(രചന: ആവണി)
“ഡാ.. എനിക്കറിയണം.. അവൾ എവിടെ ആണെന്ന്..?”
ഏകദേശം രണ്ടു വർഷങ്ങൾക്കു ശേഷം ആണ് അവൻ എന്നെ ഫോൺ ചെയ്യുന്നത്. അതും ഇങ്ങനെ ഒരു കാര്യം ചോദിക്കാൻ വേണ്ടി മാത്രം..
അതിന്റെ പിന്നിലെ ഉദ്ദേശശുദ്ധി എന്താണെന്ന് വ്യക്തമായി അറിയില്ലെങ്കിലും അവന്റെ മനസ്സിൽ അവൾക്കുള്ള സ്ഥാനം ഓർത്തപ്പോൾ കണ്ണ് നിറഞ്ഞു.
അല്ലെങ്കിലും അവരെപ്പോലെ ആത്മാർത്ഥമായി പ്രണയിച്ച രണ്ടു പേർ വഴിയിൽ വച്ച് പിരിഞ്ഞു പോയി പിന്നീട് ഒന്നുചേരാൻ ശ്രമിക്കുന്നത് ഞങ്ങൾ സുഹൃത്തുക്കൾക്ക് വളരെ സന്തോഷമുള്ള കാര്യമാണ്.
” അവൾ ഇപ്പോൾ എവിടെയാണെന്ന് എനിക്കറിയില്ല. പക്ഷേ എവിടെയാണെങ്കിലും കണ്ടെത്താൻ ഞാൻ ശ്രമിക്കാം. ”
അവന് അങ്ങനെയൊരു വാക്ക് കൊടുക്കുമ്പോൾ അവളെ കണ്ടെത്താൻ കഴിയുമോ എന്ന് പോലും എനിക്ക് സംശയമായിരുന്നു.
“അജി.. അവൾ എവിടെ ഉണ്ടെന്ന് അവളുടെ വീട്ടുകാർക്ക് അറിയാതിരിക്കില്ലല്ലോ.. നീ ഒന്ന് അന്വേഷിക്ക്…”
നവിയുടെ സ്വരത്തിൽ ഇത്തവണ സങ്കടം കലർന്നിരുന്നു.
” ഞാനൊന്നു ചോദിച്ചോട്ടെ.. ഞാൻ അവളെ കണ്ടെത്തി എന്ന് തന്നെ ഇരിക്കട്ടെ.
നിനക്ക് അവളെ നിന്റെ ജീവിതത്തിലേക്ക് സ്വീകരിക്കാൻ കഴിയുമോ..? മറ്റൊരു പെൺകുട്ടിയുടെ ഭർത്താവാണ് നീ. ഒരു പെൺകുട്ടിയെ കരയിച്ചിട്ട് അവൾ സ്വന്തം ജീവിതം നേടിയെടുക്കും എന്ന് നിനക്ക് തോന്നുന്നുണ്ടോ.? ”
എന്തുകൊണ്ടോ അങ്ങനെ ചോദിക്കാനാണ് തോന്നിയത്. അതിനു പിന്നിൽ വ്യക്തമായ കാരണങ്ങൾ ഉണ്ട് താനും.
” അതിന് ആരെയും അവൾ കരയിക്കേണ്ട. നീ പറഞ്ഞില്ലേ, ഞാൻ മറ്റൊരുവളുടെ ഭർത്താവ് ആണെന്ന്..
പക്ഷെ.. അത് അങ്ങനെ അല്ല.. എന്റെ ദാമ്പത്യ ജീവിതം ഒരു പരാജയമായിരുന്നു എന്ന് നിന്നോട് തുറന്നു പറയുമ്പോൾ എനിക്ക് സങ്കടമുണ്ട്. പക്ഷേ അത് തന്നെയാണ് സത്യം..!”
സങ്കടത്തോടെ അവൻ പറഞ്ഞപ്പോൾ അതിന് പിന്നിലുള്ള കാരണം എന്താണെന്ന് അറിയാൻ ഏതൊരു മനുഷ്യനെയും പോലെ എനിക്കും ആകാംക്ഷ തോന്നി.
” അതെന്താടാ അങ്ങനെ..? എന്താ സംഭവിച്ചത്..? ”
എന്റെ ശബ്ദത്തിലെ ആകാംക്ഷ മനസ്സിലാക്കിയിട്ട് ആകണം, അവൻ ഓരോന്നായി പറയാൻ തുടങ്ങിയത്.
” നിനക്കറിയാമല്ലോ ഞാനും ഗാഥയും തമ്മിലുള്ള ബന്ധം കോളേജ് കാലഘട്ടത്തിൽ തുടങ്ങിയതാണ്.
അത് എങ്ങനെ എന്ന് തുടങ്ങിയെന്ന് വ്യക്തമായി പറഞ്ഞു തരാൻ പോലും എനിക്ക് സാധിക്കുന്നില്ല. ക്ലാസ്സ് കട്ട് ചെയ്ത് ഞാൻ കോളേജിൽ പോയിരിക്കുമ്പോൾ ബുക്കുകളുടെ ഇടയിൽ ഇരിക്കുന്ന ഗാഥയെ പലപ്പോഴും ഞാൻ കണ്ടിട്ടുണ്ട്.
അങ്ങനെ സ്ഥിരമായി കണ്ട് ഒരു കൗതുകത്തിനാണ് അവളോട് ആദ്യമായി സംസാരിക്കുന്നത്. അന്ന് ഞാൻ ചോദിച്ച ചോദ്യങ്ങൾക്ക് മാത്രം ഉത്തരം തന്നു കൊണ്ട് അവൾ എന്നെ ഒഴിവാക്കാൻ ശ്രമിച്ചു.
അതിനു ശേഷം പലപ്പോഴും തമ്മിൽ കാണുമ്പോൾ ഒരു പുഞ്ചിരി കൈമാറാറുണ്ടായിരുന്നു. പതിയെ പതിയെ ഞങ്ങൾ തമ്മിൽ സംസാരിച്ചു തുടങ്ങി. അത് ഒരു സൗഹൃദത്തിലേക്ക് എത്താൻ അധികം കാത്തിരിക്കേണ്ടി വന്നില്ല.
പിന്നീട് എപ്പോഴാണ് അത് പ്രണയമായി മാറിയത് എന്ന് പോലും എനിക്കറിയില്ല. എന്തുതന്നെയാണെങ്കിലും ഞാൻ അവളെ സ്നേഹിച്ചത് ആത്മാർത്ഥമായിട്ട് തന്നെയായിരുന്നു. അവൾ എന്നെയും..!”
അത്രയും പറഞ്ഞപ്പോഴേക്കും അവന്റെ ശബ്ദം ഇടറുന്നത് നൊമ്പരത്തോടെ ഞാൻ കേട്ടു.
“ഇതൊക്കെ എനിക്ക് അറിയാവുന്ന കാര്യം തന്നെയല്ലേ..?”
അവന്റെ മനസ്സു മാറ്റാനായി ചോദിച്ചു.
” ഇതൊക്കെ നിനക്കറിയാവുന്നത് ആയിരിക്കും. പക്ഷേ നിനക്കറിയാത്ത കുറച്ചു കാര്യങ്ങൾ കൂടി ഉണ്ട്.
ഞാൻ അവസാന വർഷം പഠിക്കുമ്പോഴാണ് എന്റെ അച്ഛൻ മരിച്ചത് എന്ന് നിനക്കറിയാമല്ലോ. അതോടെ കുടുംബത്തിന്റെ ഉത്തരവാദിത്വം എന്റെ ചുമലിൽ ആയി എന്ന് തന്നെ പറയാം.
പരീക്ഷ എഴുതാൻ മാത്രമാണ് പിന്നീട് ഞാൻ കോളേജിലേക്ക് വന്നത്. അന്ന് അവളോട് യാത്ര പറയുമ്പോൾ കരയാതെ പിടിച്ചു നിൽക്കാൻ അവൾ ഒരുപാട് പാടുപെടുന്നുണ്ടായിരുന്നു.
പക്ഷേ പിന്നീട് വീട്ടിലെ ഉത്തരവാദിത്വം കൂടി വന്നതിനു ശേഷം അവളെ ഒന്ന് വിളിക്കാനും അവളോടൊപ്പം സമയം ചെലവഴിക്കാനോ ഞാൻ ശ്രമിച്ചിട്ടില്ല.
എന്തിനു പറയുന്നു അവൾ എന്നെ വിളിച്ച കോളുകൾ ഒക്കെയും ഞാൻ ഒഴിവാക്കി വിടുകയാണ് ചെയ്തത്. പതിയെ പതിയെ അവൾ വിളിക്കാതെയായി.
ഞാൻ രക്ഷപ്പെട്ടു എന്നാണ് ആ സമയത്ത് എനിക്ക് തോന്നിയത്.പിന്നീട് അനിയത്തിയുടെ വിവാഹം നടത്തി. അതുകഴിഞ്ഞ് അധികം വൈകാതെ തന്നെ എന്റെ വിവാഹവും നടന്നു.
പക്ഷേ അതിനിടയിൽ ഒരിക്കൽ പോലും ഞാൻ അവളെ ഓർത്തിരുന്നില്ല എന്നതാണ് സത്യം. എന്റെ വിവാഹം ആലോചിക്കുന്ന സമയത്ത് പോലും അവളെക്കുറിച്ച് ഞാൻ ചിന്തിച്ചില്ല. അത് ഞാൻ ചെയ്ത തെറ്റ് തന്നെയാണ്. ”
അവൻ അത് പറയുമ്പോൾ അവനെ കൊല്ലാൻ ഉള്ള ദേഷ്യം എനിക്ക് തോന്നി.
” പക്ഷേ എന്റെ വിവാഹം കഴിഞ്ഞ സമയത്താണ് മറ്റൊരു കാര്യം ഞാൻ അറിഞ്ഞത്.
എന്റെ ഗാഥ… അവൾ പ്രഗ്നന്റ് ആയിരുന്നു.. കല്യാണ പാർട്ടിയിൽ പങ്കെടുക്കാൻ വന്ന സുഹൃത്തുക്കളിൽ ഒരാൾ, പറഞ്ഞ വാചകത്തിൽ നിന്നാണ് ഞാൻ അത് മനസ്സിലാക്കിയത് പോലും.
ഒരു പാവപ്പെട്ട പെണ്ണിന്റെ വയറ്റിൽ ഒരു കൊച്ചിനെയും കൊടുത്തിട്ട് അവൻ മറ്റൊരുത്തിയെ കെട്ടി സുഖമായി ജീവിക്കാൻ പോകുന്നു എന്ന്.
അന്ന് എന്തുകൊണ്ടാണെന്ന് അറിയില്ല, ഞാൻ അവനോട് പറഞ്ഞത് അവളുടെ വയറ്റിൽ ഒരു കുഞ്ഞുണ്ടെങ്കിൽ അത് മറ്റാരുടെതെങ്കിലും ആയിരിക്കും എന്നാണ്.
അത് പറയുമ്പോഴും എനിക്ക് ഉറപ്പുണ്ടായിരുന്നു ഗാഥയ്ക്ക് എന്നെ അല്ലാതെ മറ്റാരെയും സ്നേഹിക്കാൻ കഴിയില്ലെന്ന്.
അവളുടെ വയറ്റിൽ ഒരു കുഞ്ഞു ജീവൻ ഉണ്ടായിട്ടുണ്ടെങ്കിൽ അത് എന്റേതാണെന്ന് എനിക്ക് 100% ഉറപ്പുണ്ടായിരുന്നു. പിന്നെയും എന്തുകൊണ്ടാണ് അവനോട് അന്ന് അങ്ങനെ പറഞ്ഞത് എന്ന് ഇപ്പോഴും അറിയില്ല.
വിവാഹം കഴിഞ്ഞ് നല്ലൊരു ജീവിതത്തിലേക്ക് കടന്നുവെങ്കിൽ പോലും ഞങ്ങൾക്കിടയിൽ തർക്കങ്ങളും അസ്വാരസ്യങ്ങളും പതിവായിരുന്നു.
എന്റെ ഭാര്യയായി വന്നവൾക്ക് എന്റെ അമ്മയെ അംഗീകരിക്കാൻ കഴിയില്ലായിരുന്നു.
നല്ലകാലത്ത് ഞങ്ങൾക്ക് വേണ്ടി കഷ്ടപ്പെട്ട ആ സ്ത്രീയെ ഉപേക്ഷിക്കാൻ എനിക്കും കഴിയില്ല. തർക്കങ്ങൾ അധികമായപ്പോൾ അമ്മ തന്നെയാണ് മറ്റൊരു വീടെടുത്ത് താമസിക്കാൻ എന്നെ ഉപദേശിച്ചത്.
അമ്മയുടെ നിരന്തരമായ ഉപദേശം നിമിത്തം അതുതന്നെ നടപ്പിലാക്കി. പക്ഷേ അതിനു ശേഷം അവളുടെ സ്വഭാവത്തിൽ കുറെ മാറ്റം വന്നതായി ഞാൻ മനസ്സിലാക്കി. വർഷങ്ങൾ കടന്നുപോയി.
അതിനിടയിൽ ഒരു ദിവസം ഓഫീസിൽ നിന്ന് നേരത്തെ എത്തിയ ഞാൻ കാണുന്നത് എന്റെ ബെഡിൽ അവളോടൊപ്പം ശയിക്കുന്ന മറ്റൊരുവനെയാണ്.
യാതൊരു കുറ്റബോധവും ഇല്ലാതെ അവൾ എന്റെ മുഖത്തു നോക്കി പറഞ്ഞു അവൾ സ്നേഹിക്കുന്നവനാണ് അതെന്ന്. അവനല്ലാതെ മറ്റാരും അവളുടെ ജീവിതത്തിൽ ഉണ്ടാവുന്നത് അവൾക്ക് ഇഷ്ടമല്ല എന്ന്.
ചതിക്കപ്പെടുന്നതിന്റെ വേദന ആ നിമിഷമാണ് ഞാൻ മനസ്സിലാക്കിയത്. ഒരുപക്ഷേ ഞാൻ ഗാഥയെ ഉപേക്ഷിച്ച സമയത്ത് അവൾക്കും ഇങ്ങനെ തന്നെ ആയിരിക്കില്ലേ തോന്നിയിട്ടുണ്ടാവുക..? ”
ആ ഒരു ചോദ്യത്തോടെ ഫോൺ കട്ട് ആവുന്നത് ഞാൻ അറിഞ്ഞു. എന്തൊക്കെ പറഞ്ഞാലും അവന്റെ പ്രവർത്തികൾക്ക് യാതൊരു ന്യായവും കണ്ടെത്താനാവില്ല.
ഫോൺ വച്ച ഉടനെ ഞാൻ തൊട്ടടുത്ത വീട്ടിലേക്കാണ് പോയത്. വാതിലിൽ മുട്ടി കാത്തു നിന്നപ്പോൾ തന്നെ ഗാഥ വാതിൽ തുറന്നു കഴിഞ്ഞിരുന്നു.
” അവൻ വിളിച്ചിരുന്നു അല്ലേ..? ”
യാതൊരു മുഖവുരയും ഇല്ലാതെ അവൾ ചോദിച്ചപ്പോൾ അത്ഭുതം ഒന്നും തോന്നിയില്ല. അവൾ നാട്ടിൽ നിന്നും ഒരുപാട് അകലെയാണെങ്കിലും അവന്റെ കാര്യങ്ങളൊക്കെ ആരെങ്കിലും പറഞ്ഞ് അവൾ അറിയാറുണ്ട്.
അവളെ അന്വേഷിച്ച് അവൻ നടക്കുന്നുണ്ട് എന്നും അവൾ അറിഞ്ഞിട്ടുണ്ടാകണം.
” അവൻ ഇനി വിളിച്ചാൽ പറഞ്ഞേക്കണം ഞാൻ ജീവനോടെ ഇല്ല എന്ന്.ഇനി ഒരിക്കലും എന്റെ ജീവിതത്തിൽ അവന്റെ പേര് കേൾക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല.
എന്തൊക്കെ ന്യായീകരണങ്ങൾ നിരത്തിയാലും അവൻ എന്നോട് ചെയ്തത് ചതി തന്നെയാണ്. അവന് എന്നെ സ്വീകരിക്കാൻ കഴിയില്ലെങ്കിൽ അത് എന്റെ മുഖത്ത് നോക്കി പറയാനുള്ള ധൈര്യം അവൻ കാണിക്കണമായിരുന്നു.
അതിനു പകരം ഭീരുക്കളെപ്പോലെ കോൾ എടുക്കാതെ എന്നെ ഒഴിവാക്കി വിട്ടു. ആ സമയത്ത് വയറ്റിൽ ഒരു ജീവൻ വളരുന്നുണ്ട് എന്നറിഞ്ഞ് ആരെ ആശ്രയിക്കണം എന്നറിയാതെ വല്ലാത്തൊരു അവസ്ഥയിലായിരുന്നു ഞാൻ.
എങ്ങനെയൊക്കെയോ ഇവിടെ എത്തിപ്പെട്ടതാണ്. ഇപ്പോൾ എന്റെ കുഞ്ഞുമായി എനിക്ക് സുഖമായി ജീവിക്കാനും കഴിയുന്നുണ്ട്. അങ്ങനെ അല്ലായിരുന്നെങ്കിൽ പണ്ടേയ്ക്ക് പണ്ടേ ഞാൻ ജീവൻ ഉപേക്ഷിച്ചേനെ.”
അവളുടെ ഭാഗത്തു നിന്ന് നോക്കുമ്പോൾ അവൾ പറയുന്നത് തന്നെയാണ് ശരി.
ചതിക്കപ്പെട്ടതിന്റെ വേദന അവനും മനസ്സിലാക്കിയപ്പോൾ അവൾക്കും വേദനിച്ചിരുന്നു എന്ന് അവനു അറിയാമല്ലോ.. ഇനി ഒരിക്കലും അവർ തമ്മിൽ കാണണ്ട… അതുതന്നെ ആയിരിക്കണം ദൈവനിശ്ചയവും..