എന്നും രാത്രി മണിക്കൂറുകളോളം കേട്ടിരുന്ന അവളുടെ ശബ്ദം കേൾക്കാതെ എങ്ങനെയാണ് ഉറങ്ങേണ്ടത്? തന്റെയാണെന്ന് വിശ്വസിച്ചവർ മറ്റൊരുത്തന്റെ സ്വന്തമാകാൻ പോകുന്നു എന്ന സത്യം എങ്ങനെയാണ്

(രചന: അംബിക ശിവശങ്കരൻ)

“സ്നേഹിച്ച പെണ്ണിന്റെ വിവാഹമാണ് നാളെ..” അത് ഓർക്കും തോറും അവന് എന്തെന്നില്ലാത്ത അസ്വസ്ഥതകൾ തോന്നിത്തുടങ്ങി.

ശ്വാസം എടുക്കാൻ ആവാത്തത് പോലെയോ, ഉമിനീർ ഇറക്കാൻ കഴിയാത്തത് പോലെയൊക്കെ ഒരുതരം വീർപ്പു മുട്ടൽ.അടുത്ത നിമിഷം താൻ മരിച്ചുപോകും എന്ന് പോലും തോന്നി പോകുന്നത്ര ബുദ്ധിമുട്ട്..

“എല്ലാം അവൾ ഒരു ഫോൺകോളിൽ പറഞ്ഞവസാനിപ്പിച്ചു. എല്ലാം മറക്കണം, ഇനി എന്നെ കാണരുത്, വിളിക്കരുത് എന്നൊക്കെ പറഞ്ഞു ദിവസങ്ങൾ മുന്നേ അവസാനമായി അവളുടെ ശബ്ദം കേട്ടതാണ്.

പിന്നെ ആരൊക്കെയോ പറഞ്ഞറിഞ്ഞു തന്നെക്കാൾ യോഗ്യനായ ഒരുത്തനുമായി അവളുടെ വിവാഹം നിശ്ചയിച്ചു ഉറപ്പിച്ചു എന്ന്. ഇത്രനാൾ അവൾ തനിക്ക് നൽകിയ വിഡ്ഢി വേഷം താൻ തകർത്താടിയിരിക്കുന്നു.” കുപ്പിയിലെ അവസാനത്തുള്ളി മദ്യവും അവൻ വായിലേക്ക് ഇറ്റിച്ചു.

“അവൾ തന്നെ ഉപേക്ഷിച്ചു പോയ നാൾ കൂട്ടുപിടിച്ചതാണ് ഈ മദ്യത്തെ.. എന്നും രാത്രി മണിക്കൂറുകളോളം കേട്ടിരുന്ന അവളുടെ ശബ്ദം കേൾക്കാതെ എങ്ങനെയാണ് ഉറങ്ങേണ്ടത്? തന്റെയാണെന്ന് വിശ്വസിച്ചവർ മറ്റൊരുത്തന്റെ സ്വന്തമാകാൻ പോകുന്നു എന്ന സത്യം എങ്ങനെയാണ് മനസ്സിനെ പറഞ്ഞു പഠിപ്പിക്കേണ്ടത്?

ജീവനായി അല്ലേ താൻ അവളെ സ്നേഹിച്ചത്? തന്നെക്കാൾ മറ്റൊരുത്തനും അവളെ സ്നേഹിക്കാൻ കഴിയില്ലെന്ന് തനിക്കുറപ്പുണ്ട്.എന്നിട്ടും അവൾ തന്നെ ഉപേക്ഷിച്ച് അവളുടെ സന്തോഷം തേടി പോയില്ലേ…?” അവന് ആകെ വട്ടു പിടിക്കുന്നത് പോലെ തോന്നി.

“ഇല്ല.. ലക്ഷ്മി മനുവിന്റെ മാത്രമാണ്. മറ്റൊരുത്തനും അവളെ സ്വന്തമാക്കാൻ ഞാൻ അനുവദിക്കുകയില്ല. ജീവിക്കുന്നു എങ്കിൽ അവൾ എന്റെ കൂടെ മാത്രമേ ജീവിക്കുകയുള്ളൂ.. ഇല്ലെങ്കിൽ മറ്റാരുടെ കൂടെയും സന്തോഷത്തോടെ ജീവിക്കാൻ അവളെ ഞാൻ അനുവദിക്കില്ല. നാളെ ഞാൻ ജീവിച്ചിരിക്കുന്നുണ്ടെങ്കിൽ അവൾ മറ്റൊരാളുടെ താലിയണയില്ല.”
ശപഥം ചെയ്യുന്നതുപോലെ അവൻ പിറുപിറുത്തു.

തന്റെ ഫോണിൽ സൂക്ഷിച്ചിരുന്ന അവരുടെ ഫോട്ടോകളും. അനുരാഗത്തിൽ പൊതിഞ്ഞ സംഭാഷണങ്ങളും അവൻ എടുത്തു നോക്കി.

“എന്നെ പൊട്ടൻ ആക്കിയിട്ട് നീ മറ്റൊരുത്തന്റെ കൂടെ സുഖമായി ജീവിക്കുന്നത് എനിക്ക് കാണണം ലച്ചു.. ഇതെല്ലാം കണ്ടിട്ടും നിന്നെ വിവാഹം കഴിക്കാൻ തയ്യാറാകുന്നത് ആരാണെന്ന് എനിക്കറിയണം. ആരും സ്വീകരിക്കാൻ ഇല്ലാതെ ഒടുക്കം കരഞ്ഞു കൊണ്ട് നീ എന്റെ കാൽക്കൽ തന്നെ വരും നോക്കിക്കോ…”

അവൻ എന്തൊക്കെയോ തീരുമാനിച്ചുറപ്പിച്ചത് പോലെ സ്വയം പറഞ്ഞു. അമിതമായി മദ്യപിച്ചതിനാൽ നല്ലതുപോലെ ബോധം കെട്ടുറങ്ങിയിരുന്നു അവൻ. രാവിലെ കണ്ണ് തുറന്നു നോക്കുമ്പോൾ സമയം പത്ത് മണി!.

” ദൈവമേ സമയം പത്തുമണി. പതിനൊന്നരയ്ക്കാണ് മുഹൂർത്തം. ഇവിടുന്ന് ഏകദേശം മുക്കാൽ മണിക്കൂർ എടുക്കും വിവാഹം നടക്കുന്ന മണ്ഡപത്തിലേക്ക്.. ഇപ്പോൾ പുറപ്പെട്ടാൽ താലികെട്ടിന് മുന്നേ തന്നെ അവിടെയെത്താം. ”

അവൻ പിന്നെ ഒരു സെക്കൻഡ് പോലും പാഴാക്കാതെ വേഗം തന്നെ കുളിച്ച് റെഡിയായി. ധൈര്യത്തിന് വേണ്ടി ഓവർ ആകാത്ത രീതിയിൽ കുറച്ചു മദ്യവും അകത്താക്കി. വണ്ടിയിൽ കയറി വേഗത്തിൽ പറയുമ്പോൾ ലച്ചു മാത്രമായിരുന്നു മനസ്സിൽ. അര മണിക്കൂർ കൊണ്ട് തന്നെ അവൻ ഓഡിറ്റോറിയത്തിൽ എത്തിയിരുന്നു.

വരനും കൂട്ടരും വന്നിറങ്ങിയ സമയമായതുകൊണ്ട് തന്നെ ഓഡിറ്റോറിയത്തിൽ നല്ല തിരക്കായിരുന്നു. അവനും ആ ആൾക്കൂട്ടത്തിനൊപ്പം അകത്തു കയറി. വരനെ സ്വീകരിച്ച് മണ്ഡപത്തിൽ ഇരുത്തിയപ്പോൾ അവൻ മുൻപിലത്തെ സീറ്റിൽ സ്ഥാനം പിടിച്ചു.

അന്നേരമാണ് കൊട്ടും കുരവയുമായി അവൾ കതിർ മണ്ഡപത്തിലേക്ക് ഒരു രാജകുമാരിയെ പോലെ തോഴി മാർക്കൊപ്പം കടന്നുവന്നത്. ഒരു നിമിഷം സ്ഥലകാല ബോധം മറന്ന് അവനവളെ തന്നെ ഇമ വെട്ടാതെ നോക്കിക്കൊണ്ടിരുന്നു.

” താനേറ്റവും അധികം കാണാൻ കൊതിച്ചൊരു മുഹൂർത്തം ആയിരുന്നു ഇത്. അച്ചുവിനെ മണവാട്ടിയായി എത്രയോ വട്ടം താൻ മനസ്സിൽ സങ്കൽപ്പിച്ചിട്ടുണ്ട്.. അന്നൊക്കെയും വരന്റെ സ്ഥാനത്ത് താനായിരുന്നു. പക്ഷേ ഇന്ന് മറ്റൊരാളും.. ” ആ യാഥാർത്ഥ്യം അവനെ അത്രയേറെ വേദനിപ്പിച്ചു.

“രണ്ടുപേരും നല്ല ചേർച്ചയുണ്ട്.. ശ്രീരാമനും സീതയും പോലെ.. മെയ്ഡ് ഫോർ ഈച്ച് അദർ..”

അവൾ മണ്ഡപത്തിൽ കയറി ആ പയ്യനോടൊപ്പം നിന്നതും ആരെല്ലാമോ പറയുന്നത് അവന്റെ ചെവികളിൽ മുഴങ്ങിക്കെട്ടു.

അവൾ ഇന്ന് എത്ര സന്തോഷവതിയാണെന്ന് അവൻ ശ്രദ്ധിച്ചു. അവളുടെ അഭാവം തന്നെ മാത്രമാണ് അത്രമേൽ വേട്ടയാടുന്നത്. തന്റെ അഭാവം തരി പോലും അവളെ ബാധിച്ചിട്ടില്ല എന്ന സത്യം അവൻ മനസ്സിലാക്കി അവൾ എല്ലാംകൊണ്ടും മറ്റൊരാളുടെ സ്വന്തമാക്കാൻ തയ്യാറെടുത്തു കഴിഞ്ഞിരിക്കുന്നു. ഈ തിരിച്ചറിവുകൾ
എല്ലാം തന്നെ അവനെ കൂടുതൽ പ്രകോപിതനാക്കി.

മുഹൂർത്തം അടുക്കുന്നതേയുള്ളൂ പലരും വധുവരന്മാരോടൊപ്പം നിന്ന് ഫോട്ടോ എടുക്കുന്നു. ഇനിയും താമസിച്ചു കൂടാ ഇത് തന്നെയാണ് പറ്റിയ സമയം. അവൻ ഇരുന്ന സീറ്റിൽ നിന്നും നെഞ്ചുവിരിച്ചുകൊണ്ട് എഴുന്നേറ്റ് നിന്നു. അത്രനേരം സന്തോഷത്തോടെ നിന്നിരുന്ന അവളുടെ കണ്ണുകൾ അപ്പോഴാണ് അവനിൽ പതിച്ചത്. സന്തോഷം ഒരു നിമിഷം കൊണ്ട് ഭയമായി മാറി.

അവളുടെ കണ്ണുകളിലെ ഭയം അവനൊരു ഹരമായി. ആരെയും കൂസാതേ അവൻ അവർക്ക് നേരെ നടന്നു. സ്റ്റേജിലേക്ക് അവൻ കയറി വരുന്നത് കണ്ടതും അവളുടെ കണ്ണ് നിറഞ്ഞു. തങ്ങളുടെ അടുത്തെത്തിയതും അപേക്ഷ ഭാവത്തിൽ അവളവനെ നോക്കി.

ആ കണ്ണുകൾ തുളുമ്പിയിരുന്നു.അത്ര സമയം പകയോടെ നിന്നിരുന്ന അവൻ ഒരു നിമിഷം അവളുടെ കണ്ണുനീരിന് മുന്നിൽ ഇല്ലാതായി. ഈ കണ്ണുനീർ കാണിച്ചാണ് പലതും അവൾ നേടിയെടുത്തത് എന്ന് അവൻ ഓർത്തു. അവസാനമായി ഇപ്പോൾ തന്നെ തോൽപ്പിച്ചതും ഈ കണ്ണുനീർ കൊണ്ട് തന്നെ.

“ഹായ്.. ഞാൻ മനു.ലക്ഷ്മിയുടെ സുഹൃത്താണ്. എനിക്ക് മറ്റൊരു വിവാഹ ചടങ്ങിൽ കൂടി പങ്കെടുക്കാൻ ഉണ്ട്. അതാണ് ആദ്യമേ വന്ന് വിഷ് ചെയ്ത് പോകാമെന്ന് കരുതിയത്. ‘വിവാഹമംഗളാശംസകൾ’.

അതും പറഞ്ഞ് അവൻ സ്റ്റേജിൽ നിന്നിറങ്ങിയപ്പോഴാണ് അവൾക്ക് ശ്വാസം നേരെ വീണത്. അവിടെ നിന്ന് ഇറങ്ങുമ്പോൾ അവന്റെ നെഞ്ചുവിങ്ങിയിരുന്നു. എങ്കിലും മറഞ്ഞുനിന്ന് അവൻ ആ മുഹൂർത്തത്തിന് സാക്ഷ്യം വഹിച്ചു. ആ നിമിഷം താൻ ഇല്ലാതായിരുന്നുവെങ്കിൽ എന്ന് അവൻ ആത്മാർത്ഥമായി ആഗ്രഹിച്ചു.

വീട്ടിൽ വന്ന് മുറി അടച്ചിട്ടിരുന്ന് പിന്നെയും അവൻ മദ്യക്കുപ്പിയെ ആശ്രയിച്ചു. ജീവിതത്തിൽ ആദ്യമായി അന്നവൻ പൊട്ടി പൊട്ടി കരഞ്ഞു. എത്ര കരഞ്ഞിട്ടും എത്ര മദ്യപിച്ചിട്ടും അവന് തന്റെ സങ്കടത്തെ ശമിപ്പിക്കാൻ ആയില്ല. കണ്ണടയ്ക്കുമ്പോഴൊക്കെയും അവൾ മറ്റൊരാളുടെ സ്വന്തം ആകുന്ന ദൃശ്യമാണ് മനസ്സിൽ വരുന്നത്.

“എന്നെ ചതിച്ചാലും നിന്റെ കണ്ണുനീർ എനിക്ക് കണ്ടുനിൽക്കാൻ ആവില്ല ലച്ചു… ഞാൻ അത്രമാത്രം നിന്നെ സ്നേഹിച്ചിരുന്നു. നീയില്ലാതെ ഒരു ജീവിതം എന്നെക്കൊണ്ട് പറ്റില്ല. നീയില്ലാതെ ആർക്കുവേണ്ടിയാണ് ഞാൻ ഈ മണ്ണിൽ ജീവിക്കേണ്ടത്? വേണ്ട എനിക്കിനി ഈ ജീവിതം വേണ്ട..”

എന്തോ തീരുമാനിച്ചുറച്ച പോലെ അവൻ കട്ടിലിൽ കയറിനിന്ന് അതിനുമേൽ ഒരു കസേര വെച്ച് ഫാനിൽ കുരുക്കിട്ടു. രണ്ടു കണ്ണും ഇറക്കി അടച്ചുകൊണ്ട് അവൻ കഴുത്തിൽ കുരുക്കുമുറിക്കിയ ശേഷം കാലുകൊണ്ട് കസേര തട്ടി മാറ്റിയതും വായുവിൽ കിടന്ന് നിമിഷങ്ങളോളം അവൻ പിടഞ്ഞു.കണ്ണുതുറിച്ച് ജീവൻ പോകുമെന്ന് ആയ നിമിഷത്തിലാണ് അത് സംഭവിച്ചത്. കുരുക്ക് പൊട്ടിയതും അവൻ താഴെ വീണതും ഒരുമിച്ചായിരുന്നു. ഒരു നിമിഷം അവന് ശ്വാസത്തിനു വേണ്ടി പിടഞ്ഞു.

മുറിയിൽ എന്തൊക്കെയോ ശബ്ദം കേട്ടാണ് വീട്ടുകാർ വാതിൽ പൊളിച് അകത്ത് കടന്നത്. ബോധം ഇല്ലാതെ കിടക്കുന്ന അവനെ കണ്ടതും ഒരു നിമിഷം അവർ നടുങ്ങിയെങ്കിലും ജീവൻ ബാക്കിയുണ്ടെന്ന ആശ്വാസത്തിൽ അവരവനെ വേഗം തന്നെ ഹോസ്പിറ്റലിൽ എത്തിച്ചു.

രണ്ടുദിവസം അവൻ ആ ഹോസ്പിറ്റൽ ബെഡിൽ കിടന്ന് തിരിച്ചറിഞ്ഞ ചില കാര്യങ്ങളുണ്ട്.

മരണത്തിന്റെ വക്കിൽ നിന്നും രക്ഷപ്പെട്ടു തിരികെ ജീവിതത്തിലേക്ക് വന്നവരായിരിക്കും പിന്നീട് ജീവിതത്തെ അധികമായി സ്നേഹിക്കുക. അവർ ജീവിതത്തിന്റെ മധുരവും മരണത്തിന്റെ കൈപ്പും ഒരുപോലെ നുണഞ്ഞവർ ആയിരിക്കും. അവർ പിന്നീട് ഒരിക്കലും മരണത്തെ കുറിച്ച് ചിന്തിക്കുക പോലുമില്ല.

” തന്നെ വേണ്ടാത്ത ഒരുവൾക്ക് വേണ്ടിയാണല്ലോ ഇത്രയും വിലപ്പെട്ട തന്റെ ജീവൻ ഉപേക്ഷിക്കാൻ തയ്യാറായത്. അവന് സ്വയം ലജ്ജ തോന്നി.. അവൾ ഇപ്പോഴും മറ്റൊരുത്തന്റെ കൂടെ സുഖമായി ജീവിക്കുന്നുണ്ടാകും. അന്ന് ആ കയർ അറ്റു വീണില്ലായിരുന്നുവെങ്കിൽ ഇന്ന് പ്രേമ നൈരശ്യം കൊണ്ട് ജീവൻ ഒടുക്കിയ വെറുമൊരു വിഡ്ഢി മാത്രമായി താൻ ഈ ലോകത്തോട് വിട പറഞ്ഞേനെ.. ”

പിന്നീട് ആളുകൾ തമാശയ്ക്ക് കയറു അറ്റ് വീണ കാര്യം പറഞ്ഞ് അവനെ പരിഹസിക്കാർ ഉണ്ടെങ്കിലും അവനെ അതൊന്നും ബാധിച്ചിരുന്നില്ല. മരണത്തിൽ നിന്ന് ജീവിതം തിരിച്ചുപിടിച്ചവനെ ഇനി ആർക്കാണ്.., എന്ത് പറഞ്ഞാണ് തളർത്താനാവുക?. ആ പരിഹാസങ്ങൾക്കൊക്കെയും അവൻ മറുപടിയായി ഒരു പുഞ്ചിരി സമ്മാനിക്കും.

വർഷങ്ങൾ കടന്നുപോയി ഇന്നവൻ തന്റെ കഴിഞ്ഞ കാലങ്ങളെ ഓർത്തു വിലപിക്കാറില്ല. ജീവിതം കാത്തുവെച്ചത് എന്തൊക്കെയോ അതെല്ലാം സന്തോഷത്തോടെ ഏറ്റുവാങ്ങുന്നു.

“അച്ഛാ…” ആ വിളി കേട്ടതും അവൻ തിരിഞ്ഞു നോക്കി.

കൊച്ചരി പല്ലു കാട്ടി ചിരിച്ചു തനിക്ക് നേരെ വന്ന് അടുക്കുന്ന രണ്ട് ഇരട്ട കുഞ്ഞുങ്ങൾ.. അതേ തന്റെ രക്തത്തിൽ പിറന്ന തന്റെ പൊന്നോമനകൾ.. അവൻ അവരെയും തനിക്ക് അവരെ സമ്മാനിച്ച തന്റെ പ്രിയ പത്നിയെയും നെഞ്ചോട് ചേർത്തുപിടിച്ചു. ശേഷം ഈ ലോകം കീഴടക്കിയ അവനെ പോലെ പുഞ്ചിരിച്ചു

Leave a Reply

Your email address will not be published. Required fields are marked *