അവനെ ഇറക്കിക്കൊണ്ട് പോണേൽ നീ എനിക്കൊപ്പം ഒന്ന് കിടക്കണം ഇപ്പോ ഇവിടെ വച്ച്.. ആരും ഒന്നും അറിയില്ല. അത് ഞാൻ ഉറപ്പ് തരാം….

” എന്റെ ആഗ്രഹം ചെറുതാണ് ഈ ഡ്രസ്സ്‌ എല്ലാം അഴിച്ചു വച്ച് പിറന്നപടി നിന്നെ ഒന്ന് കാണണം ഇപ്പോൾ ഇവിടെ വച്ച്..”

വഷളൻ ചിരിയിൽ സക്കറിയ പറയുമ്പോൾ ആകെ ചൂളിപ്പോയി ഇന്ദു.

” സർ.. പ്ലീസ് എന്നെ ഉപദ്രവിക്കരുത്… ഞങ്ങൾ പാവങ്ങളാണ് എന്റെ അനിയൻ അവൻ ഒരു തെറ്റും ചെയ്തിട്ടില്ല… സഹായിക്കണം ”

കെഞ്ചി അവൾ. എന്നാൽ സക്കറിയയുടെ ആവശ്യം ഉറച്ചതായിരുന്നു

” എടീ കൊച്ചേ.. ഞാനിപ്പോൾ പത്ത് മുപ്പത്ത് കൊല്ലമായി സർവീസിൽ… എസ് ഐ ആയിട്ട് തന്നെ പത്തു കൊല്ലം തികയുന്നു. ഒരു പോലീസുകാരൻ വിചാരിച്ചാൽ ഈസിയായി ഒരാളെ പഴുതുകളടച്ച് നിയമത്തിന്റെ മുന്നിൽ കുരുക്കാൻ പറ്റും… നിന്റെ അനിയൻ ചെറുക്കൻ ഈ ഡ്രഗ് കേസിൽ നിരപരാധിയാണെന്ന് എനിക്ക് കണ്ടപ്പോഴേ മനസിലായി. ഞാനൊന്ന് അന്വേഷിക്കേം ചെയ്ത്. പക്ഷെ നിന്നെപ്പോലെ ഒരു സുന്ദരി ചേച്ചി അവനുള്ളപ്പോ കിട്ടിയ അവസരം ഒന്ന് മുതലാക്കിയില്ലേൽ ഞാൻ വെറും പൊട്ടനായി പോവില്ലേ കൊച്ചേ … ”

ആ വാക്കുകളിൽ അയാളുടെ ഉള്ളിലെ മൃഗത്തെ തിരിച്ചറിഞ്ഞു ഇന്ദു.

” സാർ.. ഇതിനാണോ എന്നെ ഈ കോർട്ടേർസിലേക്ക് വിളിപ്പിച്ചത്… ഇത് ചതിയാണ് സാർ.. നിയമം നടപ്പിലാക്കേണ്ട നിങ്ങൾ തന്നെ മുതലെടുപ്പ് നടത്തരുത്.. ഒരു പെണ്ണിന്റെ മാനത്തെ ഇത്രയും നിസ്സാരമായി കാണരുത് പ്ലീസ് ”

കെഞ്ചുകയായിരുന്നു അവൾ. എന്നാൽ അത് കേട്ടപാടെ ഉറക്കെ ചിരിച്ചു സക്കറിയ

” കൊച്ചേ നിനക്ക് അറിയോ.. നിന്നെ പോലെ വേറെയും പല ചേച്ചിമാരും അമ്മമാരും എന്തിനു ഭാര്യമാർ വരെ ഇവിടെ ഈ കോർട്ടേർസിൽ എനിക്കൊപ്പം എന്റെ കട്ടിലിൽ കിടന്നിട്ടുണ്ട് പല കാര്യങ്ങളും നേടി എടുക്കുവാൻ.. ഇന്നത്തെ കാലത്ത് ഇതൊന്നും വലിയ കാര്യമല്ല കൊച്ചേ.. അനിയൻ ചെറുക്കൻ മയക്കുമരുന്ന് കേസിൽ അകത്ത് പോകണമെന്നാണെങ്കിൽ നീ തിരിച്ചു പൊയ്ക്കോ.. അല്ലെങ്കിൽ ദേ അകത്തെ മുറിയിലേക്ക് കയറി ഇതെല്ലാം ഒന്ന് ഊരിക്കളഞ്ഞു ഇരിക്ക് ഞാൻ ഒന്ന് കാണട്ടെ… ”

വഷളൻ ചിരിയിൽ ഇന്ദുവിനെ കണ്ണാലൊന്നുഴിഞ്ഞു അയാൾ.

“സർ പ്ലീസ്.. എന്റെ അനിയൻ നിരപരാധിയാണ് എന്ന് സാറിന് അറിയാമല്ലോ പിന്നെന്തിനാണ് ഈ ക്രൂരത… ഞങ്ങളെ വെറുതേ വിടണം…”

തൊഴുകയ്യോടെ വീണ്ടും കെഞ്ചി അവൾ.

” ദേ നോക്ക്യേ.. എന്നെ ദേഷ്യം പിടിപ്പിക്കരുത് നീ… കാര്യം വ്യക്തമായി പറഞ്ഞിട്ടുണ്ട്.. ചെറുക്കൻ തെറ്റ് ഒന്നും ചെയ്തിട്ടില്ല. പക്ഷെ അവനെ ഇറക്കിക്കൊണ്ട് പോണേൽ നീ എനിക്കൊപ്പം ഒന്ന് കിടക്കണം ഇപ്പോ ഇവിടെ വച്ച്.. ആരും ഒന്നും അറിയില്ല. അത് ഞാൻ ഉറപ്പ് തരാം.. കാര്യം കഴിഞ്ഞാൽ നീ വീട്ടിൽ എത്തുമ്പോ ചെറുക്കൻ അവിടെ കാണും… ആലോചിച്ചു തീരുമാനിക്ക്.. ”

സക്കറിയയുടെ ഒച്ചയുയർന്നപ്പോൾ ഒന്ന് പതറി ഇന്ദു. എന്നാൽ വേഗത്തിൽ അവൻ ധൈര്യം സംഭരിച്ചു.

” സാർ.. നിങ്ങളാണ് എന്റെ അനിയനെ അറസ്റ്റ് ചെയ്തത് എന്ന് പറഞ്ഞപ്പോ പലരും എന്നോട് പറഞ്ഞു ഒടുവിൽ ഇത് എന്നിൽ തന്നെ വന്ന് നിൽക്കുമെന്ന്.. കാരണം നിങ്ങളുടെ ഈ സ്വഭാവം നാട്ടിൽ പാട്ടാണ്. എന്റെ അനിയൻ എനിക്ക് ജീവനാണ് അവനെ രക്ഷിക്കാൻ ഞാൻ എന്തും ചെയ്യും…. ”

അവളൊന്നു നിർത്തുമ്പോൾ സക്കറിയയുടെ മിഴികളിൽ തെളിച്ചം വയ്ക്കുന്നത് ശ്രദ്ധിച്ചു. ആ തെളിച്ചം കണ്ടുകൊണ്ട് തന്നെ തുടർന്നു ഇന്ദു.

” പക്ഷെ… പക്ഷെ അതിനു വേണ്ടി എന്റെ ശരീരം… എന്റെ മാനം വിൽക്കാൻ ഞാൻ തയ്യാറല്ല സർ… ”

ആ തെളിച്ചം അവസാനിക്കുവാൻ ഒരു നിമിഷം മാത്രം മതിയായിരുന്നു.

” അപ്പോൾ അനിയൻ ജയിലിൽ പോട്ടെ ന്ന് അല്ലെ… നിനക്കറിയില്ല കൊച്ചേ ഈ ജയിൽ ഒരു സുഖ ഏർപ്പാടല്ല… ചെക്കനെ എല്ലാരും കൂടി എടുത്തിട്ട് മേയും ഒടുക്കം ജീവൻ തിരികെ കിട്ടിയാൽ ഭാഗ്യം.. അത് മറക്കേണ്ട… ”

ഒരു ഭീഷണിയായിരുന്നു അത്. എന്നാൽ കരഞ്ഞു തളർന്നു കെഞ്ചി നിന്നിരുന്ന ഇന്ദുവിന്റെ ഭാവം അവിടം മുതൽ മാറുകയായിരുന്നു.

“സാറേ.. ഒന്നും സംഭവിക്കില്ല… എന്റെ അനിയൻ തെറ്റ് ചെയ്തിട്ടില്ല അത് കൊണ്ട് തന്നെ അവനെ ഈ കേസിൽ കുടുക്കാൻ നിങ്ങൾക്ക് പറ്റുകയുമില്ല..”

ആ വാക്കുകൾ കേൾക്കെ സക്കറിയയുടെ മിഴികൾ കുറുകി.

” ഓഹോ അഹങ്കാരം ആണോ.. ശെരി നമുക്ക് കാണാം.. ഇതുവരെ എഫ് ഐ ആർ ഇട്ടില്ല ഞാൻ.. ഇനി നിന്റെ അനിയനെ മുഖ്യപ്രതിയായി എഴുതി ചേർക്കാം ഞാൻ… നീയൊക്കെ അനുഭവിച്ചാലേ പഠിക്കു… ”

വാശിയോട് അയാൾ പുറത്തേക്ക് നടക്കുവാൻ ആഞ്ഞതും മുന്നിൽ കയറി നിന്ന് തടഞ്ഞു ഇന്ദു.

“സർ.. പ്ലീസ് അവസാനമായി കെഞ്ചി പറയുവാ ഞാൻ അവൻ തെറ്റ് ഒന്നും ചെയ്തിട്ടില്ല അവന്റെ ജീവിതം തുലയ്ക്കാൻ നിൽക്കരുത് നിങ്ങൾ ”

എന്നാൽ ആ വാക്കുകൾ കേൾക്കെ തന്റെ കൊമ്പൻ മീശയിൽ ഒന്ന് തലോടി സക്കറിയ.

” കാണിച്ചു തരാം ഞാൻ.. ഇപ്പോ നീ എനിക്ക് ഒന്ന് വഴങ്ങിയാൽ എല്ലാം ഇവിടെ തീരും.. അല്ലെങ്കിൽ നിന്റെ ഈ അഹങ്കാരത്തിനുള്ളത് അവന് കൊടുത്തോളാം ഞാൻ ”

അവളെ തള്ളി മാറ്റി നേരെ ജീപ്പിലേക്ക് കയറി അയാൾ നിമിഷനേരം കൊണ്ട് ആ ജീപ്പ് പാഞ്ഞു പോകുമ്പോൾ മൗനമായി നോക്കി നിന്നു ഇന്ദു.

ജീപ്പ് ജംഗ്ഷൻ എത്തിയില്ല അപ്പോഴേക്കും സക്കറിയയുടെ ഫോണിലേക്ക് സ്റ്റേഷനിൽ നിന്നും കോൾ എത്തി. കോൺസ്റ്റബിൾ അനീഷ് ആയിരുന്നു കോളിൽ.

” സാറേ.. പണി പാളി…ഞാനൊരു ലിങ്ക് വാട്സാപ്പിൽ അയച്ചിട്ടുണ്ട് സർ ഒന്ന് പെട്ടെന്ന് കേറി നോക്കിയേ.. ”

അനീഷിന്റെ വെപ്രാളം മനസിലാക്കി ജീപ്പ് സൈഡ് ആക്കി നിർത്തി സക്കറിയ.

” എന്താടാ… എന്താ പ്രശ്നം.. എന്ത് ലിങ്ക് ”

“സർ ആദ്യം നോക്ക് ”

അനീഷ് വീണ്ടും ആവർത്തിക്കവേ കോൾ കട്ട്‌ ആക്കി വാട്സാപ്പിലെ ആ ലിങ്ക് ഓപ്പൺ ആക്കി അയാൾ. ക്ഷണനേരം കൊണ്ട് ആ മിഴികൾ തുറിച്ചു. കൈകൾ വിറപ്പൂണ്ടു.. നെറ്റിയിൽ വിയർപ്പ് കിനിയവേ തൊണ്ട വരളുന്ന പോലെ തോന്നി സക്കറിയയ്ക്ക് .

” കേരളാ പോലീസിന് അപമാനകരമാകും വിധം അധികാര ദുരുപയോഗത്തിന്റെ ഞെട്ടിക്കുന്ന തെളിവുകൾ പുറത്ത്. അനിയനെ കള്ളക്കേസിൽ കുടുക്കുമെന്ന് ഭീക്ഷണിപ്പെടുത്തി ഇന്ദു എന്ന യുവതിയെ ലൈംഗിക ബന്ധത്തിന് നിർബന്ധിക്കുന്ന സിറ്റി സ്റ്റേഷൻ എസ് ഐ സക്കറിയയുടെ വിഡിയോയാണ് ഞങ്ങൾക്ക് എക്സ്‌ക്ലൂസിവ് ആയി കിട്ടിയത്. ഡ്രെസ്സിൽ ഒളിപ്പിച്ച ഒളിക്യാമെറയിലൂടെ ലൈവ് വീഡിയോ പകർത്തി ഞങ്ങൾക്ക് അയച്ചു തന്നതും ഇന്ദു തന്നെയാണ്. ”

ആ വാർത്തയും ഒപ്പമുള്ള വിഡിയോയും കണ്ട് നടുങ്ങി തരിച്ചിരുന്നു പോയി അയാൾ.

” പന്ന.. %@ മോള്… ചതിച്ചു… ”

അറിയാതെ ആ നാവ് ചലിക്കുമ്പോൾ തനിക്കുള്ള പണി ഉടനെയെത്തുമെന്ന് ഉറപ്പിച്ചു സക്കറിയ. അത് തന്നെ സംഭവിക്കുകയും ചെയ്തു. ന്യൂസ്‌ വൈറൽ ആയതോടെ കള്ളക്കേസിൽ പിടിക്കപ്പെട്ട ഇന്ദുവിന്റെ സഹോദരനെ ഡി വൈ എസ് പി നേരിട്ട് സ്റ്റേഷനിൽ എത്തി മോചിപ്പിച്ചു. സക്കറിയയ്ക്ക് എതിരെ അന്വേഷണത്തിന് ഉത്തരവ് വന്നു ഒപ്പം അന്വേഷണ വിധേയമായി അയാൾക്ക് സസ്പെൻഷൻ കയ്യോടെ തന്നെ കിട്ടി.

അനിയനെ കൂട്ടുവാൻ ഇന്ദു സ്റ്റേഷനിൽ എത്തുമ്പോൾ സക്കറിയ അവിടെയുണ്ടായിരുന്നു അയാളുടെ മുഖത്തെ അപ്പോഴത്തെ പരുങ്ങൽ കണ്ട് ഉള്ളാലെ ഒന്ന് ചിരിച്ചു പോയി അവൾ

” സാറേ.. കെഞ്ചി പറഞ്ഞതല്ലെ ഞാൻ അനിയനെ വിടാനായി.. അപ്പോ സാറിന് പറ്റില്ല… ഈ പണി സർ ഇരന്നു വാങ്ങിയതാ.. ”

പറഞ്ഞു നിർത്തി കയ്യിലെ ബാഗിൽ നിന്നും ഒരു പേന കയ്യിലെക്കെടുത്തു അവൾ.

“സാറേ..പണ്ടൊരു പടത്തിൽ മമ്മൂക്ക പറഞ്ഞതാ.. ഇത് വെറും പേനയല്ല… ക്യാമെറയാ… ചീപ്പ് പരിപാടിയാണ് പക്ഷെ നിങ്ങളെപ്പോലുള്ളവർക്ക് ഇത് മതി..”

പുച്ഛത്തോടെ അവൾ പറഞ്ഞു നിർത്തുമ്പോൾ പരിഹാസ്യനായി തല കുമ്പിട്ടു സക്കറിയ.

” സാർ എന്നോട് പറഞ്ഞില്ലെ.. അമ്മമാര് സഹോദരങ്ങൾ ഭാര്യ അങ്ങിനെ പാവങ്ങളായ പലരെയും നിങ്ങൾ ഉപയോഗിച്ചിട്ടുണ്ട് എന്ന്.. ഇത് അവർക്ക് എല്ലാർക്കും വേണ്ടി ഞാൻ ഡെഡിക്കേറ്റ് ചെയ്ത പണിയാണ്..”

പുച്ഛത്തോടെ പറഞ്ഞു നിർത്തി അനിയനുമായി ഇന്ദു നടന്നകലുമ്പോൾ പല്ലിറുമ്മി നോക്കി നിൽക്കുവാനേ അയാൾക്ക് കഴിഞ്ഞുള്ളു…. ആ ഒരു സംഭവം അഴിമതിക്കാരായ പോലീസുകാർക്ക് ഒന്നടങ്കം ഒരു ഭയമായി മാറി. പിന്നേ കുറച്ചു നാളത്തേക്ക് കാര്യങ്ങളെല്ലാം വെടിപ്പായിരുന്നു… പക്ഷെ ഒന്നിനും ഒരു അവസാനം ഇല്ലല്ലോ..

(ശുഭം )

✍️പ്രജിത്ത് സുരേന്ദ്രബാബു.

Leave a Reply

Your email address will not be published. Required fields are marked *