എനിക്ക് ഇഷ്ട്ടമാണ് നിങ്ങളെ.. നിങ്ങളിൽ മറ്റൊരവകാശി ഉണ്ടാവുന്നത് എനിക്കിഷ്ട്ടമല്ല.. ഞാൻ മതി നിങ്ങൾക്കെന്നും ..

(രചന: രജിത ജയൻ)

നിങ്ങളോടെനിക്ക് അടങ്ങാത്ത ആവേശമാണ് ,അത് ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല ,ഒരു പെണ്ണിന് തന്റെ മനസ്സിൽ ഒരാണിനോട് പ്രണയം തോന്നുന്ന പ്രായത്തിൽ എന്റെ മനസ്സിൽ കയറി പറ്റിയതാണ് നിങ്ങളുടെ മുഖം ..

ഞാൻ കാണുന്ന സ്വപ്നങ്ങളിലും എന്റെ ചിന്തകളിലുമെല്ലാം എന്നും നിങ്ങൾ മാത്രമേ ഉണ്ടായിരുന്നുള്ളു..

എന്റെ മനസ്സ് നിങ്ങൾക്ക് മുമ്പിൽ പല രൂപത്തിൽ ഞാൻ തുറന്നു കാട്ടിയിട്ടുണ്ട് ,പക്ഷെ നിങ്ങളതൊന്നും തിരിച്ചറിഞ്ഞില്ല ..

പക്ഷെ ഇനിയത് പറ്റില്ല, എനിക്ക് ഇഷ്ട്ടമാണ് നിങ്ങളെ.. നിങ്ങളിൽ മറ്റൊരവകാശി ഉണ്ടാവുന്നത് എനിക്കിഷ്ട്ടമല്ല.. ഞാൻ മതി നിങ്ങൾക്കെന്നും ..

തനിക്ക് മുമ്പിൽ നിന്നൊരു ഭ്രാന്തിയെ പോലെ അവന്തിക ഓരോന്നും വിളിച്ചു പറയുന്നതു കേട്ടതും രവിശങ്കർ പകച്ച മുഖത്തോടെ ചുറ്റുപാടും നോക്കി, ആരെങ്കിലും അവളുടെ സംസാരം കേട്ടാൽ ഉണ്ടാവുന്ന ഭവിഷ്യത്ത് ഓർക്കവേ അയാളുടെ ശരീരം വിയർപ്പിൽ കുതിർന്നു ..

നെറ്റിയിൽ സിന്ദൂരവും ,കഴുത്തിൽ ആലില താലിയും അണിഞ്ഞ് തനിക്ക് മുന്നിൽ നിന്ന് തന്നെ ഇഷ്ട്ടമാണെന്ന് പറയുന്ന തന്റെ മകന്റെ ഭാര്യയെ രവിശങ്കർ പകച്ച മിഴികളോടെ നോക്കി നിന്നു

നിങ്ങളെ ഒരിക്കലെങ്കിലും സ്വന്തമാക്കണമെന്ന മോഹം കൊണ്ടാണ് ഞാൻ ഇഷ്ട്ടമല്ലാഞ്ഞിട്ടും നിങ്ങളുടെ മകനെ സ്നേഹിച്ചത്, നിങ്ങളിലേക്കെത്താനായിട്ടുള്ള എളുപ്പമാർഗ്ഗമായ് തോന്നിയതുകൊണ്ടാണ് താൽപ്പര്യമില്ലാഞ്ഞിട്ടും നിങ്ങളുടെ മകനെ ഞാൻ കല്യാണം കഴിച്ചത്..

എന്നിട്ടും എനിക്ക് നിങ്ങളിലേക്കെത്താൻ പറ്റിയില്ല

ഒരിക്കലെങ്കിലും നിങ്ങളിലെ പുരുഷനെ എനിക്ക് വേണം രവിശങ്കർ ,ഒന്നുമില്ലെങ്കിൽ ഇത്രയും വർഷം നിങ്ങളെ മനസ്സിൽ കൊണ്ടു നടന്നവ ളല്ലേ ഞാൻ..

നിങ്ങളുടെ മകന്റെ ഭാര്യയായ് ഞാനിവിടെ തന്നെ ജീവിച്ചോളാം പക്ഷെ നിങ്ങളെയും വേണമെനിക്ക് ,ഇല്ലെങ്കിൽ കിളിക്കൂട് പോലെ പൊതിഞ്ഞു ഉള്ളം കയ്യിൽ നിങ്ങൾ കൊണ്ടു നടക്കുന്ന നിങ്ങളുടെ ഈ കുടുംബം ഞാൻ തകർക്കും, എനിക്ക് യാതൊരു ദോഷവും വരാത്ത രീതിയിൽ തന്നെ ..

നിങ്ങളെ ദൈവമായ് കാണുന്ന നിങ്ങളുടെ ഭാര്യ തന്നെ നിങ്ങളെ വെറുക്കും, നിങ്ങളുടെ മകൻ എന്റെ ഭർത്താവ് നിഖിൽ തന്നെ നിങ്ങളെ കഴുത്തിന് പിടിച്ച് ഈ വീട്ടിൽ നിന്നിറക്കി വിടും.. അതിനുള്ള വഴിയെല്ലാം അറിയാം എനിക്ക്.. അറിയാലോ എന്നെ

തനിക്ക് മുമ്പിൽ നിന്ന് വെല്ലുവിളിച്ച് പറയുന്നവളെ കാണെ ഒന്നും മിണ്ടാനാവാതെ അയാൾ തരിച്ചുനിന്നു ..

മകന്റെ ഭാര്യയാണ്, മകളെ പോലെ കണ്ടവൾ.. എല്ലാറ്റിലും ഉപരി താൻ പഠിപ്പിച്ച തന്റെ പ്രിയ വിദ്യാർത്ഥിനി…

തനിക്കെന്നും പ്രിയങ്കരിയായിരുന്നവൾ .. തന്നോടുള്ള അവളുടെ ഇഷ്ട്ടവും സ്നേഹവും ഞാൻ സ്വീകരിച്ചത് തന്റെ പ്രിയശിഷ്യയോടുള്ള ഇഷ്ട്ടത്തോടെയായിരുന്നു..

തന്റെ മകനും അവളും തമ്മിൽ ഇഷ്ട്ടമാണെന്നറിഞ്ഞപ്പോഴും സന്തോഷമായിരുന്നു തനിക്ക് ..പക്ഷെ ഇപ്പോൾ താനീ കേട്ടത്, വിശ്വസിക്കാൻ വയ്യ ഭഗവാനെ

കുറച്ചു ദിവസങ്ങളായ് ഒളിഞ്ഞും തെളിഞ്ഞും അവന്തിക മോശപ്പെട്ട രീതിയിൽ തന്നോട് അടുപ്പം കാണിക്കുന്ന്, താനവളുടെ അച്ഛന്റെ സ്ഥാനത്തുള്ള ആളാണ് എന്ന് മറന്നു പ്രവർത്തിക്കുന്നു .. എന്തു ചെയ്യും ഈശ്വരാ..

ഇതിൽ നിന്നെങ്ങനെ രക്ഷ നേടും .. തന്റെ മോനിതറിഞ്ഞാൽ ..
അച്ഛനെ സ്വന്തമാക്കാൻ വേണ്ടി തനിക്ക് മുമ്പിൽ തലകുനിച്ചവളാണ് തന്റെ ഭാര്യ എന്നവനറിഞ്ഞാൽ …

ആ ഓർമ്മയിൽ പോലും അയാളൊന്ന് വിറച്ചു

തന്റെ മുമ്പിൽ അസ്വസ്തതയോടെ ഇരിക്കുന്ന അച്ഛനെ നിഖിൽ പിന്നെയും പിന്നെയും നോക്കി കൊണ്ടിരുന്നു

അച്ഛാ.. അച്ഛനെന്നോട് എന്തെങ്കിലും പറയാനുണ്ടോ

പെട്ടന്നവൻ ചോദിച്ചതും രവിശങ്കർഞെട്ടിയവനെ നോക്കി

അച്ഛന്റെ നെറ്റിയിൽ വിയർപ്പുകണങ്ങൾ പൊടിയുന്നതും പതിവില്ലാത്ത വിധം അച്ഛന്റെ കണ്ണുകൾ പിടയുന്നതും നോക്കി നിന്ന നിഖിലിന്റെ കണ്ണുകളൊന്ന് ചുരുങ്ങി ..

അച്ഛാ.. അച്ഛൻ ഞാൻ ചോദിച്ചതിനുത്തരമൊന്നും പറഞ്ഞില്ല,

അച്ഛനെന്നോട് എന്തെങ്കിലും ചോദിക്കാനോ പറയാനോ ഉണ്ടോ ..?

അവൻ വീണ്ടും ചോദിച്ചതും രവിശങ്കറവനെ ഒന്നു നോക്കി ..

വയ്യ.. ഒന്നും അവനോട് പറയാൻ വയ്യ.. അവൻ തന്നെ വിശ്വസിച്ചില്ലെങ്കിൽ ..?

ഏയ്, ഒന്നും ഇല്ലെടാ..

വെപ്രാളത്തിൽ പറഞ്ഞു കൊണ്ട് രവിശങ്കർ നിഖിലിനു മുന്നിൽ നിന്നെണീറ്റ് മുറിയിലേക്ക് പോയതും നിഖിൽ അച്ഛനെ തന്നെ നോക്കി നിന്നു

അച്ഛന് പെട്ടന്ന് പ്രായം കൂടിയതുപോലെ …

അച്ഛന്റെകണ്ണുകൾക്ക് താഴെ കറുപ്പു വീണിരിക്കുന്നു ,ഒപ്പം തന്നെ ആകെയൊരു ക്ഷീണം പോലെ ..

സ്ഥായിയായി അച്ഛനിൽ കണ്ടു വന്നിരുന്ന ചുറുചുറുക്ക് നഷ്ട്ടപ്പെട്ട് അച്ഛൻ പെട്ടന്നൊരു വൃദ്ധനായ് മാറിയതു പോലെ ..

ഗവൺമെന്റ് സ്കൂളിലെകായികാധ്യാപകനാണച്ഛൻ. അമ്മയും അതേ സ്കൂളിലെ ടീച്ചറാണ് ..

അവരുടെ പ്രിയപ്പെട്ട ശിഷ്യയാണ് തന്റെ ഭാര്യ..

സ്കൂളിലും നാട്ടിലും വീട്ടിലുമെല്ലാം എല്ലാവർക്കും പ്രിയപ്പെട്ടവരാന്ന് തന്റെ അച്ഛനും അമ്മയും

പ്രായം അമ്പതു കഴിഞ്ഞെങ്കിലും അച്ഛനെ കണ്ടാൽ തന്റെ ചേട്ടനാണെന്നേ തോന്നിയിരുന്നുള്ളു ഇതുവരെ

തന്റെ കൂട്ടുകാർക്കിടയിലും പുറത്തുമെല്ലാം തങ്ങൾ അറിയപ്പെട്ടിരുന്നത് അച്ഛനും മകനും എന്നതിനെക്കാൾ കൂടുതൽ നല്ല കൂട്ടുകാരായിട്ടാണ് ..

സ്വന്തം ശരീരം ശ്രദ്ധിക്കുന്നതിൽ താനല്പം മടി കാണിക്കുമെങ്കിലും അച്ഛനതിലെല്ലാം നല്ല ശ്രദ്ധയാണ്.. ഉറച്ച ശരീരമാണച്ഛൻെറ .

ഒരു കായികാധ്യാപകനു വേണ്ട എല്ലാ ശരീരഗുണങ്ങളും അച്ഛനിലുണ്ടായിരുന്നു ,

അലസതയും മടിയുമൊന്നും അച്ഛനിൽ ഇന്നേവരെ കണ്ടിട്ടുണ്ടായിരുന്നില്ല .. എന്നാലിപ്പോൾ ….?

ചിന്തകൾ കാടുകയറി മനസ്സ് അസ്വസ്തമായതും നിഖിൽ രണ്ടു കയ്യും നെറ്റിയിലമർത്തി പിടിച്ചു ..

മോനെ നിഖീ..അച്ഛനെവിടെ പോയ്..?

കയ്യിൽ ചായ ഗ്ലാസും പിടിച്ച് അമ്മ ചോദിക്കുന്നതു കേട്ടതും അവനമ്മയെ തന്നെ നോക്കി മിണ്ടാതെ നിന്നു

നീ എന്താ നിഖീ ഞാൻ ചോദിച്ചത് കേട്ടില്ലേ..?

ശബ്ദമുയർത്തി അമ്മ ചോദിച്ചതും നിഖിൽ ഞെട്ടിയമ്മയെ നോക്കി

അമ്മ…അമ്മ എന്താ ചോദിച്ചത് ..?

അവൻ ചോദിച്ചതും അമ്മ അവന്റെ മുഖത്തേക്ക് സൂക്ഷിച്ചു നോക്കി

ആ നിനക്കും തുടങ്ങിയോ നിന്റെ അച്ഛന്റെ അസുഖം, മനുഷ്യൻ മുഖത്തു നോക്കി എന്തെങ്കിലും ചോദിച്ചാൽ പോലും നിന്റെ അച്ഛൻ കേൾക്കാതായിട്ട് ദിവസങ്ങളായി ,ഇപ്പോൾ അത് നിനക്കും തുടങ്ങിയോ ..?

ഡാ.. നിന്റെ ഒപ്പം ഇവിടെ ഇരുന്നിരുന്ന നിന്റെ അച്ഛൻ ,എന്റെ ഭർത്താവ് രവിശങ്കർ എവിടെ എന്ന്..?

അമ്മ ദേഷ്യത്തിൽ പറഞ്ഞു കൊണ്ട് ചോദിച്ചതും നിഖിൽ പുറത്തേക്ക് അച്ഛൻ പോയ വഴിയേ കൈ ചൂണ്ടി

അമ്മയുടെ വാക്കുകൾ ഓർക്കേ അവന്റെ മനസ്സ് വീണ്ടും അസ്വസ്തമായ് ..

എന്തു പറ്റി അച്ഛന് …?

തന്നെ പകച്ചു നോക്കുന്നവർക്കിടയിൽ തലയും കുമ്പിട്ട് നിൽക്കുമ്പോൾ തന്റെ കവിളിൽ പതിച്ച രവിശങ്കറിന്റെ കൈയുടെ ചൂടിനിയും തന്നെ വിട്ട് പോയിട്ടില്ല എന്നോർത്തതും അവന്തികയുടെ ചുണ്ടിൽ ഒരു ചിരി വിരിഞ്ഞു .. അവൾ കൈകൾ ഉയർത്തി മെല്ലെ കവിളിൽ അരുമയായ് തലോടിയതും ആ കാഴ്ച കണ്ടു കൊണ്ടു നിന്ന നിഖിൽ തന്റെ കണ്ണുകൾ ഇറുകിയടച്ച് അച്ഛനെ തന്നോടു ചേർത്തു പിടിച്ചു

ആരോടും പറയാൻ കഴിയാതെ നീറുന്നൊരു അഗ്നികുണ്ഠം പോലെ അച്ഛനെന്തിനോ എരിഞ്ഞു തീരുന്നുണ്ടെന്ന് മനസ്സിലായതുകൊണ്ടാണ് അച്ഛനറിയാതെ മുഴുവൻ സമയവും അച്ഛനെ ശ്രദ്ധിച്ചത് ..

എന്നാൽ കണ്ടെത്തിയതോ പ്രാണനെ പോലെ കരുതി താൻ നെഞ്ചിൽ കൊണ്ടു നടക്കുന്നവൾക്ക് തന്റെ അച്ഛനോടുള്ള പ്രണയവും ..

വിശ്വസിക്കാൻ കഴിഞ്ഞില്ല പലപ്പോഴും അച്ഛനോടുള്ള അവളുടെ സംസാരും പ്രവർത്തിയുമൊന്നും ..

കണ്ണും കാതുമെല്ലാം പറ്റിക്കുകയാണോന്ന് ചിന്തിച്ചു പോയ് ..

ആരോടും ഒന്നും പറയാൻ കഴിയാതെ ഉരുക്കുന്ന അച്ഛനെ കണ്ടതും തീരുമാനങ്ങൾ പെട്ടന്നായിരുന്നു

സ്വന്തം വീട്ടുകാർക്ക് മുമ്പിൽ പോലും അവളുടെ നോട്ടം അച്ഛനെയായിരുന്നു ..

അച്ഛനെ മതിയവൾക്ക് ജീവിതത്തിൽ കൂട്ടായിട്ടെന്ന് പറഞ്ഞപ്പോൾ അച്ഛന്റെ കൈ അവളുടെ കവിളിൽ പതിച്ചിരുന്നു പല പ്രാവശ്യം..

പക്ഷെ ഓരോ തവണയും അച്ഛന്റെ അടി അവൾ സ്വികരിച്ചത് ഒരു തരം ലഹരിയോടെയാണെന്ന് ഓർത്തതും നിഖിൽ തന്റെ കണ്ണുകൾ ഇറുക്കിയടച്ചു ..

അവന്തിക എന്ന അധ്യായം തന്റെ ജീവിതത്തിൽ നിന്നും കുടുംബത്തിൽ നിന്നും അടർത്തിമാറ്റി അച്ഛനും അമ്മയ്ക്കും ഒപ്പം മുന്നോട്ടു ജീവിക്കുമ്പോഴും അവനോർക്കും പെണ്ണെന്ന പ്രഹേളികയ്ക്ക് എത്രയെത്ര മുഖങ്ങളാണെന്ന് .. ഉത്തരം കിട്ടാത്ത ചോദ്യങ്ങൾ മാത്രം അവശേഷിപ്പിക്കുന്ന അനേകം മുഖങ്ങൾ .. അതിലൊന്നാണ് അവന്തിക..

Leave a Reply

Your email address will not be published. Required fields are marked *