“ഇങ്ങനെ എക്സ്പോസിംഗ് ആയിട്ടുള്ള ഡ്രസ്സ് ഒന്നും എനിക്ക് ഇടാൻ പറ്റില്ല വരുൺ “.
വരുൺ വാങ്ങിക്കൊടുത്ത സ്ലീവ് ലെസ്സ് ക്രോപ് ടോപ്പും മുട്ടിനു മുകളിൽ നിൽക്കുന്ന സ്കേർട്ടും ഇട്ട് അഞ്ചു പറഞ്ഞു.
“എന്റെ പെണ്ണ് ഹോട്ട് ആൻഡ് സെക്സി ആണെന്ന് കാണുമ്പോൾ മറ്റുള്ളവർക്ക് തോന്നണം.” വരുൺ ഒരു കള്ളച്ചിരിയോടെ പറഞ്ഞു.
രണ്ടു വർഷം മുൻപ് ഒരു വൈകുന്നേരമാണ് അഞ്ചു വരുണിനെ ആദ്യമായി കാണുന്നത്. ഒരു സ്വകാര്യ ബാങ്കിലെ ജോലിക്കിടയിൽ യാദൃശ്ചികമായി തുടങ്ങിയ പരിചയം പിന്നീട് വലിയൊരു പ്രണയമായി വളർന്നു. അഞ്ചു പാരമ്പര്യമായി കിട്ടിയ വസ്ത്രധാരണ രീതികളും മൂല്യങ്ങളും മുറുകെ പിടിക്കുന്ന ഒരു സാധാരണ കുടുംബത്തിലെ പെൺകുട്ടിയായിരുന്നു. ചുരിദാറും സാരിയും മാത്രമായിരുന്നു അവളുടെ ലോകം. എന്നാൽ വരുൺ നേരെ തിരിച്ചായിരുന്നു. നഗരത്തിന്റെ വേഗതയിൽ വളർന്നവൻ, വലിയ സുഹൃദ്ബന്ധങ്ങളുള്ളവൻ, ആഡംബര പാർട്ടികളിൽ സജീവമായവൻ.
ആദ്യമൊക്കെ വരുൺ അവളുടെ ലാളിത്യത്തെ പുകഴ്ത്തുമായിരുന്നു.
“അഞ്ചു , നീ ഈ കുർത്തിയിൽ എത്ര സുന്ദരിയാണെന്നോ,” എന്ന് അവൻ പറയുമ്പോൾ അവൾ നാണത്തോടെ തല താഴ്ത്തുമായിരുന്നു.
എന്നാൽ മാസങ്ങൾ കടന്നുപോയപ്പോൾ അവന്റെ വാക്കുകളിൽ മാറ്റം വന്നു തുടങ്ങി.
അവരുടെ ഒന്നാം പ്രണയവാർഷികത്തിന് വരുൺ അവൾക്കൊരു സമ്മാനം നൽകി. അതൊരു മനോഹരമായ പാക്കറ്റിലായിരുന്നു. കൗതുകത്തോടെ തുറന്നു നോക്കിയ അഞ്ചു സ്തബ്ധയായിപ്പോയി. അതൊരു ‘സ്ലീവ്ലെസ്’ മിനി ഡ്രസ്സ് ആയിരുന്നു . കഷ്ടിച്ച് മുട്ടിന് മുകളിൽ വരെ ഇറക്കമുണ്ട്.
“വരുൺ … ഇതെനിക്ക് ഇടാൻ പറ്റില്ല. എന്റെ വീട്ടിൽ ഇതൊന്നും സമ്മതിക്കില്ല,” അവൾ മെല്ലെ പറഞ്ഞു.
വരുൺ അവളുടെ കൈകൾ ചേർത്തുപിടിച്ചു.
“അഞ്ചു, നമ്മൾ പുറത്തുപോകുമ്പോൾ മാത്രം ഇട്ടാൽ പോരെ? എന്റെ ഫ്രണ്ട്സിന്റെ ഒക്കെ ഗേൾഫ്രണ്ട്സ് വരുന്നത് കണ്ടിട്ടില്ലേ? നീ ഭയങ്കര സുന്ദരിയാണ്. നിന്റെ ഈ ഫിഗറിന് ഇത്തരം ഡ്രസ്സുകൾ നന്നായി ഇണങ്ങും. എനിക്ക് വേണ്ടിയൊന്ന് ട്രൈ ചെയ്തൂടെ?”
അവന്റെ വാക്കുകളിലെ സ്നേഹം അവളെ ദുർബലയാക്കി. അവൾക്ക് അവനെ വിഷമിപ്പിക്കാൻ തോന്നിയില്ല. തന്റെ ഇഷ്ടത്തേക്കാൾ ഉപരി അവന്റെ സന്തോഷത്തിന് അവൾ മുൻഗണന നൽകി. ആ രാത്രി പാർട്ടിക്കായി അവൾ ആദ്യമായി ആ വസ്ത്രം ധരിച്ചു. കണ്ണാടിയിൽ നോക്കിയപ്പോൾ അവൾക്ക് തന്നെത്തന്നെ തിരിച്ചറിയാൻ കഴിഞ്ഞില്ല. ശരീരം അധികമായി പുറത്തു കാണുന്ന ആ വസ്ത്രത്തിൽ അവൾ അസ്വസ്ഥയായിരുന്നു. ഷോൾ കൊണ്ട് മറയ്ക്കാൻ അവൾ ശ്രമിച്ചുകൊണ്ടേയിരുന്നു.
അതിനുശേഷം ഓരോ തവണ അവർ കാണുമ്പോഴും വരുൺ അവളുടെ വസ്ത്രധാരണത്തിൽ ഇടപെട്ടു തുടങ്ങി.
“ഇതൊരു പഴയ രീതിയാണ്,” “ഇത് കുറച്ചുകൂടി ഇറക്കം കുറഞ്ഞതാകണം,” “എന്തിനാ ഇങ്ങനെ മൂടിപ്പുതച്ചു നടക്കുന്നത്?” എന്നിങ്ങനെ പോയി അവന്റെ നിർദ്ദേശങ്ങൾ.
അഞ്ചു ഓരോ തവണയും വിട്ടുവീഴ്ചകൾ ചെയ്തു. ഷോപ്പിംഗിന് പോകുമ്പോൾ അവൾക്ക് ഇഷ്ടപ്പെട്ട സൽവാറുകൾക്ക് പകരം അവൻ തിരഞ്ഞെടുക്കുന്ന വസ്ത്രങ്ങൾ അവൾ വാങ്ങി. വസ്ത്രം ധരിക്കുമ്പോൾ അവൾക്ക് സന്തോഷം തോന്നിയില്ല. പകരം, മറ്റാരുടെയോ കണ്ണുകളെ തൃപ്തിപ്പെടുത്താൻ ശ്രമിക്കുന്ന ഒരു പാവയെപ്പോലെ അവൾക്ക് തോന്നി.
സമൂഹമാധ്യമങ്ങളിൽ വരുൺ അവളുടെ ഫോട്ടോകൾ പങ്കുവെക്കുമ്പോൾ വരുന്ന കമന്റുകൾ അവളെ കൂടുതൽ വേദനിപ്പിച്ചു. ചിലർ പുകഴ്ത്തി, ചിലർ അശ്ലീലമായ രീതിയിൽ സംസാരിച്ചു. എന്നാൽ അർജുൻ ഇതൊക്കെ ആസ്വദിക്കുകയായിരുന്നു. തന്റെ കാമുകി എത്രത്തോളം ‘ഹോട്ട്’ ആണെന്ന് മറ്റുള്ളവർ പറയുന്നത് കേൾക്കാൻ അവൻ ആഗ്രഹിച്ചു.
വരുണിന്റെ സുഹൃത്തിന്റെ വിവാഹനിശ്ചയത്തിന് പോകാൻ ഒരുങ്ങിയപ്പോഴാണ് കാര്യങ്ങൾ കൈവിട്ടുപോയത്. അവൻ അവൾക്കായി കൊണ്ടുവന്നത് പുറം പൂർണ്ണമായും കാണുന്ന തരത്തിലുള്ളതും ക്ളീവേജ് കാണുന്ന തരത്തിലുമുള്ള ഒരു ബ്ലൗസും ട്രാൻസ്പരന്റ് ആയ സാരിയുമായിരുന്നു.
“വരുൺ, ഇത് ഒരുപാട് കൂടുതലല്ലേ? ആ ഫങ്ഷനിൽ നിന്റെ ഫാമിലിയും കാണില്ലേ?” അഞ്ചു ചോദിച്ചു.
“അതിനെന്താ അഞ്ചു? ഇതൊക്കെ ഇപ്പോഴത്തെ സ്റ്റൈലല്ലേ. നീ എന്തിനാ ഇങ്ങനെ പേടിക്കുന്നത്? നിന്നെ ആൾക്കാർ നോക്കുമ്പോൾ എനിക്കാണ് അഭിമാനം,” അവൻ നിസ്സാരമായി പറഞ്ഞു.
അന്നത്തെ പാർട്ടിയിൽ അഞ്ചു തീർത്തും ഒറ്റപ്പെട്ടതുപോലെ തോന്നി. സുഹൃത്തുക്കളുടെ മുന്നിൽ വരുൺ അവളെ പ്രദർശിപ്പിക്കുകയായിരുന്നു. അവളുടെ അസ്വസ്ഥത അവൻ കണ്ടില്ലെന്ന് നടിച്ചു. മറ്റുള്ളവരുടെ നോട്ടം അവളുടെ ശരീരത്തിൽ തറയ്ക്കുമ്പോൾ അവൾ തളർന്നുപോയി. അവളുടെ ആത്മവിശ്വാസം തകരുകയായിരുന്നു.
ഒരു ശനിയാഴ്ച വൈകുന്നേരം വരുൺ തന്റെ സുഹൃത്തുക്കൾക്കായി ഒരു ‘ഹൗസ് പാർട്ടി’ ഒരുക്കിയിരുന്നു. “അഞ്ചു , നീ ഇന്ന് ആ ബ്ലാക്ക് ഷോർട്ട് ഡ്രസ്സ് തന്നെ ഇടണം. എന്റെ ബോസും വരുന്നുണ്ട്, നീ അവിടെ ഹൈലൈറ്റ് ആയിരിക്കണം,” ഫോണിലൂടെയുള്ള അവന്റെ നിർദ്ദേശം ഒരു ഓർഡർ പോലെയായിരുന്നു.
അഞ്ചു കണ്ണാടിക്ക് മുന്നിൽ നിന്നു. ആ വസ്ത്രം ധരിക്കുമ്പോൾ അവൾക്ക് തണുപ്പ് അനുഭവപ്പെട്ടു—കാലാവസ്ഥ കൊണ്ടല്ല, മറിച്ച് തന്റെ മനസ്സിന്റെ വിങ്ങൽ കൊണ്ട്. പാർട്ടിക്കിടയിൽ വരുണിന്റെ സുഹൃത്തുക്കൾ അവളെ നോക്കി അശ്ലീലം കലർന്ന തമാശകൾ പറഞ്ഞപ്പോൾ അവൻ ദേഷ്യപ്പെടുന്നതിന് പകരം ചിരിക്കുകയായിരുന്നു ചെയ്തത്.
“വരുൺ, എനിക്ക് ഇവിടെ നിൽക്കാൻ ബുദ്ധിമുട്ടാണ്. നമുക്ക് പോയാലോ?” അവൾ രഹസ്യമായി ചോദിച്ചു.
“നീ എന്തിനാ ഇങ്ങനെ ഒരു ടൈപ്പ് ആകുന്നത്? അവർ നിന്നെ പുകഴ്ത്തുകയല്ലേ? എൻജോയ് ചെയ്യാൻ പഠിക്ക് അഞ്ചു,” അവൻ ഗ്ലാസ്സിലെ പാനീയം നുണഞ്ഞുകൊണ്ട് പറഞ്ഞു.
അന്ന് രാത്രി വീട്ടിലെത്തിയ അഞ്ചു കുറെ നേരം കരഞ്ഞു. താൻ സ്നേഹിക്കുന്ന ആൾക്ക് തന്റെ മാന്യതയേക്കാൾ വലുത് മറ്റുള്ളവരുടെ മുന്നിലെ ഷൈനിംഗ് ആണെന്ന് അവൾ തിരിച്ചറിഞ്ഞു തുടങ്ങി.
മറ്റൊരു ദിവസം അവർ നഗരത്തിലെ വലിയൊരു മാളിൽ ഷോപ്പിംഗിന് പോയി. അഞ്ജുവിന് കുറച്ച് പുതിയ കുർത്തകൾ വാങ്ങണമായിരുന്നു. എന്നാൽ വരുൺ അവളെ കൂട്ടിക്കൊണ്ടുപോയത് ഒരു ‘വെസ്റ്റേൺ ബ്രാൻഡഡ്’ സ്റ്റോറിലേക്കാണ്.
അവൻ തിരഞ്ഞെടുത്ത വസ്ത്രങ്ങളെല്ലാം ‘ക്രോപ്പ് ടോപ്പുകളും’ ‘മിനി സ്കർട്ടുകളും’ ആയിരുന്നു.
“വരുൺ , എനിക്ക് ഇത് ഓഫീസിൽ ഇടാൻ പറ്റില്ല. എനിക്ക് നല്ല കുർത്തകൾ മതി,” അവൾ തന്റെ നിലപാട് വ്യക്തമാക്കി.
അവൻ എല്ലാവരും കേൾക്കെ ശബ്ദമുയർത്തി. “നിന്റെ ഈ പഴയ ചിന്താഗതി കാരണമാണ് നിനക്ക് പ്രൊമോഷൻ പോലും കിട്ടാത്തത്. ലുക്ക് മാറ്റിയാലേ ആളുകൾ നിന്നെ ശ്രദ്ധിക്കൂ. എനിക്കൊപ്പം വരണമെങ്കിൽ നീ ഇങ്ങനെയൊക്കെ നടക്കണം. എനിക്ക് നാണക്കേട് ഉണ്ടാക്കരുത്.”
ആളുകൾ തങ്ങളെ ശ്രദ്ധിക്കുന്നത് കണ്ട് അവൾ നിശബ്ദയായി. പക്ഷേ ഉള്ളിൽ ഒരു അഗ്നിപർവ്വതം പുകയുന്നുണ്ടായിരുന്നു. അവൻ തന്നെ സ്നേഹിക്കുന്നത് തന്റെ സ്വഭാവം നോക്കിയല്ല, മറിച്ച് ഒരു ഭംഗിയുള്ള പ്രദർശന വസ്തുവായി മാറ്റാനാണെന്ന് അവൾക്ക് ഉറപ്പായി.
അടുത്ത ദിവസം അവൾ ഒരുപാട് ചിന്തിച്ചു. താൻ ആർക്ക് വേണ്ടിയാണ് ഈ മാറ്റങ്ങൾ വരുത്തുന്നത്? തന്റെ സന്തോഷത്തിന് വേണ്ടിയാണോ? അല്ല. വരുണിനെ പ്രീതിപ്പെടുത്താൻ വേണ്ടി മാത്രമാണ് താൻ തന്റെ വ്യക്തിത്വം പണയം വെക്കുന്നത്. അവന്റെ പ്രണയം തന്റെ സ്വഭാവത്തോടാണോ അതോ തന്റെ ശരീരത്തെ മറ്റുള്ളവർക്ക് മുന്നിൽ കാണിക്കുന്നതിനോടാണോ എന്ന സംശയം അവളിൽ ഉടലെടുത്തു.
അവൾ പണ്ട് ധരിച്ചിരുന്ന ലളിതമായ ചുരിദാറുകൾ എടുത്തു നോക്കി. കണ്ണാടിക്ക് മുന്നിൽ നിന്ന് അത് ചേർത്തുവെച്ചപ്പോൾ അവൾക്ക് പഴയ അഞ്ജുവിനെ കാണാൻ കഴിഞ്ഞു. ആത്മവിശ്വാസമുള്ള, സന്തോഷവതിയായ അഞ്ചു.
വീണ്ടും കണ്ടുമുട്ടിയപ്പോൾ വരുൺ വീണ്ടും പഴയ പല്ലവി ആവർത്തിച്ചു. ഒരു പുതിയ ക്ലബ്ബ് പാർട്ടിയെക്കുറിച്ചും അവിടെ അവൾ ധരിക്കേണ്ട വസ്ത്രത്തെക്കുറിച്ചും അവൻ വാചാലനായി.
“എനിക്ക് പറ്റില്ല വരുൺ,” അഞ്ചു ശാന്തമായി പറഞ്ഞു.
“എന്റെ ഇഷ്ടം നിനക്ക് ഇത്രയേ ഉള്ളോ അഞ്ചു? ഒരു മോഡേൺ ഡ്രസ്സ് ഇടാൻ പറഞ്ഞാൽ അതിനർത്ഥം ഞാൻ നിന്നെ സ്നേഹിക്കുന്നില്ല എന്നാണോ?”
അവൾ അവന്റെ കണ്ണുകളിലേക്ക് നോക്കി. “വരുൺ, സ്നേഹം എന്നാൽ ഒരാളെ അവർ ആയിരിക്കുന്ന രീതിയിൽ സ്വീകരിക്കുക എന്നതല്ലേ? നിനക്ക് എന്നെക്കാൾ വലുത് എന്റെ വസ്ത്രധാരണമാണെന്ന് എനിക്ക് ഇപ്പോൾ മനസ്സിലാകുന്നു. നിന്റെ സന്തോഷത്തിനായി ഞാൻ എന്റെ തനിമ നഷ്ടപ്പെടുത്തി. പക്ഷെ ഇപ്പോൾ എനിക്ക് ശ്വാസം മുട്ടുന്നു.”
“നീ കാര്യങ്ങളെ ഇത്ര കോംപ്ലിക്കേറ്റഡ് ആക്കുന്നത് എന്തിനാ അഞ്ചു? ഞാൻ നിന്നെ കൂടുതൽ സുന്ദരിയാക്കാൻ നോക്കുന്നതല്ലേ?” അവൻ ദേഷ്യത്തോടെ ചോദിച്ചു.
“സുന്ദരിയാകുന്നത് എനിക്ക് വേണ്ടിയാകണം വരുൺ. നിന്റെ സുഹൃത്തുക്കളുടെ മുന്നിൽ നിനക്ക് കിട്ടുന്ന പ്രശംസയ്ക്ക് വേണ്ടിയാകരുത്. എന്റെ ശരീരം എന്റേതാണ്. അത് എങ്ങനെയുള്ള വസ്ത്രം ധരിക്കണം എന്ന് തീരുമാനിക്കേണ്ടത് ഞാനാണ്. നിന്റെ നിർബന്ധത്തിന് വഴങ്ങി അത് ചെയ്യുന്നത് എന്നെ ഞാനല്ലാതാക്കുന്നു.”
അവൻ പരിഹാസത്തോടെ ചിരിച്ചു. “അപ്പൊ നീ പറയുന്നത് നീ മാറില്ല എന്നാണ്. ഈ പഴയ രീതിയിലുള്ള വസ്ത്രങ്ങളുമായി നിനക്ക് എന്റെ കൂടെ നടക്കാൻ കഴിയില്ല. എന്റെ സർക്കിളിൽ നിനക്ക് പിടിച്ചു നിൽക്കാൻ പറ്റില്ല.”
അഞ്ചു തന്റെ ബാഗ് എടുത്തു. അവളുടെ ഉള്ളിൽ ഒരു വലിയ ഭാരം ഒഴിഞ്ഞതുപോലെ തോന്നി. “അതേ വരുൺ, എനിക്ക് നിന്റെ ആ സർക്കിളിൽ പിടിച്ചു നിൽക്കണ്ട. എനിക്ക് എന്നെത്തന്നെ നഷ്ടപ്പെടുത്തിക്കൊണ്ടുള്ള ഒരു ബന്ധം വേണ്ട. പ്രണയം എന്നാൽ പരസ്പര ബഹുമാനമാണ്, നിയന്ത്രണമല്ല. നിനക്ക് വേണ്ടത് ഒരു പെൺകുട്ടിയെയല്ല, നിനക്ക് ഇഷ്ടമുള്ള വസ്ത്രങ്ങൾ ധരിപ്പിക്കാൻ പറ്റുന്ന ഒരു പാവയെയാണ്.”
അവൾ എഴുന്നേറ്റു. അവൻ അവളെ തടയാൻ ശ്രമിച്ചില്ല. അവന്റെ ഈഗോ അവനെ അതിന് അനുവദിച്ചില്ല.
ദിവസങ്ങൾ കടന്നുപോയി. വരുൺ പലതവണ വിളിക്കാൻ ശ്രമിച്ചെങ്കിലും അവൾ ഫോൺ എടുത്തില്ല. അവൾക്ക് വേണ്ടത് ഒരു മാപ്പല്ല, മറിച്ച് തന്റെ തീരുമാനത്തിലുള്ള ഉറപ്പായിരുന്നു. അവൾ വീണ്ടും തനിക്ക് ഇഷ്ടപ്പെട്ട വസ്ത്രങ്ങൾ ധരിച്ചു തുടങ്ങി. ഓഫീസിൽ പോകുമ്പോഴും സുഹൃത്തുക്കളെ കാണുമ്പോഴും അവൾ പഴയതിനേക്കാൾ പ്രസന്നയായിരുന്നു.
താൻ ചെയ്തത് ശരിയാണെന്ന് അവൾക്ക് ബോധ്യമുണ്ടായിരുന്നു. സ്നേഹം എന്നത് ഒരാളെ അടിമയാക്കാനുള്ള ലൈസൻസ് അല്ലെന്ന് അവൾ പഠിച്ചു. ഒരാളുടെ താല്പര്യങ്ങൾ മറ്റൊരാൾക്ക് മേൽ അടിച്ചേൽപ്പിക്കുന്നത് പ്രണയമല്ല, അതൊരു മാനസികമായ പീഡനമാണ്.
ഒരു മാസത്തിന് ശേഷം അവൾ വരുണിനെ വീണ്ടും വഴിയിൽ വെച്ച് കണ്ടു. അവൻ മറ്റൊരു പെൺകുട്ടിയുടെ കൂടെയായിരുന്നു. അവൾ അവൻ പണ്ട് തനിക്ക് നൽകിയ അതേ പാറ്റേണിലുള്ള വസ്ത്രമാണ് ധരിച്ചിരുന്നത്. അഞ്ചു ഒന്ന് പുഞ്ചിരിച്ചു. അവൾക്ക് ആ പെൺകുട്ടിയോട് സഹതാപം തോന്നി.
അഞ്ചു തന്റെ വഴിയിലേക്ക് തിരിഞ്ഞു. അവൾക്ക് ഇപ്പോൾ വ്യക്തമായ ഒരു ലക്ഷ്യമുണ്ട്. സ്വന്തം വ്യക്തിത്വം ആർക്കും പണയം വെക്കാത്ത, ആരെയും ബോധിപ്പിക്കാൻ വേണ്ടി മാറാത്ത ഒരു ജീവിതം. ആ മഴവിൽ വർണ്ണങ്ങളുള്ള ആകാശത്തിന് താഴെ അവൾ സ്വതന്ത്രയായി നടന്നു.
✍️പ്രവീണ കൃഷ്ണ
