“എന്നെ എന്റെ സ്വന്തം വീട്ടിലോട്ട് കേറ്റുന്നില്ല സാറെ! ഒരു നേരത്തെ ആഹാരം പോലും തരാതെ എന്റെ മകൻ എന്നെ അടിച്ചിറക്കി…”
കൈലിമുണ്ടും മുഷിഞ്ഞ ഒരു ഷർട്ടും ധരിച്ച്, നരച്ച താടിയും മുടിയുമായി റോഡരികിൽ ഇരുന്ന് ക്യാമറയ്ക്ക് മുന്നിൽ അയാൾ പൊട്ടിക്കരഞ്ഞപ്പോൾ കണ്ടു
നിന്നവർക്കെല്ലാം സങ്കടം തോന്നി.
സോഷ്യൽ മീഡിയയിൽ ആ വീഡിയോ കാട്ടുതീ പോലെ പടർന്നു. “കഷ്ടപ്പെട്ട് വളർത്തിയ മക്കൾക്ക് മാതാപിതാക്കൾ ഭാരമാകുമ്പോൾ അവരെ തെരുവിൽ തള്ളുന്ന ക്രൂരത” എന്ന ക്യാപ്ഷനോടെ ആയിരക്കണക്കിന് ആളുകൾ അത് ഷെയർ ചെയ്തു. കമന്റ് ബോക്സുകളിൽ അയാളുടെ മകനും കുടുംബത്തിനുമെതിരെ ശാപവാക്കുകൾ നിറഞ്ഞു.
കുട്ടിയപ്പൻ എന്ന 60-കാരൻ പെട്ടെന്ന് തന്നെ നാട്ടിലെ ഒരു നൊമ്പരമായി മാറി. ചിലർ അയാൾക്ക് വസ്ത്രങ്ങൾ വാങ്ങി നൽകി, മറ്റു ചിലർ ഭക്ഷണം കൊടുത്തു. ഒരു ഘട്ടം കഴിഞ്ഞപ്പോൾ, ഈ പാവം വൃദ്ധനെ വീട്ടിൽ കേറ്റാത്ത ആ മകനെതിരെ നടപടി വേണമെന്ന് പറഞ്ഞ് ചില സന്നദ്ധ പ്രവർത്തകർ രവിയുടെ വീട്ടു പടിക്കൽ എത്തി. രവിയും ഭാര്യയും കുഞ്ഞുങ്ങളും അതോടെ വീട്ടിൽ നിന്ന് പുറത്തിറങ്ങാൻ വയ്യാത്ത അവസ്ഥയിലായി.
നാട്ടുകാർ അവരെ ഒരു കൊടും കുറ്റവാളിയെ പോലെയാണ് നോക്കിയിരുന്നത്.
എന്നാൽ കുട്ടിയപ്പനെ കുറിച്ച് പുറംലോകം കണ്ടത് വെറും ഒരു മുഖംമൂടി മാത്രമായിരുന്നു. കുട്ടിയപ്പൻ എന്ന പേര് ആ നാട്ടുകാർക്ക് പണ്ട് പേടിസ്വപ്നമായിരുന്നു. മദ്യപാനവും തല്ലുപിടുത്തവും മാത്രമായിരുന്നു അയാളുടെ വിനോദം. സ്വന്തം ഭാര്യയെ ഒരു മൃഗത്തെപ്പോലെയാണ് അയാൾ ഉപദ്രവിച്ചിരുന്നത്.
ഒടുവിൽ ഒരു രാത്രിയിൽ ആ പാവം മരിച്ചത് അയാളുടെ മർദ്ദനം സഹിക്കവയ്യാതെയായിരുന്നു. പക്ഷേ, അത് ആത്മഹത്യയാക്കി മാറ്റാൻ അയാൾക്ക് കഴിഞ്ഞു. അമ്മയുടെ ചേതനയറ്റ ശരീരം കണ്ടു ഒരിക്കൽ പത്തു വയസ്സുകാരനായ മകൻ രവി പേടിച്ചു വിറച്ചു നിൽക്കുകയായിരുന്നു. അമ്മയ്ക്ക് ശേഷം ആ മകനായിരുന്നു അയാളുടെ ഇര…
ഒടുവിൽ ഒരു കൊലപാതക ശ്രമക്കേസിൽ പ്രതിയായി കുട്ടിയപ്പൻ ജയിലിലേക്ക് പോയപ്പോഴാണ് രവി ഒന്ന് ശ്വാസം വിട്ടത്.
കണ്ട് സ്ത്രീകളുടെ കൂടെ ഉള്ള സഹവാസവും കുടിയും കൊണ്ട് ആകെ ഉണ്ടായിരുന്ന ഒരു കൂര അയാൾ നശിപ്പിച്ചിരുന്നു അതോടെ രവിക്ക് അവിടെനിന്ന് പാടിയിറങ്ങേണ്ടി വന്നു,
കുട്ടിയപ്പന്റെ മകൻ ആയതുകൊണ്ട് മാത്രം നാട്ടുകാർ അവനെ ആട്ടിയകറ്റി…
ഒരു തുള്ളി വെള്ളം പോലും ആരും കൊടുത്തില്ല… ഇനിയും അവിടെ വന്നിട്ടുണ്ടെങ്കിൽ താൻ ചത്തുപോകും എന്ന് മനസ്സിലാക്കി ആണ് രവി ആ നാടുവിട്ടത്..
, അധ്വാനിക്കാൻ അവൻ തയ്യാറായിരുന്നു. വർഷങ്ങൾ നീണ്ട കഠിന പരിശ്രമത്തിലൂടെ അവൻ ഒരു ചെറിയ വീടും പുരയിടവും സമ്പാദിച്ചു. നല്ലൊരു പെൺകുട്ടിയെ വിവാഹം കഴിച്ചു. അവർക്ക് രണ്ടു കുട്ടികളുണ്ടായി. സമാധാനത്തോടെ ജീവിച്ചു വരുമ്പോഴാണ് ശിക്ഷ കഴിഞ്ഞ് കുട്ടിയപ്പൻ തിരിച്ചെത്തുന്നത്…
ആദ്യം തന്നെ രവിയെ തിരഞ്ഞ് കണ്ടുപിടിക്കുകയാണ് അയാൾ ചെയ്തത്.. പോലീസുകാരുടെ മർദ്ദനത്തിൽ പരിക്കേറ്റ് ഇനി ഒരിക്കലും തനിക്ക് കഠിനമായ ജോലികൾ ഒന്നും എടുക്കാൻ കഴിയില്ല എന്ന് കുട്ടിയപ്പന് മനസ്സിലായിരുന്നു
രവിയുടെ വീട്ടിലേക്ക് കയറിച്ചെന്ന് അയാൾ അവന്റെ കാലു പിടിച്ചു കരഞ്ഞു.
“മോനേ , എന്നോട് ക്ഷണിക്കട അച്ഛന് ഒരുപാട് തെറ്റ് പറ്റി… എനിക്ക് പ്രായശ്ചിത്തം ചെയ്യണം. നിന്റെ കൂടെ നിന്റെ കുഞ്ഞുങ്ങളെയും കൊഞ്ചിച്ച് ഇനിയുള്ള കാലം കഴിയണം എന്നാണ് അച്ഛന്റെ ആഗ്രഹം എന്റെ മോൻ എന്നോട് ഇറങ്ങി പോകാൻ പറയരുത് അപ്പൻ കാലു പിടിക്കാം…” അയാൾ കരഞ്ഞുകൊണ്ട് പറഞ്ഞു..
രവി പാവമായിരുന്നു. കഴിഞ്ഞതൊക്കെ മറന്ന് അയാൾക്ക് ഒരു അവസരം കൂടി നൽകാൻ അവൻ തീരുമാനിച്ചു. പക്ഷേ, കുട്ടിയപ്പന്റെ ഉള്ളിലെ വിഷം മാറിയിരുന്നില്ല. മകൻ ജോലിക്ക് പോയ സമയം നോക്കി രവിയുടെ ഭാര്യയെ ഉപദ്രവിക്കാൻ ശ്രമിച്ചതോടെയാണ് രവിയുടെ ഉള്ളിലെ ക്ഷമ നശിച്ചത്. അവൻ അയാളെ അടിച്ചു പുറത്താക്കി.
പുറത്തിറങ്ങിയ കുട്ടിയപ്പൻ പക്ഷേ തോറ്റു കൊടുക്കാൻ തയ്യാറല്ലായിരുന്നു. അയാൾ നേരെ ആളുകൾക്കിടയിൽ ഇറങ്ങിച്ചെന്ന് തന്റെ മകന്റെയും ഭാര്യയുടെയും കുറ്റം പറയാൻ തുടങ്ങി.
പുതിയ നാട്ടുകാർക്ക് കുട്ടിയപ്പനെ കുറിച്ച് വലിയ വിവരം ഒന്നും ഉണ്ടായിരുന്നില്ല… കുട്ടിയപ്പൻ ചെയ്തുകൂട്ടിയ ക്രൂരതകൾ ആരും അറിഞ്ഞിരുന്നില്ല..
ഒടുവിൽ ഒരു
സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ തെരുവിൽ കഴിയുന്ന ആളുകളുടെ കഥ ലോകത്തിനു മുന്നിൽ എത്തിക്കാൻ വേണ്ടി ഉള്ള ഒരു ഷൂട്ടിനിടയിൽ കുട്ടിയപ്പൻ വളരെ നന്നായി തന്നെ അഭിനയിച്ചു..
. “ഇതെന്റെ വീടാണ് സാറെ, ഞാൻ കഷ്ടപ്പെട്ട് ഉണ്ടാക്കിയതാണ്. അവൻ അത് അവന്റെ പേരിലാക്കി എന്നെ അടിച്ചിറക്കി.” അയാളുടെ അഭിനയം കണ്ട ആ താരം അത് വീഡിയോയാക്കി മാറ്റി..
നിമിഷനേരം കൊണ്ട് അത് വൈറലായി എല്ലാവരും കുട്ടിയപ്പനെ വാഴ്ത്തി..
നാട്ടുകാർ രവിയെയും കുടുംബത്തെയും വേട്ടയാടിക്കൊണ്ടിരുന്നു. വീടിനു നേരെ കല്ലേറുണ്ടായി. കടയിൽ ചെന്നാൽ സാധനങ്ങൾ കൊടുക്കാതെ ആളുകൾ അവനെ ആട്ടിയകറ്റി. “അച്ഛനെ തെരുവിൽ തള്ളിയവന് ഇവിടെ ജീവിക്കാൻ അവകാശമില്ല” എന്നായിരുന്നു അവരുടെ പക്ഷം. രവി തകർന്നുപോയി. ഭാര്യയുടെ കണ്ണീരും മക്കളുടെ ഭയവും അവനെ തളർത്തി.
ഈ സമയത്താണ് ലക്ഷ്മി എന്ന പെൺകുട്ടി ഈ വിഷയത്തിൽ ഇടപെടുന്നത്. അവൾ അവരുടെ പഴയ നാട്ടുകാരി തന്നെയായിരുന്നു അവൾ. കുട്ടിയപ്പന്റെ പഴയകാല ചരിത്രം അവൾക്ക് അറിയാമായിരുന്നു. സത്യം മറച്ചു വെച്ച് ഒരു കുടുംബത്തെ ഇങ്ങനെ തകർക്കാൻ അനുവദിക്കില്ലെന്ന് അവൾ ഉറപ്പിച്ചു. അവൾ നേരിട്ട് സോഷ്യൽ മീഡിയയിൽ ഒരു ലൈവ് വീഡിയോയുമായി വന്നു.
”നിങ്ങൾ ഇപ്പോൾ കാണുന്ന ഈ പാവം വൃദ്ധനില്ലേ, ഇയാൾ ഒരു കൊലപാതകിയാണ്,” ലക്ഷ്മി ഉറച്ച ശബ്ദത്തിൽ പറഞ്ഞു തുടങ്ങി. അവൾ ഓരോന്നായി വിവരിച്ചു. അയാളുടെ ഭാര്യ അനുഭവിച്ച ക്രൂരതകൾ, രവി എന്ന മകൻ നേരിട്ട പീഡനങ്ങൾ, ജയിൽവാസം, ഒടുവിൽ മകന്റെ ഭാര്യയോട് കാണിച്ച നീചമായ പ്രവർത്തി… എല്ലാം അവൾ തെളിവുകൾ സഹിതം നിരത്തി. കുട്ടിയപ്പന്റെ പഴയ പോലീസ് റെക്കോർഡുകളും അവൾ കാണിച്ചു.
”സത്യം അറിയാതെ ഒരാളെയും ക്രൂശിക്കരുത്. രവി സമ്പാദിച്ച വീട്ടിൽ നിന്നിറക്കി വിട്ടത് അവൻ ചെയ്ത തെറ്റല്ല, മറിച്ച് തന്റെ കുടുംബത്തിന്റെ സുരക്ഷയ്ക്ക് വേണ്ടി എടുത്ത തീരുമാനമാണ്.” ലക്ഷ്മിയുടെ വീഡിയോ നിമിഷങ്ങൾക്കകം വൈറലായി.
അതൊടെ കാറ്റ് മാറി വീശി. കുട്ടിയപ്പന് സഹായവുമായി എത്തിയവർ ഓരോരുത്തരായി പിന്മാറി. അതുവരെ അയാൾക്ക് കിട്ടിയിരുന്ന ആനുകൂല്യങ്ങൾ നിന്നു. ഭക്ഷണം കൊടുത്തിരുന്ന ഹോട്ടലുകാരൻ പോലും അയാളെ ഇറക്കിവിട്ടു. നാട്ടുകാർ അയാളെ വളഞ്ഞു.
”എടാ കുട്ടിയപ്പാ, നിനക്ക് ഇത്രയും വിഷം മനസ്സിലുണ്ടായിരുന്നല്ലേ?” ഒരാൾ ചോദിച്ചു.
കുട്ടിയപ്പൻ തന്റെ പതിവ് കരച്ചിൽ നാടകം തുടങ്ങിയെങ്കിലും ഇത്തവണ ആരും വീണില്ല.
“ഇനി ഇവിടെ നിന്നെ കണ്ടു പോകരുത്, ഇറങ്ങിക്കോണം ഇവിടുന്ന്!” ആളുകൾ രോഷാകുലരായി.
ഗത്യന്തരമില്ലാതെ അയാൾ അവിടുന്ന് ഓടി. തന്റെ കള്ളങ്ങൾ പൊളിഞ്ഞതോടെ ആ മുഖത്തെ ദയനീയത മാറി, പകയും ദേഷ്യവും നിറഞ്ഞു. പക്ഷേ, അത് കാണാൻ ആരും നിന്നില്ല.
കുറേ ദിവസങ്ങൾക്ക് ശേഷം രവി പതുക്കെ പുറത്തിറങ്ങി. അയൽക്കാർ ഓരോരുത്തരായി അവന്റെ അടുത്ത് വന്ന് മാപ്പ് പറഞ്ഞു. രവി ഒന്നും പറഞ്ഞില്ല, അവൻ വെറുതെ ഒന്ന് പുഞ്ചിരിച്ചു. അന്ന് വൈകുന്നേരം അവൻ തന്റെ വീടിന്റെ ഉമ്മറത്ത് ഇരുന്നു. മക്കൾ മുറ്റത്ത് കളിക്കുന്നുണ്ടായിരുന്നു. ഉള്ളിൽ വർഷങ്ങളായി കൊണ്ടുനടന്ന ഒരു ഭാരം ഒഴിഞ്ഞുപോയത് പോലെ അവന് തോന്നി.
എന്നാൽ കർമ്മ എന്നൊന്നുണ്ട് എന്ന് വീണ്ടും തെളിഞ്ഞു കുട്ടിയപ്പൻ കള്ളുകുടിച്ച് ബോധമില്ലാതെ റോഡിലൂടെ നടക്കുമ്പോൾ ഏതോ ഒരു അജ്ഞാത വാഹനം അയാളെ തട്ടിയിട്ടു… രണ്ടു കാലിനു മുകളിലൂടെയും വാഹനം കയറിപ്പോയി അതോടെ അയാളെ അതുവഴി വന്ന ആരോ മെഡിക്കൽ കോളേജിൽ കൊണ്ടുപോയി..
അവിടെവച്ച് കുട്ടിയപ്പന്റെ രണ്ടു കാലും മുറിച്ചുമാറ്റി… ഇന്ന് തെരുവിൽ ഇരുന്ന് ഒരു നേരത്തെ ആഹാരത്തിനു വേണ്ടി തെണ്ടുകയാണ് അയാൾ..
പലരും പറഞ്ഞ രവി ഈ കാര്യം അറിഞ്ഞിരുന്നു പക്ഷേ ഇങ്ങനെയൊരു അച്ഛൻ തനിക്ക് ഇല്ല എന്ന് തന്നെ അവൻ ഉറപ്പിച്ചു പറഞ്ഞു.
ഇനി ഒരിക്കലും അയാളെ അംഗീകരിക്കാൻ രവിക്ക് കഴിയില്ലായിരുന്നു..!!
ഒടുവിൽ മുറിച്ചുമാറ്റിയ ഇടത്തുനിന്ന് ഇൻഫെക്ഷൻ ആയി തെരുവിൽ തന്നെ കിടന്നു ചാകുമ്പോൾ പോലും അയാൾക്ക് യാതൊരുവിധ സഹതാപവും കിട്ടിയില്ല ജനങ്ങൾക്ക് മുന്നിൽ അയാൾ എന്നും ആ ക്രൂരൻ തന്നെ ആയിരുന്നു..
സ്റ്റോറി by ചന്ദ്ര
