ഇത്തിരി സ്വർണ്ണത്തിന്റേം പണത്തിന്റേം പേരിൽ എത്ര നിസ്സാരമായാണമ്മ തന്റെ മകളോളം പ്രായമുള്ള മറ്റൊരു പെൺകുട്ടിയെ ചതിക്കാൻ മകന് കൂട്ടുനിൽക്കുന്നത്..….

“നീ ഒരുത്തിയെ സ്നേഹിച്ച് നാടുനീളെ അവളെയും കൂട്ടി കറങ്ങി നടന്നു….. ഇപ്പോൾ നീ അവളെക്കാൾ എന്തുകൊണ്ടും മികച്ച മറ്റൊരു പെൺക്കുട്ടിയെ കണ്ടപ്പോൾ അവളെ വേണ്ടെന്ന് വെച്ച് ഇവളെ സ്വീകരിക്കുന്നു…. ഇതിലെന്താടാ മോനെ ഇത്രയും വലിയ തെറ്റുള്ളത്….?
നമ്മുടെ ജീവിതത്തിന്റെ നല്ലതിന് ഏതാണോ മികച്ചത് അത് നമ്മൾ തിരഞ്ഞെടുക്കുന്നു… ഇതിലെവിടെയാണ് ചതിയും വഞ്ചനയും…?

മുഖം നിറഞ്ഞ ചിരിയോടെ പത്മിനി നീരദിനോട് തിരക്കിയതും അമ്മയെ ഉമിനീരിറക്കി മിഴിച്ചുനോക്കി പോയത് നിരഞ്ജനയാണ്….

പണത്തിനോടുള്ള ആർത്തി മനുഷ്യനെ ഇങ്ങനെയൊക്കെ മാറ്റുമോ ഭഗവാനേ….

ഉള്ളിൽ ചിന്തിച്ചു പോയവൾ അതേ പകപ്പോടെ…..

‘ഞാൻ ചെയ്തതൊരു തെറ്റാണെന്നൊന്നും എനിയ്ക്കും തോന്നിയിട്ടില്ല അമ്മേ… സ്നേഹിക്കുന്നവർ അങ്ങനെയൊക്കെ തന്നെയല്ലേ….?
മാത്രവുമല്ല ശിവന്യയെ ഞാൻ പിടിച്ചു വലിച്ചു നിർബന്ധിച്ചു കൊണ്ടു പോയതൊന്നുമല്ലല്ലോ എനിയ്ക്കൊപ്പം…. ഞാൻ വിളിച്ചു അവളു വന്നു…. അത്ര തന്നെ… ”

താനൊരു തെറ്റും ആരോടും ചെയ്തിട്ടില്ലെന്ന് സ്വയം ഉറപ്പിയ്ക്കും പോലെയാണ് നീരദിന്റെ ഓരോ വാക്കുമെന്ന് തിരിച്ചറിഞ്ഞു അവനെ മാത്രം വീക്ഷിച്ചു കൊണ്ടിരുന്ന നിരഞ്ജന….

സ്വന്തം കൂടപിറപ്പിനോട് ഒരേ സമയം ദേഷ്യവും സഹതാപവും വെറുപ്പും തോന്നിയവൾക്ക്… അതിനെക്കാൾ കൂടുതൽ വെറുപ്പു തോന്നിയത് സ്വന്തം അമ്മയോട് തന്നെയാണവൾക്ക്

ഇത്തിരി സ്വർണ്ണത്തിന്റേം പണത്തിന്റേം പേരിൽ എത്ര നിസ്സാരമായാണമ്മ തന്റെ മകളോളം പ്രായമുള്ള മറ്റൊരു പെൺകുട്ടിയെ ചതിക്കാൻ മകന് കൂട്ടുനിൽക്കുന്നത്….?

‘ഇതു തന്നെയാണ് മോനെ ഞാനും നിന്നോട് ഇത്ര നേരം പറഞ്ഞത്…. നീയൊരു തെറ്റും ആരോടും ചെയ്തിട്ടില്ല… ഒരുത്തിയെ സ്നേഹിച്ച് കൂടെ കൊണ്ടു നടന്നിട്ടുണ്ടെങ്കിലും നീയവളോട് മോശമായ് പെരുമാറിയിട്ടൊന്നുമില്ലല്ലോ…. അതുമല്ല നിങ്ങളൊരുമിച്ചു പോയ യാത്രകളിൽ അവളുടെ ചിലവ് എല്ലാം നീയല്ലേ
നോക്കിയത്… ആ ഇനത്തിൽ പോലും നീയവൾക്ക് ഒരു രൂപ നഷ്ടമുണ്ടാക്കിയിട്ടില്ല… ഒന്നുകൂടി ഇരുത്തി ചിന്തിച്ചാൽ നല്ല രണ്ടു കോളേജ് സുഹൃത്തുക്കൾ ഒഴിവു സമയങ്ങളിൽ കുറച്ചു ദൂരെയുള്ള സ്ഥലങ്ങളെല്ലാം ഒന്നു ബൈക്കിൽ ചുറ്റിയടിച്ചു വന്നു….. കോളേജ് കാലം കഴിഞ്ഞപ്പോൾ ആ സുഹൃത്ത് ബന്ധവും അവസാനിച്ചു… അത്രയേ ഉള്ളു ഇതൊക്കെ… അല്ലെങ്കിൽ ഇതിനൊക്കെ അത്ര പ്രാധാന്യമേ കൊടുക്കാവൂ നമ്മൾ നമ്മുടെ ജീവിതത്തിൽ…”

‘ശരിയാണമ്മേ അമ്മ പറഞ്ഞത്, ശിവന്യ കോളേജ് പഠനകാലത്തെ എന്റെയൊരു സുഹൃത്തു മാത്രമായിരുന്നു… ഇപ്പോൾ അതുമല്ല… പോരെ….?

പത്മിനിയെ തന്നോട് ചേർത്തു പിടിച്ച് നീരദ് തിരക്കിയതും അവന്റെ മുഖം താഴ്ത്തി നെറ്റിയിൽ ചുംബിച്ചു പത്മിനി സന്തോഷം കൊണ്ട്….

“ജീവിതത്തിൽ നമ്മുടെ കഷ്ടപ്പാടിൽ നിന്നെല്ലാം രക്ഷപ്പെടാനും നല്ല ജീവിതം നമ്മൾ ജീവിയ്ക്കാനുംവേണ്ടി ഒരവസരം നൽകും ദൈവം എല്ലാവർക്കും… അങ്ങനെ ഒരവസരം ദൈവം നമുക്ക് തന്നതിപ്പോഴാണ് മക്കളെ… ഈ അവസരം പാഴാക്കി കളയരുത് നമ്മൾ….

” ശിവന്യയെ നിന്റെ കഴിഞ്ഞ കാലമായ് കരുതി മാതളത്തെ മീനുവിനെ നീ നിനയ്ക്കൊപ്പം കൂട്ടണം നിന്റെ ഇനിയുള്ള ജീവിതത്തിന് തുണയായ്…. അങ്ങനൊന്ന് നീ ചെയ്താൽ പിന്നെ ഒരിക്കലും പഴയ നമ്മുടെ ജീവിതത്തിലേക്ക് തിരിഞ്ഞു നോക്കേണ്ടി വരില്ലെടാ മോനെ നമുക്ക്….. മാതളത്തെ മീനുവെന്ന് പറഞ്ഞാൽ കോടീശ്വരിയാണ്… അവർക്കുള്ളതെല്ലാം അവൾക്കാണ്….നമ്മുടെ ഭാഗ്യം കൊണ്ടാണ് മാളുവിന് നിന്നെ കണ്ടിഷ്ടമായതും അവളുടെ അച്ഛനെ നിനക്ക് വിവാഹം ആലോചിച്ച് ഇങ്ങോട്ടയച്ചതും… വന്ന ലക്ഷ്മിയെ പുറം കാൽ കൊണ്ട് തട്ടിയെറിയരുത് നമ്മൾ… ”

“ഈ അമ്മ ഇതെന്തൊക്കെയാണ് പറയുന്നത്….?
ഏട്ടനും ശിവന്യയും തമ്മിൽ ഇഷ്ടത്തിലായിരുന്നെന്നും ഇവരൊരുമ്മിച്ച് ധാരാളം സ്ഥലങ്ങളിൽ യാത്ര പോയിട്ടുണ്ടെന്നുമെല്ലാം അറിയുന്നവളാണ് മീനു… ഞാനും അവളും ശിവന്യയുമെല്ലാം ഒരു ക്ലാസിൽ ഒരുമ്മിച്ച് പഠിച്ചവരല്ലേ ഒന്നുമല്ലെങ്കിൽ…. ഇതെന്തോ വാശിപ്പുറത്ത് മീനു ചെയ്തു കൂട്ടുന്നതാണ് ഏട്ടാ…. പണ്ടും അവളിതുപോലെ ഓരോ കാര്യത്തിനും ശിവന്യയോട് വാശി പിടിക്കുന്നത് ഏട്ടനും അറിയുന്നതല്ലേ…?
വെറുതെ അമ്മയുടെ അത്യാഗ്രഹം കണ്ട് കയ്യിലുള്ള നിധിയെ കളഞ്ഞ് കരിക്കട്ട തേടി പോവണ്ട ഏട്ടൻ…. അഹങ്കാരിയാണ് മീനു എന്നും….
ഏട്ടനു ചേരുന്ന പെൺക്കുട്ടി അത് ശിവന്യയാണ്…. അവളോളം നല്ലൊരുവളെ ഏട്ടനൊരിക്കലും കിട്ടില്ല ഭാര്യയായ്….”

“വാ അടയ്ക്കെടി അസത്തേ…. നിന്നോടാരെങ്കിലും അഭിപ്രായം ചോദിച്ചോ ഇവിടെ….?

തന്റെ ഇഷ്ടത്തിന് നീരദിനെ പത്മിനി കൊണ്ടുവരുന്നതിനെ എതിർത്ത് നിരഞ്ജന നീരദിനോട് സംസാരിച്ചതും വിരൽ ചൂണ്ടിവിറച്ചവൾക്ക് അരികിലെത്തി ശബ്ദമുയർത്തി പത്മിനി….

‘അമ്മേ… ഇത്തിരി പൊന്നും പണവും മോഹിച്ച് അമ്മ ഇല്ലാതാക്കുന്നത് ഏട്ടന്റെ ജീവിതമാണ്…മറക്കണ്ട അത്…”

വിട്ടുകൊടുക്കാനൊരുക്കമല്ലാതെ ശബ്ദം വീണ്ടുമുയർത്തിയവൾ…

“ഞാനൊന്നും ആരോടും മറക്കുന്നുമില്ല മറയ്ക്കുന്നുമില്ല…. ശിവന്യയും നിന്റേട്ടനും തമ്മിലുള്ളതൊക്കെ അറിഞ്ഞിട്ടു തന്നെയല്ലേ മീനു മോള് ഇവനെ ഇഷ്ടപ്പെട്ടത്… അല്ലാതെ ഞങ്ങളാരും ചെന്ന് കള്ളക്കഥകൾ അവളോട് പറഞ്ഞിട്ടല്ലല്ലോ…. പിന്നെന്താടീ നിനക്ക്…. ശിവന്യ അല്ല നിന്റെ കൂടപ്പിറപ്പ് ദേ ഇവനാണ്… ഇവന്റെ ജീവിതം നന്നായാലേ നാളെ നിനക്കൊരു നല്ല ജീവിതം പോലും കിട്ടുകയുള്ളു… മറക്കണ്ട നീയത്….”

തന്റെ തീരുമാനത്തിൽ ഉറച്ചു നിന്ന് പത്മിനി അവസാന വാക്കെന്നോണം പറഞ്ഞതും നീരദിന് നേരെ തിരിഞ്ഞു നിരഞ്ജന

“ഏട്ടാ… ഒന്നൂടിയൊന്ന് ആലോചിക്ക്… ഏട്ടനെ പ്രാണനായ് കണ്ട് ജീവിയ്ക്കുന്ന ശിവന്യയെ പോലെ അല്ല മീനു… അതോർത്താൽ മതി…. മീനു ന….

“മതി നിരഞ്ജനേ… ഇതെന്റെ ജീവിതമാണ്… അതാർക്കൊപ്പം എങ്ങനെ വേണമെന്ന് ഞാൻ തീരുമാനിച്ചോളാം… പിന്നെ നീ ഈ പറഞ്ഞ ശിവന്യയും മീനുവുമൊക്കെ എനിയ്ക്ക് ഒരു പോലെയാണ്…. രണ്ടാളും പെണ്ണുങ്ങൾ… വ്യത്യാസമൊന്നുമില്ല…. അതു കൊണ്ട് ഇതിലിടപ്പെട്ട് നിന്റെ സമയം കളയാതെ നീ നിന്റെ പണി നോക്ക്… അവളൊരു വക്കാലത്തുക്കാരി വന്നിരിക്കുന്നു…. അതും അഞ്ച് പൈസയ്ക്ക് ഗതിയില്ലാത്തവളുടെ വക്കാലത്തുമായിട്ട്..

നിരഞ്ജനയെ പറയാൻ അനുവദിക്കാതെ നീരദ് അവൾക്കു നേരെ തിരിഞ്ഞ് സംസാരിച്ച നിമിഷം നിരഞ്ജനയുടെ കയ്യിലെ ഫോണിലൊരു ലൈറ്റ് തെളിഞ്ഞു കെട്ടു….

അവിടെ അത്ര നേരം നടന്ന സംഭാഷണങ്ങളെല്ലാം നിരഞ്ജനയുടെ ഫോണിലൂടെ കേട്ട് കൊണ്ടിരുന്ന
ശിവന്യ ഫോൺ കട്ട് ചെയ്തതായിരുന്നു അത്

കഴിഞ്ഞ കുറച്ചു വർഷങ്ങൾ പ്രാണനായ് കരുതി മനസ്സിൽ കൊണ്ടു നടന്നിരുന്നവന് താനാരുമല്ല എന്ന തിരിച്ചറിവിൽ ഒന്നു തളർന്നു ശിവന്യയെങ്കിലും കണ്ണുനീർ തുടച്ച് ഒരു നിശ്വാസത്തോടെ കണ്ണടച്ചിരുന്നവൾ….

കാരണമൊന്നുമില്ലെങ്കിലും എന്നും തന്നോട് എന്തിനും മത്സരിച്ചവളാണ് മീനു… പണത്തിന്റെ ബലത്തിൽ എപ്പോഴും തനിയ്ക്ക് മേൽ വിജയം അവൾക്കായിരുന്നു എല്ലായിടത്തും… ഒടുവിലിപ്പോഴുമവൾ വിജയിച്ചിരിക്കുന്നു അതും താനാഗ്രഹിച്ച തന്റെ ജീവിതം സ്വന്തമാക്കിയിട്ട്….

നീരദിനെ നഷ്ടപ്പെട്ടു തനിയ്ക്കെന്ന ചിന്തയിൽ നിറയാനൊരുങ്ങി ശിവന്യയുടെ കണ്ണുകളെങ്കിലും തന്നെ സ്നേഹിക്കാത്ത പണം കണ്ടാൽ സ്വന്തം മനസ്സു വരെ മാറ്റുന്ന ഒരുവനുവേണ്ടി ഇനി കരയില്ല എന്നൊരു ഉറച്ച തീരുമാനവും അപ്പോൾ തന്നെ എടുത്തവൾ….

“ശിവന്യയെ ക്ഷണിച്ചില്ലേ നീരദ് നമ്മുടെ കല്യാണത്തിന്….?

ശരീരം മൂടുന്ന വിധം ആഭരണങ്ങളിഞ്ഞ് അടിമുടി മേക്കപ്പിൽ കുളിച്ചെന്ന പോലെ നീരദിനടുത്ത് താലിക്കെട്ടാനായ് ഇരിയ്ക്കുമ്പോൾ ശബ്ദം താഴ്ത്തി നീരദിന് മാത്രം കേൾക്കാൻ പറ്റുന്ന സ്വരത്തിൽ തിരക്കി മീനു…

നീരദ് എന്ന അവളുടെ പേരു വിളിയിലും അവൾ ചോദിച്ച ചോദ്യത്തിലും ഒന്നുലഞ്ഞു നീരദും…

വിവാഹം ഉറപ്പിച്ചതിനു ശേഷം ഇന്നാണവൻ മീനുവിന് കാണുന്നത്… അതിനു മുമ്പുള്ള കാഴ്ചയും സംസാരവുമൊക്കെ ഓരോരോ കാരണങ്ങളാൽ മുടക്കിയത് അവന്റെ അമ്മ പത്മിനി തന്നെയാണ്…

എന്നും എപ്പോഴും അമ്മയെ അനുസരിച്ച് ശീലമുള്ളവൻ അവിടെയും അമ്മയെ അനുസരിച്ച് മീനുവിനെ കാണാൻ ശ്രമിച്ചതേയില്ല….

എന്നാൽ തന്നെ ഇഷ്ടമാണെന്ന് പറഞ്ഞ് ഇങ്ങോട്ടു വിവാഹം ആലോചിച്ച ആളുടെ മട്ടും മാതിരിയുമൊന്നുമല്ല വധുവായ് തനിയ്ക്ക് അടുത്തിരിയ്ക്കുന്നവൾക്കെന്ന അമ്പരപ്പ് നീരദിനെ ആകെ ഒന്ന് കൺഫ്യൂഷനാക്കിയിട്ടുണ്ട്… എന്തോ നേടിയെന്നൊരു ഭാവമാണവളിൽ….

“ഞാൻ ചോദിച്ചത് കേട്ടില്ലേ നീരദ് താൻ… നിങ്ങൾ ശിവന്യയെ ക്ഷണിച്ചില്ലേ നമ്മുടെ വിവാഹം കൂടാൻ….?
നിങ്ങളുടെ അമ്മയോട് ഞാൻ എത്രയോ പ്രാവശ്യം ഓർമ്മിപ്പിച്ച് വിട്ടതാണല്ലോ അവളെ വിളിയ്ക്കുന്ന കാര്യം…. വിളിച്ചില്ലേ നിങ്ങളവളെ….? നിങ്ങളെന്റെ കഴുത്തിൽ താലികെട്ടുന്നത് കാണാൻ അവളിവിടെ ഉണ്ടാവണം… എങ്കിലേ നമ്മുടെ കല്യാണം നടക്കൂ….”

വാശിയും ദേഷ്യവും ഒരു പോലെ നിറഞ്ഞു നിന്നിരുന്നു മീനുവിന്റെ ശബ്ദത്തിലും മുഖത്തും…

എന്നാൽ അവൾ പറയുന്നതെന്താണെന്നു മനസ്സിലാവാതെ അവളെ മിഴിച്ചു നോക്കി നീരദ്….

“നീ ഇത് എന്തൊക്കെയാണ് മീനു പറയുന്നത്….?
നമ്മുടെ വിവാഹവും ശിവന്യയും തമ്മിലെന്തു ബന്ധമാണ് ഉള്ളത്….?

ഉള്ളിലുയരുന്ന നിരവധി സംശയത്തോടെ തിരക്കി നീരദ് മീനുവിനോട്…

“നമ്മുടെ വിവാഹവും ശിവന്യയും തമ്മിലുള്ള ബന്ധമെന്താണെന്നോ….. അപ്പോ അതൊന്നും നിന്റെ അമ്മ നിന്നോട് പറഞ്ഞിട്ടില്ലേ… അവളോടുള്ള എന്റെ പ്രതികാരമാണ് നമ്മുടെ ഈ വിവാഹം… നീ കാണാൻ സൂപ്പർ ഹോട്ടാണെന്ന് ഞാനൊരു കമന്റ് അവള് കേൾക്കേ നിന്നെ പറഞ്ഞതിന് ആളുകൾ കേൾക്കേ അവളെന്നെ ചീത്ത പറഞ്ഞു…. അവളുടെ ചെക്കനെ നോക്കി കമന്റടിക്കരുതെന്നും അടിച്ചാൽ എന്നെ ശരിയാക്കുമെന്നും എന്നെ വിരൽ ചൂണ്ടി ഭീഷണിപ്പെടുത്തിയവളാണ് അവൾ…. ആ അവളുടെ ചെക്കനെ അവളിൽ നിന്ന് ഞാൻ നേടിയെടുക്കുമ്പോൾ അതു കാണാൻ നെഞ്ചു പൊട്ടി കരഞ്ഞവളിവിടെ വേണം…. ഇതെല്ലാം ആദ്യമേ ഞാൻ നിന്റെ അമ്മയോട് പറഞ്ഞതാണല്ലോ…. പറഞ്ഞില്ലേ അവരത് നിന്നോട്….?

മീനുവിന്റെ ചോദ്യം….ചുറ്റുമുള്ള ലോകം തന്നെ നിശ്ചലമായതു പോലെ തോന്നി നീരദിന്….

“നിനക്കെന്നോടുള്ള ഇഷ്ടം കൊണ്ട് നീ വാശി പിടിച്ച് നടത്തുന്നതല്ലേ നമ്മുടെ ഈ കല്യാണം….?

അവസാന സംശയമെന്നോണം നീരദ് ചോദിച്ചതും വിവാഹ മണ്ഡപമാണെന്നു കൂടി ഓർക്കാതെ പൊട്ടിച്ചിരിച്ചു മീനു…

“ഇഷ്ടമോ…. എനിയ്ക്ക് നിന്നോടോ… വട്ടു പറയല്ലേടാ… നാടുനീളെ അവളുമായ് ചുറ്റിനടന്ന നിന്നോടെനിയ്ക്ക് പ്രണയം… ഇത്രയ്ക്കും വിഡ്ഡിയാണോ നീ… ഇതെന്റെ വാശി മാതമാണ്…. അവളോടുള്ള വാശി…. അതിൽ ഞാൻ ജയിക്കണമെങ്കിൽ അവൾ ആ ശിവന്യ, അവളിവിടെ വേണം…
എന്തു ചെയ്തിട്ടായാലും വേണ്ടില്ല അവളെ കൊണ്ടു വന്നേ പറ്റുകയുള്ളു…. ഇല്ലെങ്കിൽ അറിയില്ല നിങ്ങൾക്കെന്നെ…. ”

വെറി പിടിച്ചതു പോലെ അലറി മീനു… നീരദിന്റെ കണ്ണുകൾ ആൾക്കൂട്ടത്തിൽ പത്മിനിയെ തിരഞ്ഞു….

അമ്മേ ഇവളീ പറയുന്നത്….?

പത്മിനിയെ കണ്ടതും തിരക്കി അവനെങ്കിൽ മീനുവിനു മുമ്പിൽ വരാൻ മടിച്ചെന്ന പോലെ നിരഞ്ജനയ്ക്ക് പിന്നിൽ പതുങ്ങിയവർ

“നീ ആഗ്രഹിച്ചതൊന്നും നടക്കില്ല മീനു…
ശിവന്യയെ കാണിക്കാൻ വേണ്ടിയാണ് നിയിതൊക്കെ ചെയ്തു കൂട്ടിയതെങ്കിൽ ഇതൊന്നും കാണാൻ അവളിവിടേയ്ക്ക് വരില്ല…. അവളെ വേണ്ടയെന്ന് എന്റേട്ടൻ പറഞ്ഞ നിമിഷം ഇവനെ മനസ്സിൽ നിന്നെടുത്തു കളഞ്ഞിട്ട് തന്റെ തുടർ പഠനത്തിനുള്ള കാര്യങ്ങൾ ചെയ്ത് ബാംഗ്ലൂരിലേക്ക് പോയവൾ…. ഇനിയെന്തു ചെയ്യും നീ അവളെ കാണിച്ച് കല്യാണം നടത്താൻ…. ?
ബാംഗ്ലൂരിലേക്ക് പോവുമോ…?

നിരഞ്ജനയുടെ പരിഹാസത്തിലെരിഞ്ഞ് കണ്ണിനു മുമ്പിലുള്ളതെല്ലാം തട്ടിയെറിഞ്ഞു നശിപ്പിച്ചു മീനു…
അവളെ ശാന്തയാക്കാൻ അവളുടെ വീട്ടുകാർ ശ്രമിച്ചതും അവരെയെല്ലാം തട്ടിയകറ്റി ഓടി വന്നു പത്മിനിയുടെ മുഖത്തടിച്ചു മീനു…

“എന്റെ എല്ലാ ആഗ്രഹങ്ങളും തകർത്തത്
നിങ്ങളൊരാളാണ്… നിങ്ങളെ ഞാനനുഭവിപ്പിയ്ക്കും… എന്റെ വീട്ടുകാരുടെ കയ്യിൽ നിന്ന് വാങ്ങിയതും പിന്നെ ഈ കല്യാണത്തിനു വേണ്ടി അവർ ചിലവാക്കിയതുമെല്ലാം ഇവിടെ ഏല്പ്പിച്ച് നിങ്ങളുടെ മകനെയും കൊണ്ട് തിരികെ പൊക്കോ നിങ്ങള്… അവളുമായ് തോന്നും പടി നാടു നിരങ്ങി നടന്ന ഇവനെ വേണ്ട എനിയ്ക്ക്…. നിങ്ങളു തന്നെ എടുത്തോ…. ”

വിറച്ചു തുള്ളി പറയുന്നവളുടെ വാക്കിനെക്കാൾ അവിടെ കൂടിയവരെയും പത്മിനിയേയുമെല്ലാം ഞെട്ടിച്ചത് പത്മിനിയെ കൈ ഉയർത്തി മീനു തല്ലിയതാണ്…

അത്യാഗ്രഹത്തിനുള്ളത് തള്ളയ്ക്കും മകനും കിട്ടിയെന്ന് ചുറ്റും കൂടിയവർ എല്ലാവരും പറയുമ്പോൾ അവർക്കിടയിൽ നാണംക്കെട്ട് തലക്കുനിച്ച് നിന്നു നീരദ്…

പണത്തിനു വേണ്ടി സ്വന്തം അമ്മ തന്നെ ചതിച്ചുവെന്നത് ഉൾക്കൊള്ളാനാവാതെ അവൻ നിൽക്കുമ്പോൾ മറുവശം പത്മിനിയ്ക്ക് മുമ്പിൽ കണക്കുകൾ നിരത്തി തുടങ്ങിയിരുന്നു മീനവും കുടുംബവും…

ഇരുവശത്തായിരുന്ന് പത്മിനിയും നീരദും ഉരുകുമ്പോൾ ഇതൊന്നും തങ്ങളെ ബാധിക്കില്ലെന്നതു പോലെ തങ്ങളുടെ ഫോൺ സംഭാഷണം തുടർന്നു ശിവന്യയും നിരഞ്ജനയും…. ഇതൊന്നും അവരെ ബാധിക്കില്ല…. കാരണം ലാഭം ഒന്നും പ്രതീക്ഷിച്ച് സൗഹൃദത്തിലായവരല്ലല്ലോ അവർ രണ്ടും….

✍️RJ

Leave a Reply

Your email address will not be published. Required fields are marked *