(രചന: Fackrudheen Ali Ahammad)
രാത്രി കിടക്കാൻ നേരം,
അയാൾ എന്നെ ഒന്നു തൊട്ടു തലോടും..
ചെവിയിൽ ചെറുതായി, വിരലോടിക്കും
പിന്നെ,
പിന്നെ
ചെവി യില്, പിടിച്ച് ചെറുതായി കറക്കും..
കഴിഞ്ഞു..
അപ്പോഴേക്കും ഭാരിച്ച ചിന്തകളുടെ ലോകത്തേക്ക്, അയാൾ എത്തിക്കഴിഞ്ഞിരിക്കും..
നാളത്തെ കാര്യങ്ങളെക്കുറിച്ച്
കണക്കു കൂട്ടിക്കൊണ്ടിരിക്കും
മടുക്കുമ്പോൾ ഇന്നലെയിലേക്ക് പോകും
അപ്പോഴയാൾ അസ്വസ്ഥനാ വും..
അപ്പോൾ
തിരിഞ്ഞും മറിഞ്ഞും കിടക്കും.
ഇതിനിടയിൽ, എന്നെ..
ഇടയ്ക്കിടെ
പാളി ഒന്ന് നോക്കും
പിന്നെ പൂച്ച പാല് കുടിക്കും പോലെ
കണ്ണിറുക്കി, ഒരു കിടപ്പാണ്..
“ശവം”
ഇതുപോലെ ഓരോ ദിവസവും കടന്നു പോകുമ്പോഴും,.
അയാളുടെ …
വേവലാതി കൂടുകയല്ലാതെ കുറയുന്നില്ല..
എപ്പോഴും ഞാനാണ്
കൂടെയുള്ളത് എന്ന ഓർമ്മയില്ല
എന്നാലോ എന്നെ ശ്രദ്ധിക്കാൻ താല്പര്യമില്ല
എന്നോടൊപ്പം മുന്നോട്ട് പോകാൻ, ശുഷ്കാന്തിയില്ല..
അയാൾക്ക് ഇന്നലെകളിൽ ചെന്ന്
ഇങ്ങനെ വെറുതെ ഇരിക്കണം
അല്ലെങ്കിൽ നാളെ യെ കുറിച്ച് സ്വപ്നം കാണണം..
അയാൾ എവിടെ പോകുന്നു വോ.. അവിടെയൊക്കെ ഞാനും പോകണം..
നടക്കുന്ന കാര്യമാണോ അത്?
“അയാൾക്ക് നേരം വെളുത്തില്ലെന്നു കരുതി,
എനിക്ക്
ഉണരാതിരിക്കാൻ ആവുമോ?”
മടി കാരണം
അയാൾ ഉറക്കം
നടിക്കുന്നത് പോലെയല്ല
ഞാൻ ഒരു അടി മുന്നോട്ടു വെക്കാതിരുന്നാൽ , അയാളുടെ സകല ആസൂത്രണങ്ങളും
എന്തിന്
ജീവിത ക്രമം പോലും
തെറ്റും
എല്ലാം തെറ്റും..
അത് അയാൾക്ക് നന്നായിട്ട് അറിയാം!!
അറിഞ്ഞുകൊണ്ട് പൊട്ടൻ കളിക്കുന്നത് കാണുമ്പോഴാണ്,
അവഗണിക്കുന്നത് കാണുമ്പോഴാണ്
, പലപ്പോഴും സങ്കടം തോന്നുന്ന ത്..
അയാൾക്ക് ഞാൻ എപ്പോഴും വേണം!!
എന്തിനാ?
അയാൾക്ക് ചിലയിടങ്ങളിൽ പോകാ ന്ണ്ടായിരിക്കും !
ചില ആളുകളെ കാണാൻ ഉണ്ടായിരിക്കും!!
ചില പദ്ധതികൾ ആസൂത്രണം ചെയ്യുന്നുണ്ടായിരിക്കും..!!!!
അല്ലെങ്കിൽ ചിലർ അയാളെ കാണാൻ വരുന്നുണ്ടാവും..!!!
ഇതിനൊക്കെ
ഞാൻ വേണം
ഇടയ്ക്കെങ്കിലും എന്നെ ഒന്ന് ശ്രദ്ധിക്കുന്നത്, ഈ ഘട്ടങ്ങളിൽ ആയിരിക്കും.
എന്നാൽ എന്നെക്കുറിച്ച് ഒരല്പനേരം ചിന്തിക്കുക പോലുമില്ല..
നാളെ യെ കുറിച്ച് ദിവാ സ്വപ്നം കാണാം
മടുപ്പിക്കുന്ന ഇന്നലെ കളിൽ, വെറുതെ ചുറ്റിക്കറങ്ങാം..
എന്നാൽ
ഇന്ന്
ഇപ്പോൾ
ഒരല്പ സമയംഎന്നോടൊപ്പം..
ങ്ങേ..ഹെ..
സമയമില്ല പോലും..
സമയത്തെക്കുറിച്ച്
ആരോടാണ് പറയുന്നത്
ഹും…
ഞാൻ എല്ലായിപ്പോഴും കൂടെ കാണുമെന്ന
ചിന്ത വേണ്ട
ഉണർത്തി വിട്ടാലും
കാലത്ത് നേരത്തെ എഴുന്നേ ല്‌ക്കില്ല..
വൈകി
എഴുന്നേറ്റാലോ..
കുറ്റപ്പെടുത്തൽ മുഴുവനും എൻറെ
നേർക്ക്..
ഞാൻ വൈകി
ഞാൻ വൈകി
എന്നാണ് പറയുക
ബോധമില്ലാത്തവനെ
നീയാണ് വൈകിയത്
അല്ലാതെ ഞാനല്ല..
പക്ഷേ മുഖത്തുനോക്കി പറയാൻ പറ്റില്ല
വൈകുമ്പോഴെല്ലാം
അയാളുടെ വേവലാതിയും ദേഷ്യവും മുഴുവനും എന്നോടാണ് തീർക്കുക..
ചിന്തകൾ കാട്ടിലേക്ക് കയറി..
പാതിരാത്രി യോട ടുക്കാറായി
എ ന്റെ നിശ്വാസത്തിന് അപ ശബ്ദം ഉണ്ടോ?
ഹെയ്.. വെറുതെ തോന്നുന്നതാവും..
“ഒരാളുടെ അല്ലെങ്കിൽ പലരുടെ ആവശ്യത്തിനുവേണ്ടി, ജീവിച്ച് ജീവിച്ച്
സ്വന്തം ശബ്ദം പോലും,
സ്വയം തിരിച്ചറിയാതെ ആയി കഴിഞ്ഞിരിക്കുന്നു..”
അയാൾ എപ്പോഴെങ്കിലും ഉറക്കത്തിലേക്ക്
വഴുതി വീഴുന്നതും
നോക്കി
നോക്കി
നിസംഗതയോടെ ..
ഇങ്ങനെ…
ഇടയ്ക്കൊക്കെ അയാൾ ഞെട്ടി ഉണരും
അപ്പോഴെല്ലാം വലിയ ആകുലതയോടെ
എൻറെ .
മുഖത്തേക്ക് നോക്കും..
ഒന്ന് നെടുവീർപ്പിടും
വീണ്ടും തിരിഞ്ഞു കിടക്കും…
തലേന്ന് രാത്രിയിൽ
ചെവിയിൽ തൊട്ടു തലോടി
“ഉണർത്തി ”
വിട്ടതിന്റെ രോഷം,
ഞാൻ കാലത്താണ് കാണിക്കുക..
എൻറെ കഠോരമായ ശബ്ദം കേട്ടാണ് പലപ്പോഴും അയാളുടെ ഉറക്കം മുറിയുന്നത്..
കുട്ടികൾ
ശാഠ്യം പിടിച്ച് കരയും പോലെ ഞാൻ വാശിയോടെ
അലറി കരയും..
അലമുറയിട്ട് കരയുന്ന ഒച്ച..
അയൽ വീടുകളിൽ വരെ ചെന്നെത്താറുണ്ട്..
അപ്പോൾ, വീണ്ടും പുതച്ചു മൂടി കിടക്കുന്ന അയാളെ കാണുമ്പോൾ
കൂടുതൽ ഉച്ചത്തിൽ കരയാൻ തോന്നാറുണ്ട്
“കഴിയാറില്ല”
അലമുറയിട്ടു കരയുന്നത് അയാൾക്ക് സഹിക്കാവുന്നതിലും അപ്പുറം ആവുമ്പോൾ,
അയാൾ ചിലപ്പോഴെല്ലാം എന്നെ
തള്ളി താഴെ ഇടാറുണ്ട്,
ചിലപ്പോൾ കൈകൊണ്ട്
അല്ലെങ്കിൽ കാലുകൊണ്ട്
എന്ത് ചെയ്യാം?
ഞാൻ വീണു കഴിഞ്ഞാൽ പിന്നെ
പേടിപ്പെടുത്തുന്ന ഒരു നിശബ്ദതയായിരിക്കും..
ചിലപ്പോഴൊക്കെ അതിനെ അയാൾ പേടിക്കുന്നത് കണ്ടിട്ടുണ്ട്..
ആ ഒരു
നിശബ്ദത യെ..
എന്തായാലും..
തന്നോടുള്ള അവഗണന
അയാളുടെ നിർവികാരത
നിസ്സംഗത,,
ദേഷ്യമാണ് വരിക..
ദേഷ്യത്തെക്കാൾ കൂടുതലായും സങ്കടവും വരും..
അയാളെ ഉണർത്താൻ കഴിയാത്ത, നിരാശ..
അവഗണിക്കുന്നതിലേ ദേഷ്യം..
അപ്പോൾ താഴെ കിടന്നുകൊണ്ട്
ഒരുവട്ടം കൂടെ അലറി കരയാൻ ശ്രമിക്കും
അപ്പോൾ ഒരു ചെറിയ ശബ്ദമേ പുറത്തേക്ക് വരികയുള്ളൂ
അതിനൊരു കാരണമുണ്ട്,
അത് …
അത്…
ഞാൻ
പഴയ ഒരു ടൈം പീസാണ്..
അതിന്റെ
അലാറത്തിന് ഒരു പരിമിതിയുണ്ട്..
പക്ഷേ ചില
ബിലാലുമാർ ഇപ്പോഴും എപ്പോഴും
പ..ഴ..യ
ബിലാൽമാർ തന്നെയാണ്..