” ഇവിടെ ഈ അടുക്കള പണിയല്ലാതെ നിനക്ക് വേറെ എന്താണ് ചെയ്യാനുള്ളത്.? ഞാനൊക്കെ പുറത്തു പോയി കഷ്ടപ്പെടുന്നത് പോലെ നിനക്ക് പോകേണ്ട എന്തെങ്കിലും കാര്യമുണ്ടോ..?

(രചന: ആവണി)

” ഇവിടെ ഈ അടുക്കള പണിയല്ലാതെ നിനക്ക് വേറെ എന്താണ് ചെയ്യാനുള്ളത്.? ഞാനൊക്കെ പുറത്തു പോയി കഷ്ടപ്പെടുന്നത് പോലെ നിനക്ക് പോകേണ്ട എന്തെങ്കിലും കാര്യമുണ്ടോ..?

വീട്ടിൽ സുഖിച്ചിരിക്കുന്നതും പോരാഞ്ഞിട്ട് എന്തെങ്കിലും പണി ചെയ്യാൻ പറഞ്ഞാൽ അവൾക്ക് അതും മടിയാണ്.. വല്ലാത്തൊരു കഷ്ടം തന്നെയാണ് നിന്റെ കാര്യം.. ”

രാവിലെ മുതൽ തുടങ്ങിയതാണ് പ്രദീപ്.കൃത്യമായി പറഞ്ഞാൽ രാവിലെ അവന്റെ പെറ്റ് ഡോഗിനെ കാണാൻ പോയപ്പോൾ മുതൽ..!

അവൻ പറയുന്നതൊക്കെ കേട്ടിട്ടും മറുപടിയൊന്നുമില്ലാതെ തല കുനിച്ചു നിൽക്കുകയായിരുന്നു ഗീത.

പറയാൻ മറുപടിയില്ലാത്തതു കൊണ്ടല്ല മറുപടി പറഞ്ഞാൽ അത് ഒരു പക്ഷേ വലിയൊരു പൊട്ടിത്തെറിയിൽ ആയിരിക്കും അവസാനിക്കുന്നത്.

പിന്നീട് ദിവസങ്ങളോളം ശീത സമരം നീണ്ടു നിൽക്കും. അതുകൊണ്ട് മാത്രമാണ് അവൻ എത്രയൊക്കെ ബഹളം വച്ചാലും അവൾ അതിൽ പ്രതികരിക്കാത്തത്.

” ഞാൻ പറയുന്നതൊന്നും നീ കേൾക്കുന്നില്ലേ…? ”

കുറച്ചു സമയമായിട്ടും അവളുടെ മറുപടിയൊന്നും ഇല്ലെന്നു കണ്ടു അവൻ വീണ്ടും ചോദിച്ചു.

കേൾക്കുന്നുണ്ട് എന്ന് അവൾ തലയാട്ടി.

” എന്ത് ചോദിച്ചാലും ഇങ്ങനെ തഞ്ചാവൂർ ബൊമ്മയെ പോലെ തലയാട്ടി കാണിച്ചാൽ മതി. നിന്നെയൊക്കെ എടുത്ത് തലയിൽ വച്ച എന്നെ പറഞ്ഞാൽ മതിയല്ലോ.. എന്റെ തലവിധി എന്നല്ലാതെ എന്തു പറയാൻ..? ”

അവൻ ദേഷ്യപ്പെട്ടു കൊണ്ട് മുറിയിലേക്ക് കയറി പോയി.

അവനോട് മറുപടി പറഞ്ഞാലും പറഞ്ഞില്ലെങ്കിലും അവന്റെ പ്രതികരണം ഇങ്ങനെയൊക്കെ തന്നെയായിരിക്കും.

എത്രയൊക്കെ നല്ല കാര്യങ്ങൾ ചെയ്താലും ചിലതൊക്കെ തെറ്റുകളായി ഭവിക്കാറുണ്ട്. തെറ്റുകൾ ഏതാണോ അത് കണ്ടുപിടിച്ച് അതിന്റെ പേരിൽ മാത്രം തന്നെ ക്രൂശിക്കുന്ന സ്വഭാവമാണ് ഭർത്താവിന്റെ എന്ന് അവൾ ഓർത്തു.

ഇപ്പോഴത്തെ പ്രശ്നം വളരെ ലളിതമാണ്. പ്രശ്നം ലളിതമാണെങ്കിലും അവനെ സംബന്ധിച്ച് ഇത് വലിയൊരു കാര്യമാണ്.

പ്രദീപിനെ സംബന്ധിച്ച് ആ വീട്ടിൽ ഏറ്റവും അധികം അവൻ സ്നേഹിക്കുന്നത് അവന്റെ ഡോഗിനെയാണ്. അതിനെ പട്ടി എന്ന് അഭിസംബോധന ചെയ്യുന്നത് പോലും അവനു ഇഷ്ടമല്ല.

ജിമ്മി എന്ന് തന്നെ വേണം അതിനെ വിളിക്കാൻ എന്ന് പ്രദീപിന് നിർബന്ധമുണ്ട്.

വിവാഹം കഴിഞ്ഞ് ആ സമയത്ത് ഒരിക്കൽ വീട്ടിൽ ജിമ്മി ബഹളം വെച്ചപ്പോൾ,

” ഈ പട്ടിയെ കൊണ്ട് ഇതെന്തൊരു ശല്യമാണ്..!”

എന്നൊരു വാക്ക് ഗീതയുടെ നാവിൽ നിന്ന് വരുന്നത് അവൻ കേട്ടിരുന്നു. അതിന് ആ വീട്ടിൽ ഉണ്ടായ പൊല്ലാപ്പുകൾ ചെറുതൊന്നുമായിരുന്നില്ല.

” നിനക്ക് ഇവനെ കണ്ടിട്ട് ഒരു പട്ടിയായി മാത്രം സംബോധന ചെയ്യാൻ എങ്ങനെ തോന്നി..? ഞാൻ പണം കൊടുത്ത് വാങ്ങി വളർത്തുന്ന നായയാണ് ഇവൻ.

ജിമ്മി എന്ന് വേണം വിളിക്കാം. അവന് ബഹുമാനം കൊടുത്തിരിക്കണം.. തെരുവിൽ കാണുന്ന പട്ടികളെ പോലെയല്ല ഇവൻ.. സ്പെഷ്യൽ ബ്രീഡ് ആണ്.. ”

അന്ന് അലർച്ച പോലെ അവൻ പറഞ്ഞ വാക്കുകൾ ഇന്നും ഗീതയുടെ ചെവിയിൽ മുഴങ്ങി കേൾക്കുന്നുണ്ട്.

സ്വന്തം മക്കളോട് പോലും അവന് ഇത്രയും സ്നേഹമില്ല എന്ന് ഗീത ഇടയ്ക്കിടെ ഓർക്കാറുണ്ട്. പക്ഷേ ഒരിക്കൽ പോലും അങ്ങനെ ഒരു വാചകം അവളുടെ നാവിൽ നിന്നും അവൻ കേൾക്കേ വീഴാറില്ല.

ഭയം തന്നെയായിരുന്നു അതിന്റെ മൂല കാരണം.. അവനോട് എന്തെങ്കിലുമൊന്ന് എതിർത്ത് പറയാനുള്ള ശക്തി ഇപ്പോഴും അവൾക്കില്ല..!

രണ്ടു ദിവസം മുമ്പ് ഗീതയുടെ അനുജന്റെ വിവാഹം ആയിരുന്നു. വിവാഹത്തിൽ പങ്കെടുക്കാൻ വിവാഹത്തിന് രണ്ട് ദിവസം മുൻപ് തന്നെ ഗീതയും മക്കളും പോയിരുന്നു.

പക്ഷേ പോകാൻ അനുവാദം ചോദിച്ചപ്പോൾ പ്രദീപ് ഒരുപാട് എതിർത്തതാണ്. അതിന് അവൻ പറഞ്ഞ കാരണവും ഒന്നേ ഉണ്ടായിരുന്നുള്ളൂ.

” വീടും പൂട്ടി നിങ്ങളെല്ലാവരും കൂടി പോയാൽ എന്റെ ജിമ്മി ഒറ്റയ്ക്കാവും. അവന് ഒറ്റയ്ക്ക് ഇരിക്കാൻ ഇഷ്ടമല്ല. മാത്രവുമല്ല അവന്റെ ആഹാരത്തിന്റെ കാര്യവും ബുദ്ധിമുട്ടായിരിക്കും..

രാവിലെയും രാത്രിയും ഞാൻ ആഹാരം കൊടുത്താലും ഉച്ചയ്ക്കുള്ള അവന്റെ കാര്യം ആര് നോക്കും.”

അത് വലിയൊരു പ്രശ്നമായി അവൻ അവതരിപ്പിച്ചപ്പോൾ ഒരിക്കലെങ്കിലും താനാഹാരം കഴിച്ചിട്ടുണ്ടോ എന്ന് അവൻ അന്വേഷിച്ചിട്ടില്ല എന്ന് അവൾ വേദനയോടെ ഓർത്തു.

ജിമ്മിയുടെ കാര്യം ഒരു പ്രശ്നമായി നിന്നപ്പോൾ അയലത്തെ ചേച്ചിയാണ് പറഞ്ഞത് അവന് ഉച്ചയ്ക്കുള്ള ആഹാരം ആ ചേച്ചി കൊണ്ടു വന്ന് കൊടുത്തോളാം എന്ന്.

ഇവിടത്തെ കാര്യങ്ങളൊക്കെ കൃത്യമായി അറിയാവുന്നതു കൊണ്ടു തന്നെ അവർക്ക് തന്നോട് അനുകമ്പയാണ് എന്ന് ഗീതയ്ക്ക് തോന്നാറുണ്ട്.

എന്തായാലും ആ ചേച്ചി ജിമ്മിയുടെ കാര്യം ഏറ്റെടുത്തതോടെ സമാധാനത്തോടെ വീട്ടിലേക്ക് പോകാൻ ഗീതയ്ക്ക് കഴിഞ്ഞു. അപ്പോഴും പ്രദീപിനു പൂർണ സമ്മതം ഒന്നും ആയിരുന്നില്ല.

എന്തൊക്കെയായാലും വിവാഹവും അതിന്റെ തിരക്കുകളും ഒക്കെയായി ഗീതയ്ക്ക് ആകെ തിരക്കായിരുന്നു.

വീട്ടിലെത്തിക്കഴിഞ്ഞാൽ മക്കളു രണ്ടാളും അപ്പൂപ്പന്റെയും അമ്മൂമ്മയുടെയും കൂടെ നിന്നോളും എന്നുള്ളതു കൊണ്ട് അവൾക്ക് ആ കാര്യത്തിൽ സമാധാനമായിരുന്നു.

വിവാഹത്തിന്റെ തലേന്നാണ് പ്രദീപ് അവിടേക്ക് ചെന്നത്. മിക്കവാറും ആണുങ്ങളെപ്പോലെ ഭാര്യവീട്ടുകാരെ പുച്ഛിക്കുന്ന ഒരാൾ തന്നെയായിരുന്നു പ്രദീപ്.

ഭാര്യ വീട്ടിൽ പോയ താമസിക്കുന്നത് ഒരു കുറച്ചിലായി കണക്കാക്കുന്ന സ്വഭാവമാണ് പ്രദീപിന്റേത്. അതുകൊണ്ടു തന്നെ അവിടെ നിൽക്കാതിരിക്കാൻ അവന്റെ കഴിവിന്റെ പരമാവധി എല്ലായിപ്പോഴും അവൻ ശ്രമിക്കാറുണ്ട്.

ഇതിപ്പോൾ വിവാഹ ആയതുകൊണ്ട് തന്നെ അങ്ങനെ പങ്കെടുക്കാതെ പറ്റില്ലല്ലോ.. അതുകൊണ്ടാണ് തലേന്ന് വൈകുന്നേരം അവൻ എത്തിയത്. വിവാഹം കഴിഞ്ഞ് വൈകുന്നേരം തന്നെ അവൻ തിരികെ പോവുകയും ചെയ്തു.

പോകുന്ന വഴിയിൽ തൊട്ടടുത്ത ദിവസം തന്നെ വീട്ടിലേക്ക് എത്തണമെന്ന് ഗീതയോടും മക്കളോടും ആവശ്യപ്പെടുകയും ചെയ്തിരുന്നു.

അവന്റെ സ്വഭാവം അറിയാവുന്നതു കൊണ്ട് തന്നെ അവൾ അത് തലകുലുക്കി സമ്മതിച്ചു.

അവനോട് പറഞ്ഞത് പ്രകാരം ഇന്നലെ വൈകുന്നേരം ആണ് ഗീതയും മക്കളും വീട്ടിലെത്തിയത്. കുറച്ചുദിവസം വീട്ടിൽ നിന്ന് മാറാൻ നിന്നത് കൊണ്ട് തന്നെ ഒരുപാട് പണികൾ അവൾക്ക് ചെയ്തു തീർക്കാൻ ഉണ്ടായിരുന്നു.

കമിഴ്ന്നു കിടക്കുന്ന പ്ലാവില എടുത്ത് മറച്ചിടാത്ത ഒരു സ്വഭാവമാണ് പ്രദീപിന്റേത്.

കഴിഞ്ഞ കുറച്ചു ദിവസങ്ങൾ പാഴ്സൽ വാങ്ങിയതിന്റെ കവറും ഒക്കെയായി അടുക്കള മുതൽ വീടിന്റെ ഉമ്മറം വരെ വൃത്തികേടായി കിടക്കുന്ന അവസ്ഥയായിരുന്നു അവൾ വന്നപ്പോൾ കണ്ടത്.

വലിയ കാര്യമായി ജിമ്മിയെ നോക്കാറുണ്ടെങ്കിലും അവന്റെ കൂടു പോലും പ്രദീപ് വൃത്തിയാക്കിയിട്ടില്ല എന്ന് കണ്ടപ്പോൾ ഗീതയ്ക്ക് വല്ലായ്മ തോന്നി.

അതൊക്കെ ചെയ്യണമെന്നുണ്ടായിരുന്നെങ്കിലും വീടിനകത്തെ പണികളും അടുക്കി ഒതുക്കലും ഒക്കെ കഴിഞ്ഞപ്പോൾ തന്നെ രാത്രിയായിരുന്നു. പണികളുടെ ക്ഷീണം കൊണ്ട് അന്ന് നേരത്തെ തന്നെ കിടന്നുറങ്ങുകയും ചെയ്തു.

ഇന്ന് രാവിലെ ജിമ്മിയെ നോക്കാൻ പോയ പ്രദീപ് കാണുന്നത് വൃത്തിയാക്കാതെ കിടക്കുന്ന കൂടായിരുന്നു. അതിന്റെ മേളമാണ് കുറച്ചു മുന്നേ നടന്നത്.

അപ്പോഴും കഴിഞ്ഞ മൂന്നു നാല് ദിവസങ്ങൾ താൻ എന്തുകൊണ്ട് അത് ചെയ്തില്ല എന്ന് പ്രദീപ് ഒരിക്കലും സ്വയം ചോദിച്ചിട്ടില്ല..

ഗീത എന്തുകൊണ്ട് അത് ചെയ്തില്ല എന്നത് മാത്രമായിരുന്നു അവന്റെ വിഷയം.. അവൻ ചെയ്യാത്തത് ഒരിക്കലും അവൻ ഒരു പ്രശ്നമായിരുന്നില്ല..

അതൊക്കെ ഓർത്തപ്പോൾ അവളുടെ കണ്ണുകൾ നിറഞ്ഞു.

പുറത്തു പോയി ജോലി ചെയ്യാത്തത് ഒരിക്കലും അവൾക്ക് വിദ്യാഭ്യാസം കുറവുള്ളത് കൊണ്ടല്ല. ജോലിക്ക് പോകണമെന്ന് ഒരുപാട് ആഗ്രഹമുള്ള ആൾ തന്നെയായിരുന്നു അവൾ. എന്നിട്ടും അത് നടക്കാതെ പോയത് അവൻ കാരണം തന്നെയായിരുന്നു.

വിവാഹം കഴിഞ്ഞ നാൾ മുതൽ അവന്റെ അച്ഛനമ്മമാരെ സംരക്ഷിക്കേണ്ടത് അവളാണ് എന്നൊരു ഭാവം ആയിരുന്നു അവന്റേത്.

അതുകൊണ്ടു തന്നെ അവരെ നോക്കി വീട്ടിൽ ഇരുന്നാൽ മതി ഇനി ജോലിക്കൊന്നും പോകണ്ട എന്ന് പറഞ്ഞതും അവൻ തന്നെയായിരുന്നു.

കല്യാണം കഴിഞ്ഞാൽ പിന്നെ ഭർത്താവ് ദൈവമാണ് എന്ന് പറയുന്ന നാട് ആണല്ലോ നമ്മുടേത്..

ഗീതയും അങ്ങനെ തന്നെ വിശ്വസിച്ചു. ആ ദൈവത്തിന്റെ വാക്കുകളനുസരിച്ച് ജോലി വേണ്ടെന്നു വെച്ചിട്ട് ഇപ്പോൾ ഭർത്താവ് തന്നെയാണ് അവളെ അതിന്റെ പേരിൽ പരിഹസിക്കുന്നത്..!

പക്ഷേ ഒരിക്കലും അറുത്തെറിയാൻ കഴിയാത്ത ഒരു ബന്ധമാണ് തങ്ങൾ തമ്മിലുള്ളത്. തന്റെ വാശി നിമിത്തം അല്ലെങ്കിൽ തന്റെ ഒരു പ്രതികരണം നിമിത്തം തന്റെ മക്കൾക്ക് അച്ഛനില്ലാതെ ആവരുത് എന്നൊരു നിർബന്ധം..

ഒരുപക്ഷേ ഇക്കാരണങ്ങൾ കൊണ്ട് തന്നെ ആയിരിക്കാം കേരളത്തിലെ പകുതിയിലധികം സ്ത്രീകൾ പലതും സഹിച്ചും ക്ഷമിച്ചും ജീവിതം മുന്നോട്ടു കൊണ്ടുപോകുന്നത്..

Leave a Reply

Your email address will not be published. Required fields are marked *