഞിരുന്ന് കരുപ്പെട്ടിക്കാപ്പി ചില്ലുഗ്ലാസ്സിൽ നിന്ന് ഊതിക്കുടിക്കുന്ന മനഃസുഖത്തെ ഞാൻ അപ്പോഴാണ് തിരിച്ചറിഞ്ഞത്.

മനഃസുഖത്തേക്കാൾ വലുത് മറ്റുള്ളവരെപ്പോലെ താനും ജീവിക്കുന്നുവെന്ന് കാണിക്കാനുള്ള തത്രപ്പാടിന്റെ, മനസ്സമാധാനക്കേടിനോടാണ് പലർക്കും താൽപ്പര്യമെന്നു തോന്നുന്നു.

അതുകൊണ്ടാണല്ലോ അന്നേ ഇതുപോലെ സാധനങ്ങൾ നിറച്ചുവച്ചിരുന്ന ഒരു വീട്ടിൽ, എന്റെ അച്ഛനെയും അമ്മയെയും സഹോദരങ്ങളെയും ഞാൻ സ്വപ്നത്തിൽ കൂട്ടിയിട്ടത്.

എനിക്കും ഒരുനാൾ ഇങ്ങനെയൊരു വീട് വേണം.

രാത്രികളുടെ കറുപ്പിൽ, ഉറക്കംതൂങ്ങുന്ന മെഴുകുതിരിവെളിച്ചത്തിൽ ഞാൻ എന്റെ ഭാവി നെയ്തെടുത്തു.

പാടത്തെ ചളിമണക്കുന്ന അച്ഛന്റെ വിയർപ്പും, അടുക്കളയിലെ പുകയിൽ കരിഞ്ഞുപോയ അമ്മയുടെ കണ്ണീരും മാത്രമായിരുന്നു മനസ്സിൽ.

ബന്ധുക്കളുടെ പരിഹാസച്ചീന്തുകൾ കേട്ട് വളർന്നപ്പോൾ, രക്ഷപ്പെടാനുള്ള ഒരേയൊരു വഴിയായി,

ഒരു നഴ്സായി ഗൾഫിലെ ചുട്ടുപൊള്ളുന്ന മരുഭൂമിയിലേക്ക് ചിറകടിച്ചുയരുമ്പോൾ, എനിക്ക് സ്വന്തമായി പറന്നുയരാനുള്ള സ്വപ്നങ്ങളുടെ ആകാശങ്ങളൊന്നും ഉണ്ടായിരുന്നില്ല.

മഴ പെയ്താൽ ചോരാത്ത, അടച്ചുറപ്പുള്ള ഒരു വീട് അച്ഛനും അമ്മയ്ക്കും ഉണ്ടാക്കിക്കൊടുക്കുക, സഹോദരങ്ങളെ നല്ല നിലയിൽ പഠിപ്പിച്ചെടുക്കുക, അതുമാത്രമായിരുന്നു എന്റെ ലക്ഷ്യം.

ആദ്യ സാലറി നോട്ടിന്റെ മണം നുകർന്ന് ഞാൻ പറഞ്ഞു:

“നമുക്ക് നല്ലൊരു വീട് പണിയാം.”

“മോളെ…. വീട് ഒരിക്കലല്ലേ വയ്ക്കാൻ പറ്റൂന്ന് നിന്റെ അനിയത്തിയും അനിയനും പറഞ്ഞു. നമുക്ക് മോനമ്മ വെച്ച പോലൊരു വീട് വെക്കാം എന്നാണ് അവർ പറയുന്നത്.”

അമ്മയുടെ മോഹത്തിന്റെ അറ്റവും അവരുടെ സ്വപ്നത്തിൽ ഉടക്കിയിരുന്നു.

എന്റെ ചോരയും നീരും നൽകി ഒരു ഇരുനില വീട് തൊടിയിലെ പാതിവെയിലിനെ മറച്ചുകൊണ്ട് അവിടെ ഉയർന്നുപൊങ്ങി.

അത് തീരുംമുമ്പേ അനിയന്റെ എൻജിനീയറിംഗ് പഠനം തുടങ്ങി. അടുപ്പ് പുകഞ്ഞ് വിശപ്പ് മാറിയതുകൊണ്ടാണോ എന്നറിയില്ല, നന്നായി പഠിച്ചിരുന്ന അവൻ പഠനത്തിൽ ഉഴപ്പി.

അതിന് അന്ന് അവനെ വഴക്കിട്ടപ്പോൾ അമ്മ ഇടയ്ക്ക് വീണു. അവനെ ഇപ്പോൾ പഠിപ്പിച്ചാലും നിനക്കൊരു താങ്ങും തണലും ആകുമല്ലോ എല്ലാകാര്യത്തിലും.

മാർക്ക് കുറവായതിനാൽ കാശുകൊടുത്താണ് അവനെ എൻജിനീയറിങ്ങിന് പഠിപ്പിച്ചത്.

അനിയത്തിയെയും നഴ്സിംഗ് പഠിപ്പിക്കാനായിരുന്നു എനിക്ക് ആഗ്രഹം.

അപ്പോഴും അമ്മ പറഞ്ഞു:

“നിനക്കറിഞ്ഞൂടെ, അവള് പഠിത്തത്തിൽ നിന്നെപ്പോലെ മിടുക്കിയൊന്നുമല്ല. നഴ്സിങ് പഠനം ഒന്നും അവളെക്കൊണ്ട് നടക്കുമോ എന്നറിയില്ല.”

അവൾ പഠിച്ച് ദൂരെ പോകുന്നതിനെക്കുറിച്ച് അമ്മയ്ക്ക് ഒരിക്കലും ചിന്തിക്കാൻ കഴിയില്ല എന്ന് എനിക്കറിയാം.

ഇളയ കുട്ടിയായിരുന്നതുകൊണ്ടായിരിക്കാം എല്ലായിടത്തും ഒരു മുൻഗണന കിട്ടിയിരുന്നു.

അച്ഛൻ കൊണ്ടുവരുന്ന പലഹാരപ്പൊതി എപ്പോഴും അവൾക്ക് അവകാശപ്പെട്ടതായിരുന്നു. അവൾ തരുന്നതായിരുന്നു ഞങ്ങൾ കഴിച്ചിരുന്നത്.

വഴക്കിടുമ്പോഴും അവളുടെ ഭാഗത്താണ് തെറ്റെങ്കിലും ഞങ്ങളായിരുന്നു ക്ഷമിക്കേണ്ടിയിരുന്നത്.

ഞങ്ങൾക്കിടയിൽ ഒരു വേർതിരിവ് ചെറുപ്പം മുതലേ ഉണ്ടായിരുന്നു.

അന്ന് വീടുകൾക്ക് പോലും വേലിക്കെട്ടുകൾ ഇല്ലാതിരുന്ന കാലമായതുകൊണ്ടാവാം, സ്നേഹത്തിന്റെ ലോകത്ത് ഉയർന്ന വേലിക്കെട്ട് ഞാൻ കാര്യമായിട്ട് എടുക്കാതിരുന്നത്.

അവൾ ഡിഗ്രിക്ക് പഠിക്കുമ്പോഴാണ് അമ്മ വിഷമത്തോടെ പറയുന്നത്, അവൾക്ക് ഒരു പ്രണയമുണ്ടെന്ന്. അയാളെ കല്യാണം കഴിച്ചുകൊടുത്തില്ലെങ്കിൽ അവൾ എന്തെങ്കിലും കടുംകൈ ചെയ്തുകളയുമെന്ന്!

അമ്മയുടെ കണ്ണ് നനഞ്ഞപ്പോൾ എന്നെക്കാൾ പതിനാല് വയസ്സ് ഇളപ്പമുള്ള അവളെക്കുറിച്ചുള്ള അമ്മയുടെ വേവലാതി ഓർത്ത് എന്റെ മുപ്പത്തിനാല് വയസ്സ് ചിരിച്ചു.

അച്ഛനൊന്നും അഭിപ്രായം പറഞ്ഞില്ല. വിലയില്ലാതെ പോകുന്ന അഭിപ്രായങ്ങൾ വെറുതെ നിരത്തേണ്ടെന്ന് കരുതിയാവാം.

അതോ, നിങ്ങളെ എന്തിന് കൊള്ളാമെന്നുള്ള അമ്മയുടെ ചിറികോട്ടിയുള്ള തുള്ളലിനെ ഭയന്നിട്ടോ? വെറുത്തിട്ടോ?

അനിയത്തിയുടെ കല്യാണം, പ്രസവം, അതിനുശേഷമുള്ള ആശുപത്രിച്ചെലവുകൾ… അങ്ങനെ വീണ്ടും ഭാരങ്ങൾ എന്റെ തോളിലായി. ലോണുകൾ കൂടി…

ഭർത്താവിനെ വീണ്ടും അന്യനാട്ടിലേക്ക് ജോലിക്ക് അയക്കാൻ അവൾ സമ്മതിച്ചില്ല. തനിക്ക് ആവശ്യമുള്ളപ്പോൾ കാശ് കൊയ്തെടുക്കാൻ തണലുള്ള ഒരു മരമായി ഞാൻ ഉണ്ടായിരുന്നല്ലോ.

ചുമലിലേറ്റിയ വലിയ ബാങ്ക് ലോണുകൾ അടച്ചുതീർക്കാതെ എനിക്ക് എങ്ങോട്ടും പോകാൻ കഴിയുമായിരുന്നില്ല.

അതിനിടയിൽ പഠിച്ചിറങ്ങിയ അനിയൻ സ്വന്തം വഴി നോക്കിപ്പോയതും ഞാൻ കണ്ടു.

എല്ലാവരുടെയും സന്തോഷങ്ങൾക്ക് പണം അയച്ചുകൊടുക്കുമ്പോൾ, എന്റെ ജീവിതം ഉരുകിത്തീരുകയായിരുന്നു. എന്നിട്ടും, ആ പൊള്ളലുകളും വേദനയും എനിക്ക് ആത്മസംതൃപ്തി സമ്മാനിച്ചു.

എന്റെ ജീവിതം നഷ്ടപ്പെടുന്നുവെന്ന് മസ്തിഷ്കം വേദനയോടെ ഓർമ്മിപ്പിക്കുമ്പോഴൊക്കെ, എന്റെ വീട്ടുകാരുടെ സന്തോഷം കണ്ട് ഹൃദയം അതിയായി സന്തോഷിച്ച് അതിനെ തോൽപ്പിച്ചുകൊണ്ടേയിരുന്നു.

ഒടുവിൽ, മുപ്പത്തിയെട്ടാം വയസ്സിൽ, എന്റെ ശരീരം തന്നെ എന്നോട് വിപ്ലവം പ്രഖ്യാപിച്ചു.

ഒരു പ്രഭാതത്തിൽ എഴുന്നേൽക്കാൻ നോക്കിയപ്പോൾ, പേശികളിലെല്ലാം സഹിക്കാനാവാത്ത കനൽ പൂത്തുനിൽക്കുന്നതായി ഞാൻ അറിഞ്ഞു.

ചികിത്സകൾ പലതും ചെയ്തിട്ടും വേദനയ്ക്ക് ഒരു കുറവുമില്ല.

അവസാനം ഡോക്ടർമാർ അതിന് ഒരു പേരിട്ടു:

ഫൈബ്രോമയാൾജിയ.

പുറമേക്ക് മുറിവുകളില്ലാത്ത, എന്നാൽ ഉള്ളിൽ ആയിരം സൂചികൾ ഒരേസമയം തറച്ചുകയറുന്നതുപോലെയുള്ള വേദന!

ജോലിയിൽ തുടരാൻ പറ്റാത്ത അവസ്ഥ. കൂടെയുള്ളവർ ജൂനിയർ സ്റ്റാഫിനെക്കൊണ്ട് പണി ചെയ്യിപ്പിക്കാനുള്ള മടിയാണെന്ന് കരുതി.

ഒടുവിൽ നാട്ടിലേക്ക് വിമാനം കയറി. ശുശ്രൂഷകളും പരിചരണവും കൊണ്ട് നിറഞ്ഞ ദിവസങ്ങൾ. എനിക്ക് അവരുടെ സ്നേഹം കൊണ്ട് ശ്വാസം മുട്ടുന്നതുപോലെ തോന്നി.

ഇടയ്ക്കിടെ അനിയത്തിയുടെ കണ്ണുകൾ എന്റെ വളയിൽ പതിയുന്നത് ഞാൻ ശ്രദ്ധിച്ചിരുന്നു. ഒരിക്കൽ അവൾ പണത്തിന്റെ ആവശ്യത്തെക്കുറിച്ച് പറഞ്ഞു. സഹായിക്കാനാവില്ലെന്ന് പറഞ്ഞപ്പോൾ, അവൾ ചോദിച്ചു:

“ആ വളയൊന്ന് പണയം വെക്കാൻ തരുമോ?”

ജീവിതത്തിൽ ആദ്യമായി അവളോട് ‘ഇല്ല’ എന്ന് പറഞ്ഞപ്പോൾ അവളുടെ മുഖം ഇരുണ്ടു.

അനിയൻ ഇടയ്ക്കൊക്കെ കയ്യിൽ ആപ്പിളും ഓറഞ്ചുമായി വരും. പക്ഷേ, അവന്റെ ഭാര്യ ഒരിക്കലും വന്നില്ല. സംസാരത്തിനിടയിൽ അവൻ പലപ്പോഴും ഒരേ കാര്യം ഓർമ്മിപ്പിക്കും:

“ഇത് പഴയ വീടല്ലേ… ഞാൻ കുറെ പണികൾ ചെയ്ത് ശരിയാക്കി. നല്ലപോലെ പണം ചെലവായി.”

വീട് ഇനി എന്റേതാണെന്ന കാര്യം അവൻ അങ്ങനെ വീണ്ടും വീണ്ടും ഓർമ്മിപ്പിച്ചുകൊണ്ടിരുന്നു.

ഇനി എന്നെക്കൊണ്ട് പ്രയോജനമൊന്നുമില്ലെന്ന് കണ്ടപ്പോൾ ചിരിയും കളിയും കുറഞ്ഞു.

പിന്നീട് പരിഹാസങ്ങളും കുത്തുവാക്കുകളും ഉയർന്നു. വേദനകളെക്കുറിച്ച് പറയുമ്പോഴൊക്കെ മടുപ്പ് നിറഞ്ഞ മുഖങ്ങൾ കണ്ടു.

അസഹ്യമായ വേദന കൊണ്ട് ശരീരമാകെ നീറി പുകയുന്നതിനേക്കാൾ അസഹനീയമായിരുന്നു കുത്തുവാക്കുകളും പരിഹാസവും.

യൗവനം മുഴുവൻ ഊറ്റിക്കുടിച്ചവർ, ഒടുവിൽ എനിക്ക് മാനസികരോഗമാണെന്ന് വരുത്തിത്തീർക്കാൻ ശ്രമിച്ചു.

ഒരിക്കൽ എന്റെ അമ്മയ്ക്ക് കാവലായി ഐ.സി.യുവിന് പുറത്തിരിക്കുമ്പോൾ,

അമ്മയെ കാണാൻ വന്ന അനിയത്തി വളരെ ലാഘവത്തോടെ പറഞ്ഞു:

“ചേച്ചി എത്ര ഭാഗ്യവതിയാ! ഇങ്ങനെ അമ്മയെ നോക്കി കൂട്ടിരിക്കാലോ. കെട്ടാതെ ഇരുന്നാൽ മതിയായിരുന്നു, ഇഷ്ടംപോലെ ജീവിക്കാമായിരുന്നു…”

നിന്നെ നിർബന്ധപൂർവം ആരെങ്കിലും കല്യാണം കഴിപ്പിച്ചതാണോ എന്ന് ചോദിക്കുവാൻ മുതിർന്നതാണ്.

അവൾ അർഹിക്കാത്ത ഒരു ചോദ്യത്തിന് വേണ്ടി വെറുതെ എന്തിന് തർക്കിക്കണം എന്നോർത്തു.

ജീവിതത്തിൽ ഒരിക്കലും പ്രാരാബ്ധങ്ങളോ ത്യാഗങ്ങളോ അറിയാത്തവളുടെ വാക്കുകൾ. അത്രേ കരുതുന്നുള്ളു.

എനിക്കും സ്വപ്നങ്ങളുണ്ടായിരുന്നുവെന്നോ, എനിക്കും ഒരു ജീവിതവും ഹൃദയവും ഉണ്ടായിരുന്നുവെന്നോ അവരിലാരും അറിഞ്ഞിരുന്നില്ല.

അന്ന് പുറത്ത് ഇരുളിലേക്ക് നോക്കിയിരിക്കുമ്പോഴാണ് ഞാൻ അയാളോട് സംസാരിച്ചു തുടങ്ങിയത്.

അയാളുടെ അമ്മയും രോഗിയായി ഐ.സി.യുവിൽ കിടക്കുന്നു.

അവിടെ ഐ.സി.യുവിന് പുറത്തുള്ള ബെഞ്ചിൽ അപരിചിതരായിരുന്ന ഞങ്ങൾ പരിചയപ്പെട്ടു.

അയാൾ പ്രണയിച്ച് വിവാഹം കഴിച്ചയാളായിരുന്നു.

പക്ഷേ, വിധിയുടെ കറുത്ത കരങ്ങൾ അയാളെയും തോൽപ്പിച്ചു.

വിവാഹത്തിന്റെ ആദ്യവർഷത്തിൽത്തന്നെ ഭാര്യയ്ക്ക് ക്യാൻസർ ബാധിച്ചു.

“ക്യാൻസർ” എന്നത് അന്ന് എന്തോ അപരാധം പോലെ കണ്ട് ചുറ്റുമുള്ളവർ എറിഞ്ഞ കുത്തുവാക്കുകളും അകൽച്ചയും താങ്ങാനാവാതെ ആ പാവം മാനസികമായി തകർന്നുപോയി.

ഒരു വർഷത്തെ വേദനകൾക്കൊടുവിൽ അവൾ മനസ്സില്ലാതെ അയാളെ തനിച്ചാക്കി മടങ്ങി.

ആ ആഴമുള്ള മുറിവും പേറിയാണ് അയാൾ ജീവിച്ചിരുന്നത്.

അയാളിൽ നിന്നും അടർന്നുവീണ ഭാര്യയുടെ ഓർമ്മകൾ നൽകിയ മുറിവുമായി നടന്ന അയാൾക്ക്, എന്റെ ശരീരത്തിലെ വേദനയേക്കാൾ, എന്റെ ആത്മാവിലെ ആഴമുള്ള ഏകാന്തതയെ തൊട്ടറിഞ്ഞു.

പരസ്പരം തിരിച്ചറിയാൻ ഞങ്ങൾക്ക് ആ ആശുപത്രിവാസത്തിന്റെ രണ്ടാഴ്ച ധാരാളമായിരുന്നു.

ചിലർക്ക് ഹൃദയത്തിലേക്ക് കയറിവരുവാനുള്ള കുറുക്കുവഴികൾ നല്ല വശമാണെന്ന് അന്ന് മനസ്സിലായി.

പ്രായത്തിന്റെയോ, ചുളിവുകളുടെയോ, രോഗത്തിന്റെയോ കണക്കുപുസ്തകങ്ങൾ തുറക്കാതെ അദ്ദേഹം എന്നെ സ്വന്തമാക്കി.

പരാതികളും കുറ്റപ്പെടുത്തലുകളുമില്ലാതെ ചെറിയ ഇണക്കങ്ങളും പിണക്കങ്ങളുമായി സന്തോഷത്തോടെ ജീവിതം ഒരു വർഷം പിന്നിട്ടിരിക്കുന്നു.

മനസ്സിന്റെ സന്തോഷം കൊണ്ടാവാം വേദനകൾ നന്നേ കുറഞ്ഞു.

ഇന്നലെ പെയ്ത മഴയിൽ, അഴയിൽ വിരിച്ചിട്ട തുണികൾ എടുക്കുന്നതിനിടയിൽ ചെറുതായൊന്നു നനഞ്ഞതുകൊണ്ടാണെന്നു തോന്നുന്നു. ഇന്ന് നല്ല ശരീരവേദന ഉണ്ടായിരുന്നു.

“നീ ഇന്ന് റസ്റ്റ് എടുക്ക്, ഞാൻ ഭക്ഷണം ഉണ്ടാക്കാം,” എന്ന് പറഞ്ഞു അദ്ദേഹം അടുക്കളയിലേക്ക് പോയപ്പോഴാണ് നാത്തൂൻ വിളിച്ചത്.

നാത്തൂന്റെ വിഷവാക്കുകൾ കേട്ട് കണ്ണീര് തുടച്ചു കിടക്കുമ്പോഴാണ്, അദ്ദേഹം മുറിയിലേക്ക് കടന്നുവന്നത്.

അദ്ദേഹം എനിക്കരികിൽ ഇരുന്നു. വളരെ പതുക്കെ, ഒരു ശലഭത്തിന്റെ സ്പർശത്തോടെ എന്റെ തണുത്ത വിരലുകൾ തന്റെ കൈപ്പത്തിക്കുള്ളിലാക്കി.

“നീ കേട്ടല്ലേ?” അദ്ദേഹം മൃദുവായി ചോദിച്ചു.

ഞാൻ മറുപടി പറഞ്ഞില്ല. എഴുന്നേറ്റിരുന്നു.

എന്റെ കണ്ണുനീർത്തുള്ളികൾ തറയിലേക്ക് ഇറ്റുവീണു.

“ഞാൻ നിന്നെക്കുറിച്ച് ആരോടും പരാതി പറഞ്ഞിട്ടില്ല,” അദ്ദേഹം എന്റെ കണ്ണുകളിലേക്ക് നോക്കി പറഞ്ഞു. “നിന്റെ ഉടലിനാണ് വേദന എന്ന് അവർ കരുതുന്നു. പക്ഷേ, എനിക്കറിയാം… നിന്റെ ആത്മാവിനാണ് അതിനേക്കാൾ വലിയ മുറിവേറ്റിട്ടുള്ളതെന്ന്.”

ഞാൻ അദ്ദേഹത്തെ നോക്കി. എന്റെ മനസ്സ് വായിക്കാൻ ശ്രമിച്ച ഒരേയൊരാൾ.

ആ കണ്ണുകളിൽ കണ്ടത് സഹതാപമായിരുന്നില്ല.

എന്നിൽ പെയ്തുതോരാൻ കാത്തുനിൽക്കുന്ന സ്നേഹത്തിന്റെ നിശ്ശബ്ദ മേഘങ്ങളായിരുന്നു.

“നിന്റെ ജീവിതം മുഴുവൻ നീ മറ്റുള്ളവർക്കായി ജീവിച്ചു തീർത്തു. ഇനി ബാക്കിയുള്ള കാലം… നമുക്കായി ജീവിക്കാം.”

ഞാൻ അദ്ദേഹത്തെ കെട്ടിപ്പിടിച്ചു പൊട്ടിക്കരഞ്ഞു.

ഉള്ളിൽ കട്ടപിടിച്ചുകിടന്ന മഞ്ഞുപാളികളെല്ലാം ആ കരച്ചിലിൽ ഉരുകിയൊലിച്ചു.

എന്നെ ചേർത്തുപിടിച്ച്, എന്റെ തലമുടിയിൽ മൃദുവായി തഴുകിക്കൊണ്ട് പറഞ്ഞു:

“നിന്റെ വേദനകൾ നാളെ ഇല്ലാതാകുമെന്ന് ഞാൻ ഉറപ്പുതരില്ല… പക്ഷേ, ആ വേദനകളുടെ ഇരുട്ടിൽ നീ ഇനി ഒരിക്കലും ഒറ്റയ്ക്കായിരിക്കില്ല. ഞാൻ ഉണ്ടാകും, നിന്റെ കൂടെ.”

ആ നിമിഷം ഞാൻ തിരിച്ചറിഞ്ഞു,

ജീവിതം എനിക്ക് തന്ന ഏറ്റവും മനോഹരമായ കവിത, വൈകിയെത്തിയ ഈ പ്രണയമാണ്.

വാടിപ്പോയ പൂവിലും സുഗന്ധം ബാക്കിയുണ്ടെന്ന് തിരിച്ചറിഞ്ഞ യഥാർത്ഥ സ്നേഹത്താൽ, എന്നിൽ വരാൻ മടിച്ചൊരു വസന്തം മെല്ലെ മെല്ലെ എന്നിൽ പൂത്തുവിടരാൻ തുടങ്ങിയിരുന്നു……

✍️നിവിയ റോയ്

Leave a Reply

Your email address will not be published. Required fields are marked *