എനിയ്ക്ക് നിങ്ങളെക്കാളിഷ്ടം നിങ്ങളുടെ അനിയനെ ആണ്.. “അവനൊപ്പം എൻ്റെ ഇഷ്ടത്തിനനുസരിച്ച് സന്തോഷമായ് ജീവിയ്ക്കുന്നതും അവൻ്റെ കുഞ്ഞുങ്ങളെ പ്രസവിക്കുന്നതും ഞാനും….

“എനിയ്ക്ക്
നിങ്ങളെക്കാളിഷ്ടം നിങ്ങളുടെ അനിയനെ ആണ്..

“അവനൊപ്പം എൻ്റെ ഇഷ്ടത്തിനനുസരിച്ച് സന്തോഷമായ് ജീവിയ്ക്കുന്നതും അവൻ്റെ കുഞ്ഞുങ്ങളെ പ്രസവിക്കുന്നതും ഞാനും അവനും ചേർന്നവരെ സന്തോഷത്തോടെ വളർത്തിയെടുക്കുന്നതുമെല്ലാം ദിവസേനെ സ്വപ്നം കണ്ടിരുന്ന ഇപ്പോഴും കാണുന്നൊരുവളാണ് ഞാൻ… ആ എനിയ്ക്ക് പിന്നെ എങ്ങനെയാണ് നിങ്ങളെ ഇഷ്ടപ്പെടാനും നിങ്ങളെ വിവാഹം കഴിച്ച് സന്തോഷത്തോടെ കഴിയാനും പറ്റുക ശരത്തേട്ടാ…?

“ഇതൊന്നും എനിയ്ക്കിവിടെ പറയാൻ കഴിയില്ല, അറിയാലോ അച്ഛൻ്റെ സ്വഭാവം… അതുകൊണ്ട് എന്തെങ്കിലും ഒരു കാരണമുണ്ടാക്കി ശരത്തേട്ടൻ ഈ വിവാഹമൊന്ന് മുടക്കി തരണം..
പകരം എന്നിട്ടെൻ്റെയും ശ്യാമേട്ടൻ്റെയും കല്യാണം എല്ലാവരുടെയും സമ്മതത്തോടെ നടത്താൻ വേണ്ട അവസരവും ഉണ്ടാക്കി തരണം..
ഒരനിയത്തിയുടെ അപേക്ഷ ആയിട്ട് കാണണമിതിനെ…. ഞങ്ങളെ ഒന്നിച്ചു ജീവിക്കാൻ അനുവദിക്കണം ….”

തൻ്റെ മുന്നിൽ നിന്ന് കൈക്കൂപ്പി പറയുന്ന സന്ധ്യയെ അലസം വെറുതെ എന്ന പോലെ നോക്കുമ്പോൾ ശരത്തിൻ്റെ ഉള്ളിലൊരു കണ്ണീർ കടൽതന്നെ ആർത്തലച്ച് ഇരമ്പുന്നുണ്ട്…

അതു പക്ഷെ അവനല്ലാതെ മറ്റൊരാൾക്ക് അറിയില്ലെന്നു മാത്രം….

രണ്ടു മാസങ്ങൾക്ക് മുമ്പ് വീട്ടുകാരുടെ ഇഷ്ടത്തിനും താല്പര്യത്തിനും നടത്തിയ പെണ്ണുകാണലും വിവാഹനിശ്ചയവുമായിരുന്നു സന്ധ്യയുമായിട്ട്…

അച്ഛൻ്റെ സുഹൃത്തിൻ്റെ മകളാണ് സന്ധ്യ….

വിവാഹത്തെ പറ്റിയോ വിവാഹം കഴിക്കാൻ പോവുന്ന പെൺകുട്ടിയെ പറ്റിയോ അങ്ങനെ യാതൊരു സങ്കല്പവും ഇഷ്ടങ്ങളും ഒന്നും മനസ്സിൽ കൊണ്ടു നടക്കാത്തത് കൊണ്ട് സന്ധ്യയെ വിവാഹം കഴിക്കാൻ തടസ്സമൊന്നുമില്ലായിരുന്നു ശരത്തിനും …

വിവാഹനിശ്ചയവും മോതിരമാറ്റവും നടത്തിയതോടെ സന്ധ്യയെ മനസ്സുകൊണ്ട് തൻ്റെ ഭാര്യ ആക്കിയിരുന്നു ശരത്ത്.. പരസ്പരമുള്ള ഫോൺ വിളികളിലുടെയും തുറന്ന സംസാരങ്ങളിലൂടെയും സന്ധ്യയുമായ് കൂടുതൽ അടുത്തു ശരത്ത് ഈ രണ്ടു മാസങ്ങൾ കൊണ്ട്…

വില്ലേജ് അസിസ്റ്റൻറ്റാണ് ശരത്ത്…
ഒരാഴ്ച കഴിഞ്ഞവരുടെ കല്യാണം ആണ് . അതിൻ്റെ തിരക്കുമായ് ബന്ധപ്പെട്ട് വരുന്ന രണ്ടാഴ്ചത്തെ ലീവെടുത്ത് ശരത്ത് വീട്ടിലേക്ക് മടങ്ങും വഴിയാണ് അവനെ കാണണമെന്നാവശ്യപ്പെട്ട് സന്ധ്യ വന്നത് …

ആ വരവിൻ്റെ അവസാനമാണ് ഇപ്പോൾ അവർ തമ്മിൽ നടന്ന ആ സംസാരം

“നിനക്ക് ശ്യാമിനെ ഇഷ്‌ടമാണെന്നത് അവനറിയുമോ…? നീ പറഞ്ഞിട്ടുണ്ടോ അവനോട് ഇതിനെ പറ്റി…?

സംശയത്തോടെ ശരത്ത് ചോദിച്ചതും ഉത്തരമൊന്നും പറയാതെ അവനെ നോക്കി നിന്നു സന്ധ്യ…

അതു കണ്ടതും സംശയത്തോടെ അവളെ നോക്കി ശരത്ത്

“ഞങ്ങൾ രണ്ടാളും കഴിഞ്ഞ മൂന്നു വർഷത്തോളം പ്രണയത്തിലായിരുന്നു….
അതിനിടയിൽ ചെറിയൊരു തമാശയുടെ പുറത്ത് ഒരു ബ്രേക്കപ്പും വന്നു ഞങ്ങൾക്കിടയിൽ…..

” ആ സമയത്താണ് ശരത്തേട്ടൻ എന്നെ പെണ്ണു കാണാനായ് വന്നത്…

“നിസ്സാര കാര്യത്തിന് എന്നോട് വഴക്ക് ഉണ്ടാക്കി പിരിഞ്ഞു പോയ
അവനോടുള്ള ദേഷ്യം കൊണ്ടാണ് ഞാനന്ന് ശരത്തേട്ടനുമായുള്ള വിവാഹത്തിന് സമ്മതിച്ചത് പോലും..”

“എന്നെ വേണ്ടാന്നു വെച്ച് പോയവനു മുമ്പിൽ അവൻ്റെ ഏട്ടൻ്റെ ഭാര്യയായ് വന്നു നിൽക്കണമെന്നൊരു വാശി തോന്നി എനിയ്ക്ക് അന്നേരം…”

പക്ഷെനമ്മുടെ കല്യാണ നിശ്ചയം കഴിഞ്ഞതും പറ്റിയ തെറ്റെല്ലാം ഏറ്റുപറഞ്ഞ് എൻ്റെ കാൽക്കൽ വീണു ശരത്തേട്ടൻ്റെ അനിയൻ ശ്യാം..

“പഴയതൊന്നും ഇനി ആവർത്തിക്കില്ലെന്നു പറഞ്ഞ് എൻ്റെ കാലിൽ പിടിച്ച് കരഞ്ഞവനെ കണ്ടില്ലെന്ന് നടിക്കാൻ വയ്യ എനിയ്ക്ക്… ഇനിയുള്ള ഞങ്ങളുടെ ജീവിതം അത് ശരത്തേട്ടൻ്റെ കയ്യിലാണ്… രക്ഷിച്ച് സഹായിക്കണം ഞങ്ങളെ….”

ശരത്തിൻ്റെ ഇരുകൈകളും കൂട്ടി പിടിച്ച് കരച്ചിലടക്കി സന്ധ്യ പറഞ്ഞതും അവളുടെ കയ്യിൽ നിന്ന് തൻ്റെ കൈകൾ വേഗത്തിൽ എടുത്തു മാറ്റി ശരത്ത്….

മറുപടി ഒന്നും അവളോട് പറയാതെ വേഗത്തിൽ അവളുടെ അടുക്കൽ നിന്ന് ശരത്ത് തിരികെ നടന്നതും കണ്ടു റോഡിനു മറുഭാഗത്ത് നിന്ന് പ്രതീക്ഷയോടെ തന്നെ നോക്കുന്ന ശ്യാമിനെ

ഓ കാമുകിയെ ഏട്ടൻ്റെ അടുത്തേക്കയച്ചിട്ട് മാറി നിൽക്കുകയാണ് കാമുകൻ …..

ശ്യാമിനെ ശ്രദ്ധിയ്ക്കുക കൂടി ചെയ്യാതെ അവിടെ നിന്ന് തിരികെ നടക്കുമ്പോൾ ഉള്ളിൽ പറഞ്ഞു ശരത്ത്…

വിവാഹത്തിന് ഒരാഴ്ച മാത്രം ബാക്കിയുള്ളപ്പോ ഇനിയെന്തു ചെയ്യണം പറയണം എന്നൊന്നുമറിയാതെ ഉഴറി പോയിരുന്നു സത്യത്തിൽ ശരത്ത്

“നിങ്ങൾ തമ്മിൽ ഇങ്ങനെ ഒരു ബന്ധം ഉള്ളത് ഞങ്ങളുടെ വിവാഹ നിശ്ചയം കഴിഞ്ഞപ്പോഴെങ്കിലും നിനക്ക് എന്നോടു പറയാമായിരുന്നു ശ്യാം.. നിൻ്റെ ഏട്ടനല്ലേ ഞാൻ..?

തൻ്റെ മുന്നിൽ മാപ്പപേക്ഷയുമായ് വന്ന ശ്യാമിനെ നോക്കി ചോദിയ്ക്കുമ്പോൾ ദേഷ്യത്തിൽ വിറയ്ക്കുന്നതിനൊപ്പം സങ്കടവും നിറഞ്ഞുനിന്നിരുന്നു ശരത്തിൽ ….

നിശ്ചയം കഴിഞ്ഞതിനു ശേഷമുള്ള ഫോൺ കോളുകളിൽ സന്ധ്യ തൻ്റെ ആണെന്ന ഉറപ്പിൽ താനവളോടു പങ്കുവെച്ച ഓരോ തമാശയും കൊച്ചുവർത്തമാനങ്ങളുമെല്ലാം തന്നെ നോക്കി പരിഹസിച്ചു ചിരിക്കുന്നതായും സന്ധ്യയ്ക്ക് മുമ്പിൽ താനൊരു പാട് ചെറുതായത് പോലെയും ഒക്കെ തോന്നുന്നുണ്ടവന്..

തങ്ങൾക്ക് ജനിക്കാൻ പോവുന്ന കുഞ്ഞുങ്ങളെ പറ്റി പോലും താനവളോടു സംസാരിച്ചിരുന്നു എന്നതിപ്പോൾ ഓർക്കെ മുമ്പിൽ നിൽക്കുന്ന ശ്യാമിനെയും സന്ധ്യയേയും കൊല്ലാനുള്ള ദേഷ്യമുണ്ടാക്കുന്നുണ്ടവനിൽ…

താൻ പ്രണയം പങ്കുവെച്ചതും തന്നോട് പ്രണയ സല്ലാപം തിരികെ നടത്തിയതും തൻ്റെ അനിയനെ നെഞ്ചിലേറ്റിയവൾ ആണെന്നതും അതിനെല്ലാം തൻ്റെ അനിയൻ സപ്പോർട്ടായിട്ടുണ്ടായിരുന്നു എന്നതും ശരത്തിൻ്റെ ഹൃദയം പിന്നെയും പിന്നെയും നീറ്റി….

“ഏട്ടൻ പൊറുക്കണം..എന്നിട്ടീ കല്യാണത്തിൽ നിന്നൊഴിഞ്ഞ് പകരം ഞങ്ങളുടെ കല്യാണം നടത്തി തരണം. എനിയ്ക്ക് സർക്കാർ ജോലി ഇല്ലാത്തതുകൊണ്ടി വളെ ഇവളുടെ വീട്ടുകാർ കെട്ടിച്ചു തരില്ലെനിയ്ക്ക് ….”

“ഏട്ടനായിട്ട് കാര്യം പറഞ്ഞൊഴിഞ്ഞാൽ ഞങ്ങളുടെ കല്യാണം നടത്തും അവർ.. അങ്ങനെ ആവുമ്പോൾ അവളുടെ കല്യാണത്തിനവൾക്ക് കൊടുക്കാൻ അവർ കരുതിയ സ്വർണ്ണവും പൈസയുമെല്ലാം അവൾക്ക് തന്നെ കിട്ടും… അതുവെച്ച് എനിയ്ക്ക് എന്തെങ്കിലും ബിസിനസ് ചെയ്യാനും പണമുണ്ടാക്കാനുമെല്ലാം പറ്റും…”

ഇങ്ങനൊരു കാര്യം രഹസ്യമാക്കി ഇതുവരെ വച്ചതിൻ്റെ യഥാർത്ഥകാരണം
ശ്യാം വെളിപ്പെടുത്തിയതും പകപ്പോടെ അവനെ നോക്കി ശരത്ത്

“ഇത്രയൊക്കെ പ്ലാനുകൾ നിങ്ങളുടെ ഉള്ളിൽ ഉണ്ടായിരുന്നെങ്കിൽ എന്തിനാണെടാ എന്നെ ഇങ്ങനെയൊരു വിഡ്ഡി വേഷം കെട്ടിച്ചത് നീ….?
എന്നോടെല്ലാം നിനക്കെങ്കിലും ഒന്നു തുറന്നു പറഞ്ഞു കൂടായിരുന്നോ…?

ശരത്തിൻ്റെ ഉള്ളിലെ നോവത്രയും ഉണ്ടാ ചോദ്യത്തിൽ…

“വേറൊരു വഴിയും അവളെ നേടാൻ ഞാൻ മുന്നിൽ കണ്ടില്ല ഏട്ടാ… ഇതാവുമ്പോൾ ഏട്ടൻ കല്യാണം ഒഴിയുമ്പോൾ ആ സ്ഥാനത്തേയ്ക്ക് ഞാൻ വന്നാൽ മാത്രം പോരെ…?
എല്ലാ പ്രശ്‌നവും തീരുമല്ലോ അതോടെ…”

ചതിക്കുന്നതും ചതിച്ചതും സ്വന്തം ഏട്ടനെ ആണെന്ന യാതൊരു കുറ്റബോധവുമില്ല ശ്യാമിൻ്റെ ശബ്ദത്തിൽ.. പകരം താനാഗ്രഹിച്ചതുപോലെ കാര്യങ്ങൾ നടക്കുന്നതിൻ്റെ സന്തോഷം തെളിഞ്ഞു നിന്നവനിൽ….

“ഞാനീ കല്യാണത്തിൽ നിന്നൊഴുവായി തരാം… അതിനു വേണ്ടത് എന്താണെന്നും എങ്ങനെയാണെന്നുമെല്ലാം ഞാൻ പ്ലാനായ് തയ്യാറാക്കിയിട്ടുണ്ട് ശ്യാം … അത് നിങ്ങളോടും പങ്കു വെക്കാം ഞാൻ…. അതിനായ്
ഇന്നുരാത്രി എനിയ്ക്ക് നിങ്ങളെ രണ്ടാളെയും ഒന്നു ഒരുമ്മിച്ച് കാണണം … നമ്മുടെ പറമ്പിലെ റബ്ബർ പുരയിലേക്ക് സന്ധ്യയേയും കൂട്ടി വന്നാൽ മതി നീ…. ഞാനവിടെ ഉണ്ടാവും….. എൻ്റെ പ്ലാനുമായ്….”

കല്ല്യാണത്തിന് മൂന്നു ദിവസം ബാക്കി നിൽക്കേ ഇരു വീടുകളും കല്യാണത്തിനൊരുങ്ങി ബന്ധുക്കളൊക്കെ വന്നു തുടങ്ങിയനാൾ വൈകുന്നേരം ശ്യാമിനെ കണ്ട് ശരത്ത് പറഞ്ഞതും തങ്ങളുടെ സ്വപ്നം സ്ഥലമാകുന്ന സന്തോഷത്തിൽ മറ്റൊന്നും ആലോചിക്കാതെ വേഗത്തിൽ തലയിളക്കി ശരത്തിനോട് സമ്മതം പറഞ്ഞു ശ്യാം….

“ഇതെത്ര നേരമായ് ശ്യാം നമ്മളിവിടെ ശരത്തേട്ടനെ കാത്തു നിൽക്കാൻ തുടങ്ങിയിട്ട്…ഇതെന്താ ഏട്ടൻ വരാത്തത്…?

സമയം രാത്രി പന്ത്രണ്ടു കഴിഞ്ഞിട്ടും ശരത്തിനെ കാണാത്തതിൻ്റെ അസ്വസ്ഥത മുഴുവനുണ്ട് സന്ധ്യയുടെ ശബ്ദത്തിൽ … അവരീ വന്നു നിൽപ്പ് തുടങ്ങിയിട്ട് ഒരു മണിക്കൂറിലേറെയായ്

“ഏട്ടൻ വരൂടി… വീട്ടിലൊക്കെ ബന്ധുകൾ ഉള്ളതല്ലേ… അവരുടെ എല്ലാം കണ്ണുവെട്ടിച്ചു വേണ്ടേ ഇങ്ങോട്ടു വരാൻ… സമയം എടുക്കും… അതുവരെ നമ്മുക്ക് സ്വസ്ഥമായ് അല്പ സമയം പ്രണയിക്കാടീ…”

സന്ധ്യയുടെ കവിളതൊന്നുമ്മവെച്ച് ശ്യാം പറഞ്ഞതും ആ ഇരുട്ടിനെ ഭേധിയ്ക്കും വിധം അവിടെ സന്ധ്യയുടെ കുണുങ്ങി ചിരി നിറഞ്ഞു…

“ദാ…ഇവിടെ ഈ റബ്ബർ പുരയിലുണ്ടവർ…. ചിരികേൾക്കുന്നില്ലേ നിങ്ങൾ…?

ആരോടോ ഉറക്കെ സംസാരിയ്ക്കുന്ന ശരതിൻ്റെ ശബ്ദവും ചുറ്റും നിറഞ്ഞു തെളിഞ്ഞു നിൽക്കുന്ന വെളിച്ചവും ആളുകളും …

ശ്യാമിൻ്റെ നെഞ്ചിൽ നിന്ന് വേഗത്തിൽ പിടഞ്ഞു മാറി സന്ധ്യ നിൽക്കുമ്പോഴേയ്ക്കും അവളുടെ കവിളടക്കം പൊള്ളി പിടയും വിധമവളെ അടിച്ചു കഴിഞ്ഞിരുന്നവളുടെ അച്ഛൻ

“ഏട്ടനുമായിട്ട് കല്യാണം ഉറപ്പിച്ചിട്ട് അനിയനുമായ്
ശ്യംഗരിച്ചു നടക്കുന്ന ഇവളെ പോലുള്ള ഒന്നിനെ എൻ്റെ മോന് ഭാര്യയായിട്ട് വേണ്ട സുധാകരാ… ഇതാണ് നിൻ്റെ മകളുടെ പഠിപ്പെന്നറിഞ്ഞിരുന്നെങ്കിൽ എൻ്റെ ചെക്കനെ കൊണ്ട് ഞാനാ വഴി വരില്ലായിരുന്നു …”

ശരത്തിൻ്റെ അച്ഛൻ വെട്ടിത്തുറന്ന് വിളിച്ചു പറഞ്ഞതും ചൂളി ശ്യാമിൻ്റെ പുറകിലേക്ക് പതുങ്ങി സന്ധ്യയും

അന്നും ഇന്നും എന്നും വീടിനു
കൊള്ളാത്തവനാണ് നീ … എൻ്റെയും ഇവൻ്റെയും ചിലവിൽ ഉണ്ടുറങ്ങി സുഖായിട്ട് ജീവിയ്ക്കുന്നവൻ.. നിനക്ക് പേരും ഇവള്…നീ തന്നെ എടുത്തോ… എൻ്റെ മോന് ഞാൻ നല്ലൊരു പെൺകുട്ടിയെ കണ്ടെത്തി കൊടുത്തോളാം.. പിന്നൊന്ന് കൂടി ഇവളേം വിളിച്ചോണ് വീട്ടിലേക്ക് വന്നേക്കരുത്.. വന്നാൽ പിന്നെ നീയ്യില്ല ഭൂമിയിൽ …”

ശരത്തിനെ തന്നോടു ചേർത്തുപിടിച്ച് ശ്യാമിനെ നോക്കി അചഛൻ ശബ്‌ദം ഉയർത്തി പറയുന്നതിനൊപ്പം അവിടെ നിന്ന് ശരത്തിനെയും കൂട്ടി തിരിഞ്ഞു നടന്നിരുന്നു…

“നീയെന്നെ മകൾ മരിച്ചു എൻ്റെ മനസ്സിൽ..ഇനിയൻ്റെ കൺമുന്നിൽ നിന്നെ കണ്ടു പോവരുത്….”

സന്ധ്യയ്ക് നേരെ വിരൽ ചൂണ്ടി പറഞ്ഞു സുധാകരനും….

നടന്നതെന്താണെന്ന് ശ്യാമിനും സന്ധ്യയ്ക്കും മനസ്സിലായ് വരുമ്പോഴേയ്ക്കും ഇരുൾ നിറഞ്ഞ ആ റബ്ബർ പുരയിൽ ഒറ്റപ്പെട്ടു പോയിരുന്നവർ…

നിങ്ങളുടെ പ്രണയം നിങ്ങൾക്ക് നേടി തരാൻ ഇതിനെക്കാൾ നല്ലൊരു പ്ലാനെൻ്റെ കയ്യിൽ ഇല്ലായിരുന്നു ശ്യാം.. ഇപ്പോ നിങ്ങളാഗ്രഹിച്ചതുപോലെ തന്നെ നടന്നില്ലേ എല്ലാം… ഹാപ്പി ആയില്ലേ നിങ്ങൾ…

ഫോണിലേക്ക് ചിരിയുടെ മേമ്പൊടിയോടെ വന്ന ശരത്തിൻ്റെ ചോദ്യത്തിൽ ദേഷ്യത്തിൽ പല്ലിറുമ്മി പോയ് ശ്യാം..

ചതിക്കുവായിരുന്നു നീ അല്ലേടാ…

ശ്യാം ചോദിച്ചതും ശരത്തിൻ്റെ പൊട്ടിച്ചിരി നിറഞ്ഞു ശ്യാമിൻ്റെ കാതിനുള്ളിൽ

നിങ്ങളെന്നോട് ചെയ്തതിനുള്ളത് ഞാൻ തിരിച്ചു തന്നു വെന്ന് കരുതിയാൽ മതി..ഞാൻ നിൻ്റെ കൂടപ്പിറപ്പാണെന്ന് നീ മറന്നതുപോലെ ഞാനുമൊന്ന് മറന്നു…ചതിയ്ക്കു ചതി അത്രമാത്രം…”

കല്ലിച്ച മുഖഭാവത്തോടെ പറഞ്ഞ് ഫോൺ കട്ടാക്കിയതും ശരത്തിൻ്റെ മുഖത്തൊരു സംതൃപ്തിയുടെ ചിരി തെളിഞ്ഞു

തന്നെ നാണം കെടുത്തി സ്വന്തം കാര്യം നേടാൻ പോയവരെ അതേ നാണയത്തിൽ തിരിച്ചടിച്ചതിൻ്റെ സംതൃപ്തി…

ഇതെങ്കിലും ഇത്രയെങ്കിലും അവരോടവൻ ചെയ്യണ്ടേ… നിങ്ങൾ പറ….?

✍️RJ

Leave a Reply

Your email address will not be published. Required fields are marked *