സ്വത്തിന്റെ വിഹിതവും ചോദിച്ചുകൊണ്ട് അളിയനും പെങ്ങളും ദേ അപ്പുറത്ത് വന്നിരിപ്പുണ്ട്…… കൊടുത്തതൊക്കെ പോരാഞ്ഞു ഈ വീടിന്റെയും പറമ്പിന്റെയും ഷെയർ വേണം എന്നാണ്….

സ്വത്തിന്റെ വിഹിതവും ചോദിച്ചുകൊണ്ട് അളിയനും പെങ്ങളും ദേ അപ്പുറത്ത് വന്നിരിപ്പുണ്ട്……

കൊടുത്തതൊക്കെ പോരാഞ്ഞു ഈ വീടിന്റെയും പറമ്പിന്റെയും ഷെയർ വേണം എന്നാണ് അവൾ പറയുന്നത്.

അത്രയും പറയാൻ വേണ്ടി ഭാര്യ കിതച്ചുകൊണ്ട് നിൽക്കുന്നത് കണ്ടപ്പോൾ എനിക്ക് ചിരിയാണ് വന്നത്.

നിങ്ങളെന്താ ചിരിക്കുന്നേ?
അവൾ ദേഷ്യത്തോടെ ചോദിച്ചു.

ആകെയുള്ള ഈ വീടിന്റെ ഷെയർ കൂടി കൊടുത്താൽ നമ്മൾ പിന്നെ എങ്ങോട്ടാ പോകുന്നത്?

നീയൊന്ന് സമാധാനപ്പെടടി,ഞാൻ ആദ്യം ഉമ്മറത്തേക്കൊന്ന് ചെന്ന് സ്ഥിതിഗതികൾ വിലയിരുത്തട്ടെ.

ഞാൻ പതുക്കെ ഉമ്മറത്തേക്ക് നടന്നു…

അവിടെ എന്താണ് നടക്കാൻ പോകുന്നതെന്ന് എനിക്കപ്പോഴും ഒരു പിടിയുമില്ലായിരുന്നു.

ഞാൻ ഉമ്മറത്തേക്ക് ചെന്നപ്പോൾ പെങ്ങളും അളിയനും അവിടെ ഗൗരവത്തോടെ ഇരിക്കുന്നുണ്ടായിരുന്നു.

എന്നെ കണ്ടതും പെങ്ങൾ എഴുന്നേറ്റു.

ചേട്ടാഞങ്ങൾ വന്നത് ഒരു കാര്യം പറയാനാണ്.

പറയെടി…ഞാൻ അവളെ നോക്കി ചിരിച്ചു.

ഏട്ടാ അച്ഛനും അമ്മയും മരിച്ചിട്ട് ഇത്രയും വർഷമായി പക്ഷേ ഈ വീടും പറമ്പും ഇതുവരെ ഭാഗം വെച്ചിട്ടില്ലല്ലോ…

ഞാൻ ഒന്നും മിണ്ടിയില്ല.

എനിക്കും ഇവിടെ അവകാശമുണ്ട്.എന്റെ വിഹിതം എനിക്ക് വേണം.

അവളത് പറഞ്ഞപ്പോളെന്റെ ഭാര്യ ഉമ്മറത്തേക്ക് കടന്നു വന്നു.

അവളുടെ മുഖത്ത് ആകാംക്ഷയും പേടിയും ഒരുപോലെ ഉണ്ടായിരുന്നു.

ഞാൻ പെങ്ങളെ നോക്കി ചോദിച്ചു.

നിനക്ക് ശരിക്കും നിന്റെ വിഹിതം വേണമെന്നാണോ പറയുന്നത്?

അതെ ചേട്ടാ.

എത്ര വേണം?

നിയമപ്രകാരം എനിക്ക് കിട്ടേണ്ടത്.

ഞാൻ ഒന്ന് ചിരിച്ചു.

ശരി…അങ്ങനെയെങ്കിൽ നിനക്ക് നിന്റെ വിഹിതം മുഴുവനും തരാം.”

ഭാര്യയുടെ മുഖം പെട്ടെന്ന് മാറി.

ഏട്ടനെന്താ പറഞ്ഞെ ?”

പെങ്ങളും അളിയനും പരസ്പരം നോക്കി.

പക്ഷേ ഒരു കാര്യമുണ്ട്…

ഞാൻ പതുക്കെ തുടർന്നു.

നിന്റെ കല്യാണ സമയത്ത് ഞാൻ നിനക്ക് തന്ന നാലപ്പത്തി രണ്ടു പവൻ എനിക്കിങ്ങു തിരിച്ചു തന്നേക്ക്.അത് ഞാൻ ഗൾഫിൽ കിടന്നു കഷ്ടപ്പെട്ടുണ്ടാക്കിയതല്ലേ?

അത് തന്നിട്ട് ഈ വീടും പറമ്പും നീയെടുത്തോ?

ചേട്ടാ… അതൊക്കെ എന്റെ കല്യാണത്തിന് തന്നതല്ലേ?

അതെ. നിനക്ക് തന്നതാണ് പക്ഷേ ഇപ്പോൾ നീ പറയുന്നത് അച്ഛന്റെയും അമ്മയുടെയും സ്വത്തിൽ നിന്റെ അവകാശം വേണമെന്നാണ്. അതുപോലെ ഞാൻ നിനക്കുവേണ്ടി ചെയ്തതിന്റെ കണക്കും നീ മറക്കരുത്.

അളിയൻ ഇടപെട്ടു.

ചേട്ടാ… അതൊക്കെ ഇപ്പോൾ പറയേണ്ട കാര്യമുണ്ടോ? കല്യാണത്തിന് കൊടുത്ത സ്വർണ്ണം തിരിച്ചു ചോദിക്കുന്നത് ശരിയാണോ?”

ഞാൻ അളിയനെയൊന്നു നോക്കിയ ശേഷം പറഞ്ഞു,

വീടിന്റെ ഷെയർ തല്ക്കാലം പങ്കിടുന്നില്ല അതെന്റെ കയ്യിൽ തന്നെ ഇരുന്നോട്ടെ… ഇനിപ്പോ വേണമെന്നവൾക്ക് നിർബന്ധം ആണെങ്കിൽ ഞാൻ കൊടുത്ത സ്വർണം തന്നിട്ട് ഇതെടുക്കട്ടെ.ഖ

എന്താ അളിയാ സ്വർണം തരാൻ ബുദ്ധിമുട്ടുണ്ടല്ലേ….

അതുപോലെ തന്നെയാണ് അളിയാ ഞാൻ കിടക്കുന്ന ഈ വീടും.ആകെയുള്ള നാല് സെന്റ് സ്ഥലത്തിൽ ഉള്ള ഈ ചെറിയ വീട് വിറ്റാൽ എന്ത് കിട്ടാൻ ആണ് എനിക്കും ജീവിക്കണ്ടേ? ഇങ്ങു താ ഇങ്ങു താ എന്ന് പറഞ്ഞോടി വരുമ്പോൾ എന്റെ കയ്യിലും തരാൻ വേണ്ടേ?

അളിയന് അധ്വാനിച്ചു ജീവിക്കാൻ ഉള്ള ആവാതുണ്ടല്ലോ? അത് ചെയ്യാതെ ഭാര്യയെയും കൂട്ടി അവളുടെ വീട്ടിൽ കയറിച്ചെന്ന് ഷെയർ ചോദിക്കാൻ ഇച്ചിരി എങ്കിലും നാണം വേണം.

അധ്വാനിച്ച് ജീവിക്കാനുള്ള കഴിവും ആരോഗ്യമുമുണ്ടെങ്കിൽ സ്വന്തം കാലിൽ നിൽക്കാൻ ശ്രമിക്കണം അളിയാ അല്ലാണ്ട് ഭാര്യയുടെ വീട്ടിലേക്ക് കയറി വന്ന് അവളുടെ വീട്ടുകാർ ഉണ്ടാക്കിയ സ്വത്തിനെ മാത്രം ആശ്രയിച്ച് ജീവിക്കുമ്പോൾ അവളുടെ സഹോദരന്റെ കഷ്ടപ്പാടിനെക്കുറിച്ചും ഒന്ന് ചിന്തിക്കണം.

പെങ്ങൾ ഒന്നും മിണ്ടാതെ ഇരുന്നു.

ഞാൻ അവളെ നോക്കി പറഞ്ഞു.

മോളെ അവകാശം ചോദിക്കുന്നത് തെറ്റല്ല. പക്ഷേ അവകാശം ചോദിക്കുന്നതിന് മുമ്പ് ബന്ധങ്ങളുടെ കണക്കും ഓർക്കണം. മാതാപിതാക്കളുടെ സ്വത്തിൽ നിനക്ക് അവകാശമുണ്ടെങ്കിൽ, അതുപോലെ തന്നെ സഹോദരൻ നിനക്കുവേണ്ടി ജീവിതത്തിൽ ചെയ്ത ത്യാഗങ്ങൾക്കും ഒരു വിലയുണ്ട്.”

കാശ്… കാശ്… എന്ന് പറഞ്ഞ് എല്ലാത്തിനും കണക്കു ചോദിക്കുമ്പോൾ, ചില ബന്ധങ്ങൾ നഷ്ടപ്പെടുന്നതിന്റെ വില കൂടി ഓർക്കണം.”

സ്വത്ത് ഭാഗം വെക്കാം…പണം പങ്കിടാം… പക്ഷേ ഒരിക്കൽ തകർന്നുപോയ സഹോദരബന്ധം പിന്നെ എത്ര സ്വത്ത് കൊടുത്താലും തിരിച്ചു കിട്ടണമെന്നില്ല.

അവകാശം ചോദിക്കുന്നതിൽ തെറ്റില്ല പക്ഷേ അവകാശത്തോടൊപ്പം ഉത്തരവാദിത്വവും, കണക്കിനൊപ്പം ബന്ധവും, സ്വത്തിനൊപ്പം സ്നേഹവും കൂടി ഓർക്കണം.

അളിയൻ കൂടുതൽ മറുപടി പറയാൻ നിക്കാതെ അവളെയും കൂട്ടി അവിടെ നിന്നും ഉറങ്ങിപ്പോയി.

NB:മാതാപിതാക്കളുടെ സ്വത്തിൽ അവകാശം ചോദിക്കുന്നവർ, മാതാപിതാക്കൾ ജീവിച്ചിരുന്നപ്പോൾ അവരുടെ കഷ്ടപ്പാടിലും ഒരു പങ്ക് വഹിച്ചിരുന്നോ എന്ന് കൂടി സ്വന്തം മനസ്സിനോട് ചോദിക്കണം

കഥ : വിഹിതം
✍️അച്ചു വിപിൻ

Leave a Reply

Your email address will not be published. Required fields are marked *