വർഷങ്ങൾക്കുമുമ്പ് വിശപ്പോടെ കരഞ്ഞിരുന്നയാ കുഞ്ഞിനെ അവർ ആദ്യമായി സ്വന്തം മകനെപ്പോലെ ചേർത്തുപിടിക്കുകയായിരുന്നു. അവർ ആ ചോറുപുരണ്ട കൈകൊണ്ട്….

ചന്ദ്രിമാമി പാത്രത്തിൽ ബാക്കിയായിരുന്ന അവസാന ഉരുളയിലേക്ക് കുറച്ചുനേരം നോക്കിയിരുന്നു.

പിന്നെ വിരലുകൾ കൊണ്ടാ അവസാന ഉരുള കയ്യിലെടുത്ത ശേഷം അപ്പുവിന്റെ നേരെ നീട്ടി…

മോനെ അപ്പു ഈ ഉരുള നീ കഴിക്കണം,എന്നാലേ മാമിക്ക് സമാധാനം കിട്ടൂ…നിനക്കൊരുള ചോറു തന്നില്ലെങ്കി ചത്താലും എനിക്ക് ശാന്തി കിട്ടില്ല മോനെ.

അവരെനിക്ക് നേരെ നീട്ടിയ ആ ഉരുള മടി കൂടാതെ ഞാൻ കഴച്ചപ്പോൾ അവരുടെ കണ്ണുകൾ നിറഞ്ഞിരുന്നു.

മാമി കുറച്ചു കൂടെ ചോറു തരട്ടെ?

ഓ!വേണ്ടാ മോനെ. എന്റെ വയറു നിറഞ്ഞു.കുറച്ചു വെള്ളം കിട്ടോ,

മ്മ്, ഇപ്പൊ കൊണ്ട് വരാം..

അവർ അടുക്കക്കളയിലേക്ക് നടന്നു പോയ അപ്പുവിനെ തന്നെ നോക്കിയിരുന്നു..

വർഷങ്ങൾക്കു മുൻപ് , ഒരു പിടി ചോറിനായി എന്റെ വീടിന്റെ വാതിൽക്കൽ വിശന്നു നിന്നിരുന്ന ഒരു കുഞ്ഞിന്നെന്റെ വിശപ്പ് മാറ്റിയിരിക്കുന്നു.ഒക്കെയെന്റെ സുകൃതം…

ഇന്നാ മാമി വെള്ളം,
അപ്പു അവരുടെ മുന്നിലിരുന്ന ഗ്ലാസിലേക്ക് വെള്ളം ഒഴിച്ച് കൊടുത്തു..

അവരാ വെള്ളം ധൃതിയിൽ എടുത്തു കുടിച്ച ശേഷം അപ്പുവിനെ നോക്കി വിളിച്ചു,

“മോനെ…”

“എന്താ മാമീ?”

“ഇന്നെന്റെ വയർ ശരിക്കും നിറഞ്ഞു, മനസും”

ഞാൻ പുഞ്ചിരിച്ചു.

“അത് കേട്ടാൽ മതി മാമീ.”

അവർ കുറച്ചുനേരം എന്റെ മുഖത്തേക്ക് നോക്കി നിന്നു.

പിന്നെ പതുക്കെ എഴുന്നേൽക്കാൻ ശ്രമിച്ചു.

അവരുടെ കാലുകൾക്ക് ശക്തിയില്ലായിരുന്നു,.അവർ വേച്ചു പോയി.

ഞാൻ ഉടനെ അവരുടെ കൈപിടിച്ചു.

“പതുക്കെ…”

അവർ എന്റെ കൈയിൽ മുറുകെ പിടിച്ചു.

“അപ്പൂ…”

“എന്താ മാമീ?”

“ഒന്നടുത്തേക്ക് ചേർന്ന് നിക്കടാ മോനെ…”

ഞാൻ അവരുടെ അടുത്തേക്ക് ചേർന്നു നിന്നു.

അവർ എന്റെ തലയിൽ അവരുടെ വിറയ്ക്കുന്ന കൈവെച്ചു.

“നീ നന്നായി വരും മോനെ…”

എന്റെ കണ്ണുകൾ നിറഞ്ഞു.

“മാമി…”

“നീ വലിയ ഡോക്ടറാവും..

“പാവപ്പെട്ടവരെ ഒരിക്കലും നീ വെറുക്കരുത്. വിശക്കുന്നവനെ ഒരിക്കലും തിരിച്ചയക്കരുത്.നിന്റെ മുന്നിൽ ആരെങ്കിലും കൈ നീട്ടിയാൽ അവന്റെ കൈയിൽ ഒന്നുമില്ലെന്ന് കരുതി നീ കൈവിടരുത്.”എനിക്കറിയാം നീ നല്ലവനാണെന്ന്….

ഞാൻ ഒന്നും പറയാതെ അവരുടെ കൈ പിടിച്ചു.

അവരുടെ ശബ്ദം പതുക്കെ ഇടറുകയായിരുന്നു.

“എനിക്ക് തെറ്റിപ്പോയി മോനെ…”

“അതൊന്നും ഇപ്പൊ ഓർക്കണ്ട മാമീ.”

“ഇല്ല മോനെ,ഞാൻ പറയട്ടെ.”ഇന്ന് പറഞ്ഞില്ലെങ്കിൽ ഇനി പറയാൻ പറ്റിയില്ലെങ്കിലോ?

അവർ എന്റെ കണ്ണുകളിലേക്ക് നോക്കി.

“അന്ന് നീ വിശന്നെന്റെ വീട്ടുമുറ്റത്ത് നിന്നപ്പോൾ നിന്നെ ഒരു കുഞ്ഞായി കാണാൻ പോലും എനിക്ക് കഴിഞ്ഞില്ല.നിന്റെ ദാരിദ്ര്യം മാത്രമാണന്ന് ഞാൻ കണ്ടത്.”

അവരുടെ കണ്ണിൽനിന്ന് കണ്ണുനീർ ഒഴുകി.

“പക്ഷേ ഇന്നെനിക്ക് മനസ്സിലായി മോനെ ദാരിദ്ര്യം ഒരാളുടെ ജീവിതത്തിന്റെ അവസ്ഥ മാത്രമാണ് അല്ലാതെയവന്റെ വിലയല്ല .”

ഞാൻ അവരുടെ കൈ നെഞ്ചോട് ചേർത്തു.

“മാമി, ഞാൻ നിങ്ങളോട് ഒന്നും മനസ്സിൽ വെച്ചിട്ടില്ല.”എനിക്ക് മാമിയോട് ഒരു ദേഷ്യവും ഇല്ലാ.

“എന്നാലും,എന്റെ മനസ്സിൽ നിന്നത് പോകുന്നില്ല മോനെ.”

അവർ പെട്ടെന്നെന്നെ അടുത്തേക്ക് വലിച്ചു.

ഞാൻ അവരുടെ അരികിൽ മുട്ടുകുത്തിയിരുന്നു.

അവർ എന്റെ തല നെഞ്ചോട് ചേർത്തുപിടിച്ചു.

വർഷങ്ങൾക്കുമുമ്പ് വിശപ്പോടെ കരഞ്ഞിരുന്നയാ കുഞ്ഞിനെ അവർ ആദ്യമായി സ്വന്തം മകനെപ്പോലെ ചേർത്തുപിടിക്കുകയായിരുന്നു.

അവർ ആ ചോറുപുരണ്ട കൈകൊണ്ട് തന്നെ എന്റെ കവിളിൽ പതുക്കെ തഴുകി.

“നീ നല്ല കുട്ടിയാ അപ്പൂ…”

ആ കൈയുടെ ചൂടിനൊപ്പം ചോറിന്റെ മണം കൂടി എന്റെ മുഖത്തേക്ക് വന്നു.

ഞാനാ സ്ത്രീയുടെ ചോറുപുരണ്ട കൈയിൽ നിന്നനുഗ്രഹം വാങ്ങുകയായിരുന്നു.

“അപ്പൂ…”

“മ്മ്…”

“എന്നോട് ക്ഷമിച്ചെന്ന് ഒരിക്കൽ കൂടി പറയെടാ…”

ഞാൻ അവരുടെ കൈ മുറുകെ പിടിച്ചു.

“ഞാൻ നിങ്ങളോട് ക്ഷമിച്ചു മാമീ. സത്യമായും.”

അവർ കണ്ണുകൾ അടച്ചു.

“എങ്കിൽ എനിക്ക് സമാധാനമായി…”

അടുത്ത നിമിഷം അവരുടെ ശരീരം എന്റെ കൈകളിലേക്ക് കൂടുതൽ ചാഞ്ഞു.

“മാമീ…”

ഞാൻ ഭയന്നവരെ പിടിച്ചു.

അവർ കണ്ണുകൾ പതുക്കെ തുറന്ന ശേഷം
എന്നെ നോക്കിയൊന്ന് ചിരിച്ചു.

ഞാൻ മരിച്ചാൽ നീയെന്റെ ചിതയ്ക്ക് തീ കൊളുത്തണം.പറ്റുന്ന പോലെ എനിക്ക് ബലിയിടണം.

അത് കേട്ടപ്പോൾ എന്റെ നെഞ്ച് വിങ്ങി.

അവരെന്നോട് വീണ്ടും ചോദിച്ചു,
ചെയ്യില്ലേ മോനെ?

ഞാൻ അവരുടെ നെറ്റിയിൽ കൈവച്ചുകൊണ്ട് പറഞ്ഞു,

ചെയ്യാം,മാമി.

അവർ വീണ്ടും പുഞ്ചിരിച്ചു.

“അതാണ് എന്റെ അവസാന ആഗ്രഹം.”

അത് പറഞ്ഞ ശേഷം അവർ വീണ്ടും അവരെന്നെ കെട്ടിപ്പിടിച്ചു.

ആ ആലിംഗനത്തിൽ ഒരുപാട് വർഷങ്ങളുടെ കുറ്റബോധവും പശ്ചാത്താപവും സ്നേഹവും ഉണ്ടായിരുന്നു.

അവരുടെ വിരലുകൾ എന്റെ പുറത്ത് നിന്നും പതുക്കെ അയഞ്ഞു.

“മാമീ…”

ഞാൻ ഉറക്കെ വിളിച്ചു.

മറുപടിയില്ല.

“മാമീ…”

ഞാനവരുടെ മുഖത്തേക്ക് നോക്കി.

കൈപ്പത്തിയിൽ ഞാൻ കൊടുത്ത ചോറപ്പോഴും പുരണ്ടുകിടന്നിരുന്നു.

അവർ കൈ കഴുകാതെ ചുണ്ടിൽ ഒരു ചെറുപുഞ്ചിരി മാത്രം ബാക്കി വെച്ചുകൊണ്ടീ ലോകത്ത് നിന്നും വിട പറഞ്ഞിരിക്കുന്നു.

അത് കണ്ടപ്പോൾ എന്റെ കണ്ണുകൾ നിറഞ്ഞൊഴുകി.

വർഷങ്ങൾക്കു മുൻപ് ഞാനവരുടെ വീട്ടിൽ നിന്ന് വിശന്നിറങ്ങിയപ്പോൾ എന്റെ വയറിലായിരുന്നു വേദനയെങ്കിൽ
ഇന്നവരീ ഈ ലോകത്തോട് വിടപറയുമ്പോൾ എന്റെ നെഞ്ചിലായിരുന്നു വേദന.

മാമീ…
ഞാൻ ഉറക്കെ വിളിച്ചു.

എന്റെ ശബ്ദം കേട്ട് തുളസിയമ്മ ഓടിയെത്തി.

എന്നെ നോക്കിയപ്പോൾ തന്നെ അവർക്കെല്ലാം മനസ്സിലായിരുന്നു.

മോനെ….

അവർ കൂടുതൽ ഒന്നും പറയാതെ എന്റെ തോളിൽ കൈവച്ചു.

“അമ്മേ…”ഞാനൊരു കാര്യം ചോദിച്ചാൽ അമ്മ സമ്മതിക്കുമോ?

“എന്താ മോനെ?”

“മാമി പറഞ്ഞ അവസാന ആഗ്രഹം നമുക്ക് നടത്തിക്കൊടുക്കണം.”

തുളസിയമ്മ എന്റെ മുഖത്തേക്ക് നോക്കി.

“അമ്മിണി വല്യമ്മയുടെ അടുത്ത് തന്നെ ഇവരെ ദഹിപ്പിക്കണം…

നിന്റെ ഇഷ്ടം അതാണെങ്കിൽ അങ്ങനെ നടക്കട്ടെ മോനെ, എനിക്കൊരെതിർപ്പും ഇല്ലാ…

അങ്ങനെ അമ്മിണി വല്യമ്മയെ ദഹിപ്പിച്ച അതെ പറമ്പിൽ തന്നെ മാമിയെയും ദഹിപ്പിക്കാനുള്ള ചിതയൊരുക്കി

ചന്ദ്രിമാമിയുടെ ശരീരം അവിടെ എത്തിച്ചപ്പോൾ എന്റെ കണ്ണുകൾ നിറഞ്ഞിരുന്നു.

ഞാൻ അവരുടെ ചിതയ്ക്ക് തീ കൊളുത്തി.

അന്നേരം എന്റെ മനസ്സിൽ ഒരു ചിന്ത മാത്രമേ ഉണ്ടായുള്ളൂ.

ജീവിച്ചിരുന്നപ്പോൾ ഒരിക്കലും ഒരേ സ്ഥലത്ത് നിൽക്കാൻ കഴിയാതിരുന്ന രണ്ട് മനുഷ്യരാണ് മരണത്തിൽ ഒരേ മണ്ണിൽ ചേർന്നു കിടക്കുന്നത്.

ഒരാൾ എനിക്ക് വിശന്നപ്പോൾ ചോറ് തന്നവർ.

മറ്റൊരാൾ ആ വിശപ്പിനെ അവഗണിച്ചവർ.

പക്ഷേ അവസാനം ആ രണ്ടുപേരെയും ഒരേ മണ്ണ് ചേർത്തുപിടിച്ചു.

അവിടെ നിന്ന് തിരിഞ്ഞുനടക്കുമ്പോൾ ഞാൻ ഒന്ന് പിന്നിലേക്ക് നോക്കി.

അന്നേരം എനിക്ക് തോന്നി…

ഒരുപക്ഷേ അവിടെ എവിടെയോ നിന്ന് അമ്മിണി വല്യമ്മ ചന്ദ്രിമാമിയോട് പറയുന്നുണ്ടാകും—

“ഇനി പേടിക്കണ്ട ചന്ദ്രി അപ്പു മിടുക്കനായി അവനിനിയൊരിക്കലും വിശന്നിരിക്കേണ്ടി വരില്ല.”

എന്റെ കണ്ണുകൾ നിറഞ്ഞു.

ഞാൻ കൈകൂപ്പി നിന്നു.

“വല്യമ്മേ…മാമി ഞാൻ പോയിട്ട് വരാം.”

അവരോടു യാത്ര പറഞ്ഞ ശേഷം ഞാൻ മുന്നോട്ട് നടന്നു.

തുളസിയമ്മ എന്നെ ചേർത്തു പിടിച്ചു കൊണ്ട് പറഞ്ഞു,

ജീവിതത്തിൽ ചെയ്ത തെറ്റുകളുടെ കണക്ക് കാലം ചോദിക്കും പക്ഷേ ഒരാളോട് കാണിച്ച സ്നേഹത്തിന്റെ കണക്ക് കാലം ഒരിക്കലും മായ്ക്കില്ലപ്പൂ….

അമ്മിണി വല്യമ്മ നിനക്കൊരു പിടി ചോറ് തന്നു.ചന്ദ്രിമാമി ജീവിതപാഠവും.

ഞാൻ അവരെ നോക്കിയ ശേഷം പറഞ്ഞു,

ശരിയാണമ്മേ…ഒരാൾ സ്നേഹത്തിലൂടെയും മറ്റൊരാൾ തന്റെ തെറ്റിലൂടെയും എന്നെയൊരു നല്ല മനുഷ്യനാക്കി.

അവര് രണ്ടു പേരും എന്നെ പഠിപ്പിച്ച ഒരു കാര്യം ഞാൻ ലോകത്തിന്റെ ഏത് കോണിൽ പോയാലും മറക്കില്ല…

വിശക്കുന്നവന് കൊടുക്കുന്ന ഒരു പിടി ചോറ് ഒരിക്കലും വെറുതെയാകില്ല, കാരണം അതൊരാളുടെ വയർ മാത്രമല്ല നിറയ്ക്കുന്നത് ചിലപ്പോൾ ഒരു മനുഷ്യന്റെ മുഴുവൻ ജീവിതവും നിറയ്ക്കും.”

ചന്ദ്രി മാമി ഇനിയെന്ത് ചെയ്യും?
അത് കൂടി ഉൾപ്പെടുത്തി വീണ്ടും ഒരു ക്ലൈമാക്സ്‌ എഴുതാൻ ഒരുപാട് പേരെന്നോട് പറഞ്ഞു.അതുപ്രകാരം വീണ്ടും ഒരു പാർട്ട്‌ കൂടി എഴുതിയതാണ്.
അപ്പുവിനെ സ്നേഹിച്ച എല്ലാവർക്കും നന്ദി
(മുൻഭാഗങ്ങൾ കമന്റ് ബോക്സിൽ പിൻ ചെയ്യാം )

വിശപ്പ്
✍️രചന : അച്ചു വിപിൻ

അവസാനിച്ചു.

Leave a Reply

Your email address will not be published. Required fields are marked *