ഭാര്യയ്ക്ക് മുമ്പിലാണെങ്കിൽ പോലും ഇഷ്ടമില്ല.. എന്റെ ശരീരം എന്റെ സ്വകാര്യതയാണ്… എന്തു ബന്ധത്തിന്റെ പേരിലാണെങ്കിലും അത്….

“എനിയ്ക്കെന്റെ നഗ്ന ശരീരം ഒരു പെൺക്കുട്ടിയ്ക്ക് മുമ്പിലും തുറന്നു കാണിക്കുന്നതിഷ്ടമില്ല….. അതിനി ഭാര്യയ്ക്ക് മുമ്പിലാണെങ്കിൽ പോലും ഇഷ്ടമില്ല..
എന്റെ ശരീരം എന്റെ സ്വകാര്യതയാണ്… എന്തു ബന്ധത്തിന്റെ പേരിലാണെങ്കിലും അത് മറ്റൊരാൾ കാണുന്നത് ഞാൻ ഇഷ്ടപ്പെടുന്നില്ല…
ഞാനിങ്ങനെ തുറന്നു കാര്യങ്ങൾ പറയുന്നതു കൊണ്ട് മീനയ്ക്ക് ഒന്നും തോന്നണ്ട… കാര്യങ്ങൾ ആരോടും തുറന്നു സംസാരിച്ചാണെനിയ്ക്ക് ശീലം….”

മീനയുടെ മുഖത്തുറപ്പിച്ച മിഴികളോടെ പ്രവീൺ തന്റെ മനസ്സിലുള്ളത് വ്യക്തമാക്കിയതും അവനെ നോക്കി നേർമ്മയിലൊന്നു പുഞ്ചിരിച്ചു മീന…

ആ ചിരിയിലൊരു ചോദ്യമോ കളിയാക്കലോ മറഞ്ഞിരിപ്പുണ്ടെന്ന് എളുപ്പത്തിൽ തിരിച്ചറിഞ്ഞു പ്രവീൺ…

അവളിലേയ്ക്കുള്ള അവന്റെ നോട്ടത്തിന്റെ കടുപ്പമൊന്നേറി

“നമ്മുടെ വിവാഹത്തിന് മുമ്പ് ഇതെന്തുകൊണ്ട് പ്രവീൺ എന്നോട് തുറന്നു പറഞ്ഞില്ല…?

അവന്റെ നോട്ടത്തെ അവഗണിയ്ക്കും വിധം മീന തിരികെ അവനോട് ചോദിച്ചതും അലസമായവളെ നോക്കി അവളിൽ നിന്ന് മിഴികൾ വെട്ടിച്ചു മാറ്റി പ്രവീൺ…

” എന്തും എല്ലാവരോടും തുറന്നു പറഞ്ഞ് ശീലമുള്ള പ്രവീൺ ഇങ്ങനൊരു കാര്യം എന്തുകൊണ്ടെന്നോട് ആദ്യം പറഞ്ഞില്ല… ഇതൊക്കെയല്ലേ ആദ്യമേ തുറന്നു പറയേണ്ട കാര്യങ്ങൾ….?

മീനയുടെ ചോദ്യത്തിൽ വിളറി പ്രവീണിന്റെ മുഖം… അവനെത്ര നിയന്ത്രിച്ചിട്ടും അവന്റെ മുഖത്ത് ദേഷ്യം ഇരമ്പിയെത്തുന്നതും അതിന്റെ ഫലമെന്നോണം മുഖം വലിഞ്ഞു മുറുകുന്നതും ഭയമേതുമില്ലാതെ അടുത്ത് നിന്ന് നോക്കി കണ്ടു മീന…

“ഇതൊക്കെ വിവാഹത്തിനു മുമ്പ് തുറന്നു പറയേണ്ട ഒന്നാണെന്ന് എനിയ്ക്ക് തോന്നിയില്ല മീന… ഇതെന്റെ മാത്രം കാര്യമല്ലേ… ഞാനതെന്തിനത് നിന്നോടു വിവാഹത്തിന് മുമ്പ് പറയണം… അതിന്റെ ആവശ്യമില്ല… ഇപ്പോഴത് തുറന്നു പറഞ്ഞതു പോലും അബദ്ധമായെന്ന തോന്നലാണെനിയ്ക്ക്…. വേണ്ടിയിരുന്നില്ല… ഒന്നും…. ഒന്നും വേണ്ടിയിരുന്നില്ല…. ”

ആകെ അസ്വസ്ഥനായ് മീനയെ നോക്കാതെ സ്വയമെന്ന വണ്ണം പറഞ്ഞവിടെ നിന്ന് പ്രവീൺ ഇറങ്ങി പോയതും അവനെ തടയാനോ പിൻവിളി വിളിച്ച് നിർത്താനോ ശ്രമിയ്ക്കാതെ അവൻ പോയ വഴിയേ നോക്കി നിന്നു മീനയും…’

“നിന്റെ കല്യാണം കഴിഞ്ഞ ഇന്നത്തെ ഈ ദിവസമെങ്കിലും നിനക്കിവിടെ ആ പെണ്ണിന്റൊപ്പം ഇരുന്നൂടെ പ്രവിയേ…. ഇതെങ്ങോട്ടാ നീയ്യീ വെപ്രാളം പിടിച്ച് പായുന്നത്….?

ബൈക്കിന്റെ താക്കോലുമെടുത്ത് വേഗത്തിൽ മുറ്റത്തേയ്ക്കിറങ്ങിയ പ്രവീണിന്റെ പുറകെ ചെന്ന് അപ്പച്ചി വിളിച്ചു ചോദിച്ചെങ്കിലും ആ ചോദ്യമോ അവരെയോ കണ്ട ഭാവം നടിയ്ക്കാതെ വേഗത്തിൽ വണ്ടിയെടുത്ത് പുറത്തേയ്ക്ക് ഓടിച്ചു പോയ് പ്രവീൺ…

“ഇവനിതെന്താ മോഹനാ പറ്റിയത്….?
ചെക്കന്റെ മോന്തയൊക്കെ കണ്ടാൽ ആ പെൺക്കുട്ടിയോടവൻ വഴക്കിട്ട് ഇറങ്ങി പോയതുപോലുണ്ട്…. ഞാനൊന്ന് ചെന്നാ മോളെ നോക്കി വരട്ടെ… അവന്റെ സ്വഭാവം അറിഞ്ഞു വെച്ചും നമ്മളെ മാത്രം വിശ്വസിച്ച് ഈ വീട്ടിലേയ്ക്ക് വന്ന കുട്ടിയാണത്….”

വയ്യാത്ത കാലും വലിച്ച് കോണി പടിക്കയറാനൊരുങ്ങി അപ്പച്ചി… അതേസമയം തന്നെയാണ് താഴത്തെ അവരുടെ സംസാരം കേട്ട് മുകളിൽ നിന്നിരുന്ന മീന വേഗത്തിൽ കോണിയിറങ്ങി അവർക്കടുത്തേയ്ക്ക് ചെന്നു… ചുണ്ടിലെ പുഞ്ചിരിയുടെ മാറ്റ് ഒരല്പം പോലും കുറയാതെ…

‘പ്രവീൺ മോളോടു വഴക്കിട്ടാണോ ഇറങ്ങി പോയത്….?

വല്ലായ്മയോടെ അപ്പച്ചി ചോദിച്ചതും മീന അവരെ നോക്കി തന്റെ കണ്ണൊന്നു ചിമ്മി…

“അപ്പച്ചി വളർത്തിയ അപ്പച്ചിയുടെ അനിയന്റെ മോന്റെ സ്വഭാവം എന്താണെന്ന് ഇന്നു വന്നു കയറിയ ഞാൻ വേണോ അപ്പച്ചിയ്ക്ക് പറഞ്ഞു തരാൻ….?

ഒരാശ്വസിപ്പിക്കൽ പോലെ അപ്പച്ചിയെ തന്നോടു ചേർത്തു പിടിച്ച് തമാശ രൂപത്തിൽ മീന ചോദിച്ചതിന് വേണ്ടായെന്നു പറഞ്ഞ് ചുമലുകൾ കൂച്ചി അപ്പച്ചി….

“ഇതുപോലെയും ഇതിലും വലുതുമായ് ഇനി എന്തൊക്കെ തരം ദേഷ്യ ഭാവങ്ങൾ പ്രവീണിന്റെ ഭാഗത്ത് നിന്ന് നമ്മൾ കാണാൻ കിടക്കുന്നു അല്ലേ അച്ഛാ….?

തങ്ങളെ നോക്കി ചിരിച്ചു നിൽക്കുന്ന മോഹനനോടും കൂടി ചോദിച്ച് മീന ആ വീടിന് പുറത്തേക്ക് പ്രവീൺ പോയ വശത്തേയ്ക്ക് നടന്നു….

“അവനു വേണ്ടിയുള്ള നമ്മടെ കണ്ടെത്തൽ തെറ്റിയിട്ടില്ല അല്ലേ ചേച്ചീ…?
നമ്മുടെ പഴയ പ്രവീണാക്കി അവനെ മീനമോള് മാറ്റും…എനിയ്ക്കുറപ്പാണത്…”

ആത്മവിശ്വാസത്തോടെ മോഹനൻ അപ്പച്ചിയെ നോക്കി പറയുമ്പോൾ അത് അതുപോലെ തന്നെ നടക്കട്ടെ എന്ന പ്രാർത്ഥനയിലാണ് അപ്പച്ചിയും….

അച്ഛനും അപ്പച്ചിയും തമ്മിലുള്ള സംസാരമെല്ലാം കേട്ടുമ്മറത്ത് നിന്നിരുന്ന മീനയുടെ കണ്ണുകൾ പുറമെ കാണുന്ന ആ വീടിന്റെ ഭാഗങ്ങളിലും പറമ്പിലുമായലഞ്ഞു കുറച്ചു നേരം

ഇന്നൊരു കല്യാണം നടന്ന വീടാണതെന്ന് ഒരാൾക്കും പറയാൻ പറ്റാത്ത വിധം നിശബ്ദമാണവിടെ….

ആർഭാടങ്ങളും ബഹളങ്ങളും ഇഷ്ടമില്ലാത്ത പ്രവീണിന്റെ വിവാഹം താനുമായ് ഇന്ന് നടന്നിരിയ്ക്കുന്നു എന്നതിന്റെ തെളിവ് തന്റെ കഴുത്തിലെ താലിയും നെറ്റിയിലെ സിന്ദൂര ചുവപ്പും മാത്രമാണ്…. എങ്കിലും അതിൽ തനിയ്ക്കൊട്ടും സങ്കടമില്ലെന്നതും അവളുടെ സന്തോഷമാണ്…

രാത്രി ഏറെ വൈകി പ്രവീൺ തിരികെ റൂമിലെത്തുമ്പോൾ മീന തന്റെ ഉറക്കത്തിന്റെ രണ്ടാം യാമവും പിന്നിട്ടു കഴിഞ്ഞിരുന്നു… വളരെയധികം ഒതുങ്ങി ചുമരു പറ്റി ചെരിഞ്ഞു കിടക്കുന്ന മീനയിൽ അല്പനേരം തങ്ങി നിന്നു പ്രവീണിന്റെ നോട്ടം….

ആരും വീണ്ടുമൊരിക്കൽക്കൂടി നോക്കുന്നത്ര സുന്ദരിയാണ് മീന…. ആരെയും മോഹിപ്പിയ്ക്കുന്ന ഉടലഴക് സ്വന്തമായുള്ളവൾ…

അങ്ങനൊരു ചിന്ത ഉള്ളിലേയ്ക്ക് വന്നതേ കണ്ണുകൾ ഇറുക്കിയടച്ച് തലക്കുടഞ്ഞു പോയ് പ്രവീൺ

ഫ്രഷായ് വന്ന് മീനയെ തട്ടാതെ ബെഡിൽ മറുവശം തിരിഞ്ഞു കിടന്ന പ്രവീൺ ഉറക്കത്തിലേക്ക് വീണതും അവന്റെ സാന്നിധ്യത്തിൽ ഉണർന്ന മീനയുടെ നോട്ടം അവന്റെ മുഖത്ത് തറച്ചു നിന്നു

ദിവസങ്ങൾ വളരെ വേഗത്തിൽ മുന്നോട്ടോടുമ്പോഴും ഒരു വീട്ടിൽ ഒരു മുറിയിൽ തികച്ചും രണ്ടപരിചിതരായ് ജീവിതം തുടർന്നു പോന്നു മീനയും പ്രവീണും…

വിവാഹം കഴിഞ്ഞ ആദ്യ ദിവസങ്ങളിൽ പ്രവീണിനെ തേടി മീനയുടെ പുഞ്ചിരികൾ വന്നെങ്കിലും തികഞ്ഞ അവഗണന മാത്രം പ്രവീണവൾക്ക് എപ്പോഴും തിരികെ നൽകിയതോടെ അവനെന്നൊരാളാ വീട്ടിലോ മുറിയിലോ ഉണ്ടെന്ന് പോലും ഭാവിച്ചില്ല മീനയും…..

ആദ്യമൊന്നും മീനയുടെ അവഗണനകൾ തന്നെയൊട്ടുമേ ബാധിയ്ക്കില്ലെന്ന് ചിന്തിച്ചു നടന്ന പ്രവീണിൽ പോകെ പോകെ എന്തൊക്കയോ മാറ്റങ്ങൾ അവനറിയാതെ തന്നെ വന്നു തുടങ്ങി…

അപ്പച്ചിയോടും അച്ഛനോടും തമാശകൾ പറഞ്ഞ് പൊട്ടിച്ചിരിയ്ക്കുന്ന മീനയെ, അവളിലെ ഭാവങ്ങളെ കണ്ണെടുക്കാതെ നോക്കി തുടങ്ങിയവൻ…. ബെഡ് റൂമിൽ താനെന്നൊരാൾ ഉണ്ടെന്നു പോലും ഭാവിക്കാതെ നടക്കുന്നവളോട് പരിഭവം തോന്നിയവന്… പരാതികൾ തോന്നിയവന്…

മീനയും അറിയുന്നുണ്ട് പ്രവീണിലെ മാറ്റങ്ങൾ… അവൾ പക്ഷെ അതൊന്നും അറിഞ്ഞതായ് ഭാവിക്കുകയോ അവനെ കണ്ട ഭാവം നടിയ്ക്കുകയോ ചെയ്തില്ല….

ദിവസങ്ങൾ പഴയതിലും വേഗത്തിൽ കടന്നു പൊയ്ക്കൊണ്ടിരുന്നു…

‘മീനു മോളെ നിങ്ങളു രണ്ടാളും കുഞ്ഞുങ്ങൾ ഇപ്പോഴൊന്നും വേണ്ടായെന്ന തീരുമാനമൊന്നും എടുത്തിട്ടില്ലല്ലോ അല്ലേ….?

എല്ലാവരും കൂടിയിരുന്ന് രാത്രി അത്താഴം കഴിക്കുന്ന നേരത്ത് ഒട്ടും പ്രതീക്ഷിക്കാതെ അപ്പച്ചി മീനയോട് ചോദിച്ചതും ചോറ് ശിരസ്സിൽ കയറി ശക്തിയിൽ ചുമച്ചു പ്രവീൺ…. അതിനിടയിലും അവന്റെ നോട്ടമൊന്ന് മീനയ്ക്ക് നേരെ ചെന്നതും കണ്ടു എന്തൊക്കെയോ സ്വയം പറഞ്ഞ് ഞൊടിയുന്നവളെ…

അവളിലെ അന്നേരത്തയാഭാവത്തിൽ പ്രവീണിന്റെ കണ്ണവളിൽ തന്നെ തറഞ്ഞു നിന്നു… കാരണം ഏതൊരു പുരുഷന്റെയും എല്ലാ നിയന്ത്രണങ്ങളെയും തകർക്കും വിധമൊരു അസാധാരണ ഭാവം അന്നേരമവളുടെ മുഖത്തവൻ കണ്ടിരുന്നു

‘നീയെന്താ അപ്പച്ചി ചോദിച്ച ചോദ്യത്തിന് മറുപടിയൊന്നും നൽക്കാത്തത്….?

അത്താഴം കഴിഞ്ഞ് മുറിയിലെത്തിയ മീനയോട് ഏറെ നാൾ അടുപ്പമുള്ളൊരാൾ ചോദിയ്ക്കുന്നതേ ലാഘവത്തോടെ പ്രവീൺ ചോദിച്ചതും കണ്ണൂകൂർപ്പിച്ചവനെ നോക്കി മീന…

“ഞാനൊരു സാധാരണ സ്ത്രീയാണ് അല്ലാതെ പുരാണങ്ങളിൽ വായിച്ചിട്ടുള്ള കുന്തീ ദേവിയൊന്നുമല്ല ഭർത്താവിന്റെ സഹായമില്ലാതെ കുഞ്ഞുങ്ങളെ പ്രസവിക്കാൻ…. ”

സങ്കടവും ദേഷ്യവും ഒരു പോലെ ഇടകലർന്ന ശബ്ദത്തിൽ മീന പറഞ്ഞതു കേട്ട് ഒരു ചിരി വിരിഞ്ഞു പ്രവീണിന്റെ ചൊടികളിലും….

“ഭർത്താവിന്റെ സഹായമുണ്ടാകുമല്ലോ…. ആരാ എന്റെ ഭാര്യയോട് സഹായം ഉണ്ടാവില്ലാന്ന് പറഞ്ഞത്….?

ചാരിയടക്കി പ്രവീൺ ചോദിച്ചതും അവനെ തുറിച്ചു നോക്കി മീന…

“എന്നെ പ്രസവിച്ച സ്ത്രീ ഞാൻ ജനിച്ച് മാസമൊന്നു തികയും മുമ്പ് എന്നെയും എന്റെ പാവം അച്ഛനെയും ഉപേക്ഷിച്ച് കാമുകന്റെ കൂടെ പോയതിന്റെ പേരിൽ
കുഞ്ഞുന്നാൾ മുതൽ ഒരുപാടു പരിഹാസങ്ങൾ കേട്ടു വളർന്നൊരുവനാണ് ഞാൻ… അതു കൊണ്ടു തന്നെ
എന്നെ വളർത്താനായ് സ്വന്തം ജീവിതം മാറ്റി വെച്ച എന്റെ അപ്പച്ചിയല്ലാത്ത എല്ലാ സ്ത്രീകളോടും ഭയവും പേടിയും ആയിരുന്നെനിയ്ക്ക്…. അവസരങ്ങൾ ലഭിച്ചാൽ അവർ ചതിയ്ക്കുമോ എന്ന ഭയം..

“ഞാനൊരു വിവാഹം കഴിച്ചാൽ ഞാൻ കെട്ടുന്ന പെണ്ണും എന്നെ കളഞ്ഞിട്ട് പോവുമെന്ന് കൂട്ടുകാർ കളിയാക്കും എന്നെ…അങ്ങനെയൊരു കളിയാക്കൽ കേട്ടു ശീലമായതുകൊണ്ടാവാം അതൊരു ഭയമായ് എന്റെ ഉള്ളിലുണ്ടായിരുന്നു… അതു കൊണ്ടാണ് നമ്മുടെ വിവാഹം കഴിഞ്ഞന്ന് ഞാൻ നിന്നോട് അങ്ങനെയൊക്കെ പറഞ്ഞത്… എന്നെ കളഞ്ഞ് നീ പോവുകയാണെങ്കിൽ പൊക്കോട്ടെ എന്നു കരുതി തന്നെ…. ഞാൻ നിന്നെ സ്നേഹിച്ചു തുടങ്ങുന്നതിന് മുമ്പ് നീ പോയാൽ അത്ര കുറച്ച് വേദനിച്ചാൽ മതിയല്ലോ ഞാൻ….”

നോവോടെ പറയുന്നവനെ നിറമിഴികളോടെ നോക്കി മീന… ഇതെല്ലാം അച്ഛനും അപ്പച്ചിയും പറഞ്ഞ് വിവാഹത്തിന് മുമ്പേ അവൾക്കറിയാവുന്നതാണ്….

” ഇപ്പോ അപ്പോൾ പ്രവീൺ എന്നെ സ്നേഹിക്കുന്നുണ്ടോ….?

പതിഞ്ഞ ശബ്ദത്തിൽ ചോദിക്കുന്നവളുടെ മുഖത്തേക്ക് സ്നേഹത്തോടെ നോക്കിയവൻ

“എന്റെ ജീവനാണ് നീയിപ്പോൾ… എന്നെ വേണ്ടാന്ന് നീ പറയുന്ന ആ നിമിഷം ഇല്ലാതാവും എന്റെയീ ജീവനും… അത്രയ്ക്കും ഇഷ്ടമാണെനിയ്ക്ക് നിന്നോട്… പ്രണയമാണെനിയ്ക്ക് … എന്റെ……

പ്രവീൺ പറഞ്ഞു പാതിയായതും അവന്റെ നെഞ്ചിലേക്ക് കരഞ്ഞുവീണിരുന്നു മീന…

പറഞ്ഞും ആശ്വസിപ്പിച്ചും പരസ്പരം സാന്ത്വനമായവർ ഒടുവിലൊരു പുതപ്പിന്റെ മറവിൽ ഒന്നായി ഒട്ടിചേർന്നു കിടക്കുമ്പോൾ മെല്ലെ അവന്റെ കാതോരം ചുണ്ടുകളിഴച്ചു മീന

“ഇപ്പോ പ്രവീണിന്റെ സ്വകാര്യത എവിടെ പോയ് പ്രവീണേ….

“അതൊരു പെണ്ണ് കട്ടോട്ടു പോയെ ടീ ഞാനറിയാതെ….. ”

മീനയുടെ ചോദ്യത്തിലും പ്രവീണിന്റെ മറുപടിയിലും ഒരു പൊട്ടിച്ചിരിയുടെ അലകൾ വീണ്ടും ഉയർന്നാ മുറിയ്ക്കുള്ളിൽ…..

✍️രജിത ജയൻ…..

Leave a Reply

Your email address will not be published. Required fields are marked *