ഏതോ ഒരുത്തനുമായി ചേർന്നിരുന്നു ബൈക്കിൽ ചേർന്ന് ഇരുന്നു പോകുന്ന കീർത്തി. ആദ്യമാദ്യം അയാളുടെ മുഖം വ്യക്തമായില്ലെങ്കിലും പിന്നീട് തിരിച്ചറിഞ്ഞ മാത്രയിൽ

(രചന: അംബിക ശിവശങ്കരൻ)

“ദീപു ഞാൻ ജിമ്മിൽ പോകുന്നതിനെപ്പറ്റി എന്താണ് നിന്റെ അഭിപ്രായം?”

കോളേജ് ക്യാമ്പസിൽ തന്റെ ആത്മസുഹൃത്തായ ദീപക്കിന്റെ കൂടെ കളി തമാശകൾ പറഞ്ഞിരിക്കുന്നതിനിടയാണ് കീർത്തി കാര്യമായ ഒരു സംശയം ചോദിച്ചത്.

” ജിമ്മിൽ പോകുന്നതൊക്കെ നല്ല കാര്യം തന്നെ… ഒരു പേന താഴെ വീണാൽ പോലും കുനിഞ്ഞത് എടുക്കാത്ത നീ തന്നെയാണോ ഇത് പറയുന്നത് എന്ന് ഒരു അതിശയം മാത്രമേയുള്ളൂ… ”

അവൻ അവളെ കളിയാക്കി

” നീ കളിയാക്കുകയൊന്നും വേണ്ട വെറും പച്ചവെള്ളം കുടിച്ചാൽ പോലും തടി വയ്ക്കുന്ന ശരീരമാ എന്റെ.ഓരോ പെൺപിള്ളേരുടെ ശരീരം കാണുമ്പോൾ കൊതിയാവാ… ഫുഡ് കൺട്രോൾ ചെയ്ത് മാത്രം തടി കുറയ്ക്കാം എന്നുള്ള വ്യാമോഹം ഒന്നും എനിക്കില്ല.

എന്റെ ഒരു കൂട്ടുകാരി കുറച്ചുനാളായി ജിമ്മിൽ പോകുന്നുണ്ട്. എന്നെയും വിളിച്ചു അവൾ. പിന്നെ നീ പറഞ്ഞപോലെ കഷ്ടപ്പെടാനുള്ള ബുദ്ധിമുട്ട് ഓർത്താണ് ഞാൻ പോകാതിരുന്നത് പക്ഷേ അവൾക്ക് നല്ല മാറ്റമുണ്ട്. പിന്നെ അവിടുത്തെ ട്രെയിനർ ചേട്ടൻ നല്ല ലുക്ക് ആണെന്ന കേട്ടത്… ”

അവൾ ഒരു കണ്ണ് ഇറക്കി കൊണ്ട് ചിരിച്ചു.

“ആഹ്. വെറുതെയല്ല അപ്പോൾ അതാണ് കാര്യം. വായിൽ നോക്കാൻ ആണെങ്കിൽ ആ ബസ്റ്റോപ്പിൽ പോയി നിന്നാൽ പോരേ നിന്നെപ്പോലുള്ള ഒരുപാട് വായിനോക്കികൾ അവിടെയുണ്ടാകും വെറുതെ പൈസയും കളഞ്ഞ മെനക്കെടണോ?”

” അതല്ല മോനേ.… നെയ്യപ്പം തിന്നാൽ രണ്ടുണ്ട് കാര്യമെന്നല്ലേ ഇതാകുമ്പോൾ തടിയും കുറയുമല്ലോ നീ തന്നെ എന്നെ എത്ര പ്രാവശ്യം തടിച്ചി എന്ന് വിളിച്ചിട്ടുണ്ട്? ”

അവൾ ചിറി കോട്ടി.

“ഇൻസൾട്ട് ആണ് ഏറ്റവും വലിയ ഇൻവെസ്റ്റ്മെന്റ് എന്ന് ആരോ പറഞ്ഞു കേട്ടപ്പോൾ അങ്ങനെയെങ്കിലും നീയൊന്നു നന്നാകട്ടെ എന്ന് കരുതി പറഞ്ഞതാണ്. നിന്റെ കാര്യത്തിൽ അതൊന്നും നടക്കില്ല എന്ന് എനിക്ക് മനസ്സിലായി. ഇനി ഞാൻ പറഞ്ഞതിൽ പിടിച്ചു തൂങ്ങേണ്ട മോള് ജിമ്മിൽ പോവുകയോ തടി കുറയ്ക്കുകയോ എന്താണെന്നുവെച്ചാൽ ചെയ്താട്ടെ…”

“ഹാ അങ്ങനെ വഴിക്ക് വാ.. ടാ പിന്നെ നീ ഇന്ന് വൈകിട്ട് വീട്ടിലേക്ക് വരുന്നുണ്ടോ? ഇന്ന് അച്ഛന്റെയും അമ്മയുടെയും വെഡിങ് ആനിവേഴ്സറി ആണ് ചെറിയൊരു കേക്ക് കട്ടിങ് ഒക്കെ പ്ലാൻ ചെയ്തിട്ടുണ്ട് പുറത്തുനിന്ന് ആരെയും ക്ഷണിക്കുന്നൊന്നുമില്ല പക്ഷേ നീ പുറത്തെ ആളല്ലല്ലോ…”

കയ്യിലിരുന്ന ഐഡി കാർഡ് തലങ്ങും വിലങ്ങും കറക്കി കൊണ്ട് അവൾ പറഞ്ഞു.

“ഇന്ന് ഏതായാലും വരവ് നടക്കില്ല മോളെ.. ഇന്ന് കൂട്ടുകാരുടെ കൂടെയൊന്ന് പുറത്തു പോണം നേരത്തെ ഏറ്റതാ… ഏറ്റിട്ട് ചെന്നില്ലെങ്കിൽ അവന്മാരെല്ലാം കൂടെ എന്നെ പഞ്ഞിക്കിടും. അച്ഛനെയും അമ്മയെയും ഞാൻ ഫോണിൽ വിളിച്ച് വിഷ് ചെയ്തോളാം.”

“നിനക്ക് അല്ലെങ്കിലും നമ്മൾ ഒന്നുമല്ലല്ലോ കൂട്ടുകാരല്ലേ വലുത്… എപ്പോഴും ഉണ്ട് ഒരു കൂട്ടുകാര് കൂട്ടുകാര് ബാക്കിയുള്ളവരെല്ലാം എന്താ പൊകയാണോ?”

അവൾ പരിഭവം നടിച്ചു.

“ഒരാളെ തല്ലിയിട്ട് വരാൻ പറഞ്ഞാൽ കാരണം പോലും ചോദിക്കാതെ തല്ലി വരുന്ന ടീമാണ്. ഞാൻ പറഞ്ഞത് അത്രയ്ക്ക് ചങ്കുകൾ ആണെന്നാണ്. അങ്ങനെയുള്ള സുഹൃത്തുക്കൾ ഉണ്ടാകുക എന്നത് തന്നെ ഭാഗ്യമല്ലേ? നിനക്ക് അത് പറഞ്ഞാൽ മനസ്സിലാകില്ല വാ ക്ലാസ്സിൽ കയറാം ലഞ്ച് ബ്രേക്ക് കഴിഞ്ഞു.”

അവർ ഒന്നിച്ചു ക്ലാസിലേക്ക് പോയി

ദിവസങ്ങൾ കടന്നുപോയി .
“ഞാൻ മെലിഞ്ഞിട്ടുണ്ടോ?കുറച്ചെങ്കിലും മെലിഞ്ഞില്ലേ?” ജിമ്മിൽ പോകാൻ തുടങ്ങിയതിനു ശേഷം ഈ ചോദ്യം ചോദിച്ച് കീർത്തി ദീപക്കിനെ വട്ടം തിരിച്ചു.

“എന്റെ പൊന്നു കീത്തു.. രണ്ടാഴ്ചയല്ലേ ആയുള്ളൂ അപ്പോഴേക്കും മെലിഞ്ഞ് തമന്ന ആയെന്നാണോ നിന്റെ വിചാരം? ഇവള് ജിമ്മിൽ പോകാൻ തുടങ്ങിയതിന് ബാക്കിയുള്ളവനാണല്ലോ ദൈവമേ ഇരിക്ക പൊറുതിയില്ലാത്തത്..”

“എങ്കിൽ ഞാനിനി നിന്നോട് ഒന്നും ചോദിക്കില്ല പോരെ?”

അവൾ പിണക്കം പ്രകടിപ്പിച്ചു.

“അതെ… രണ്ടാഴ്ച കഴിഞ്ഞാൽ യൂണിവേഴ്സിറ്റി എക്സാം ആണ് വരാൻ പോകുന്നത്. ഇതുകൂടി കഴിഞ്ഞാൽ നമ്മുടെ കോളേജ് ലൈഫ് ഇവിടെ കഴിയുകയാണ്.അതിനെപ്പറ്റി എന്തെങ്കിലും ചിന്തയുണ്ടോ തമ്പുരാട്ടിക്ക്? മെലിയാനും തടിക്കാനും ഒക്കെ ഇനിയും ഇഷ്ടം പോലെ സമയമുണ്ട് ആദ്യം എക്സാമിന് വേണ്ടി പഠിക്കാൻ നോക്ക്…”

അവനത് പറഞ്ഞപ്പോൾ എന്തെന്നറിയാത്ത ഒരു ദുഃഖം അവളുടെ മനസ്സിനെ അലട്ടി. ഈ മനോഹര കാലഘട്ടം അവസാനിക്കാൻ പോവുകയാണ്. ജീവിതത്തിലെ ഏറ്റവും സുന്ദരമായ കാലഘട്ടം.

പിന്നീട് രണ്ടാളും എക്സാമിന്റെ ചൂടിൽ ആയിരുന്നു. നീണ്ട നേരം പുസ്തകങ്ങളോട് മല്ലിട്ട് പഠിച്ച് അവർ തങ്ങളുടെ പരീക്ഷകൾ പൂർത്തിയാക്കി. അതിനുശേഷം ദീപക്ക് തന്റെ അമ്മയുടെ ആങ്ങളയായ ദേവമാമന്റെ കൂടെ ബാംഗ്ലൂരിൽ അദ്ദേഹത്തിന്റെ ബിസിനസ് നോക്കി പഠിക്കുവാൻ പോയപ്പോൾ കീർത്തിക്ക് വല്ലാത്ത ഒറ്റപ്പെടൽ തോന്നി.

എന്നും കണ്ടും സംസാരിച്ചും അടി കൂടിയും കഴിഞ്ഞുപോയ ദിനങ്ങളെ ഓർത്ത് അവൾ വല്ലാതെ ദുഃഖിച്ചു. പിന്നീട് ജിമ്മിൽ പോയും പിഎസ്‌സി കോച്ചിങ്ങിന് പോയും അവൾ അവളുടെ ദിവസങ്ങൾ തള്ളി നീക്കി. തിരക്കുകൾക്കിടയിൽ വല്ലപ്പോഴും മാത്രമേ ദീപക്കിന് കീർത്തിയെ വിളിച്ച് സംസാരിക്കാൻ കഴിഞ്ഞിരുന്നുള്ളൂ.

ഓരോ ദിവസവും യുഗങ്ങൾ പോലെയാണ് കടന്നുപോയത്. ആറു മാസങ്ങൾക്കുശേഷമാണ് ദീപക്ക് തിരികെ നാട്ടിലേക്ക് വന്നത്. കീർത്തിക്ക് ഒരു സർപ്രൈസ് ആയിക്കോട്ടെ എന്ന് കരുതിയാണ് വരുന്ന കാര്യം അവളോട് മുൻകൂട്ടി പറയാതിരുന്നത്.എന്നാൽ നാട്ടിലെത്തിയതും അവന് കാണേണ്ടി വന്ന കാഴ്ച അത്ര സുഖകരമായിരുന്നില്ല. ഏതോ ഒരുത്തനുമായി ചേർന്നിരുന്നു ബൈക്കിൽ ചേർന്ന് ഇരുന്നു പോകുന്ന കീർത്തി. ആദ്യമാദ്യം അയാളുടെ മുഖം വ്യക്തമായില്ലെങ്കിലും പിന്നീട് തിരിച്ചറിഞ്ഞ മാത്രയിൽ അവന്റെ നെഞ്ചിലൂടെ ഒരു ഇടിമിന്നൽ പാഞ്ഞു.

“ദൈവമേ ഇവനോ? ഇവളെന്താ ഇവന്റെ കൂടെ?”

അവൻ വേഗം ഫോണെടുത്ത് അവളുടെ നമ്പറിലേക്ക് വിളിച്ചെങ്കിലും കോൾ അറ്റൻഡ് ചെയ്തില്ല. പിന്നീട് ഒന്നും നോക്കാതെ ദീപക് നേരെ അവളുടെ വീട്ടിലേക്ക് വിട്ടു. അവനെ കണ്ടതും അച്ഛനും അമ്മയും സന്തോഷത്തോടെ ഓടി വന്നെങ്കിലും അവന്റെ മനസ്സ് നിറയെ കീർത്തിയെ കുറിച്ചുള്ള ആശങ്കയായിരുന്നു.

“കീത്തു എവിടെ അമ്മേ?”

“അവൾ ഏതോ കൂട്ടുകാരിയുടെ കല്യാണത്തിന് പോയി മോനെ.. കോളേജിൽ പഠിച്ച കുട്ടിയാണെന്നാണല്ലോ പറഞ്ഞത് എന്നിട്ട് മോനെ വിളിച്ചില്ലേ?”

“ആഹ്… ആ വിളിച്ചിരുന്നു അമ്മേ,.ഞാൻ എത്താൻ കുറച്ച് ലേറ്റ് ആയി പോയി.”

ഉത്തരം കിട്ടാതെ അവൻ ഒരു നിമിഷം ശങ്കിച്ചു.

“ഏതായാലും മോൻ ഇരിക്ക് അവൾ വന്നിട്ട് പോയാൽ മതി.”

അവരവനെ സൽക്കരിച്ചിരുത്തി. അവൾ വരാൻ വൈകുംതോറും അവന്റെ ഉള്ളിലെ ആദി വർദ്ധിച്ചു. ഒരുപാട് നേരത്തെ കാത്തിരിപ്പിനൊടുവിൽ ആണ് ഒടുക്കം അവൾ എത്തിയത്.

കേറി വന്ന ഉടനെ അപ്രതീക്ഷിതമായി അവനെ കണ്ടതും അവൾ ഒന്നു ഞെട്ടി. കള്ളം വെളിച്ചതായോ എന്ന ഭയവും മുഖത്ത് നിറഞ്ഞുനിന്നു.

“കല്യാണം എങ്ങനെയുണ്ടായി? ഞാൻ എത്തിയപ്പോഴേക്കും ലേറ്റായിപ്പോയി. പിന്നെ നേരെ ഇങ്ങോട്ട് പോന്നു.”

അവന്റെ ആ ചോദ്യം കേട്ട് അവൾ ഒന്നുകൂടി അമ്പരന്നു.എന്തൊക്കെയോ മനസ്സിൽ വെച്ചിട്ടാണ് ഇങ്ങനെ പെരുമാറുന്നത് എന്ന് വ്യക്തം.

” നീ പോയി ഒന്ന് ഫ്രഷ് ആയിട്ട് വാ ഞാൻ ടെറസിൽ കാണും എത്ര നാളത്തെ വിശേഷങ്ങൾ പറയാൻ ഉണ്ട്.. ”

അതും പറഞ്ഞ് അവൻ ടെറസിലേക്ക് ചെന്നു. വെറും പത്ത് മിനിറ്റുകൊണ്ട് തന്നെ അവളും ഫ്രഷായി ടെറസിൽ എത്തി. അവനെ കണ്ടതും അവൾ ഒന്ന് ചിരിക്കാൻ ശ്രമിച്ചു പക്ഷേ അവന്റെ മുഖത്ത് നിറഞ്ഞ ഗൗരവമായിരുന്നു.

” ഞാനറിയാത്ത ഏതു കൂട്ടുകാരിയുടെ കല്യാണം ആയിരുന്നു ഇന്ന്? ”

” ദീപു…. അത്… ”

നിന്ന് പരുങ്ങിയ അവളോട് നിർത്താൻ അവൻ ആംഗ്യം കാട്ടി.

“നീയും അവനും തമ്മിൽ എന്താ ബന്ധം?”

!ആര്? ”
അവൾ നിന്ന് വിറച്ചു

“ആരുമായാണ് നീയിന്ന് ബൈക്കിൽ ഇരുന്ന് കെട്ടിപ്പിടിച്ചു പോയത് അവൻ തന്നെ…”

” അത് ദീപു… ഞാൻ നിന്നോട് പറയാൻ ഇരിക്കുകയായിരുന്നു. അതെന്റെ ജിമ്മിലെ ട്രെയിനർ ആണ്. രാഹുൽ ഏട്ടൻ. ഞങ്ങൾ തമ്മിൽ ഇഷ്ടത്തിലാണ്. ”

“ഛീ ഇവനാണ് നീ പോകുന്ന ജിമ്മിലെ ട്രെയിനർ എന്നറിഞ്ഞിരുന്നെങ്കിൽ ഒരിക്കലും നിന്നെ ജിമ്മിൽ പോകാൻ ഞാൻ അനുവദിക്കില്ലായിരുന്നു.

ഇത്രയും വൃത്തികെട്ടവനെ മാത്രമേ നിനക്ക് പ്രേമിക്കാൻ കിട്ടിയുള്ളൂ? ഇതിനോടകം അവൻ എത്ര പെൺകുട്ടികളെ പ്രേമിച്ച് ചതിച്ചിട്ടുണ്ടെന്നോ?ഇപ്പോൾ നീയും അവന്റെ ചതിക്കുഴിയിൽ വീണു.

എന്റെ ഒരു സുഹൃത്തിന്റെ പെങ്ങളോടും അവൻ ഒരിക്കൽ ഇതേ വേഷംകെട്ട് ഇറക്കിയത അന്ന് ഞങ്ങൾ എല്ലാവരും ഇവനെ എടുത്തിട്ട് പെരുമാറിയതാണ്.അതുകൊണ്ടാ ഹെൽമെറ്റ് വെച്ചിട്ടും ഒറ്റനോട്ടം കൊണ്ട് ഞാൻ അവനെ തിരിച്ചറിഞ്ഞത്. ആ പെണ്ണു പിടിയനെ മാത്രമേ നിനക്ക് സ്നേഹിക്കാൻ കിട്ടിയുള്ളൂ അല്ലേ?”

“ദീപു സ്റ്റോപ്പ്…”

രണ്ട് കണ്ണും ഇറക്കി അടച്ചവൾ ശബ്ദിച്ചു.

” ബെസ്റ്റ് ഫ്രണ്ട് ആണെന്ന് കരുതി എന്ത് തോന്നിവാസവും പറയരുത്. എന്റെ ജീവിതത്തിൽ നീയല്ല ഞാനാണ് ഡിസിഷൻ എടുക്കേണ്ടത്.രാഹുലേട്ടനെ പറ്റി ഇത്രയും മോശമായ വാക്കുകൾ പറയാൻ നിനക്ക് ആരാ അധികാരം തന്നത്?ഇനി മേലാൽ ഇതാവർത്തിക്കരുത്…

രാഹുൽ ഏട്ടൻ എന്ന് വെച്ചാൽ എനിക്ക് ജീവനാണ്.. ഇനി ഈ ഫ്രണ്ട്ഷിപ്പ് പറഞ്ഞ് എന്റെ മുന്നിൽ വന്നു പോകരുത്.എനിക്കറിയാം ആരുടെ കൂടെ ജീവിക്കണം എന്ന്.. ”

അവളുടെ വാക്ക് ശരം പോലെ നെഞ്ചിൽ ആഞ്ഞു കയറിയപ്പോൾ മറുപടിയൊന്നും പറയാനാകാതെ അവൻ ഇറങ്ങിപ്പോന്നു.

മുറിക്കുള്ളിൽ കയറി പൊട്ടി കരയുമ്പോൾ ദീപു പറഞ്ഞതൊന്നും സത്യമായിരിക്കരുതേ എന്ന് മാത്രമായിരുന്നു പ്രാർത്ഥന. കാരണം ഇന്ന് തങ്ങൾക്കിടയിൽ നടന്നത് ഒരിക്കലും തിരുത്താൻ പറ്റാത്ത കാര്യമാണ്. അത്രയേറെ സ്നേഹിച്ച, വിശ്വസിച്ച പുരുഷൻ തന്റെ ശരീരത്തേ കീഴ്പ്പെടുത്തുമ്പോൾ തടുക്കാൻ തനിക്ക് ആയില്ല.

ഒടുവിൽ ആരുമില്ലാത്ത കുന്നിൻ ചെരുവിൽ പൂർണ നഗ്നരായി കാമത്തിന്റെ പൂർണ്ണതയിൽ എത്തും മുൻപേ ആരുടെയൊക്കെയോ കാൽ പെരുമാറ്റങ്ങൾ കേട്ട് അഴിച്ചിട്ട വസ്ത്രങ്ങൾ വാരി ഉടുത്ത് ഓടിപ്പോരുമ്പോൾ മനസ്സുകൊണ്ട് ദുഃഖം തോന്നിയിരുന്നു. രൂപമില്ലാത്ത ആ കാൽപെരുമാറ്റങ്ങൾ ആയിരുന്നുവോ ദൈവമേ ഒരു പക്ഷേ ശരി?”

അവൾക്ക് കണ്ണുകളിൽ ഇരുട്ട് കയറുന്നത് പോലെ തോന്നി. ഫോണെടുത്ത് രാഹുലിന്റെ നമ്പറിൽ ട്രൈ ചെയ്യുമ്പോഴൊക്കെയും പരിധിക്ക് പുറത്ത് എന്നായിരുന്നു മറുപടി.

രാത്രി മുഴുവൻ ഉറങ്ങാതെ ഫോണിൽ ട്രൈ ചെയ്തെങ്കിലും ഒരുവട്ടം പോലും ഫോൺ റിങ്ങ് ചെയ്തില്ല. രാവിലെ ജിമ്മിൽ പോയാൽ നേരിൽ കണ്ട് സംസാരിക്കാമല്ലോ എന്ന ആശ്വാസത്തിൽ അവൾ എങ്ങനെയൊക്കെയോ നേരം വെളുപ്പിച്ചെടുത്തു.

നേരം വെളുത്തതും എന്നത്തേക്കാളും നേരത്തെ ഓടിക്കിതച്ചു ജിമ്മിൽ എത്തുമ്പോൾ അവിടെയെങ്ങും രാഹുലിന്റെ പൊടിപോലും കണ്ടില്ല. പകരം വേറൊരു ട്രെയിനർ ആയിരുന്നു. അവൾക്ക് ശരീരം ഉരുകി തീരുന്നത് പോലെ തോന്നി. കുറച്ച് സമയം കാത്തുനിന്നാൽ എങ്കിലും രാഹുലിനെ കാണാൻ കഴിഞ്ഞാലോ എന്ന പ്രതീക്ഷയിലാണ് ഓരോന്ന് ചെയ്ത അവിടെ തട്ടിയും മുട്ടിയും നിന്നത്.

“അങ്ങനെയല്ലന്നേ ഇങ്ങനെ…”

പുറകിലൂടെ വന്ന് തന്റെ ശരീരത്തിൽ അമർത്തിപ്പിടിച്ച പുതിയ ട്രെയിനറെ തട്ടിമാറ്റിക്കൊണ്ട് അവൾ ശബ്ദിച്ചു.

” നിങ്ങൾ എന്താണ് ഈ കാട്ടുന്നത് ശരീരത്തിൽ പിടിച്ചാണോ പഠിപ്പിക്കുന്നത്? ”

അവൾ ശബ്ദിച്ചതും എല്ലാവരുടെയും ശ്രദ്ധ അവരിലേക്കായി എല്ലാവരോടും കണ്ടിന്യൂ ചെയ്തോളാൻ അയാൾ ആംഗ്യം കാട്ടി.

“നീ അങ്ങനെ ഒരുപാട് തെളിയാതെടീ…
അപ്പോൾ രാഹുലിന് മാത്രമേ നീ വഴങ്ങി കൊടുക്കത്തുള്ളൂ അല്ലേ? എന്നാ കേട്ടോടി പുല്ലേ അവൻ പറഞ്ഞിട്ട് തന്നെയാണ് ഞാനിപ്പോ നിന്നെ കയറി പിടിച്ചത്.

നീ പെട്ടെന്ന് വളയുന്ന മുതലാണെന്നും ഈസിയായി കാര്യങ്ങൾ നടക്കും എന്നും അവനാ പറഞ്ഞത്.എന്തിനേറെ ഇന്നലെ നീയും അവനും കാട്ടിക്കൂട്ടിയ പരാക്രമങ്ങൾ അടക്കം സകലതും അവൻ ഞങ്ങളോട് പറഞ്ഞിട്ടുണ്ട്. നീ എന്താ കരുതിയത് അവന് നിന്നോട് ദിവ്യ പ്രേമം ആണെന്നോ?അവൻ ഇതുവരെ വളച്ചൊടിച്ച പെൺപിള്ളേരിൽ ഒരുത്തി മാത്രമാണടി നീയും.”

അത് പറഞ്ഞ് അയാൾ ഒരു ആക്കിയ ചിരി ചിരിച്ചതും പൊട്ടിക്കരഞ്ഞുകൊണ്ട് അവൾ അവിടെ നിന്നും ഇറങ്ങിയോടി. കണ്ണിലാകെ ഇരുട്ടു കയറുന്നത് പോലെ അവൾക്ക് തോന്നി.

“പാവം ദീപു.. തന്റെ നന്മ ആഗ്രഹിച്ച ആ പാവത്തെ പോലും ഈ ദുഷ്ടനുവേണ്ടി താൻ തള്ളിപ്പറഞ്ഞു.”

കേറിച്ചെന്ന് നേരം ഒരു വിധം അച്ഛന്റെയും അമ്മയുടെയും മുന്നിൽ പിടിച്ചു നിന്നുകൊണ്ട് അവൾ മുറിയിൽ കയറി വാതിലടച്ചു.

രാത്രി വൈകി കിടന്നതിനാൽ ഏറെ വൈകിയാണ് ദീപു ഉണർന്നത്.ഫോൺ സൈലന്റ് ആക്കി വെച്ചതിനാൽ മെസ്സേജ് വന്നതോ കോൾ വന്നതോ അറിഞ്ഞില്ല. ഉണർന്നു ഫോണെടുത്ത് നോക്കുമ്പോൾ കീർത്തിയുടെ നമ്പറിൽ നിന്ന് ഒരു മെസ്സേജ് വന്നിട്ടുണ്ട്

“Iam sorry Deepu…”

അവൻ വേഗം ഫോണെടുത്ത് അവlude നമ്പറിലേക്ക് തിരികെ വിളിച്ചെങ്കിലും സ്വിച്ച് ഓഫ് ആയിരുന്നു.

“അവൾ അവന്റെ സ്വഭാവം മനസ്സിലാക്കി കാണുമോ? അതോ തന്നോട് അന്ന് അങ്ങനെയൊക്കെ സംസാരിച്ചതിന്റെ കുറ്റബോധം മാത്രമായിരിക്കുമോ ഈ സോറി പറച്ചിൽ? ”

അവന്റെ മനസ്സിൽ ഓരോ ചോദ്യങ്ങൾ ഉടലെടുത്തുകൊണ്ടിരുന്നു. ഉച്ചയായതോടെയാണ് കൂട്ടുകാരൻ അമൽ വിളിക്കുന്നത്.

“എടാ നീ അറിഞ്ഞില്ലേ? നമ്മുടെ കീർത്തി പോയ്സൺ കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു. ഇവിടെ മെഡി കെയർ ആശുപത്രിയിൽ കൊണ്ടുവന്നേക്കുവാ..എന്റെ ഒരു കസിൻ ഇവിടെ ഡോക്ടർ ആയി വർക്ക് ചെയ്യുന്നുണ്ട് ഞാൻ ആളെ കാണാൻ വന്നതായിരുന്നു. അപ്പോഴാണ് വിവരം അറിഞ്ഞത്.”

” ദൈവമേ… ”

കേട്ടപാതി കേൾക്കാത്ത പാതി ഫോൺ പോക്കറ്റിൽ തിരുകി വണ്ടിയും എടുത്ത് അവൻ ഹോസ്പിറ്റലിലേക്ക് പാഞ്ഞു. അവൾക്കൊന്നും സംഭവിക്കല്ലേ എന്ന് മാത്രമായിരുന്നു അന്നേരം മനസ്സിൽ. ഒരു കണക്കിന് ഐസിയുവിനു മുന്നിലേക്ക് ഓടി പാഞ്ഞ് എത്തുമ്പോൾ അമൽ അവിടെ ഉണ്ടായിരുന്നു. ദീപുവിനെ കണ്ടതും അമ്മ ഓടിവന്ന് കൊണ്ട് അവനെ കെട്ടിപ്പിടിച്ച് പൊട്ടിക്കരഞ്ഞു.

“എന്നാലും എന്റെ മോനേ അവൾ ഇത് ചെയ്തല്ലോ…ഞങ്ങളെയെങ്കിലും അവൾക്ക് ഓർത്തുകൂടായിരുന്നോ മോനെ?”

അവരെ ആശ്വസിപ്പിക്കാൻ പോലും അവന് കഴിഞ്ഞില്ല എന്നതാണ് സത്യം. ഡോറിനിടയിലൂടെ അവളെ നോക്കുമ്പോഴും അവന്റെ കണ്ണുകൾ നിറഞ്ഞിരുന്നു.

” തക്ക സമയത്ത് എത്തിച്ചത് കൊണ്ട് രക്ഷപ്പെട്ടു.പിന്നെ അത്ര ഡെയിഞ്ചറസ് ആയിട്ടുള്ള പോയിസണും ആയിരുന്നില്ല എന്നത് ഭാഗ്യം. സീ മിസ്റ്റർ ദീപക് സൂയിസൈഡ് കേസൊക്കെ ആവുമ്പോൾ പോലീസിൽ ഇൻഫോം ചെയ്യേണ്ടതാണ്. പിന്നെ അമൽ ഇടപെട്ടത് കൊണ്ട് മാത്രം ഞങ്ങൾ അത് ചെയ്യുന്നില്ല. ഇവിടെ നിന്ന് ഇറങ്ങിയ ഉടനെ ആ കുട്ടിക്ക് നല്ലൊരു കൗൺസിലിംഗ് നൽകുക. ”

ഡോക്ടർ അത് പറഞ്ഞപ്പോഴാണ് അവന് ശ്വാസം നേരെ വീണത്.

” ജീവൻ തിരികെ കിട്ടിയല്ലോ ഇനി ജീവിതത്തിലേക്ക് താൻ തിരികെ കൊണ്ടുവന്നു കൊള്ളാം. ”

രണ്ടുദിവസം കഴിഞ്ഞാണ് അവളെ റൂമിലേക്ക് മാറ്റിയത്. അവനെ കണ്ടതും അവൾ പൊട്ടിക്കരഞ്ഞു. സോറി പോലും പറയാനാകാത്ത വിധം ക്ഷീണതയായിരുന്നു അവൾ. രണ്ടുദിവസം അവൻ അവൾക്ക് കൂട്ടിരുന്നു മനസ്സൊന്നു പതറാൻ പോലും അനുവദിക്കാതെ…

പതിയെ അവളുടെ ആരോഗ്യം മെച്ചപ്പെട്ടു തുടങ്ങി.അവൾ അവനോട് സംഭവിച്ചതെല്ലാം പറഞ്ഞു. എങ്കിലും പിന്നീടുള്ള ദിവസങ്ങളിലും എന്തിനെന്നറിയാതെ അവളുടെ കണ്ണുകൾ നിറഞ്ഞു കൊണ്ടിരുന്നു. ”

” എന്റെ പൊന്നു കീത്തു.. ആ തെണ്ടിയെ കുറിച്ച് ഓർത്താണോ നീ നിന്റെ ജീവിതം കളയാൻ ഒരുങ്ങിയത്? അവന്റെ കൈയിൽ നിന്നൊക്കെ രക്ഷപ്പെട്ടത് തന്നെ ഭാഗ്യമായി കണ്ടാൽ മതി. ഏതായാലും നീ അതൊക്കെ മറക്ക്… ദിവസവും കുറച്ചു നടക്കണം എന്നല്ലേ ഡോക്ടർ പറഞ്ഞത് വാ നമുക്കൊന്ന് നടന്നിട്ട് വരാം.. ”

അവന്റെ നിർബന്ധപ്രകാരം അവന്റെ കൈപിടിച്ച് വരാന്തയിലൂടെ നടക്കുമ്പോൾ എന്തോ ഒരു ആശ്വാസം തോന്നി അവൾക്ക്… സ്വിച്ച് ഇട്ട പോലെ 315 ആം നമ്പർ മുറിയുടെ വാതിൽക്കൽ എത്തിയതും അവൻ അവളെ അവിടെ പിടിച്ചു നിർത്തി.

“ഇനിയൊന്ന് അകത്തേക്ക് നോക്കിക്കേ..”

അവൻ പറഞ്ഞത് പ്രകാരം അകത്തേക്ക് നോക്കിയതും കണ്ട കാഴ്ച അവളെ ശരിക്കും ഞെട്ടിച്ചു. കണ്ണുതുറക്കാൻ പോലും പറ്റാത്ത അവസ്ഥയിൽ ആരോ തല്ലി ചതിച്ചു കൊണ്ടിരിക്കുന്ന രാഹുൽ!. ദേഹം മുഴുവൻ തുന്നലുകളും പഞ്ഞിക്കെട്ടുകളും!.

” മതിവരുവോളം കണ്ടോളൂ.. ”

അവൻ പുഞ്ചിരിച്ചു.അവൾ ഒന്നും മനസ്സിലാകാത്ത മട്ടിൽ അവനെ നോക്കി.

“എല്ലാ പെൺപിള്ളേരോടും കളിക്കുന്ന പോലെ എന്റെ സുഹൃത്തിനോടും കളിക്കാൻ വന്നാൽ വിവരം അറിയുമെന്ന് അവന് മനസ്സിലായിട്ടുണ്ട്. ഇനി അവൻ ഒരു പെണ്ണിന്റെ മേലും കൈ വയ്ക്കില്ല. അവൻ പോലീസിലും കംപ്ലൈന്റ്റ് ചെയ്യില്ല.

ചെയ്താൽ കുടുങ്ങുന്നത് അവൻ തന്നെയാണെന്ന് അവന് നന്നായി അറിയാം. ഇനി മേലാൽ ആ നായിന്റെ മോനെ ഓർത്തു നീ വിഷമിക്കരുത്. അവനു മുന്നിൽ ചങ്കൂറ്റത്തോടെ തന്നെ ജീവിച്ചു കാണിക്കണം കേട്ടല്ലോ… ഈ സീൻ നിന്നെ കാണിക്കാനാണ് ഞാൻ എത്ര ദിവസം കാത്തിരുന്നത്.

ഇത്രയും ചെയ്തില്ലെങ്കിൽ ഞാൻ എന്തിനാ പിന്നെ ബെസ്റ്റ് ഫ്രണ്ട് ആണെന്ന് പറഞ്ഞു നടക്കുന്നത്… ആ പിന്നെ നീ കുറ്റം പറയാറുള്ള എന്റെ സുഹൃത്തുക്കളാണ് ട്ടോ ഇവനെ ഈ നിലയിൽ ആക്കാൻ മുന്നിൽ നിന്നത്. കയ്യും കാലും തല്ലി ഓടിക്കണം എന്ന് മാത്രമേ ഞാൻ ആഗ്രഹം പറഞ്ഞിരുന്നുള്ളൂ..”

അവൾ പൊട്ടി ചിരിച്ചു. ദിവസങ്ങൾക്ക് ശേഷം അവൾ മനസ്സറിഞ്ഞു കൊണ്ട് പൊട്ടി ചിരിച്ചു.

അവന്റെ കൈപിടിച്ച് ആ വരാന്തയിലൂടെ നടക്കുമ്പോൾ ഇതേ പോലൊരു സുഹൃത്തിനെ തന്നതിന് ദൈവത്തോട് മനസ്സിൽ അവൾ ഒരായിരം നന്ദി പറഞ്ഞു. വീണുപോകുമ്പോൾ ചേർത്തുപിടിക്കാൻ ഇതുപോലൊരു സൗഹൃദം ഉള്ളപ്പോൾ മറ്റെന്ത് വേണം പകരം വയ്ക്കാൻ????? അവൾ ഒന്നുകൂടി അവന്റെ കൈ മുറുകെ പിടിച്ചു.

Leave a Reply

Your email address will not be published. Required fields are marked *