” എങ്കിൽ പറ ആരാ നിങ്ങടെ വയറ്റിൽ കിടക്കുന്ന ഈ വൃത്തികെട്ട സന്താനത്തിന്റെ തന്ത? അതോ ഇതിനി മൂന്നുവർഷം മുന്നേ മണ്ണടിഞ്ഞുപോയ എന്റച്ഛൻ സ്വപ്നത്തിൽ വന്ന് നിങ്ങൾക്ക് തന്നതാണോ? “

പിഴച്ചവൾ
(രചന: അഭിരാമി അഭി)

” കീർത്തന…. മോളെ കൂട്ടിക്കൊണ്ട് പോകാൻ വീട്ടിന്നാള് വന്നിട്ടുണ്ട്. ബാഗെടുത്ത് വേഗം ചെല്ല്. ”

” ഏഹ് ചെറിയൊരു തലവേദനയേ ഉണ്ടായിരുന്നുള്ളൂ. ടീച്ചറപ്പോഴേക്കും വീട്ടിൽ വിളിച്ചുപറഞ്ഞൊ?

ആഹ് അതേതായാലും നന്നായി ആകെയൊരു വല്ലായ്മ ഇനി ഇവിടിരുന്നുറങ്ങണ്ടല്ലോ. അല്ല പക്ഷേ രാധികയാന്റി വന്നതെന്താ സാധാരണ അച്ചനോ അമ്മയോ ആണല്ലോ വരിക? ”

ഡെസ്കിൽ തല കുനിച്ച് കിടക്കുകയായിരുന്ന ആ പെൺകുട്ടി ടീച്ചറിന്റെ സ്വരം കേട്ട് ബാഗുമെടുത്ത് വരാന്തയിലേക്കിറങ്ങുമ്പോൾ അവിടെ കാത്തുനിന്നിരുന്ന അയൽവാസിയായ രാധികയേ കണ്ട് മനസ്സിലോർത്തു.

” ടീച്ചർ വിളിച്ചിരുന്നോ ആന്റി ? ”

” ഏഹ്… ആഹ് വിളിച്ചു മോള് വേഗം വാ നമുക്ക് പോകാം. ”

” അല്ല അമ്മയെന്തെ വരാതിരുന്നത് ? ”

“ആഹ് അതുപിന്നെ അമ്മക്ക് എന്തോ അത്യാവശ്യ ജോലിയുണ്ടെന്ന്. വേഗം വാ.”

അവളുടെ ചോദ്യങ്ങൾക്കൊക്കെ എന്തൊക്കെയോ മറുപടി നൽകി കാറിലേക്ക് കയറുന്ന രാധികയേ ആദ്യം കാണുന്നത് പോലെ ആ കുട്ടി നോക്കി.

” ആന്റിക്കിതെന്ത് പറ്റി എന്താ ഇത്ര ഗൗരവം ? ”

” ഏയ് മോൾക് തോന്നുന്നതാ നമുക്ക് വേഗം പോകാമെന്ന് കരുതിയാ ആന്റി… ”

കീർത്തനയുടെ സംശയത്തോടെയുള്ള ചോദ്യം കേട്ട് വാത്സല്യമോ സഹതാപമോ ഒക്കെ നിറഞ്ഞ മുഖത്തൊരു വരുത്തിക്കൂട്ടിയ ചിരിയോടെ അവളുടെ കവിളിലൊന്ന് തലോടി പറഞ്ഞുകൊണ്ട് രാധിക കാർ മുന്നോട്ടെടുത്തു.

തെങ്ങ് ചെത്തുകാരനായ അനിലിന്റെയും വീട്ടമ്മയായ സതിയുടെയും ഒരേയൊരു മകളാണ് കീർത്തന എന്ന ഒൻപതാം ക്ലാസ്സ്‌കാരി.

സ്വത്തും പണവുമൊന്നുമില്ലെങ്കിലും സ്നേഹത്തിനൊട്ടും കുറവില്ലാത്ത സ്വർഗം പോലെയൊരു കൊച്ചുകുടുംബമാണ് അനിലിന്റെത്.

അവരുടെ അയൽവാസിയാണ് രാധിക. അവർക്കും ഭർത്താവിനും വർഷങ്ങളേറെയായിട്ടും കുട്ടികളില്ലാത്തതിനാൽ കീർത്തനയവർക്കും മകളെപ്പോലെയാണ്.

” മോളെ ഇറങ്ങ്… ”

തലവേദനയും ചെറിയൊരു ക്ഷീണവുമൊക്കെ ഉള്ളത് കൊണ്ട് കാറിൽ കയറിയുടൻ പിന്നിലേക്ക് ചാരി കണ്ണടച്ച് കിടക്കുകയായിരുന്ന അവളെ തട്ടി വിളിച്ചുകൊണ്ട് രാധിക പറഞ്ഞു.

അത് കേട്ടതും കണ്ണുകൾ വലിച്ചുതുറന്ന് ചുറ്റുപാടും നോക്കിയ അവളൊന്നമ്പരന്നു.

വലിയൊരാൾക്കൂട്ടത്തിന് നടുവിലാണ് കാർ നിർത്തിയിട്ടിരുന്നത്. അത് തന്റെ വീടിന് മുന്നിലുള്ള ചെറിയ മൺപാതയാണെന്ന് മനസിലാക്കാൻ പോലും അവൾക്ക് കുറേ സമയമെടുത്തു.

കാര്യമൊന്നും മനസിലാവാതെ ചുറ്റുപാടും കണ്ണുകൾ പായിച്ചുകൊണ്ട് അവൾ പുറത്തേക്കിറങ്ങി.

അവിടെയുണ്ടായിരുന്ന ആളുകളുടെ മുഴുവൻ നോട്ടവും തന്നിലാണെന്ന് കൂടി തിരിച്ചറിഞ്ഞതും അവൾക് വല്ലാത്തൊരു ജാള്യത തോന്നി.

പക്ഷേ എല്ലാവരിലും നിറഞ്ഞുനിന്നത് ഒരുതരം സഹതാപമാണെന്ന് മനസ്സിലാക്കിയതും ഉള്ളിലേക്കെന്തോ ഒരസ്വസ്തത അരിച്ചിറങ്ങുന്നതും അവളറിഞ്ഞു.

” വാ മോളെ… ”

ഇടറിയ സ്വരത്തിൽ പറഞ്ഞുകൊണ്ട് രാധികയവളേയും ചേർത്തുപിടിച്ചുകൊണ്ട് മുറ്റത്തേക്ക് കയറി. അവർ മുന്നോട്ട് നടക്കും തോറും മുന്നിൽ തടസ്സമായിരുന്നവരെല്ലാം ഇരുവശത്തേക്കും ഒഴിഞ്ഞുകൊണ്ടവർക്ക് വഴിയൊരുക്കിക്കൊണ്ടിരുന്നു.

മുന്നോട്ട് ചെല്ലുംതോറും ചന്ദനത്തിരിയുടെയും കർപ്പൂരത്തിന്റെയും രൂക്ഷഗന്ധം മൂക്കിലേക്കടിച്ചുകയറിക്കൊണ്ടിരുന്നു.

അതിനനുസരിച്ച് എന്തിനെന്നറിയാത്തൊരു ഭയം ആ കൊച്ചുപെൺകുട്ടിയിലേക്കും പടർന്നുകയറിക്കൊണ്ടിരുന്നു. ഒരു ധൈര്യത്തിനെന്ന പോലെ അവൾ രാധികയുടെ വിരലുകളിൽ അമർത്തിപ്പിടിച്ചു.

ഒടുവിലാ ജനസാഗരത്തേ താണ്ടി തന്റെ കൊച്ചുകൂരയുടെ മുന്നിലെത്തിയതും ഒന്ന് കരയാൻ പോലും മറന്ന് വിറങ്ങലിച്ചവൾ നിന്നുപോയി.

ഇറയത്തേ കൊച്ചുതിണ്ണയിൽ വാഴയിലയിൽ ഒരു പഴയകോട്ടൺ മുണ്ട് പുതപ്പിച്ച് തലക്കലെരിയുന്ന നിലവിളക്കിന് മുന്നിൽ കിടത്തിയിരുന്നു അനിലിന്റെ ചേതനയറ്റ ശരീരം.

അതിനടുത്ത് തന്നെ ആരുടെയൊക്കെയോ ഇടയിലായി കരഞ്ഞുതളർന്ന് മറ്റൊരുശവം പോലെ സതി.

ആ കാഴ്ചകളിലൂടെ വല്ലാത്തൊരു ഭാവത്തിൽ മിഴികളോടിച്ചുകൊണ്ട് നിൽക്കുമ്പോൾ കണ്ണീരിന്റെ ഒരംശം പോലുമുണ്ടായിരുന്നില്ല ആ കൊച്ചുപെൺകുട്ടിയിൽ.

” മഴ പെയ്ത് പായല് പിടിച്ചുകിടക്കുവാ കേറണ്ടാന്ന് കണ്ടവരൊക്കെ പറഞ്ഞതാ എന്നിട്ടും കേൾക്കാതെ കേറിയതാ. മുക്കാലിടമെത്തിയപ്പോഴേക്കും…. ആശുപത്രിയിൽ എത്തും മുന്നേ തീരുവേം ചെയ്തു… ”

പിന്നിൽ നിന്ന് ആരോ പറഞ്ഞത് കേൾക്കേ തലക്കുള്ളിലൊരു കടന്നൽ കൂടിളകിയത് പോലെ തോന്നിയവൾക്ക്.

” അയ്യോ ആ കൊച്ചിനെയൊന്ന് പിടി… അതിപ്പോ വീഴും… ”

ശവത്തിനരികിലിരുന്നിരുന്ന ഏതോ ഒരു സ്ത്രീയുടെ നിലവിളി കേട്ടാണ് ബോധം മറഞ്ഞ് നിലത്തേക്ക് വീഴാനൊരുങ്ങിയ കീർത്തനയെ ആരൊക്കെയോ ചേർന്ന് താങ്ങിയത്.

” ഗ്വാ… ഗ്… ഗ്വാ… ”

പുറത്തുനിന്നും സതിയുടെ ഉച്ചത്തിലുള്ള ഛർദിലിന്റെ ഒച്ച കേട്ടാണ് മൂന്ന് വർഷം മുൻപുള്ള ഓർമകളിൽ നിന്നും അവൾ തിരികെ വന്നത്.

മൺചുമരിൽ തൂക്കിയിരുന്ന അനിലിന്റെ നിറംമങ്ങിയ ചിത്രത്തിലേക്ക് നോക്കിയിരിക്കുകയായിരുന്ന അവളുടെ മുഖമാകെ കണ്ണീരിൽ നനഞ്ഞുകുതിർന്നിരുന്നു.

സ്കൂളിൽ നിന്നും വന്നപാടെ തുടങ്ങിയ ആ ഇരുപ്പ് ഇത്രയും ഇരുട്ട് വീണിട്ടും അവസാനിച്ചിട്ടില്ല എന്നവൾ വെറുതെ ഒന്നോർത്തു.

” അച്ഛേ… വയ്യെനിക്ക് ഇങ്ങനെ നാണംകെട്ട് ജീവിക്കാൻ വയ്യ. പട്ടിണിയും ദാരിദ്ര്യവുമെല്ലാം സഹിച്ചു.. ഉള്ളത് കൊണ്ട് വയറ് മുറുക്കിയുടുത്തു.

പക്ഷേ ഇപ്പൊ ആകെയുണ്ടായിരുന്ന അഭിമാനവും ഇല്ലാതായി. പി ഴച്ചവളുടെ മകളെന്ന വിളിയിപ്പോ പരസ്യമായിട്ടാണ്. എനിക്കിനി വയ്യച്ഛേ എന്നേം കൂടി കൊണ്ടുപോ….. ”

സ്വന്തം പിതാവിന്റെ ജീവനില്ലാത്ത വെറും ചിത്രത്തിലേക്ക് നോക്കി ആ കൊച്ചുപെണ്ണ് നെഞ്ചുരുകി കരഞ്ഞു.

എന്നിട്ടും നെഞ്ചിലെ ഭാരമിറങ്ങുന്നില്ലെന്ന് തോന്നിയപ്പോൾ അവളൊരു ഭ്രാന്തിയേപ്പോലെ സ്വന്തം ചങ്കിൽ മുഷ്ടിചുരുട്ടിയിടിച്ചു. എന്നിട്ടും അവൾക്ക് നൊന്തില്ല അത്രമേൽ ആ കിളുന്ത്‌ ഹൃദയം മുറിപ്പെട്ടിരുന്നു.

” മോളെ എന്ത് ഭ്രാന്താ നീയീ കാണിക്കുന്നത് ?? ”

എന്തൊക്കെ ചെയ്തിട്ടും ഉള്ളിലെ നോവടങ്ങാതെ മൺഭിത്തിയിൽ തലകൊണ്ടാഞ്ഞിടിക്കുന്ന ആ പെണ്ണിനെ പിന്നിലൂടെ വന്നടക്കി പിടിച്ചുകൊണ്ട് സതി ചോദിച്ചു.

” തൊട്ടുപോകരുത് നിങ്ങളെന്നെ…. നിങ്ങളെന്റെ ദേഹത്ത് തൊട്ടാൽ ഞാനെന്നെ തന്നെ അവസാനിപ്പിച്ചുകളയും. അത്രക്കെനിക്കറപ്പാ നിങ്ങളെ വെറുപ്പാ…. ”

” മോളെ ഇങ്ങനൊന്നും പറയല്ലേഡീ അമ്മേടെ ചങ്ക് പൊട്ടുന്നു. ”

” പൊട്ടണം നിങ്ങടെ ചങ്ക് പൊട്ടണം അതൊന്നും പക്ഷേ എന്റെ ചങ്കിപ്പോ പൊട്ടുന്നതിന്റെ ഏഴയലത്ത് വരില്ല. ജീവിക്കാൻ പോലുമെനിക്കിപ്പോ തോന്നുന്നില്ല അത്രക്ക് വെറുപ്പാ എനിക്ക് നിങ്ങളെ… ”

മുന്നിൽ കണ്ണീരോടെ യാജിച്ചുനിൽക്കുന്ന ആ സ്ത്രീയുടെ മുഖത്ത് നോക്കി അവളൊരു ഭ്രാന്തിയേപ്പോലെ അലറി. അപ്പോഴൊന്നും കുറ്റബോധത്തിന്റെ ഒരു കണികപോലുമവളിൽ ഉണ്ടായിരുന്നില്ല.

” പൊന്നുമക്കളേ നീയീ അമ്മ പറയുന്നതൊന്ന് കേൾക്കെടി നിനക്ക് വേണ്ടിയാ അമ്മയിങ്ങനൊക്കെ… ”

” ഛീ നാണമില്ലേ നൊന്തുപെറ്റ മകളുടെ മുഖത്ത് നോക്കി നിങ്ങൾക്കിത് പറയാൻ ?? എനിക്ക് വേണ്ടിയോ ? നിങ്ങടെ സുഖത്തിന് വേണ്ടി…. എന്നെക്കൊണ്ടൊന്നും പറയിപ്പിക്കരുത്. എന്നിട്ടെനിക്ക് വേണ്ടിയാണെന്ന്.

ഞാനെന്നൊരു ചിന്ത നിങ്ങൾക്കുണ്ടായിരുന്നെങ്കിൽ ഇത്രേം പ്രായമുള്ളൊരു മകളുള്ള നിങ്ങളീ പണിക്ക് പോകുമായിരുന്നോ ?? ”

അല്പം പോലും കരുണയില്ലാതെ അവളലറി.

” മോളെ നീ വിചാരിക്കുന്നത് പോലെയോ ഈ നാട്ടുകാര് പറയുന്ന പോലെയോ ഒന്നുമല്ല കാര്യങ്ങൾ. ”

മകളുടെ മുന്നിൽ കൈ കൂപ്പി നിന്നുകൊണ്ട് കണ്ണീരോടെ ആ സ്ത്രീ പറഞ്ഞതും നിയന്ത്രണം നഷ്ടപ്പെട്ട അവളോടിച്ചെന്നവരുടെ കഴുത്തിൽ കുത്തിപിടിച്ചു.

” എങ്കിൽ പറ ആരാ നിങ്ങടെ വയറ്റിൽ കിടക്കുന്ന ഈ വൃത്തികെട്ട സന്താനത്തിന്റെ തന്ത? അതോ ഇതിനി മൂന്നുവർഷം മുന്നേ മണ്ണടിഞ്ഞുപോയ എന്റച്ഛൻ സ്വപ്നത്തിൽ വന്ന് നിങ്ങൾക്ക് തന്നതാണോ? ”

” ഖ്… ഖോ… ”

കഴുത്തിലെ പിടി മുറുകിയതും ശ്വാസം വിലങ്ങി അവർ ഉച്ചത്തിൽ ചുമയ്ക്കാൻ തുടങ്ങിയതും അവൾ കയ്യെടുത്തു.

” മോ… മോനെ അമ്മ പറയുന്നത്… ”

” വേണ്ട ഇനി നിങ്ങളഴിഞ്ഞാടി നടന്ന കഥകൾ എന്നോട് പറയണ്ട. അത് പറയാൻ നിങ്ങൾക്കുളുപ്പില്ലെങ്കിലും ഒരു മകളായ എനിക്ക് കേട്ടുനിൽക്കാൻ ബുദ്ധിമുട്ടുണ്ട്. ”

പറഞ്ഞിട്ടവൾ ഓടിച്ചെന്ന് മുറിയിൽ കയറി വാതിൽ വലിച്ചടച്ചു.

അപ്പോഴും പരുപരുത്ത സിമന്റിട്ട നിലത്ത് വീണുകിടന്ന് തേങ്ങുകയായിരുന്നു ആ അമ്മ. ഉച്ചത്തിൽ നെഞ്ചുപൊട്ടിയുള്ള അവരുടെ നിലവിളിയൊച്ചപോലും അവളിലൊരൽപ്പം പോലും ചാഞ്ചല്യം സൃഷ്ടിച്ചില്ല.

” നിന്നോട് ഞാൻ പറഞ്ഞിട്ടില്ലെടി ആ പിഴച്ചപെണ്ണിന്റെ കൂടെ നടക്കരുതെന്ന്. ”

സ്കൂളിൽ നിന്നും ഒപ്പം നടന്ന് വന്ന മായ അവളുടെ വീട്ടിലേക്ക് ചെന്ന് കയറിയതും സിറ്റൗട്ടിൽ നിൽക്കുകയായിരുന്ന അവളുടെ അമ്മ അമ്പിളി പറഞ്ഞത് ഒരു കൂരമ്പ് പോലെയായിരുന്നു നെഞ്ചിൽ വന്ന് തറച്ചത്.

” അവളുടെ തള്ള കണ്ടവന്റെ അടുക്കളപ്പുറത്ത് പാത്രം മോറി നടന്ന വഴിക്ക് ആരെയോ വളച്ചെടുത്തു. ഇപ്പൊ അവൾക്ക് വയറ്റിലുണ്ടെന്നാ സംസാരം. ആ പിഴച്ചവളുടെ മോളിനി എങ്ങനാന്ന് ആർക്കറിയാം.

തള്ളേക്കണ്ടല്ലേ പഠിക്കുന്നത് അതെങ്ങനാവുമെന്ന് ഇനി പറയാനുണ്ടോ. ഇനി കൂടെ നടന്നാൽ നിന്നേക്കൂടെ കൊണ്ടുനടന്ന് പിഴപ്പിക്കും ഈ കെട്ടജാതികളൊക്കെ. ”

ഗേറ്റിനരികിൽ മിഴി നിറച്ചുനിൽക്കുന്ന ആ കൊച്ചുപെൺകുട്ടിയുടെ മുഖത്തേക്ക് നോക്കി ക്രൂരമായി പറഞ്ഞ ആ സ്ത്രീയുടെ വാക്കുകൾ അപ്പോഴുമവളുടെ ചെവിയിൽ പ്രതിധ്വനിച്ചുകൊണ്ടിരുന്നു.

” ചേച്ചി….. ചേച്ചി…..

സമയമിത്രയൂമായിട്ടും ഇവിടെന്താ വിളക്ക് പോലും വച്ചിട്ടില്ലല്ലോ ചേച്ചി വന്നില്ലേ ?? മോളേ…. മോളെ കീർത്തി…. ഈശ്വരാ ഈ കുട്ടിയിതെവിടെപ്പോയി വാതിലും തുറന്നിട്ടിട്ട് ??? ”

പകലിനെ ഇരുൾ വിഴുങ്ങിത്തുടങ്ങിയിട്ടും ആ കൂനാച്ചിപ്പുരയിൽ പതിവുള്ള ആ മഞ്ഞ വെളിച്ചം കാണാതെ വന്നപ്പോൾ തിരക്കിവന്ന രാധിക ആരോടെന്നില്ലാതെ സ്വയം ചോദിച്ചു. എന്നിട്ട് തപ്പിത്തടഞ്ഞ് ഉള്ളിലെ ഇരുളിലേക്ക് കയറി.

” യ്യോ എന്തായിത് ?? കണ്ണും കാണാൻ വയ്യല്ലോ ദൈവമേ… ”

അകത്തേക്ക് കയറിയതും കാലെന്തിലോ തട്ടിയ രാധിക ഭിത്തിയിൽ പിടിപ്പിച്ച സ്വിച് തിരഞ്ഞുകൊണ്ട് പറഞ്ഞു.

ഒടുവിൽ ഒരിത്തിരി ബുദ്ധിമുട്ടിയിട്ടാണെങ്കിൽ പോലും നാളുകളുടെ പഴക്കം കൊണ്ട് കരിയുംപുകയും പിടിച്ച് പൊട്ടിപ്പൊളിഞ്ഞ ആ സ്വിച്ച് കണ്ടെത്തി അവരതമർത്തി.

ഇരുളിനെ പൂർണമായും അകറ്റാൻ കഴിഞ്ഞിരുന്നില്ല എങ്കിൽ പോലും ഒരുതരം മഞ്ഞ വെളിച്ചം അവിടമാകെ പരന്നു.

” അയ്യോ ചേച്ചി ഇതെന്നാ പറ്റി എന്നാത്തിനാ ഇവിടെ കിടക്കുന്നെ ?? ”

വെളിച്ചം പരന്നതും നിലത്തേക്ക് നോക്കിയ രാധികയിൽ നിന്നുമൊരു നിലവിളി ഉയർന്നു.

അഴുക്ക് പിടിച്ച് ഇടയ്ക്കിടെ പൊളിഞ്ഞിളകിത്തുടങ്ങിയ സിമന്റ് തറയിൽ ഒരു കോഴികുഞ്ഞിനെപ്പോലെ ചുരുണ്ട് കിടക്കുന്ന സതിയെ കണ്ട് അവരുടെ നെഞ്ച് ഒന്ന് പിടച്ചു.

” ചേച്ചി…. എന്തോപറ്റി ? ”

വേഗമവരുടെ തലയെടുത്ത് മടിയിലേക്ക് വച്ച് കുലുക്കി വിളിച്ചുകൊണ്ട് രാധിക ചോദിച്ചു. പക്ഷേ വായിൽ നിന്നും നുരയുംപതയും വന്ന് ബോധം മറഞ്ഞുകിടന്നിരുന്ന ആ തണുത്തുറഞ്ഞ ശരീരത്തിൽ നിന്നും പ്രതികരണങ്ങളേതുമുണ്ടായില്ല.

പിന്നീടെല്ലാം പെട്ടന്നായിരുന്നു രാധിക തന്റെ ഭർത്താവ് അശോകനെ വിളിച്ചതും വണ്ടി വന്നതും സതിയെ ഹോസ്പിറ്റലിലേക്ക് കൊണ്ടുപോയതുമെല്ലാം ഞൊടിയിടയിൽ കഴിഞ്ഞു.

ഹോസ്പിറ്റലിലെത്തി ഇൻജെക്ഷനൊക്കെ ചെയ്ത് ഡ്രിപ്പുമിട്ട് കഴിഞ്ഞപ്പോഴാണ് ആ സ്ത്രീ പതിയെ ബോധത്തിലേക്ക് വന്നത്.

തലയ്ക്കെന്തോ വലിയ ഭാരം തോന്നിയിട്ട് വളരെ ബുദ്ധിമുട്ടിയാണ് കണ്ണുകൾ തുറന്നത്. കടകട ശബ്ദത്തോടെ മുകളിൽ കറങ്ങിക്കോണ്ടിരുന്ന പഴയ ഫാനാണ് ആദ്യം കണ്ടത്.

പിന്നീട് വെറുമൊരു തുണി മാത്രം വിരിച്ച ഇരുമ്പ് കട്ടിലും അരികിലുണ്ടായിരുന്ന പെയിന്റ് പോയി തുരുമ്പ് തെളിഞ്ഞുതുടങ്ങിയ ഡ്രിപ് സ്റ്റാന്റുമൊക്കെ കണ്ടതോടെ ആശുപത്രിയിലാണെന്ന് വേഗം തന്നെ മനസ്സിലായി.

ശോഷിച്ച കൈപ്പത്തിയിൽ കുത്തിയിറക്കിയ സൂചിയിലൂടെ ഡ്രിപ്പ് ഉള്ളിലേക്ക് കയറിക്കൊണ്ടിരിക്കുന്നുണ്ടായിരുന്നു അപ്പോഴും.

കുറച്ചുമാറി പരസ്പരം സംസാരിച്ചുകൊണ്ട് രാധികയും അശോകനും കൂടി നിന്നിരുന്നു. രാധിക ഇട്ടിരുന്ന വേഷത്തിൽ തന്നെയായിരുന്നു.

” എന്റെ… എന്റെ കുഞ്ഞെവിടേ ?? വീട്ടിൽ… വീട്ടിലവളൊറ്റയ്ക്കാ… ”

പദം പറഞ്ഞുകൊണ്ട് വെപ്രാളത്തിൽ ചാടിയെണീക്കാൻ ശ്രമിച്ച ആ സ്ത്രീയെ കണ്ടപ്പോഴായിരുന്നു കീർത്തനയെക്കുറിച്ച് അവരിരുവരുമോർത്തത് തന്നെ.

തങ്ങളതുവരെ അവളെ മറന്നുപോയിരുന്നു എന്നതിലുപരി സമയം കൂടിയോർമ വന്നതും രാധികയുടെ നട്ടെല്ലിലൂടെ ഒരു മിന്നല് പാഞ്ഞു.

” ചേച്ചി എന്തായീ കാണിക്കുന്നത് എണീക്കല്ലേ … ”

കയ്യിലെ സൂചി പോലും വകവയ്ക്കാതെ എണീക്കാൻ തുനിഞ്ഞ അവരെ പിടിച്ചുകിടത്തിക്കൊണ്ട് രാധിക പറഞ്ഞു.

” എന്നെ വിട് രാധു… എനിക്ക് പോണം… എന്റെ കുഞ്ഞ്… അവൾ… അവളൊറ്റയ്ക്കാ വീട്ടിൽ. സന്ധ്യയായാൽ അവൾക് വല്ലാത്ത പേടിയാ… എന്നേ കണ്ടില്ലേൽ അവൾ വിഷമിക്കും…. ”

സ്വന്തം മകളെയോർത്ത് ചങ്ക് പൊള്ളിപ്പിടഞ്ഞുകൊണ്ടിരുന്ന ആ അമ്മ വല്ലാത്തൊരു വെപ്രാളത്തോടെ പറഞ്ഞു. അപ്പോഴവരിൽ ശരീരത്തിന്റെ ക്ഷീണത്തിനുമപ്പുറം വല്ലാത്തൊരു പിടച്ചിലായിരുന്നു പ്രകടമായിരുന്നത്.

” വേണ്ട ചേച്ചി ഇപ്പോ എണീക്കണ്ട. ഡ്രിപ് കഴിയാതെ പോകാൻ പറ്റില്ല ചേച്ചിയവിടെ കിടക്ക് ഞാൻ ചെന്ന് മോളെ കൂട്ടിക്കൊണ്ട് വരാം. ”

എങ്ങനെയൊക്കെയൊ അവരെ കാട്ടിലിലേക്ക് തിരികെ കിടത്തിക്കൊണ്ട് രാധിക പറഞ്ഞു.

എന്നിട്ട് ഉടൻ തന്നെ ആശുപത്രിയിലെ കാര്യങ്ങൾ അശോകനെ ഏൽപ്പിച്ച് വീട്ടിലേക്കോടി. രാധികയവിടെ എത്തുമ്പോഴും തങ്ങൾ പോയ അതേ അവസ്ഥയിൽ തന്നെ കിടക്കുകയായിരുന്നു ആ കൊച്ചുവീട്.

വെപ്രാളത്തോടെ അവരോടി അകത്തേക്ക് കയറി. അവിടമാകെ ആ പെൺകുട്ടിക്കായി അവരുടെ മിഴികൾ പരതി നടന്നു.

ഒടുവിൽ ആ കണ്ണുകൾ പഴകിത്തുടങ്ങിയ , സിനിമ വീക്കിലികളിൽ വരാറുള്ള നടീനടന്മാരുടെ പടങ്ങൾ നിറഞ്ഞ ആ കതകിലേക്ക് നീണ്ടു.

രാധിക ഓടിച്ചെന്നാ കതകിൽ തുരുതുരെ മുട്ടി.

” മോളെ കീർത്തീ വാതില് തുറക്ക്…. എന്തുപറ്റി ??? മോളെ…. ”

ആവലാതിയോടെ ആ സ്ത്രീ കതകിൽ ആഞ്ഞാഞ്ഞ് മുട്ടിക്കൊണ്ടിരുന്നു. ഒടുവിൽ ആ വാതിൽ തുറക്കപ്പെട്ടു.

കരഞ്ഞുവീങ്ങിയ മുഖത്തോടെ ആ മുറിയിലെ ഇരുട്ടിൽ നിന്നും കീർത്തി പുറത്തേക്ക് വന്നു. അവളുടെ മുഖവും മുടിയൂമെല്ലാം ആകെപ്പാടെ അലങ്കോലപ്പെട്ടിരുന്നു.

” യ്യോ എന്റെ കുഞ്ഞ് പേടിച്ചുപോയോടാ… പോട്ടെ അമ്മക്ക് ചെറിയൊരു സുഖമില്ലായ്മ വന്നു ഇപ്പോ ഹോസ്പിറ്റലിലാ. അതിനിടയിൽ മോൾടെ കാര്യം ആന്റിയങ് മറന്നുപോയി. മോളെപ്പോ വന്നു ??? വന്നപ്പോ ആരേം കാണാതെ എന്റെ മോള് പേടിച്ചോ ? ”

അവളുടെ രൂപവും ഭാവവും കണ്ട് ഒറ്റയ്ക്കിരുന്ന് പേടിച്ചതായിരിക്കുമെന്ന് കരുതി പാറിപറന്നുകിടന്ന അവളുടെ മുടിയിഴകളിലൂടെ തലോടിക്കൊണ്ട് രാധിക ചോദിച്ചു.

” ഞാനിവിടെത്തന്നെ ഉണ്ടായിരുന്നു … ‘

തല ഉയർത്താതെ തന്നെ അവൾ പറഞ്ഞ മറുപടി കേട്ട് രാധിക ഒന്നമ്പരന്നു.

” അപ്പൊ അമ്മേ ഹോസ്പിറ്റലിൽ കൊണ്ടുപോയപ്പോഴൊക്കെ നീയിവിടെ ഇണ്ടായിരുന്നൊ ?? ”

” മ്മ്ഹ്ഹ്… ”

സമ്മതഭാവത്തിലുള്ള അവളുടെ മൂളൽ രാധികയെ വീണ്ടും അമ്പരപ്പിച്ചു.

” എന്നിട്ട്… എന്നിട്ടത്രേം ബഹളമൊക്കെ ഉണ്ടായിട്ടും നീ ഇറങ്ങി വരാതിരുന്നതെന്താ ?? ഹോസ്പിറ്റലിലേക്ക് വരാഞ്ഞതെന്താ ?”

” എന്തിനാ ഞാൻ വരുന്നത് അവര് ചത്തിട്ടൊന്നുമില്ലല്ലോ… ഇനി ചാവുന്നേൽ ചാവട്ടെ ഇങ്ങനെ മാനം വിറ്റ് ജീവിക്കുന്നതിൽ ഭേദമവർ ചാവുന്നത് തന്നെയാ ”

അസഹ്യമായ വെറുപ്പോടെ അവൾ പറഞ്ഞതും നെഞ്ച് പൊള്ളുന്നത് പോലെ തോന്നിയ രാധിക കൈ വീശിയവളുടെ കരണത്ത് ആഞ്ഞടിച്ചു. ഒരു ഞെട്ടലോടെ കീർത്തനയവരെ നോക്കുമ്പോൾ ആ മിഴികൾ ചുവന്നുകലങ്ങിയിരുന്നു.

” രാധുവാന്റീ… ”

” വിളിക്കരുത് നീയെന്നെയങ്ങനെ… നിനക്ക് വേണ്ടി മാത്രമൊരു ജീവിതം ഹോമിച്ച സ്വന്തമമ്മയുടെ ചിതയൊരുക്കാൻ നിൽക്കുന്ന നന്ദികെട്ട നീയെന്നെയങ്ങനെ വിളിക്കരുത്.

ഒരു കുഞ്ഞിനെ പ്രസവിക്കാൻ കഴിയാത്തതിൽ ഞാനൊരുപാട് വേദനയനുഭവിച്ചിട്ടുണ്ട്.

പക്ഷേ ഇപ്പോ നിന്റെ നാവിൽ നിന്നിത് കേട്ടപ്പോ അങ്ങനെയൊന്നുണ്ടാവാതിരുന്നത് നന്നായെന്ന് തോന്നിപ്പോവാ…. ഇതൊക്കെ കേൾക്കാൻ വേണ്ടി എന്തിനാ ഇതുപോലെ ഓരോന്നിനെ പെറ്റുപോറ്റുന്നത്. ?? ”

കയ്യുയർത്തി അവളെ തടഞ്ഞുകൊണ്ട് പറയുമ്പോൾ രാധികയുടെ സ്വരമിടറിയിരുന്നു. മിഴികളിൽ നിന്നും ചുടുനീരൊഴുകിയിരുന്നു. പക്ഷേ അപ്പോഴും അമ്പരപ്പല്ലാതെ കുറ്റബോധത്തിന്റെ ഒരു തരിപോലും അവളിൽ കാണാൻ സാധിച്ചിരുന്നില്ല.

” പറയെടീ ഇവിടെന്തൊക്കെയാ നടന്നത് ?? അവരെങ്ങനെയാ ഈ അവസ്ഥയിലെത്തിയത്. ? ”

കുറച്ചുനേരത്തെ പതംപറഞ്ഞുകരച്ചിലിനൊടുവിൽ അവളെ പിടിച്ചുലച്ചുകൊണ്ട് രാധികയുടെ ചോദ്യത്തിന് മറുപടിയായി കുറച്ചുമുൻപ് നടന്ന സംഭവങ്ങളൊക്കെ പറയുമ്പോൾ കീർത്തനയുടെ വാക്കുകൾ ഇടയ്ക്കിടെ കണ്ണീരിൽ മുങ്ങിപ്പോയിരുന്നു.

മുഴുവനും കേട്ടുകഴിഞ്ഞപ്പോൾ എന്തുകൊണ്ടോ അവളെ കുറ്റപ്പെടുത്താനും കഴിയുമായിരുന്നില്ല രാധികയ്ക്ക്. കാരണം അവളെപ്പോലൊരു കൊച്ചുപെൺകുട്ടിയുടെ ഭാഗത്ത്‌ നിന്ന് ചിന്തിക്കുമ്പോൾ അവളെയും കുറ്റംപറയാനൊക്കില്ലല്ലോ.

” മോളെ നീ അറിഞ്ഞതും മനസ്സിലാക്കിയതും മാത്രമല്ല സത്യം. അതിന് മറ്റൊരു മുഖം കൂടിയുണ്ട്. ”

കുറച്ചുസമയത്തിനുള്ളിൽ സംയമനം വീണ്ടെടുത്ത രാധിക പറഞ്ഞുതുടങ്ങി. മിഴികൾ അമർത്തിത്തുടച്ചുകൊണ്ട് കീർത്തനയും അവരുടെ വാക്കുകൾക്കായി കാതോർത്തു.

” മോൾക്കറിയില്ലേ മോൾടച്ഛൻ മരിച്ച ശേഷം എന്തൊക്കെ ജോലിക്ക് പോയാ അമ്മ നിന്നേ നോക്കിയതെന്ന്. ഒരുപാട് പേരുടെ ആട്ടുംതുപ്പും കേട്ടിട്ടുണ്ട് ആ പാവം നീയെന്നൊരാൾക്ക് വേണ്ടി.

നീ പറഞ്ഞത് ശരിയാ അവരുടെ ഉദരത്തിൽ ഇപ്പൊ ഒരു ജീവനുരുവായിട്ടുണ്ട് അത് പക്ഷേ നീ വിചാരിക്കുന്നത് പോലെ അവര് ശരീരസുഖം തേടിപ്പോയ വഴിക്ക് കിട്ടിയ സമ്മാനമല്ലത്.

മോൾക്കോർമയുണ്ടോ രണ്ടുമാസം മുൻപൊരു ദിവസം അമ്മ പതിവിലും വൈകി വന്നതും രാത്രി സുഖമില്ലാതായി രാത്രി ഹോസ്പിറ്റലിൽ പോയതുമൊക്കെ? ”

കീർത്തന യന്ത്രികമായൊന്ന് തല ചലിപ്പിച്ചു. പിന്നെ വീണ്ടുമവരിലേക്ക് ശ്രദ്ധകേന്ദ്രീകരിച്ചു.

” ആ ദിവസം നേരം നന്നേ മയങ്ങിയിട്ടായിരുന്നു ചായക്കടയിലേ ജോലിയൊക്കെ ഒതുക്കി ചേച്ചിയവിടെ നിന്നുമിറങ്ങിയത്.

നീ വീട്ടിലൊറ്റയ്ക്കാണെന്ന ഓർമ്മയിൽ ഉയിര് വാരിപ്പിടിച്ചോടുമ്പോഴായിരുന്നു മ ദ്യ പി ച്ചുലക്ക് കെട്ട ഒരുപറ്റം കാ പാ ലികന്മാരുടെ ഇടയിൽ ആ പാവം പെട്ടത്.

ഇങ്ങനെയുള്ളവന്മാർക്ക് ഇരുട്ടിന്റെ മറവിൽ ഒരു പെ ൺശരീരം കിട്ടിയാലത്തേ അവസ്ഥ എന്റെ മോൾക്ക് ഞാൻ പറഞ്ഞു തരേണ്ട കാര്യമില്ലല്ലോ. അതൊക്കെ തന്നെ അവിടെ സംഭവിച്ചു. ഏഴോഎട്ടോ കാ മ പ്രാ ന്തന്മാർക്ക് മുന്നിൽ ആ പാവം നിസ്സഹായയായിപ്പോയി അന്ന്.

പിന്നീട് അവിടെ ഉപേക്ഷിച്ചവന്മാർ പോയ ശേഷം എങ്ങനെയൊക്കെയൊ ഇഴഞ്ഞും വലിഞ്ഞും ആ പാവമിവിടെയെത്തി.

ആ അവസ്ഥ കണ്ട് ഞാനൊരുപാട് നിർബന്ധിച്ചപ്പോഴാണ് അമ്മയിതൊക്കെ ഞങ്ങളോട് പറഞ്ഞത്. പിന്നീട് ഒരുപാട് ബുദ്ധിമുട്ടിയാണ് ചേച്ചിയെ ഞങ്ങളൊന്ന് സമാധാനിപ്പിച്ചത്.

പക്ഷേ വിധി അവിടെ നിന്നും വീണ്ടുമാ പാവത്തിനെ പിൻതുടർന്നിരുന്നു എന്നറിഞ്ഞത് ഒന്നരമാസങ്ങൾക്ക് ശേഷം ആ ദിവസത്തിന്റെ ശേഷിപ്പവരിലൊരു കുരുന്ന് ജീവനായി മൊട്ടിട്ടു എന്നറിഞ്ഞപ്പോഴായിരുന്നു.

ആ ദിവസം ചേച്ചി ഒരുപാട് കരഞ്ഞു. ഒരുപക്ഷെ നീയൊരു തടസ്സമായി അവരുടെ ജീവിതത്തിൽ ഉണ്ടായിരുന്നില്ല എങ്കിൽ തീർച്ചയായും ആ പാവമാ ദിവസമൊരിക്കലും അതിജീവിക്കില്ലായിരുന്നു. പിറ്റേദിവസം ഞാനും കൂടിയാണ് ഹോസ്പിറ്റലിൽ പോയത്.

പ്രായവും ആരോഗ്യസ്ഥിതിയുമെല്ലാം കൂടി കണക്കിലെടുത്ത് ഒരു അ ബോ ർഷൻ വളരെ വലിയൊരു റിസ്കായിരുന്നു. ചേച്ചിയത്തിന് തയ്യാറുമായിരുന്നു.

പക്ഷേ ആ ഓപ്പറേഷൻ ടേബിളിൽ നിന്നുമൊരു മടക്കമുണ്ടാകുമോ എന്ന കാര്യത്തിൽ ഡോക്ടർ സംശയം പറഞ്ഞപ്പോൾ , നിന്റെ മുഖം മനസ്സിൽ തെളിഞ്ഞപ്പോ ആ പാവത്തിന്റെ ധൈര്യമെല്ലാം ചോർന്നുപോയി.

ആ കുഞ്ഞിനേയുള്ളിൽ പേറാൻ തന്നേ നിന്റമ്മ തീരുമാനിച്ചു. അപ്പൊ നിന്റെ അഭിമാനത്തേക്കാളുപരി തനിക്കെന്തേലും പറ്റിയാൽ നിന്നെ വിഴുങ്ങാൻ പോകുന്ന ഒറ്റപെടലിന്റെ ഭീകരതയെക്കുറിച്ച് മാത്രമാണ് അവരോർത്തത്.

അങ്ങനെ മോളെ നിന്നെ മാത്രമോർത്ത് അവർ ആ ഭാരവും ചുമന്നുതുടങ്ങി.

ഇന്ന് ആ നീ തന്നെ ചോദിച്ചില്ലേ ആർക്ക് കിടക്കയൊരുക്കിയതിന്റെ സമ്മാനമാണ് അവരുടെ ഉള്ളിലെന്ന്. അത് ആ പാവത്തിന് പോലുമറിയില്ല കുഞ്ഞേ…. പലരിൽ നിന്നായി അത്രമേൽ അന്നവർ ദ്രോഹിക്കപ്പെട്ടു.

എന്നിട്ടും നിനക്ക് വേണ്ടി മാത്രമാണ് എല്ലാവേദനകളും സഹിച്ച് ഇപ്പോഴുമവർ ജീവിക്കുന്നത്. അതുകൊണ്ട് നീയൊരിക്കലും ആ അമ്മയെ നോവിക്കരുത് മോളെ. അങ്ങനെ ചെയ്താൽ ആ ജഗദീശ്വരൻ പൊറുക്കില്ല നിന്നോട്. അത്രയും നൊന്തിട്ടുണ്ട് നിനക്ക് വേണ്ടി. ”

” ആന്റി എനിക്ക്…. എനിക്കെന്റമ്മേ കാണണം. ”

രാധികയിൽ നിന്നും എല്ലാമറിഞ്ഞുകഴിഞ്ഞതും പൊട്ടിക്കരഞ്ഞുകൊണ്ടവരുടെ മാറിലേക്ക് വീണ കീർത്തന വിതുമ്പിക്കൊണ്ട് പറഞ്ഞു.

” അമ്മ…. അമ്മക്കെന്നോട് ക്ഷമിക്കാൻ പറ്റുമോ ആന്റി ? ”

കാറിൽ ഹോസ്പിറ്റലിലേക്ക് പോകുമ്പോൾ നെഞ്ചുപൊട്ടിക്കരഞ്ഞുകൊണ്ടാണ് രാധികയോടവളത് ചോദിച്ചത്.

” ക്ഷമിക്കും… മക്കളെന്ത്‌ തെറ്റ് ചെയ്താലും വേദനിപ്പിച്ചാലും അവരോട്
ക്ഷമിക്കാനല്ലേ അമ്മമാർക്ക് കഴിയൂ…. ”

ഒരു കൈ കൊണ്ടവളുടെ തലയിൽ തലോടിക്കൊണ്ട് രാധിക പറഞ്ഞു. കുറച്ചുസമയത്തിനുള്ളിൽ തന്നെ അവർ ഹോസ്പിറ്റലിലെത്തി.

” മോളമ്മേടടുത്തേക്ക് ചെല്ല്…. ”

സതി കിടക്കുന്ന റൂമിന് നേരെ ചൂണ്ടി അവളോട് പറഞ്ഞിട്ട് രാധിക കുറച്ചപ്പുറത്ത് നിന്നിരുന്ന അശോകനരികിലേക്ക് നടന്നു.

സങ്കടമോ സന്തോഷമോ കുറ്റബോധമോ ഒക്കെക്കൊണ്ട് വല്ലാത്തൊരവസ്തയിലായിരുന്നു കീർത്തനയാ മുറിയിലേക്ക് പ്രവേശിച്ചത്. പക്ഷേ ദൈവമപ്പോഴേക്കും ആ അമ്മയെപ്പോലെ തന്നെ മകളേയും തോൽപ്പിച്ചുകളഞ്ഞിരുന്നു.

അവളകത്തേക്ക് ചെല്ലുമ്പോൾ ഒരു വെള്ളത്തുണിയാലെ ആ ശരീരം മൂടപ്പെട്ടിരുന്നു. ആ കാഴ്ചയിൽ ആ കൊച്ചുപെൺകുട്ടിയുടെ ശരീരം തളർന്നുപോയി. ഒന്ന് കരയാൻ പോലുമശക്തയായി ഒരാശ്രയത്തിനായി അവളുടെ കൈകൾ വായുവിൽ പരതി.

കുറച്ചുനിമിഷങ്ങൾക്കുള്ളിൽ സംയമനം വീണ്ടെടുത്ത അവളോടി ആ കട്ടിലിനരികിലെത്തി. ഭ്രാന്തമായ ആവേശത്തോടെ അവരുടെ മേല് നിന്നും ആ തുണി വലിച്ചുമാറ്റി.

” അമ്മേ…. അമ്മേ…. എണീക്കമ്മേ…. എണീക്ക്. ഞാൻ … എന്നോട് ക്ഷമിക്ക് എനിക്കൊന്നും അറിയില്ലായിരുന്നല്ലോ അമ്മേ. എന്റമ്മ മാറ്റാർക്കൊക്കെയോ കൂടി സ്വന്തമായെന്ന് തോന്നിയപ്പോ സഹിക്കാൻ കഴിഞ്ഞില്ല അതാ ഞാനങ്ങാനൊക്ക….

പ്… പക്ഷേ ഞാനൊരു തെറ്റ് ചെയ്… ചെയ്‌തെന്ന് കരുതി എന്നേ ഒറ്റക്കാക്കി പോവോ ന്റമ്മ ?? എന്നോട് എന്തേലുമൊന്ന് പറയമ്മേ ഒന്ന് വഴക്കെങ്കിലും പറ ഈ കാല് ഞാൻ പിടിക്കാം എന്നോട് ക്ഷമിച്ചൂന്ന് പറയമ്മേ…. ”

മരിച്ചുമരവിച്ച ശോഷിച്ച ആ കാലുകളിൽ ചുറ്റിപ്പിടിച്ച് യാചനയോടവൾ തേങ്ങി.

എന്നേ… എന്നെയൊറ്റയ്ക്കാക്കി പോവല്ലേ അമ്മേ…. എനിക്കാരുമില്ല എന്റമ്മയല്ലാതെ… ഒന്ന് കണ്ണുതുറന്നെന്നെ നോക്കമ്മേ.. ”

ചേതനയറ്റ ആ ശരീരത്തിലേക്ക് കമിഴ്ന്നുവീണവൾ പൊട്ടികരഞ്ഞു. ആ മാറിൽ തലയിട്ടുരുട്ടി.

” അമ്മേ…. എന്നേ വിട്ട് പോകല്ലേമ്മേ… ”

തണുത്തുറഞ്ഞ ആ ശരീരത്തിൽ ഇറുക്കെ പുണർന്നുകൊണ്ടുള്ള ആ പെൺകുട്ടിയുടെ നിലവിളി കേട്ടാണ് രാധികയും മറ്റുള്ളവരുമങ്ങോട്ട് വന്നത്.

കണ്മുന്നിൽ നടന്നുകൊണ്ടിരിക്കുന്ന ആ കാഴ്ച അവരേവരേയും ചുട്ടുപൊള്ളിച്ചു. ഈ ഭൂമിയിലുണ്ടായിരുന്ന സകലബന്ധങ്ങളുമറ്റ് തീർത്തുമൊറ്റപ്പെട്ടുപോയ ആ പെൺകുട്ടി അത്രമേൽ എല്ലാവരുടെ ഹൃദയത്തേയും പിടിച്ചുലച്ചു.

കത്തിരിക്കാനാരുമില്ലാതിരുന്നത് കൊണ്ടുതന്നെ പിന്നീടെല്ലാം വളരെ വേഗത്തിൽ തന്നെ നടന്നു. ആ കൊച്ചുമൺകുടിലിന് മുന്നിൽ ഭർത്താവിനരികിൽ തന്നെ മറ്റൊരു ചിതകൂടിയൊരുങ്ങി.

നിമിഷനേരം കൊണ്ടുതന്നെ എല്ലാവേദനകളെയും കഴുകിക്കളയുന്ന അഗ്നിയാശരീരത്തേ പുണർന്നു. ആ സമയം ഓരോനിമിഷവും സ്വന്തം കുഞ്ഞിനെയോർത്ത് തേങ്ങുന്ന ഒരമ്മയുടെ കണ്ണീര് പോലെ ഒരു ചാറ്റൽമഴ പെയ്തു.

പക്ഷേ അതിന്റെയർഥം തിരിച്ചറിഞ്ഞത് പോലെ രാധികയും അശോകനും ആ പെൺകുട്ടിയുടെ ഇരുവശവും നിന്ന് അവളെ ചേർത്തുപിടിച്ചിരുന്നു. തങ്ങൾക്ക് ജനിക്കാതെ പോയ സ്വന്തം മകളായി….

( ഒരുപക്ഷെ ഇങ്ങനെ ഒരവസാനം ആരും പ്രതീക്ഷിക്കുകയോ ആഗ്രഹിക്കുകയോ ചെയ്തിരുന്ന് കാണില്ല പക്ഷേ ചിലതൊക്കെ ഇങ്ങനെയാണ് ഇങ്ങനെയൊക്കെയാവും അതിന്റെ അവസാനം. ഇവിടെ ഇപ്പോ തീർച്ചയായും ആ അമ്മയെ നശിപ്പിച്ചവരേ പറ്റിയുള്ള ചോദ്യം വരാം.

അവരേപ്പറ്റി ഞാനൊന്നും പറയുന്നില്ല. എന്റെ വിഷയം ആ അമ്മയും മകളും മാത്രമായിരുന്നു. അതിനിടയിൽ വന്നുപോയ ചിലർ മാത്രമാണ് അവരോരൊരുത്തരും.

അവരുടെ ഭാവിയിനിയെന്തുമാകാം അതിനെക്കുറിച്ച് തല്ക്കാലം ഞാൻ ചിന്തിക്കുന്നില്ല.

പിന്നെ എല്ലാ ദുരന്തങ്ങളും പത്രത്താളുകളിലോ ചാനലുകളിലെ അന്തിചർച്ചകളിലോ വിഷയമാകാറില്ലല്ലോ. ഇതും അങ്ങനെയൊരു സംഭവമാണ്.)

Leave a Reply

Your email address will not be published. Required fields are marked *