കടുത്ത നിറങ്ങൾ നിനക്ക് ചേരില്ലെന്ന് ഞാൻ പറഞ്ഞിട്ടില്ലേ. ഇങ്ങനെ ഇറുകിപിടിച്ച ടോപ്പ് ഇടുമ്പോൾ ഒരു ഷാൾ ഇട്ടാലെന്താ നിനക്ക്. ഇങ്ങനത്തെ വേഷംകെട്ടലുമായി എന്റെ കൂടെ ജീവിക്കാൻ പറ്റില്ല മോളെ..”

തിരുത്തലുകൾ
(രചന: Aparna Nandhini Ashokan)

കാറ്റിൽ പാറികിടക്കുന്ന അല്ലിയുടെ മുടിയിഴകളെ വെറുപ്പോടെ നോക്കികൊണ്ട് ശ്രീജിത്ത് അവൾക്ക് അഭിമുഖമായി ഇരുന്നൂ.

“അല്ലി.. നിന്നോട് പലതവണയായി പറയുന്നൂ എനിക്ക് നീ മുടിയഴിച്ചിടുന്നത് ഇഷ്ടമല്ലെന്ന്. കെട്ടിവെച്ചിട്ട് വന്നാൽ മതിയെന്നു ഓരോ തവണയും കാണാൻ വരുമ്പോൾ പ്രത്യേകം ഓർമ്മിപ്പിക്കണോ ഞാൻ..”

അല്ലിയുടെ മുഖത്ത് പരിഹാസചിരി പടർന്നൂ

“വിളിച്ചു വരുത്തി എന്നെ നീ ദേഷ്യം പിടിപ്പിക്കാതെ മുടി കെട്ടിവെക്ക്.. അല്ലി ഇതെന്ത് വേഷമാണ്.

കടുത്ത നിറങ്ങൾ നിനക്ക് ചേരില്ലെന്ന് ഞാൻ പറഞ്ഞിട്ടില്ലേ. ഇങ്ങനെ ഇറുകിപിടിച്ച ടോപ്പ് ഇടുമ്പോൾ ഒരു ഷാൾ ഇട്ടാലെന്താ നിനക്ക്. ഇങ്ങനത്തെ വേഷംകെട്ടലുമായി എന്റെ കൂടെ ജീവിക്കാൻ പറ്റില്ല മോളെ..”

“നമ്മൾ വിവാഹിതരായിട്ടില്ലാലോ ശ്രീയേട്ടാ വിവാഹം ഉറപ്പിച്ചിട്ടല്ലേ ഉള്ളൂ അപ്പോഴെക്കും കടന്നു ചിന്തിക്കണ്ട..”

“അതിനെന്താടോ എന്റെ ഈ സ്വഭാവം ഇഷ്ടപ്പെട്ടതു കൊണ്ടു തന്നെയല്ലേ നീയെന്നെ രണ്ടു വർഷമായീട്ട് പ്രേമിക്കുന്നത്.

അടുത്ത മാസം നമ്മുടെ വിവാഹവുമാണ്. ഇത്രയൊക്കെയായീട്ട് ഇനിയെന്നാ നീ എന്റെ ഇഷ്ടത്തിനൊത്തു ജീവിക്കാനാരംഭിക്കുന്നത്”

“അങ്ങനെ നിങ്ങളുടെ ഇഷ്ടത്തിനൊത്തു മാത്രം ജീവിക്കാൻ ഇനിയെനിക്കു പറ്റില്ലെന്ന് പറയാനാണ് ഇന്ന് കാണണമെന്നു പറഞ്ഞത്.

ഒരേ ഓഫീസിൽ രണ്ടു വർഷം ഒന്നിച്ചു ജോലി ചെയ്തവരാണ് നമ്മൾ. അവിടെ വെച്ചല്ലേ നമ്മുടെ ബന്ധം ആരംഭിക്കുന്നതു.

പിന്നെ എന്തിനാണ് വിവാഹശേഷം എന്നെ ജോലിക്ക് പറയഞ്ഞയക്കാൻ താൽപര്യമില്ലെന്ന് എന്റെ അച്ഛനോട് ശ്രീയേട്ടൻ പറഞ്ഞത് ”

“വിവാഹം കഴിഞ്ഞാൽ എനിക്ക് നല്ലൊരു ഭാര്യയായി എന്റെ വീട്ടുക്കാർക്ക് നല്ലൊരു മരുമകളായി നീയെന്റെ വീട്ടിൽ തന്നെയുണ്ടാകണമെന്ന എന്റെ സങ്കൽപങ്ങളെല്ലാം നിനക്കറിയില്ലേ അല്ലി”

“എനിക്കൊരു അനിയത്തിയാണ് ഉള്ളത്. എന്നിട്ടും എന്റെ അച്ഛൻ സമ്പാദ്യത്തിന്റെ ഭൂരിഭാഗവും എടുത്ത് എന്നെ പഠിപ്പിച്ച് ജോലിക്കാരിയാക്കിയത് വിവാഹശേഷം വെറുതെയിരിക്കാനാണോ ശ്രീയേട്ടാ.

എന്റെ കുടുംബത്തിന് ഞാനൊരു സഹായമാകണമെന്ന എന്റെ ആഗ്രഹത്തിന് ഒരു വിലയുമില്ലേ”

“എന്റെ ഇഷ്ടങ്ങളെല്ലാം നിന്നോടു ഞാൻ പറഞ്ഞിട്ടുണ്ട് അപ്പോഴൊന്നും ഇഷ്ടക്കേട് കാണിക്കാത്ത നീയെന്താ വിവാഹത്തോട് അടുത്തപ്പോൾ ആദ്യമായി കാര്യങ്ങൾ മനസ്സിലാക്കിയ ആളെ പോലെ പെരുമാറുന്നത് അല്ലി..

നിനക്ക് ഇതൊന്നും പറ്റില്ലെങ്കിൽ പറഞ്ഞേക്ക് ഈ വിവാഹം വേണ്ടെന്നു വെക്കാം. അങ്ങനെ വന്നാൽ എനിക്കല്ല നിനക്കാണ് നഷ്ടമെന്ന് ഓർത്താൽ നല്ലത്..”

ശ്രീജിത്ത് പുച്ഛത്തോടെ അവളെ നോക്കി പറഞ്ഞവസാനിപ്പിക്കുമ്പോൾ അയാൾ പ്രതീക്ഷിച്ചതു പോലെ യാതൊരു ഭാവവ്യത്യാസമോ സങ്കടമോ അല്ലിയുടെ മുഖത്തുണ്ടായീല്ല എന്നത് അയാളെ ചൊടിപ്പിച്ചു.

“നിങ്ങൾക്കില്ലാത്ത എന്ത് നഷ്ടമാണ് ഈ ബന്ധം അവസാനിപ്പിച്ചാൽ എനിക്കുണ്ടാവുന്നതെന്ന് പറയ് ശ്രീയേട്ടാ..

പൊസ്സസ്സീവ്നെസ്സ്, സ്വാർത്ഥത എന്നൊക്കെ പറയുന്നത് ഒരു പരിധി വരെ മാത്രമേ അംഗീകരിക്കാനാവൂ.

അതിനപ്പുറത്തേക്കു ശ്രീയേട്ടൻ കടക്കുമ്പോൾ അത് സ്നേഹകൂടുതൽ കൊണ്ടാകുമെന്ന് പണ്ടൊക്കെ ഞാൻ കരുതിയിരുന്നൂ.

പക്ഷേ ഒരാളുടെ വ്യക്തിസ്വാതന്ത്ര്യത്തിന് ഒട്ടും വില കൽപിക്കാതെ എന്നെ കാൽകീഴിലാക്കാനുള്ള ശ്രീയേട്ടന്റെ ഈ നിലവാരമില്ലായ്മയെ പ്രണയമെന്ന് വിളിക്കാൻ അറപ്പ് തോന്നുന്നു ഇപ്പോൾ”

അല്ലിയുടെ മുഖം ദേഷ്യംകൊണ്ട് ചുവന്നു. തന്റെ നേരെ ആദ്യമായി അവളുടെ ശബ്ദമുയർന്നത് ശ്രീജിത്തിനെ കൂടുതൽ ചൊടിപ്പിച്ചൂ.

“പിന്നെന്തിനാടി വിവാഹം വരെ കാര്യങ്ങളെത്തിച്ചത്. രണ്ട് പെൺക്കുട്ടികളുള്ള നിന്റെ വീട്ടിൽ നിന്ന് ഭാവിയിലൊരു ബാധ്യതയാവുമെന്ന്

അറിഞ്ഞു കൊണ്ടു തന്നെയാണ് എന്റെ വീട്ടുക്കാർ നിന്നെ വിവാഹം ചെയ്യാൻ സമ്മതിച്ചത് അതും ഒരു പവൻ സ്വർണ്ണം പോലും സ്ത്രീധനം ചോദിച്ചാതെ തന്നെ.

എന്നിട്ട് നിനക്കിപ്പോൾ എന്റെ സ്നേഹത്തോട് അറപ്പായി തുടങ്ങിയല്ലേ അല്ലീ..”

“സ്ത്രീധനം ചോദിച്ചു വാങ്ങിക്കുന്നില്ലെന്ന് മാത്രം. അന്ന് നിങ്ങളുടെ വീട്ടുക്കാർക്കൊപ്പം വന്ന വലിയച്ഛൻ എന്താ എന്റെ അച്ഛനോട് പറഞ്ഞതെന്നു ഓർക്കുന്നുണ്ടോ ശ്രീയേട്ടൻ.

നിങ്ങളുടെ വീടും പറമ്പുമെല്ലാം രണ്ടുപെൺകുട്ടികൾക്കുള്ളതു തന്നെയല്ലേ പിന്നെ എന്തിനാ സ്ത്രീധനം ചോദിച്ചു വാങ്ങിക്കുന്നത്, നിങ്ങളുടെ മോൾക്കിഷ്ടമുള്ളത് നിങ്ങൾ കണ്ടറിഞ്ഞു കൊടുത്താൽ മതിയെന്നും ആണ് അദ്ദേഹം അന്ന് പറഞ്ഞത്”

“വിവാഹത്തിനു മുൻപേ തന്നെ ഞങ്ങളുടെ വീട്ടിൽ നിന്ന് എനിക്കുള്ള ഭാഗത്തെ പറ്റി കണക്കുപറഞ്ഞ നിങ്ങളുടെ വീട്ടുക്കാർക്കാണോ സ്ത്രീധനമോഹം ഇല്ലെന്ന് പറയുന്നത്..”

തന്റെ വീട്ടുക്കാരെ അധിഷേപിച്ചത് ശ്രീജിത്തിന്റെ ദേഷ്യം വർധിപ്പിച്ചു. അയാൾ അല്ലിയെ ദഹിപ്പിക്കും വിധം നോക്കി അക്ഷമനായിരുന്നൂ.

“എന്റെ ക്ഷമയെ പരീക്ഷിക്കരുത് അല്ലി. കഴിഞ്ഞതെല്ലാം കഴിഞ്ഞൂ നീ ഇപ്പോൾ പറഞ്ഞ കാര്യങ്ങളെല്ലാം ക്ഷമിക്കാൻ ഞാൻ തയ്യാറാണ്.

വിവാഹം കഴിക്കാമെന്നത് നമ്മൾ പര്സപരം എടുത്ത തീരുമാനമാണ്. ഇത് വീട്ടുക്കാർ കൊണ്ടുവന്ന ആലോചനയല്ലാലോ.

അതുകൊണ്ടു തന്നെ കല്ല്യാണത്തോടടുത്തു നിൽക്കുന്ന ഈ സമയത്ത് നിന്റെ ഇത്തരം തോന്നിവാസ സംസാരങ്ങൾ നിന്റെ വീട്ടുക്കാർ അംഗീകരിക്കുമെന്ന് തോന്നുണ്ടോ അല്ലീ..”

ശ്രീജിത്തിന്റെ മുഖത്ത് പരിഹാസം നിറഞ്ഞൂ അയാൾ തുടർന്നു

“രണ്ടു വർഷം എന്റെ കൂടെ കറങ്ങി നടന്നതിന്റെ ഓർമ്മകളായി എത്രയോ ഫോട്ടോസ് എന്റെയും നിന്റെയും ഗാലറികളിലുണ്ട്. നമ്മുടെ വിവാഹം മുടങ്ങിയാലും എന്നെയല്ല ബാധിക്കുന്നത്.

അല്ലെങ്കിൽ തന്നെ സ്ത്രീധനത്തിന്റെ പേരിൽ ഭാര്യയെ കൊ ന്നവന്മാര് വരെ ജാ മ്യത്തിലിറങ്ങിയാൽ രണ്ടാമതു വിവാഹം ചെയ്യ്തു സുഖിച്ച് ജീവിക്കുന്നുണ്ട് ഇവിടെ.

അങ്ങനത്തെ സമൂഹത്തിൽ തന്റെതല്ലാത്ത കാരണത്തിന് വിവാഹം മുടങ്ങി പോയ എനിക്ക് പെണ്ണ് കിട്ടാതിരിക്കോ..

എങ്ങനെ നോക്കിയാലും ചീത്തപ്പേര് ബാക്കിയാവാ നിനക്കാണ്..അതോണ്ട് എന്റെ അല്ലി നല്ലകുട്ടിയായി വീട്ടിലേക്ക് പോകാൻ നോക്ക് അനാവശ്യ ചിന്തകളൊന്നും വേണ്ട..”

ശ്രീജിത്ത് വിജയിച്ചവനെ പോലെ അല്ലിയെ നോക്കി ചിരിച്ചൂ. അതേ ചിരി അവളുടെ മുഖത്തും പ്രകടമായപ്പോൾ അയാൾ പെട്ടന്ന് അസ്വസ്ഥനായി.

“ശ്രീയേട്ടാ നിങ്ങളുടെ സ്വാർത്ഥതകളെല്ലാം രണ്ടു വർഷം സഹിച്ചത് എന്റെ തെറ്റ്.. അതെല്ലാം നിങ്ങളുടെ സ്നേഹ കൂടുതലാണെന്ന് ഞാൻ തെറ്റിധരിച്ചു പോയി.

നിങ്ങൾക്ക് ആവശ്യം ചങ്ങലയ്ക്ക് പൂട്ടിയിടാനൊരു നാ യയെയാണ് അതിനു വേണ്ടിയല്ല എന്റെ അച്ഛൻ ഇത്രവർഷം എന്നെ വളർത്തിയത്.

എന്റെ ഇഷ്ടങ്ങളെ മറന്ന് നിങ്ങൾക്ക് ഇഷ്ടപ്പെടുന്ന രീതിയിൽ വസ്ത്രങ്ങൾ ധരിച്ചും, മുടി പിന്നികെട്ടിവെച്ചും ഞാൻ നടന്നില്ലേ..

എന്തിനേറെ നമ്മുടെ ഓഫീസിൽ തന്നെ ആരോടും അധികം കൂട്ടുകൂടാതെയായില്ലേ ഞാൻ. പക്ഷേ നിങ്ങൾക്ക് ആൺപെൺ വ്യത്യാസമില്ലാതെ എത്രയോ സൗഹൃദങ്ങളുണ്ട് നമ്മുടെ ഓഫീസിൽ..

എനിക്ക് കോഫിയാണ് ഇഷ്ടമെന്ന് ശ്രീയേട്ടനറിയാം എന്നിട്ട് ഇപ്പോൾ നിങ്ങൾ ഓഡർ ചെയ്തത് നിങ്ങളുടെ ഇഷ്ടത്തിന് രണ്ട് ചായയാണ്.

എല്ലാം നിങ്ങൾ പ്ലാൻ ചെയ്യുന്നതുപോലെ നടത്തിയെടുക്കാനായി എന്റെ ജീവിതം നശിപ്പിക്കാൻ ഇനിയെനിക്കു വയ്യ അതുകൊണ്ടു തന്നെയാണ് എല്ലാം പറഞ്ഞവസാനിപ്പിക്കാനായി ഞാൻ വന്നത്”

അല്ലിയുടെ സംസാരം കേട്ടപ്പോൾ ശ്രീജിത്തൊന്നു പതറി അയാളുടെ മുഖം ദേഷ്യംകൊണ്ട് കനത്തു

“നിന്റെ ഈ തീരുമാനങ്ങളൊക്കെ വീട്ടിൽ പോയി പറഞ്ഞു നോക്ക് അല്ലി അപ്പോൾ മനസിലാകും ഇതൊന്നും ആരും അംഗീകരിക്കാൻ പോകുന്നില്ലെന്ന്..”

“താനെന്താ എന്റെ വീട്ടുക്കാരെ പറ്റി കരുതിയത്.

എന്റെ അച്ഛനോട് എന്നെ ജോലിക്ക് പറഞ്ഞയക്കാൻ താൽപര്യമില്ലെന്നു ശ്രീയേട്ടൻ പറഞ്ഞപ്പോൾ അന്നു രാത്രി അച്ഛൻ പറഞ്ഞത് ഇനിയും വൈകീട്ടില്ല നന്നായി ആലോചിച്ചിട്ട് വിവാഹത്തിനു തയ്യാറായാൽ മതിയെന്നാണ്.

ഒരാളെ പ്രണയിച്ചതിന്റെ പേരിൽ എന്റെ വീട്ടുക്കാർക്ക് ഒരു രീതിയിലും ചീത്തപ്പേരുണ്ടാക്കിയിട്ടില്ല ഞാൻ.

താൻ നേരത്തെ പറഞ്ഞതു പോലെ നമ്മളൊന്നിച്ചു നിൽക്കുന്ന കുറച്ചു ഫോട്ടോസ് അല്ല എന്റെ ഭാവി തീരുമാനിക്കുന്നത്.

അതുകൊണ്ടു തന്നെ അതു പറഞ്ഞ് എന്നെ ചൊൽപ്പടിക്കു കൊണ്ടുവരാമെന്ന മോഹം വേണ്ട ശ്രീയേട്ടാ..”

“അല്ലി താനെന്താ പറഞ്ഞു വരുന്നത്..?? അടുത്ത മാസം നമ്മുടെ വിവാഹമാണ്. അതിനുള്ള ഒരുക്കങ്ങൾ നടക്കുകയാണ് വീട്ടിൽ. അതെല്ലാം മറന്നോ താൻ. എന്റെ സ്വഭാവം ഇങ്ങനെയൊക്കെയാണ് തനിക്ക് വേണ്ടി മാറ്റാനൊന്നും പറ്റില്ല.

താനാണ് എന്നോടും എന്റെ വീട്ടുക്കാരോടും പൊരുത്തപ്പെടേണ്ടത്. തന്റെ അമ്മയൊന്നും ഇത്തരം കാര്യങ്ങൾ പഠിപ്പിച്ചു തന്നിട്ടില്ലേ തനിക്ക്”

“എന്റെ അമ്മ പഠിപ്പിച്ചു തന്നതിന്റെ ഗുണം കൊണ്ടാണ് നിങ്ങളെ ഇത്രകാലം ഞാൻ സഹിച്ചതും ക്ഷമിച്ചതും വഞ്ചിക്കാതിരുന്നതും.

എന്റെ വ്യക്ത്വിതം പോലും അടിയറവു വെച്ചുകൊണ്ട് എനിക്ക് ഈ പ്രണയം നേടിയെടുക്കണ്ട.

നിങ്ങളെ പോലുള്ള കലിപ്പന്റെ കാന്താരിയാകാൻ കഥകളിലും സിനിമയിലും ആളുണ്ടാവും.

പക്ഷേ ജീവിതത്തെ ഞാനൊരു പരീക്ഷണവസ്തുവാക്കുന്നില്ല. സോറി ശ്രീയേട്ടാ എനിക്ക് ഈ വിവാഹത്തിന് താൽപര്യമില്ല..”

“നീ നന്നായി ആലോചിച്ചിട്ടാണോ ഈ തീരുമാനമെടുത്തത് എന്ത് ധൈര്യത്തിലാ നീ ഈ വിവാഹം വേണ്ടെന്ന് വെച്ചത് അല്ലിയിതിനു ഒരുപാട് വിഷമിക്കും”

അല്ലി ശ്രീജിത്തിനെ നോക്കി ചിരിച്ചൂ

“രണ്ടു മേശക്കപ്പുറം അവിടെ ഇരിക്കുന്ന ആ മനുഷ്യനെ കണ്ടോ നിങ്ങൾ.. എന്റെ അച്ഛനാണ് അത്.

മകളൊരു ബാധ്യതതയല്ലെന്ന് പറഞ്ഞ് ഏത് മോശം അവസ്ഥയിലും ചേർത്തു പിടിക്കുന്ന അദ്ദേഹമാണ് എന്റെ ധൈര്യം.

എനിക്കൊരു പ്രണയമുണ്ടെന്ന് തുറന്നു പറഞ്ഞപ്പോൾ നിങ്ങളുടെ വീട്ടുക്കാരോട് ആലോചിച്ചു വരാൻ യാതൊരു എതിർപ്പും കാണിക്കാതെ പറഞ്ഞയാളാണ് എന്റെ അച്ഛൻ..

“നമ്മുടെ വിവാഹം ഉറപ്പിച്ചതിൽ പിന്നെ സ്വന്തമാകാൻ പോവുന്നതിന്റെ അധികാരത്തിൽ നിങ്ങളെന്നെ കൂടുതൽ വിഷമിപ്പിച്ചപ്പോഴും അപമാനിച്ചപ്പോഴുമെല്ലാം വീട്ടിൽ തുറന്നു പറയാൻ എനിക്ക് മടിയായിരുന്നു.

കാരണം ഞാൻ തെരഞ്ഞെടുത്ത ജീവിതമല്ലേ ഇനി അതിന്റെ പേരിൽ വീട്ടുക്കാരെ ബുദ്ധിമുട്ടിക്കാൻ പാടില്ലെന്ന് വിചാരിച്ച് ഞാനൊറ്റയ്ക്ക് എല്ലാം സഹിച്ചൂ.

പക്ഷേ ഞാനൊന്നും പറയാതെ എന്റെ അച്ഛനെന്നെ മനസിലാക്കി..

വിവാഹത്തിന് ഞാൻ ധരിക്കേണ്ട സാരിയുടെ നിറം പോലും നിങ്ങൾ തീരുമാനിച്ചൂ. എനിക്ക് ഏതു നിറമാണ് ചേരുന്നതെന്ന് നിങ്ങൾക്കേ അറിയൂ എന്ന് പറഞ്ഞൂ.

എനിക്ക് ആ സാരി ഇഷ്ടമായോന്ന് ഒരിക്കലെങ്കിലും ചോദിച്ചോ.. കല്ല്യാണത്തിനു വരുന്നവർ എനിക്ക് തടി കൂടുതലാണെന്നു പറയുമെന്ന് പറഞ്ഞ് നിർബന്ധിച്ച് ജിമ്മിലേക്ക് പറഞ്ഞുവിട്ടു. ഡയറ്റ് ചെയ്യിപ്പിച്ചൂ.

ഒരിക്കലെങ്കിലും ശ്രീയേട്ടനെ എന്റെ ഇഷ്ടങ്ങൾ അടിച്ചേൽപ്പിക്കാൻ ഞാൻ ശ്രമിച്ചിട്ടുണ്ടോ.

എന്റെ ഇഷ്ടത്തിന് ഒരിക്കലെങ്കിലും വസ്ത്രം ധരിച്ചിട്ടുണ്ടോ നിങ്ങൾ.. പറയൂ.. പ്രണയത്തിൽ സ്വാർത്ഥത ഉണ്ടെങ്കിൽ ആ സ്വാർത്ഥത എനിക്കും ആകാമല്ലോ..

പ്രണയമെന്ന പേരും നൽകി നിങ്ങൾ എന്നോട് കാണിച്ച എല്ലാ തോന്നിവാസങ്ങൾക്കും ഇന്ന് തിരശീല വീഴുകയാണ്. ഞാൻ പോകുന്നു..”

അല്ലി അയാൾക്കരുകിൽ നിന്ന് നടന്നകന്നു. തന്റെ മകളെ ചേർത്തു പിടിച്ച് കാറിലേക്ക് കയറിപോകുന്ന അച്ഛനെയും മകളെയും നോക്കി ശ്രീജിത്ത് നിർവികാരനായിരുന്നു

പങ്കാളിയുടെ വ്യക്തിത്വത്തെയും ഇഷ്ടങ്ങളെയും മാനിക്കാതെ സ്വന്തം ഇഷ്ടത്തിനനുസരിച്ച് അവരെ മാറ്റിയെടുക്കാൻ ശ്രമിക്കുന്നതിൽ പ്രണയമില്ലെന്നും,

ഒരു പരിധിക്കപ്പുറം കടന്നാൽ പൊസ്സസ്സീവിനെസ്സും സ്വാർത്ഥതയുമെല്ലാം നിലവാരമില്ലായ്മയുടെ പര്യായങ്ങളാണെന്നും ഇനിയെങ്കിലും ശ്രീജിത്ത് മനസ്സിലാക്കട്ടെ…

Leave a Reply

Your email address will not be published. Required fields are marked *