എന്താ മോളെ വല്ലതും നടക്കുമോ ? മുതലാളിമാരെ അങ്ങനെ കണ്ണടച്ച് വിശ്വസിക്കേണ്ട , കഴുത്തിലൊരു താലി കെട്ടിക്കഴിഞ്ഞേ മറ്റെന്തിനും തയ്യാറാകാവു എൻ്റെ മോളോട് പറയുന്നത് പോലെ…..

ഓണത്തിൻ്റെ കച്ചവടവും തിരക്കും കഴിഞ്ഞപ്പോൾ കട മുതലാളി ഞങ്ങൾ സ്‌റ്റാഫുകൾക്ക് ഒരു വമ്പൻ ഓഫറ് തന്നു

രണ്ട് മൂന്ന് ദിവസത്തേയ്ക്ക് ഇഷ്‌ടമുള്ള സ്ഥലത്തേയ്ക്ക് ഒരു യാത്ര പോകാമെന്ന്,
അതും ഞങ്ങൾ സെലക്‌ട് ചെയ്യുന്ന സ്ഥലത്തേയ്ക്ക്,

ഒരുപാട് പേരുകൾ പലരും പറഞ്ഞെങ്കിലും ഭൂരിപക്ഷ അഭിപ്രായം കണക്കിലെടുത്ത് മൂന്നാറ് പോകാൻ ഒടുവിൽ തീരുമാനിച്ചു.

അപ്പോഴാണ് മുതലാളി, അനുപമയുടെ അടുത്തേയ്ക്ക് ചെന്ന് എന്തോ സംസാരിക്കുന്നത് ഞങ്ങൾ ശ്രദ്ധിച്ചത്.

ഞങ്ങളുടെ കൂട്ടത്തിലെ പ്രായം കുറഞ്ഞവളും അതീവസുന്ദരിയുമായിരുന്നു അവിവാഹിതയായ അനുപമ ,ഷോപ്പിലെ പല ചെക്കൻമാർക്കും ,അവളോട് ക്രഷ് ഉണ്ടായിരുന്നെങ്കിലും, അവൾ ആർക്കും പിടികൊടുത്തിരുന്നില്ല ,പക്ഷേ ഞങ്ങടെ മുതലാളിയോട് ,അവൾക്ക് ഒരു സോഫ്‌റ്റ് കോർണർ ഉളളതായി ,എനിക്കും ഷീബേച്ചിക്കും പലപ്പോഴും തോന്നിയിട്ടുണ്ട്.

അവള് പുലിയാണെടീ , പുളിക്കമ്പിലാണ് അവള് പിടിച്ചിരിക്കുന്നത്

അസൂയ സഹിക്കാൻ വയ്യാതെ
ഷീബേച്ചി ,എന്നോടത് പറഞ്ഞപ്പോൾ ഞാനുമത് ശരിവച്ചു. ഞങ്ങളുടെ യീ
തോന്നല് ,അവിടെയുള്ള നൂറോളം സ്‌റ്റാഫുകൾക്കുമുണ്ടെന്ന്, പലരുടെയും കമൻ്റിലൂലെ ഞങ്ങൾ മനസ്സിലാക്കിയിരുന്നു.

ങ്ഹാ എല്ലാർക്കും സന്തോഷായില്ലേ ? അടുത്ത മാസമാണ് ,നമ്മൾ ടൂറ് പോകാൻ ഉദ്ദേശിക്കുന്നത് ,Date പിന്നീട് അറിയിക്കുന്നതാണ് ,തത്കാലം എല്ലാവരും അവരവരുടെ ജോലികളിലേയ്ക്ക് മടങ്ങിക്കോളൂ

ടൂറിന് പോകുന്ന കാര്യം അനൗൺസ്
ചെയ്ത് കഴിഞ്ഞ് , രതീഷ് മുതലാളി എല്ലാവരോടുമായി പറഞ്ഞപ്പോൾ
ഞാനും ഷീബേച്ചിയും പായ്ക്കിങ്ങ് സെക്ഷനിലേയ്ക്ക് മടങ്ങി .

എടീ ദേ , അത് കണ്ടോ ,
അനുപമ , മുതലാളിയുടെ ക്യാബിനിലേയ്ക്കാണല്ലോ പോകുന്നത്?

ഷീബേച്ചി പറഞ്ഞത് ശരിയായിരുന്നു മാനേജരും പിന്നെ ഞങ്ങളുടെ ഹെഡ്, തോബിയാസ് ചേട്ടനും മാത്രമാണ് അനുവാദമില്ലാതെ മുതലാളിയുടെ ക്യാബിനിൽ കയറുന്നത്

ഇതിപ്പോൾ ഇവിടുത്തെ ഏറ്റവും ജൂനിയറായ സ്‌റ്റാഫ് അനുപമ, ഒന്ന് knock പോലും ചെയ്യാതെ ഡോറ് തുറന്ന് കയറിപ്പോകുന്നത് കണ്ടിട്ട് ഞങ്ങൾക്ക് സഹിക്കാൻ കഴിഞ്ഞില്ല

അവൾടെ തലേ വരച്ചത് നമ്മുടെ ആസനത്തിലെങ്കിലും വരച്ചാൻ മതിയാരുന്നു

നാക്കിന് എല്ലില്ലാത്ത ഷീബേച്ചി കുശുമ്പ് പറയുന്നത് കേട്ട് ഞാൻ വാ പൊത്തി ചിരിച്ചു.

ഏറെ നേരം കഴിഞ്ഞാണ് അനുപമ ക്യാബിനിൽ നിന്നിറങ്ങിയത് ,
അത് വരെ മറ്റാരും ആ ക്യാബിനിലേയ്ക്ക് ചെല്ലാതിരുന്നത്
ഞങ്ങളുടെയെല്ലാവരുടെയും
നെഞ്ചിടിപ്പ് കൂട്ടിയിരുന്നു.

എന്താ മോളെ വല്ലതും നടക്കുമോ ? മുതലാളിമാരെ അങ്ങനെ കണ്ണടച്ച് വിശ്വസിക്കേണ്ട , കഴുത്തിലൊരു താലി കെട്ടിക്കഴിഞ്ഞേ മറ്റെന്തിനും തയ്യാറാകാവു എൻ്റെ മോളോട് പറയുന്നത് പോലെ കരുതിയാൽ മതി

ലഞ്ച്ടൈമിലാണ് അനുപമയ്ക്ക് ഷീബേച്ചി ആ ഉപദേശം കൊടുത്തത്.

ഇല്ല ചേച്ചീ രതീഷേട്ടനെ എനിയ്ക്ക് വിശ്വാസമാണ് ചതിക്കില്ല

ങ്‌ഹേ രതീഷേട്ടനോ ?

മുതലാളിയെ ആദ്യമായാണ്
രതീഷേട്ടനെന്ന് ഒരു സ്റ്റാഫ് വിളിക്കുന്നത് , അവിശ്വസനീയതയോടെ ഷീബേച്ചി എന്നെ നോക്കി.

ഞാനും അമ്പരന്നിരിക്കുകയായിരുന്നു

പിറ്റേന്ന് രാവിലെ ഒരു എമർജൻസി മീറ്റിങ്ങുണ്ടെന്നും എല്ലാവരും അര മണിക്കൂർ നേരത്തെ എത്തണമെന്നും പറഞ്ഞ് രാത്രിയിൽ, സ്റ്റാഫ് ഗ്രൂപ്പിലേയ്ക്ക് മാനേജര് മെസ്സേജിട്ടപ്പോൾ അതെന്തിനായിരിക്കുമെന്ന ആശങ്കയിലാണ് ഞാൻ ഉറങ്ങാൻ കിടന്നത്

രാവിലെ ഷോപ്പിലെത്തുമ്പോൾ പരമാവധി സ്റ്റാഫും അവിടെ എത്തിയിട്ടുണ്ടായിരുന്നു പക്ഷേ അനുപമയെ മാത്രം കണ്ടില്ല

സീ നമ്മളിന്നൊരു അടിയന്തിര മീറ്റിങ്ങ് കൂടിയത് എൻ്റെയൊരു വ്യക്തിപരമായ തീരുമാനം നിങ്ങളെ കൂടെ അറിയിക്കാമെന്ന് കരുതിയാണ് നിങ്ങൾക്കറിയാമല്ലോ എനിയ്ക്ക് സ്വന്തമെന്ന് പറയാൻ എൻ്റെ അമ്മ മാത്രമേയുള്ളു ബന്ധുക്കളെന്ന് പറയാനായിട്ട് ആരും തന്നെയില്ല നിങ്ങളൊക്കെയാണ് എൻ്റെ ബന്ധുക്കൾ അങ്ങനെ തന്നെയാണ് ഞാനിത് വരെ കണ്ടിട്ടുള്ളതും കുറച്ച് നാളുകളായി ഞാനൊരു വിവാഹം കഴിക്കണമെന്ന് അമ്മ നിർബന്ധിച്ച് കൊണ്ടിരിക്കുന്നു ഓരോ കാരണങ്ങൾ പറഞ്ഞ് ഞാനത് മുടക്കിക്കൊണ്ടുമിരിക്കുകയായിരുന്നു കാരണം മറ്റൊന്നുമല്ല എൻ്റെ മനസ്സിനിണങ്ങിയ ഒരു പെൺകുട്ടിയെ ഇത് വരെ കണ്ടെത്താൽ കഴിഞ്ഞിരുന്നില്ല എന്നതാണ് സത്യം ,പക്ഷേ കുറച്ച് ദിവസങ്ങൾക്ക് മുൻപ് ഒരു പെൺകുട്ടി എൻ്റെ മനസ്സ് കീഴടക്കി എന്നാൽ പിന്നെ അവളെ തന്നെ വിവാഹം കഴിച്ചേക്കാമെന്ന് ഞാനങ്ങ് തീരുമാനിച്ചു പെൺകുട്ടിയെ കണ്ടപ്പോൾ അമ്മയ്ക്കും തൃപ്തിയായി പിന്നെ നിങ്ങളുദ്ദേശിക്കുന്ന പോലെ അവളൊരു കോടീശ്വരപുത്രിയൊന്നുമല്ല കെട്ടൊ ? ഒരു സാധാരണ പെൺകുട്ടി അതാരാണെന്ന് ഇപ്പോൾ ഞാൻ പറയുന്നില്ല കാരണം നിങ്ങളെയൊന്ന് ഞെട്ടിക്കാനാണ് എൻ്റെ പ്ളാൻ നമുക്കവളുടെ വീട്ടിലേയ്ക്ക് പോയി പെണ്ണ് ചോദിക്കാം അതിന് നിങ്ങളെല്ലാരും എൻ്റെ ബന്ധുക്കളായി
കൂടെ വരണം , ഇവിടുത്തെ സീനിയറായ ഷീബേച്ചിയും തോബിയാസ് ചേട്ടനുമൊക്കെ വേണം ഉത്തരവാദിത്തപ്പെട്ടവരായി എനിയ്ക്ക് വേണ്ടി സംസാരിക്കേണ്ടത്
എന്താ എല്ലാവരും റെഡിയല്ലേ ?

അത് കേട്ട് ഷീബേച്ചി അമ്പരന്നു നിന്നപ്പോൾ ഞാൻ ഉൾപ്പെടെയുള്ളവരെല്ലാം കൈയ്യടിച്ചു.

അപ്പോൾ നാളെ ഉച്ചയ്ക്ക് ശേഷം പെൺകുട്ടിയുടെ വീട്ടിലേക്ക് പോകാനാണ് പ്ലാൻ ചെയ്തിരിക്കുന്നത് അതുകൊണ്ട് ഷോപ്പ് നാളെ ഉച്ചകഴിഞ്ഞ് മുടക്കായിരിക്കും എല്ലാവർക്കും പോകാനുള്ള വണ്ടികൾ അറേഞ്ച് ചെയ്തിട്ടുണ്ട്

എന്നാലും എൻ്റെ രാജി , അവളുടെയൊരു ഭാഗ്യം , ഓണം ബമ്പറല്ലേ അടിച്ചത് ?ഇനി അവൾ നമ്മുടെ മുതലാളിച്ചി ആയിട്ട് മാറുമല്ലോ ?ഈശ്വരാ സഹിക്കാൻ പറ്റുന്നില്ലല്ലോ?

സെക്ഷനിലേക്ക് മടങ്ങിയെത്തിയ ഷീബേച്ചി അസ്വസ്ഥതയോടെ എന്നോട് പറഞ്ഞു.

പിറ്റേന്ന് ഉച്ചയ്ക്ക് ശേഷം എല്ലാവരും യൂണിഫോം മാറ്റിയിട്ട് , വീട്ടിൽ നിന്നും കൊണ്ടുവന്ന പുതിയ ഡ്രസ്സുകളൊക്കെ അണിഞ്ഞാണ് ബസ്സിലേക്ക് കയറിയത്.

ഏറെക്കുറെ എല്ലാവർക്കും അറിയാമായിരുന്നു ആ പെൺകുട്ടി അനുപമ തന്നെയായിരിക്കുമെന്ന് ,കാരണം അവൾ ഇന്നലെയും ഇന്നും ലീവ് ആയിരുന്നു.

ഞാനും ഷീബേച്ചിയും മുൻപൊരിക്കൽ അനുപമയുടെ വീട്ടിൽ പോയിട്ടുള്ളത് കൊണ്ട് ,ട്രാവലർ ആ റൂട്ടിലേക്ക് പോയപ്പോൾ ഞങ്ങളത് ഉറപ്പിക്കുകയും ചെയ്തു

ഓടിട്ട രണ്ടു മുറികളുള്ള ആ വീടിന് മുന്നിൽ ട്രാവലർ ഒതുക്കി നിർത്തിയപ്പോൾ തന്നെ,ഞങ്ങളെ സ്വീകരിക്കാനായി അണിഞ്ഞൊരുങ്ങിയ അനുപമ, ഓടിവന്നു .അനുപമയെ കണ്ട് എല്ലാവരും അന്തം വിട്ടു നിൽക്കുകയായിരുന്നു പലർക്കും അപ്പോഴാണ് അനുപമയാണ് മുതലാളി വിവാഹം കഴിക്കാൻ പോകുന്ന പെൺകുട്ടി എന്ന് തിരിച്ചറിയുന്നത്.

ഇതായിരുന്നോ മുതലാളി ഞങ്ങളോട് പറഞ്ഞ സർപ്രൈസ്?

ഏറ്റവും പുറകിലായി കാറിൽ വന്നിറങ്ങിയ രതീഷ് മുതലാളിയോട് കൂട്ടത്തിൽ ആരോ വിളിച്ചു ചോദിച്ചു

മറുപടിയൊന്നും പറയാതെ അദ്ദേഹം ഒന്ന് പുഞ്ചിരിക്കുക മാത്രമാണ് ചെയ്തത്

വരു എല്ലാവർക്കും അകത്തേക്ക് ഇരിക്കാം

ഞങ്ങൾ ചെല്ലുമെന്നറിഞ്ഞ് അനുപമയുടെ ഏറ്റവും അടുത്ത ബന്ധുക്കളൊക്കെ അവിടെ വന്നിട്ടുണ്ടായിരുന്നു മാത്രമല്ല ചെറിയ വീടായിരുന്നതുകൊണ്ട് വലിയൊരു ടാർപോളിൻഷീറ്റ് വലിച്ചു കെട്ടി നൂറോളം പേർക്കിരിക്കാവുന്ന പന്തലും അവർ ഒരുക്കിയിരുന്നു.

ഞാനും ഷീബേച്ചിയും വീടിനകത്തേക്ക് പ്രവേശിച്ചപ്പോൾ ബാക്കിയുള്ളവരൊക്കെ പന്തലിലെ കസേരകളിൽ ഇരുന്നു

പൂമുഖത്തെ സോഫയിൽ
രതീഷ് മുതലാളിയും മാനേജരും
തോബിയാസ് ചേട്ടനും ഇരുന്നപ്പോൾ
തൊട്ടടുത്തായി അനുപമയുടെ വല്യമ്മാവനും ഇളയച്ഛനും കൂടെയിരുന്നു

എന്നാൽ പിന്നെ പെണ്ണിനെ വിളിച്ചാലോ?
ആ ചടങ്ങങ്ങ് നടത്താമല്ലോ?

വല്യമ്മാവൻ അത് വിളിച്ചു ചോദിച്ചപ്പോൾ കുറെ നേരത്തേക്ക് അവിടെ നിശബ്ദത പരന്നു.

അപ്പോൾ അനുപമയല്ലേ പെണ്ണ് ?
ഇനിയെന്ത് കാണാനാ ?

ഞാനും ഷീബേച്ചിയും
പരസ്പരം നോക്കി.

അല്പ നിമിഷത്തിനകം ,അടച്ചിട്ടിരുന്ന അകത്തെ മുറിയിൽ നിന്നും മുല്ലപ്പൂ ചൂടിയ ഒരു യുവതി ഇറങ്ങിവന്നു.

ഇത് അനുപമയുടെ ചേച്ചി അല്ലേ ?
ഈ കുട്ടിക്ക് എന്തോ ചൊവ്വാദോഷം ഉള്ളതുകൊണ്ട് ,വിവാഹം നടക്കാതിരിക്കുകയാണെന്നല്ലേ അനുപമ അന്ന് നമ്മളോട് പറഞ്ഞത് ?എന്നിട്ട് ഈ കുട്ടിയെ ആണോ മുതലാളി വിവാഹം കഴിക്കാന്‍ പോകുന്നത്?

ഞാൻ ഷീബേച്ചിയോട് ചോദിച്ചു.

ആഹ് എനിക്കൊന്നും അറിയില്ല ഈ മുതലായിത് എന്ത് ഭാവിച്ച ?അനുപമ, മുതലാളിയോട് അതൊന്നും പറഞ്ഞു കാണില്ല

സീ, എല്ലാവരും ഒന്ന് ശ്രദ്ധിക്കണേ
ഞാൻ പറഞ്ഞ സർപ്രൈസ് അനുപമയല്ല അനുപമയുടെ ചേച്ചിയായ അരുണിമയാണ് എൻ്റെ മനസ്സിൽ ഒരു സാധാരണ പെൺകുട്ടിയെ വിവാഹം കഴിക്കണമെന്നായിരുന്നു ആഗ്രഹം സാധാരണ എന്ന് പറയുമ്പോൾ അണിഞ്ഞൊരുങ്ങാത്ത ,വീട്ടിനുള്ളിൽ അടച്ചിട്ടിരിക്കുന്ന എന്നല്ല ഞാൻ ഉദ്ദേശിച്ചത് ,അവരുടേതല്ലാത്ത കാരണത്താൽ ,വിവാഹം മുടങ്ങി, നിരാശയിൽ കഴിയുന്ന ഒരു
പെൺകുട്ടിയെ കണ്ടെത്തി ,വിവാഹം കഴിക്കണമെന്നായിരുന്നു എൻ്റെ ആഗ്രഹം, അതിനൊരു കാരണമുണ്ടായിരുന്നു എനിക്കൊരു ചേച്ചി ഉണ്ടായിരുന്നു, അവർക്കും ഇതുപോലെ ചൊവ്വാ ദോഷം കാരണം, പല വിവാഹാലോചനകളും മുടങ്ങി പോയിക്കൊണ്ടിരുന്നു, ഒടുവിൽ പലരുടെയും കുത്തുവാക്കുകളും ,കളിയാക്കലുകളുമൊക്കെ കൂടിക്കൂടി വന്നപ്പോൾ ഒരു ദിവസം, ചേച്ചി ഒരു മുഴം കയറിൽ ജീവനൊടുക്കി
ആ ഷോക്ക്, എനിക്കും എൻ്റെ അമ്മയ്ക്കും വർഷങ്ങളോളം മനസ്സിൽ ഉണ്ടായിരുന്നു .അന്ന് ഞാൻ ഒരു ശപഥമെടുത്തു. ഇതുപോലെ നിസ്സാര കാര്യങ്ങൾ കൊണ്ട് , വിവാഹം മുടങ്ങി കഴിയുന്ന ,ഒരു പെൺകുട്ടിയെ മാത്രമേ ഞാൻ വിവാഹം കഴിക്കുകയുള്ളൂവെന്ന് അങ്ങനെയാണ് ,അനുപമയിലൂടെ
അവളുടെ ചേച്ചിയെ കുറിച്ച് ഞാൻ അറിഞ്ഞത്,ഈ വീട്ടിലെത്തിയപ്പോൾ അനുപമയെ ആണോ ഞാൻ വിവാഹം കഴിക്കുന്നത് എന്ന് പലരും തെറ്റിദ്ധരിച്ചിട്ടുണ്ടാവും അല്ലേ?
അവളെയും എനിക്കിഷ്ടമാണ്
എൻ്റെ കുഞ്ഞനുജത്തിയെ പോലെ,
എങ്കിൽ ഇനി ചടങ്ങിലേക്ക് കടക്കാം അല്ലേ?

രതീഷ് മുതലാളി പറഞ്ഞത് കേട്ട് ഞങ്ങൾ ഒന്നടങ്കം തരിച്ചു നിന്നുപോയി അദ്ദേഹത്തിൻ്റെ മനസ്സിൽ, ഇത്രയൊക്കെ കാരുണ്യമുണ്ടെന്ന് ഞങ്ങൾ അറിയാതെ പോയല്ലോ ? അദ്ദേഹത്തെയും അനുപമ യേയും സംശയിച്ചു പോയതിന്എനിക്കും ഷീബേച്ചിക്കും ഒരുപാട് കുറ്റബോധം തോന്നി.

NB:- ഇഷ്‌ടവും ഇഷ്‌ടക്കേടും അറിയിക്കുമല്ലോ ഗയ്സ്

✍️തൈപ്പറമ്പൻ .

Leave a Reply

Your email address will not be published. Required fields are marked *