എന്റെ ഏട്ടൻ അവൾക്കു വാങ്ങി കൊടുത്ത ആ സാരി ഞാനെടുത്തതിനാണോ അമ്മയിങ്ങനെ എന്നോടു ദേഷ്യപ്പെട്ട് ഓരോന്നും പറയുന്നത്…..

“എന്റെ പൊന്നു മഹിയേട്ടാ ഇങ്ങനെ കണ്ണിന്റെ മുമ്പിൽ എന്നെ കാണുമ്പോ കാണുമ്പോ പിടിച്ച് ഉമ്മ വെയ്ക്കാൻ നമ്മുടെ കല്യാണം കഴിഞ്ഞത് ഇന്നലെയല്ല… ഇന്നേക്ക് ഒരു വർഷമായ്… മറന്നു പോയോ പൊന്നുമോനത്….?

തന്നെ ഇറുക്കി പിടിച്ച് മുഖമാകെ മുത്തങ്ങൾ കൊണ്ട് മൂടുന്ന മഹിയെ തന്നിൽ നിന്നകറ്റി നിർത്താൻ ശ്രമിച്ച് നീനു പറഞ്ഞതും വാശിയോടെ കൂടുതൽ ശക്തിയോടവളെ തന്നിലേക്കു തന്നെ ചേർത്തു പിടിച്ചു മഹിയും…

“കല്യാണം കഴിഞ്ഞ നാളിൽ ഇങ്ങനെ കെട്ടിപിടിയ്ക്കുന്നത് പോയിട്ട് നേരാവണ്ണം എന്റെ മുന്നില് വരുക പോലും ചെയ്യാറില്ലായിരുന്നവള്… എന്നിട്ടിപ്പോ ബാക്കിയുള്ളവനൊന്ന് ഇഷ്ടത്തിന് ചേർത്തു പിടിയ്ക്കുമ്പോൾ അവള് ഓരോ കാരണം കണ്ടെത്തുവാണ് എന്റെ കയ്യീന്ന് മുങ്ങാൻ… നടക്കില്ല മോളെ നീനൂ…. നടത്തില്ല ഞാൻ….”

കയ്യിൽ കിടന്ന് പുളയുന്ന നീനുവിന്റെ കവിളിൽ അമർത്തി തന്റെ ചുണ്ടുകൾ ചേർത്തൊരു കുസൃതിയോടെ മഹി പറഞ്ഞു നിർത്തിയതും ചാരിയിട്ട വാതിൽ തള്ളി തുറന്നകത്തേയ്ക്ക് കയറിയിരുന്നു മഞ്ജു….

കൺമുന്നിലെ കാഴ്ചയിൽ കണ്ണുടക്കി മഞ്ജുനിന്നതും മഹിയുടെ കയ്യിൽ നിന്ന് വേഗത്തിൽ പിടഞ്ഞു മാറി നീനു….

“ഏടത്തിയ്ക്ക് ഏട്ടൻ ആനിവേഴ്സറി ഗിഫ്റ്റ് ഒന്നും വാങ്ങിയില്ലേ….?

മറ്റൊരാളുടെ സ്വകാര്യതയിലേക്ക് അനുവാദം ഇല്ലാതെ കയറി ചെന്നതിന്റെ യാതൊരു സങ്കോചമോ ക്ഷമ പറച്ചിലോ ഒന്നുമില്ലാതെ വളരെ അധികാരത്തിൽ ആ ബെഡ്റൂമിലാകെ കണ്ണോടിച്ചു കൊണ്ട് മഞ്ജു തിരക്കിയതും നീനുവിന്റെ കണ്ണുകൾ തെന്നിവീണത് ബെഡ്ഡിൽ കിടക്കുന്ന ഷോപ്പിംഗ് ബാഗിലേക്കാണ്…

“ആനിവേഴ്സറി ഗിഫ്റ്റെല്ലാം ഇങ്ങനെ അലസമായിടാവോ ഏടത്തിയമ്മേ….?

നീനുവിന്റെ നോട്ടം പിൻതുടർന്ന് ബെഡ്ഡിലേക്ക് മിഴികളെത്തിയ ഉടനെ കയ്യെത്തിച്ച് ആ ബാഗെടുക്കുന്നതിനിടയിൽ നീനുവിനോടായ് ചോദിച്ചു മഞ്ജു…

“അതിപ്പോഴാടീ മഞ്ജു ഞാനിവൾക്ക് കൊടുത്തത്…. ഇവളതൊന്ന് തുറന്നു പോലും നോക്കിയിട്ടില്ല… എന്തിന് ആ ബാഗിനുള്ളിലുള്ളത് ഏത് മോഡൽ ഡ്രസാണെന്നു വരെ ഇവൾക്കറിയില്ലെടി….”

മഞ്ജുവിനിഷ്ടപ്പെട്ടാൽ അവളത് ഏതുവിധേനെയും കൈകലാക്കി കൊണ്ടു പോവുമെന്നുറപ്പുള്ളതുകൊണ്ടുതന്നെ അതിനെ ചെറുക്കാനായ് നീനുവിനെ ന്യായീകരിച്ചു മഹി….

“ഏട്ടൻ കൊടുത്ത ഗിഫ്റ്റ് പൊട്ടിച്ചു നോക്കുന്നതിലും കൂടുതൽ ഏട്ടത്തിയ്ക്കിഷ്ടം ഏട്ടന്റെ കൈക്കുള്ളിൽ നേരത്തെപോലെ ഒതുങ്ങി കൂടി നിൽക്കാനാണ് അല്ലേ ഏടത്തി….?

സങ്കോചമേതുമില്ലാതെ പറഞ്ഞു കൊണ്ട് മഞ്ജു ആ ഷോപ്പിംഗ് ബാഗ് തുറന്ന് അതിനകത്തുള്ള സാരിയെടുത്ത് തന്റെ ചുമലിലേക് വിടർത്തിയിടുന്നതും അതിന്റെ ഭംഗിയിൽ ചുണ്ടിലൊരിളം പുഞ്ചിരിയോടെ വേറെ ചോദ്യമോ പറച്ചിലോ ഒന്നുമില്ലാതെ ആ സാരിയുമെടുത്ത് പുറത്തേക്ക് നടക്കുന്നതുമെല്ലാം അങ്ങനെയേ നോക്കി നിന്നു നീനുവും മഹിയും….

“സത്യം പറയാലോ അമ്മേ അവിടെ എന്റെ നാത്തൂന്മാർക്കൊക്കെ ഇപ്പോഴെന്നോട് വല്ലാത്ത അസൂയയും കുശുമ്പും ആണെന്നേ…”

പായസത്തിലേക്കിടാൻ വറുത്തു കോരി വെച്ചിരുന്ന അണ്ടിപ്പരിപ്പെടുത്ത് വായിലേക്കിട്ട് തഞ്ചത്തിൽ മുറ്റത്തേയ്ക്കൊന്ന് പാളി നോക്കി മഞ്ജു പറഞ്ഞതും അവളോടുള്ള ദേഷ്യത്തിലെന്ന പോലെ എന്തോ പിറുപിറുത്ത് തന്റെ ജോലിയിലേക്ക് തന്നെ തിരിഞ്ഞമ്മ..

“എന്റെ ഏട്ടൻ അവൾക്കു വാങ്ങി കൊടുത്ത ആ സാരി ഞാനെടുത്തതിനാണോ അമ്മയിങ്ങനെ എന്നോടു ദേഷ്യപ്പെട്ട് ഓരോന്നും പറയുന്നത്…..?

അമ്മയെ തനിയ്ക്കു നേരെ തിരിച്ചുപിടിച്ച് കല്ലിച്ച മുഖഭാവത്തോടെ മഞ്ജു ചോദിച്ചതു ഇഷ്ടക്കേടോടെ അവളെ നോക്കി അമ്മ

“അപ്പോ നിനക്കറിയാം നീ ചെയ്തത് ശരിയല്ലെന്ന്… പിന്നെന്തിനാ ടീ നീയ്യിങ്ങനെ ഇടയ്ക്കെല്ലാം ഓടിയിങ്ങോട്ടു വന്നാ കൊച്ചിന്റെ ഓരോ സാധനങ്ങൾ ചോദിയ്ക്കാതെയും പറയാതെയും എടുത്തോണ്ടു പോവുന്നത്….?
അവളൊരു സാധുവായത് മുതലെടുക്കുവല്ലേടി നീ…’

തന്നെ പിടിച്ച മകളുടെ കൈക്കിട്ടൊരു തട്ട് കൊടുത്ത് ദേഷ്യപ്പെട്ടവർ….

“ഞാൻ ഏടത്തിയുടെ സാധനങ്ങൾ എടുത്തോണ്ടു പോവുന്നതിന് ഏട്ടനും ഏടത്തിയ്ക്കും പോലും എതിർപ്പില്ല… പിന്നെന്തായീ അമ്മയ്ക്ക്…?

തിരിച്ചമ്മയോടു ദേഷ്യപ്പെടുന്നതിനിടയിലും അവളുടെ കണ്ണുകൾ മുറ്റത്ത് എന്തോ സംസാരിച്ചു നിൽക്കുന്ന മഹിയിലും നീനുവിലും പാളി ചെന്നു…

അടുത്ത് നിൽക്കുന്ന നീനുവിന്റെ തോളിലൂടെ കയ്യിട്ടവളോടെന്തോ പറഞ്ഞു ചിരിയ്ക്കുകയാണ് മഹി…

ആ കാഴ്ച ഉള്ളിലൊരനിഷ്ടം സൃഷ്ടിച്ചതും അവർക്കരികിലേക്ക് നീങ്ങി മഞ്ജു…

“നീയെന്താണ് മഞ്ജു നിന്റെ നാത്തൂന്മാരെ പറ്റി നേരത്തെ പറഞ്ഞത്….?
അവർക്കെന്തിനാ നിന്നോട് അസൂയ….?

മഹിയുടെയും നീനുവിന്റെയും ഇടയിലേക്ക് ചെല്ലാനാണ് മഞ്ജുവിന്റെയാ പോക്കെന്നറിഞ്ഞതും വേഗത്തിൽ അവളോട് തിരക്കി അമ്മ…

കെട്ടിയവന്റെ അനിയത്തിമാരുടെ കാര്യം പറഞ്ഞു രസിക്കാനൊരവസരം കിട്ടിയതും തൽക്കാലം മറ്റെല്ലാം മാറ്റി വെച്ച് അമ്മയ്ക്കരികിലേക്കവൾ നീങ്ങി ചെന്നതും അവളെ അനിഷ്ടത്തോടെ നോക്കി അമ്മ…

” ഞാനിവിടെ വന്ന് ഏടത്തിയുടെ ഡ്രസും മറ്റു സാധനങ്ങളുമെല്ലാം എടുത്തോണ്ടങ്ങ് ചെല്ലുമ്പോ അവളുമാരുടെ മുഖമൊന്നു കാണണം അമ്മേ ആകെ വീർത്തുക്കെട്ടിയിങ്ങനെ ഭൂന്ന് പറഞ്ഞ് വീർത്തിരിപ്പുണ്ടാവും…. അതു കാണാൻ വേണ്ടി തന്നെ ഞാനീ കൊണ്ടു ചെല്ലുന്ന സാധനങ്ങളെല്ലാം അവരുടെ മുന്നിലിങ്ങനെ നിരത്തിയിടും കുറച്ചു നേരം… എന്റമ്മേ അന്നേരത്തെ അവരുടെ മുഖത്തു കാണുന്ന അസൂയ… ഹോ…. ”

ലഹരിയിലെന്ന പോലെ കണ്ണുകളടച്ച് പറയുന്ന മകളെ തുറിച്ചു നോക്കി പോയ് അമ്മ……

തന്റെ രണ്ടു മക്കളിൽ ഏറ്റവും ആർത്തിയും അഹങ്കാരവും നിറഞ്ഞവളാണ് മഞ്ജു എന്നറിഞ്ഞിട്ടും ഒന്നു നിശ്വസിച്ചു പോയവർ അവളെയോർത്ത്…

“എടീ നീ നിന്റേട്ടത്തിയമ്മയുടെ സാധനങ്ങളിൽ അവകാശം കാണിയ്ക്കുന്നതു പോലെ തന്നെ നിന്റെടുത്തുള്ള സാധനങ്ങളിൽ അവകാശം കാണിക്കാൻ പറ്റുന്നവരാണ് ആ രണ്ടു പെൺക്കുട്ടികളും… മറക്കണ്ട നീയത്….”

അമ്മ പറഞ്ഞതും ഒന്ന് ചുണ്ടു കോട്ടിയവരെ നോക്കി മഞ്ജു….

“ആ അധികാരം കാണിച്ചെന്റെ അടുത്തേയ്ക്ക് വന്നതു മാത്രമേ അവളുമാർക്ക് ഓർമ്മയുണ്ടാവുകയുള്ളു … എന്റെ ഏതെങ്കിലും സാധനത്തിലവർ തൊട്ടാൽ
അടിച്ചവരുടെ മുഖം പൊളിയ്ക്കും ഞാൻ… ഞാനെന്റെ വീട്ടിൽ എന്റെ ഏട്ടന്റെയും ഏടത്തി അമ്മയുടെയും അടുത്ത് പെരുമാറുന്നത് പോലെയാണോ അവര്… അതു കൊള്ളാലോ….

ഈ ലോകത്തിലെ സകല പുച്ഛവും തന്റെ മുഖത്തു വരുത്തി അമ്മയോട് മഞ്ജു കയർത്തതും പായസമിളക്കി കൊണ്ടിരുന്ന ചൂട് തവിക്കൊണ്ട് മഞ്ജുവിന്റെ കൈക്ക് വേദനിയ്ക്കും വിധത്തിലൊന്നു കൊടുത്തമ്മ…

അയ്യോ…. ആ…

പ്രതീക്ഷിക്കാതെ കിട്ടിയ അടിയിലും അതിനൊപ്പം പായസതുള്ളികൾ ചൂടോടെ കയ്യിൽ വീണ പൊള്ളലിലും നിന്നിടത്തു നിന്നൊന്ന് ചാടി ഉറക്കെ അലറി പോയ് മഞ്ജു

” അമ്മയ്ക്കെന്താ അമ്മേ ഭ്രാന്തുണ്ടോ….?

അടി കൊണ്ടു ചുവന്ന കയ്യിലേക്കു നോക്കി അമ്മയോട് മഞ്ജു ശബ്ദമുയർത്തുമ്പോഴേയ്ക്കും മുറ്റത്തു സംസാരിച്ചുകൊണ്ട് നിന്നിരുന്ന നീനുവും മഹിയും ഓടി എത്തിയിട്ടുണ്ട് അവർക്കടുത്തേയ്ക്ക്…

“എന്താമ്മേ… എന്തിനാ ഇവളീ ഒച്ചയെടുക്കുന്നതും നേരത്തെ കാറിയതുമെല്ലാം…?

വന്നവഴി അമ്മയോട് ചോദിയ്ക്കുന്നതിനൊപ്പം വലം കൈ ഉയർത്തി ഊതി നിൽക്കുന്ന മഞ്ജുവിന്റെ അടുത്തേയ്ക്ക് ചെന്നു മഹി

“അവൾക്ക് കിട്ടിയതും അവള് കരഞ്ഞതുമെല്ലാം ഞാനൊരെണ്ണം അവൾക്ക് കനത്തിൽ കൊടുത്തതുകൊണ്ടാണെടാ മഹീ…. പെണ്ണുങ്ങൾക്കിത്ര അസൂയയും തന്റേടവുമൊന്നും പാടില്ല…. ഇവളെന്താ ഇവളുടെ കെട്ടിയവന്റെ അനിയത്തി കുട്ടികളെ പറ്റി പറഞ്ഞതെന്ന് നീ കേട്ടില്ലല്ലോ മോനെ…. കേട്ടിരുന്നെങ്കിൽ നീയും കൊടുത്തേനെ ഇവൾക്കിട്ട്…”

മഞ്ജുവിനെ ദേഷ്യത്തിൽ നോക്കി മഹിയോടു പറയുന്നതിനൊപ്പം തന്നെ അമ്മ അവിടെ അവർ തമ്മിലുണ്ടായ സംസാരത്തെ പറ്റിയെല്ലാം തുറന്നങ്ങു പറഞ്ഞതും അവർക്കു മുമ്പിൽ
നാറി നാണംക്കെട്ടു നിന്നുപോയ് മഞ്ജു… ,

അവളുടെ കണ്ണുകൾ അമ്മയ്ക്കടുത്ത് ഇതെല്ലാം കേട്ടൊരു നേർത്തചിരിയോടെ നിൽക്കുന്ന നീനുവിൽ പതിഞ്ഞു…

മഞ്ജു തന്നെ നോക്കുന്നതറിഞ്ഞ് വേഗം നീനു അമ്മയിൽ നിന്നുള്ള തന്റെ നോട്ടം പിൻവലിച്ച് മഞ്ജുവിനെ നോക്കി….

തികച്ചും സാധാരണയായ എന്നാൽ ഒരുപാടു അർത്ഥങ്ങൾ ഒളിപ്പിച്ചു പിടിച്ചൊരു നോട്ടം….

“അപ്പോ സത്യത്തിൽ ഞാനും നീയുമൊക്കെ ഒരേ മനസ്സുള്ളവരാണ് മഞ്ജൂ… ഇവിടെ വന്നതിൽ പിന്നെ എത്രയോ വട്ടം നീയ്യീ പറഞ്ഞതുപോലെ നിന്റെ മുഖമടിച്ചു പൊളിക്കാൻ തോന്നിയിട്ടുണ്ട് എനിയ്ക്കും…. ”

മുഖത്തെ ചിരി മായാതെ പറയുന്ന നീനുവിനെ ഞെട്ടലോടെ പകച്ചു നോക്കി മഞ്ജു…

“നീയിത്ര പകച്ചു നോക്കണ്ട മഞ്ജു… നീനു പറഞ്ഞത് സത്യം തന്നെയാണ്… അവളു പറഞ്ഞതുപോലെ തന്നെയാണ് എനിയ്ക്കും നിന്നോടു തോന്നിയിട്ടുള്ളത്, അതു പക്ഷെ നീ ഇവിടുന്ന് ഓരോന്നും എടുത്ത് കൊണ്ടു പോവുന്നതുകൊണ്ടല്ല മറിച്ച് യാതൊരു മര്യാദയും മാനേർസും ഇല്ലാതെ ഇടിച്ചു കയറി ഞങ്ങൾ രണ്ടാൾക്കും ഇടയിലേക്ക് വരുമ്പോഴാണ് എന്ന് മാത്രം… ”

മഹി പറഞ്ഞതും തന്റെ മിഴികൾ ഇറുക്കെ ചിമ്മിയടച്ചു മഞ്ജു…. മഹിയുടെ അന്നേരത്തെ ദേഷ്യമിരച്ചു കയറി ചുവന്ന മുഖം കാണാൻ വയ്യെന്നതു പോലെ…

“ഇത്രയ്ക്കും നാണവും മാനവുംകെട്ടൊരുത്തിയായ് പോയല്ലോ മഞ്ജു നീ… എന്റെ അനിയത്തിയാണ് നീ ….ഒരിക്കലും എന്റെ ജീവിതത്തിലെ നിന്റെയാ സ്ഥാനം മാറില്ല… പിന്നെ എന്തിനു വേണ്ടിയാണ് നീയ്യികാട്ടിക്കൂട്ടലൊക്കെ നടത്തുന്നത്… ?
ആരെ കാണിക്കാനാണ്….?

മഹി ചോദിച്ചതും ഒന്നും മിണ്ടാതെ വേഗം അവിടെ നിന്നിറങ്ങി തന്റെ മുറിയിലേക്ക് നടന്നു മഞ്ജു..

തന്റെ ബാഗെടുത്ത് അതിലേക്ക് കയ്യിലെ ഫോൺ വച്ചതിനു ശേഷം വേഗത്തിൽ ബെഡ്ഡിൽ കിടന്ന മഹി നീനുവിന് ഗിഫ്റ്റു നൽകിയ ആ ആനിവേഴ്സറി സാരി കൂടി മടക്കി എടുത്തു വെച്ചതും അവളുടെ കവിളു പുകയും വിധം അടിവീണു കഴിഞ്ഞിരുന്നു അമ്മയുടെ കയ്യിൽ നിന്നും….

“ഇത്രയെല്ലാം ഞങ്ങൾ അവിടെ കിടന്ന് ആളാവീതം പറഞ്ഞിട്ടും നിന്റെ തലയിൽ അതൊന്നും കയറിയിട്ടില്ല അല്ലേ ടീ… ?

അമ്മ ചോദിച്ചതും ദേഷ്യത്തോടെ അമ്മയെ നോക്കി മഞ്ജു

“ഇതെന്റെയും കൂടി വീടാണ്… ഇവിടെ ഉള്ള എന്തിലും എനിയ്ക്കും ഉണ്ട് അവകാശം.. എനിയ്ക്കുള്ളതു കഴിഞ്ഞിട്ടുമതി വന്നു കയറിയവൾമാർക്കെല്ലാം… ”

വീറോടെ വിളിച്ചു പറയുന്നവളുടെ കവിൾ ഇത്തവണ പുകഞ്ഞത് അമ്മയുടെ അടിയേറ്റല്ല… മറിച്ച് അവളുടെ ഭർത്താവ് ശിവന്റെ അടിയേറ്റാണ്…

നീ ഇപ്പോൾ ഈ പറഞ്ഞത് എന്റെ വീട്ടിൽ നിനക്കും ബാധകമാണ് മഞ്ജു… എന്റെ അമ്മയ്ക്കും അനിയത്തിമാർക്കും കഴിഞ്ഞുള്ള അവകാശവും അധികാരവും മാത്രമേ നിനക്കവിടെ ഇന്നു മുതൽ ഉണ്ടാവുകയുള്ളു… അതിനു സമ്മതമാണെങ്കിൽ മാത്രം നീ ഇവിടെ നിന്നങ്ങോട്ടു വന്നാൽ മതി… കൊല്ലം രണ്ടു മൂന്നായ് നിന്നെയും നിന്റെ വൃത്തിക്കെട്ട സ്വഭാവത്തെയും സഹിക്കുന്നു ഞങ്ങളെല്ലാം… ഇനി വയ്യ… ”

മഞ്ജുവിനോടുള്ള അമർഷമത്രയും ശബ്ദത്തിൽ നിറച്ച് ശിവൻ പറഞ്ഞു നിർത്തിയതും തികഞ്ഞ നിശബ്ദത നിറഞ്ഞാ മുറിയിൽ….

അന്നു വൈകുന്നേരം വിവാഹ വാർഷീക ആഘോഷം കഴിഞ്ഞ് ശിവനൊപ്പം മഞ്ജു മടങ്ങിപോയപ്പോൾ നീനുവിന്റെ സാരിയുൾപ്പെടെ അവിടെ നിന്ന് മഞ്ജു കൊണ്ടുപോവാൻ പെറുക്കിയെടുത്ത എല്ലാ വസ്തുക്കളും ആ വീട്ടിൽ ഭദ്രമായ് അതാത് സ്ഥാനത്തിരുന്നിരുന്നു… ഇനിയത് എന്നും അങ്ങനെ തന്നെയാവും… മാറ്റമുണ്ടാവില്ല… തീർച്ച…..

✍️രജിത ജയൻ

Leave a Reply

Your email address will not be published. Required fields are marked *