അച്ഛന്റെയും അനിയന്റെയും അടിവസ്ത്രം കഴുകി വിരിക്കുന്ന ഭാര്യയെ കണ്ട് സുധീഷിന്റെ ഉള്ളം വിങ്ങി. റൂമിലെ ജനാല തുറന്നിടുമ്പോ….

അച്ഛന്റെയും അനിയന്റെയും അടിവസ്ത്രം കഴുകി വിരിക്കുന്ന ഭാര്യയെ കണ്ട് സുധീഷിന്റെ ഉള്ളം വിങ്ങി.

റൂമിലെ ജനാല തുറന്നിടുമ്പോ ആണ് അവനാ കാഴ്ച കാണുന്നത്.

രാവിലെ 6 മണിക്ക് സുമ എണീറ്റ് ചെന്ന ഉടനെ ചെയ്യേണ്ടത് വീടിന് ചുറ്റും അടിച്ചു വാരലും എല്ലാരേം തുണി അലക്കലുമാണ്. അടുക്കളയിൽ അവളെ കയറ്റുന്നത് സുധീഷിന്റെ അമ്മയ്ക്ക് ഇഷ്ടമില്ലാത്തത് കൊണ്ട് ആ ജോലി മാത്രം അവൾക്ക് ഒഴിഞ്ഞു കിട്ടും. പക്ഷേ ആ വീട്ടിൽ ബാക്കിയുള്ള സകല പണിയും സുമ തന്നെ ചെയ്യണം. ഒരു മിനിറ്റ് അവളെ വെറുതെ ഇരിക്കാൻ ഭവാനി സമ്മതിക്കില്ല.

അടുക്കള പുറത്തെ പടിയിൽ ഇരുത്തിയാണ് സുമയ്ക്ക് അവർ ഭക്ഷണം കൊടുക്കുന്നത്.

സുമയുടെയും സുധീഷിന്റെയും വിവാഹം ലവ് മാര്യേജ് ആയിരുന്നു. സുധീഷിന്റെ വീട്ടുകാർ പാരമ്പര്യമായി നല്ല പൈസക്കാരാണ്. അതുകൊണ്ട് വീട്ടുകാരെ ചിലവിൽ തിന്നും കുടിച്ചും നടന്ന അവൻ പാവപെട്ട വീട്ടിലെ സുമയെ കണ്ട് ഇഷ്ടായപ്പോ അവളെ വളച്ചെടുത്തു വീട്ടിൽ നിന്നും വിളിച്ചിറക്കി കൊണ്ട് വന്നതാണ്.

മൂത്ത മകനോടുള്ള അളവറ്റ സ്നേഹം ഒന്ന് കൊണ്ട് മാത്രം ഭവാനി മരുമകളെ വീട്ടിൽ കയറ്റാൻ അനുവദിച്ചു. പക്ഷേ അന്ന് മുതൽ അവൾക്ക് കഷ്ടപ്പാട് ആയിരുന്നു ആ വീട്ടിൽ.

സുമ വന്നതോടെ ഭവാനി വീട്ടിൽ ഉണ്ടായിരുന്ന വേലക്കാരിയെ പറഞ്ഞ് വിട്ടു. പിന്നെ അടുക്കള പണി ഒഴികെ മറ്റ് എല്ലാ ജോലിയും അവൾ തന്നെ ചെയ്യണമെന്നായി.

ഭവാനിയെ പേടിച്ച് അവൾ സുധീഷിനോട് പരാതി ഒന്നും പറയാത എല്ലാം ചെയ്ത് പോന്നു. കാരണം സുധീഷിന് ജോലി ഇല്ലെന്നും അവൻ അവന്റെ വീട്ടുകാരെ ആശ്രയിച്ചാണ് കഴിയുന്നതെന്നും ആ വീട്ടിൽ വന്നപ്പോഴാണ് അവൾ അറിയുന്നത്. ഇനി സ്വന്തം വീട്ടിലേക്ക് പോയാലും അവർ അവിടെ കയറ്റില്ല എന്ന് അറിയാവുന്നത് കൊണ്ട് ഒക്കെ സഹിക്ക അല്ലതെ അവൾക്ക് വേറെ നിവർത്തി ഉണ്ടായിരുന്നില്ല.

സുമയ്ക്ക് തന്റെ വീട്ടിൽ ഒരു വേലക്കാരിയുടെ സ്ഥാനമേ ഉള്ളു എന്ന് കല്യാണം കഴിഞ്ഞു ആഴ്ച ഒന്ന് കഴിഞ്ഞപ്പോ തന്നെ സുധീഷിന് മനസ്സിലായി.

അത് എങ്ങനെയാന്ന് വച്ചാൽ കല്യാണം കഴിഞ്ഞു ഒരാഴ്ച കഴിഞ്ഞ ഒരു വൈകുന്നേരം കൂട്ടുകാരോടൊപ്പം കറങ്ങാൻ പോയി തിരിച്ചു വരുന്ന വഴി അവന്റെ ബൈക്ക് ആക്‌സിഡന്റ് ആയി. വീഴ്ച്ചയിൽ കാലിലെ എല്ലിന് പൊട്ടൽ ഉള്ളത് കൊണ്ട് ഒരു മാസം സുധീഷ് ബെഡ് റെസ്റ്റിൽ ആയിപോയി.

എതിരെ റോങ്ങ് വന്ന ഒരു കാർ തട്ടിയാണ് ആക്‌സിഡന്റ് ഉണ്ടായത്. ഭാഗ്യതിന് സുധീഷ് അന്ന് കുടിച്ചിരുന്നില്ല. അല്ലെങ്കിൽ ഇടയ്ക്കിടെ കൂട്ടുകാരിടൊപ്പം കൂടുമ്പോ കുടിക്കുന്ന സ്വഭാവം അവനുണ്ട്. ഇത് കൂടാതെ കാർ ഡ്രൈവർ കുടിച്ചിരുന്നത് കൊണ്ട് കേസ് ആയാൽ വല്യ തൊല്ല ആകുമെന്ന് അറിയാവുന്നതിനാൽ കാർ ഡ്രൈവർ സുധീഷിന്റെ ഹോസ്പിറ്റലിൽ ചിലവൊക്കെ വഹിച്ചു.

അങ്ങനെ മുഴുവൻ സമയവും വീട്ടിൽ തന്നെ ആയപ്പോഴാണ് അവൻ സുമയുടെ കഷ്ടപ്പാട് അറിയാൻ തുടങ്ങിയത്.
റൂമിന്റെ ജനാല തുറന്നിട്ട് പുറത്തേക്ക് നോക്കി ഇരിക്കുമ്പോ ആണ് തന്റെ അച്ഛന്റേം അനിയന്റേം പെങ്ങളേം ഒക്കെ ഡ്രസ്സ്‌ തന്റെ ഭാര്യ കഴുകി പിഴിഞ്ഞ് വിരിക്കുന്നത് അവൻ കാണുന്നത്. അപ്പോഴാണ് വീട്ടിൽ വേലക്കാരി ഇല്ലെന്നും എല്ലാ പണിയും സുമയുടെ തലയിൽ ആണെന്ന് അവനറിയുന്നത്.

വാഷിംഗ്‌ മെഷീൻ ഉണ്ടായിട്ടും സുമ എന്തിനാണ് തുണി എല്ലാം കൈ കൊണ്ട് അലക്കി ഇടുന്നത് എന്തിനാണെന്ന് സുധീഷിന് മനസ്സിലായില്ല. തുണി അലക്കൽ കഴിഞ്ഞു അവൾ വിറക് കീറുന്നതും വലിയ മുറ്റം കുറ്റി ചൂല് കൊണ്ട് അടിച്ചു വാരുന്നതും അടുക്കളയിലെ പാത്രങ്ങൾ എല്ലാം അലക്ക് കല്ലിന്റെ അടുത്ത് കൊണ്ടിട്ട് കഴുകുന്നതുമൊക്കെ കണ്ടപ്പോൾ സുധീഷിന് വല്ലാത്ത കുറ്റബോധം തോന്നി. അവൻ വീൽ ചെയറിൽ ഇരുന്ന് കൊണ്ട് അത് ഉരുട്ടി അടുക്കളയിൽ നിൽക്കുന്ന ഭവാനിയുടെ അടുത്ത് വന്നു.

“ഇവിടുത്തെ വേലക്കാരിയെ അമ്മ പറഞ്ഞു വിട്ടത് എല്ലാ ജോലിയും സുമയെ കൊണ്ട് ചെയ്യിക്കാൻ ആണല്ലേ.

“അതേ… അതിനിപ്പോ എന്ത് വേണം?

ഭവാനി മകനെ തുറിച്ചു നോക്കി.

“ഇവിടെ വാഷിംഗ്‌ മെഷീൻ ഉണ്ടായിട്ടും എല്ലാം തുണിയും എന്തിനാ അലക്ക് കല്ലിലിട്ട് കഴുകിച്ചത്?

“അവള് കുറച്ചു മേലനങ്ങി പണി എടുക്കട്ടെ. പിന്നെ കറന്റ്‌ ബില്ലും ലാഭിക്കാമല്ലോ.

“അച്ഛന്റേം അനിയന്റേം പെങ്ങളേം അടിവസ്ത്രം വരെ എന്റെ ഭാര്യയെ കൊണ്ട് കഴുകിപ്പിക്കണമായിരുന്നോ? അവൾ എന്റെ ഭാര്യ അല്ലേ? അതെങ്കിലും അമ്മയ്ക്ക് ഓർത്തൂടെ?

“ഇത്രയും നാൾ അതൊക്കെ ഇവിടുത്തെ ജോലിക്കാരി കഴുകിയിരുന്നതാ. അവൾക്ക് ചെയ്യാങ്കി നിന്റെ ഭാര്യക്കും ആവാം. മൂന്ന് നേരം ഉരുട്ടി വിഴുന്നുണ്ടല്ലോ അവൾ. അതൊക്കെ അവളെ അച്ഛനോ ഭർത്താവോ സമ്പാദിച്ച കാശ് കൊണ്ടല്ല ഉണ്ടാക്കണേ.

നിന്നെ കൊണ്ടോ പത്തു പൈസയ്ക്ക് ഉപകാരം ഈ വീടിനില്ല. ഇവിടുത്തെ കാശ് ദൂർത്തടിച്ചു കൂട്ടുകാരെ കൂടെ കറങ്ങി നടക്കാനല്ലേ നിന്നെ കൊണ്ട് കൊള്ളു.

നീ പിന്നെ എന്റെ മോനായി പോയൊണ്ട് ഞാൻ സഹിക്കുന്നു. നിന്നെ പോലെ നിന്റെ ഭാര്യയെയും ഒരു പണിയും എടുക്കാതെ ഇവിടെ വെറുതെ ഉണ്ടുറങ്ങി കഴിയാൻ വിടണോ ഞാൻ? വേലക്കാരി കൊടുത്തിരുന്ന പൈസയും കറണ്ട് ബില്ലിലെ കുറവും നിന്റെ വിഹീതമായി വീട്ടിലേക്ക് തരുന്നതായി കണക്ക് കൂട്ടിയ മതി.

ഇനിയിപ്പോ ആ കാശ് ഉണ്ടാക്കാൻ നീ പണിക്ക് പോയാലും സുമ തന്നെ ഈ വീട്ടിലെ ജോലികൾ ചെയ്യണം. ഇത്രേം വലിയ വീട്ടിൽ അവളെ ഓസിനു താമസിപ്പിക്കാൻ എനിക്ക് ബുദ്ധിമുട്ട് ഉണ്ട്. പ്ലസ് ടു മാത്രം ഉള്ള നീ എന്ത് ജോലി ചെയ്താലും ഇതുപോലെ ഒരു വീടിനു കൊടുക്കാൻ പറ്റുന്ന അത്ര വാടക ഉണ്ടാക്കാൻ നിനക്ക് കഴിയില്ലല്ലോ.

എവിടുന്നേലും ഒരുത്തിയെ വിളിച്ചു കൊണ്ട് വരുമ്പോ പത്തു കാശുള്ള വീട്ടിൽ നിന്ന് ഒരുത്തിയെ കൊണ്ട് വരാൻ നോക്കി കൂടായിരുന്നോ?
എങ്കിൽ പിന്നെ അവൾക്കീ കഷ്ടപ്പാട് ഒന്നും ഉണ്ടാവില്ലായിരുന്നല്ലോ.

ഭവാനിയുടെ വാക്കുകൾക്ക് മുന്നിൽ സുധീഷ് ഉത്തരം മുട്ടി നിന്നു.

ഇത്രയൊക്കെ അമ്മയുടെ മനസ്സിൽ ഉണ്ടായിരുന്നു എന്ന് അവന് അറിയില്ലായിരുന്നു.

“നിന്റെ ഭാര്യ പറഞ്ഞു വിട്ടതാണോടാ നിന്നെ.

“അവൾ ഇതുവരെ ഒന്നിനും ഒരു പരാതിയും പറഞ്ഞിട്ടില്ല. എല്ലാം ഞാൻ ഈ കുറച്ചു ദിവസങ്ങൾ കൊണ്ട് നേരിട്ട് കണ്ട് ബോധ്യപ്പെട്ടതാ.

“ഹാ… കണ്ടതും കേട്ടതും നിന്റെ മനസ്സിൽ തന്നെ വച്ചോ. എന്നെ ചോദ്യം ചെയ്യാൻ വരണ്ട. നിന്റെ ഭാര്യയെ ഇവിടെ താമസിപ്പിക്കുന്നത് തന്നെ എന്റെ ഔദാര്യം കൊണ്ടാണെന്ന് ഓർമ്മ ഉണ്ടായാൽ മതി.

അത്രേം പറഞ്ഞിട്ട് ഭവാനി ചവിട്ടി തുള്ളി പോകുമ്പോ സുധീഷും മനസ്സിൽ ചില തീരുമാനങ്ങൾ എടുത്തിരുന്നു.

പിന്നീടുള്ള ദിവസങ്ങൾ അവൻ സുമയെ ഉൾപ്പെടെ വീട്ടിൽ എല്ലാരേം നിരീക്ഷിച്ചു. എല്ലാർക്കും തന്റെ ഭാര്യ ഒരു വേലക്കാരിക്ക് തുല്യമാണെന്ന് അവൻ മനസ്സിലാക്കി. ആർക്കും അവളോട് ഒരു തുള്ളി സ്നേഹം പോലും ഇല്ല. ഇത്രയൊക്കെ എല്ലാരും ചോദിച്ചിട്ടും ഒരു പരാതിയും പറയാത്ത സുമയോട് സുധീഷ് ന് സ്നേഹം കൂടിയെ ഉള്ളു.

ഒരു മാസത്തിനു ശേഷം കാല് സുഖമായപ്പോ സുധീഷ് ഒരു ജോലി തരപ്പെടുത്തി അതിന് പോകാൻ തുടങ്ങി. പിന്നെയും രണ്ട് മാസത്തിനു ശേഷം ആ പൈസ കൂട്ടി വച്ച് അവനൊരു വാടക വീട് എടുത്തു. ഒന്നും ആരോടും പറഞ്ഞില്ല. സുമയോട് പോലും.

ഒക്കെ റെഡിയാക്കി ആ വീട്ടിൽ അത്യാവശ്യം വേണ്ട സാധനങ്ങൾ ഒക്കെ വാങ്ങി വച്ചശേഷം ഒരു വൈകുന്നേരം വീട്ടിൽ എല്ലാവരോടും യാത്ര പറഞ്ഞു സുമയുടെ കൈയും പിടിച്ച് സുധീഷ് സ്വന്തം വീടിനോട് വിട പറഞ്ഞിറങ്ങി.

നന്നായി പഠിക്കുന്ന സുമയെ ഡിഗ്രിക്ക് പഠിക്കാൻ അയച്ച സുധീഷ് എല്ല് മുറിയെ പണിയെടുത്തു ജീവിക്കാൻ തുടങ്ങി. താൻ ഒന്നും പറയാതെ തന്നെ തന്നെ മനസ്സിലാക്കിയ സുധീഷിനെ സുമ കണ്ണീരോടെ കെട്ടിപിടിച്ചു. ജീവിതം എന്തെന്ന് നേരത്തെ തന്നെ മനസ്സിലാക്കാൻ സുധിക്ക് സാധിച്ചത് കൊണ്ട് ഇഷ്ടപ്പെട്ടു കെട്ടിയ പെണ്ണിനെ ചേർത്ത് പിടിച്ചു ഒരു കൊച്ചു സ്വർഗം പണിയാൻ അവന് കഴിഞ്ഞു.

 

✍️അഞ്ജലി

Leave a Reply

Your email address will not be published. Required fields are marked *