ചേട്ടാ.. അറിയോ… അവന്റെ അമ്മ പറയുന്നത് ഞാൻ അവന് കിടന്ന് കൊടുക്കാറില്ലെന്ന്… അതാ അവന് എന്നോട് ഇത്രയും ദേഷ്യമെന്ന്..…

“ചേട്ടാ.. അറിയോ… അവന്റെ അമ്മ പറയുന്നത് ഞാൻ അവന് കിടന്ന് കൊടുക്കാറില്ലെന്ന്… അതാ അവന് എന്നോട് ഇത്രയും ദേഷ്യമെന്ന്.. ഭാര്യ എന്നാൽ ഇത് മാത്രമാണോ ചേട്ടാ.. സ്നേഹം വേണ്ടേ പരസ്പരം ”

അത് പറയുമ്പോൾ സജിതയുടെ മിഴികൾ തുളുമ്പി. കേട്ട് നിന്ന ശ്യാമും വല്ലാണ്ടായി….

” ഏയ് പോട്ടെ സജി… നീ ഇങ്ങനെ വിഷമിക്കേണ്ട ഇപ്പോ ഞങ്ങൾ ഒക്കെ ഇല്ലേ നിനക്ക്.. ”

ആശ്വാസ വാക്കുകളുടെ അവളുടെ ചുമലിൽ തട്ടി അവൻ.

“ചേട്ടാ… വേണ്ട ചേട്ടാ.. നിങ്ങളെന്നെ കൂടുതൽ സ്നേഹിക്കണ്ട… സ്നേഹിച്ചാൽ ഞാൻ പൊസസീവ് ആയി പോകും.. ഇപ്പോഴത്തെ അവസ്ഥയിൽ ഒരുപാട് സ്നേഹം ആഗ്രഹിക്കുന്നുണ്ട് ഞാൻ.. നിങ്ങളെന്നെ സ്നേഹിച്ചാൽ ചിലപ്പോ ഞാൻ വീണ് പോകും പിന്നേ നിങ്ങൾ ഇല്ലാണ്ട് പറ്റില്ല ന്ന് ആകും.. ഡിവോഴ്സ് ആയെ പിന്നേ എനിക്ക് മോളും അവൾക്ക് ഞാനും അത് മാത്രമാ ഞങ്ങടെ ലോകം ”
സജിത അത് പറയുമ്പോൾ ഒന്ന് ചിരിച്ചു ശ്യാം.

” നാക്കൊക്കെ കുഴയുന്നു… ഭയങ്കര സെന്റി വരുന്നു. നല്ല കീറു കീറിയല്ലോ ഇന്ന്.. എവിടാരുന്നു നീ… ”

” ഓഫീസിലെ ഫ്രെണ്ട്സിനൊപ്പം ആയിരുന്നു ചേട്ടാ.. ബീയർ കുടിച്ചു പിന്നേ റമ്മും.. ആകെ ഫിറ്റ്.. അടിപൊളി.. ഇങ്ങനെ പറന്നു നടക്കാം..”

ആകെ ക്ഷീണിതയായിരുന്നു അവൾ. ഒപ്പം മദ്യത്തിന്റെ ലഹരിയും. അത് കണ്ടിട്ട് അരിശം കയറി ശ്യാമിന്

” ഇതെന്ത് ഭാവിച്ചാ സജിതേ നീ.. ഭർത്താവ് ആയി പിണങ്ങി ന്ന് വച്ച് ഇതെന്താ നീ സ്വയം നശിക്കാൻ പോകുവാണോ.. നിന്റെ മോളെ പറ്റി നീ ഓർക്കുന്നുണ്ടോ… ”

” ഉണ്ട് ചേട്ടാ.. പക്ഷെ ഞാൻ ഇല്ലാണ്ടായി ചേട്ടാ… എന്നെ അവൻ കൊന്നു…ആ സന്തോഷ്‌ എന്റെ കെട്ടിയോനായിരുന്ന തെണ്ടി….. അവനെന്നെ എന്തോരം ദ്രോഹിച്ചെന്ന് അറിയോ.. സെക്ഷ്വലി… മെന്റലി.. ഫിസിക്കലി… എല്ലാ തരത്തിലും എന്നെ അവൻ ഇല്ലാണ്ടാക്കി… നിങ്ങൾക്ക് അറിയോ.. അവനെന്നോട് പറഞ്ഞത് എനിക്കൊപ്പം കിടന്നാൽ അവന് സുഖം കിട്ടുന്നില്ലെന്നാണ്… വേറൊരുത്തിയുടെ അടുത്ത് കാശിനു സുഖം തേടി പോയിട്ട് അത് വീഡിയോ പിടിച്ചു എന്നെ കൊണ്ട് കാണിച്ചു ചേട്ടാ… അത്രക്ക് വൃത്തികെട്ടവൻ ആണ് അവൻ..”

പറഞ്ഞു നിർത്തുമ്പോൾ കരയുകയായിരുന്നു അവൾ.

“ഏയ് സജിതാ… മതി നിർത്ത് ഈ കരച്ചിൽ.. വീട്ടിൽ പോ വേഗം.. അടിച്ച് പൂസാണ് നീ.. ഈ അവസ്ഥയിൽ ഇനി ആരേലും കണ്ടാൽ അത് മതി ”

ചുറ്റും കണ്ണോടിച്ചു കൊണ്ട് അവളെ താങ്ങി പിടിച്ചു ശ്യാം.

” ശ്യാമേട്ടാ… എനിക്ക് നിങ്ങളെ ഇഷ്ടമാണ് ചേട്ടാ പക്ഷെ നമുക്ക് വലിയ കൂട്ട് വേണ്ടാ ട്ടോ … നിങ്ങൾക്ക് അറിയോ ഒരു കെയർ പോലും തന്നിട്ടില്ല അവൻ എനിക്ക്.. ഞാനും ഒരു പെണ്ണല്ലേ.. ഞാനും ആശിക്കില്ലേ പലതും.. ഭർത്താവ് കുടുംബം ഒന്നിച്ചുള്ള സന്തോഷങ്ങൾ സങ്കടങ്ങൾ.. അതെല്ലാം അല്ലെ ഒരു നാട്ടിൻ പുറത്തുകാരി ആഗ്രഹിക്കുള്ളു.. ഞാനും ഇത്രയൊക്കെയാണ് ആഗ്രഹിച്ചത്.. പക്ഷെ എനിക്ക് കിട്ടിയതോ.. സ്വന്തം ഭർത്താവിന്റെ അടുത്തുന്നു കിട്ടാത്ത സ്നേഹം കെയർ ഒന്നും എനിക്ക് ആരും തരേണ്ട.. ഞാൻ അതിനൊന്നും അർഹയല്ല…”

ശ്യാമിന്റെ കൈ തട്ടി മാറ്റി വേച്ചു വേച്ചു മുന്നിലേക്ക് നടന്നു സജിത.

” സജിതാ.. വേണ്ട നടന്നു പോകേണ്ട. വാ കാറിൽ കയറ് ഞാൻ വീട്ടിൽ വിടാം..”

പിന്നാലെ ചെന്ന് അവളെ പിടിച്ചു നിർത്തി ശ്യാം.

” ശ്യാമേട്ടാ…. എന്നെ നിങ്ങൾക്ക് ഇഷ്ടം ആണോ… ”

ആ ചോദ്യം കേൾക്കെ ഒന്ന് പരുങ്ങി അവൻ. കുറെ നാളുകളായി ശ്യാം ഉള്ളിൽ ഒതുക്കുന്ന സത്യമായ ഒരു കാര്യമാണ് ഇന്ന് സജിത അവനോട് ചോദിച്ചത്.

” ഇഷ്ടം.. ഇഷ്ടമാണ്.. എന്തെ.. ”

” ആണെങ്കിൽ….
ആണെങ്കിൽ….. ”

വാക്കുകൾ മുഴുവപ്പിക്കാതെ കുസൃതി ചിരിയോടെ അവന്റെ മുഖത്തേക്ക് തന്നെ നോക്കി സജിത.

” പറയ് ആണെങ്കിൽ ”

ആകാംഷയേറി ശ്യാമിന്.

” ആണെങ്കിൽ എനിക്ക് ഒരു മന്തി വാങ്ങി തരാവോ… നല്ല ആഹാരം ഒക്കെ കഴിച്ചിട്ട് കുറെ നാളായി ചേട്ടാ.. എന്നും ചോറും കറികളും അതും നല്ല കറികൾ ഒന്നും ഇല്ല വീട്ടിൽ എന്തുണ്ടോ അത് തന്നെ… സാലറി കിട്ടീട്ട് രണ്ട് മാസം ആയി അതോണ്ട് തന്നെ കയ്യിൽ കാശും ഇല്ല.. ഒരു മന്തിയൊക്കെ തിന്നാൻ കൊതിയാകുവാ.. ”

പുഞ്ചിരിയോടെ പറഞ്ഞു തുടങ്ങി ഒരു നോവിലാണ് നിർത്തിയത് അവൾ. എന്നാൽ ആ വാക്കുകൾ കേൾക്കെ ഉള്ളിൽ എവിടെയോ ഒരു നീറ്റൽ തോന്നി ശ്യാമിന്.

” മന്തി ഞാൻ വാങ്ങി തരാം… ”

അവൻ മറുപടി പറയുമ്പോൾ ഒന്ന് ചിരിച്ചു സജിത..

” ഹമ്പട… വേണ്ട…സാരല്ല… ചുമ്മാ പറഞ്ഞതാ ചേട്ടാ.. നിങ്ങളോട് അല്ലെ ഇതൊക്കെ പറയാൻ പറ്റു. എനിക്ക് വേണ്ടി അല്ലേലെ കുറെ കാശ് ചിലവാക്കി നിങ്ങൾ.. ഇനീം ബുദ്ധിമുട്ടിക്കില്ല ഞാനും….ഇപ്പോ ഓപ്പൺ ആയി സംസാരിക്കാൻ ഒരു ഫ്രണ്ട് ആയി നിങ്ങൾ മാത്രെ ഉള്ളു.. ”

അവൾ പറഞ്ഞു നിർത്തുമ്പോൾ ആ മുഖത്തേക്ക് തന്നെ നോക്കി നിന്നു ശ്യാം.

” സജിതാ.. ഞാനും നിനക്ക് ഒരു ഫ്രണ്ട് മാത്രമാണോ.. ”

ചോദ്യത്തിന്റെ ഉദ്ദേശം മനസിലാകാത്തതിനാൽ തന്നെ സംശയത്തിൽ നോക്കി നിന്നു അവൾ. അതോടെ ശ്യാമിന്റെ സർവ്വ നിയന്ത്രണങ്ങളും വിട്ടു. നാളുകളായി മനസ്സിൽ കൊണ്ട് നടക്കുന്ന ഇഷ്ടം തുറന്ന് പറയാൻ ഇതിനുമപ്പുറം മറ്റൊരു അവസരസമില്ല എന്ന് മനസിലാക്കി അവൻ.

” എന്താ ചേട്ടാ ചേട്ടൻ എന്താ ഉദ്ദേശിച്ചേ.. ”

സംശയത്തിൽ സജിത ചോദിക്കുമ്പോൾ ഒരു നിമിഷം അവളെ നോക്കി നിന്ന ശേഷം വേഗത്തിൽ അവളുടെ മുഖം കൈക്കുമ്പിളിൽ കോരിയെടുത്തു ആ ചുണ്ടുകളിൽ അമർത്തി ചുംബിച്ചു ശ്യാം. ഒരു നിമിഷം സ്ഥബ്ധയായി നിന്നു പോയി സജിത. ശ്വാസം മുട്ടുന്ന പോലെ തോന്നവേ അവനിൽ നിന്നും ബലമായി അടർന്നു മാറി അവൾ.

” ചേട്ടാ.. ഇതെന്താ.. ഇതെന്താ ഈ കാണിച്ചേ.”

ഞെട്ടലിൽ സജിത നോക്കുമ്പോൾ അല്പസമയം ഒന്ന് നിശബ്ദമായി ശ്യാം.

” സജി.. എനിക്ക് ഇഷ്ടമാണ് നിന്നെ.. ഒരുപാട് ഒരുപാട്.. ജീവിതത്തിൽ നീ അനുഭവിച്ചതെല്ലാം എനിക്ക് അറിയാം നിന്റെ മോളെയും എനിക്ക് ഇഷ്ടമാണ്. രണ്ടാളെയും ഞാൻ നോക്കിക്കോളാം പൊന്ന് പോലെ ”

ഒക്കെയും കേട്ട് അവിശ്വസനീയമായി നിന്നു പോയി സജിത

” ചേട്ടാ ഒന്ന് പോയെ.. വെറുതേ വട്ട് പറയാതെ.. ഞാനോ.. ഏയ്.. നിങ്ങൾക്ക് വേറെ നല്ല പെങ്കൊച്ചിനെ കിട്ടും.. വേണ്ട വേണ്ട… ”

വെപ്രാളത്തിൽ അവൾ പറഞ്ഞൊപ്പിക്കുമ്പോൾ ബലമായി പിടിച്ചു തനിക്ക് മുഖമുഖം നിർത്തി ശ്യാം.

” എനിക്ക് നീ മതി.. അത്രയ്ക്ക് ഇഷ്ടമാണ് നിന്നെ.. നീ ഒന്ന് കെട്ടിയതോ ഒരു മോളുള്ളതോ ഒന്നും എനിക്ക് പ്രശ്നം അല്ല നിന്റെ എല്ലാ പ്രശ്നങ്ങളും ഞാനും തീർക്കാം.. ”

ഉറച്ച വാക്കുകൾ ആയിരുന്നു അത്. ഇരു നിമിഷം എന്ത് പറയണമെന്ന് അറിയാതെ കുഴഞ്ഞു സജിത.

” ചേ… ചേട്ടാ.. വേണ്ട… വേണ്ട… ”

സങ്കടത്തിൽ പൊട്ടിക്കരഞ്ഞു പോയി അവൾ. അതോടെ ബലമായി പിടിച്ചു അവളെ തന്റെ മാറോടു ചായ്ച്ചു ശ്യാം..

” വേണം.. ഇത് വേണം എനിക്ക്.. നിന്നെ ആർക്കും വിട്ട് കൊടുക്കില്ല ഞാനും ഇനി”

ആ നിമിഷം സജിതയുടെ എതിർപ്പുകൾ എല്ലാം ഇല്ലാണ്ടായി.. ഉള്ളിലെ സന്തോഷം കൊണ്ടും സങ്കടം കൊണ്ടും പൊട്ടിക്കരഞ്ഞു പോയി അവൾ.. സ്വപ്നത്തിൽ പോലും വിചാരിക്കാത്തതാണ് സംഭവിച്ചിരിക്കുന്നത്. ഒന്നും അപ്പോഴും അവൾക്ക് വിശ്വസനീയമായി തോന്നിയില്ല…

“അതേ ഒരു കാര്യം…. ഇനി രണ്ടെണ്ണം അടിക്കണം ന്ന് തോന്നിയാൽ കൂട്ടുകാർക്ക് ഒപ്പം പോകണ്ട.. നമുക്ക് രണ്ടാൾക്കും കൂടെ കൂടാം കേട്ടോ.. ”

ആ വാക്കുകൾ കേൾക്കെ പൊട്ടിച്ചിരിച്ചു പോയി സജിത. ജീവിതത്തിൽ ഒരു നല്ല കാലം വന്നു എന്ന് തന്നെ ഉറപ്പിച്ചു അവൾ അപ്പോൾ മുതൽ അവൾ ശ്യാമിനെ സ്നേഹിച്ചു തുടങ്ങി.. ജീവനായി…

(ശുഭം )

✍️പ്രജിത്ത് സുരേന്ദ്രബാബു

Leave a Reply

Your email address will not be published. Required fields are marked *