തന്റെ ദേഹത്തേക്ക് തളർന്നു വീണ് ആലസ്യത്തിൽ മയങ്ങിപ്പോയ ഹരീഷിനെ നീതു പതുക്കെ തള്ളി മാറ്റാൻ ശ്രമിച്ചു. അയാൾ അവളുടെ നെറുകയിൽ ഒരു ഉമ്മ കൊടുത്ത ശേഷം അവളിൽ നിന്നും മാറി മെത്തയിലേക്ക് ചെരിഞ്ഞു വീണു. ഒപ്പം ഒരു കൈകൊണ്ടു അവളെ നെഞ്ചോട് ചേർത്തു പിടിച്ചു. കുറച്ചു നേരത്തിനു ശേഷം ഹരീഷ് ചെറുതായി കൂർക്കം വലിക്കുന്നത് കേട്ട് അയാൾ നല്ല ഉറക്കം ആയി എന്ന് നീതുവിനെ മനസ്സിലായി. അവൾ തലയിണയ്ക്കടിയിൽ നിന്നും ഫോണെടുത്തു.
രണ്ട് മിസ്സ്ഡ് കാളുകളും
വാട്സ്ആപ്പിൽ മെസ്സേജുകളും ഉണ്ട്. അവളതു തുറന്നു നോക്കി മറുപടി ടൈപ്പ് ചെയ്തു.
ഹരീഷ് ഉറങ്ങിയതേ ഉളളൂ മഹീ! അയച്ചതും അത് കാത്തിരുന്നത് പോലെ മറുപടി വന്നു.
ഓഹ്,, അവളുടെ ഒരു കരീഷ്, നിന്നോട് ഞാൻ പലവട്ടം പറഞ്ഞതല്ലേ കളഞ്ഞിട്ടു വരാൻ !
മഹീ, പറയാൻ എളുപ്പമാ, നിന്റെ കൂടെ ജീവിക്കാൻ ആഗ്രഹം ഇല്ലാഞ്ഞിട്ടല്ല, ഞാൻ പറഞ്ഞില്ലേ ഹരീഷ് തൊടുമ്പോൾ പോലും എന്റെ മനസ്സിൽ നീയാ.അത്രയ്ക്കും നിന്നെ ഞാൻ സ്നേഹിക്കുന്നുണ്ട്. പിന്നെ ഒരു കൊച്ചും ഉണ്ടായിപ്പോയില്ലേ?
അതൊന്നും സാരമില്ല, കൊച്ചിനേം ഞാൻ നോക്കിക്കോളാമെന്നു പറഞ്ഞല്ലോ.
അതല്ല മഹീ, നീ ആലോചിച്ചു നോക്ക്, വെറുതെ ഞാൻ നിന്റെ കൂടെ ഇറങ്ങി വന്നാൽ ആരും നമ്മളെ സപ്പോർട്ട് ചെയ്യില്ല. ഇനി ഡിവോഴ്സ് ചെയ്യാമെന്ന് വച്ചാൽ കാര്യമായ കാരണങ്ങൾ ഒന്നുമില്ലാതെ കോടതി അതനുവദിക്കില്ല.
അപ്പോൾ എന്നും കുന്നുമിങ്ങനെ വല്ലപ്പോഴും കണ്ടും മെസ്സേജ് അയച്ചും മതിയോ? എന്റൊപ്പം ജീവിക്കണ്ടേ മോളെ നിനക്ക്? എനിക്ക് നീയില്ലാതെ പറ്റില്ല. നീ അവന്റെ കൂടെയുള്ള ഓരോ നിമിഷവും, എനിക്കതോർക്കുന്നത് പോലും ഇഷ്ടമല്ല.
നീ തന്നെ ഒരു വഴി പറ മഹീ, ഹരീഷിനെ എങ്ങനെയും ഒഴിവാക്കിയേ പറ്റൂ,
ഒരു വഴി ഉണ്ട്, നീ ഒന്ന് കണ്ണടയ്‌ക്കേണ്ടി വരും.
എന്താ, പറ മഹി?
അതായതു ആളുകൾ നിന്നെ കുറ്റപ്പെടുത്താൻ പാടില്ല, അവനെ ഒട്ടു വെറുക്കുകയും വേണം. അതല്ലേ നിനക്കു വേണ്ടത്?
അതേ,, ആ തക്കത്തിൽ വേണം നമ്മുക്ക് ഈ നാട്ടിൽ നിന്നെ പോകാൻ.
നിന്റെ ഇഷ മോൾക്ക് ഇപ്പൊ എത്ര വയസ്സായി?
അവൾക്കു 6 വയസ്സായി.
മ്മ്, മോളെ വച്ചു നമ്മുക്ക് ഒരു കളി കളിക്കാം, ഞാൻ വിശദമായി പറയാം നീ ഫോണും കൊണ്ട് ടോയ്‌ലെറ്റിലേക്കു ചെന്നിട്ടു എന്നെ വിളിക്ക്.
ശെരി. ടൈപ്പ് ചെയ്തയച്ചിട്ടു അവൾ ടോയ്‌ലറ്റിലേക്കു പോയി.
നാല് ദിവസങ്ങൾക്കു ശേഷമുള്ള ഒരു ഞായറാഴ്ച്ച , ഊണ് കഴിഞ്ഞു ഹരീഷും ഇഷ മോളും മയക്കത്തിലാണ്. അവളെ നെഞ്ചിൽ കിടത്തിയാണ് ഹരീഷ് ഉറങ്ങുന്നത്. അവജ്ഞയോടെ അത് നോക്കി നിന്ന ശേഷം നീതുവും സൈഡിലായി വന്നു കിടന്നു. ഉറക്കം എണീറ്റ ശേഷം ഇഷയേ കുളിപ്പിക്കാനായി നീതു കുളിമുറിയിലേക്ക് കൂട്ടികൊണ്ട് പോയി.
കുളിമുറിയിൽ നിന്നും ഇഷ മോളുടെ പതിവില്ലാത്ത കരച്ചിൽ കേട്ടാണ് ഹരീഷ് ഉണർന്നത്.
നീതു, നീതു… വാതിൽ തുറക്ക്,, മോളെന്തിനാ കരയുന്നത്?
ഹരീഷേട്ടാ, മോൾക്ക് മൂത്രമൊഴിക്കാൻ പറ്റുന്നില്ല, ഭയങ്കര വേദന ആണെന്ന് പറഞ്ഞു കരയുന്നു.
യൂറിനറി ഇൻഫെക്ഷൻ ആയിരിക്കും, ഇവള് വെള്ളം കുടിക്കുന്നില്ലേ നന്നായി? എന്തായാലും വാ ഒന്ന് ഹോസ്പിറ്റലിൽ കൊണ്ട് കാണിക്കാം.
വേണ്ട, ഞാൻ കൊണ്ടുപൊക്കോളാം. ഹരീഷേട്ടന് ഇന്ന് ക്രിക്കറ്റ് കളി ഉള്ളതല്ലേ? നിങ്ങൾ പൊയ്ക്കോ.
ശരി, എങ്കിൽ താമസിക്കാതെ പോയിട്ട് വാ,,
ഇഷ മോളെ, അച്ഛന്റെ പൊന്ന് കരയണ്ട കേട്ടോ, ഡോക്ടറങ്കിളുടെ അടുത്തൂന്ന് മരുന്ന് വാങ്ങി വന്നാൽ മതി. അച്ചൻ വരുമ്പോൾ ഐസ്ക്രീം കൊണ്ട് വരാം.
കുട്ടി കാലുകൾ കൂട്ടിപിണച്ചു കരഞ്ഞു നിന്നതല്ലാതെ ഒന്നും മിണ്ടിയില്ല.
ഹരീഷ് കളിയ്ക്കാനായി ഗ്രൗണ്ടിലേക്കും നീതു ഇഷമോളെയും കൊണ്ട് ആശുപത്രിയിലേക്കും പോയി.
പോകുന്ന വഴിയിൽ ഓട്ടോയിലിരുന്നു അവൾ വാട്ടസ്ആപ് തുറന്നു.
മഹീ, ഇതുവരെ എല്ലാം ഓക്കേ ആണ്. ഞങ്ങൾ ആശുപത്രിയിലേക്ക് പോകാൻ ഇറങ്ങി.
ഓക്കേ, പറഞ്ഞതെല്ലാം ഓർമ്മ ഉണ്ടല്ലോ, അത് പോലെ വേണം എല്ലാവരോടും പറയാൻ.
ശെരി!
യൂറിനറി ഇൻഫെക്ഷൻ എന്ന് പറഞ്ഞാണ് നീതു കുട്ടിയെ ഡോക്ടറെ കാണിച്ചത്. നീതു പറഞ്ഞത് കേട്ടും കുട്ടിയുടെ ശാരീരിക ബുദ്ധിമുട്ടും കണ്ട് ഡോക്ടർ വിശദമായ പരിശോധന ആവശ്യമാണെന്ന് അറിയിച്ചു. പരിശോധന കഴിഞ്ഞു വളരെ വിഷണ്ണൻ ആയാണ് ഡോക്ടർ നീതുവിന്റെ മുൻപിൽ എത്തിയത്.
നീതു, എനിക്കിത് എങ്ങനെ നിങ്ങളോട് പറയണം എന്നറിയില്ല. പക്ഷെ പറയാതിരിക്കാനും വയ്യ. നിങ്ങളുടെ മകൾ ലൈംഗീകാതിക്രമത്തിന് ഇരയായിട്ടുണ്ട് . കുട്ടിയുടെ പ്രൈവറ്റ് ഏരിയയിലൊക്കെ മുറിവുകളുണ്ട്.ചെറിയ തോതിൽ ബ്ലീഡിങ് ഉം ഉണ്ട്.
അയ്യോ,, എന്റെ മോളേ,, നീതു ഒരു നിലവിളിയോടെ നിലത്തേക്ക് കുഴഞ്ഞിരുന്നു.
ഞങ്ങൾ പോലീസിൽ അറിയിച്ചിട്ടുണ്ട്. പിന്നെ കുട്ടിയോട് കൗൺസിലർ സംസാരിച്ചപ്പോൾ അച്ഛനാണ് ഉപദ്രവിച്ചത് എന്നാണ് പറയുന്നത്.
അത് കൂടി കേട്ടപ്പോഴേക്കും ഹൃദയം തകർന്ന പോയത് പോലെ നീതു അലമുറയിട്ട് കരഞ്ഞു. ആശുപത്രിയിൽ ഉണ്ടായിരുന്നവരും നഴ്സുമാരും ചുറ്റിനും കൂടി അവളെ ആശ്വസിപ്പിക്കാൻ ശ്രമിച്ചു കൊണ്ടിരുന്നു.
ഞായറാഴ്ച ആയിരുന്നത് കൊണ്ട് ഗ്രൗണ്ടിൽ നിറയെ ആളുകൾ ഉണ്ടായിരുന്നു. ഹരീഷും കൂട്ടുകാരും എല്ലാ ഞായറാഴ്ചയും പതിവായി ക്രിക്കറ്റ് കളിക്കാൻ എത്താറുള്ളതാണ്. ഹരീഷ് നല്ലൊരു ബൗളർ ആണ്. അവസാന ഓവറിൽ മൂന്ന് പന്തുകൾ കൂടി ബാക്കി ഉള്ളപ്പോൾ ആണ് ഗ്രൗണ്ടിലേക്ക് പോലീസ് ജീപ്പ് ഇരച്ചെത്തിയത്.
ആളുകൾ ആരവം നിർത്തി നിശബ്ദരായി. എസ് ഐ. കാർത്തിക് ഗൗരവത്തോടെ ഹരീഷിന് മുന്നിലേക്ക് വന്നു.
വന്നു ജീപ്പിൽ കയറെടാ,,
സാറെ, എന്നോടാണോ ? പോലീസിന് ആള് മാറിയതാകുമെന്ന് കരുതി ഹരീഷ് പിന്നിലേക്കും സൈഡിലേക്കും നോക്കി.
നീ തന്നെ, ഞങ്ങൾക്ക് പണി ഉണ്ടാക്കാതെ വന്നു കയറെടാ!
ഹേയ്,, നിങ്ങൾക്ക് ആള് തെറ്റിയതാ, ഞാൻ ഒരു ബാങ്ക് ഉദ്യോഗസ്ഥൻ ആണ്.
എസ് ഐ, ഹരീഷിന്റെ ചെവി കൂട്ടി ഒരൊറ്റ അടി കൊടുത്തു.
പന്ന*****പൊ ***മോനേ. സ്വന്തം കൊച്ചിനെ പീഡിപ്പിച്ചിട്ടു നീ ക്രിക്കറ്റ് ഒണ്ടാക്കാൻ വന്നേക്കുന്നോ?
അടിയേറ്റ് ചെവിയിൽ നിന്നും ഒരു മൂളൽ പോലെ തോന്നിയത് കൊണ്ട് എസ് ഐ പറഞ്ഞത് ഹരീഷ് ശരിയായി കേട്ടില്ല. അവൻ പതറി പതറി ചുറ്റും നോക്കി.
പോക്സോ കേസാണ്, വെറും ആറു വയസ്സുള്ള സ്വന്തം കൊച്ചിനെ പീഡിപ്പിച്ചവനാ… ഹരീഷിന്റെ ജേഴ്സിയുടെ കഴുത്തിൽ കൂട്ടിപ്പിടിച്ചു പോലീസ് ജീപ്പിലേക്കു വലിച്ചു കൊണ്ട് പോയി..
കേട്ടത് വിശ്വസിക്കാൻ ആവാതെ ഹരീഷ് നടുങ്ങിപ്പോയി. കൂടി നിന്നവർക്ക് ആർക്കും കേട്ടത് സത്യമാണെന്നു കരുതാൻ കഴിയുന്നില്ലായിരുന്നു. അപ്പോഴേക്കും സമൂഹ മാധ്യമങ്ങളിൽ വാർത്ത വന്നു തുടങ്ങി.
ഹരീഷിന്റെ ഫോട്ടോയും വാർത്തയും നിമിഷങ്ങൾക്കകം വൈറൽ ആയി.
സാറെ, എനിക്കറിയില്ല, എന്റെ പൊന്നു മോളാ, ഞാൻ എന്റെയീ നെഞ്ചിലിട്ടു വളർത്തുന്ന കുഞ്ഞാ സാറെ, അങ്ങനൊന്നും ചിന്തിക്കാൻ പോലും കഴിയില്ല. ജീപ്പിലിരുന്നു ഹരീഷ് വാവിട്ടു കരഞ്ഞു.
എടാ ഇങ്ങനത്തെ കേസിൽ എല്ലാവരും ഇതൊക്കെ തന്നെയാ പറയുന്നത്. നിന്റെ കുഞ്ഞ് തന്നെയാ ഡോക്ടറോടും പോലീസിനോടും നീയാണത് ചെയ്തത് എന്ന് മൊഴി കൊടുത്തത്.
ഹരീഷ് ഒരിക്കലും പ്രതീക്ഷിക്കാത്തത് ആണ് ഇപ്പോൾ കേട്ടത്. അതിന്റെ ഞെട്ടലിൽ അവൻ നിശബ്ദനായി തല കുമ്പിട്ടിരുന്നു. കണ്ണുകളിൽ നിന്നും ചൂടു ലാവ പോലെ കണ്ണീർ കുതിച്ചു ചാടി ജീപ്പിന്റെ പ്ലാറ്റ്ഫോമിലേക്ക് വീണു ചിതറി .
തന്റെ ജീവിതം ഒറ്റ ദിവസം കൊണ്ട് മാറി മറിഞ്ഞുവെന്നു അവന് മനസ്സിലായി. ആരാണീ ചതിക്കു പിന്നിലെന്നു അവനു എത്ര ചിന്തിച്ചിട്ടും മനസ്സിലായില്ല. പാവം നീതു തന്നെ വിശ്വസിക്കും, അവളല്ലാതെ ആരാ തന്നെ മനസ്സിലാക്കാൻ, അത് മതി തനിക്കു, അത് മാത്രം മതി.
ജീപ്പ് സ്റ്റേഷനിലേക്ക് എത്തിയതും കാത്തു നിന്ന മാധ്യമപടയും ആളുകളും അവരെ പൊതിഞ്ഞു. പോലീസ്കാർ കൂട്ടം ചേർന്നു കൈ കോർത്തു പിടിച്ചു സംരക്ഷണം ഒരുക്കി ഹരീഷിനെ വളരെ വേഗത്തിൽ ഉള്ളിലേക്ക് കൊണ്ടുപോയി. ആളുകൾ അവനെ തല്ലാനായി ആക്രോശിച്ചു. ചോദ്യം ചെയ്യലിൽ ഹരീഷ് കുറ്റം സമ്മതിച്ചില്ല. പിറ്റേന്ന് ഹരീഷിനെ കോടതിയിൽ ഹാജരാക്കി. ജീപ്പിൽ നിന്നു ഇറങ്ങിയതേ വരാന്തയിൽ നീതു നിൽക്കുന്നത് ഹരീഷ് കണ്ടു. അവളുടെ സമീപം എത്തിയതും രണ്ടാളുടെയും കണ്ണുകൾ തമ്മിലിടഞ്ഞു.
നീതു മോളെ,, ഞാൻ..
വിളിക്കരുത് നിങ്ങളെന്നെ! അവൾ കത്തുന്ന കണ്ണുകളോടെ അയാൾക്ക് നേരെ കൈ ചൂണ്ടി.
ഇതായിരുന്നല്ലേ നിങ്ങള്ക്ക് മോളോടുള്ള സ്നേഹം? ഇതായിരുന്നല്ലേ മനസ്സിൽ? ഇത്രയ്ക്കും നീചൻ ആണെന്ന് ഞാൻ അറിഞ്ഞില്ല. ഇത്തിരിയില്ലാത്ത എന്റെ കുഞ്ഞിനെ നിങ്ങൾ….
നീതു പൊട്ടിക്കരഞ്ഞു കൊണ്ട് മുഖം പൊത്തി.
ഹരീഷിന്റെ മനസ്സിലെ പ്രതീക്ഷ പാടേ തകർന്ന് പോയി.നീതു എങ്കിലും തന്നെ വിശ്വസിക്കുമെന്നാണ് കരുതിയത്
അയാൾ തല കുനിച്ചു കൊണ്ട് പോലീസ്കാരെ അനുഗമിച്ചു. കോടതി ഹരീഷിനെ 14 ദിവസത്തെ റിമാൻഡിനു വിട്ടു.
ചോദ്യം ചെയ്യലിൽ നിന്നും ഹരീഷിന്റെ പെരുമാറ്റം കണ്ടും മിക്ക ദിവസങ്ങളിലും പൊട്ടിക്കരയുന്നതും കണ്ട എസ് ഐ കാർത്തിക്കിന് ഇതൊരു കള്ളക്കേസ് ആണോ എന്ന് സംശയം തോന്നിതുടങ്ങി. കാരണം പോലീസ്‌കാരെ സംബന്ധിച്ച് അവർ നിത്യേന ക്രിമിനലുകളായ ആളുകളെ കാണുകയും ഇടപഴകുകയും ചെയ്യാറുണ്ട്. കുറ്റവാളികളുടെ മനോനിലയെക്കുറിച്ച് ധാരണയും ഉണ്ട്. ഈ കേസിനെക്കുറിച്ച് കൂടുതൽ വിശദമായി അന്വേഷിക്കാൻ അയാൾ തീരുമാനിച്ചു.
കാർത്തിക് ഹരീഷിന്റെ വീട്ടിൽ എത്തുമ്പോൾ മുറ്റത്തു ഒരു ബൈക്ക് ഉണ്ടായിരുന്നു. അതിന്റെ രെജിസ്ട്രേഷൻ അയൽജില്ലയിലെ ആർ ടി ഓ ഓഫീസിന്റെ പരിധിയിൽ ഉള്ളതാണെന്ന് അദ്ദേഹം നിരീക്ഷിച്ചു. കോളിങ് ബെൽ അടിച്ചതും നീതു ഇറങ്ങി വന്നു.
കാർത്തിക്കിനെ കണ്ടു അവളൊന്നു പരുങ്ങി.
ഇതാരുടേയാ ബൈക്ക്?
അത് ആ ദുഷ്ടന്റെ ആണ് സാറേ,
മ്മ്, നിങ്ങളുടെ കുട്ടിയെവിടെ? എനിക്ക് കുട്ടിയോട് ഒന്ന് സംസാരിക്കണം.
സാറെ അത്,, അവളാകെ പേടിച്ചാണ് ഉള്ളത്. പോലീസിനെ കണ്ടാൽ…
അത് സാരമില്ല, കുട്ടിയെ വിളിക്കൂ കേസിന്റെ ആവിശ്യത്തിനാണ്.
നീതു അകത്തേക്ക് പോയി ഇഷ മോളെ കൂട്ടിക്കൊണ്ട് വന്നു. കണ്ണുകൾ താഴ്ത്തി, പ്രസരിപ്പ് നഷ്ട്ടപ്പെട്ടു വളരെ പതുക്കെ ആ കുഞ്ഞ് കാർത്തിക്കിന് മുന്നിലെത്തി.
മോളെ, ദാ അങ്കിൾ മോൾക്ക് ചോക്ലേറ്റ് കൊണ്ട് വന്നിട്ടുണ്ട്. കാർത്തിക് കയ്യിൽ കരുതിയ മഞ്ച് കുട്ടിക്ക് നേരെ നീട്ടി. അവളതിലേക്കു ഒന്ന് നോക്കിയതിനു ശേഷം വേണ്ടെന്നു തലയാട്ടി.
ശെരി മോൾക്ക് വേണ്ടെങ്കിൽ വേണ്ട, അങ്കിൾ ഒരു കാര്യം ചോദിച്ചാൽ മോള് സത്യം പറയുമോ?
കുട്ടി വീണ്ടും തലയാട്ടി.
ശെരി, മോൾക്ക് അച്ഛനെ ഇഷ്ടമാണോ?
അത് കേട്ടതും കുട്ടി കരയാൻ തുടങ്ങി. ഹേയ്,, മോളെ,, പേടിക്കണ്ട,, അങ്കിൾ വെറുതെ ചോദിച്ചതാ.. സാരമില്ല പോട്ടെ, കാർത്തിക് അവളുടെ തലയിൽ തലോടി.
ഒരു വിങ്ങിപ്പൊട്ടലിന് ശേഷം ഇഷമോൾ കാർത്തിക്കിന്റെ കയ്യിൽ പിടിച്ചു.
മോൾക്ക് അച്ഛനെ കാണാൻ പറ്റുമോ? അച്ഛൻ ചീത്തയാണെന്ന് അല്ലിയും അമ്പാടിയുമൊക്കെ പറഞ്ഞു. അവരാരും എന്നോട് മിണ്ടുന്നില്ല. ഇങ്ങോട്ട് കളിക്കാനും വരില്ല. മോൾടെ അച്ഛൻ ചീത്തയല്ല, പാവമാ.
അത് കേട്ടതും കാർത്തിക്കിന്റെ കണ്ണുകൾ വിടർന്നു.
അയാൾ പ്രതീക്ഷിച്ചതു തന്നെ ആയിരുന്നു കുട്ടി പറഞ്ഞത്.
ഹരീഷ് ആണ് ഉപദ്രവിച്ചത് എങ്കിൽ കുട്ടി ഒരിക്കലും ഇങ്ങനെ പറയില്ല. കാർത്തിക്ക് പെട്ടെന്ന് ഫോണെടുത്തു റെക്കോർഡർ ഓൺ ആക്കി പോക്കറ്റിൽ ഇട്ടു.
മോൾടെ അച്ഛനെ ആരും ഒന്നും ചെയ്യില്ല. മോള് വിചാരിച്ചാലേ അച്ഛനെ ഇനി കാണാൻ പറ്റൂ, മോൾക്ക് കാണണ്ടേ അച്ഛനെ?
മ്മ്, കാണണം.
എന്നാൽ പറ, അച്ഛൻ ആണോ മോളെ ഉപദ്രവിച്ചത്?
അല്ല,, മഹി അങ്കിളാ,, അങ്കിൾ ചീത്തയാ, മോളെ മുറിയിൽ പൂട്ടി ഇവിടേം ഇവിടേം ഒക്കെ പിടിച്ചു. വേദനിച്ചു കരഞ്ഞപ്പോൾ മോൾടെ വായിൽ തുണി കയറ്റി വെച്ചു. കുട്ടി നെഞ്ചിലും അരയിലും തൊട്ട് കാണിച്ചു കൊണ്ട് പറഞ്ഞപ്പോൾ കാർത്തിക്കിന്റെ ഉള്ളിലും ഭാരം നിറഞ്ഞു.
എന്നിട്ടോ?
എന്നിട്ട് അമ്മയും മഹി അങ്കിളും പറഞ്ഞു ആരു ചോദിച്ചാലും അച്ഛനാ മോളെ ഇങ്ങനെയൊക്കെ ചെയ്തേ എന്ന് പറയണം എന്ന്. മഹി അങ്കിൾ കൊറേ ടോയ്‌സ്സും പാവയും ഉടുപ്പും സ്വീറ്റ്സുമൊക്കെ വാങ്ങിതന്നു. അച്ഛനാ ന്നു പറഞ്ഞാ ഇനീം വാങ്ങിതരുമെന്ന് പറഞ്ഞു.
മതി മോളെ,, അങ്കിൾ മോൾടെ അച്ഛനെ കാണിച്ചു തരാട്ടോ.
തിരികെ സ്റ്റേഷനിൽ എത്തിയ കാർത്തിക് നേരെ ലോക്കപ്പിൽ കിടക്കുന്ന ഹരീഷിനെ കണ്ടു. കുറച്ചു നേരം സഹതാപത്തോടെ നോക്കി നിന്ന ശേഷം നിലത്തു കിടക്കുകയായിരുന്ന ഹരീഷിനെ വിളിച്ചു. വീട്ടിലെ മുറ്റത്തു കണ്ട ബൈക്കിന്റെ ഫോട്ടോ കാണിച്ചു ഇത് സ്വന്തമാണോ എന്ന് ചോദിച്ചു. തനിക്കു ബൈക്ക് ഇല്ല എന്ന് ഹരീഷ് മറുപടി കൊടുത്തു.
സോറി ഹരീഷ്, താങ്കളെ തെറ്റിദ്ധരിച്ചതിൽ ക്ഷമിക്കണം.
കാർത്തിക്കിൽ നിന്നും എല്ലാ വിവരങ്ങളും അറിഞ്ഞ ഹരീഷ് കരഞ്ഞില്ല. അവന്റെ മുഖത്ത് നിസ്സംഗത നിറഞ്ഞു നിന്നു.
അൽപ്പനേരത്തിനു ശേഷം “എന്റെ മോളെ എനിക്ക് വേണം സാർ” എന്നു മാത്രം പറഞ്ഞു. കേട്ടതൊക്കെ മനസ്സിനെ പറഞ്ഞു പഠിപ്പിക്കാൻ ആണ് അവനത്രയും സമയമെടുത്തത് എന്ന് കാർത്തിക്കിന് തോന്നി. ഹൃദയത്തോട് ചേർത്തു നിർത്തിയവൾ തന്നെ അടിമുടി തകർത്തു കളയാൻ പ്രയോഗിച്ച മാർഗ്ഗം ഓർത്തപ്പോൾ അവൻ തകർന്നു പോയിരുന്നു.
ഇഷമോൾ കാർത്തിക്കിനോട് എല്ലാം പറഞ്ഞത് അറിഞ്ഞു കുട്ടിയെ വീട്ടിൽ ഉപേക്ഷിച്ചു മഹിയും നീതുവും ബൈക്കിൽ കടന്നു കളയാൻ ശ്രമിച്ചു.
എന്നാൽ റെയിൽവേ സ്റ്റേഷനിൽ വെച്ചു പോലീസ് അവരെ അറസ്റ്റ് ചെയ്തു. ഹരീഷിനെതിരെ മാധ്യമവിചാരണ നടത്തിയവർ എല്ലാം അവർക്കു നേരെ തിരിഞ്ഞു. സമൂഹമാധ്യമങ്ങളിൽ “ജസ്റ്റിസ് ഫോർ ഹരീഷ് ” എന്ന ടാഗ് ലൈനിൽ വൈറൽ പോസ്റ്റുകൾ പിറന്നു. കോടതി ഹരീഷിനെ കുറ്റവിമുക്തനാക്കി. ഒരു സംശയത്തിന്റെ പേരിൽ കേസിൽ പ്രത്യേക താല്പര്യം എടുത്ത് അന്വേഷണം നടത്തി ശരിയായ പ്രതികളെ കണ്ടെത്തിയ എസ്. ഐ കാർത്തിക്കിനെ കോടതി അഭിനന്ദിച്ചു. പോക്സോ കേസിനും ഗൂഡാലോചനയ്ക്കും സ്വന്തം മകളെ പീഡിപ്പിക്കാൻ അനുവദിച്ചതിനും വ്യാജ പരാതി നൽകി കോടതിയെ തെറ്റിദ്ധരിപ്പിച്ചതിനും നീതുവിനും മഹിക്കും 10 വർഷം കഠിന തടവും ഒരുലക്ഷം രൂപ വീതം പിഴയും കോടതി ശിക്ഷ വിധിച്ചു. പിഴ അടയ്ക്കാത്ത പക്ഷം ഒരു വർഷം അധിക തടവിനും വിധിയായി.
കയ്യിൽ വിലങ്ങു വെച്ചു വനിതാ പോലീസിനൊപ്പം നടന്നു പോവുന്ന നീതുവിന്റെ അടുത്തേക്ക് ഹരീഷ് മോളെയും കൂട്ടി ചെന്നു.
നീ ആഗ്രഹിച്ച ജീവിതം ഇപ്പോൾ നിനക്കു കിട്ടിയല്ലോ അല്ലേ? അയാളെ അഭിമുഖീകരിക്കാനാവാതെ നീതു മുഖം കുനിച്ചു പിടിച്ചു.
ഹരീഷ് ഇഷ മോളെ ചേർത്ത് പിടിച്ചു മഹിയെയും നീതുവിനെയും കയറ്റിയ പോലീസ് വാഹനങ്ങൾ അകന്നു പോകുന്നതും നോക്കി കോടതി മുറ്റത്തു നിന്നു.
സാർ, ഇപ്പോൾ എന്താണ് തോന്നുന്നത്?
മുഖത്തേക്ക് നീണ്ടു വന്ന ചാനൽ മൈക്കുകളെയും മൊബൈൽ ഫോണുകൾ പിടിച്ച കൈകളെയും അവഗണിച്ചു അയാൾ മകളെയും കൊണ്ട് അവർ മാത്രമായുള്ളൊരു ജീവിതത്തിലേക്ക് നടന്നു നീങ്ങി.
✍️Soumya Sabu
