“നീ സ്നേഹിയ്ക്കുന്ന നിന്റെ പെണ്ണിനെ ഞാൻ കല്യാണം കഴിക്കുകയോ…?
നിനക്കെന്താ സനലേ വല്ല ഭ്രാന്തും ഉണ്ടോ…?
അർജന്റായൊരു കാര്യം പറയാനുണ്ടെന്ന് പറഞ്ഞ് പണിയ്ക്ക് നിന്നിടത്തു നിന്ന് എന്നെ വിളിച്ചു വരുത്തിയിട്ട് നീ ഒരു മാതിരി വെളിവും ബോധവും ഇല്ലാത്തവനെ പോലെ സംസാരിക്കാതെടാ….”
സനലിന്റെ സംസാരത്തിൽ ആകെ ദേഷ്യം വന്നവനോട് ശബ്ദം വല്ലാതെ ഉയർത്തി കിരൺ….
”എനിയ്ക്ക് വിശ്വസിക്കാനും കാര്യങ്ങൾ തുറന്നു പറയാനും നീയൊരാളെ ഉള്ളു കിരൺ എന്റെ സുഹൃത്തുക്കളിൽ എനിയ്ക്ക് വിശ്വസ്ഥനായ്…. മറ്റുള്ളവരൊക്കെ രണ്ടു പെഗ്ഗ് ഉള്ളിൽ ചെന്നാൽ പിന്നെ വാ പോയ കോടാലികളാണ്… എന്ത് എവിടെ ആരോടു പറയുമെന്നൊരു നിശ്ചയം പോലുമുണ്ടാവില്ല… ഇതങ്ങനെ എല്ലാവരോടും പറയാനും അറിയാനും പറ്റുന്ന കാര്യമല്ലല്ലോ…. പ്ലീസ്സെടാ…..”
കിരണിന്റെ കാലു പിടിയ്ക്കും പോലും കെഞ്ചി താഴ്ന്നു സനലും…
“നീ ഈ പറയുന്നത്ര ഈസിയല്ല സനലേ കാര്യങ്ങൾ… കല്യാണം എന്ന് പറയുന്നത് ഞാനൊരാൾ ഒറ്റയ്ക്ക് തീരുമാനിച്ചെടുക്കാൻ പറ്റുന്ന ഒന്നല്ല… അതു മാത്രമല്ല കെട്ടി കഴിഞ്ഞ് പിന്നെ നിന്റെ പ്രശ്നങ്ങൾ തീരുമ്പോൾ ഞാനവളെ ഡിവോഴ്സ് ചെയ്യുകയും വേണ്ടേ… ഇതൊന്നും നടക്കില്ല സനലേ… എന്റെ ജീവിതം ഇങ്ങനെ വെറുതെ തട്ടി കളിയ്ക്കാൻ പറ്റില്ല എനിയ്ക്ക്…. ”
കിരണിന്റെ വാക്കുകൾക്ക് കടുപ്പം കൂടിയതും അവനെ ദയനീയമായ് നോക്കി സനൽ….
എടാ നീ ഇങ്ങനൊന്നും ഒറ്റയടിയ്ക്ക് പറയാതെ കിരൺ… ഞാൻ എന്റെ പ്ലാനെല്ലാം നിനക്ക് പാഞ്ഞു തരാം ആദ്യം… കൂടാതെ എന്നെയീ സഹായിക്കുന്നതിനുള്ള കൂലിയായിട്ട് നല്ലൊരു തുകയും തരും ഞാൻ നിനക്ക്… നിനക്ക് ഈ കൂലി പണി നിർത്തി സ്വന്തമായിട്ടെന്തെങ്കിലും ബിസിനസ്സ് ചെയ്യാൻ ആവശ്യമുള്ള അത്രയും വലിയ തുക…. നീ ഞാൻ പറയുന്നതെല്ലാം കേട്ട് ശരിയ്ക്ക് ഒന്നാലോചിക്ക്… എന്നിട്ടു പറ എന്തു വേണമെന്ന്…. ”
കിരണിന് പൈസയ്ക്ക് ഇപ്പോൾ എത്രമാത്രം ആവശ്യമുണ്ടെന്നറിഞ്ഞ് തന്നെ സനലിട്ട ഒരു കുരുക്ക് കൂടിയാണ് അത്….
സനലിന്റെ വാക്കുകൾ തള്ളി കളയാനും സ്വീകരിക്കാനും കഴിയാതെ ഉഴറി കിരണൊന്ന്…
അവന്റെ മനസ്സിലൂടെ സ്ത്രീധന ബാക്കി കിട്ടിയാൽ മാത്രമേ ഭർത്താവിന്റെ വീട്ടിലേക്ക് മടങ്ങി പോവുകയുള്ളു എന്ന് വാശി പിടിച്ച് മക്കളുമായ് വീട്ടിൽ വന്നു താമസിയ്ക്കുന്ന ചേച്ചിയുടെ മുഖവും, മാസം തികഞ്ഞ് പ്രസവത്തിനായ് കൂട്ടികൊണ്ടു വന്നിരിയ്ക്കുന്ന തനിയ്ക്കത്രയും പ്രിയപ്പെട്ട തന്റെ അനിയത്തിയുടെയും മുഖം മാറി മാറി തെളിഞ്ഞു…
“നീയെന്താടാ കിരണേ ഒന്നും മിണ്ടാതെ നിൽക്കുന്നത്… ഞാനീ പറയുന്നത് നമ്മുടെ രണ്ടു പേരുടെയും ഗുണത്തിനു വേണ്ടിയാണ്… നീയവളെ നാട്ടുകാരെയും അവളുടെ വീട്ടുകാരെയും വിശ്വസിപ്പിയ്ക്കാൻ വേണ്ടിയൊന്ന് വെറുതെ താലിക്കെട്ടിയാൽ മതി
കിരണിനെ തന്റെ വഴിയിൽ കിട്ടുമെന്ന് തോന്നിയതും ഉത്സാഹമേറി സനലിനും
“വെറുതെ മറ്റുള്ളവരെ ബോധിപ്പിയ്ക്കാൻ താലിക്കെട്ടിയാൽ മാത്രം മന്ത്രിയോടാ സനലേ.. ഞങ്ങളൊരേ മുറി പങ്കിടുകയും വേണ്ടേ…?
എന്തൊക്കെയോ ചിന്തകൾ മനസ്സിനുള്ളിൽ ഉത്തരമില്ലാ ചോദ്യങ്ങളോടെ ഉയർന്നു വന്നു തുടങ്ങിയതും വരുന്നതു പോലെ നേരിടാം അതെല്ലാം എന്ന തോന്നലിൽ സനലിന്റെ ഡീലിന് സമ്മതമേകും പോലെ കിരൺ ചോദിച്ചതും പൂത്തിരി കത്തും പോലെ തെളിഞ്ഞു സനലിന്റെ മുഖം….
“എന്റെ കിരണേ നിങ്ങളൊന്നിച്ചൊരു മുറിയിൽ താമസിച്ചെന്ന് കരുതി എന്താടാ പ്രശ്നം… എനിയ്ക്ക് നിങ്ങളെ രണ്ടാളെയും എന്നെക്കാൾ നന്നായ് അറിയാം… നല്ല രണ്ടു സുഹൃത്തുക്കൾ ഒന്നിച്ചൊരു മുറിയിൽ താമസിക്കുന്നു… അത്ര തന്നെ… ”
കിരണിന്റെ സംശയങ്ങളും ചോദ്യവുമെല്ലാം വളരെ നിസ്സാരമാണ് സനലിന്….
“എടാ മായ നീ സ്നേഹിയ്ക്കുന്ന നിന്റെ അമ്മാവന്റെ മോളാണ്… നിന്റെ മുറപ്പെണ്ണ്… അവളെ നീ അങ്ങ് കെട്ടിയാൽ എന്താ സംഭവിക്കാ….?
കിരൺ സ്വാഭാവികമെന്നോണം ചോദിച്ചതും അവനെ കടുപ്പിച്ചൊന്ന് നോക്കി സനൽ,ഇത്ര നേരവും ഇവനോട് ഞാനിതെന്താ പറഞ്ഞതെന്ന നോട്ടമാണത്…..
എന്റെ പൊന്നു കിരണേ എന്റെയും അവളുടെയും ജാതകം ചേരില്ലാത്തതു കൊണ്ട് അമ്മാവൻ അവളെ എനിയ്ക്ക് കെട്ടിച്ചു തരില്ല… അമ്മാവനെ എതിർത്ത് അവളിറങ്ങി വരികയും ഇല്ല… നിനക്കറിയാലോ മായ ഒരു പ്രത്യേക സ്വഭാവക്കാരിയാണെന്ന്… ഞങ്ങള് തമ്മിൽ സ്നേഹമാണെന്ന് പറയാം എന്നല്ലാതെ ഇന്നേവരെ തനിച്ചെന്നോട് ഒരഞ്ചു മിനിറ്റ് സംസാരിച്ചിട്ടില്ലവൾ… തമാശയ്ക്ക് പോലും അവളുടെ വിരലിൽ ഒന്നു പിടിയ്ക്കാൻ കൂടി സമ്മതിക്കില്ല അവൾ… അച്ഛന്റെ സമ്മതത്തോടെ കല്യാണം നടന്നിട്ടുമതി അതൊക്കെ എന്ന് പറയുന്നവളാണോ എന്റെ കൂടെ ഇറങ്ങിവരാൻ പോണത്…?
വല്ലാത്തൊരു ദേഷ്യമുണ്ട് സനലിന്റെ മുഖത്ത് അതു പറയുമ്പോൾ….
അവന്റെയാ ദേഷ്യം മായയോടാണെന്നോർത്തതും എന്തിനോ ഒന്നു പിടഞ്ഞു കിരണിന്റെ ഉള്ളവും…
മായയെ നന്നായി അറിയാം കിരണിന്… ഒരു സാധു പെൺക്കുട്ടി… സനലിനെ ജീവനെ പോലെ സ്നേഹിക്കുന്നവൾ…
സനൽ പക്ഷെ ആളത്ര വെടിപ്പല്ലെന്നും അറിയാം കിരണിന്…. മായയെ പ്രണയിക്കുമ്പോൾ തന്നെ മറ്റുള്ള സ്ത്രികളുമായ് മോശം ബന്ധം ഉണ്ടവന്…
മായ ഒറ്റ മകളായതുകൊണ്ട് അവൾക്ക് കിട്ടുന്ന അമ്മാവന്റെ സ്വത്തിലാണ് അവന്റെ കണ്ണത്രയും…. വിവാഹം കഴിഞ്ഞാലുടനെ തന്നെ മായയുടെ പേർക്കവളുടെ അച്ഛൻ എഴുതി വെയ്ക്കുന്ന സ്വത്തുമായ് മായയോടൊത്തൊരു സുഖജീവിതം,അതിനാണവന്റെയീ ശ്രമങ്ങളെല്ലാം…
“എടാ സനലേ നിന്റെ അമ്മാവൻ മായയെ എനിയ്ക്ക് കെട്ടിച്ച് തന്നാലല്ലേ നീയീ പറഞ്ഞതൊക്കെ നടക്കൂ….?
കിരണിന്റെ ചോദ്യം പോലും തമാശയാണ് സനലിന്…. എന്ത് എങ്ങനെ എപ്പോൾ നടത്തിയെടുക്കണമെന്ന് അവനോളം അറിയുന്നവൻ വേറാരുണ്ട്….
സനലിന്റെ പദ്ധതി പ്രകാരം കാര്യങ്ങൾ മുന്നോട്ടു നീങ്ങിയതും മായ കിരണിന്റെ ഭാര്യയായ് അവന്റെ വീടിന്റെ പടി കയറി…
കിരണിന്റെ സുഹൃത്തിന്റെ സ്ഥാനത്തു നിന്ന് ചിരിച്ച മുഖത്തോടെ കല്യാണ കാര്യങ്ങളെല്ലാം ചെയ്യുന്ന സനലിനെ ഇടയ്ക്കിടെ ആരുമറിയാതെ പാളി നോക്കി കൊണ്ടിരുന്നു മായ
അഭിനയമാണെങ്കിൽ കൂടി മറ്റാരുവന്റ താലി തന്റെ കഴുത്തിൽ വീണപ്പോഴും ഉള്ളു പിടഞ്ഞവൾ നോക്കിയത് സനലിനെയാണ്… ആ കാഴ്ച തന്നെ പോലെ അവനും നോവു നൽകുന്നുണ്ടോയെന്ന് ചികഞ്ഞവൾ… എന്നാൽ താനാഗ്രഹിയ്ക്കുന്നതു പോലെ കാര്യങ്ങൾ നടക്കുന്നതിന്റെ സന്തോഷത്തിനപ്പുറം ഒന്നുമില്ലവനിൽ എന്നതൊരു നോവു തീർത്തവളുടെ ഉള്ളിൽ….
“മായ അവിടെ കിടന്നോളൂ… ഞാനിതാ ഇവിടെ കിടന്നോളാം.. ഒന്നും പേടിക്കണ്ട…”
ആദ്യരാത്രി തന്റെ മുറിയിൽ വിറച്ചും ഭയന്നും നിൽക്കുന്ന മായയെ നോക്കി പറഞ്ഞ് നിലത്തൊരു പായ വിരിച്ചു കിടന്നു കിരൺ…
ആ കാഴ്ചയിൽ എന്തിനെന്നറിയാതെ നിറഞ്ഞു മായയുടെ മിഴികൾ….
ദിവസങ്ങൾ വേഗത്തിൽ കടന്നു പോയതും മായ കിരണിന്റെ വീടിനോടും വീട്ടുകാരോടും വല്ലാതെയിണങ്ങി…..
എപ്പോഴൊക്കയോ കിരണിന്റെ മനസ്സും ഇതിനിടയിൽ മായയിലേക്ക് വല്ലാതെ ചാഞ്ഞു പോവുന്നുണ്ട്… ഏതൊരു പുരുഷനും ആഗ്രഹിയ്ക്കുന്നത്ര നന്മയുള്ള പെൺകുട്ടിയാണ് മായ എന്നതുമൊരു കാരണമാണതിന്
ഒരേ സമയം മായയെ നേടാനും അതേ സമയം തന്നെ വിശ്വസിച്ചവനെ ചതിക്കാനും വയ്യാതെ ഉഴറി പലപ്പോഴും കിരൺ….
അന്നൊരു അർദ്ധരാത്രി നല്ല ഉറക്കത്തിനിടയിലാണ് കിരണിന്റെ ഫോൺ നിർത്താതെ ബെല്ലടിച്ചത്… കോളെടുത്തതേ കേട്ട വാർത്തയിൽ ഞെട്ടി കിരൺ…
സനലിനെയും ഒരു പെണ്ണിനെയും രാത്രി ആ പെണ്ണിന്റെ വീട്ടിൽ വെച്ച് ഉടുതുണിയില്ലാതെ നാട്ടുകാർ തടഞ്ഞുവെച്ചിരിയ്ക്കുന്നു…
അത്രയും അടുപ്പമുള്ളവർ ചെന്നാലെ കാര്യങ്ങൾ തീരുമാനമാക്കുകയുള്ളുവെന്നറിഞ്ഞതും ഒന്നു പതറി കിരൺ… സനലിന്റെ കാര്യത്തിന് താനിറങ്ങണമെന്ന തിരിച്ചറിവിന്റെ പതറൽ….
കിരൺ വേഗം എഴുന്നേറ്റ് പോവാനൊരുങ്ങിയതും അവനൊപ്പമെഴുന്നേറ്റു മായയും …എങ്കിലും അവളെയൊന്ന് നോക്കുക കൂടി ചെയ്യാതെ വേഗത്തിൽ മുറി വിട്ടിറങ്ങി പോയവനെ കാര്യമറിയാതെ പകച്ചു നോക്കി മായ….
പരസ്പരമുള്ള വാക്പോരുകൾക്കപ്പുറവും താൻ പെട്ട കുരുക്കിൽ നിന്ന് തനിയ്ക്കൊരു രക്ഷയില്ലെന്ന് കണ്ട് സനൽ തനിയ്ക്കൊപ്പം പിടിച്ച പെണ്ണിനെ വിവാഹം കഴിക്കാമെന്ന് സമ്മതിച്ച് ഒപ്പിട്ടു കൊടുക്കുന്നത് വിശ്വാസം വരാതെ മിഴിച്ച് നോക്കി കിരണെങ്കിൽ ഒപ്പിടും നേരം കിരണിനെ നോക്കിയതേയില്ല സനൽ… അവനാകെ കുടുങ്ങി പോയിരുന്നു… തമാശയ്ക്കും നേരം പോക്കിനും തുടങ്ങിയൊരു ബന്ധം അവന്റെ എല്ലാ പ്ലാനും തകർത്ത് വിവാഹത്തിലെത്തിയിരിക്കുന്നു… പോരാത്തതിന് അവനെ ആ പെണ്ണിനൊപ്പം പിടിച്ചതിന്റെ വീഡിയോയും വാർത്തയും ആ നാട്ടിലാകെ എങ്ങനെയെന്നറിയാതെ പരന്നിരിയ്ക്കുന്നു… അതു കൊണ്ടു തന്നെ മായയെ തനിക്കിനി ഒരിക്കലും കിട്ടില്ലെന്നതും ഇതിനിടയിൽ ഉറപ്പിച്ചവൻ… അതു കൊണ്ടു തന്നെ എങ്ങനെ കിരണിനെ നേരിടണം എന്നറിയില്ലവന്…..
പ്രശ്നങ്ങളെല്ലാം ഒതുങ്ങി കിരൺ വീട്ടിലെത്തിയതും എവിടെ നിന്നോ ഓടിവന്ന് കിരണിന്റെ നെഞ്ചിൽ കരഞ്ഞു വീണു മായ
“സനലേട്ടൻ ഇത്രയ്ക്കും തരം താഴ്ന്നവനാണെന്ന് ഞാൻ അറിഞ്ഞില്ല കിരണേട്ടാ…
എന്നെ സ്നേഹിക്കുന്നു, എനിയ്ക്കായ് ജീവിയ്ക്കുന്നു എന്നെല്ലാം എന്നെ പറഞ്ഞ് വിശ്വസിപ്പിച്ച് മറ്റൊരു സ്ത്രീയുടെ ശരീരം തേടി പോവാൻ മാത്രം അധ:പതിച്ചവനാണെന്ന് എനിയ്ക്കറിയാതെ പോയി…… ”
തന്റെ നെഞ്ചിൽ മുഖമിട്ടുരച്ച് ആർത്തു കരഞ്ഞുപറയുന്നവളെ എങ്ങനെ ആശ്വസിപ്പിക്കണം എന്നറിയാതെ ഞെട്ടി നിന്നു കിരണും അന്നേരം…..
ദിവസങ്ങൾ ആഴ്ചകളും മാസങ്ങളുമായൊരു വർഷക്കാലം തന്നെ കടന്നു പോയ്…..
വീർത്തുന്തിയ വയറുമായ് തന്റെ തോളിൽ ചാഞ്ഞിരിയ്ക്കുന്ന മായയെ ഇടം കയ്യാൽ ചേർത്തു പിടിച്ച് തങ്ങളുടെ ഊഴവും കാത്ത് ഡോക്ടറുടെ റൂമിനു വെളിയിൽ കിരൺ നിൽക്കുമ്പോഴാണ് അവർക്കരികിലേക്ക് വാടിയൊരു ചിരിയോടെ സനൽ വന്നു നിന്നത്…
മുഖത്തു യാതൊരു ഭാവമാറ്റവുമില്ലാതെ ഒന്നുകൂടി കിരണിലേക്കൊതുങ്ങി സനലിനെ നോക്കി മായയെങ്കിൽ അവളെ നോക്കുന്ന സനലിന്റെ മുഖത്ത് താൻ നഷ്ടപ്പെടുത്തിയതിനെയോർത്തുള്ള സങ്കടം നിറഞ്ഞുനിന്നിരുന്നു….. അതറിഞ്ഞതുകൊണ്ടുതന്നെ മായയെ തന്നിലേക്ക് ഒന്നുകൂടി ചേർത്തു പിടിച്ചു കിരൺ
“എന്നെപ്രതി നിങ്ങൾ ജീവിയ്ക്കാൻ മറന്നു പോവുമോയെന്ന് ഭയന്നിരുന്നു കിരൺ ഞാൻ… പക്ഷെ ഇപ്പോൾ നിന്റെ കുഞ്ഞിനെയും വയറ്റിൽ ചുമന്ന് ഇവളിങ്ങനെ നിൽക്കുന്നതു കാണുമ്പോൾ ഒരു സന്തോഷമുണ്ടെന്റെ മനസ്സിൽ…പോട്ടെ…സുഖായിട്ടിരിയ്ക്ക് നിങ്ങൾ….
ഉള്ളിലെ വിങ്ങൽ മറച്ച് വെച്ചു പറയുന്ന സനലിനെ ഒന്നു നോക്കിയ കിരണിന്റെ കണ്ണുകൾ തങ്ങി നിന്നത് നിറവയറിൽ കൈ ചേർത്ത് കുറച്ചപ്പുറം മാറി നിന്ന് തങ്ങളെ നോക്കുന്ന സനലിന്റെ ഭാര്യ മീനുവിലാണ്.. രാത്രിയ്ക്ക് രാത്രി സനൽ കെട്ടേണ്ടി വന്നവളിലേക്ക്….
പരസ്പരം മിഴികളുടക്കിയതും മറ്റാർക്കും മനസ്സിലാവാത്തൊരു പുഞ്ചിരി തങ്ങി നിന്നു മീനുവിന്റെ മുഖത്തും കിരണിലും…
തങ്ങളുടെ കയ്യിലുള്ളതിനെ ആർക്കു വേണ്ടിയും നഷ്ടപ്പെടുത്തി കളയാൻ വയ്യെന്നൊരു തീരുമാനം കിരണും മീനുവും ഒന്നിച്ചെടുത്തതിന്റെ ഫലമായിരുന്നു സനലിനേം മീനുവിനേം അന്നാ രാത്രിയിൽ നാട്ടുകാർ പിടിച്ചതും പോലീസുകാർ കെട്ടിച്ചതുമെല്ലാം…
മായയുടെ സ്വത്തു കണ്ടവളെ സ്നേഹിക്കുന്ന എന്നാൽ അതേ സമയം മറ്റു പെൺകുട്ടികളെ പ്രാപിയ്ക്കുന്ന സനലിന് മായയെ വിട്ടുകൊടുക്കാൻ മനസ്സില്ലായിരുന്നു കിരണിനെങ്കിൽ പ്രേമം നടിച്ച് തന്റെ മനസ്സും ശരീരവും കവർന്ന് തന്നെ ചതിയ്ക്കുന്ന സനലിനെ വെറുതെയങ്ങ് വിടാൻ മീനുവിനും മനസ്സില്ലായിരുന്നു… അവരൊന്നിച്ചതും സനൽ കുടുങ്ങി…
ഇന്നും താനെങ്ങനെയാ രാത്രിയിൽ കുടുങ്ങി ആരു തന്നെ പെടുത്തി എന്നൊന്നുമറിയാതെ സനൽ അതന്വേഷിച്ചു കൊണ്ടിരിയ്ക്കുമ്പോൾ പ്രതീക്ഷിക്കാതെ തനിയ്ക്ക് കിട്ടിയ ജീവിതം അതിന്റെ ഏറ്റവും വലിയ മനോഹാരിതയോടെആസ്വദിച്ചു ജീവിച്ചു കിരൺ…
ദൈവം തനിയ്ക്കായ് നല്കിയ ആ അവസരം നഷ്ട്ടപ്പെടുത്തരുതെന്ന ഉറപ്പോടെ…..
✍️രജിത ജയൻ
