“ഒരു ഭർത്താവിൻ്റെ അധികാരമോ അവകാശമോ നിന്നോടു ഞാൻ കാണിക്കില്ല, അതുപോലെ തന്നെയാവണം എന്നോട് നീയും… ഞാൻ നിൻ്റെ ഭർത്താവാണ് എന്ന രീതിയിൽ എന്നോട് പെരുമാറുകയോ അടുക്കാൻ ശ്രമിക്കുകയോ ചെയ്യരുത്…. ഒരു
വീട്ടിൽ താമസിക്കുന്ന രണ്ട് പരിചയക്കാർ മാത്രമായിരിക്കണം നമ്മളിവിടെ… മനസ്സിലായോ…?
വരുൺ യാതൊരു ദേഷ്യമോ ഗൗരവമോ ഇല്ലാതെ തികച്ചും സാധാരണ എന്ന പോലെ മീരയോട് ചോദിച്ചതിന് മനസ്സിലായ് എന്നർത്ഥത്തിലൊന്ന് തലയിളക്കി മീര
അതല്ലെങ്കിലും അങ്ങനെയാണ്.. വരുണിനു മുമ്പിൽ അവളുടെ ശബ്‌ദം അധികം ആരും കേൾക്കാറില്ല… അതിനി അവനെ ഭയന്നാണോ അതോ അവനിടുന്ന കാക്കിയെ ഭയന്നാണോ എന്നതിനൊരു ഉത്തരം വരുണിനും അറിയില്ല…
“എനിയ്ക്കൊന്ന് സ്റ്റേഷനിൽ പോവണം.. രണ്ട് കീ ഉണ്ട് ഈ വീടിന്… ഒന്ന് തൻ്റെ കയ്യിൽ വെച്ചോ…”
പറയുന്നതിനൊപ്പം കീ ഹോൾഡറിൽ നിന്നൊരു കീ എടുത്ത് മീരയ്ക്ക് നൽകി തൻ്റെ ബാഗും ചുമലിലിട്ട് മുറിയ്ക്ക് നേരെ നടന്ന വരുൺ പെട്ടന്ന് തിരിഞ്ഞ് ഹാളിൽ നിൽക്കുന്ന മീരയെ നോക്കി….
“ഇതാണ് ഞാനുപയോഗിക്കുന്ന മുറി… താൻ ദാ ആ മുറി എടുത്തോ…”
മീര നിൽക്കുന്നതിനടുത്തായുള്ള മുറി കൈ ചൂണ്ടി കാണിച്ചു കൊടുത്തവൻ തൻ്റെ മുറിയിലേക്ക് കയറുമ്പോഴും നിന്ന അതേ ഇടത്ത് നിൽപ്പുണ്ട് മീര…
ധരിച്ചിരുന്ന ഡ്രസ് മാറി പോലീസ് യൂണിഫോം ധരിച്ച് വരുൺ മുറിയിൽ നിന്ന് വേഗത്തിൽ പുറത്തേയ്ക്ക് ഇറങ്ങുബോഴും മീര നിന്ന അതേ ഇടത്ത് തന്നെ നിൽക്കുന്നത് കണ്ട് അമ്പരന്നു വരുണൊന്ന്… അവളോട് എന്തോ ചോദിക്കാൻ ആഞ്ഞവനെങ്കിലും നിശബ്ദം തന്നെ നോക്കി നിൽക്കുന്നവളെ അറിഞ്ഞ് ഒന്നും മിണ്ടാതെ വേഗത്തിൽ വീടിനു പുറത്തിറങ്ങിയവൻ…
അകന്നു പോവുന്ന വരുണിൻ്റെ ബുള്ളറ്റിൻ്റെ ശബ്‌ദമറിഞ്ഞ് ഒന്നു നിശ്വാസമുതിർത്തു മീര
അത്ര നേരവും പിടിച്ചു വച്ചിരുന്ന ശ്വാസം അവൾ അയച്ചുവിട്ടത് അപ്പോൾ മാത്രമാണ്
സിഐ വരുൺ പ്രകാശ്… തൻ്റെ ഭർത്താവ്… ഒന്നുകൂടി വ്യക്തമാക്കിയാൽ തൻ്റെ അമ്മാവൻ്റെ മകൻ… മുറചെറുക്കൻ.. തങ്ങളുടെ കല്യാണമായിരുന്നു ഒരാഴ്ച മുമ്പ്…
കുഞ്ഞുനാളിലെപ്പോഴോ വീട്ടുകാർ പറഞ്ഞുറപ്പിച്ചു വെച്ചിരുന്നൊരു കാര്യം അവർ നടത്തി എടുത്തു എന്നതിനപ്പുറം തങ്ങൾ രണ്ടു പേർക്ക് ഒന്നിച്ച് ജീവിതം പങ്കുവെക്കാൻ ഇഷ്ടമാണോ താൽപര്യമുണ്ടോ എന്നൊന്നും തന്നോടാരും ഈ നിമിഷംവരെയും ചോദിച്ചിട്ടില്ല…ആളോട് ചോദിച്ചോ എന്നും ആളുടെ മറുപടി എന്തായിരുന്നുവെന്നും തനിക്കറിയില്ല… ആകെ അറിയുന്നത് ഒന്നാണ് തന്നെ ഭാര്യയായ് അംഗീകരിക്കാൻ കഴിഞ്ഞിട്ടില്ല വരുണേട്ടന്.. വിവാഹം കഴിഞ്ഞ നാൾ മുതൽ ഈ നേരംവരെയുള്ള തന്നോടുളള പുള്ളിയുടെ പെരുമാറ്റത്തിൽ നിന്നും അകൽച്ചയിൽ നിന്നും അവളത് മനസ്സിലാക്കിയിട്ടുണ്ട്…
മീര കാണുന്ന നാൾ മുതൽ ഗൗരവക്കാരനാണ് വരുൺ.. അധികം സംസാരങ്ങളില്ലാത്ത കളിതമാശകളില്ലാത്ത ആൾക്ക് ചേരുന്ന ജോലി തന്നെയാണ് കിട്ടിയതെന്ന് പറഞ്ഞ് ബന്ധുകൾ കളിയാക്കി ചിരിക്കുമ്പോൾ അവരിലൊരാളായ് കൂടുമായിരുന്നു മീരയും.. അന്നൊന്നും ആ ഗൗരവക്കാരൻ തനിയ്ക്ക് ഭർത്താവായ് വരുമെന്നവൾ സ്വപ്നം കൂടി കണ്ടിരുന്നില്ല …
“എന്നെ ഇഷ്ടമില്ലായിരുന്നെങ്കിൽ ഇയാൾക്കീ കല്യാണം വേണ്ടാന്ന് വെച്ചാൽ മതിയായിരുന്നില്ലേ … ഇത് ചുമ്മാ കെട്ടി വീട്ടിൽ നിന്ന് ജോലിസ്ഥലത്തേയ്ക്ക് കൊണ്ടു വന്നിട്ട്
ഭർത്താവായിട്ട് കാണരുത് പെരുമാറരുത് എന്നെല്ലാം പറഞ്ഞ് ഇറങ്ങിയങ്ങ് പോയാൽ ബാക്കിയുള്ളവരെന്താണ് ചെയ്യേണ്ടത് ….ഇവിടെ തലകുത്തി നിൽക്കണോ…?
വരുൺ പോയി അല്പംകഴിഞ്ഞതും തൻ്റെ ഫോമിലെത്തി മീര… അവൾക്കിങ്ങനെ മിണ്ടാതെ അടങ്ങിയൊതുങ്ങി ഇരിക്കുന്നതൊന്നും ഇഷ്ടമേ അല്ല… എപ്പോഴും ആൾക്കൂട്ടത്തിനിടയിൽ തമാശകൾ പറഞ്ഞ് പൊട്ടിച്ചിരിച്ച് ജീവിതം ആസ്വദിയ്ക്കുന്ന ആഘോഷിയ്ക്കുന്ന ഒരാളാണ് മീര…
വരുൺ തനിയ്ക്ക് ചൂണ്ടികാണിച്ചു തന്ന മുറിയിലേക്ക് കയറി ഒന്നു ഫ്രഷായി മീര… അതുകഴിഞ്ഞതും വിശപ്പിൻ്റെ വിളിയെത്തി അവളെ തേടി… ശൂന്യമായ അടുക്കളയിൽ കൂടുതൽ തിരച്ചിലിനൊന്നും നിൽക്കാതെ പഴ്‌സും ഫോണുമെടുത്ത് വാതിൽ പൂട്ടിയിറങ്ങി മീര
കാണുന്നവരോടെല്ലാം ചിരിച്ചും സംസാരിച്ചും അടുത്തുള്ളൊരു ഹോട്ടലിൽ പോയി ഭക്ഷണം കഴിച്ച് മടങ്ങിയെത്തിയ മീര സത്യത്തിലൊന്നു ഞെട്ടി മുറ്റത്ത് നിർത്തിയിട്ടിരിക്കുന്ന വരുണിൻ്റെ ബുള്ളറ്റ് കണ്ട്
ഇത്ര പെട്ടന്ന് പോയി വന്നോ..?
മനസ്സിലോർത്തു കൊണ്ടവൾ അകത്തേയ്ക്ക് കടന്നതും കണ്ടു സോഫയിൽ വേഷം പോലും മാറാതെ തന്നെ നോക്കി ഇരിക്കുന്നവനെ…
“നീ എവിടെ പോയതാണ് മീരാ …?
അവളിൽ നിന്ന് നോട്ടം മാറ്റാതെയവൻ ചോദിച്ചതും അവനെ ഒന്നു നോക്കി മീര
ഈ ചോദ്യം അതേത് അവകാശത്തിലാണാവോ…?
കഴിഞ്ഞ ഒരാഴ്ച താനുമായ് യാതൊരു ബന്ധവും ഇല്ലാത്ത പോലെ പെരുമാറുകയും കുറച്ചു മണിക്കൂറുകൾക്ക് മുമ്പ് തന്നോട് ഒരു ഭർത്താവിൻ്റെ അവകാശം കാണിക്കില്ലെന്നും വെറും രണ്ട് പരിചയക്കാർ മാത്രമാണ് നമ്മളെന്നും തീർത്തു പറഞ്ഞിട്ട് പോയ ആളാണ് ഇപ്പോഴി തിരക്കുന്നത്….
വരുണിൻ്റെ ചോദ്യത്തിന് ഉത്തരം നൽകാതെ മീര ഓരോന്നും ചിന്തിച്ചു നിന്നതും അവൾക്ക് തൊട്ടു മുന്നിലെത്തി വിരൽ ഞൊടിച്ചു വരുൺ
“ഞാൻ ചോദിച്ചതു കേട്ടില്ലേ നീ …?
ദേഷ്യം കലർന്നിട്ടുണ്ടവൻ്റെ ചോദ്യത്തിൽ..താൻ വീട്ടിലാക്കി പോയവളെ തിരികെ വന്നപ്പോൾ കാണാത്തത് അവനെ ശരിയ്ക്കുമെന്ന് ഞെട്ടിച്ചിരുന്നു… അതിൻ്റെ ദേഷ്യമാണ് അവൻ്റെ ശബ്‌ദത്തിൽ
“ഞാനൊന്നു പുറത്തു പോയതാണ്….”
വരുണിൻ്റെ ചൊടിച്ചുള്ള ചോദ്യത്തിന് അവൻ്റെ മുഖത്തു പോലും നോക്കാതെ പറഞ്ഞവൾ തൻ്റെ റൂമിനു നേരെ നടന്നതും അവളുടെ ആ മറുപടിയിൽ പല്ലു കടിച്ചു ദേഷ്യം അമർത്തി വരുൺ
” ഈ വീടിനകത്ത് ഞാൻ വരുമ്പോ നീ ഇല്ലാത്തതുകൊണ്ട് തന്നെ നീ പുറത്തുപോയതാണെന്ന് എനിയ്ക്കും അറിയാം… അതെവിടെ എന്തിന് എന്നതാണ് നിന്നോടുള്ള എൻ്റെ ചോദ്യം…?
മുറിയിലേക്ക് നടക്കാൻ ആഞ്ഞവളുടെ മുന്നിൽ കയറി നിന്നു വരുൺ ദേഷ്യമൊതുക്കി വീണ്ടും ചോദിച്ചതും തികച്ചും അലസമായവനെ നോക്കി മീര
“ഞാൻ എന്തിനു പോയി എവിടെ പോയി എന്നൊക്കെ ഞാനുമായ് യാതൊരു ബന്ധവുമില്ലാത്ത വെറുമൊരു പരിചയക്കാരനായ നിങ്ങളോട് പറയേണ്ട കാര്യമെനിക്കില്ല… ഇനി ഇത് ആവർത്തിക്കരുത്… എനിയ്ക്ക് ഇഷ്ടമില്ല…”
വാക്കിലും നോക്കിലും അവനോടുള്ള പുച്ഛം ആവശ്യത്തിലധികം നിറച്ച് പറഞ്ഞ് മീര മുറിയിലേക്ക് നടന്നതും പകച്ചവളെ നോക്കി നിന്നു പോയി വരുൺ….
ഇത്തിരി എരിവു കൂടിയ കാന്താരി ആണെന്നറിയാമായി രുന്നെങ്കിലും ഇത്രയ്ക്ക് ഞാൻ പ്രതീക്ഷിച്ചില്ലെൻ്റെ മീരേ…
അവളുടെ നടത്തം കണ്ട് ഉള്ളിൽ വിടർന്ന ചിരിയോടെ ഓർത്തു വരുൺ…
“പരിചയക്കാരൊക്കെ തന്നെയാണ് നമ്മളീ വീട്ടിനകത്ത്… പക്ഷെ അത് നമ്മുക്കുള്ളിൽ മാത്രമാണ്…
ഈ വീട് വിട്ട് നീ പുറത്തേയ്ക്കിറങ്ങുമ്പോഴും ഇവിടെ എനിയ്ക്കൊപ്പം ഉള്ളപ്പോഴുമെല്ലാം മീര എന്ന നീ ഈ നാടിനും നാട്ടുകാർക്കും വീട്ടുകാർക്കുമെല്ലാം വരുൺ പ്രകാശെന്ന എന്ന എൻ്റെ ഭാര്യയാണ് നീ… ആ നീ എവിടെ പോവുന്നു എന്തു ചെയ്യുന്നു എന്നൊക്കെ ഞാനും അറിഞ്ഞിരിക്കണം…”
വല്ലാത്തൊരു അധികാര ഭാവത്തിൽ തന്നോടു സംസാരിക്കുന്നവനെ തുറിച്ചൊന്നു നോക്കി മീര
“വീടിനകത്തായാലും പുറത്തായാലും എനിയ്ക്ക് നിങ്ങൾ പരിചയക്കാരൻ മാത്രമാണ്… അങ്ങനെ മതിയെന്നു പറഞ്ഞതും നിങ്ങ ളാണ്… അതല്ലെന്ന് എനിയ്ക്ക് തോന്നാൻ മാത്രം നമ്മൾ തമ്മിലൊരു അടുപ്പമോ ബന്ധമോ ഒന്നുമില്ലല്ലോ… അതുകൊണ്ട് ഞാൻ എനിയ്ക്കിഷ്ടമുള്ളതുപോലെ ഇവിടെ ജീവിയ്ക്കും… അതു ചോദിക്കാനൊരു പരിചയക്കാരനും എൻ്റെ അടുത്തേയ്ക്ക് വരണ്ട… എനിയ്ക്കിഷ്ടമില്ല അത്….”
എന്തിനൊക്കയോ ഉള്ളിൽ വരുണിനോട് ഉയർന്നു പൊന്തുന്ന ദേഷ്യവും സങ്കടവും അതേപടി നിഴലിച്ചിരുന്നു മീരയുടെ ആ സംസാരത്തിലെങ്കിൽ തന്നോടു ദേഷ്യത്തിൽ സംസാരിക്കുന്നവളുടെ മുഖത്തു നിന്ന് ആ മുഖത്ത് വിരിയുന്ന അനേകം ഭാവങ്ങളിൽ നിന്ന് കണ്ണെടുത്തതേയില്ല വരുൺ
“എൻ്റെ ഭാര്യയാണെന്ന അധികാരവും അവകാശവും നമ്മൾ തമ്മിൽ കാണിക്കണ്ട മീരാ.. എന്നുകരുതി പുറത്ത് അതല്ല അവസ്‌ഥ… ഞാൻ കെട്ടിയ താലിയും എൻ്റെ പേരിലുള്ള സിന്ദൂരവും അണിഞ്ഞ് അങ്ങനെ തോന്നിയ പടി ഇഷ്ടത്തിന് നിനക്ക് പുറത്തിറങ്ങി ജീവിക്കാൻ പറ്റില്ല…നിൻ്റെ എല്ലാ കാര്യവും ഞാനറിയണം നീ പറഞ്ഞേ തീരൂ…”
മീരയെ വാക്കുകൾ കൊണ്ടും നോട്ടം കൊണ്ടും കൂടുതൽ ചൊടിപ്പിച്ചു വരുണെങ്കിൽ അവൻ്റെയാ സംസാരത്തിലാകെ ദേഷ്യവും സങ്കടവും നിറഞ്ഞു മീരയിൽ..
“ഈ താലി ഇട്ട് പുറത്തിറങ്ങിയാലല്ലേ ഇതൊക്കെ ഞാൻ ചെയ്യേണ്ടൂ… എനിയ്ക്ക് ഇത് വേണ്ട… നാട്ടുക്കാരെ വെറുതെ ബോധിപ്പിക്കാൻ നിങ്ങളുടെ ഒന്നും വേണ്ട എനിയ്ക്ക്….”
വാശിയോടെ പറഞ്ഞ് കഴുത്തിലെ താലിമാലയിൽ മീര കൈ വെച്ചതും ശ്വാസം നിലച്ചതു പോലവളെ നോക്കി വരുൺ… എന്നാൽ വാശിയിൽ മാലയിൽ പിടിച്ചതല്ലാതെ അതൊന്നൂരാൻ ശ്രമിച്ചതു പോലുമില്ല മീര
“എന്തേ ഊരുന്നില്ലേ…?
മാലയിൽ കൈ മുറുക്കി നിൽക്കുന്നവളുടെ കൈ മാലയിൽ നിന്ന് ബലമായ് അടർത്തി മാറ്റി വരുൺ ചോദിച്ചതും പൊട്ടികരച്ചിലോടെ നിലത്തേക്കൂർന്നു മീര…
“എനിയ്ക്കറിയാം നിങ്ങളെ ഞാൻ നിങ്ങളറിയാതെ പ്രണയിച്ചതിനും ഇഷ്ടപ്പെട്ടതിനും നിങ്ങളെന്നോട് ദേഷ്യം കാണിക്കുന്നതാണെന്ന്.
നിങ്ങൾക്കെന്നെ ഇഷ്ടമല്ലാന്നും അറിയാം എനിയ്ക്ക്… എന്നെ കെട്ടാൻ പറഞ്ഞ് ഞാൻ പുറകെയൊന്നും വന്നില്ലല്ലോ.. കെട്ടാതെ ഒഴിവായ് പൊക്കൂടായിരുന്നോ നിങ്ങൾക്ക്…?
പൊട്ടികരഞ്ഞ് പറയുന്നവളെ നിലത്തു നിന്നുയർത്തി വരുൺ തൻ്റെ നെഞ്ചോടു ചേർത്തത് അവൾ പോലും അറിയാതെയാണ്…
“ഇപ്പോഴീ കരഞ്ഞു കൂവി വിളിച്ചു പറഞ്ഞതെല്ലാം നമ്മുടെ കല്യാണം ഉറപ്പിച്ചപ്പോഴോ അതുമല്ലെങ്കിൽ നമ്മുടെ കല്യാണം കഴിഞ്ഞന്നോ നീ തുറന്നു പറഞ്ഞിരുന്നെങ്കിൽ ഇതൊന്നും ഉണ്ടാവില്ലായിരുന്നല്ലോ മീരാ…എന്നെ ഇഷ്ടമാണെന്ന് നീ തുറന്നു പറയുന്നത് കേൾക്കാൻ വേണ്ടിയാണ് ഇക്കഴിഞ്ഞ ദിവസങ്ങളിലും പിന്നെ ഇന്നുമെല്ലാം ഞാൻ നിന്നോട് അങ്ങനെയെല്ലാം പറഞ്ഞതും പ്രവർത്തിച്ചതും ….”
കള്ളചിരിയോടെ വരുൺ പറയുമ്പോൾ താൻ കേട്ട കാര്യത്തിൻ്റെ പകപ്പിലായിരുന്നു മീരാ
“ഞാൻ സ്‌നേഹിക്കുന്ന പെണ്ണ് എന്നെയും തിരിച്ച് സ്‌നേഹിക്കുന്നുണ്ടെന്ന് അവളുടെ വായിൽ നിന്ന് കേൾക്കാൻ ഞാനൊരുവൻ ഈ ഒരാഴ്ച എന്തൊക്കെ ചെയ്തൂവെന്നും പറഞ്ഞൂവെന്നും നിനക്കറിയാമോ… എൻ്റെ പ്രാണനാ നീ.. ആ നീ എന്നെ ഇഷ്ടമാണെന്ന് പറയുന്നത് എൻ്റെ കാതിൽ നേരിട്ടു കേൾക്കാൻ വേണ്ടിയാണ് ഞാൻ ….സോറി….”
തൻ്റെ
നെഞ്ചോരം താൻ പൊതിഞ്ഞു പിടിച്ചവളുടെ കാതോരം ക്ഷമയോടവൻ പറഞ്ഞതും മീരയുടെ ഇരു കൈകളും അവനെ ഇറുക്കെ പുണർന്നിരുന്നു…
ആരുമറിയാതെ ഒരു മയിൽപീലി പോലെ മനസ്സിൽ സൂക്ഷിച്ച തൻ്റെ പ്രണയം തന്നെ സ്വീകരിച്ചതിൻ്റെ എല്ലാ സന്തോഷവും അവളുടെയാ പ്രവർത്തിയിലുണ്ട്..അതറിഞ്ഞതു പോൽ കൂടുതലവളെ തന്നോടു ചേർത്തു പുണർന്നു വരുണും ….
